ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 9, 2016

പരീക്ഷിത്തും തക്ഷകനും

പാണ്ഡവമദ്ധ്യമനായ അർജ്ജുനന്റെ മകൻ അഭിമന്യുവിന്റെയും വിരാടരാജകുമാരിയായ ഉത്തരയയുടെയും മകനാണ് പരീക്ഷിത്ത്

ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് ഭാഗവതചരിതം  പൂർണമായും ചൊല്ലികേൾപ്പിച്ചു ഇതാണ് ശ്രീമദ്ഭാഗവതം എന്നറിയപ്പെടുന്നത്

ശാപവാർത്തയറിഞ്ഞു ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിക്കുകയും. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിക്കുകയും . കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടാക്കുകയും ചെയ്തു.

രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞ കശ്യപമഹർഷി രാജാവിനെ രക്ഷിക്കുന്നതിനായി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ യാത്രമദ്ധ്യേ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപ മഹർഷിയും അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ. ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

No comments:

Post a Comment