കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം നിരോധിച്ചു
തൂക്കുന്ന വിധം, ആനുഷ്ടാനം
നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകർ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്.
നേർച്ചക്കാർ തൂക്കക്കാരായ ആളുകളേയും നിർദ്ദേശിച്ചുവന്നു. അങ്ങനെ നിർദ്ദേശിക്കപ്പെടുന്ന ആളുകൾ മീനമാസം 1-തീയതി മുതൽ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളിൽ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേർത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചർമം മാംസത്തിൽ നിന്ന് വേർതിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാർ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തിൽ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു.
തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രദേശങ്ങളിൽ ബലികർമരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാട്
ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു. തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു..
പുരാതന കാലത്ത് ഏഴു ദിവസങ്ങളിലായാണ് തൂക്കം നടത്തപ്പെട്ടിരുന്നത്.തൂങ്ങിയ ഭക്തനെ ഏഴാം ദിവസമായിരുന്നു തൂക്കച്ചാടിൽ നിന്ന് ഇറക്കിയിരുന്നത്. ശ്രീപുത്തന്‍കാവിലമ്മയുടെ കടുത്ത ഭക്തയായ ഒരമ്മയുടെ പ്രാര്‍ത്ഥന മൂലം ദേവിയുടെ വെളിപാടുണ്ടായ അന്നത്തെ കാരണവർ പിന്നീട് അത് മൂന്നു പ്രദക്ഷിണമായി ചുരുക്കി. തൂക്കച്ചാടിലേറിയ ഭക്തനെ എടുത്ത് ദേവിക്ക് മൂന്നു പ്രദക്ഷിണം വയ്ക്കലായിരുന്നു പിന്നീട് ചെയ്തുവന്നിരുന്നത്. ഒന്നു മുതല്‍ ഏഴു തൂക്കം വരെ ഒറ്റത്തവണ നടന്നിരുന്നതായി ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നു . തൂങ്ങുന്ന ഭക്തൻ നാല്പ്പത്തൊന്നു നാൾ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ താമസിച്ച് പ്രത്യേക തിരുമൽ ചികിത്സക്കു ശേഷമാണ് തൂക്കച്ചാടിലേറുന്നത്. 32 അടി പൊക്കമുള്ള തൂക്കച്ചാടും കൊളുത്തും ദേവസ്വം ഇന്നും സൂക്ഷിച്ചു പോരുന്നു .
ദേവിയുടെ ഹിതം മാനിച്ചു നിർത്തലാക്കിയ ഈ ചടങ്ങ് ഇന്ന് ദേവിക്ക് പൂമൂടലായി പത്താമുദയനാളിൽ പുനർജനിച്ചു. ചുവന്ന പട്ടും ചിലങ്കയും വാളുമേന്തി തിരുവാഭരണം ചാർത്തി സർവ്വാലങ്കാരഭൂഷിതയായി നില്‍ക്കുന്ന പുത്തന്‍കാവിലമ്മയെ പത്താമുദയനാളിൽ ദർശിക്കുന്നതു തന്നെ ഒരു മനുഷ്യായുസ്സിന്റെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു . ദേവിയുടെ ഇഷ്ട വഴിപാട് കൂടിയായ പുഷ്പാഭിഷേകം വളരെയധികം ദർശനപ്രധാനമേറിയതുമാണ്. കഴിഞ്ഞ 27 വർഷമായി മുടക്കമില്ലാതെ ഇതു നടന്നു പോരുന്നു. എളവൂർകരയേയും മറ്റു നാല്പ്പതു കരയേയും ആനന്ദത്തിലാക്കുന്ന ഈ ചടങ്ങ് ഏപ്രില്‍ 24 ന് നടക്കുന്നു. എല്ലാവര്‍ക്കും ശ്രീ പുത്തന്‍കാവിലമ്മയുടെ പത്താമുദയ മഹോത്സവത്തിലേക്ക് സ്വാഗതം...
No comments:
Post a Comment