ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 9, 2019

ഇന്ന് റാണാ പ്രതാപ് ജയന്തി .

No photo description available.
"സാമ്രാജ്യങ്ങളും സിംഹാസനങ്ങളും പോയ്മറഞ്ഞേക്കാം , പക്ഷേ ധാർമികത നിലനിൽക്കുക തന്നെ ചെയ്യും"

മേവാറിന്‍റെ രജപുത്ര സിംഹം റാണാപ്രതാപനെപ്പറ്റി അജ്മീർ ഗവർണർ മിർസ അബ്ദുൾ റഹിം ഖാൻ പറഞ്ഞതാണിത് . റാണാ പ്രതാപനെ ആക്രമിക്കാനെത്തിയ മിർസ ഖാനെ പ്രതാപസിംഹന്‍റെ മകൻ അമർ സിംഗ് തോൽപ്പിച്ചോടിച്ചു. സ്വന്തം കുടുംബത്തെ ശത്രുവിന്‍റെ കയ്യിൽ അകപ്പെടാൻ വിട്ടിട്ടാണ് മിർസ രക്ഷപ്പെട്ടത് .

വിവരമറിഞ്ഞ റാണാപ്രതാപൻ എല്ലാ രാജകീയ ആഡംബരങ്ങളോടും കൂടി മിർസയുടെ ഭാര്യയേയും മക്കളേയും തിരിച്ചെത്തിക്കുകയാണുണ്ടായത് . അത്ഭുതപ്പെട്ട മിർസ ഖാന് പിന്നീടൊരിക്കലും റാണാപ്രതാപനെ ആക്രമിക്കാൻ കഴിഞ്ഞില്ല . ഒടുവിൽ അക്ബർ ഈ ഗവർണറെ മാറ്റുകയാണുണ്ടായത്.

റാണാ പ്രതാപ സിംഹന് വേണമെങ്കിൽ രാജകീയ സുഖങ്ങളെല്ലാം അനുഭവിച്ചു കൊണ്ട് കൊട്ടാരത്തിൽ തന്നെ കഴിയാമായിരുന്നു . അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ മിക്ക രാജാക്കന്മാരും അക്ബറുടെ മുന്നിൽ കീഴടങ്ങി മുഗൾ ചക്രവർത്തിയുടെ സാമന്തനായി കഴിയുകയുമായിരുന്നു . എന്നാൽ റാണ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യത്തിന്‍റെ വഴിയായിരുന്നു . മുഗൾ അധിനിവേശം മേവാറിന്‍റെ മണ്ണിൽ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു .

ചിത്തോറിനെ സ്വതന്ത്രമാക്കുന്നത് വരെ രാജകീയമായ ഒരു ആഡംബരവും ഉപയോഗിക്കില്ലെന്നും രാജ ഗൃഹങ്ങളിൽ അന്തിയുറങ്ങില്ലെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്തതായി പറയപ്പെടുന്നു . വെറും ഇരുപതിനായിരം വരുന്ന സൈന്യത്തെ നയിച്ചാണ് രണ്ടു ലക്ഷം വരുന്ന അക്ബറുടെ സൈന്യത്തെ പ്രസിദ്ധമായ ഹൽദിഘാട്ട് യുദ്ധത്തിൽ അദ്ദേഹം തടഞ്ഞു നിർത്തിയത് . അക്ബറുടെ സൈന്യത്തെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്‍റെ രാജ്യം ശത്രുവിന് കീഴടങ്ങാതെ സംരക്ഷിക്കാൻ റാണയ്ക്ക് കഴിഞ്ഞു . റാണയുടെ വിശ്വസ്തനായ കുതിര ചേതക് മരിക്കുന്നത് ഈ യുദ്ധത്തിൽ വച്ചാണ് .

ആധുനിക യുദ്ധതന്ത്രങ്ങളുടെ രാജകുമാരനായിരുന്നു റാണാപ്രതാപ് . തന്‍റെ ചെറു സൈന്യത്തിന് മുഗളരുടെ വമ്പിച്ച സൈന്യത്തെ എതിരിട്ട് തോൽപ്പിക്കാനുള്ള കെല്‍പ്പ് ഇല്ലെന്ന് റാണയ്ക്കറിയാമായിരുന്നു . പിൻ വാങ്ങേണ്ടിടത്ത് പിൻവാങ്ങിയും അവസരം വരുമ്പോൾ കയറി ആക്രമിച്ചും അദ്ദേഹം ജീവിതാന്ത്യം വരെ സ്വതന്ത്രനായി ജീവിച്ചു .

അക്ബറിന്‍റെ പേരുകേട്ട സൈന്യത്തിന് ഒരിക്കലും റാണാപ്രതാപനെ പിടിക്കാൻ കഴിഞ്ഞില്ല . ഓരോ പ്രാവശ്യവും മേവാറിന്‍റെ ചില സ്ഥലങ്ങൾ പിടിച്ചടക്കി ഭരണാധികാരികളെ അവരോധിച്ചതിനു ശേഷം അക്ബറുടെ സേന തിരിച്ചു പോവുകയും റാണാപ്രതാപൻ ആ സ്ഥലങ്ങളെല്ലാം കൈവശപ്പെടുത്തുകയും ചെയ്യും . സാമ ദാന ഭേദ ദണ്ഡങ്ങളെല്ലാം പ്രയോഗിച്ചെങ്കിലും അക്ബറിന് ഈ രജപുത്ര ധീരനെ തന്‍റെ കാൽക്കീഴിൽ കൊണ്ടുവരാനായില്ല

നായാട്ടിനിടയിൽ സംഭവിച്ച ഒരു അപകടം മൂലമാണ് 1597 ജനുവരി 19 ന് അദ്ദേഹം മരിക്കുന്നത് . . അദ്ദേഹത്തിന്‍റെ മരണ വാർത്ത മുഗൾ ദർബാറിലെത്തിയപ്പോൾ അവിടെ സന്നിഹിതനായിരുന്ന ഒരു രജപുത്ര കവി ഇങ്ങനെ പാടി .

"ഓ റാണാ പ്രതാപ് , നിങ്ങളുടെ തല ആരുടെ മുന്നിലും കുനിഞ്ഞില്ല , നിങ്ങളുടെ പ്രശസ്തിക്ക് ഒരിക്കലും മങ്ങലേറ്റില്ല , അതികഠിനമായ യാതനകൾ സഹിച്ച് ശക്തരായ എതിരാളികളോട് താങ്കൾ പോരാടി, നിങ്ങളൊരിക്കലും മുഗൾ ദർബാറിൽ വന്ന് പ്രണാമം ചെയ്തില്ല . നിങ്ങൾ ഈ ലോകത്തിൽ വലിയൊരു സ്ഥാനമാണ് നേടിയിരിക്കുന്നത് . താങ്കളുടെ മരണവാർത്ത കേട്ടപ്പോൾ അക്ബറുടെ കണ്ണുകൾ മങ്ങിപ്പോയി , അദ്ദേഹത്തിന്‍റെ നാവ് കണ്ഠത്തിൽ നിന്നും പുറത്ത് വരാതെ വിഷമിച്ചു . അതെ റാണ ..... ഒടുവിൽ നിങ്ങൾ തന്നെയാണ് വിജയിച്ചിരിക്കുന്നത് !"

തീർത്തും സ്വതന്ത്രനായി ആരുടെയും അടിമയല്ലാതെ മരിക്കുന്നതിനുള്ള ഭാഗ്യം അക്കാലത്ത് വളരെ കുറച്ചു രാജാക്കന്മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത് .അതിലൊരാളായിരുന്നു മേവാറിന്‍റെ റാണാ പ്രതാപ് സിംഹൻ . സ്വാതന്ത്ര്യത്തിന്‍റെ പര്യായമെന്നായിരുന്നു പ്രതാപസിംഹന് ചരിത്രകാരന്മാർ നൽകിയ വിശേഷണം .

No comments:

Post a Comment