ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 11, 2016

രാമരാവണദര്‍ശനം

വിരുദ്ധ ധ്രുവങ്ങളിലാണ് രാമന്റെയും രാവണന്റെയും സ്ഥാനം. ഗുണവാനും വീര്യവാനും ധര്‍മജ്ഞനും കൃതജ്ഞനും സത്യവാക്കും ദൃഢവ്രതനുമാണ് രാമന്‍. രാവണനാകട്ടെ, കാമക്രോധലോഭമോഹമദമത്സരങ്ങളുടെ മൂര്‍ത്തിയും. ഇവര്‍ ഒരിക്കല്‍പ്പോലും മുഖാമുഖം കണ്ടിട്ടില്ലായിരുന്നു. ലങ്കയിലെ യുദ്ധരംഗത്തുവെച്ചാണ് അതിനൊരവസരമുണ്ടായത്. അവരുടെ ഏറ്റുമുട്ടലിനെ വാല്മീകി വര്‍ണിക്കുന്നതിങ്ങനെയാണ്.
 സമുദ്രത്തിന് സമം സമുദ്രം, രാമരാവണ യുദ്ധത്തിന് തുല്യം രാമരാവണയുദ്ധം മാത്രം!


ഇരുവരും മഹാരഥികളാണ്. 'ജിതക്രോധ'നെങ്കിലും കോപിഷ്ഠനായാല്‍, ദേവാസുരാദികള്‍ക്കുപോലും തടുക്കാനാവാത്തവനാണ് രാമന്‍! 'വേദവിദ്യാവ്രത'നാണെങ്കിലും സ്വാര്‍ഥമൂര്‍ത്തിയാണ് രാവണന്‍. ഇവരുടെ പോരാട്ടത്തെ രണ്ടു വ്യക്തികളുടെ യുദ്ധമായല്ല മഹര്‍ഷി ചിത്രീകരിക്കുന്നത്. മറിച്ച്, പ്രകൃതിയിലെ വിരുദ്ധവികാരങ്ങളുടെ സംഘട്ടനമായാണ്. ധര്‍മാധര്‍മങ്ങളുടെ സംഗരത്തില്‍ ആത്യന്തികവിജയം ധര്‍മത്തിനാണെന്ന് മുനി സ്ഥാപിക്കുന്നു.

വരപ്രാപ്തിക്കായി സ്വന്തം ശിരസ്സറുത്ത് ഹോമിച്ച രാവണനെ കണ്ട രാമന്‍ വിസ്മയോല്‍ഫുല്ലനേത്രനായി.


ദേവദാനവഗന്ധര്‍വന്മാരെ പരാജയപ്പെടുത്തിയ മഹാബാഹുവായ രാവണന്റെ കൈയില്‍ ദിവ്യങ്ങളും അമോഘങ്ങളുമായ വരായുധങ്ങള്‍ ഉണ്ടെന്നു രാമനറിയാം. ഇത്രത്തോളം അധര്‍മമില്ലായിരുന്നെങ്കില്‍, ഇന്ദ്രലോകത്തിനുപോലും അധീശനാകാനുള്ള യോഗ്യത രാവണനുണ്ടെന്ന് ഹനുമാന്‍ ആത്മഗതം ചെയ്യുകയുണ്ടായി! ദശമുഖന്റെ കഴിവുകളെ അംഗീകരിക്കാന്‍ ദാശരഥി മടിച്ചില്ല.

എതിരാളിയുടെ ഉള്ളിലുള്ള നന്മ കണ്ടെത്താനുള്ള വിശാലമനസ്‌കത രാമനുണ്ടായിരുന്നു. രാമനെപ്പോലെ പ്രതിപക്ഷ ബഹുമാനം പ്രകടിപ്പിക്കുന്ന മറ്റൊരു കഥാപാത്രം രാമായണത്തിലില്ല. ശത്രുപക്ഷത്തുനിന്നും അഭയം തേടിയെത്തിയ വിഭീഷണനെ സ്വീകരിക്കാന്‍ മടിച്ചില്ല. സുഗ്രീവാദികളായ മിത്രങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ്, രാവണ ചാരന്മാരായ ശുകസാരണന്മാര്‍ക്ക് അഭയം നല്‍കിയത്. ശരണാഗതരെ ഉപേക്ഷിക്കരുതെന്ന ന്യായമാണ് രാമനുള്ളത്.


മിത്രഭാവേന സമ്പ്രാപ്തം
നത്യജേയ കഥഞ്ചന
ദോഷോയദ്യപിതസ്യ സ്യാത്
സതാമേദഗര്‍ഹിതം.


മിത്രമായി അരികത്തുവന്നവനെ ഞാനൊരുനാളും തിരസ്‌കരിക്കുകയില്ല; അവന്‍ ദുഷ്ടനാണെങ്കിലും. സജ്ജനങ്ങള്‍ അനുമോദിക്കുന്ന പ്രവൃത്തിയാണത്.

No comments:

Post a Comment