ആനയെ കാണണേല്‍ ആറാട്ടുപുഴ പോകണം.എന്നത് ഒരു വാമൊഴിയാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദേവസംഗമമാണ് തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം.
ഏഷ്യ വന്‍കരയില്‍ ഏറ്റവും കൂടുതല്‍ നാട്ടാനകള്‍ പങ്കെടുക്കുന്ന മേള എന്ന ഉന്നതിയും എക്കാലത്തും ആറാട്ടുപുഴക്ക് സ്വന്തമാണ്.
നൂറ്റിയമ്പതോളം ആനകള്‍ നിരന്ന പൂരത്തിന് ആറാട്ടുപുഴ പൂരപ്പാടം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം പോലും പ്രകൃതിയുടെ വികൃതിയില്‍ ആറാട്ടുപുഴയില്‍ നിന്നും വടക്കുംനാഥന്റെ തിരുമുറ്റത്തേക്ക് പറിച്ചു നട്ട ഒന്നാണ്.സവിശേഷണങ്ങള്‍ക്ക് വാക്കുകളില്ലാത്ത ആ പൂരം. അതാണ് ആറാട്ടുപുഴ പൂരം. 23 ദേവീ ദേവന്മാര്‍ പങ്കെടുക്കുന്ന മഹാസംഗമം.പൂരം നാളില്‍ യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍ പിശാചരക്ഷോഗണങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളും പൂരപ്പാടത്ത് സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെ കാശിവിശ്വനാഥ ക്ഷേത്രം മുതല്‍ മഹാക്ഷേത്രങ്ങളില്‍ പൂരദിവസം അത്താഴപ്പൂജ നേരത്തേയാണ് നടത്തുക.
വൈകീട്ട് ആറിന് ശാസ്താവിന്റെ പുറത്തേക്ക് എഴുന്നള്ളിപ്പിന് 250 കലാകാരന്മാരുടെ പഞ്ചാരിമേളം നടക്കും. തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗം കഴിഞ്ഞാല്‍ കൈപന്തത്തിന്റെ തിളക്കത്തില്‍ പതിനഞ്ച് ആനകളുടെ അകമ്പടിയില്‍ ആറാട്ടുപുഴ ശാസ്താവ് ദേവമേളയുടെ നായകന്‍ തൃപ്രയാര്‍ തേവര്‍ എത്തിയോ എന്നറിയാന്‍ ഏഴുകണ്ടം വരെ പോകും. മടക്ക യാത്രയില്‍ ആഥിത്യമരുളി നിലപാടു തറയില്‍ നിന്ന ശേഷം നിലപാടു നില്‍ക്കുവാനുള്ള ഉത്തരവാദിത്വം ചാത്തക്കുടം ശാസ്താവിന് നല്‍കി ക്ഷേത്രത്തിലേക്ക് മടങ്ങും. ഇതോടെ പൂരപ്പാടത്ത് വിവിധ ക്ഷേത്രങ്ങളുടെ പാണ്ടി- പഞ്ചാരി മേളങ്ങളും എഴുന്നള്ളിപ്പുകളും ആരംഭിക്കും. രാത്രി പതിനൊന്നോടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവ് പഞ്ചാരിമേളത്തോടെ ഏഴാനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. തുടര്‍ന്ന് പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ ഒന്നിച്ച് പഞ്ചാരിമേളത്തോടെ അഞ്ച് ആനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. ഒപ്പം തന്നെ നെട്ടിശ്ശേരി ശാസ്താവ് പാണ്ടിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എഴുന്നള്ളും. പന്ത്രണ്ട് മണിയോടെ പഞ്ചാരിമേളത്തോടെ അഞ്ചാനകളുടെ അകമ്പടിയില്‍ എടക്കുന്നി ഭഗവതി എഴുന്നള്ളി നില്‍ക്കുമ്പോള്‍.അന്തിക്കാട് ചൂരക്കോട്ട്കാവ് ഭഗവതിമാര്‍ പാണ്ടിയും പഞ്ചാരിയും അകമ്പടിയായി അഞ്ചാനകളോടെ എഴുന്നള്ളും.അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ഛസ്ഥാനീയനാകുമ്പോള്‍ ദേവമേളക്ക് നായകനായ തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പ് വരെ പഞ്ചവാദ്യത്തോടെ പതിനൊന്നാനകള്‍ അകമ്പടിയാകും. തുടര്‍ന്ന് ഇരുപത്തിയൊന്ന് ആനകളോടെ പാണ്ടിമേളം അരങ്ങേറും.
പൂരപ്പാടത്തേക്ക് തൃപ്രയാര്‍ തേവര്‍ പ്രവേശിക്കുന്നതോടെ വൈകുണ്ഠ ദര്‍ശ്ശന സമാനമായ വിശ്വ പ്രസിദ്ധമായ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.എണ്‍പതിലേറെ ആനകള്‍ നിരക്കും.നടുവില്‍ നായകനായി തൃപ്രയാര്‍ തേവരും ഇടതു ഭാഗത്തായി ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്തായി ചേര്‍പ്പ് ഭഗവതിയും ചേര്‍ന്ന് നില്‍ക്കും. സൂര്യോദയം വരെ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഇരു ഭാഗങ്ങളിലും പാണ്ടിയും പഞ്ചാരിയും മാറ്റുരക്കും.ശേഷം തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലേക്കെഴുന്നള്ളും.മറ്റു ദേവീ ദേവന്മാര്‍ പിന്‍തുടരും. മന്ദാരക്കടവിലെ ആറാട്ടിനായി വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി ആദ്യം ആറാടും.തുടര്‍ന്ന് ദേവീ ദേവന്മാര്‍ ആറാടും. വീണ്ടും പൂരപ്പാടത്തേക്കെത്തി കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീ ദേവന്മാര്‍ ആഥിതേയനായ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി പിരിയും.
തൃപ്രയാര്‍ തേവര്‍ക്കും ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും ഒപ്പം ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകും.അവിടെ വച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷന്‍ ഗണിച്ചെടുത്ത് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയ്യതി വിളമ്പരം ചെയ്യും.അതോടെ അടുത്ത വര്‍ഷം കാണാം എന്ന ഉപചാരം തൃപ്രയാര്‍ തേവര്‍ക്കും അമ്മത്തിരുവടിക്കും ചേര്‍പ്പിലമ്മക്കും നല്‍കി ആറാട്ടുപുഴ ശാസ്താവ് തിരിക്കുന്നതോടെ ഈ വര്‍ഷത്തെ ദേവമേളക്ക് പര്യവസാനം.ആറാട്ടുപുഴ പൂരം