ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 24, 2019

കലികാല മഹിമ

.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാന്‍
കൃഷ്ണ! കൃഷ്ണ മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ രാമ! എന്നിങ്ങനെ
തിരുനാമ സങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ലയത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാധ്യമല്ലായ്കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു
''അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്‌കാരം!''
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
നാലുയുഗങ്ങളില്‍ വച്ച് മോക്ഷം ലഭിക്കാന്‍ നല്ലത് കലിയുഗമാണ്. കൃഷ്ണാ, മുകുന്ദാ, ജനാര്‍ദ്ദനാ തുടങ്ങിയുള്ള ഭഗവന്നാമങ്ങള്‍ ജപിക്കുക. ഏതു പാമരനും സാധിക്കുന്ന കാര്യമാണത്. കലികാലത്ത് മുക്തി നേടുവാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗവുമാണത്. മറ്റ് പതിമൂന്ന് ലോകങ്ങളിലും ആറ് ദ്വീപുകളിലും എട്ടു ഖണ്ഡങ്ങളിലും ഉള്ള ജനങ്ങളൊക്കെ, കലികാലത്തെ ഭാരതഖണ്ഡത്തെ ആദരപൂര്‍വം വന്ദിക്കുന്നു. അവരൊക്കെ ഈ ഭാരതത്തില്‍, പ്രത്യേകിച്ച് കലിയുഗത്തില്‍ വന്ന് പിറക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദിക്കുന്നു. മറ്റ് മൂന്ന് യുഗങ്ങളില്‍ ജീവിച്ചവര്‍ക്കും ഇത്തരത്തില്‍ മോക്ഷപ്രാപ്തിക്കുള്ള അവസരം ലഭിച്ചിട്ടില്ല. ഭാരതഭൂമിയില്‍ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് അവരുടെയൊക്കെ പ്രാര്‍ഥന. ഇവിടെ ജന്മമെടുക്കാന്‍ ഭാഗ്യം ലഭിച്ച മനുഷ്യരേയും കലിയെത്തന്നെയും അവര്‍ നമസ്‌കരിക്കുന്നു. ഞാന്‍ ഇതൊക്കെ വിസ്തരിച്ച് പറയേണ്ടതുണ്ടോ എന്ന് കവി ചോദിക്കുന്നു. ഈ ഭാരതത്തില്‍, കലിയുഗത്തില്‍ മനുഷ്യജന്മം ലഭിച്ചവരെല്ലാം ഭാഗ്യവാന്മാരാണെന്നും, ഈശ്വരപ്രാപ്തി ആഗ്രഹിക്കുന്ന ഏവര്‍ക്കും തിരുനാമസങ്കീര്‍ത്തനത്തിലൂടെ അതിനുള്ള മാര്‍ഗം തെളിയുന്നു എന്നും സാരം.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങള്‍. മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ കലിയുഗം ആരംഭിച്ചു എന്നാണ് വിശ്വാസം. ദൈവനാമം ഉരുവിട്ടുകൊണ്ടു തന്നെ കലിയുഗത്തില്‍ നമുക്ക് മോക്ഷം നേടാം എന്ന്, കവി ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് നമ്മെ.

No comments:

Post a Comment