ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 6, 2016

ധർമ്മം എന്ത്?

ധർമ്മം എന്ത്?

ഒരു വാഹനം വാങ്ങിക്കുന്നു. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌ ടയര്‍. യാത്ര പോകുന്ന സമയത്ത്‌ ഒരു ടയര്‍ പഞ്ചറായാല്‍ നമ്മുടെ യാത്ര മുടങ്ങും. അതിന്‌ കമ്പനികണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗമാണ്‌ സ്റ്റെപ്പിനി ടയര്‍, അത്‌ ഇതിന്റെ കൂടെതന്നെ തരുന്നു. അംബാസിഡറാണെങ്കില്‍ ഹാന്‍ഡ്‌ബെല്‍റ്റ്‌ അല്ലെങ്കില്‍ ബള്‍ബ്‌ ഇതൊക്കെയാവും തരുന്നത്‌. ഇതിനെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നു പറയും. നമ്മെ സൃഷ്‌ടിച്ച സമയത്ത്‌ ഭഗവാനും ഇതൊക്കെ കരുതിയിട്ടുണ്ട്‌. രണ്ട്‌ കണ്ണ്‌, രണ്ട്‌ കാത്‌, രണ്ട്‌ കിഡ്‌നി എന്നിങ്ങനെ. മനുഷ്യനെ നിര്‍മ്മിക്കുക എന്നുള്ളത്‌, ഒരു കമ്പനിയിലെ പ്രോഡക്‌ടുപോലെ, ഇന്ന്‌ എല്ലാറ്റിനേയും ഉണ്ടാക്കുന്നു. നാം ഗവേഷണം നടത്താത്തത്‌ ഒരു കാര്യത്തില്‍ മാത്രമാണ്‌ മനുഷ്യനില്‍.
കാര്‍ഷികരംഗത്തില്‍ പൂക്കളാണെങ്കിലും, പഴവര്‍ഗ്ഗങ്ങളാണെങ്കിലും മെച്ചപ്പെട്ട നല്ല ഗുണനിലവാരമുള്ള പൂക്കള്‍. നല്ല നിറം, വലുപ്പം ഒക്കെയുള്ള പൂക്കളെ കൃത്രിമമായി നിര്‍മ്മിക്കുന്നതില്‍ വിജയിച്ചു. അതുപോലെ തന്നെ പഴങ്ങള്‍. അത്‌ അണ്ടിയില്ലാത്ത മാങ്ങ. കുരുവില്ലാത്ത മുന്തിരി. കൂടുതല്‍ ഫലം തരുന്നത്‌. കൂടുതല്‍ എണ്ണം തരുന്നത്‌. കൊല്ലത്തില്‍ ഒരുപ്രാവശ്യം കായ്‌ക്കുന്ന മാവിനെ എങ്ങനെ രണ്ടുപ്രാവശ്യത്തില്‍ കൂടുതലാക്കാം? ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ നടത്തി. അതുപോലെതന്നെ മൃഗങ്ങളിലും. നല്ലയിനം പശുക്കള്‍. ഒരു ലിറ്റര്‍ പാല്‍ തരുന്നത്‌ മാറി 100 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളുണ്ട്‌. അതിന്‌ അകിട്‌ മാത്രമേയുള്ളൂ. തൊഴുത്തില്‍നിന്ന്‌ പുറത്തിറക്കാന്‍ പറ്റില്ല. മെഷീന്‍ വെച്ചാണ്‌ കറക്കുന്നത്‌. ഇതിനെയൊക്കെ നാം വികസിപ്പിച്ചെടുത്തതാണ്‌. പണ്ടൊക്കെ കോഴിയിറച്ചിയായിരുന്നു. ഇപ്പോള്‍ ഇറച്ചിക്കോഴികളാണ്‌. അങ്ങനെയുള്ള ഭേദങ്ങളുണ്ട്‌. ഇങ്ങനെ കോഴി, പശു, ആട്‌, പൂച്ച, നായ, കുതിര, പുഷ്‌പങ്ങള്‍, സസ്യലതാദികള്‍, പഴങ്ങള്‍, റബ്ബര്‍, തെങ്ങ്‌ ഇതിലൊക്കെ ഗുണനിലവാരമുള്ളവയെ നാം വികസിപ്പിച്ചെടുത്തു.
ഗുണനിലവാരമുള്ള മനുഷ്യനെ വികസിപ്പിക്കാന്‍ ഗവേഷണം ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ ആ ഗവേഷണം നടത്തിയിട്ടുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍. ഗുണനിലവാരമുള്ള മനുഷ്യനെ നിര്‍മ്മിക്കുന്ന ആ ഫാക്ടറി ഏതാണ്‌?  അതാണു ധർമ്മം.
ഉദാഹരണത്തിന് ഒരു
ഗൃഹസ്ഥാശ്രമിക്ക് ഒരുപാട് ധർമ്മങ്ങൾ ഉണ്ട്. ഇന്നുമതിനു നല്ല പ്രസക്തിയുണ്ട്. ഗൃഹസ്ഥാശ്രമ ജീവിതത്തിൽ പണ്ട് പഞ്ചയജ്ഞങ്ങളും ആറു കർമ്മങ്ങളും ആചരിച്ചുവന്നിരുന്നു. ഇന്ന് ഗ്രഹസ്ഥാശ്രമ ജീവിതത്തിൽ നിന്ന് എന്തെല്ലാം മനസിലാക്കണം? നോക്കാം; കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ ആ കുടുംബത്തിൽ നിന്നുമുണ്ടാകുന്ന കുട്ടികളുടെ ജീവിതവും ഭാവിയും വിജയവും ശിഥിലമാവും. കുട്ടികൾ വഴിതെറ്റിപ്പോകുവാനും ബന്ധങ്ങളുടെ തകർച്ച കാരണമാകും. പഠനകാലത്ത് തന്നെ കുടുംബജീവിതത്തിന്റെ മഹത്വ വും ഗൌരവവും ബോധ്യപ്പെടുത്തുവാൻ കഴിയണം. ശൈശവകാലത്തുതന്നെ ധർമ്മബോധം വളർത്തിയെടുക്കാത്തതുകൊണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രശ്നങ്ങള് ഇല്ലാതിരിക്കാന് പരസ്പരമുള്ള ഉത്തരവാദിത്തങ്ങൾ നിർവിഹിച്ചുകൊണ്ട് ജീവിതംതുടരണം. അച്ഛനും അമ്മയും ഭാര്യയും ഭർത്താവും മക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളികളും ഉടമകളും ഭരിക്കുന്നവരും പ്രജകളും ഗുരുവും ശിഷ്യരും മറ്റുവിധത്തിൽ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്തെന്ന് തിരിച്ചറിയണം. എല്ലാവരും ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടുകൂടിയും ജീവിതം തുടരണം. ഗ്രഹസ്ഥാശ്രമത്തിൽ ഉത്തരവാദിത്തം പുലർത്താത്തവർ വയസ്സായ അച്ഛന മ്മമാരെ വഴിയിൽ ഉപേക്ഷിച്ച് അവരുടെ സുഖംതേടി പോകുന്നു. വിവിധ സേവാപ്രവർത്തനങ്ങളിലും ആത്മീയപ്രഭാഷണങ്ങളിലും മറ്റു കർമ്മമേഖല കളിലും വ്യാപരിക്കുന്നവരിലും ഇത്തരം പ്രവണതകൾ കണ്ടുവരുന്നു. സ്വ ന്തം അച്ഛനമ്മമാരേയും കുടുംബത്തേയും സേവിച്ചിരുന്നുവെങ്കിൽ മനുഷ്യസമു ദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുമായിരുന്നു. വലിയവലിയ കാര്യങ്ങളൊന്നും നിങ്ങൾ ചിന്തിക്കണം എന്നില്ല. അല്പം മനുഷ്യത്വമെങ്കിലും ഉള്ളവരായി ജീവിച്ചാൽ മതി. മനുഷ്യത്വം ഉണ്ടാകുവാൻ എന്തുചെയ്യണം? യജ്ഞം,ദാനം,തപസ്സ് ഇവ ആചരിച്ചുകൊണ്ട് ജീവിതം തുടരുമ്പോൾ മനുഷ്യത്വം ഉള്ളവരാകും. മനുഷ്യത്വമുള്ളവരായി ജീവിക്കുമ്പോൾ വ്യക്തി,കുടുംബം, സമൂഹം ഇവയെല്ലാം ക്രമത്തിൽ മെച്ചപ്പെടുകയും ചെയ്യും. സമൂഹം മെച്ചപ്പെടണമെങ്കിൽ ആദ്യം വ്യക്തിത്വം രൂപപ്പെടണം. വ്യക്തിത്വം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നുമാകുന്നു. ഗ്രഹസ്ഥാശ്രമ ജീവിതം നല്ലതുപോലെ അനുഷ്ഠിച്ചാൽ വ്യക്തികൾ നല്ലവരാകും. ആ വ്യക്തി പിന്നീട് ഗൃഹസ്ഥനും കുടുംബിനിയും സമൂഹത്തിലെ ഒരംഗവു മാകുന്നു. ആശ്രമജീവിതധർമ്മം അറിഞ്ഞുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം. ഗൃഹസ്ഥാശ്രമ ജീവിതത്തെ ഈശ്വരനിൽ ഭക്തിയും, വിഷയങ്ങളിൽ വിരക്തിയും വളർത്തുവാനുള്ള മാർഗമാക്കുകയും ചെയ്യണം. ദേശകാലാവസ്ഥയനുസരിച്ച് എല്ലാവരും അവരുടെ ധർമ്മങ്ങൾ ആചരിക്കണം. ലോകത്തിൽ നന്മകളുണ്ടാകുവാൾ മനുഷ്യസമുദായംവേണം.

ഗൃഹസ്ഥാശ്രമം നല്ലതാകുവാൻ എന്തെല്ലാം ശ്രദ്ധിക്കണം? -
ഒരു ഗ്രഹസ്ഥാശ്രമി നല്ലഗൃഹസ്ഥാശ്രമിയാകുവാൻ ഗൃഹസ്ഥ ധർമ്മം തന്റെകർത്തവ്യം ആണെന്നബോധത്തോടുകൂടി ജീവിക്കണം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിശുദ്ധഭാവനയോടുകൂടി ബന്ധപ്പെടുകയും ചെയ്യണം.നിങ്ങൾ സത്സന്താനത്തിന് ജന്മംകൊടുക്കുവാൻ വേണ്ടി മൈഥുന ധർമ്മത്തിൽ ഏർപ്പെടണം. ദമ്പതികൾ സത്യത്തെഅറിയുവാൻ വേണ്ടി ജീവി ക്കുമ്പോൾ സത്സന്താനമുണ്ടാകുന്നു. ഈശ്വരനാണ് സത്യം. ഈശ്വരന്റെ ഒന്നാമത്തെഭാവം അച്ഛനാകുന്നു. അമ്മ ഈശ്വരന്റെ രണ്ടാമത്തെ ഭാവവുമാകുന്നു. വല്ല സഹായവും തേടിവരുന്നവരേയും ഈശ്വരനായിട്ടുതന്നെ അറിയണം. സന്യാസഗുരുവെ പരമാത്മാവായഈശ്വരനായിട്ടും അറിയണം. അറിവുള്ളവർ മാതാ,പിതാ,ഗുരുജനങ്ങളെ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അനുസരിച്ച് ജീവിതംതുടരുന്നദമ്പതികൾക്ക് സത്സന്താനം ഉണ്ടാവുകയും ചെയ്യുന്നു.

ഗൃഹസ്ഥാശ്രമം പൂർണ്ണമാകണമെങ്കിൽ എന്തുചെയ്യണം?

ഗൃഹസ്ഥാ ശ്രമം പൂർണ്ണമാകണമെങ്കിൽ സന്തതിപരമ്പരകൾക്ക് നല്ല ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാനുള്ള കഴിവുണ്ടാക്കി കൊടുക്കണം. ജന്മംകൊടുത്താൽ മാത്രം പോരാ അവരെ നല്ലവരാക്കി വളർത്തിയെടുക്കയും വേണം. നല്ലവരാകുവാൻ എല്ലാവരുടേയും ജീവിതം ഈശ്വരാഭിമുഖമാക്കണം. വാക്കുകൾ, നോട്ടം, കർമ്മം മുതലായ സർവവ്യാപാരങ്ങളും ഈശ്വരപരമാവണം. എല്ലാം ഈശ്വരപരമാകുമ്പോൾ ഈശ്വരസ്മരണ നമ്മുടെസ്വഭാവമായിത്തീരും. സദാപിയുള്ള സ്മരണകൊണ്ട് ഈശ്വരാനുഭൂതി ലഭിക്കുവാൻ തുടങ്ങുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യുന്നു. അനുഭൂതി എല്ലാമനുഷ്യർക്കും നേടിയെടുക്കാം. അതിനുവേണ്ടി കുടുംബജീവിതം സ്ത്രീപുരുഷന്മാർക്കുണ്ടാകുന്ന പരസ്പര ആസക്തികൾ കുറയ്ക്കുവാൻ വേണ്ടി ഉപയോഗിക്കണം. അപ്പോൾ സംസ്കാരം ശുദ്ധമാകുകയും ചെയ്യും. ദേഹത്തിനുദേഹത്തിനോട് തോന്നുന്നആസക്തികൾ അകലുമ്പോൾ യഥാർത്ഥതത്വം ബോധിക്കുവാൻ കഴിയും. പുരുഷൻ ഇത്രയേയുള്ളൂ എന്ന് സ്ത്രീക്കും സ്ത്രീ ഇത്രയേയുള്ളൂ എന്ന് പുരുഷനും അറിയുവാൻ കഴിയണം. കുടുംബ ജീവിതത്തിൽ ഒട്ടലുകൾ ഇല്ലാതാകുമ്പോൾ സംസ്കാരം വളരും. ശരീരാസക്തിവളരുമ്പോൾ സംസ്കാ രം ക്ഷയിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷന്മാർ പരസ്പരം ശക്തിയും ചൈ തന്യവും ആയറിയണം. മനുഷ്യർ പരസ്പരംദൈവീകമായ ഭാവനകളോട്കൂ ടി ജീവിക്കുമ്പോൾ ആസക്തികൾ ഇല്ലാതാകും. ആസക്തികൾ കുറയുമ്പോൾ സംസ്കാരം നിലനില്ക്കുകയും ചെയ്യും. സംസ്കാരം വ്യക്തികൾക്ക് ആവശ്യമായിത്തീരുമ്പോൾ സംസ്കാരം പുഷ്ഠിപ്രാപിക്കുകയും ചെയ്യും. മനുഷ്യ സംസ്കാരം നല്ലതായി മുന്നോട്ടുപോകണമെങ്കിൽ ഭാര്യാഭർത്താക്കന്മാരും മറ്റു ജനങ്ങളും സത്സ്വഭാവത്തോട്കൂടി ജീവിതം നയിക്കുക തന്നെചെയ്യണം. ഭർത്താവ്ഭാര്യയെ ഈശ്വരിയായിട്ടും ഭാര്യഭർത്താവിനെ ഈശ്വരനായിട്ടും അറിയണം. മനുഷ്യർ തമ്മിൽ തമ്മിൽ ദൈവങ്ങളായി അറിയുമ്പോൾ എല്ലാ സദാചാരവും അവിടെ വളരുകയും ചെയ്യും. ഈശ്വരന്റെ ശക്തി ഈശ്വരി യാകുന്നു. ചൈതന്യത്തിനെന്തെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ശക്തിയത്യാവ ശ്യവുമാകുന്നു. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്ര മമാകുന്നു. അച്ഛനമ്മമാർ നിഷ്കളങ്കമായ വാത്സല്യം കുഞ്ഞങ്ങൾക്ക് പകർന്നു കൊടുക്കുമ്പോൾ കുട്ടികളിൽ സത്സംസ്കാരം വളരും. നിഷ്കളങ്കമായ വാത്സല്യവും നിരുപാധികമായസ്നേഹവും കിട്ടിവളർന്നു വരുന്നവരിൽ മാതൃപിതൃഗുരുഭക്തികൾ ഉണരുകയും ചെയ്യും.

ഭക്തിയെന്നാൽ എന്താകുന്നു?

ഒരു കുട്ടിക്ക് മാതാ,പിതാ,ഗുരുക്കന്മാരോട്തോന്നുന്ന അങ്ങേയറ്റത്തെസ്നേഹത്തെ ഭക്തിയെന്നുപറയുന്നു. ഇത്തരത്തിലുള്ള യഥാർത്ഥസത്യം ഗുരുവിൽ നിന്നും അറിയുവാൻ കഴിയുന്നു.
സ്നേഹം എന്നാൽ എന്താകുന്നു?
ഒന്നാകുവാനുള്ള പ്രേരണയെ സ്നേഹമെന്നുപറയുന്നു.

അമ്മയും മക്കളും ഗുരു വും ശിഷ്യരും ഒന്നാണെന്ന് അറിയുവാൻ കഴിയണം. ഒന്നെന്നബോധം കൊച്ചുകുട്ടിയായിരിക്കുമ്പോൾ എല്ലാവരും അനുഭവിക്കുന്നുണ്ട്. ചിത്ത വൃത്തികൾ കൂടുന്നതിനനുസരിച്ച് ഒന്നെന്നബോധം അകന്നു പോകുന്നു. അനുഭവം, ദർശനം എന്നെല്ലാം പറഞ്ഞാൽ ഒന്നാവുക എന്ന അർത്ഥമാണ്. ഒന്നെന്നബോധം ഉറയ്ക്കുമ്പോൾ ഈശ്വരനെ അനുഭവിക്കാൻ കഴിയും. ബന്ധങ്ങൾ ഈശ്വരനെ അനുഭവിക്കുവാൻ പ്രയോജനപ്പെടുത്തണം. അതിനുവേണ്ടി ഭാര്യയും ഭർത്താവും സ്വാതന്ത്ര്യം നിലനിറുത്തി ജീവിതം തുടരണം. സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുമ്പോൾ
പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയുകയും ചെയ്യും.അപ്പോൾ ജീവൻ ഈശ്വരൻ തന്നേയാകുന്നു എന്നത് ബോധിക്കുകയും ചെയ്യാം.

ഈശ്വരൻ തന്നെ ചൈതന്യവും ശക്തിയുമാകുന്നു. അങ്ങനെ അറിയുമ്പോൾ ആസക്തികൾ ഇല്ലാതാകും. അനാസക്തമായി ജീവിതം നയിച്ചാൽ സംസ്കാരവും സന്തതിപരമ്പരകളും നല്ലതായിത്തീരും; അതിനുവേണ്ടി ജീവിക്കുന്നവരാകണം. സമുദായം നന്നാവുന്നതും കേടുവരുന്നതും ഗൃഹസ്ഥാശ്രമ ത്തിലൂടെ ആകുന്നു.

ശക്തിയും ചൈതന്യവും എല്ലാവർക്കും വേണം. പരസ്പരം ശക്തിയുംചൈതന്യവും ആണെന്നറിയാതെ വരുമ്പോൾ ജീവിതം വിഷയാഭിമുഖമാകുന്നു. ജിവിതം വിഷയാഭിമുഖമാക്കരുത്. ജീവിതം വിഷയത്തിനുവേണ്ടി മാത്രമാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ഈശ്വരാഭിമുഖമാകുമ്പോൾ ബന്ധങ്ങൾ സഫലമാ കുന്നു. ബന്ധങ്ങൾ ഈശ്വരാഭിമുഖമാകുമ്പോൾ അവിടെ ഒരുമയും സ്നേഹ വും ത്യാഗവും ജ്ഞാനവും വരും. അപ്പോൾ ശക്തി കൂടുകയും ചെയ്യും. അതിന് ഭാര്യയെ ഭരിക്കാൻ ഭർത്താവും ഭർത്താവിനെഭരിക്കുവാൻ ഭാര്യയും പോകരുത്. ഭാര്യയും ഭർത്താവും ഉത്തമ ജീവിതത്തിന്റെ രണ്ടുവശങ്ങളാകുന്നു.ഭാര്യയും ഭർത്താവും ഏകമായ ഒന്നിന്റെ രണ്ടുവശങ്ങളാകുന്നു. വാസ്തവത്തിൽ ഒന്ന് മാത്രമേയുള്ളൂ. ഈ രണ്ടുവശങ്ങൾ പോകുമ്പോൾ ഒന്ന്മാത്രമായിത്തീരും. ഒന്നെന്നറിയുവാൻ പരസ്പരം ത്യാഗത്തോട്കൂടി ജീവിക്കണം. ഉള്ളതിനെ ത്യജിക്കുവാൻ ആർക്കും പറ്റുകയില്ല. ഉള്ളത് നിത്യ,ശുദ്ധ,ബുദ്ധ,മുക്ത,നിജ, ജ്ഞാനസ്വരൂപമായ ഈശ്വരൻ മാത്രം. നിങ്ങൾ ഈശ്വരനെ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഈശ്വരനെ ഉപേക്ഷി ക്കുവാൻ ആർക്കും സാധിക്കുകയില്ല.

സുഖവും ദു:ഖവും ഇല്ലാത്ത അവ സ്ഥയിലെ അനുഭവം എന്തോ അതിനെ ഈശ്വരൻ എന്ന് പറയുന്നു. ജീവിത ത്തിന്റെ സന്തുലിതമായ അവസ്ഥയിൽ സുഖവും ദു:ഖവും ഇല്ല. സന്തുലിതമായ അവസ്ഥപ്രാപിക്കുവാൻ വേണ്ടി ബോധത്തോടുകൂടി ജീവിക്കണം. അപ്പോൾ അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ സാധിക്കുകയും ചെയ്യും. അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ എല്ലാവരും അനുഷ്ഠാനം ചെയ്യണം.

ഹരി ഓം.

യമൻ

---------     യമൻ     ----------

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു.

കാലനില്ലാത്ത മൂന്ന് കാലങ്ങളെ പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.കാലന്റെ ഭാര്യയുടെ പേർ ധൂമോർണ്ണ എന്നാണ്. ഇന്ദ്രൻ കാലനെ പിതൃക്കളുടെ രാജാവാക്കി. കാലൻ ബ്രഹ്മസഭയിലെ ഒരു അംഗമാണ്.

-------------------------  കാലന്റെ ജനനം

സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു,യമൻ,യമി എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു.

--------------------------  കാലപുരി

കാലപുരിക്ക് ആയിരം യോജന വിസ്താ‍രമുണ്ട്.
നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാൺ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

കാലപുരിയിൽ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തിൽ ഒരു സംഘം ആൾക്കാരുണ്ട്.

മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാൺ അവരുടെ തൊഴിൽ. മനുഷ്യർ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവർ പരിഗണിക്കുന്നു.

ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേർന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങൾ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു.

ചിത്രഗുപ്താലയത്തിൽ നിന്ന് ഇരുപത് യോജന അകലെയാൺ കാലന്റെ ഭവനം. ആ ഭവനത്തിൻ ഇരുനൂറ് യോജന വിസ്താരവും അൻപത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാൽ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്നത് ഈ സഭയിലാൺ. അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു.

------------------  യമ സഭ

കാലന്റെ സദസ്സ്. വിശ്വകർമ്മാവ് ആണ് യമസഭ തീർത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങൾ എല്ലായിടത്തും തിങ്ങി നിൽക്കുന്നു.

ഗണപതി

ഗണപതി
__________

ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,

1 - ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2 - തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3 - ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4 - വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്

5 - ശക്തിഗണപതി:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6 - ദ്വിജഗണപതി:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും

7 - സിദ്ധിഗണപതി:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി

8 - ഉച്ചിഷ്ട്ടഗണപതി: സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.

9 - വിഘ്നഗണപതി:എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10 - ക്ഷിപ്രഗണപതി: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്.തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11 - ക്ഷിപ്രപ്രസാദഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.

12 - ഹെരംബഗണപതി:5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി

13 - ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

14 - മഹാഗണപതി:തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.

15 - വിജയഗണപതി:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16 -നൃത്തഗണപതി:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

17 - ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

18 - ഏകാക്ഷരഗണപതി:തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.

19 - വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20 - ത്രയാക്ഷരഗണപതി:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

21 - ഹരിന്ദ്രഗണപതി:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22 - ഏകദന്തഗണപതി:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

23 - സൃഷ്ടിഗണപതി":ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24 - ഉദ്ദണ്ടഗണപതി:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25 - റിണമോചനഗണപതി:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26 - ധുണ്ടി ഗണപതി:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27 -ദ്വിമുഖഗണപതി:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28 - ത്രിമുഖഗണപതി:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

29 - സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30 - യോഗഗണപതി:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

31 - ദുർഗ്ഗഗണപതി:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.

32 - സങ്കടഹരഗണപതി:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

അമ്മേ നാരായണ

Tuesday, April 5, 2016

പശുദ്ദാനം

(ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണണ്ട: പഴമൊഴി)

കന്നുകാലികളുമായി ബന്ധപ്പെട്ട ഒരു അനുഷ്ടാനം ആണു ‘പശുദ്ദാനം’. 

പ്രായമായ ആളുകൾ അവരുടെ പിറന്നളിന്നാണു പശുദ്ദാനം ചെയുക.പാപപരിഹാരം ആണു.പ്രഭാതത്തിൽ കുളിച്ചു തൊഴുതു മഹാബ്രാഹ്മണർക്കാണു പശുദ്ദാനം ചെയ്യുക.കറവയുള്ള ലക്ഷണമൊത പശുവിനേയും കിടാവിനേയും കയറോടെ ദനം ചെയ്യും.അനുഗ്രഹം വാങ്ങും.പിന്നെ,പിന്നെ,ഇതു 4 അണയിൽ ഒതുങ്ങി.വെറ്റിലയും അടക്കയും 4 അണയും.പശുദ്ദാനം ഒരു കേമത്തം കൂടി ആയിരുന്നു.
സന്ധ്യാദീപം കൊളുത്തിയാൽ അതു തൊഴുത്തിൽ കാണിക്കും.രാമായണം കാലികൾക്കുകൂടെ കേൾക്കാൻ ഉറക്കെ ചൊല്ലും.വിഷുക്കണി കാലികൾക്കും കാണിക്കും.വിഷുവിന്നു‘ ചാലിടാൻ’ (വർഷത്തിൽ നല്ല ദിവസം നോക്കി ആദ്യമായി കൃഷിക്കൊരുങ്ങുക) കന്നിനെ കുളിപ്പിച്ചു ഒരുക്കും.
കുട്ടി കുടിച്ചു ബാക്കി പാലേ കറന്നെടുക്കൂ.പശു പ്രസവിച്ചു 7 ദിവസം ‘പുല‘ ആചരിക്കും.കറക്കില്ല. കുട്ടിക്കാണു.7ആം ദിവസം കുളിപ്പിച്ചു പാലു കറന്നു ക്ഷേത്രത്തിൽ പായസം വെക്കും.നിവേദിക്കും.പശുവിനോ കുട്ടിക്കോ അസുഖമുള്ളപ്പോൽ പാലു കാച്ചില്ല. സന്ധ്യ കഴിഞ്ഞാൽ പാലോ മോരോ പുറത്തുള്ളവർക്കു കൊടുക്കില്ല.പാലും മോരും കൂടി വിൽക്കില്ല.വെണ്ണയെടുക്കാത്ത തയിർ കൂട്ടി ഉണ്ണില്ല.
പൂരം വേല ആഘോഷങ്ങളിൽ മറ്റു വിശേഷ ദിവസങ്ങളിൽ കന്നുകാലികളെക്കൊണ്ട് പണിയെടുപ്പിക്കില്ല. പൂരത്തിന്നു ‘കാളവേല’ ഉണ്ടാവും.കാളീക്ഷേത്രങ്ങളിലെ കാളവേല പ്രസിദ്ധമാണു.മകരമസത്തിന്റെ അവസാനം ഉച്ചാറൽ ക്കാലം അണ്.അദ്ദിവസങ്ങൾ പൂണ്ണ വിശ്രമം ആണു.
പശുക്കളുടെ അഭിവൃദ്ധിക്കായി കൊല്ലത്തിലൊരിക്കൽ ‘ബ്രഹ്മരക്ഷസ്സിന്നു’ പൂജ കൊടുക്കും.കന്നിമാസത്തിലെ
‘ആയില്യമകം’ ആഘോഷിക്കും.പശുക്കളുടെ നെറ്റിയിലെയും കൊമ്പിലേയും മണ്ണ് കുട്ടികൾക്കു ‘പേടി’ മാറാൻ കുറിയിടുവിക്കും.പശുവിന്റെ ചാണകം (ഗോമയം) ഉരുട്ടി ഉരുളയാക്കി ഉണക്കി ശിവരാത്രി ദിവസം സന്ധ്യക്ക് കത്തിച്ചു ചാരം എടുക്കും.ഭസ്മം ഒരു കൊല്ലം സൂക്ഷിക്കും.ഈ ഭസ്മം ദിവസവും കുറിയിടും.
വയസ്സായി വയ്യാതായി ക്കിടന്നാൽ നന്നയി ശുശ്രൂഷിക്കും.പുല്ലും വൈക്കോലും അരിഞ്ഞു മുറിച്ചു ചെറുതാക്കി ക്കൊടുക്കും.മരുന്നുകൾ നൽകും.ചത്തുവെന്നറിഞ്ഞാൽ കാലിയെ കൊണ്ടുപോകാൻ ആളുകൾ വരും.മാസം,തോലു എന്നിവ അവരുടെ അവകാശമാണു.അല്ലെങ്കിൽ കുഴിയെടുത്തു കുഴിച്ചിടും.
ചിലപ്പോൾ കാലിയെ വിൽക്കും.പോത്തുകളെയാണു അധികവും വിൽക്കുക.മൂരിക്കുട്ടന്മാരേയും.വിറ്റു മാറ്റുകയാണു ചെയ്യുക. വിറ്റു കളയുകയല്ല. വിൽക്കുമ്പോൾ വില പറഞ്ഞുറപ്പിച്ചു ‘അച്ചാരം ‘വാങ്ങി കയറും പുല്ലും ചേർത്തു കിഴക്കൊട്ടു തിരിഞ്ഞു നിന്നു ഉടമസ്ഥൻ പ്രാർഥനയോടെ നൽകും. വാങ്ങുന്നയാൽ പ്രാർഥനയോടെ വാങ്ങി പുതിയ കയർ ഇട്ട് പഴയ കയർ തിരിച്ചു നൽകും.കാലിയും കയറും കൂടി കൊടുക്കരുതു എന്ന വിശ്വാസം.വിറ്റ ആൾക്കും വാങ്ങിയ ആൾക്കും നഷ്ടം പറ്റീട്ടില്ല എന്നു തോന്നും.ഒരിക്കലും വളർത്താനെന്നല്ലാതെ അറുക്കാൻ ആണു വാങ്ങുന്നതെന്നു പറയാറില്ല. അറവ് ഉണ്ടെങ്കിൽ തന്നെ വളരെ രഹസ്യമായിരുന്നു.
കാലി പടികടന്നാൽ തൊഴുത്തിലുള്ളവർ അമറും.അന്നു മുഴുവൻ ഒരു അസ്വസ്ഥത തൊഴുത്തിലുണ്ടാവും.ചത്താലും അങ്ങനെ തന്നെ. കുട്ടി പോയ പശു കുറെ നേരം കരയും.കയർ പൊട്ടിക്കാൻ വെപ്രാളം കാണിക്കും.വിറ്റ സാധനം ചിലപ്പോൾ കയർപൊട്ടിച്ചു തിരിച്ചു വരും.പുതിയ ഉടമസ്ഥൻ പിന്നാലേയും.

പ്രദക്ഷിണം

പ്രദക്ഷിണം

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.

ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.

പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗ നമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.