ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 31, 2019

ഹനുമദ്‌ സഹസ്രനാമം 49-57




വിശ്വാത്മാ വിശ്വസേവ്യോഥ വിശ്വോ വിശ്വാഹരോ രവി :
വിശ്വാചേഷ്ടാ വിശ്വഗമ്യോ വിശ്വധേയ: കലാധര:



56.വിശ്വധ്യേയായ നമഃ 

ഏവരാലും ധ്യാനിക്കപ്പെടാൻ യോഗ്യൻ, അഥവാ ധ്യാനിക്കപ്പെടേണ്ടവനാണ് ഹനുമാൻസ്വാമി.



57.ഓം കലാധരായ നമഃ



കലാധരൻ -കലകളെ ധരിക്കുന്നവൻ

സകലകലാവല്ലഭനാണ് ഹനുമാൻസ്വാമി. ഹനുമാൻസ്വാമിയുടെ ഗാനകലാമാധുരി പുരാണപ്രസിദ്ധമാണ്. ഭൗതികകലകൾ 64 എണ്ണമാണുള്ളത്. ആ 64 കലകൾക്കും ആധാരമായവനാണ് ഹനുമാൻസ്വാമി.



കലാധരൻ എന്നത് ചന്ദ്രചൂഡനായ മഹാദേവന്റെ നാമം കൂടിയാണ്. മഹാദേവന്റെ അവതാരമാകയാൽ ഹനുമാൻസ്വാമിക്കും ഈ വിശേഷണം ഉചിതംതന്നെയാണ്.


ഓം വിശ്വധ്യേയായനമഃ

ഓം കലാധരായ നമഃ



കടപ്പാട് - ദർശന സജികുമാർ,  സദ്ഗമയ സത്‌സംഗവേദി 

Monday, July 29, 2019

ശ്രീലളിതാത്രിശതീ - 0 4



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


4. കല്യാണശൈലനിലയാ


കല്യാണരൂപമായ ശൈലത്തിൽ സ്ഥിതിചെയ്യുന്നവൾ. 'ശൈലം' എന്നതിന് ശിലാമയമായത് എന്ന് പദാർത്ഥം'. മംഗളരൂപമായ ശില ചിന്താമണി. ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുന്ന ചിന്താമണികൊണ്ടു നിർമ്മിതമായ ഗൃഹത്തിൽ സ്ഥിതിചെയ്യുന്നവൾ. "ചിന്താമണിഗൃഹാന്തസ്ഥാ" എന്ന് ലളിതാസഹസ്രനാമം.

"ശൈലം" എന്നതിന് പർവ്വതം എന്നു പ്രസിദ്ധമായ അർത്ഥം. 'പർവ്വതത്തിൽ സ്ഥിതിചെയ്യുന്നവൾ' എന്ന് ഈ പക്ഷത്തിൽ വ്യാഖ്യാനിക്കാം. പർവ്വതങ്ങളിൽ ശ്രേഷ്ഠം സുമേരു. സ്വർണ്ണമയമായ ഈ പർവ്വതം സർവ്വദേവന്മാരുടേയും ആസ്ഥാനമാണ്. അതിന്റെ മദ്ധ്യശൃംഗത്തിൽ സകല ദേവന്മാരാലും സംസേവിതയായി ദേവി വിരാജിക്കുന്നു. "സുമേരു മധ്യശൃംഗസ്ഥാ" എന്നു ലളിതാസഹസ്രനാമം.


ശ്രീചക്രത്തിന് മേരുരൂപവുമുണ്ട്. മേരുചക്രത്തിന്റെ മദ്ധ്യശൃംഗത്തിൽ ബിന്ദുസ്ഥാനത്ത് വിരാജിക്കുന്നവൾ. പിണ്ഡാണ്ഡത്തിൽ മനുഷ്യശരീരത്തിൽ നട്ടെല്ലിനെ 'മേരു' എന്നു തന്ത്രശാസ്ത്രം നിർദ്ദേശിക്കുന്നു. കുണ്ഡലിനീരൂപത്തിൽ ശരീരവ്യാപാരങ്ങൾക്കു നിയാമകശക്തിയായി സ്ഥിതിചെയ്യുന്ന പരമചൈതന്യം എന്നു വ്യാഖ്യാനം.


ഓം കല്യാണശൈലനിലയായൈ നമഃ



5.കമനീയാ


ആഗ്രഹിക്കപ്പെടേണ്ടവൾ. ആകർഷകമായ ഗുണങ്ങളുള്ളവൾ. ദേവി ത്രിപുരസുന്ദരിയാണ്. പ്രപഞ്ചത്തിൽ സുന്ദരമായും ആകർഷകമായും എന്തൊക്കെയുണ്ടോ അവയിൽ എല്ലാമുള്ള ആകർഷകത്വം ദേവീ ചൈതന്യമാണ്. എല്ലാ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ആധാരഭൂതയായ ദേവി സർവ്വചരാചരങ്ങൾക്കും അമ്മയാണ്. ശിശുക്കൾ അമ്മയെ കാണാൻ ആഗ്രഹിക്കുന്നതുപോലെ എല്ലാ പ്രപഞ്ചവും ദേവിയുടെ നേർക്ക് ആകൃഷ്ടമാകുന്നു. എല്ലാത്തിനേയും തന്നിലേക്ക് ആകർഷിക്കുന്ന മാതൃവാത്സല്യം കൊണ്ട് ദേവി ഏവർക്കും കമനീയയാണ്.


ഓം കമനീയായൈ നമഃ


കടപ്പാട്   ശ്രീവത്സം 

Saturday, July 27, 2019

ശ്രീലളിതാത്രിശതീ - 02



ശ്രീലളിതാത്രിശതീ വ്യാഖ്യാനം.



2.കല്യാണീ


കല്യാണശബ്ദത്തിന് 'മംഗളം' എന്ന് പ്രസിദ്ധമായ അർത്ഥം. സ്വർണ്ണം എന്നും അർത്ഥം. മംഗളരൂപിണി ആകയാൽ 'കല്യാണീ'. മലയാചലവാസിനിയായ ദേവിക്ക് കല്യാണീ എന്ന പേര് സർവ്വമംഗളകാരിണിയായ 'ഗോമാതാ' എന്നും കല്യാണീ പദത്തിന് അർത്ഥം. കാമധേനുവിന്റെ രൂപം ധരിച്ചവൾ.
ഉപാസകപക്ഷത്തിൽ തന്റെ ഭക്തർക്ക് കാമധേനുവിനെപ്പോലെ സർവ്വകാമങ്ങളും നൽകുന്ന സർവ്വമംഗളകാരിണി എന്നു വ്യാഖ്യാനം. സർവ്വമംഗലമാംഗല്യയായി ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ നാരയണീസ്തുതിയിൽ ദേവിയേ കീർത്തിക്കുന്നത് സ്മരിക്കുക.


ഓം കല്യാണ്യൈ നമഃ



3. കല്യാണഗുണശാലിനീ


സർവ്വമംഗളഗുണങ്ങളോടും കൂടിയവൾ. മുൻ നാമത്തിന്റെ തുടർച്ചയായി മനസ്സിലാക്കണം. ഉപാസകപക്ഷത്തിൽ ആരാധിക്കുന്നവർക്ക് എല്ലാ മംഗളങ്ങളും മംഗളകരമായ ഗുണവിശേഷങ്ങളും നൽകുന്നവൾ. കല്യാണ ശബ്ദത്തിന് സ്വർണ്ണം എന്നും അർത്ഥമുണ്ടെന്ന് മുമ്പു പറഞ്ഞു. സ്വർണ്ണം സമ്പത്തിന്റെ പ്രതീകമാണ്. ഭൗതികസമ്പത്തുകൾ ദേവ്യുപാസകനു് അനായാസമായി ലഭിക്കും. സദ്ഗുണങ്ങളില്ലാത്ത വ്യക്തിക്ക് സമ്പത്തുണ്ടായാൽ ഗുണത്തെക്കാൾ ദുരിതമായിരിക്കും ഫലം. ദേവ്യുപാസകനു സമ്പത്തുണ്ടാകുമ്പോൾ സദ്ഗുണങ്ങളും ദേവി നൽകും. അപ്പോൾ സമ്പത്ത് നന്മയ്ക്കായി ഭവിക്കും.


ഓം കല്യാണ ഗുണശാലിന്യൈ നമഃ


കടപ്പാട്   ശ്രീവത്സം

Friday, July 26, 2019

ശ്രീലളിതാത്രിശതീ - 01



ഹരിഃ ശ്രീ ഗണപതയേ നമഃ

       അവിഘ്നമസ്തു

ശ്രീലളിതാത്രിശതീ വ്യാഖ്യാനം.


1. കകാരരൂപാ


'ക' എന്ന അക്ഷരം സ്വരൂപമായവൾ. കകാരം പ്രകാശവാചിയാണ്. ബ്രഹ്മവാചിയുമാണ്. സന്ദർഭാനുഗുണമായി പ്രജാപതി, വിഷ്ണു, സൂര്യൻ, യമൻ, ഗരുഡൻ, ജീവാത്മാവ്, അഗ്നി, മയിൽ ,ശരീരം, കാലം, സമ്പത്ത്, ശബ്ദം, രാജാവ് എന്നീ അർത്ഥങ്ങളും കുറിക്കും. നപുംസകലിംഗ പ്രത്യയമായ 'അം' ചേർത്ത് 'കം' എന്ന് രൂപമായാൽ ആഹ്ലാദം, ആനന്ദം, ജലം, ശിരസ്സ്, കചം എന്നീ അർത്ഥങ്ങളും 'ക' എന്ന പദത്തിനുണ്ട്. ഇതിൽ ഏത് സ്വീകരിച്ചാലും ശ്രീലളിതാദേവി കകാരരൂപയാണ്.

അക്ഷരമാലയിൽ വ്യഞ്ജനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അക്ഷരം കകാരമാണ്. നാവിന്റെ പിൻഭാഗം ഉയർത്തി മൃദുതാലുവിൽ സ്പർശിച്ച് വായു പ്രവാഹം തടഞ്ഞു വിട്ടുച്ചരിക്കുന്ന ഈ വർണ്ണത്തെ കണ്ഠ്യമായി വ്യാകരണങ്ങൾ നിർദ്ദേശിക്കുന്നു. ശുദ്ധചൈതന്യ രൂപമാണ് സ്വരാക്ഷരം. അതിനോട് ഭൗതികത ചേർന്ന് അക്ഷരങ്ങളുണ്ടാകുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശുദ്ധ ചൈതന്യത്തിൽ മായാസ്പർശം ഉണ്ടാകുന്നു. പിന്നെ പല രൂപങ്ങൾ കൈക്കൊളളുന്നു. ബ്രഹ്മചൈതന്യം വിഖരണം ചെയ്യപ്പെടുന്നതിന്റെ ആദ്യ ഘട്ടമാണ് കകാരത്തിൽ കാണുന്നത്.

പഞ്ചദശാക്ഷരീവിദ്യയ്ക്ക് 'ഹാദി' എന്നും 'കാദി' എന്നും രണ്ടു രൂപങ്ങളുണ്ട്. ഹകാരം കൊണ്ടു തുടങ്ങുന്നത് 'ഹാദി'. 'ക' കാരം കൊണ്ടു തുടങ്ങുന്നത് 'കാദി'. കാദിയായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ ആദ്യക്ഷരം എന്ന നിലയ്ക്കാണ് പ്രകൃതത്തിൽ കകാരരൂപയായി ദേവിയെ അവതരിപ്പിച്ചത്. മന്ത്രത്തിൽ കകാരം പരബ്രഹ്മരൂപിയായ കാമേശ്വരനെ കുറിക്കുന്നു.


ഓം കകാരരൂപായൈ നമ

കടപ്പാട്ശ്രീ വത്സം 

Saturday, July 20, 2019

രാമാവതാരരഹസ്യം




ടി.കെ. രവീന്ദ്രന്‍


പിതാവിന്റെ ആജ്ഞയനുസരിക്കാന്‍ വേണ്ടി ശ്രീരാമന്‍ വനവാസത്തിനു പോകുവാന്‍ നിശ്ചയിച്ച സാഹചര്യം. ഈ വിവരമറിഞ്ഞ പുരവാസികള്‍ അത്യന്തം സങ്കടപ്പെടുന്നു. ശ്രീരാമനെ അവര്‍ ജീവനു തുല്യമാണ് സ്‌നേഹിച്ചിരുന്നത്. ശ്രീരാമന്റെ വനവാസനിശ്ചയം തെല്ലൊന്നുമല്ല അവരെ വിഷമിപ്പിച്ചത്. ചരല്‍ക്കല്ലുകളും മുള്ളുകളും നിറഞ്ഞ് ദുര്‍ഘടമായ കാട്ടുവഴിയിലൂടെ മൃദുലമായ പാദങ്ങളെക്കൊണ്ട്  സഞ്ചരിക്കാന്‍ കല്‍പ്പിച്ച ദശരഥ രാജാവിന്റെ മനസ്സ് കഠിനമാണെന്നുപോലും അവര്‍ പരസ്പരം പറയുകയുണ്ടായി.

ഇങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ വാമദേവ മഹര്‍ഷി രാമാവതാരരഹസ്യം സന്തോഷപൂര്‍വ്വം അവര്‍ക്കു പറഞ്ഞുകൊടുത്തു.

അസുരന്മാരുടെ ഭാരം സഹിക്ക വയ്യാതെ ഭൂമീദേവി ഉഴലുകയാണ്. അവരെ ഇല്ലാതാക്കിയാലേ അതില്‍നിന്നും ശമനം ഉണ്ടാവാന്‍ സാധിക്കൂ എന്ന് എല്ലാവര്‍ക്കുമറിയാം. അതിനനുസരിച്ച് അസുരകുലത്തില്‍ അതിശക്തനായ രാവണനെ നിഗ്രഹിക്കുക എന്നത് അനിവാര്യമായിരുന്നു.

രാവണ്‍ തികച്ചും അധര്‍മ്മിയായിരുന്നു. സാത്വികരായ ബ്രാഹ്മണരെ പല വിധേനയും ദ്വേഷിക്കുന്നവനായിരുന്നു രാവണന്‍. രാവണനെ നേരിടാന്‍ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. ആ കൃത്യനിര്‍വ്വഹണത്തിന് ഒരു അവതാരം തന്നെ വേïിവന്നു.

അസുരകുലമൊക്കെ നശിപ്പിച്ച് ഭൂമീദേവിയുടെ ഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭൂമിയില്‍ ദശരഥപുത്രനായ് ശ്രീരാമന്‍ അവതരിച്ചു. തന്റെ അവതാരോദ്ദേശ്യം കൃത്യമായി നിര്‍വ്വഹിക്കുകയും ചെയ്തു. ഇങ്ങനെ പല ഉദ്ദേശ്യങ്ങള്‍ക്കായിട്ടായിരുന്നു ഭഗവാന്‍ പല രൂപത്തില്‍ പല യുഗങ്ങളില്‍ അവതരിച്ചത്. ആ അവതാരമെല്ലാം ഉദ്ദേശം നിര്‍വ്വഹിച്ച് നിരോഭവിക്കുകയും ചെയ്തു.

അതുകൊണ്ട് രാമനെച്ചൊല്ലി സങ്കടപ്പെടാനില്ലെന്നും അവതാരകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടാണ് വനവാസത്തിനു പോകുന്നതെന്നും വാമദേവന്‍ രാമാവതാരരഹസ്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ട്  പുരവാസികളോടു പറഞ്ഞു. അത് അദ്ധ്യാത്മരാമായണത്തില്‍ (അയോദ്ധ്യാ കാണ്ഡത്തില്‍) എഴുത്തച്ഛന്‍ ആഖ്യാനം ചെയ്തത് ഇപ്രകാരമാണ്.

'ധാത്രിയിലിപ്പോള്‍ ദശരഥപുത്രനായ്

ധാത്രീസുതവരനായ്

പിറന്നീടിനാന്‍

രാത്രിഞ്ചരകുലമൊക്കെ

നശിപ്പിച്ചു

ധാത്രീഭാരം തീര്‍ത്തു

ധര്‍മ്മത്തെ രക്ഷിപ്പാന്‍

രാമരഹസ്യമീവണ്ണമരുള്‍ചെയ്തു

വാമദേവന്‍ വിരമിച്ചോ

രനന്തരം

വാമദേവവചനാമൃതെ   സേവിച്ചു

രാമനെ നാരായണനെന്ന

റിഞ്ഞുടന്‍

പൗരജനം പരമാനന്ദ

മായൊരു

വാരാന്നിധിയില്‍ മുഴുകിനാനേവരും'

Tuesday, July 16, 2019

Karkidaka Masam: ഇനി രാമായണ കാലം; ചിട്ടകൾ അറിഞ്ഞ് പാരായണം നടത്താം

സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കർക്കിടകത്തിൽ അസ്വസ്ഥതകൾ മനസിൽ നിന്ന് മാറ്റുന്നതിന് ആചാര്യൻമാർ നൽകിയിട്ടുള്ളതാണ് രാമായണ പാരായണം.



ഹൈന്ദവവിശ്വാസ പ്രകാരം വളരെ പുണ്യമായ മാസമാണ് കര്‍ക്കടകം. വളരെയധികം ദുഖദുരിതങ്ങള്‍ ഏറുന്ന മാസമായ കര്‍ക്കടകത്തെ പഞ്ഞമാസമെന്നാണ് കേരളീയര്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണ മാസമായി കര്‍ക്കടകം ആചരിച്ചുതുടങ്ങിയത്. 

ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണം നൽകുന്നത്. ബ്രഹ്മാവിൻ്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമൻ്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. 

ഭക്തി, യുക്തി, വിഭക്തി എന്നിവയുടെ സംക്ഷിപ്ത രൂപമായ രാമായണം ഇതിഹാസമെന്ന നിലയിലാണ് മഹത്തരമായിരിക്കുന്നത്. ആധ്യത്മിക രഹസ്യങ്ങളും ധര്‍മ്മതത്വങ്ങളും നിറയുന്ന രാമായണത്തിൽ ഉത്തമപുരുഷനായി രാമൻ്റെ യാത്രയെ മുൻനിര്‍ത്തിയാണ് കഥ. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ഭക്തിയോടെ രാമായണ പാരായണം നടത്തുന്നതിലൂടെ മനസും ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ശുദ്ധമാകുന്നു എന്ന് വിശ്വസിക്കുന്നു. 

രാമായണ പാരായണത്തിൻ്റെ ചിട്ടകള്‍
  • രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല.

  • കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്.

  • പരിശുദ്ധമായ പീഠത്തിലോ, ഉയര്‍ന്ന സ്ഥലത്തോ ആയിരിക്കണം രാമായണം വയ്ക്കേണ്ടത് . തറയിൽ വയ്ക്കാൽ പാടില്ല.

  • ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് ശേഷമായിരിക്കണം പാരായണം ചെയ്യേണ്ടത്.

  • വടക്കോട്ട് ഇരുന്നായിരിക്കണം രാമായണ പാരായണം നടത്തേണ്ടത്.

  • അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. ഈ സമയം മനസ് ഏകാഗ്രമാക്കണം.

  • രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ''ശ്രീരാമ രാമ രാമ ''എന്ന ഭാഗത്തിൽ നിന്നായിരിക്കണം.

  • ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ''ശ്രീരാമ രാമ രാമ''എന്ന ഭാഗം ജപിക്കണം


'' ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു 

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ 
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ 
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ 
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ 
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! 
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! 
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! 
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ. 
നാരായണായ നമോ നാരായണായ നമോ 
നാരായണായ നമോ നാരായണായ നമഃ 
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! 
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. 
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ 
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ''


  • ഓരോ ദിവസവും ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം.

  • യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്.

  • മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം.

കർക്കടക മാസം; അനുഷ്ഠാനങ്ങളും സവിശേഷതകളും അറിയാം

ആനപോലും അടിതെറ്റുന്ന മാസമായാണ് കർക്കടക മാസത്തെ അറിയപ്പെടുന്നത്. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കർക്കിടകത്തിൽ അസ്വസ്ഥതകൾ മനസിൽ നിന്ന് മാറ്റുന്നതിന് ആചാര്യൻമാർ നൽകിയിട്ടുള്ളതാണ് രാമായണ പാരായണം.

Image result for രാമായണമാസം


ജ്യോതിഷ പ്രകാരം സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. പഞ്ഞമാസം, രാമായണമാസം എന്നീ പേരുകളിലും കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. കനത്ത മഴ,ആരോഗ്യ പ്രശ്നങ്ങൾ, കാര്‍ഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കര്‍ക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകള്‍ മനസിൽ നിറയ്ക്കാനുമാണ് കര്‍ക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂര്‍വ്വികര്‍ മാറ്റിവച്ചത്. 


ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരും. 

വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യ ശരീരത്തിൽ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുക. കർക്കടകത്തിൽ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്. അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിക്കുക. നിങ്ങൾക്ക് കഴിയുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഫലപ്രദമാണ്. 

കര്‍ക്കടക മാസത്തിൽ ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ നിത്യവും രണ്ട് മുതൽ ഏഴ് വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ദീപം തെളിയിച്ച് വടക്കോട്ട് ഇരുന്ന് രാമായണ പാരായണം നടത്തുക. കൂടാതെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം. 

ആയുർവേദ വിധിപ്രകാരം കർക്കടക മാസം ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. കര്‍ക്കിടത്തിൽ മനസിലെ അസ്വസ്ഥതകള്‍ നീക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത്. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകള്‍ നീക്കാൻ സഹായിക്കുന്നു. 

ക‍ര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. കര്‍ക്കടക വാവ് ദിവസമാണ് പിതൃദര്‍പ്പണം നടത്തുന്നത്. ജൂലൈ 31 നാണ് ഇക്കുറി കര്‍ക്കടകവാവ്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. 

അങ്ങനെ അന്ന് രാമായണമാസം പിറന്നു…


തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീണ്ടും തുഞ്ചന്റെ കിളിക്കൊഞ്ചല്‍. 1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന്‌ പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്‌. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ദര്‍ശനത്തിന്‌ മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട്‌ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ്‌ കാപട്യത്തിന്‌ വേര്‍കിളിര്‍ത്ത കേരളം തുഞ്ചന്റെ കളിക്കൊഞ്ചല്‍ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെപ്പോല്‍ പിടഞ്ഞ്‌ മരിച്ചുപോകുമോ എന്ന്‌ സന്ദേഹിച്ച കേരളം. ആ കേരളത്തിലാണ്‌ ആധ്യാത്മികതയുടെ തിരത്തളളല്‍ പോലെ ഇന്ന്‌ രാമായണ മാസം ആചരിക്കുന്നത്‌. 1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത്‌ നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ്‌ രാമായണമാസത്തിന്റെ വേരുകള്‍ നീണ്ടു ചെല്ലുന്നത്‌. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത്‌ നടന്ന വിശാലഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ.കരണ്‍സിംഗും, ആര്‍. എസ്‌. എസ്‌. സര്‍കാര്യവാഹ് ശ്രീ. രജുഭയ്യ യും പങ്കെടുത്ത സമ്മേളനത്തില്‍ ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഈരടികളുമായി ലക്ഷങ്ങളാണ്‌ അണിചേര്‍ന്നത്‌. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവും ആയിരുന്നു ആ സമ്മേളനം. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്‌. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട്‌ താന്‍ പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട്‌ ഊരിവെച്ച്‌ താനും പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്‌. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി തുടര്‍ന്ന്‌ ഒരു സംഘടനയായി തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന്‌ 1982 ജൂണ്‍ 6 ന്‌ എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു. മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട്‌ കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി. എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ്‌ വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ്‌ വരെ അണിനിരന്ന ഈ എതിര്‍പ്പിന്‌ കരുത്തായി സിപിഎം പാര്‍ട്ടിയന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട്‌ കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു. 1982 ജൂലൈ 25 തിരുവനന്തപുരത്ത്‌ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ്‌ സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു “ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശുദ്രന്‍ തപസുചെയ്യുന്നത്‌ അധര്‍മ്മമാണെന്ന്‌ ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം” ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: “ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ്‌ സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത്‌ എന്ന്‌ തീര്‍ച്ചയാണ്‌. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ളമതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക്‌ സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല. എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ്‌ കേരളത്തില്‍ നടന്നത്‌. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന്‌ ചരിത്രം. കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനം ജീവിതത്തിന്‌ വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ അങ്ങനെയാണ്‌. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ്സടക്കം അടവുമാറ്റി. രാമായണം പോലെയുള്ള ക്ലാസിക്‌ കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ്‌ വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത്‌ പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു ചുവടുമാറ്റി. രാമായണ മാസാചരണത്തെക്കുറിച്ച്‌ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പറയുന്നു, “കര്‍ക്കിടകമാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണമാസാചരണം അതിന്‌ സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്‌ മാസാചരണം ലക്ഷ്യംവെച്ചത്‌. കേവലം വായനമാത്രമല്ല” ഇന്ന്‌ ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട്‌ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന്‌ വഴിമാറിയത്‌ സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്‌. ആ ചരിത്ര മുഹൂര്‍ത്തത്തെ പി.പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു “വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട്‌ ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ്‌ കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്‌. ഡോ.കരണ്‍സിംഗായിരുന്നു അന്ന്‌ മുഖ്യാതിഥിയായി പങ്കെടുത്തത്‌. എം.കെ. കെ. നായര്‍,പി. മാധവ്ജി, കെ.ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്‌. പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്‌. പലയിടങ്ങളിലും അവരത്‌ നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ്‌ ഇതിനെ കണ്ടത്‌. ഈ സാഹചര്യത്തിലാണ്‌ രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്‌. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ വച്ച്‌ അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു. വീടുകളില്‍ ഒറ്റപ്പെട്ട നിലയില്‍ രാമായണവായന നടന്നുവന്നിരുന്നു. എന്നാല്‍ ഊര്‍ജ്ജസ്വലമായ രീതിയില്‍ നടന്നിരുന്നില്ല. കേവലം രാമായണ പാരായണം മാത്രമായിരുന്നില്ല രാമായണ മാസാചരണം ലക്ഷ്യം വച്ചത്‌. രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന വിചാരസഭകളും പ്രഭാഷണങ്ങളും ആരംഭിച്ചു. ഇന്ന്‌ പാരായണം മാത്രമായി ഒതുങ്ങിപ്പോവുകയാണ്‌. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കുന്നുണ്ട്‌. എന്നാല്‍ രാമായണത്തിന്റെ പ്രാധാന്യവും പ്രസക്തിയും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന പരിപാടികള്‍ പൊതുവേ കുറവാണ്‌. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്‌. ഉത്തമഭരണാധികാരിയുടെയും ഉത്തമഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദരസ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്‌. ശ്രീരാമനെ മാതൃകാപുരുഷനായാണ്‌ വാല്മീകി അവതരിപ്പിക്കുന്നത്‌. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന്‌ നമ്മുടെ പാരമ്പര്യത്തില്‍ നിന്നും പരിഹാരം കണ്ടെത്തണം. അതിന്‌ രാമായണ മാസാചരണം ഉപയുക്തമാക്കണം.”