ഹരിഃ ഓം . തത് സത്.
.
അദ്ധ്യാത്മഗ്രന്ഥങ്ങളില്‍ അനന്വയമാണ് അഷ്ടാവക്രസംഹിത അഥവാ അഷ്ടാവക്രഗീത. സംഹിത എന്നാല്‍ ' സമ്യക് ഹിതം പ്രതിപാദ്യം യസ്യാഃ' - യഥാര്‍ത്ഥഹിതം പ്രതിപാദിക്കുന്നത് എന്നര്‍ത്ഥം. ഗീത എന്നതുകൊണ്ട് ശ്രീമദ് ഗീതപോലെ പവിത്രവും പ്രാമാണികവും എന്നാണ് വിവക്ഷിതം. ഗീത ശ്രീരാമകൃഷ്ണാര്ജ്ജുനസംവാദ രൂപത്തിലാണ്. ഇതാകട്ടെ അഷ്ടാവക്രജനകസംവാദ രൂപത്തിലും.
അദ്ധ്യായം ഒന്ന്.
ആത്മോപദേശം.
ജനക ഉവാച-
" കഥംജ്ഞാനമപ്നോതി
കഥം മുക്തിര്‍ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്ത-
മേതദ്ബ്രൂഹി മമ പ്രഭോ".
ജനകന് അപേക്ഷിച്ചുഃ പ്രഭോ, ജ്ഞാനം നേടുന്നതെങ്ങനെ? മുക്തി കിട്ടുന്നതെങ്ങനെ? വൈരാഗ്യം ഉണ്ടാകുന്നതെങ്ങനെ? ഇതെനിക്ക് ഉപദേശിച്ചുതന്നാലും.
വിനയം, അര്‍ത്ഥിത്വം, സാമര്‍ത്ഥ്യം എന്നിവ ഉള്ളവര്‍ക്കേ ആദ്ധ്യാത്മികവിദ്യ ഗുരുക്കന്മാര് ഉപദേശിക്കാറുള്ളൂ. അവരിലേ ഉപദേശം സഫലമാകൂ എന്നുതന്നെ കാരണം. ആത്മജ്ഞനായ ഗുരുവിനെ ശ്രദ്ധാഭക്തികളോടെ സമീപിച്ച് ജിജ്ഞാസുവായ ശിഷ്യന് ഉപദേശം തേടുന്നു. ഉപനിഷത്പ്രസിദ്ധനായ ജനകനാണ് ഇവിടെ ശിഷ്യന്. ഗുരുവാകട്ടെ ഇതിഹാസപ്രസിദ്ധനായ അഷ്ടാവക്രമഹര്‍ഷിയും. ഈ ഗുരൂപദേശമാകാം ജനകനെ ഉപനിഷത്പ്രസിദ്ധനാകാന് തുണച്ചത്. ശിഷ്യന്റെ ചോദ്യത്തില്‍ നിന്നുതന്നെ, അദ്ദേഹം ഉത്തമകോടിയില്‍പ്പെട്ട ഒരു ജിജ്ഞാസുവാണ് എന്നു വ്യക്തം. ഗുരുവും അത്യുത്തമന്തന്നെ എന്ന് 'പ്രഭോ' എന്ന സംബോധനയില്നിന്നും തുടര്‍ന്നുവരുന്ന ഉപദേശങ്ങളില്‍നിന്നും വ്യക്തമാകും.
ജ്ഞാനം - ജീവബ്രഹ്മണോരഭേദനിശ്ചയഃ - ജീവാത്മപരമാത്മാക്കളുടെ അഭേദദര്‍ശനം. മുക്തിഃ - പുനഃ സംസാരാഭാവവത്ത്വം - വീണ്ടും ജനിമൃതിബന്ധനത്തില് പെടാതിരിക്കല്‍, വൈരാഗ്യം - വിഷയവൈതൃഷ്ണ്യം - കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ ആശയില്ലാതിരിക്കല്. അദ്ധ്യാത്മസാധകന് അവശ്യം ഉണ്ടായിരിക്കണമെന്ന് അദ്ധ്യാത്മശാസ്ത്രങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്ന സാധന ചതുഷ്ടയ സമ്പത്തിക്ക് ഉപലക്ഷണമാണിവ. വൈരാഗ്യത്തില്‍ വിവേകവും ഉള്‍പ്പെടുന്നു. മുക്തികാമനയില് ശമദമാദി ഷട്കസമ്പത്തി അനുക്തസിദ്ധവുമാണ്. (തുടരും)
ലോകഃ സമസ്താഃ സുഖിനോ ഭവന്തു.
No comments:
Post a Comment