ലോകസിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ അജയനും മലയാള സിനിമയിലെ 'കനം' കൂടിയ നായകന്‍ ശേഖര്‍ മേനോനും ആദ്യമായി കണ്ടപ്പോള്‍
'ടാ... തടിയാ...' ശബ്ദം കേട്ട് ശേഖറിന്റെ തല ഇടത്തോട്ടും വലത്തോട്ടും കറങ്ങി.
ഒരു നിമിഷം അഗാധതയില്‍നിന്ന് ആ ശബ്ദം വീണ്ടും, 'ദാ... ഇവിടെ... ഇങ്ങോട്ട് നോക്കിയേ...' പക്രുവിന്റെ കുഞ്ഞിക്കൈ മുകളിലേക്ക് ഉയരാന്‍ കൊതിച്ചു. ഹൃദ്യമായൊരു ചിരി ചിരിച്ച് ശേഖര്‍ താഴേക്ക് കുനിഞ്ഞുവന്ന് ആ കൈ പിടിച്ചു കുലുക്കി, 'ഗ്ലാഡ് ടു മീറ്റ് യു'.
പിന്നെ ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു.
''ഭൂപടത്തിലെ ഇന്ത്യയും ശ്രീലങ്കയും പോലെയുണ്ടാകും'', പക്രു തമാശയുടെ അമിട്ടിന് തിരികൊളുത്തി.
ശേഖര്‍ വീണ്ടും ചുരുങ്ങി മടങ്ങി താഴേക്ക്. ഇത്തവണ ഒരു കളിപ്പാട്ടം കിട്ടിയ ലാഘവത്തോടെ പക്രുവിനെ പൊക്കിയെടുത്ത് മേശപ്പുറത്ത് വെച്ചു.
''ഹാവൂ... ഇനി പിടലി ഉളുക്കാതെ സംസാരിക്കാം'', കഴുത്ത് ഒരുവശംവെട്ടിച്ച് പക്രു കൂടുതല്‍ ഉഷാറായി.
25 വര്‍ഷമായി സിനിമയിലുള്ള അജയനെ (പക്രു) അറിയാത്തവരായി ആരുമുണ്ടാകില്ല. 'കുട്ടീംകോലും' എന്ന സിനിമ സംവിധാനം ചെയ്ത വാര്‍ത്ത മാത്രമേ അദ്ദേഹത്തെക്കുറിച്ച് പുതുതായി പറയാനുള്ളൂ. പക്ഷേ, രണ്ടാമന്‍ ശേഖര്‍ മേനോനെക്കുറിച്ച് വളരെ വിസ്തരിച്ചുതന്നെ പറയണം. കക്ഷി 'ടാ... തടിയാ'യിലെ നായകനാണ്. മുഴുവന്‍ പേര് ചന്ദ്രശേഖരമേനോന്‍. എറണാകുളത്തുകാരന്‍. അച്ഛന്‍ രാധാകൃഷ്ണന്‍. അമ്മ അംബിക. ഭാര്യ മായ.
ഇനി പക്രുവും ശേഖറും സംസാരിക്കട്ടെ. നമുക്ക് കേട്ടിരിക്കാം.
ശേഖര്‍: 'മൈ ബിഗ് ഫാദര്‍' കണ്ടതിനുശേഷം ഞാന്‍ ചേട്ടന്റെ ബിഗ് ഫാനാ... (ചിരിയില്‍ ശേഖറിന്റെ ശരീരം മുഴുവന്‍ കുലുങ്ങി).
അജയന്‍: (ശേഖറിനെ അടിമുടി നോക്കുന്നു). മനുഷ്യജന്മത്തിന്റെ രണ്ടറ്റങ്ങള്‍. ഒരാള്‍ ഭയങ്കര സൈസ്, ഒരാള്‍ക്ക് സൈസേയില്ല.... ദൈവത്തിന്റെ ഓരോ വികൃതികള്‍... !
ശേഖര്‍: അതേയതെ. പക്ഷേ, രൂപത്തിലൊന്നും വലിയ കാര്യമില്ലെന്ന് ചേട്ടന്‍ തന്നെ തെളിയിച്ചല്ലോ. നല്ല തണ്ടും തടിയുമുള്ള ചുള്ളന്മാരോട് മത്സരിച്ചല്ലേ ചേട്ടന്‍ ഇന്നീ ലെവലിലെത്തിയത്.
അജയന്‍: ചുമ്മാ അങ്ങനെയൊക്കെ പറയാം. ജീവിതം ലോട്ടറി പോലെയാണ്. അത് ആരെയൊക്കെ ഭാഗ്യവാന്മാരാക്കുമെന്നോ, പാപ്പരാക്കുമെന്നോ പറയാന്‍ പറ്റില്ല. എന്റെ സൈസിലുള്ള ആയിരംപേരെങ്കിലും കേരളത്തില്‍ കാണും. ഇതില്‍ എത്രപേര്‍ ജീവിതത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടാകും? പകുതിപ്പേര്‍പോലും കാണില്ല.
എനിക്ക് ശേഖറിനോട് ഒരു ഉപദേശമേയുള്ളൂ. ഈ തടി പൊടിപോലും കുറവുവരാതെ നോക്കണം. ഞാനെന്റെ പൊക്കം കാത്തുസൂക്ഷിക്കുന്നപോലെ.
ശേഖര്‍: ചേട്ടന് ഇത്രയും ആത്മവിശ്വാസം എങ്ങനെ കിട്ടി?
അജയന്‍: ജീവിതാനുഭവങ്ങളാണ് എന്റെ ശക്തി. വളരെ കഷ്ടപ്പെട്ട് വളര്‍ന്നുവന്നയാളാണ് ഞാന്‍. സ്വന്തമായൊരു വീടുപോലും ഇല്ലായിരുന്നു. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സ്വന്തം ചുമലിലായപ്പോള്‍ നെഗറ്റീവായി ചിന്തിക്കാന്‍ തോന്നിയില്ല. പക്ഷേ, ദൈവം ചില ബോണസ് പോയിന്റുകള്‍ പലപ്പോഴും എനിക്കനുവദിച്ചുതന്നിട്ടുണ്ട്. ഞാനെപ്പോഴും ഭാര്യയോട് പറയാറുണ്ട്, മറ്റുള്ളവര്‍ നൂറടി നടന്ന് നേടേണ്ട കാര്യങ്ങള്‍ വെറും 25 അടി നടന്നപ്പോള്‍ തന്നെ എനിക്ക് കിട്ടിയത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന്.
ശേഖര്‍: ഞാനെന്നും ഈ തടിയെ പോസിറ്റീവ് ആയിട്ടാണ് കണ്ടിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ക്കേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു കാര്യത്തില്‍നിന്നും ഞാന്‍ മാറിനില്‍ക്കാറില്ല. ഈയൊരു എനര്‍ജി എന്റെ അമ്മയില്‍നിന്നാണ് എനിക്ക് കിട്ടിയിരുന്നത്. അമ്മയായിരുന്നു എല്ലാ കാര്യത്തിലും എന്റെ ഗൈഡ്.
കുഞ്ഞായിരിക്കുമ്പോഴേ ഞാന്‍ തടിയനാണ്. എന്നിട്ടും അഞ്ചാറു വയസ്സുവരെയൊക്കെ അമ്മയെന്നെ ചുമന്നുനടന്നിട്ടുണ്ട്. ഇപ്പോഴത് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നും. ഇത്രയും വലിയ ഭാരം പാവം അമ്മ എങ്ങനെയാവും ചുമന്നിട്ടുണ്ടാവുക?
അജയന്‍: മക്കള്‍ എത്ര ഭാരമുള്ളവരായാലും അമ്മയ്ക്ക് കനം തോന്നില്ലത്രേ. ഭാരക്കുറവും അങ്ങനെതന്നെ. എന്റെ കുട്ടിക്കാലത്ത് അമ്മ പറയാറുണ്ട്, എന്റെ പെങ്ങമ്മാരെ എടുക്കുമ്പോഴും എന്നെയെടുക്കുമ്പോഴും ഒരേ ഭാരമാണെന്ന്.
ഒരു സംഭവം ഞാന്‍ മറന്നിട്ടില്ല. അമ്മ ഒക്കത്തിരുത്തിയാണ് എന്നെ അഞ്ചാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. അഡ്മിഷന്‍ സമയത്ത് ഹെഡ്മാസ്റ്റര്‍ പറഞ്ഞു, എനിക്ക് ആ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പറ്റില്ല എന്ന്. ഒരുപാട് പടികള്‍ കയറി വേണം സ്‌കൂളിലെത്താന്‍. പടികള്‍ തട്ടിതടഞ്ഞ് ഞാന്‍ വീണാല്‍ ഉത്തരവാദിത്വം ഏല്ക്കാന്‍ പ്രയാസമാണത്രെ. അമ്മ എന്നെച്ചൊല്ലി ആദ്യമായി കരയുന്നത് അന്നാണ്.
ശേഖര്‍: ആ മാഷ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ ഒരു ഇടി കൊടുക്കാമായിരുന്നൂ...
(ശേഖര്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നപോലെ കാണിക്കുന്നു).
അജയന്‍: മാഷെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും? അദ്ദേഹം ആഗ്രഹിച്ചതും തട്ടിവീണ് എനിക്ക് അപകടം വരരുത് എന്നായിരിക്കും. എന്തായാലും ആ സംഭവമാണ് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്ന വാശി എന്നിലുണ്ടാക്കുന്നത്.
ശേഖര്‍: ദൈവം ഇങ്ങനെയാണ്. എവിടെയെങ്കിലും ഇച്ചിരി പോരായ്മകള്‍ തരും. എന്നിട്ട് അത് ബാലന്‍സ് ചെയ്യാന്‍ കല പോലെ എന്തെങ്കിലും കഴിവ് കൂടുതല്‍ തരും. ഞാന്‍ പ്രൊഫഷണലി ഡി.ജെ.യാണ്. പാര്‍ട്ടിയിലും ക്ലബ്ബുകളിലും അഞ്ചും ആറും മണിക്കൂര്‍ നിന്നാണ് മ്യൂസിക് പ്ലേ ചെയ്യുന്നത്. ഐശ്വര്യ റായിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുവരെ ഞാന്‍ ഡി.ജെ.യായി. ഈ രംഗത്തുള്ളവര്‍ക്കൊക്കെ എന്നെയിപ്പോള്‍ നന്നായറിയാം. തടിയുടെ പേരില്‍ പരിഹാസമല്ല ബഹുമാനമാണ് അവരെല്ലാമെനിക്ക് തരുന്നത്.
അജയന്‍: ഡി.ജെ.കള്‍ ലുക്ക് കിട്ടാന്‍ വേണ്ടി മനപൂര്‍വം തടി കൂട്ടാറുണ്ട്, അല്ലേ...
ശേഖര്‍: ഏയ്... ഞാനാ ടൈപ്പല്ല. എനിക്ക് ജനിച്ചപ്പോള്‍ തന്നെ 4 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. എറണാകുളത്ത് ലക്ഷ്മി ഹോസ്പിറ്റലിലായിരുന്നു ജനനം. നാല് കിലോ അക്കാലത്ത് ലക്ഷ്മി ആസ്പത്രിയിലെ റെക്കോഡായിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ആ റെക്കോഡ് ബ്രേക്ക് ആയത്.
അജയന്‍: പഠിക്കുന്ന കാലത്ത് തടിയുള്ള കുട്ടികളോട് എനിക്ക് ഭയങ്കര അസൂയയായിരുന്നു. ക്ലാസിലെ തടിയന്മാരെയാണ് പിന്‍ബെഞ്ചിലിരുത്തുക. എനിക്ക് പിന്‍ബെഞ്ചിലിരിക്കാനാണ് ഇഷ്ടം. ഞാന്‍ ക്ലാസ്സിലെത്തിയാലുടനെ ലാസ്റ്റ് ബെഞ്ചില്‍ സ്ഥാനംപിടിക്കും. പക്ഷേ, മാഷ് എന്നെ പൊക്കിയെടുത്ത് മുന്നില്‍ കൊണ്ടിരുത്തും.
ശേഖര്‍: മുന്നിലിരുന്നാല്‍ മറ്റുള്ളവര്‍ എന്റെ പിറകിലൊളിക്കും. അതൊഴിവാക്കാന്‍ ടീച്ചര്‍ ആദ്യമേ ഉത്തരവിട്ടു, ''ശേഖര്‍ എന്നും ബാക്കിലിരിക്കട്ടെ.''
അജയന്‍: ശേഖറിന് എത്രയുണ്ട് തൂക്കം?
ശേഖര്‍: 130 കിലോ.
അജയന്‍: ഭാഗ്യവാന്‍. എനിക്ക് 30 പോലുമില്ല.
ശേഖര്‍: ചേട്ടനാണ് ഭാഗ്യവാന്‍. ഡയറ്റിങ് വേണ്ട, ജിമ്മില്‍ പോകണ്ട, വര്‍ക്കൗട്ട് വേണ്ട...
അജയന്‍: അതെയതെ. മലയാള സിനിമയില്‍ സിക്‌സ് പായ്ക്കുള്ള ഒരേ ഒരാള്‍ ഞാനാണ് (പൊട്ടിച്ചിരിക്കുന്നു).
ശേഖര്‍: ചേട്ടന്‍ ഗിന്നസിലേക്കും ചാടിക്കയറിയല്ലോ.
അജയന്‍: അതാണ് ഞാനും ശേഖറും തമ്മിലുള്ള വ്യത്യാസം. ശേഖറിനെപ്പോലെയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സാധിച്ചേക്കാം. പക്ഷേ, എന്നെപ്പോലെയാകാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ദൈവം തന്നെ വിചാരിക്കണം.
ശേഖര്‍: ചേട്ടനെ ചിലര്‍ ഉണ്ടപ്പക്രു എന്ന് വിളിക്കുന്നു, ചിലര്‍ ഗിന്നസ് പക്രുവെന്നും. അജയന്‍ എന്ന കിടിലന്‍ പേരിനുപകരം ഇങ്ങനെയുള്ള പേരുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമം തോന്നില്ലേ?
അജയന്‍: ഞാന്‍ അഭിനയിച്ച ആദ്യത്തെ സിനിമ 'അമ്പിളിഅമ്മാവനി'ലെ കഥാപാത്രത്തിന്റെ പേരാണ് ഉണ്ടപ്പക്രു. അങ്ങനെ വിളിക്കുന്നതില്‍ എനിക്കൊരു വിഷമവും തോന്നാറില്ല. എന്നാല്‍ 'പക്രു'വിനു പകരം 'പ്രക്കു' എന്നു വിളിച്ചാലോ. അങ്ങനെയൊരനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി.
കേരളത്തിലെ ഒരു കോര്‍പ്പറേഷന്‍ മേയര്‍ക്കൊപ്പം ഒരു കാസറ്റ് റിലീസിങ് ചടങ്ങ്. മേയര്‍ പ്രസംഗം തുടങ്ങി. ''നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരിക്കുന്ന 'ഗിന്നസ് പ്രക്കു'വിന് സ്വാഗതം...'' ആദ്യം നാവുപിഴയാകുമെന്ന് കരുതി. പിന്നേം പിന്നേം ഇതുതന്നെ ആവര്‍ത്തിച്ചു. മേയര്‍ക്കുശേഷം പ്രസംഗിക്കാന്‍ വന്നയാള്‍ ഇതിനെ പരാമര്‍ശിച്ച് ഒരു കഥ പറഞ്ഞു. മുമ്പ് പള്ളിയിലൊരു ചടങ്ങിന് നടന്‍ പ്രതാപ്ചന്ദ്രനെ ക്ഷണിച്ചുവത്രെ. പള്ളീലച്ചന്മാര്‍ പ്രസംഗത്തിലുടനീളം പ്രതാപ്ചന്ദ്രനെ 'പ്രതാപ് പോത്തന്‍' എന്ന് വിളിച്ചു. സഹികെട്ട് പ്രതാപ്ചന്ദ്രന്‍ ചാടിയെണീറ്റ് 'ഈ സഭയിലുള്ള ഒരുത്തനും എന്റെ പേര് അറിയാമേല' എന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്രെ. ഞാനെന്തായാലും ഇറങ്ങിപ്പോയില്ല. അല്ലെങ്കില്‍തന്നെ ഒരു പേരിലെന്തിരിക്കുന്നു.
ശേഖര്‍: 'തടിയാ' എന്ന വിളി കേള്‍ക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. എന്റെ ഫ്രന്റ്‌സ് ആരും എന്നെ അങ്ങനെ വിളിക്കാറില്ല.
പക്ഷേ, 'ടാ... തടിയാ' ഇറങ്ങിയശേഷം ഞാന്‍ കണ്‍ഫ്യൂഷനിലാണ്. കാരണം ഇപ്പോള്‍ ചിലരെങ്കിലും സ്‌നേഹത്തോടെയും 'തടിയാ' എന്നു വിളിക്കുന്നുണ്ട്. കുട്ടിക്കാലത്തെ സ്വഭാവം വെച്ചായിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ ഞാന്‍ ഇടിച്ച് ഷെയ്പ്പ് മാറ്റുമായിരുന്നു.
അജയന്‍: കേരളത്തില്‍ എവിടെ പോയാലും എന്നോട് ആളുകള്‍ സ്‌നേഹം കാണിക്കുന്നത് എടുത്തുയര്‍ത്തിയാണ്. ഇതില്‍ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ കൗതുകമാണ്. കൗതുകം തീരുമ്പോള്‍ ചിലപ്പോള്‍ 'ഠപ്പേ'യെന്ന് നിലത്തിടുകയും ചെയ്യും.
ശേഖര്‍: എന്നെ കാണുന്നവര്‍ക്കെല്ലാം ചോദിക്കാനുള്ളത് ഒരേ കാര്യം. വീട്ടില്‍ പ്രത്യേക കട്ടിലായിരിക്കുമല്ലോ, വാതിലിനൊക്കെ ഡബിള്‍ വീതി കാണുമോ, ചെരിപ്പും ഡ്രസ്സുമൊക്കെ വാങ്ങിക്കാന്‍ കിട്ടുമോ? ചിലര്‍ ഒരുപടികൂടി കടന്ന് 'വീട്ടില്‍ ഒരു ദിവസം എത്ര കിലോ അരിയുടെ ചോറ് വെക്കും?' എന്ന് ചോദിക്കും.
സത്യത്തില്‍ ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഭക്ഷണമേ ഞാന്‍ കഴിക്കുന്നുള്ളൂ. രാവിലെ നാല് ചപ്പാത്തി, ഉച്ചയ്ക്ക് കുറച്ച് ചോറ്, രാത്രി രണ്ട് ചപ്പാത്തി... എന്നിട്ടും തടിവെക്കുന്നു. ഞാനെന്തു ചെയ്യാനാ?
അജയന്‍: ദൈവം പലര്‍ക്കും പല കുറവുകളും കൊടുത്തിട്ടുണ്ട്. എന്നെ നോക്കൂ. എനിക്ക് പൊക്കമില്ല... മറ്റുചിലര്‍ക്ക് കാഴ്ചയില്ല. ശേഖറിന് ഇതെല്ലാം കൂടുതലാണ് നല്‍കിയത്. ഇപ്പോള്‍ ഈ തടിയല്ലേ സിനിമയിലെ നായകനുമാക്കിയത്.
ജീവിതത്തിലേതെങ്കിലും നിമിഷത്തില്‍ ഈ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ശേഖര്‍ ആലോചിച്ചിരുന്നോ?
ശേഖര്‍: സുഹൃത്തുക്കളൊക്കെ തടി കുറയാതെ നോക്കണം എന്നേ പറയാറുള്ളൂ. 'ടാ... തടിയാ'യുടെ ഷൂട്ടിങ് സമയത്ത് ആഷിക്കേട്ടന് എന്നും പരാതിയാണ്. കാണുമ്പോള്‍ കാണുമ്പോള്‍ എന്റെ തടി കുറയുകയാണത്രെ. സത്യത്തില്‍ എന്റെ തടിക്ക് ഒരിഞ്ചുപോലും കുറവ് വന്നിട്ടില്ല. പക്ഷേ, എന്നും കാണുന്നവര്‍ക്ക് അങ്ങനെ തോന്നും. ഇടയ്ക്ക് ഇച്ചിരി ഭക്ഷണം കുറച്ചാല്‍ ഉടന്‍ വരും അമ്മയുടെ കമന്റ്, 'മോനേ... നീ ഒത്തിരി മെലിഞ്ഞല്ലോ' എന്ന്.
അജയന്‍: വണ്ണം കുറച്ച് ഫീല്‍ഡില്‍ നില്‍ക്കാന്‍ ശ്രമിച്ചവരൊക്കെ ഔട്ടായി പോയിട്ടേയുള്ളൂ. അദ്‌നാന്‍ സമി വണ്ണം കുറച്ചുവന്നു, ഔട്ടായി.
പൊന്നമ്മബാബുച്ചേച്ചിയോട് ഒരിക്കല്‍ മമ്മൂക്ക പറയുന്നത് കേട്ടിട്ടുണ്ട്, വണ്ണം കുറയ്ക്കരുത്, ഔട്ടായിപോവുമെന്ന്. പൊന്നമ്മച്ചേച്ചിയാണെങ്കില്‍ അപ്പോള്‍ ഐശ്വര്യാ റായി ആകാനുള്ള ശ്രമത്തിലായിരുന്നു. അര ചപ്പാത്തി, രണ്ട് സ്പൂണ്‍ ചോറ്, കുമ്പളങ്ങാ ജ്യൂസ്... ഡയറ്റിങ്ങില്‍ തളര്‍ന്നിരിക്കുന്ന ചേച്ചിയോടായിരുന്നു മമ്മൂക്കയുടെ ഉപദേശം. ആരെങ്കിലും ഉപദേശിക്കട്ടെ എന്നിട്ട് ഡയറ്റിങ് നിര്‍ത്താം എന്ന മട്ടിലിരിക്കുകയായിരുന്നു പൊന്നമ്മച്ചേച്ചിയെന്ന് പിന്നീടുള്ള അവരുടെ മെനു കണ്ടപ്പോള്‍ മനസ്സിലായി. ഉപദേശിച്ച മമ്മൂക്കയുടെ കണ്ണുപോലും തള്ളിപ്പോയി.
ശേഖര്‍: ഈ തടികൊണ്ട് എനിക്കാകെയുള്ള ബുദ്ധിമുട്ട് പാകത്തിലുള്ള ഡ്രസ്സ് കിട്ടില്ല എന്നതായിരുന്നു. പക്ഷേ, 48 സൈസിലുള്ള പാന്റ്‌സും ഷര്‍ട്ടുമൊക്കെ കൊച്ചിയിലെ കടകളില്‍ ഇപ്പോള്‍ സുലഭമാണ്. നാട്ടില്‍ തടിയന്മാരുടെ എണ്ണം കൂടുകയാണ് ചേട്ടാ...
അജയന്‍: ഡ്രസ്സിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കുട്ടിക്കാലത്ത് വാങ്ങിയതൊക്കെ ഇപ്പോഴും പാകമാണ്. ഒരായുസ്സുമുഴുവന്‍ കിഡ്‌സ് ഷോറൂമുകളില്‍ മാത്രം ഷോപ്പിങ് നടത്തിയ വ്യക്തി എന്ന നിലയ്ക്ക് മറ്റൊരു റെക്കോഡുകൂടി എന്റെ പേരിലായിക്കൂടെന്നില്ല.
--
No comments:
Post a Comment