അഹംഭാവം മനസ്സിലെ ദുര്യോധനത്വം
ഓരോരുത്തരുടെയും ഉള്ളിലെ ദുര്യോധനത്വമാണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത്. എവിടെയും ആളാകാന്‍ ശ്രമിക്കുന്നതും വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വളച്ചുകെട്ടി സംസാരിക്കുന്നതും ആദരിക്കേണ്ടവരോട് പോലും അധികാരഭാവത്തില്‍ സംസാരിക്കുന്നതും അതിന്റെ ലക്ഷണമാണ്. ഗീതയിലെ ഒന്നാമധ്യായത്തില്‍ത്തന്നെ ദുര്യോധനന്‍ ദ്രോണരുമായി നടത്തുന്ന സംഭാഷണം അതിനു തെളിവാണ്. അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത്. പക ആളിക്കത്തിക്കാന്‍ പോന്ന സംഭാഷണം.
സ്വന്തം സൈന്യത്തെ ദ്രോണര്‍ക്കു പരിചയപ്പെടുത്തുക എന്ന സാഹസവും ദുര്യോധനന്‍ കാണിക്കുന്നുണ്ട്.എന്റെ സൈന്യത്തിലും ശ്രേഷ്ഠരുണ്ട്. അങ്ങും ഭീഷ്മരും എന്നാണ് ദുര്യോധനന്‍ പറയുന്നത്.
ഭീഷ്മര്‍ മനുഷ്യരിലെ ഭയത്തിന്റെയും ദ്രോണര്‍ രണ്ടെന്ന ഭാവത്തിന്റെയും പ്രതീകമാണ്.
രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്.
ഭീമനും അര്‍ജുനനും സമന്മാരായവരാണ് എല്ലാവരും. ഭീമന്‍ മഹത്തായ കര്‍മ്മത്തെയും അര്‍ജുനന്‍ ഋജുത്വമാര്‍ന്ന അറിവിനെയും പ്രതിനിധീകരിക്കുന്നു. പാണ്ഡവപക്ഷത്തെ വലിയ വില്ലേന്തിയ മഹാരഥന്മാരായാണ് ഗീത വര്‍ണിക്കുന്നത്. പ്രണവമന്ത്രമാണ് വില്ല്. ശരം ആത്മാവാണ്, അവനവനാണ്. ബ്രഹ്മമാണ് ലക്ഷ്യം. എയ്താല്‍ ശരവും ലക്ഷ്യവും ഒന്നായിത്തീരുന്നു. ഈ യുദ്ധമാണ് ധര്‍മ്മയുദ്ധം. ഈ ആന്തരികയുദ്ധമാണ് ഗീതയിലെ യുദ്ധം.അല്ലാതെ ആയുധം കൊണ്ടുള്ള ഒരു യുദ്ധവും ഒരുകാലത്തും ഒരാള്‍ക്കും ധര്‍മ്മമോ, ശാന്തിയോ ഉണ്ടാക്കിയിട്ടില്ല. ദുഃഖം മാത്രമേ നല്‍കിയിട്ടുള്ളൂ.
അവലംബം: ഗീതാജ്ഞാനയജ്ഞം
No comments:
Post a Comment