ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 2, 2020

ഹനുമാന്‍‍




യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര* *കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം



ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍


ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.


വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.

അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.


മികവുറ്റ സംഗീതജ്ഞന്‍കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .
ഹനുമാന്‍


അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌.


വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.


ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.


അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.



രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.
അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.
ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു.
ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.


ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.


രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.



രാമരാവണ യുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു.


രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.


ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.


ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു.


കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. 


അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.


അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.


ഹൈന്ദവ വിശ്വാസത്തിൽ കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.



ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.

Sunday, March 1, 2020

ഭഗവദ്ഗീതാ ജ്ഞാനയജ്ഞം 05


അഹംഭാവം മനസ്സിലെ ദുര്യോധനത്വം



ഓരോരുത്തരുടെയും ഉള്ളിലെ ദുര്യോധനത്വമാണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത്. എവിടെയും ആളാകാന്‍ ശ്രമിക്കുന്നതും വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വളച്ചുകെട്ടി സംസാരിക്കുന്നതും ആദരിക്കേണ്ടവരോട് പോലും അധികാരഭാവത്തില്‍ സംസാരിക്കുന്നതും അതിന്റെ  ലക്ഷണമാണ്. ഗീതയിലെ ഒന്നാമധ്യായത്തില്‍ത്തന്നെ ദുര്യോധനന്‍ ദ്രോണരുമായി നടത്തുന്ന സംഭാഷണം അതിനു തെളിവാണ്. അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത്. പക ആളിക്കത്തിക്കാന്‍ പോന്ന സംഭാഷണം.
സ്വന്തം സൈന്യത്തെ ദ്രോണര്‍ക്കു പരിചയപ്പെടുത്തുക എന്ന സാഹസവും ദുര്യോധനന്‍ കാണിക്കുന്നുണ്ട്.എന്റെ സൈന്യത്തിലും ശ്രേഷ്ഠരുണ്ട്. അങ്ങും ഭീഷ്മരും എന്നാണ് ദുര്യോധനന്‍ പറയുന്നത്. 

ഭീഷ്മര്‍ മനുഷ്യരിലെ ഭയത്തിന്റെയും ദ്രോണര്‍ രണ്ടെന്ന ഭാവത്തിന്റെയും പ്രതീകമാണ്.


രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്.



ഭീമനും അര്‍ജുനനും സമന്മാരായവരാണ് എല്ലാവരും. ഭീമന്‍ മഹത്തായ കര്‍മ്മത്തെയും അര്‍ജുനന്‍ ഋജുത്വമാര്‍ന്ന അറിവിനെയും പ്രതിനിധീകരിക്കുന്നു. പാണ്ഡവപക്ഷത്തെ വലിയ വില്ലേന്തിയ മഹാരഥന്മാരായാണ് ഗീത വര്‍ണിക്കുന്നത്. പ്രണവമന്ത്രമാണ് വില്ല്. ശരം ആത്മാവാണ്, അവനവനാണ്. ബ്രഹ്മമാണ് ലക്ഷ്യം. എയ്താല്‍ ശരവും ലക്ഷ്യവും ഒന്നായിത്തീരുന്നു. ഈ യുദ്ധമാണ് ധര്‍മ്മയുദ്ധം. ഈ ആന്തരികയുദ്ധമാണ് ഗീതയിലെ യുദ്ധം.അല്ലാതെ ആയുധം കൊണ്ടുള്ള ഒരു യുദ്ധവും ഒരുകാലത്തും ഒരാള്‍ക്കും ധര്‍മ്മമോ, ശാന്തിയോ ഉണ്ടാക്കിയിട്ടില്ല. ദുഃഖം മാത്രമേ നല്‍കിയിട്ടുള്ളൂ.



അവലംബം: ഗീതാജ്ഞാനയജ്ഞം