ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു ഐതീഹ്യം.
പണ്ട് ഈ സ്ഥലത്തിന്റെ പേര് ''ഏകചക്ര'' എന്നായിരുന്നുവെന്നു പറയപ്പെടുന്നു. അന്നത്തേ ഗ്രാമത്തലവന്മാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു ''കുമാര''(സുബ്രഹ്മണ്യസ്വാമി)ക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെഅയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ ഗ്രാമയോഗം തീരുമാനിച്ചു. അതിനായി വിദഗ്ദ്ധരായ പണിക്കാരെ നിയോഗിച്ചു. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ഒടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ്പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നു. തുടർന്ന് പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു...
അങ്ങനെയിരിയ്ക്കെ ഒരുദിവസം ഗ്രമത്തലവന്മാർക്കെല്ലാം എകകാലത്ത് സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസത്തിൽ കിടപ്പുണ്ടെന്നും പരശുരാമൻ പൂജചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അടയാളമായി വിഗ്രഹം കിടക്കുന്ന സ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും ആയിരുന്നു ആ ദർശനം. തുടർന്ന് എല്ലാവരും നാട്ടുകാരോടും കൂടി ജലമാർഗ്ഗം അത്യുത്സാഹത്തോടെ കായംകുളത്തെത്തി. അവിടെ കായംകുളംകായലിൽ ഗോവിന്ദമുട്ടം എന്ന ഭാഗത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്തുനിന്നും വിഗ്രഹം കണ്ടെടുത്തു. വിഗ്രഹം കണ്ട ആ സ്ഥലം ''കണ്ടനല്ലൂര് '' ''കണ്ടല്ലൂർ '' എന്നറിയപ്പെടുന്നു . തുടർന്ന് ആ ദിവ്യ വിഗ്രഹവുമായി വടക്കോട്ടുതിരിച്ച് ജലമാർഗ്ഗം പായിപ്പാട്ടാറ്റിലൂടെ നിരവധി വള്ളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി വിഗ്രഹം നെൽപ്പുരക്കടവിൽ എത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വിഗ്രഹലബ്ധി സ്മാരക വള്ളംകളി നടത്തിവരുന്നു.
തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം കലിവർഷം 2874 വൃശ്ചികമാസം 11 ആം തീയതിസകലവിധ താന്ത്രികച്ചടങ്ങുകളോടെയും ഏകചക്രേശനായി പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ (ശ്രീഹരി) തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ പാദം പതിഞ്ഞസ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവുംപൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും വൃശ്ചികമാസത്തേ തൃക്കാർത്തി ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്. 18 പൂജയും കളഭവും വലിയ മയിൽവാഹനത്തിൽ എഴുന്നള്ളത്തും സ്വർണ്ണകുംഭത്തിൽ കാണിക്കയും വിളക്കെഴുന്നള്ളത്തും പ്രധാനം.
കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് തെക്കൻപളനി എന്ന് പകഴ്പെറ്റ ഹരിപ്പാട് മഹാക്ഷേത്രം. വലുപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. അഞ്ച് ഏക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുപുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിൽ, വലിയ രണ്ട് ആനക്കൊട്ടിൽ, മൂന്നുഭാഗത്തുമുള്ള ഗോപുരങ്ങൾ, വടക്കുവശത്ത് രണ്ട് കവാടങ്ങൾ ,നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ് വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ (28 കോൽ 18 അംഗുലം ഉയരം -30 സ്വർണ്ണപ്പറകൾ) സ്വർണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങൾ (ഒരുകുളം 5 ഏക്കർ വിസ്തൃതിവരുന്ന പെരുംകുളം) ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിർമ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.
പ്രതിഷ്ഠാവിഗ്രഹത്തിന്റെ വലുപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. ആറടിയ്ക്കുമുകളിൽ ഉയരമുള്ള മനോഹരമായ കൃഷ്ണശിലാ നിർമ്മിതമായ ചതുർബാഹു വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമി വാഴുന്നത്.
മേടമാസത്തിൽ വിഷുദിവസം കൊടിയേറി കണികണ്ട്പത്താമുദയത്തിന് ആറാട്ടോടെ കഴിയുന്ന ചിത്തിര ഉത്സവം, ചിങ്ങമാസത്തിൽഅത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടെ കഴിയുന്ന ആവണി ഉത്സവം; ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടോടെ കഴിയുന്ന മാർകഴി ഉത്സവം. ഇവ യഥാക്രമം തൃമൂർത്തിസങ്കല്പങ്ങളെ സൂചിപ്പിയ്ക്കുന്നു.
ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി,മഹാഗണപതി, ഗണപതി, ധർമ്മശാസ്താവ്,ഗോശാലകൃഷ്ണൻ (തിരുവമ്പാടി കൃഷ്ണൻ), നാഗദൈവങ്ങൾ, ഗുരുതികാമൻ-പഞ്ചമി,യക്ഷിയമ്മ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകോവിലിലെ തെക്കേ ത്വരത്തിനുള്ളിലാണ് ദക്ഷിണാമൂർത്തി,മഹ ഗണപതി പ്രതിഷ്ഠകൾ. നാലമ്പലത്തിനുപുറത്ത് കിഴക്കുഭാഗത്ത് ഗണേശനും തെക്കുഭാഗത്ത് ധർമ്മശാസ്താവും, തെക്കുകിഴക്ക് ഗോശാലകൃഷ്ണനും വടക്കുകിഴക്കായി ഗുരുതികാമനും പഞ്ചമിയും, മതിൽക്കെട്ടിന് പുറത്ത് മൂലക്ഷേത്രത്തിന് സമീപമായി നാഗദൈവങ്ങളും കുടികൊള്ളുന്നു . കൂത്തമ്പലത്തിലാണ് യക്ഷിയമ്മ കുടികൊള്ളുന്നത്.
പ്രധാനമായും അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണുള്ളത്. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കും. പിന്നീട് നിർമാല്യദർശനം. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തും. അതിനും ശേഷം ഉഷപ്പൂജ,എതിരേറ്റുപൂജ, ഉഷശ്രീബലിയും നടക്കും. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് പന്തീരടിപൂജ നടക്കും. പന്തീരടിപൂജ എന്ന പേരിൽനിന്നുതന്നെ അതു മനസ്സിലാക്കാൻ കഴിയും. പിന്നീട് ഉച്ചപ്പൂജയും ഉച്ചശ്രീബലിയും കഴിഞ്ഞ് പന്ത്രണ്ടുമണിയോടെ നടയടയ്ക്കും.
വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുറക്കും. സൂര്യാസ്തമയസമയത്ത് ദീപാരാധന. ക്ഷേത്രത്തിലെ വിളക്കുകളെല്ലാം അതിന് പ്രകാശിയ്ക്കുന്നു. പിന്നീട് അത്താഴപ്പൂജയും അത്താഴശ്രീബലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.
ക്ഷേത്ര ആചാര പ്രകാരം പൂജയ്ക്ക് പുലൂർ ഗ്രാമസഭക്കാരൻ വേണമെന്ന് നിർബന്ധമുണ്ട് കാസർകോട് ജില്ലയിൽ പ്പെട്ട ഇക്കരെദേശികരായ പത്തില്ലത്തുകാരാണ് മേൽശാന്തിപദമലങ്കരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. കിഴക്കേ പുല്ലാംവഴി, പടിഞ്ഞാറേ പുല്ലാംവഴി എന്നീ കുടുംബക്കാരാണ് തന്ത്രിമാർ. ദിവസവും ഇവിടെ ഉച്ചപ്പൂജക്ക് തന്ത്രിപൂജചെയ്യണമെന്ന് നിർബന്ധമുണ്ട്
ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ.
ഹരിപ്പാട്ട് വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം കൊടിയേറി ഉത്സവം നടത്തും. വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടു വരുന്ന ചിത്തിര ഉത്സവമാണ്(പടഹാദി) പ്രധാനം. ചിങ്ങത്തിലെ തിരുവോണത്തിന് ആറാട്ടു വരുന്ന ആവണി ഉത്സവം(ധ്വജാദി), ധനുവിലെ തിരുവാതിരയ്ക്ക് ആറാടുന്ന മാര്‍കഴി (അങ്കൂരാദി)ഉത്സവം എന്നിവയാണ് മറ്റ് ഉത്സവങ്ങൾ. ചിത്തിര ഉത്സവത്തിന് ആദ്യ ദിവസത്തെ പ്രധാന കൊടിയേറ്റിന് പിന്നാലെ മൂന്നാം ഉത്സവത്തിന് മൂലസ്ഥാനമായ കീഴ്തൃക്കോവിലില്‍ കൊടിയേറ്റും. അഞ്ചാം ഉത്സവത്തിന് ഉപദേവതയായ തിരുവമ്പാടി കണ്ണന്റെ നടയിലും കൊടിയേറുന്നു.
ചിത്തിര ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങുകളായ വലിയ കാണിക്കയും യാത്രയയപ്പും ഒൻപതാം ഉത്സവദിവസം നടക്കും. ഒമ്പതാംഉത്സവത്തിന് രാത്രിയിലാണ് ഈ ചടങ്ങുകള്‍. വൈകുന്നേരം ആറുമണിയോടെ തുടങ്ങി അടുത്തദിവസം പുലര്‍ച്ചെ അഞ്ച്മണി വരെ നീളുന്ന എഴുന്നള്ളിപ്പാണ് വലിയ കാണിക്കയ്ക്കും യാത്രയയപ്പിനുമായി നടത്തുക.
ഒമ്പതാം ഉത്സവത്തിന് വൈകുന്നേരം തങ്കത്തിടമ്പിൽ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ദേവന്റെ തിരുമുമ്പിൽ പതിവുപോലെ വേലകളിക്കു പിന്നാലെ സേവ തുടങ്ങും. രാത്രി 10 മണിയോടെ ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അകത്തെ ആനക്കൊട്ടിലില്‍ ദേവനെ കിഴക്കോട്ട് ദര്‍ശനമായി എഴുന്നള്ളിച്ചുനിര്‍ത്തും. ഈ സമയത്ത് സ്വർണ്ണ കുംഭത്തിൽ കാണിക്ക അര്‍പ്പിച്ച് തൊഴുന്നത് സര്‍വ ഐശ്വര്യങ്ങള്‍ക്കും വഴിയാകുമെന്നാണ് വിശ്വാസം. വലിയ കാണിക്ക എന്നറിയപ്പെടുന്നത് ഈ ചടങ്ങിനാണ്. പുലര്‍ച്ചെ രണ്ടുവരെ വലിയകാണിക്ക തുടരും. അപ്പോഴേക്കും 'വരവ്' എഴുന്നള്ളിപ്പ് തുടങ്ങും.
ദേവന്റെ പിതൃസ്ഥാനമലങ്കരിക്കുന്ന തൃപ്പക്കുടം മഹാദേവന്‍, സഹോദരീ സ്ഥാനമലങ്കരിക്കുന്ന കന്യാട്ടുകുളങ്ങര ഭദ്രകാളി, ഭാര്യാപദമലങ്കരിക്കുന്ന തിരുവിലഞ്ഞാല്‍ ഭഗവതി എന്നീ ദേവതകള്‍ നഗരിക്ഷേത്രത്തില്‍ ഒത്തുകൂടി ക്ഷേത്രത്തിലേക്ക് വരുന്നതായ സങ്കല്പത്തിലാണ് വരവ് എഴുന്നള്ളിപ്പ്. ടൗണ്‍ഹാള്‍ ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളോടെ ഈ എഴുന്നള്ളിപ്പുകളേ സ്വീകരിക്കും. തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമിക്കും കീഴ്തൃക്കോവിലപ്പനും, ധർമ്മശാസ്താവിനും, ഗോശാലകൃഷ്ണനും (ഉപദേവതകള്‍) ഒപ്പം ഈ ദേവതകളും ചേര്‍ന്ന് കൂടിഎഴുന്നള്ളത്ത് തുടങ്ങും. ക്ഷേത്രത്തിന് ഒമ്പത് പ്രദക്ഷിണങ്ങളോടെയാണ് കൂടി എഴുന്നള്ളത്ത് പൂര്‍ത്തിയാവുക. അവസാന പ്രദക്ഷിണത്തിന് കന്യാട്ടുകുളങ്ങര ഭദ്രകാളിയും തിരുവിലഞ്ഞാല്‍ ഭഗവതിയും യാത്രചോദിച്ച് മടങ്ങുന്നതായാണ് സങ്കല്പം. ഈ ദേവതകളെ ക്ഷേത്രത്തില്‍ നിന്ന് യാത്രയയയ്ക്കുമ്പോള്‍ വാദ്യമേളങ്ങള്‍ സ്വരം താഴ്ത്തും. തൃപ്പക്കുടത്തപ്പന്‍ യാത്രചോദിക്കുമെങ്കിലും സുബ്രഹ്മണ്യസ്വാമി അനുമതി നല്കാത്തതിനാല്‍ ക്ഷേത്രത്തില്‍ തങ്ങുമെന്നാണ് വിശ്വാസം. ഇതിനാല്‍ തൃപ്പക്കുടത്തപ്പനെ കിഴക്കേ വല്യമ്പലത്തില്‍ ഇറക്കി എഴുന്നള്ളിക്കും.
പുലര്‍ച്ചെ ആറുമണിയോടെ മാങ്കാംകുളങ്ങര ക്ഷേത്രത്തിലേക്ക് ദേവൻ പള്ളിവേട്ടക്ക് പഎഴുന്നള്ളിച്ച് പോകുന്നു. തുടര്‍ന്ന് അമ്പലത്തില്‍ തിരിച്ചെത്തുന്ന ദേവനെ ഉറക്കുന്ന സങ്കല്പത്തിലെ പള്ളിക്കുറുപ്പോടെയാണ് ഒമ്പതാം ഉത്സവം പൂര്‍ണമാകുന്നത്.
ചിത്തിര ഉത്സവത്തിന്റെ ആറാട്ട് കരുവാറ്റക്കുളങ്ങര ക്ഷേത്രക്കുളത്തിലുമാണ്. മാര്‍കഴി ഉത്സവത്തിന്റെ ആറാട്ട് ഹരിപ്പാട്ടെ അമ്പലക്കുളത്തിലാണ്. ആവണി ഉത്സവത്തിന്റെ ആറാട്ട് നഗരി ക്ഷേത്രക്കുളത്തിലും നടക്കുന്നു.