അഷ്ടദിക്കുകളുടേയും അവയുടെ അധിപന്മാരായ അഷ്ടദിക് പാലകരുടേയും പ്രതീകമാണ് ക്ഷേത്രങ്ങളില്‍ കാണുന്ന ബലിക്കല്ലുകള്‍. നാലമ്പലത്തിന് അകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകള്‍ സ്ഥാപിക്കുന്നത്.
ഓരോ ദിക്കുകളുടേയും അധിപന്മാര്‍ക്ക് നിശ്ചിത സ്ഥാനങ്ങളുണ്ട്. കിഴക്കു വശത്ത് ഇന്ദ്രന്‍. കിഴക്കിന്റെ ദേവനാണ് ഇന്ദ്രന്‍. തെക്ക്കിഴക്ക് അഗ്നിദേവനും തെക്ക് യമദേവനും തെക്ക് പടിഞ്ഞാറ് നിര്യതി, പടിഞ്ഞാറുദിക്കില്‍ വരുണന്‍, വടക്കുപടിഞ്ഞാറ് വായുദേവന്‍, വടക്കുകിഴക്ക് ഈശാനന്‍ എന്നിങ്ങനെയാണ് ദേവന്മാരുടെ സ്ഥാനം. വടക്ക് ദിക്കിന് കുബേരനാണ് അധിപനനെങ്കിലും ക്ഷേത്രങ്ങളില്‍ ഈ സ്ഥാനം സോമനാണ്.
ഇവയ്ക്കു പുറമേ മുകളിലും താഴെയുമായി ഓരോ ദിക്കുകള്‍സങ്കല്‍പ്പിക്കപ്പെടുന്നു. മുകളിലെ ദിക്കിന് അധിപന്‍ ബ്രഹ്മാവും കീഴ്ദിക്കിന് അനന്തനുമാണ് ദേവതകള്‍. ബ്രഹ്മാവിനുള്ള ബലിക്കല്ലുകള്‍ക്ക് കിഴക്കിനും വടക്കു കിഴക്കിനും ഇടയിലാണ് സ്ഥാനം. പടിഞ്ഞാറും തെക്ക് പടിഞ്ഞാറുമുള്ള ബലിക്കല്ലുകള്‍ക്കിടയിലാണ് അനന്തനുള്ള ബലിക്കല്ല്.
പ്രദക്ഷിണം ചെയ്യുമ്പോള്‍ ബലിക്കല്ലുകളെ കടന്നു പോകുന്നതിന് പ്രത്യേകം ചിട്ടവട്ടങ്ങളുണ്ട്. പ്രദക്ഷിണം വയ്ക്കുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം ബലിക്കല്ലുകള്‍. അറിയാതെ പോലും ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. തൊട്ടു തൊഴുന്നത് തീര്‍ത്തും നിഷിദ്ധ്യമാണ്. ഒരു ബലിക്കല്ലില്‍ നിന്നും മറ്റൊന്നിലേക്ക് അണമുറിയാതെ ഊര്‍ജപ്രവാഹമുണ്ടാകും. അതിന് ഭംഗം വരുത്തരുത്. അങ്ങനെ സംഭവിച്ചാല്‍ ഗന്ധര്‍വബാധയുണ്ടാകുമെന്നാണ് വിശ്വാസം. ബലിക്കല്ലുകളില്‍ അറിയാതെ സ്പര്‍ശിക്കുകയോ, മറികടക്കുകയോ ചെയ്താല്‍ അതിനു പ്രായശ്ചിത്തമായി ചൊല്ലുന്നതിനുള്ള മന്ത്രം ഇതാണ്:
'കരചരണകൃതം വാ കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാളപരാധം
വിഹിവമഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ'
ഐതിഹ്യപ്രസിദ്ധമാണ് ചില ക്ഷേത്രങ്ങളിലെ ബലിക്കല്ലുകള്‍. അന്നമനട മഹാദേവക്ഷേത്രത്തിലെ 'മുങ്ങുന്ന ബലിക്കല്ല്' പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാക്കനാര്‍ക്കും പെരുന്തച്ചനും ക്ഷേത്രത്തിന് അകത്തു കയറാതെ പുറത്തുനിന്ന് ദര്‍ശനം നടത്താന്‍ അന്നമടനട തേവര്‍ (ശ്രീമഹാദേവന്‍) തന്നെ ബലിക്കല്ലു താഴ്ത്തിക്കൊടുത്തെന്നാണ് സങ്കല്‍പം. മുങ്ങുന്ന ബലിക്കല്ലിന്റെ മുകള്‍വശം മാത്രമേ പുറത്തേക്ക് കാണാനാകൂ.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠാവേളയില്‍ വിഗ്രഹം എവിടെ പ്രതിഷ്ഠിക്കുമെന്ന സംശയം വന്നു. പ്രതിഷ്ഠിക്കേണ്ടിടത്ത് ഒരു മയില്‍ വന്നിരുക്കുമെന്ന് പൊടുന്നനെ അശരീരിയുണ്ടണ്ടായി. ഏറെ നേരം പ്രതീക്ഷിച്ചിട്ടും മയിലിനെ കണ്ടില്ല. പിന്നീട് താന്ത്രികവിധിയനുസരിച്ച് പ്രതിഷ്ഠ നടത്തി. അതുകഴിഞ്ഞാണ് മയില്‍ പ്രത്യക്ഷപ്പെട്ടത്. മയില്‍ പ്രത്യക്ഷപ്പെട്ടിടത്ത് വലിയൊരു ബലിക്കല്ലു പണിതു. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത അത്രയുംപ്രാധാന്യം തൃപ്രയാറിലെ ഈ ബലിക്കല്ലിനുണ്ട്. ശില്‍പചാതുരിയാല്‍ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രനടയിലായി ബലിക്കല്ല് ഇല്ല. അല്‍പം മാറിയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഹരി