കഥ - 9 യയാതി - ഭാഗം - 3
യയാതി പൂരുവിനോട് ചോദിച്ചു. "മകനേ പൂരു, നീ എനിക്ക് പ്രിയപ്പെട്ടവനാണ്. ശുക്രന്റെ ശാപം കാരണം എനിക്കിപ്പോൾ ജരയും നരയും വന്നുപെട്ടിരിക്കുന്നു. യൗവനം ആസ്വദിച്ച് തൃപ്തിയുമായില്ല. നിന്റെ യൗവനം എനിക്ക് തരിക. കുറേക്കാലം കഴിഞ്ഞാൽ നിന്റെ യൗവനം തിരിച്ചു തന്ന് എന്റെ ജര പാപങ്ങളോടുകൂടി ഞാൻ തിരിച്ചു വാങ്ങിക്കൊള്ളാം." ഇത് കേട്ട് പൂരു അച്ഛനോട് പറഞ്ഞു: "അച്ഛൻ വിഷമിക്കേണ്ട. പിതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. എന്റെ യൗവനം അച്ഛൻ സ്വീകരിച്ച് യഥേഷ്ടം കാമസുഖങ്ങൾ അനുഭവിച്ചാലും."
പൂരുവിന്റെ വാക്കുകൾകേട്ട് യയാതിക്ക് സന്തോഷമായി. അദ്ദഹം ശുക്രാചാര്യരെ സ്മരിച്ച് തന്റെ ജര പൂരുവിന് നൽകി, അവന്റെ യൗവനം സ്വീകരിച്ചു. രാജാവ് കാമഭോഗങ്ങൾ ആവോളം ആസ്വദിച്ച് കൊണ്ട് രാജ്യം ഭരിച്ചു. യയാതി മഹാനായ രാജാവായിരുന്നു. അദ്ദേഹം ധർമ്മത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ രാജ്യപാലനം നടത്തി. വർഷങ്ങൾ കടന്നുപോയി. കാമാനുഭവങ്ങൾ കൊണ്ട് കാമത്തെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായ രാജാവ് പൂരുവിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: "മകനേ, കാമമോഹിതന്റെ വിവേകശക്തി ദുർബലമായിരിക്കും. വിവേകശക്തി ദുർബലമായാൽ നന്മതിന്മകളും ശരിതെറ്റുകളും സത്യാസത്യങ്ങളും തിരിച്ചറിയാൻ കഴിയാതെവരും. ഞാൻ നിന്റെ ത്യാഗത്തിൽ സന്തോഷിക്കുന്നു. യൗവനം നീ തിരിച്ചു വാങ്ങുക. ഞാൻ ഇനി രാജ്യകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ നീയാണ് രാജ്യം ഭരിക്കേണ്ടത്.
തുടർന്ന് യയാതി മഹാരാജാവ് രാജകുമാരന് ഇങ്ങനെ ഉപദേശം നൽകി. "പ്രിയപുത്രാ, നിനക്ക് കോപം അരുത്. കോപം എപ്പോഴും അനർത്ഥകാരിയാണ്. നിന്നെ ശകാരിക്കുന്നവന്നെ തിരിച്ചങ്ങോട്ടും ശകാരിക്കാതെ സംയമനം പാലിച്ചുനോക്കൂ. നിന്റെ ക്ഷമ ശകാരിക്കുന്നയാളുടെ കോപത്തെ തണുപ്പിക്കും. നിന്ദിക്കുന്നവന്റെ സുകൃതത്തെ ക്ഷമാവാൻ നേടുകയും ചെയ്യും. മർമ്മത്തിൽ കുത്തുന്ന ക്രൂരമായ വാക്കുകൾ ആരോടും പ്രയോഗിക്കരുത്. മറ്റുള്ളവർക്ക് മനോവേദനയുണ്ടാക്കുന്ന വാക്ക് ഹിംസയാണ്; പാപമാണ്. ഒരു ശരമേറ്റാൽ വേദന താൽക്കാലികമാണ്. എന്നാൽ ക്രൂരമായ വാക്കുകളാകുന്ന ശരമേറ്റാൽ രാവും പകലും വേദനയായിരിക്കും. ജീവികളിൽ കാരുണ്യവും സൗഹാർദ്ദവും ദാനവും മധുരഭാഷണവും ഈ മഹത്തായ കാര്യങ്ങളെക്കാൻ വലുതായ ഈശ്വരസേവ വേറെയില്ല."
"അതുകൊണ്ട് പ്രിയപ്പെട്ട പൂരു, നല്ല വാക്ക് പറയുക, പരുഷവാക്ക് പറയാതിരിക്കുക, പൂജ്യരെ ബഹുമാനിക്കുക, യഥാശക്തി ദാനം ചെയ്യുക, ആരോടും ഒന്നും ഇരക്കാതെ ജീവിക്കുക." രാജാവ് ഇങ്ങനെ പറഞ്ഞത് കേട്ട് പൂരു അച്ഛനെ സാഷ്ടാംഗനമസ്കാരം ചെയ്തു. യയാതിയാകട്ടെ മകനെ അനുഗ്രഹിച്ചു കൊണ്ട് വാനപ്രസ്ഥത്തിനായി വനത്തിലേക്ക് യാത്രയായി.
തുടരും......
വിജയകുമാർ
©സദ്ഗമയ സത്സംഗവേദി