ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, December 10, 2016

ഇഹജന്മ പാപങ്ങളകറ്റാൻ തിരുവില്വാമല പുനർജനി നൂഴൽ ഇന്ന്

പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ഇന്ന്  നടക്കും. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ മാത്രം നടക്കുന്ന ഭക്‌തനിർഭരമായ ചടങ്ങിനുള്ള ഒരുക്കങ്ങൾ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ പൂർത്തിയാകുന്നു. വില്വാമലയിലെ കിഴക്കേ അടിവാരത്തിലുള്ള ഗുഹയുടെ പരിസരവും അവിടേക്കുള്ള വഴികളും വൃത്തിയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമൂഖത്തെത്തി പ്രത്യേക പൂജകൾ നടത്തിയശേഷം നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. നൂഴൽ ചടങ്ങ് രാവിലെ മുതൽ രാത്രി വരെ തുടരും. ഗുഹ സ്‌ഥിതിചെയ്യുന്നിടത്തേക്കു തിരുവില്വാമല ടൗണിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം.  തിരുവില്വാമല പഞ്ചായത്തും ദേവസ്വവും നിളാസേവസമിതിയും ചേർന്നാണ്
നുഴാനെത്തുന്ന ഭക്‌തർക്കു സൗകര്യമൊരുക്കുന്നത്
. ക്ഷേത്രദർശനത്തിനും പ്രത്യേക ക്രമീകരണമൊരുക്കും .

ഐതിഹ്യം

ക്ഷത്രിയനാശവും സ്വന്തം മാതാവിന്റെ ഘാതകനുമാകേണ്ടിവന്ന പരശുരാമന്‌ തന്റെ പാപകര്‍മ്മങ്ങളില്‍ നിന്ന്‌ മുക്തി നേടുന്നതിന്‌ പലരുടെയും അടുത്തെത്തിയെങ്കിലും മുക്തി ലഭിച്ചില്ല. അവസാനം പരമശിവന്റെ അടുക്കല്‍ തന്നെ അഭയം പ്രാപിച്ചതിനെത്തുടര്‍ന്ന്‌ പരമശിവന്‍ ഒരുദിവ്യ വിഷ്ണുവിഗ്രഹം നല്‍കി ഇങ്ങനെ പറഞ്ഞു. ‘ഈ വിഗ്രഹം പ്രതിഷ്ഠിച്ച്‌ അവിടെ നിത്യപൂജകള്‍ യഥാവിധി ചെയ്യുക.’
തുടര്‍ന്ന്‌ പരശുരാമന്‍ നേരിട്ട്‌ പ്രതിഷ്ഠ നടത്തി പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ മോക്ഷം ലഭിച്ച ക്ഷേത്രമാണ്‌ വില്വാദ്രിനാഥക്ഷേത്രമെന്നാണ്‌ ഐതിഹ്യം. ശ്രീരാമാവതാരകാലത്ത്‌ നേരിട്ട്‌ വിഷ്ണുവിനു പകരം ശ്രീരാമപ്രതിഷ്ഠയും ഇവിടെ നടത്തി. അതൊടൊപ്പം ലക്ഷ്മണനെയും ആരാധിക്കുന്നതിന്‌ ക്രമീകരണം നടത്തി.തന്റെ ഭക്തനായ ചിരഞ്ജീവി ഹനുമാന്റെ സാന്നിധ്യം എന്നും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ക്ഷേത്രത്തില്‍ ഹനുമദ്‌ ദര്‍ശനം നടത്തുന്നതിനും വഴിപാടുകള്‍ക്കുമായി വ്യാഴാഴ്ചയും തിരക്കേറെയാണ്‌.എല്ലാ മലയാളമാസം ഒന്നാം തീയതിയും മേല്‍ശാന്തിമാര്‍ മാറണമെന്ന നിബന്ധനയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ്‌ ഇത്‌.

ദര്‍ശനക്രമം

ആദ്യം കിഴക്കേനടയില്‍ വന്ന്‌ ശ്രീരാമഭക്തനായ ഹനുമാനെ കണ്ട്‌, ലക്ഷ്മണാനുഗ്രഹവും വാങ്ങി വേണം ശ്രീരാമദര്‍ശനത്തിനെത്താന്‍. തുടര്‍ന്ന്‌ ശിവ-പാര്‍വ്വതീ സമേതനായ അയ്യപ്പനെ (കുണ്ടിലയ്യപ്പന്‍) ദര്‍ശിച്ച്‌ മടങ്ങണമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.

പുനര്‍ജനി

വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടിയ അശരീരികളായ പ്രേതങ്ങള്‍ക്ക്‌ മുക്തിലഭിക്കുന്നതിനുവേണ്ടി പരശുരാമന്‍ ദേവരാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ നിര്‍മ്മിക്കുകയും ചെയ്തതാണ്‌ പുനര്‍ജനി ഗുഹ എന്നാണ്‌ ഐതിഹ്യം. പുനര്‍ജനി താണ്ടുന്ന ജീവജാലങ്ങള്‍ക്ക്‌ മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. വില്വാദ്രി ക്ഷേത്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്താണ്‌ പുനര്‍ജനി ഗുഹ. വില്വാദ്രിമലയിലേക്ക്‌ രണ്ടുവഴികളാണ്‌ ഉള്ളത്‌. ലക്കിടിയില്‍നിന്നും നേരിട്ട്‌ മല്ലേശമംഗലം ആലിന്‍ചുവട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയും ഇവിടെയെത്താം. ദര്‍ശനത്തിനുശേഷം കിഴക്കേനടവഴിയാണ്‌ പുനര്‍ജനിയിലേക്ക്‌ ഭക്തര്‍ പ്രവേശിക്കുന്നത്‌.

പുനര്‍ജനി നൂഴല്‍

ഭൂതമല, വില്വമല, മൂരിക്കുന്ന്‌ എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ്‌ വില്വമലയായി അറിയപ്പെടുന്നത്‌. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി ഗുഹയിലെത്താന്‍.
ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ്‌ അന്ന്‌ അനുഭവപ്പെടുക. അതിനാല്‍ കാനനപാതകള്‍ വെട്ടിനിരപ്പാക്കി ഡിസംബറില്‍ മാത്രമാണ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നത്‌.

പുനര്‍ജനിയാത്ര

വൃശ്ചികമാസത്തിലെ ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കുശേഷമാണ്‌ പുനര്‍ജനി യാത്ര തുടങ്ങുക. മേല്‍ശാന്തിമാര്‍ തീര്‍ത്ഥംതളിച്ച്‌ ശുദ്ധിയോടെ പുലര്‍ച്ചെ മൂന്നുമണിയോടെ കിഴക്കേനടയിലെ ആലിന്‍ചുവടുവഴി ഗുഹയിലേക്കുള്ള യാത്ര തുടങ്ങും. പുനര്‍ജനി നൂഴല്‍ ദുഷ്കരവും ഇരുട്ടുനിറഞ്ഞ ഗുഹയിലൂടെ ആയതിനാലും സ്ത്രീകളെ പുനര്‍ജനി നൂഴാന്‍ അനുവദിക്കാറില്ല. ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്‌ ഏകദേശം 20 മിനിറ്റുകൊണ്ട്‌ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്പര്‍ശിക്കും. മനസ്സിന്‌ ആത്മബലം നല്‍കുന്ന ഈ തീര്‍ത്ഥ സ്പര്‍ശനത്തിനു ശേഷമാണ്‌ പുനര്‍ജനി മലയിലേക്ക്‌ കയറുക.
ഗുഹയുടെ തെക്കുകിഴക്കുഭാഗത്തെ വഴിയിലൂടെ യാത്ര ചെയ്ത്‌ പുനര്‍ജനി മലയിലേക്കു നീങ്ങും. അരകിലോമീറ്റര്‍ കൂടി ഇതേദിശയില്‍ യാത്ര ചെയ്തെത്തുന്നതാണ്‌ പാപനാശിനീ തീര്‍ത്ഥത്തിനു സമീപം. കടുത്ത വേനലിലും വറ്റാത്ത ഈ ഉറവ ഗംഗയുടെ സാമീപ്യമായി ഭക്തര്‍ കരുതുന്നു. ഈ തീര്‍ത്ഥവും സ്പര്‍ശിച്ചശേഷമാണ്‌ നൂഴലിനായി ഗൂഹാമുഖത്തേക്കിറങ്ങുന്നത്‌. പ്രധാനപൂജാരിമാരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്ത്‌ നടക്കുന്ന പൂജകള്‍ക്കുശേഷം രാവിലെ അഞ്ചുമണിയോടെ പുനര്‍ജനി നൂഴല്‍ ആരംഭിക്കും. ക്ഷുദ്രജീവികളും, ചളിയും ചിലന്തിവലകളും നിറഞ്ഞ ഗുഹയിലേക്കുള്ള വഴി ഇവര്‍ ഒരുക്കും.തുടര്‍ന്ന്‌ മറ്റുള്ളവര്‍ ഒന്നിനുപിറകേ ഒന്നായി ഗുഹയിലേക്കു കയറും.
പരസ്പരം സഹായിച്ചുകൊണ്ടുമാത്രമേ പുനര്‍ജനി പ്രവേശനം സാധ്യമാകുകയുള്ളൂവെന്ന്‌ ഇവര്‍ പറഞ്ഞു. ഇതിനു കാരണം വഴുവഴുക്കലും, ചളിയും ഇടുങ്ങിയതുമായ ഗുഹാമാര്‍ഗ്ഗം തന്നെ.
ഗേയ്റ്റുകടന്ന്‌ ആദ്യം ഇടത്തേ പാറചുറ്റി വലത്തോട്ടു തിരിഞ്ഞ്‌ നേരേമുകളിലോട്ട്‌ അല്‍പം കയറി നീങ്ങുന്നു.
മുന്‍പില്‍ പോകുന്ന ഭക്തന്റെ കാലില്‍പിടിച്ച്‌ അയാള്‍ തിരിയുന്നതിനും ചെരിയുന്നതിനും അനുസരിച്ച്‌ മറ്റുള്ളവരും അങ്ങനെ ചെയ്ത്‌ മെല്ലെ മുന്നേറും.
പലസ്ഥലത്തും മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്കരമായ പാറ കയറാന്‍. സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പരസ്പരം പിടിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായാണ്‌ യാത്ര.  ഗുഹകള്‍ ചെറുതാണെങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്കും, ഏറെ വലിപ്പമുള്ളവര്‍ക്കും ഇതുവഴി കയറി പുറത്തുവരാന്‍ സാധിക്കുന്നുവെന്നതാണ്‌ പുനര്‍ജനി പ്രവേശനത്തിന്റെ പ്രത്യേകത. ഇങ്ങനെ 20-25 മിനിറ്റുകള്‍കൊണ്ട്‌ പുനര്‍ജനിയിലൂടെ നൂഴ്‌ന്ന്‌ ഗുഹയുടെ ബഹിര്‍ഗമന സ്ഥലത്തെത്തുന്നു. തുടര്‍ന്ന്‌ പരശുരാമ നിര്‍മ്മിതമായ പാതാള തീര്‍ത്ഥം കുടിച്ച്‌ അല്‍പം പടിഞ്ഞാറോട്ട്‌ വീണ്ടും സഞ്ചരിച്ച്‌ ഐരാവതത്തിന്റെ കൊമ്പുതട്ടിയുണ്ടായ തീര്‍ത്ഥം എന്നു കരുതുന്ന കൊമ്പുതീര്‍ത്ഥം മുക്കിയെടുത്ത്‌ ദാഹശമനം വരുത്തും. തുടര്‍ന്ന്‌ ദേവേന്ദ്രന്‍ അമ്പേറ്റു നിര്‍മ്മിച്ച അമ്പുതീര്‍ത്ഥവും നല്‍കും. ഇങ്ങനെ ഗുഹയിലൂടെ കയറി തീര്‍ത്ഥം കഴിക്കുന്നതോടെ ഒരു ജന്മം അവസാനിച്ചതായാണ്‌ പുനര്‍ജനി നൂഴലിന്റെ ഐതിഹ്യം.
സ്ത്രീകളുടെ അഭൂതപൂര്‍വ്വമായ തിരക്കും പുനര്‍ജനി നൂഴല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുന്നു.

ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത വില്വാദ്രിനാഥന്‍
പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത്‌ സ്ഥിതിചെയ്യുന്ന വില്വാദ്രിക്ഷേത്രത്തിലെ നിറമാലയോടുകൂടിയാണ്‌ മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ ആരംഭിക്കുക. തന്നെ ആശ്രയിക്കുന്ന ഭക്തര്‍ക്ക്‌ എന്തുംവാരിക്കൊടുക്കുന്ന ശീലമാണ്‌ വില്വാദ്രിനാഥനെന്ന്‌ ഭക്തര്‍ പറയുന്നു. കുടുംബത്തിലെ ഐശ്വര്യത്തിന്‌ വില്വാദ്രിനാഥന്‌ എന്തുവഴിപാടും നിങ്ങളുടെ കഴിവിനനുസരിച്ച്‌ ഇവിടെ നടത്താം.കുടുംബത്തിലെ ഐക്യത്തിനായി കുണ്ടില്‍അയ്യപ്പന്‌ നീരാജനം വഴിപാട്‌ നടത്തുന്നതിനാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്നത്‌. അതുകൊണ്ടുതന്നെ ബുധന്‍-ശനി ദിവസങ്ങളില്‍ ഇവിടെ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കും അനുഭവപ്പെടുന്നു.

ബി. രാജേന്ദ്രകുമാര്‍
ജന്മഭൂമി

No comments:

Post a Comment