മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസന്‍ നല്‍കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള്‍ രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്‍മിച്ചത്.
ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , വസ്ത്രങ്ങള്‍ സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.
ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.
ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍.
ഹരി ഓം
No comments:
Post a Comment