ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

പാലാഴിമഥനവും പരമശിവന്റെ വിഷപാനവും – ഭാഗവതം (176)

ഉപര്യധശ്ചാത്മനി ഗോത്രനേത്രയോഃ പരേണ തേ പ്രാവിശതാ സമേധിതാഃ
മമന്ഥുരബ്ധിം തരസാ മദോത്കടാ മഹാദ്രിണാ ക്ഷോഭിതനക്രചക്രം (8-7-13)
തപ്യന്തേ ലോകതാപേന സാധവഃ പ്രായശോ ജനാഃ
പരമാരാധനം തദ്ധി പുരുഷസ്യാഖിലാത്മനഃ (8-7-44)

ശുകമുനി തുടര്‍ന്നു:

ദേവന്മാരും അസുരന്മാരും സര്‍പ്പരാജാവായ വാസുകിയുടെ സഹായം തേടി. പ്രയത്നഫലത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിന്‌ വാഗ്ദാനവും നല്‍കി. മന്ദരപര്‍വ്വതത്തിനു ചുറ്റും വാസുകിയെ ചുറ്റി അവര്‍ കടല്‍ കടയാനാരംഭിച്ചു. നയോപായകോവിദനായ ഭഗവാന്‍ ദേവന്മാരോടൊപ്പം പാമ്പിന്റെ തലഭാഗത്തു പിടിച്ചു. അസുരന്മാര്‍ക്ക്‌ കിട്ടിയ വാലറ്റം അവര്‍ക്ക്‌ കുറച്ചിലായി തോന്നി. അവരതിനെ എതിര്‍ത്തപ്പോള്‍ ദേവന്മാര്‍ സ്ഥാനം മാറാന്‍ സമ്മതിച്ചു. അങ്ങനെ ദേവന്മാര്‍, തുലോം അപകടം കുറഞ്ഞ, വാലറ്റം പിടിച്ച്‌ പ്രയത്നം തുടര്‍ന്നു. പര്‍വ്വതം അതിന്റെ സ്വഭാരംകൊണ്ട്‌ പാല്‍ക്കടലില്‍ താണുകൊണ്ടിരുന്നു. എന്നാല്‍ ഭഗവാന്‍ ഒരാമയായിവന്നു്‌ പര്‍വ്വതത്തെ തന്റെ പുറത്ത്‌ താങ്ങി നിര്‍ത്തി. രാക്ഷസന്മാര്‍ക്ക്‌ ഊര്‍ജ്ജമേകിയതും (താമസികവും രാജസവും) ദേവന്മാര്‍ക്ക്‌ ശക്തി നല്‍കിയതും (സാത്വികോര്‍ജ്ജം) അതേ ഭഗവാന്‍ തന്നെ. വാസുകിക്ക്‌ പര്‍വ്വതത്തെ ചുറ്റി നില്‍ക്കാനുളള കഴിവുനല്‍കിയതും മറ്റാരുമല്ല. ഭഗവാന്‍ സ്വയം പര്‍വ്വതത്തിനു മുകളിലിരുന്നു് അതിനെ താഴ്ത്തിപ്പിടിച്ചിരുന്നു. അങ്ങനെ എല്ലാവരിലും ആവേശവും നവോന്മേഷവും ശക്തിയും ഭഗവല്‍കൃപയാല്‍ ഉണ്ടായിരുന്നതുകൊണ്ട്‌ പാല്‍ക്കടല്‍ കടയുന്ന പ്രവൃത്തി തുടര്‍ന്നു കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അമൃതുണ്ടാവാത്തതുകൊണ്ട്‌ ഭഗവാന്‍ സ്വയം കടല്‍ കടയാന്‍ സഹായിച്ചു.

ഉടനേതന്നെ അതികഠിനമായ ഒരു വിഷം – ഹലാഹലം – പുറത്തുവന്നു. അതിന്റെ രൂക്ഷതയില്‍ പീഡിക്കപ്പെട്ട ജീവികളെല്ലാം ഭഗവാന്‍ സദാശിവനെ കണ്ട്‌ സങ്കടമുണര്‍ത്തിച്ചുഃ ഭഗവാനേ, അഭയം നല്‍കിയാലും. മൂന്നു ലോകങ്ങളേയും ചാമ്പലാക്കാന്‍ കഴിവുളള ഈ വിഷത്തില്‍ നിന്നു്‌ ഞങ്ങളെ രക്ഷിച്ചാലും. അവിടുന്നാണു് വിശ്വപുരുഷന്‍. അവിടുത്തെ കൈകാലുകളത്രേ ഈ വിശ്വം നിറഞ്ഞിരിക്കുന്നുത്‌. എപ്പോഴെല്ലാം ഞങ്ങള്‍ ജീവികള്‍ക്ക്‌ ആപത്തുണ്ടാവുന്നുവോ അപ്പോഴെല്ലാം അങ്ങ്‌ കൃപാപുരസ്സരം ശത്രുക്കളെ സംഹരിച്ച്‌ ഞങ്ങളെ സംരക്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അവിടുത്തെ താമരപ്പാദങ്ങളെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു.

പ്രാര്‍ത്ഥന കേട്ട്‌ ഹൃദയമലിഞ്ഞ ഭഗവാന്‍ പരമശിവന്‍ തന്റെ പ്രിയതമയായ പാര്‍വ്വതിയോട്‌ പറഞ്ഞു: എത്ര വലിയ ദുരിതമാണ്‌ നമ്മുടെ സൃഷ്ടികള്‍ക്കുണ്ടാവാന്‍ പോവുന്നത്‌. ഈ വിഷത്തില്‍ നിന്നവരെ സംരക്ഷിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ. എപ്പോഴാണോ ഒരുവന്‍ മറ്റു ജീവികളുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നത്, അത്‌ മഹത്വലക്ഷണമത്രേ. അങ്ങനെയുളള ഭക്തന്‍ ഭഗവല്‍പ്രിയനുമാണ്‌. ഞാന്‍ ഉടനേതന്നെ ആ വിഷം വിഴുങ്ങാന്‍ പോവുന്നു. ഭഗവാന്റെ ഇച്ഛയ്ക്കനുകൂലമായി പാര്‍വ്വതീദേവി സമ്മതം നല്‍കി. ശിവന്‍ തന്റെ കൈകുമ്പിളില്‍ വിഷമെടുത്ത്‌ ഒറ്റയടിക്കതു വിഴുങ്ങിക്കളഞ്ഞു. അതിന്റെ രൂക്ഷതയില്‍ ഭഗവാന്റെ കഴുത്ത്‌ കറുത്ത്‌ നീലിച്ചുപോയി (നീലകണ്ഠന്‍). വിഷത്തില്‍ ചില തുളളികള്‍ പരമശിന്റെ കൈവിരലുകള്‍ക്കിടയില്‍ നിന്നു്‌ വീണുപോയവ ഇപ്പോഴും പാമ്പ്, തേള്‍, മറ്റു വിഷജന്തുക്കള്‍, ചിലയിനം പച്ചമരുന്നുകള്‍ ഇവകളിലും കാണാവുന്നതാണ്‌. അങ്ങനെ ശിവന്‍ സൃഷ്ടികളെ രക്ഷിച്ചു. ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുകൊളളുന്നവര്‍ നന്മ നിറഞ്ഞവരത്രെ. അതാണ്‌ സര്‍വ്വാന്തര്യാമിയായ ഭഗവാനോടുളള ഏറ്റവും നല്ല ആരാധനയും.

(പരമശിവനോടുളള പ്രാര്‍ത്ഥനാ വാക്കുകള്‍ ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ത്ഥനയ്ക്ക്‌ സമമാണ്‌. ശിവ-വിഷ്ണു അദ്വൈത വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതാണിത്‌).

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment