ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 11, 2013

പ്രദക്ഷിണവിധി


ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം.


 കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.

 ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം.


 സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.


ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.



പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.


പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്

Wednesday, November 13, 2013

വിദ്യാധിപനായി ശാസ്താവ്‌



കിഴക്ക്‌ കുതിരാന്‍, പടിഞ്ഞാറ്‌ എടത്തിരുത്തി, തെക്ക്‌ ഊഴത്ത,‌ വടക്ക്‌ അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാര്‍വ്വതീസമേതനായ പരമശിവനാണ്‌. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത്‌ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ തന്നെയാണ്‌.



ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശാസ്താവ്‌ എന്ന പേര്‌ കാലക്രമേണ ലോപിച്ചാണ്‌ തിരുവുള്ളക്കാവ്‌ ശാസ്താവായി മാറിയതെന്ന്‌ വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ്‌ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശാസ്താവ്‌ ജ്ഞാനമൂര്‍ത്തിയായ വിദ്യാശാസ്താവാണ്‌.



രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊടുംകാടിനുള്ളില്‍ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ്‌ വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ്‌ ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന്‌ കാണാന്‍ പോലും പ്രയാസമായ മൂന്ന്‌ ശിലകള്‍ മാത്രമാണുള്ളത്‌. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന്‌ നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ്‌ ഉള്ളത്‌. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ്‌ പതിവ്‌. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ്‌ ഉണ്ടായത്‌.



മോഹിനീ-ശിവ സംഗമത്തില്‍ പിറവിയെടുത്ത ശാസ്താവ്‌ നിത്യബ്രഹ്മചാരിയും, തപസ്വിയുമാണെന്നാണ്‌ പറയപ്പെടുക. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ പ്രഭ എന്ന പത്നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയാണ്‌ എന്നതാണ്‌ സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ്‌ ഉഗ്രരൂപിയായി ശാസ്താവ്‌ വസിച്ചുരുന്നുവത്രേ. അതുകൊണ്ട്‌ മഴനനയുന്ന ശാസ്താവിനെ ‘നനശാസ്താവ്‌’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ മഴമംഗലം നമ്പൂതിരിയാണ്‌ തിരുവുള്ളക്കാവ്‌ ക്ഷേത്രത്തത്തിന്‌ മേല്‍ക്കൂര നിര്‍മ്മിച്ച്‌ നല്‍കിയത്‌.


ഹൈന്ദവര്‍ സരസ്വതീദേവിയേയും ദക്ഷിണമൂര്‍ത്തിയേയുമാണ്‌ വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്‌. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ വിദ്യയുടെ ഉപാസകനായി മാറിയതിന്‌ പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്‌. മന്ദബുദ്ധിയായ പട്ടത്ത്‌ വാസു ഭട്ടതിരിക്ക്‌ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന്‌ ഇത്രയധികം പ്രാധാന്യം കൈവന്നത്‌.


ലോകസഞ്ചാരിയായ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ മഴമംഗലം നമ്പൂതിരി, ഭക്തനായ എടപ്പലത്ത്‌ നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെ ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വാസുഭട്ടതിരിക്കൊപ്പം ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച്‌ പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ്‌ വിദ്യാരംഭത്തിന്‌ ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടികളെ വിദ്യാരംഭം നടത്തുന്നത്‌ അവരുടെ ഭാവിശ്രേയസ്സിന്‌ ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ്‌ വിശ്വാസം.


തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്‌. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത്‌ ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന്‌ അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത്‌ ഏറ്റ്‌ ചൊല്ലും. തുടര്‍ന്ന്‌ വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട്‌ കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച്‌ അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന്‌ അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത്‌ കുട്ടി ഏറ്റ്‌ ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.


മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടത്താറുണ്ട്‌. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശാസ്താവും പ്രധാന പങ്കാളിയാണ്‌. ദേവസംഗമത്തിന്‌ തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത്‌ ഈ ക്ഷേത്രത്തില്‍ തന്നെയാണ്‌. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്‌.


അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ്‌ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്‌; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശാസ്താവ്‌ അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക്‌ നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.

Friday, October 18, 2013

ഐതിഹ്യമാല / കോട്ടയത്തുരാജാവ്

കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളിൽ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാർ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാൽ മുൻകാലങ്ങളിൽ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തിൽ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരൻ അഭൂതപൂർവമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാൻ പോകുന്നത്.


അക്കാലത്ത് ആ രാജകുടുംബത്തിൽ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷന്മാർ അവിടെ ഇദ്ദേഹത്തെക്കാൾ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തിൽ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകൻ കേവലം മൃതപ്രായമായിത്തന്നെ വളർന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാൽ യഥോചിതം വളർത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാൽ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരൻ, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്ക് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.

ഈ രാജകുമാരന് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയൽരാജ്യാധിപനായ അന്നത്തെ കോഴിക്കോട്ട് സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മിൽ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ട്. അങ്ങനെ പോവുകയോ വരികയോ ചെയ്താൽ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാൽ അവരുടെ പരസ്പരസംഭാ‌ഷണം ഗീർവാണഭാ‌ഷയിലാണ് പതിവ്. അതിനാൽ സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടുപോയി എന്നുള്ള വർത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്ക് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാട് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അടിയന്തിരം അന്വേ‌ഷിക്കുന്നതിന് കീഴ്മര്യാദപ്രകാരം ഒരാൾ പോകാതെയിരുന്നാൽ അത് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണ്. പോവുകയെന്നുവെച്ചാൽ ഏകദേശം പുരു‌ഷപ്രായം തികഞ്ഞിട്ട് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാൾ അവിടെ ചെന്നാൽ വല്ലതുമൊരു വാക്ക് ഗീർവാണത്തിൽ സംസാരിക്കണമെങ്കിൽ അറിഞ്ഞുകൂടാ. അവർ വല്ലതും പറഞ്ഞെങ്കിൽ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാൻഎന്താണു വേണ്ടത്? വലിയ കഷ്ടമായിത്തീർന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്ക് ചോദിച്ചാൽ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരൻ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീർച്ചപ്പെടുത്തി. അപ്പോൾ തന്റെ പുത്രനെ അടുക്കൽ ഇരുത്തി കോഴിക്കോട്ടു ചെന്നാൽ ചോദിക്കേണ്ടതായ "മയാ കിം കർത്തവ്യം" എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്ന് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരന് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാൽ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാൽ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിന് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചുല വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ച് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.


പരിവാരസമേതം രാജകുമാരനെയും കൊണ്ട് അതിവിദ്വാന്മാരായ ചില യോഗ്യന്മാർ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവർ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരൻ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടൻ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവ് വന്ന് യഥോചിതം എതിരേറ്റുകൊണ്ടുപോയി സൽക്കരിച്ചിരുത്തി. ഉടനെ രാജകുമാരൻ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താൻ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാൻ കഴിയാതെ "മയ കിം കർത്തവ്യം" എന്നു ചോദിച്ചു. രാജകുമാരൻ മയാ എന്നുള്ളതിന്റെ ദീർഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ട് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാൽ) കിം (എന്ത്) കർത്തവ്യം (ചെയപ്പെടേണ്ടത്) എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാൽ കോഴിക്കോട്ട് രാജാവ് പരിഹാസമായിട്ട് "ദീർഘോച്ചാരണം കർത്തവ്യം" എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവർ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം "ഞാനിപ്പോൾ ഇവിടെ എന്തു സഹായമാണ് ചെയ്യേണ്ടത്? ആവശ്യമുള്ളതിനെ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറാണ്" എന്നു വേണമല്ലോ പറയാൻ എന്നു വിചാരിച്ചാണ് രാജ്ഞി ആ അർത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടത്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.

കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ട് കൂടെയുണ്ടാ യിരുന്ന വിദ്വാന്മാർ വളരെ ലജ്ജിച്ച് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോൾ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചതിന് താൻ ദീർഘംകൂട്ടി ഉച്ചരിച്ചാൽ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവർക്ക് സിദ്ധിച്ചിട്ടില്ല. ഇപ്പോൾ ഈ കുമാരൻ നിമിത്തമാണല്ലോ ഇതിനു സംഗതിയായത്. ഇങ്ങനെയുള്ള പുത്രൻ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ച് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുപോയി ഇടുന്നതിന് ഉടനെ രാജഭടന്മാർക്കു കല്പന കൊടുത്തു. അവർ തൽക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.

കുമാരധാര എന്നു പറയുന്നത് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്. അവിടെ ഒരു മലയുടെ മുകളിൽ നിന്നും തുമ്പിക്കെവണ്ണത്തിൽ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ഉദ്ദേശം പതിറ്റാൾ താഴ്ചയിലാണ് അത് ചെന്നു വീഴുന്നത്. അവിടെ മാത്രനേരം കിടന്നാൽ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ട് മരിക്കാതെ ജീവിച്ചു കേറുന്നതിന് സംഗതിയായാൽ എത്ര മൂടന്മാരായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണ് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാൽ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീർച്ചയാണ്.

നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയിൽ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോൾ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാൻപോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്ന് അറികയാൽ രാജഭടന്മാർ എടുത്തു തൽക്ഷണം രാജ്ഞിയുടെ അടുക്കൽ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികൾ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂർണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീർന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണ് നാക്കെടുത്തു സംസാരിക്കാറായപ്പോൾ അദ്ദേഹത്തിന്റെ വചനനദികൾ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോൾ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങൾക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!
പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികൾ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ട് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണ് കോട്ടയം കഥകൾ എന്നു പ്രസിദ്ധായ നാലാട്ടക്കഥകളുടെ നിർമ്മാതാവ്.

മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ

എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തിൽ അതിനുമുമ്പ് ഉണ്ടായിരുന്ന രാജാക്കൻമാരെയെല്ലാരെയുംകാൾ കീർത്തിയോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്ത് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാൻ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികൾ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.

ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണ്. ഇത് ഉണ്ടാക്കിത്തീർത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോൾ അദ്ദേഹം മുഴുവൻ വായിച്ചു നോക്കീട്ട് "ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്ക് വളരെ നന്നായിരിക്കുന്നു" എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ തന്റെ കവിതയ്ക്കു ഗാംഭീര്യവും അർത്ഥപുഷ്ടിയും മതിയായില്ലെന്നാണ് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ച് പിന്നെ ഉണ്ടാക്കിയതാണ് "കിർമ്മീരവധം". അതും തീർന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥൻ അതു നോക്കീട്ട് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാൽ പഠിക്കുന്നവർക്ക് വ്യുത്പത്തിയുണ്ടാകാൻ നല്ലതാണ് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേതിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാൽ ഇനി ഇടമട്ടിലൊന്ന് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ച് മൂന്നാമത് അദ്ദേഹം ഉണ്ടാക്കിയതാണ് "കല്യാണസഗൗന്ധികം" ആട്ടകഥ. അതു ഗുരുനാഥൻ കണ്ടിട്ട് "കഥ ഇതായതുകൊണ്ട് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങൾ പറയും" എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനൻ കല്യാണസഗൗന്ധികം കൊണ്ടുവരാൻ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇനി ഉർവ്വശിയുടെ അപേക്ഷയെ അർജുനൻ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാൻ നാലാമത് "നിവാതകവചകാലകേയവധം" കഥയുണ്ടാക്കിക്കാണിച്ചു. അപ്പോൾ ഗുരുനാഥൻ "അത് ആട്ടക്കാർക്ക് ആടാൻ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോൾ മുറുക്കുള്ളവർക്കു മുറുക്കാനും മൂത്രമൊഴിക്കാൻ പോകേണ്ടവർക്ക് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാൽ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.

കല്യാണസഗൗന്ധികം ആട്ടകഥയിൽ "പഞ്ചസായകനിലയേ" എന്നുള്ളത് അബദ്ധപ്രയോഗമാണെന്നു ഗുരുനാഥൻ പറയുകയും എന്നാൽ അത് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാൻ അപേക്ഷിക്കുകയും ഗുരുനാഥൻ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേർക്കാൻ കഴിയായ്കയാൽ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പിന്നെ "ബകവധം" ആട്ടകഥയിൽ "കാടേ ഗതി നമുക്ക്" എന്നുള്ള പ്രയോഗത്തിൽ അറം വരികയാലാണ് ടിപ്പുസുൽത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതി യായതെന്നും കേൾവിയുണ്ട്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികൾ പറയാനുണ്ട്. വിസ്താരഭയത്താൽ ചുരുക്കുന്നു.

പ്രസിദ്ധനായ കോട്ടയത്തു തമ്പുരാൻ മഹാകവിയായ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.


രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാർ ഇന്നും ഉണ്ട്. ബ്രിട്ടീ‌ഷ് ഗവർമ്മേണ്ടിൽനിന്ന് മാലിഖാനും പറ്റി പൂർവ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.

Monday, October 7, 2013

വൃഷ്ണികുല നാശം:



യോഗ വിദ്യയിലൂടെ തന്‍റെ പ്രാണന്‍ ദേഹത്തില്‍ നിന്ന് വിമുക്തമാക്കാന്‍ കൃഷ്ണനാകുമായിരുന്നു. അദ്ദേഹം ഒരു ദേവനായിരുന്നു. എന്നാല്‍ മനുഷ്യ ജന്മമെടുത്തു മനുഷ്യര്‍ക്കിടയില്‍ ജീവിച്ച കൃഷ്ണന്‍ മനുഷ്യോചിതമായ മരണവും കാംക്ഷിച്ചു. ഒരു കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ കൃഷ്ണന്‍ ഒരു വൃക്ഷ ചുവട്ടില്‍ വെറും നിലത്തു കിടന്നു.സുഷുപ്തിയില്‍ അമര്‍ന്നപ്പോഴും ദേവസമാനമായ ആ പുണ്യ പാദങ്ങള്‍ ഇളകിക്കൊണ്ടിരുന്നു. 'ഭഗവാന്‍റെ ഉള്ളം കാല്‍ ഭേദിക്കപ്പെട്ടാല്‍ മാത്രമേ മരണം സംഭവ്യമാകൂ' എന്ന് ദുര്‍വ്വാസാവു മുനി അനുഗ്രഹിച്ചിരുന്നു. ആ അനുഗ്രഹം ഫലവത്താകുന്ന നിമിഷത്തിനു വേണ്ടി കൃഷ്ണന്‍ കാത്തു.


കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന വേടന്‍ ദൂരെനിന്നു കൃഷ്ണ ശരീരം ദര്‍ശിക്കാന്‍ ഇടയായി.ഏതോ ഒരു മാനിന്‍റെ ശരീരമായി, മഞ്ഞ പട്ടില്‍ പൊതിഞ്ഞിരുന്ന കൃഷ്ണ പാദങ്ങള്‍ വേടനു തോന്നി. മാനിനെ കൊല്ലാനുള്ള തിടുക്കത്തില്‍ അയാള്‍ ശരം തൊടുത്തു. ശരം ലക്ഷ്യം തെറ്റാതെ കൃഷ്ണ പാദം തുളച്ചു കയറി. ഈ അമ്പ് ഉണ്ടാക്കിയതാകട്ടെ, സമുദ്ര തീരത്തു നിന്ന് വേടനു കിട്ടിയ ഇരുമ്പിന്‍റെ കഷണം കൊണ്ടായിരുന്നു എല്ലാം ഒന്നിനോടൊന്നു ചേര്‍ന്ന് സംഭവിച്ചിരിക്കുന്നു.


വേദന സഹിയാതെ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വേടന്‍, മാനിനു പകരം, ദിവ്യ രൂപിയായ മനുഷ്യനെ കണ്ട് കുറ്റബോധത്താല്‍ അയാള്‍ വിതുമ്പി. അസഹ്യമായ വേദന കടിച്ചമര്‍ത്തുന്നതിനിടയിലും, കൃഷ്ണന്‍ വേടനെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു 'വിഷമിക്കരുത്! യാത്ര പറയാനുള്ള ഉചിത മാര്‍ഗ്ഗം തേടിയലഞ്ഞ എനിക്ക് നീ വഴികാട്ടിയായി. എനിക്ക് നിന്നോട് നന്ദിയും കടപ്പാടും ഉണ്ട്.' അന്ത്യ യാത്രക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന കൃഷ്ണനെ പരിചരിക്കാന്‍ വേടന്‍ തന്നാലാവതും ശ്രമിച്ചു,


ഒന്നും ഫലവത്തായില്ല. കൃഷ്ണന്‍ ദേഹ വിമുക്തനായി. പോകുന്ന മാര്‍ഗ്ഗമെല്ലാം പ്രഭ പരത്തികൊണ്ട് ആ ദിവ്യ രൂപം സ്വധാമത്തില്‍ എത്തി ചേര്‍ന്നു. വിഭുവായ കൃഷ്ണന്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങി. ധര്‍മ്മത്തിന്‍റെ ഒരു പാദം കൂടി നഷ്ടപ്പെട്ട്, കലി ഭൂമിയെ കീഴ്‌പെടുത്താന്‍ തയ്യാറെടുത്തു. (ഈ വേടന്‍ ത്രേതായുഗത്തിലെ ബാലിയായി പുരാണം വിവക്ഷിക്കുന്നു.)
ദാരുകന്‍ ഹസ്തിനപുരത്തില്‍ എത്തി, കൃഷ്ണ ദൌത്യം അര്‍ജ്ജുനനെ അറിയിച്ചു. കനത്ത ദുഃഖം പുറത്തു പ്രകടിപ്പിക്കാതെ, അര്‍ജ്ജുനന്‍ കൃഷ്ണന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം യുധിഷ്ടിരനെ അറിയിച്ചു. നടക്കാനിരിക്കുന്ന അശുഭ സംഭവങ്ങളൊന്നും ആ നിമിഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ എത്തിയില്ല. യുധിഷ്ടിരന്‍ അര്‍ജ്ജുനനെ ഏറെക്കുറെ സന്തോഷത്തോടെ യാത്രയാക്കി. ദ്വാരകയിലെത്തിയ അര്‍ജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവില്‍, ബലരാമന്‍റെ ഭൌതിക ശരീരം ഒരു വൃക്ഷച്ചുവട്ടില്‍ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവില്‍, കൃഷ്ണ ശരീരവും അര്‍ജ്ജുനന്‍ ദര്‍ശിച്ചു, 'എനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്‍റെ മാധവാ! ഇനി ഞങ്ങള്‍ക്ക് ആരുണ്ട്? നാഥനില്ലാതായ ഞങ്ങള്‍ ഇനി എങ്ങനെ ദിവസങ്ങള്‍ കഴിക്കും? പ്രിയനായ എന്നോട് യാത്ര പോലും പറയാതെ അങ്ങു പോയല്ലോ..' ദുഃഖം ഉള്ളിലടക്കി അര്‍ജുനന്‍ ആ വിശിഷ്ട ദേഹങ്ങള്‍ ദ്വാരകയില്‍ എത്തിച്ചു. വസുദേവരോട്, അടുത്ത നടപടിയെ പറ്റി ആലോചിക്കാന്‍ എത്തിയ അര്‍ജ്ജുനന്‍ കണ്ടത് വസുദേവരുടെ ചേതനയറ്റ ശരീരമാണ്. 'എന്തേ ഇങ്ങനെ എല്ലാവരും ഒരുമിച്ച് ' അര്‍ജ്ജുനന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മൃതശരീരങ്ങള്‍ അദ്ദേഹം യഥാവിധി സംസ്‌ക്കരിച്ചു. ആ മൃതശരീരങ്ങള്‍ക്കൊപ്പം അഗ്‌നിയില്‍ ചാടി അവരുടെ ഭാര്യമാര്‍ 'സതി ' ആചരിച്ചു. ദ്വാരക കിളി ഒഴിഞ്ഞ കൂടായി! ചടങ്ങുകള്‍ കഴിയേണ്ട താമസം മാത്രം ബാക്കി വെച്ച് ദ്വാരകയിലേക്ക് വെള്ളം കയറി തുടങ്ങി.


ദാരുകനോട് ചേര്‍ന്ന് അര്‍ജ്ജുനന്‍ ശേഷിച്ച ജനങ്ങളേയും, കുട്ടികളേയും ഹസ്തിനപുരിയിലേക്ക് കൂട്ടി. ഈ ജനങ്ങളെ നയിക്കാനുള്ള ശക്തി തന്നില്‍ നിന്ന് ചോര്‍ന്നു പോകുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു. യാത്രക്കിടയില്‍ ഒരു വിശ്രമ താവളത്തില്‍ എത്തിയ അവരെ കൊള്ളക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ച അര്‍ജ്ജുനന്‍ ആ സത്യം മനസ്സിലാക്കി തന്‍റെ ഗാണ്ഡീവത്തിന്‍റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അസ്ത്രം തൊടുക്കുമ്പോള്‍ പഴയ കൈവേഗം കിട്ടുന്നില്ല. ' എന്‍റെ മാധവാ! അങ്ങെന്തിന് എന്നെ വിട്ടു പോയി? ഞാന്‍ അങ്ങയെ കാണാന്‍ കൊതിക്കുന്നു മാധവാ! അങ്ങില്ലാത്ത ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കാവില്ല.. നോക്കു! എല്ലാ ചൈതന്യവും ഭൂമിയില്‍ നിന്ന് വിട്ടു പോയിരിക്കുന്നു! അങ്ങ് കാണുന്നില്ലേ സഖേ!' കൊള്ളക്കാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന ധനം കൊള്ളക്കാര്‍ കവര്‍ന്നു. സുന്ദരികളായ പല സ്ത്രീകളേയും അവര്‍ വശപ്പെടുത്തി കൂടെ കൊണ്ടു പോയി. കൂട്ടക്കരച്ചിലിനിടയില്‍, അര്‍ജുനന്‍ അവരെ രക്ഷിക്കാനായി തന്നാലാവും വിധം കഠിനമായി ശ്രമിച്ചു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ധനുര്‍ധാരിയായ അര്‍ജ്ജുനന്‍റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു. ശേഷിച്ച ജനങ്ങളേയും കൂട്ടി,ഏറെ കഷ്ടപ്പെട്ട് അര്‍ജ്ജുനന്‍ ഹസ്തിന പുരത്തില്‍ എത്തി ചേര്‍ന്നു. മാധവപാദ സ്പര്‍ശം ഭൂമിയില്‍ ഇല്ലാതായതോടെ ഭൂമിദേവിയുടെ 'ശ്രീ' അസ്തമിച്ചതായി കരുതപ്പെടുന്നു.


ആ പുണ്യ പാദസ്മരണയിലൂടെ, കലിയുഗ ഭക്തരായ നമുക്കും സായൂജ്യം കണ്ടെത്താം!!

Thursday, September 12, 2013

തുളസിയുടെ വിവാഹം

രാധയുടെ ശാപംകൊണ്ട് സുദാമാവ് എന്ന ഗോപാലന്‍ ശംഖചൂഡനായ അസുരനായി ജനിച്ചു. അയാള്‍ ബദരികാശ്രമത്തില്‍ച്ചെന്ന് തപസ്സു ചെയ്തു. തുളസിയെ വിവാഹം ചെയ്യണമെന്നുള്ളത് ശംഖചൂഡന്റെ തപോലക്ഷ്യമായിരുന്നു. തപസ്സു ചെയ്ത് അയാള്‍ വിഷ്ണുകവചവും സമ്പാദിച്ചു. വിഷ്ണുകവചം ശരീരത്തില്‍നിന്ന് മാറുകയും ഭാര്യയുടെ പാതിവ്രത്യം നശിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന വരവും ബ്രഹ്മാവില്‍നിന്ന് വാങ്ങി അയാള്‍ തിരിച്ചുവന്നു.


വനാന്തരത്തില്‍വച്ച് പരസ്പരം കണ്ട ശംഖചൂഡനും തുളസിയും തമ്മില്‍ വിവാഹവും നടന്നു. ദേവഗണങ്ങള്‍ക്ക് പോലും അസൂയ തോന്നത്തക്ക പ്രഭാവത്തോടുകൂടി തുളസിയും ശംഖചൂഡനും രമിച്ചുനടന്നു-ദേവന്മാര്‍ക്ക് അയാളില്‍നിന്നും പല കഷ്ടതകളും അനുഭവിക്കേണ്ടിവന്നു.ഗത്യന്തരമില്ലാതെ ബ്രഹ്മാവും ശിവനും ദേവഗണങ്ങളുംകൂടി മഹാവിഷ്ണുവിനെ അഭയംപ്രാപിച്ചു.


ശംഖചൂഡനെ വധിക്കാന്‍വേണ്ടി മഹാവിഷ്ണു തന്റെ ശൂലം പരമശിവന്റെ പക്കല്‍ കൊടുത്തയച്ചു. പക്ഷെ ഒരു പ്രശ്‌നം- തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വന്നാലേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ. അതിനെന്താണ് പോംവഴി? തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്താനുറച്ച് വിഷ്ണുവും ഭൂമിയിലേക്ക് പുറപ്പെട്ടു. ശംഖചൂഡന്‍, ശിവനുമായി യുദ്ധം ചെയ്യുന്നതിന്, തുളസിയോട് യാത്രാനുവാദവും വാങ്ങി പടക്കളത്തിലേക്ക് തിരിച്ചു. ആ തക്കം നോക്കി, മഹാവിഷ്ണു ശംഖചൂഡന്റെ വേഷം ധരിച്ച് തുളസിയുടെ സമീപത്തെത്തി. അവര്‍ വിനോദങ്ങള്‍ പറഞ്ഞ് ആര്‍ത്തുല്ലസിച്ച് കുറേ സമയം ചെലവാക്കി. ഒടുവില്‍ അവര്‍ ശയനമുറിയില്‍ പ്രവേശിച്ചു.


ശംഖചൂഡന്റെ രീതികണ്ട് തുളസിക്ക് അയാളില്‍ സംശയം തോന്നി. കൃത്രിമശംഖചൂഡനെ ശപിക്കാന്‍ അവള്‍ ചാടിയെഴുന്നേറ്റു. അപ്പോള്‍ മഹാവിഷ്ണു സ്വന്തം രൂപത്തില്‍ തുളസിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാന്‍ തുളസിയോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ നിനക്ക് ഭര്‍ത്താവായി വരാന്‍വേണ്ടി വളരെക്കാലം തപസ്സു ചെയ്തവളാണല്ലോ നീ- നിന്റെ ഭര്‍ത്താവായ ശംഖചൂഡന്‍ എന്റെ പാര്‍ഷദന്മാരില്‍ പ്രധാനിയായ സുദാമാവാണ്. അവന്‍ ശാപമോക്ഷം കിട്ടി തിരിച്ചുപോകേണ്ട സമയം ആസന്നമായിരിക്കുന്നു. നിനക്ക് എന്റെ പത്‌നിയാകാനുള്ള സമയവും വന്നിരിക്കുന്നു. ശിവന്‍ ശംഖചൂഡനെ നിഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ സുദാമാവായിത്തന്നെ ഗോലോകത്ത് ചെന്നു ചേര്‍ന്നുകഴിഞ്ഞു. നിനക്കും ഇനി ഈ ദേഹമുപേക്ഷിച്ച് എന്നോടൊത്തം വൈകുണ്ഠത്തില്‍ വന്ന് രമിക്കാം:

ബദരികാശ്രമത്തില്‍ ബ്രഹ്മാവ് തന്നോടു പറഞ്ഞതെല്ലാം തുളസി ഓര്‍ത്തു. തുളസിക്ക് എല്ലാം മനസ്സിലായി. ഭഗവാന്‍ വിഷ്ണു വീണ്ടും പറഞ്ഞു: നിന്റെ ശരീരം ഇവിടെ കിടന്ന് ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകും. നിന്റെ തലമുടി ഈ ലോകത്തില്‍ തുളസിച്ചെടിയായിത്തീരും-തുളസീദളം മൂന്നുലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരും.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ തുളസി ലക്ഷ്മിയുടെ രൂപം ധരിച്ചു- മഹാവിഷ്ണുവും ലക്ഷ്മീദേവിയും വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി.



തുളസിച്ചെടിയുടെ മഹാത്മ്യം



ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌.

ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.

തുളസിതറയില്‍ വിളക്ക്‌ വച്ച്‌ പ്രദക്ഷിണം ചെയ്യുന്നത്‌ സുഖഫലങ്ങള്‍ നല്‍കുമെന്ന്‌ വിശ്വിസിക്കുന്നു. തുളസിയുടെ അഗ്രത്തില്‍ ബ്രഹ്മാവും അടിയില്‍ ശങ്കരനും മധ്യഭാഗത്ത്‌ മഹാവിഷ്ണുവും സ്ഥിതിചെയ്യുന്നു എന്നാണ്‌ ഐതീഹ്യം.

ദീര്‍ഘസുമംഗലിയായി ജീവിക്കാന്‍ തുളസീപൂജ സഹായിക്കുമെന്നാണ്‌ വിശ്വാസം. തുളസിയിലയിട്ടവെള്ള ഗംഗാതീര്‍ത്ഥം പോലെ പവിത്രമാണെന്ന്‌ കരുതുന്നു. തുളസി വിഷ്ണുവിനെ ആരാധിച്ചിരുന്നതിനാല്‍ വിഷ്ണുപ്രിയ എന്നും തുളസിക്ക്‌ പേരുണ്ട്‌.

സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന്‌ സമാനമാണ്‌ തുളസിയെ പൂജിക്കുന്നത്‌ എന്ന്‌ പുരാണകഥകള്‍ തന്നെ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന്‌ രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ്‌ വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്‌.

എന്നാല്‍ തുളസി കൊണ്ട്‌ ഗണപതിക്ക്‌ അര്‍ച്ചന നടത്താറില്ല. പഴക്കം ചെന്ന തുളസികൊണ്ടും വിഷ്ണുവിനെ ആരാധിക്കാം.

Friday, August 23, 2013

കല്യാണസൌഗന്ധികം ആട്ടക്കഥ




രചയിതാവ്: കോട്ടയത്ത് തമ്പുരാന്‍


കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കഥകളിയാണ് കല്യാണസൗഗന്ധികം. പ്രണയിനിയുടെ അഭീഷ്ടം നിറവേറ്റാനായി ഒരു പൂവുതേടി നായകൻ യാത്രയാവുന്ന കഥാതന്തുവിന്റെ സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യം എന്നിവയെല്ലാം ഇതിനു കാരണമാകാം. സൗഗന്ധികകഥ പല കേരളീയകലാരൂപങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.മാണി നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ സൗഗന്ധികകൃതി. കുഞ്ചൻ നമ്പ്യാരുടെ തുള്ളലായും മറ്റനേകം ദൃശ്യകലാരൂപങ്ങളായും സൗഗന്ധികകഥ കേരളീയമനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാർത്തികതിരുനാൾ ഇതേ പേരിൽ മറ്റൊരു ആട്ടക്കഥ കൂടി രചിച്ചിട്ടുണ്ടെങ്കിലും അത് പ്രചാരത്തിലായില്ല.


മഹാഭാരതത്തിൽ ഈ കഥയുടെ പേര് 'സൗഗന്ധികാഹരണം' എന്നാണ്. കല്യാണസൗഗന്ധികം എന്ന മനോഹരനാമധേയം തന്നെ നൽകപ്പെട്ടത് നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തോടെയാണ്. കല്യാണകരമായ സൗഗന്ധികപുഷ്പത്തിന്റെ കഥ എന്നോ കല്യാണകൻ എന്ന ഗന്ധർവ്വൻ കഥാപാത്രമായി വരുന്ന കൃതി എന്നോ കല്യാണസൗഗന്ധികമെന്ന വാക്കിന് നിഷ്പത്തി പറയാം.


നീലകണ്ഠകവിയുടെ കൽപ്പനകളെ ഉചിതമായി സ്വാംശീകരിച്ചും, അപൂർവ്വസുന്ദരങ്ങളായ കൽപ്പനാചാതുരികൾ നിർമ്മിച്ചും ആണ് കോട്ടയത്തു തമ്പുരാൻ സൗഗന്ധികരചന സാക്ഷാത്കരിച്ചിരിക്കുന്നത്. രൺറ്റു യുഗങ്ങളെ ഉല്ലംഘിയ്ക്കുന്ന സഹോദരസ്നേഹത്തിന്റെ കഥയായി തമ്പുരാൻ സൗഗന്ധികത്തെ വായിച്ചെടുക്കുന്നു. ഇരുവർക്കുമിടയിൽ അവരുടെ വാൽസല്യനിധിയായ പിതാവിന്റെ - വായുദേവന്റെ അദൃശ്യസാനിദ്ധ്യവും ഉണ്ട്. പ്രണയസല്ലല്പം ചെയ്യുന്ന ഭീമസേനനും പാഞ്ചാലിയ്ക്കും ഇടയിൽ സൗഗന്ധികപുഷ്പം കൊണ്ടുവന്നിടുന്നതു തന്നെ 'വാൽസല്യനിധിയായ കാറ്റ്' ആണ്. മിക്കവാറും എല്ലാ പദങ്ങളിലും 'കാറ്റ്' എന്നർത്ഥം വരുന്ന സംജ്ഞകളുടെ സാനിദ്ധ്യമുണ്ട്. സൗഗന്ധികപുഷ്പം തേടി ഗന്ധമാദനതാഴ്വരകളിലൂടെ യാത്രയാവുന്ന ഭീമസേനൻ " സുന്ദരിയായ പാഞ്ചാലിയുടെ ചടുലചാരുകടാക്ഷങ്ങളെ" പാഥേയമാക്കി ആണ് പോകുന്നത്. മനോഹരമായ കാവ്യബിംബങ്ങളെക്കൊണ്ടും രചനാസൗഷ്ഠവം കൊണ്ടും അനുഗൃഹീതമായ ആട്ടക്കഥയാണ് കല്യാണസൗഗന്ധികം.


മൂലകഥ

മഹാഭാരതം വനപര്‍വ്വത്തില്‍ പലയിടത്തായി പറഞ്ഞിരിക്കുന്ന കഥകൾ സമന്വയിപ്പിച്ചാണ് കോട്ടയം തമ്പുരാൻ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. എൺപത്തിനാലാം അദ്ധ്യായം മുതൽ സൗഗന്ധികം ആട്ടക്കഥയിലെ കഥാസന്ദർഭങ്ങല് മഹാഭാരതത്തിൽ കാണാം. വനപർവ്വം മുപ്പത്തിമൂന്നാം അദ്ധ്യായത്തിലെ കഥയാണ് 'ശൗര്യഗുണം' എന്ന രംഗത്തിന് ആധാരം. തൊന്നൂറ്റി ഒന്നാം അദ്ധ്യായത്തെ അധികരിച്ചാണ് രണ്ടാം രഗം രചിക്കപ്പെട്ടിട്ടുള്ളത്. 118 മുതൽ 120 വരെയുള്ള വനപർവ്വത്തിലെ അദ്ധ്യായങ്ങളിൽ വിവരിയ്ക്കപ്പെടുന്ന കഥയെ അടിസ്ഥാനമാക്കിയാണ് മൂന്നാം രംഗം രചിയ്ക്കപ്പെട്ടിട്ടുള്ളത്. മഹാഭാരതത്തിൽ സൗഗന്ധികാഹരണകഥയ്ക്കു ശേഷമാണ് ജടാസുരവധം ( അദ്ധ്യായം 157) സൗഗന്ധികാപഹരണകഥയ്ക്കു മുൻപുള്ള രണ്ട് രംഗങ്ങളാക്കി ജടാസുരവധാഖ്യാനത്തെ കോട്ടയം തമ്പുരാൻ മാറ്റിയിട്ടുണ്ട്.



കഥാസാരം

അര്‍ജ്ജുനന്‍ ദിവ്യാസ്ത്രസിദ്ധിക്കായി ശിവനെ തപസ്സ് ചെയ്ത് പാശുപതാസ്ത്രം ലഭിച്ചു. തുടര്‍ന്ന് പിതാവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം സ്വര്‍ഗ്ഗത്തില്‍ എത്തി. ഇന്ദ്രന്‍ അര്‍ദ്ധാസനം നല്കി അര്‍ജ്ജുനനെ ആദരിച്ചു. ആ സമയം മറ്റുള്ള പാണ്ഡവര്‍ വനത്തില്‍ പാഞ്ചാലീസമേതം കഴിയുന്നു. ഇതാണ് സൗഗന്ധികകഥയുടെ പശ്ചാത്തലം.


അങ്ങനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ദുര്യോധനന്റെ ദുഷ്കര്‍മ്മങ്ങള്‍ വിചാരിച്ച് ക്രോധാന്ധനായി ധര്‍മ്മപുത്രരുടെ അടുത്ത് വന്ന് കൗരവന്മാരെ ഒന്നാകെ നശിപ്പിക്കാന്‍ താനൊരുത്തന്‍ മതിയെന്നും അതിന്‌ അനുവാദം നല്കണമെന്നും അപേക്ഷിച്ചു. ധര്‍മ്മപുത്രര്‍ അനുജനെ സമാധാനിപ്പിച്ചു. ദിവ്യാസ്ത്രലബ്ധിക്കായി പോയ അര്‍ജ്ജുനന്റെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ധര്‍മ്മജാദികള്‍ അര്‍ജ്ജുനനെപറ്റി വിചാരിച്ച് ദുഃഖിച്ചിരിക്കുകയായിരുന്നു.


ആ സമയം ഇന്ദ്രന്‍ പറഞ്ഞയച്ചതനുസരിച്ച് രോമശന്‍ എന്ന മഹര്‍ഷി ധര്‍മ്മപുത്രാദികളുടെ അടുത്ത് വന്ന് അര്‍ജ്ജുനവൃത്താന്തങ്ങള്‍ അറിയിച്ചു. മാത്രമല്ല താമസം കൂടാതെ ദേവലോകത്തുനിന്ന് അര്‍ജ്ജുനന്‍ ധര്‍മ്മപുത്രാദികളുടെ അടുത്ത് എത്തുമെന്നും അറിയിച്ചു.


ഇതില്‍ സന്തോഷഭരിതരായ പാണ്ഡവർ രോമശന്റെ സഹായത്തോടെ പുണ്യസ്നാനം ചെയ്തും സദ്സംഗങ്ങൾ നടത്തിയും വിശിഷ്ടരായ മഹര്‍ഷികളുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചും കാലം കഴിച്ചു.പിന്നീട് അവര്‍ അഗസ്ത്യാശ്രമത്തില്‍ എത്തി മുനിയെ വന്ദിച്ചു. ഈ സമയം ശ്രീകൃഷ്ണനും അവിടെ എത്തി പാണ്ഡവരെ ആശ്വസിപ്പിച്ചു.


രോമശന്‍ യാത്രപറഞ്ഞ് പോയതിനുശേഷം, ജടാസുരന്‍ എന്നൊരു രാക്ഷസന്‍ പാണ്ഡവരെ നിഗ്രഹിക്കാന്‍ ആഗ്രഹിച്ച് കപടബ്രാഹ്മണവേഷം കെട്ടി അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധര്‍മ്മപുത്രരെ അറിയിച്ചു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ സമ്മതിച്ചു. ജടാസുരനു ഭീമനെ സംശയം ഉണ്ടായിരുന്നു. ഭീമന്‍ നായാട്ടിന്‌ പോയ തക്കം നോക്കി ജടാസുരന്‍ സ്വരൂപം ധരിച്ച് ധര്‍മ്മപുത്രാദികളെ അപഹരിച്ചു. അപ്പോള്‍ സഹദേവന്‍ എങ്ങനേയോ അസുരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഭീമനെ തേടിപ്പിടിച്ച് വിവരങ്ങള്‍ പറഞ്ഞു. ഉടന്‍ ഭീമന്‍ ജടാസുരനെ യുദ്ധത്തില്‍ വധിച്ചു.


വീണ്ടും പാണ്ഡവര്‍ യാത്ര തുടര്‍ന്നു. പിന്നേയും കൊടുംകാട്ടില്‍ നടന്ന് തളര്‍ന്നവശനായ പാഞ്ചാലിയുടെ ആവലാതി കേട്ട് ഭീമന്‍, തന്റെ മകനായ ഘടോല്‍ക്കചനെ സ്മരിക്കുകയും ഘടോല്‍ക്കചന്‍ ഭൃത്യന്മാരുമായി ഉടന്‍ പാണ്ഡവസമീപം എത്തുകയും ചെയ്തു. ഭീമന്റെ ആജ്ഞ അനുസരിച്ച് ഘടോല്‍ക്കചന്‍ പാഞ്ചാലിയേയും പാണ്ഡവരേയും തോളത്ത് എടുത്ത് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിച്ചു. അങ്ങനെ അവര്‍ വടക്കൻ ദേശത്തിലുള്ള ഗന്ധമാദനപര്‍വ്വതത്തിന്റെ സമീപത്തെത്തി.


ഗന്ധമാദനപര്‍വ്വതസീമയില്‍ താമസിക്കുന്ന ഒരു ദിവസം പാഞ്ചാലിക്ക് അതുവരെ കണ്ടിട്ടില്ലാത്ത സൗഗന്ധിക പുഷ്പങ്ങള്‍ കാറ്റില്‍ പറന്ന് വന്ന് കിട്ടി. സൗഗന്ധികപുഷ്പങ്ങളുടെ ഭംഗിയും സൗന്ദര്യവും കണ്ട് ഇനിയും ഇത്തരം പുഷ്പങ്ങൾ കിട്ടണമെന്ന് പാഞ്ചാലി ഭർത്താവായ ഭീമനോട് ആവശ്യപ്പെട്ടു. തന്റെ പ്രേയസിയുടെ ഇംഗിതം സാധിപ്പിക്കാനായി ഭീമന്‍ ഗദാധാരിയായി ഉടനെ പുറപ്പെട്ടു.


അനേകദൂരം സഞ്ചരിച്ച് ഉന്നതങ്ങളായ പര്‍വ്വതങ്ങളും മഹാവനങ്ങളും കടന്ന് ഭീമന്‍ കദളീവനത്തില്‍ എത്തി. കടടിച്ച് പൊളിച്ചുള്ള ഭീമന്റെ വരവ് കാരണം കദളീവനത്തില്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് ഇരിക്കുന്ന ഹനൂമാന്‌ തപോഭംഗം ഉണ്ടായി. മനക്കണ്ണുകൊണ്ട് തന്റെ തപോഭംഗത്തിനുള്ള കാരണം ഹനൂമാന്‍ മനസ്സിലാക്കി. തന്റെ അനുജനായ ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനൂമാന്‍ ഭീമനെ ഒന്ന് പരീക്ഷിച്ച് സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നെല്ലാം പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനൂമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടി കിടന്ന് പൊയ്ക്കോള്ളാനും ഹനൂമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ച് വെച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന്‌ പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണേന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനൂമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനൂമാനെ നംസ്കരിച്ചു. തുടര്‍ന്ന് സമുദ്രലംഘനരൂപം കാണിച്ചുതരുവാന്‍ ഹനൂമാനോട് ആവശ്യപ്പെട്ടു. ഹനൂമാന്‍ ആവും വിധം ചുരുക്കി സമുദ്രലംഘനരൂപം കാണിച്ചുകൊടുത്തു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സൗഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം ഹനൂമാന്‍ ഭീമനു പറഞ്ഞുകൊടുത്തു. ഭീമനെ യാത്രയാക്കി വീണ്ടും തപസ്സില്‍ മുഴുകി. ഭീമനാകട്ടേ പിന്നേയും ഉത്തരദിക്കില്‍ സഞ്ചരിച്ച് വൈശ്രവണന്റെ ഉദ്യാനത്തിലെത്തുകയും ഉദ്യാനപാലകന്മാരായ രാക്ഷസന്മാരെ നിഗ്രഹിച്ച് അവിടെയുള്ള കല്‍ഹാരവാപിയില്‍ നിന്നും ധാരാളം സൗഗന്ധികങ്ങള്‍ സംഭരിച്ച്‌ മടങ്ങി തന്റെ ദയിതയായ പാഞ്ചാലിക്ക് കൊടുത്ത് കൃതകൃത്യനായി

Thursday, August 15, 2013

ഐതിഹ്യമാല / ചെമ്പകശ്ശേരിരാജാവ്

പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ)[1] ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു.

രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കൽച്ചെന്ന് "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു.

 ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛംനിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാർക്കു കൊടുത്തിട്ട്" നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.


ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണ്. ഇന്നു മുതൽ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം" എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.


പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാൽ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതിൽ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമനമൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു.

അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർരാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാൽ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നുതന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ'പുളിക്കൽ' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാൻ'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.


അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).

പുളിക്കൽച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർകൂടി ഇദ്ദേഹത്തിന്റെ ഊരാൺമസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർക്ഷേത്രത്തിന്റെ വടക്കെനടയിൽ മതിൽപുറത്ത് മതിലിനോടു ചേർന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കൽമഠത്തിൽ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നുഎങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിന് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതിൽക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂർക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂർ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതിൽ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.

ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാൻ' എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂർ മഠത്തിൽവെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ'വേലിയാംകോൽ' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണ്.

Saturday, July 27, 2013

അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്



ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണ്  പ്രാമുഖ്യം കൂടുതല്‍.



ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം  തപസ്വിയും ധർമ്മശാസ്താവുമായ അയ്യപ്പന്റതാണ്.  എന്നാല്‍  ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.



പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണ് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.


പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണ് പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണ് ദേവി.


പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോട് കൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.


പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാ സമേതനായ ധര്‍മ്മശാസ്താ  സങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാ ദേവിമാരുടെ സമന്വയഭാവമാണ് പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാ സമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.



ഒരേ ദേവനെ വിവിധ രൂപത്തിലും (ബാല, കുമാര, ഗൃഹസ്ഥ, തപസ്വി) ഭാവത്തിലും (ശാന്ത, വീര, രൗദ്ര) ആരാധിക്കുക എന്നത് സനാതന ധര്‍മ്മത്തിന്റെ അനേകായിരം സവിശേഷതകളില്‍ ഒന്നുമാത്രമാണ്.

Wednesday, June 5, 2013

പാഴൂര്‍ പെരും തൃക്കോവില്‍



എറണാകുളത്തു നിന്നും പിറവത്തേക്കുള്ള ബസില്‍ കയറി പാഴൂര്‍ അമ്പലപ്പടിക്കല്‍ ഇറങ്ങിയാല്‍ പാഴൂര്‍ പെരും തൃക്കോവില്‍ കാണാം. നദീതീരത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി പെരും തൃക്കോവില്‍ സ്ഥിതി ചെയ്യുന്നു.

ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും ചുറ്റമ്പലവും ബലിക്കല്‍പ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം. ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കല്‍ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു.ശ്രീകോവിലിന്റെ ഭിത്തിയില്‍ പുരാതനമായ ഏതാനും ചുവര്‍ചിത്രങ്ങളും കാണാം.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ ശതകലശമാണ്‌. പുഴയില്‍ നിന്നു വെള്ളം മുക്കി കൊണ്ടുവന്ന് നൂറ്റൊന്നുകുടം വെള്ളം ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക അതാണ്‌ ശതകലശം എന്ന് അറിയപ്പെടുന്നത്‌. ഇവിടത്തെ ഉച്ചശീവേലിക്ക്‌ മൂന്നു പ്രദക്ഷിണം ഉണ്ടായിരിക്കും.

ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയില്‍ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂരു വന്നപ്പോള്‍ കിഴക്കോട്ടായത്‌ കാശിയെ അനുസ്മരിപ്പിക്കാനാണ്‌ എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേര്‍ന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. ഏതോ ശാന്തിക്കാരന്‍ പാതാളത്തില്‍ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ എന്ന വിശ്വാസത്താല്‍ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.പാഴൂര്‍ പടിപ്പുര എന്ന ജ്യോതിഷസ്ഥാപനത്തെപ്പറ്റി ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുള്ള കേരളീയരോട്‌ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ക്ഷേത്രത്തിനക്കരെയാണ്‌ പടിപ്പുര.ജ്യോതിഷാചാര്യനായിരുന്ന തലക്കളത്തൂര്‍ ഗോവിന്ദഭട്ടതിരിയുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. പടിപ്പുരയില്‍ വന്ന് പ്രശ്നം വയ്ക്കുന്നതിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും ജ്യോതിഷവിശ്വാസികള്‍ ദിവസേന വന്നുകൊണ്ടിരിക്കുന്നു.

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ നാട്ടുകാരായ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരൈതിഹ്യം നിലവിലുണ്ട്‌. ക്ഷേത്രം ഉണ്ടാക്കുന്നതിനു മുമ്പും പടിപ്പുര ഉണ്ടായിരുന്നു.കുടുംബപ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പടിപ്പുരയ്ക്കല്‍ വന്നു. പകല്‍ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയില്‍ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുര്‍ഭാവത്തിലാണ്‌ ജ്യോത്സ്യര്‍ക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണപ്രകാരം ജ്യോത്സ്യര്‍ക്കു ബോധ്യം വന്നു. ഇന്നു സമയമില്ല, നാളെ വരൂ പ്രശ്നം വയ്ക്കാം എനു പറഞ്ഞു ജ്യോത്സ്യര്‍ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു.നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളില്‍ നിന്നു അല്‍പം അകലെ കരയോടടുത്തു മണല്‍പ്പരപ്പില്‍ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയില്‍ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞു. രാത്രിയില്‍ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തില്‍ കഴിഞ്ഞു കൂടി.തച്ചുശാസ്ത്രം അരിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി.ശിവക്ഷേത്രം പണിയാനുള്ള മാര്‍ഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്ത.പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാന്‍ ഇടയായതില്‍ ജ്യോത്സ്യര്‍ക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാന്‍ എന്താണു കാരണം?പ്രശ്നകര്‍മ്മങ്ങള്‍ക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകര്‍മ്മം എന്താണെന്ന് ജ്യോത്സ്യര്‍ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിര്‍മ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യര്‍ക്കു സമാധാനമായി. ഭഗവാന്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യര്‍ നമ്പൂതിരിയെ യാത്രയാക്കി.ഒരു ഇടപ്രഭുവിന്റെ വധശിക്ഷയില്‍ നിന്നു ഒരു ഹരിജന്‍ യുവാവിനെ രക്ഷിക്കാന്‍ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു.ക്ഷേത്രനിര്‍മ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂര്‍ ദേശത്ത്‌ എത്തിയപ്പോള്‍ താന്‍ രക്ഷിച്ച ഹരിജന്‍ യുവാവില്‍ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാന്‍ ഇടയായി.അയാള്‍ മണ്ണു കിളച്ചപ്പോള്‍ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ ക്ഷേത്രം ഉണ്ടായതെന്നു ഊഹിക്കാം."രക്ഷേല്‍ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ\അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിര്‍മ്മാണം.

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു മനോഹരക്ഷേത്രമാണ്‌ പാഴൂര്‍ പെരും തൃക്കോവില്‍. ഇപ്പോള്‍ അതിന്റെ ഭരണം കേരള ഊരാണ്മ ദേവസ്വം ബോര്‍ഡില്‍ നിന്നും നടത്തി വരുന്നു.ശിവരാത്രിയോടനുബന്ധിച്ചാണ്‌ ഉത്സവം. ക്ഷേത്രത്തില്‍ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണല്‍പ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങള്‍ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ശിവനും പാര്‍വ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവര്‍ക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാര്‍വ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.200 വര്‍ഷത്തെ പഴക്കമുള്ളതാണു പെരും തൃക്കോവില്‍ എന്നു തോന്നുന്നു. ക്ഷേത്രം കാണുമ്പോള്‍ സന്ദര്‍ശകര്‍ക്കും അങ്ങിനെയൊക്കെ തോന്നാനിടയുണ്ട്‌.

ക്ഷേത്രനിര്‍മ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ക്ഷേത്രം നിര്‍മ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോള്‍ കാലം നിര്‍ണ്ണയിക്കാന്‍ കലിദിനം ഉപകരിക്കും.

Wednesday, May 29, 2013

ഐതിഹ്യമാല/മഹാഭാഷ്യം

നന്താംശജാതനായ സാക്ഷാൽ പതജ്ഞലിമഹർ‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശി‌ഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി. ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർ‌ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശി‌ഷ്യൻമാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയിൽ ഭസ്മാവശേ‌ഷന്മാരായി ഭവിച്ചു. തന്റെ പ്രിയശി‌ഷ്യൻമാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തിൽ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാർത്ഥം താനുണ്ടാക്കിയ മഹാഭാ‌ഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്മാരെല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹർ‌ഷി വി‌ഷാദിച്ചുകൊണ്ടിരിക്കുമ്പോൾ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശി‌ഷ്യൻ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ന്, "അല്ലയോ സ്വാമിൻ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു ശി‌ഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാ‌ഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാർത്ഥം ശി‌ഷ്യപരമ്പരയാ പ്രചരിപ്പിച്ചുകൊള്ളാം" എന്നു പറഞ്ഞു. അപ്പോൾ മഹർ‌ഷിയുടെ മനസ്സിൽ വീണ്ടും കോപാഗ്നി ജ്വലിക്കയാൽ "എടാ ദ്രോഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശി‌ഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാൽ നീയും ഭസ്മമായിപ്പോകട്ടെ" എന്ന് ആ ശി‌ഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹർ‌ഷിക്കു വലിയ വി‌ഷാദമായി. ശുദ്ധാത്മാക്കൾക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.


മഹർ‌ഷി പിന്നെയും അങ്ങനെ വി‌ഷാദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗന്ധർവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു പ്രിയശി‌ഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധർവനാണ്. ഞാൻ വളരെക്കാലമായി ഈ ആശ്രമ സമീപത്തിങ്കൽ നിൽക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു. അവിടുന്നു മഹാഭാ‌ഷ്യം ശി‌ഷ്യൻമാർക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. അതിനാൽ എന്നെ അവിടുന്ന് ഒരു ശി‌ഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോൾ പിന്നെയും മഹർ‌ഷിക്കു കോപമാണുണ്ടായത്. "നീ എന്റെ മനസ്സു കൂടാതെയും ഞാൻ ഉപദേശിക്കാതെയും എന്റെ ഭാ‌ഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാൽ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹർ‌ഷി ആ ഗന്ധർവ്വനെ ശപിച്ചു. ഇതു കേട്ടപ്പോൾ ഗന്ധർവൻ ഏറ്റവും പരവശനായിത്തീരുകയാൽ വിനയസമേതം മഹർ‌ഷിയുടെ കാൽക്കൽ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹർ‌ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാ‌ഷ്യം അതു ഗ്രഹിക്കാൻ യോഗ്യതയുള്ള ഒരാൾക്ക് ഉപദേശിച്ചുകൊടുക്കണം. ഭാ‌ഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോൾ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധർവനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധർവൻ വീണ്ടും മഹർ‌ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂർവം ആലിന്റെ മുകളിൽച്ചെന്ന് ഇരിപ്പായി. ഭാ‌ഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവർക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാൻ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസൻ അതിലെ കടന്നു പോകുന്ന ബ്രാഹ്മണൻമാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.


ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാൽ, തന്റെ അടുക്കൽ വരുന്നവരോടു "പചേർന്നി‌ഷ്ഠായാം കിം രൂപം" എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവൻ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏർപ്പാട്. ഈ ചോദ്യത്തിനു "പക്തം" എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാൽ ആ ബ്രഹ്മരാക്ഷസൻ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സർവാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അതിലേ വന്നു. അദ്ദേഹം സന്ന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേ‌ഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസൻ തന്റെ അടുക്കൽ വിളിച്ചു മേൽപ്പറഞ്ഞ ചോദ്യം ചോദിച്ചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോൾ ബ്രാഹ്മണനു മഹാഭാ‌ഷ്യം ഗ്രഹിക്കാൻ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസൻ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മരാക്ഷസൻ ആലിൻമേലും ബ്രാഹ്മണൻ ആൽത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസൻ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യൗഷധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാ‌ഷ്യം ഉപദേശിക്കാൻ തുടങ്ങിയത്. ബ്രഹ്മരാക്ഷസൻ ആ ആലിന്റെ ഇലപറിച്ചു ഭാ‌ഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണൻ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസൻ എഴുതിയിടുന്നത് ബ്രാഹ്മണൻ നോക്കി ധരിച്ചുകഴിഞ്ഞാൽ പിന്നെയും ബ്രഹ്മരാക്ഷസൻ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോൾ മഹാഭാ‌ഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണൻ ധരിക്കുകയും കഴിഞ്ഞു. അപ്പോൾ ബ്രഹ്മരാക്ഷസൻ ശാപമുക്തനായി പൂർവസ്ഥിതിയിൽ ഗന്ധർവത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ തന്റെ ഗുരുവായ ഗന്ധർവനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോൾ ആ ഗന്ധർവൻ തന്റെ പ്രിയശി‌ഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുൽപിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരിക്കാനായി ഞാൻ തന്ന ആ ദിവ്യൗഷധത്തിന്റെ ശക്തി അങ്ങേയ്ക്കു ജലസ്പർശമുണ്ടായാൽ നശിച്ചുപോകും. ഉടൻ ഭവാൻ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാൽ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തർദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണൻ താൻ പഠിച്ച മഹാഭാ‌ഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കിൽ പറഞ്ഞുതരാൻ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധർവൻ എഴുതിത്തന്നവയായ ഈ ആലിലകൾകൂടി കൊണ്ടുപോയി ഇതൊന്നു പകർത്തിയെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.


ആ ബ്രാഹ്മണൻ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് ഒരു ദിവസം ദിക്കിൽ ചെന്നപ്പോൾ മാർഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയിൽ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയിൽ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായിരുന്നു. അതിനാൽ ആ ബ്രാഹ്മണൻ ക്ഷണത്തിൽ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണൻ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോൾ ആ കടവിൽ കുളിച്ചുകൊണ്ടുനിന്ന നവയൗവനയുക്തയായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോൾ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണൻ ഇപ്രകാരം മാർഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരിൽ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യൻമാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. അവിടെ അവൾ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിർബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലിൽ മെത്ത വിരിച്ച് അതിൽ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സൗന്ദര്യം, സൗശീല്യം, സൗജന്യം, വൈദു‌ഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.

ബ്രാഹ്മണൻ കുറച്ചുനേരം കഴിയുമ്പോൾ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാൽ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവൾക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവൾ അവളുടെ അച്ഛന്റെ അടുക്കൽച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ചപ്പോൾ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാൽ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കിൽ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരുന്നാൽ ഇദ്ദേഹം എത്രനാൾ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോൾ ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യൻ പോയി. പിന്നെ ആ വൈദ്യൻ പറഞ്ഞതുപോലെയൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താൻതന്നെ അല്ലാഞ്ഞാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോ‌ഷമായി. അതിനാൽ അവൾതന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ ഉണർന്നു. അപ്പോൾ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതിനാൽ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീരത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോൾ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നിൽക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോൾ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ ബ്രാഹ്മണനു വളരെ വി‌ഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേ‌ഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോൾ ഈ ബ്രാഹ്മണൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാൽ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യൻമാർ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണൻ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവർ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണൻ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തിൽത്തന്നെ വന്നു. അപ്പോൾ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവർ തമ്മിലുണ്ടായ സംഭാ‌ഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവളരെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവർക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താൽപര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണൻ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാൽ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.


പിറ്റേ ദിവസം രാവിലെ ബ്രാഹ്മണൻ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോൾ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകിത്തുടച്ചു കൊണ്ടുവന്നു. ശേ‌ഷമുള്ള ആലിലകളോടു കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നറിയുകയാൽ അദ്ദേഹത്തിനു വളരെ സന്തോ‌ഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളിൽ ഭാ‌ഷ്യമെഴുതിയ ഗന്ധർവന്റെ ദിവ്യത്വംകൊണ്ടോ മഹാഭാ‌ഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.


പിന്നെ ആ ബ്രാഹ്മണൻ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കൽ വിളിച്ചു. "ഇപ്പോൾ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോൾ ഞാൻ പോകുവാൻ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂ‌ഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാൻ കാണുന്നില്ല. എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാൽ ഞാൻ കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാൽ അതു സാധിക്കുന്നതിനായി നിന്നെ ഞാൻ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാൻ കാണുന്നില്ല. അതിനാൽ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോൾ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിൻ! ഞാൻ ജനിച്ചതിൽപ്പിന്നെ ഒരു പുരു‌ഷന്റെ പാദശുശ്രൂഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാൽ ഈ ജന്മത്തിൽ മറ്റൊരു പുരു‌ഷന്റെ ശുശ്രൂഷ ചെയ്വാൻ സംഗതിയാകാതെയിരുന്നാൽ കൊള്ളാമെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാൽ അവിടുന്നു കൃപയുണ്ടായി ഞാൻ അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതിൽ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാൻ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കിൽ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.


ആ ശൂദ്രകന്യകയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേ‌ഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേ‌ഷിച്ചു നടക്കുന്ന ഞാൻ ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാൻ രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാൽത്തന്നെയും ബ്രഹ്മകുലജാതനായ ഞാൻ ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളിൽനിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാൻ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാൽ ഇവളെ വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരൻ എന്നെ പരീക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാൽ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാൽ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണൻ ശൂദ്രകന്യകയോട് "അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവർത്തിക്കുന്നതിനു ഞാൻ സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാൻ ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയ കുലത്തിൽനിന്നും വൈശ്യകുലത്തിൽനിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാൽ ഞാൻ പോയി മൂന്നു വിവാഹം ചെയ്തതിനുശേ‌ഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോ‌ഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിർബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കിൽ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.


അനന്തരം ആ ബ്രാഹ്മണൻ സ്വഗൃഹത്തിൽ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയകുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുൻകാലങ്ങളിൽ ബ്രാഹ്മണർ നാലു ജാതിയിൽനിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).

അങ്ങനെ ആ ബ്രാഹ്മണൻ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തിൽ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരിൽനിന്നും അദ്ദേഹത്തിന് ഓരോ പുത്രൻമാരുണ്ടായി. പുത്രൻമാരുടെ ജാതകർമം മുതൽ വർത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രൻമാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രൻമാർ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേ‌ഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാ‌ഷ്യം പഠിപ്പിച്ചു. എന്നാൽ നാലാമത്തെ പുത്രൻ ശൂദ്രകുലജാതനും മഹാഭാ‌ഷ്യം വേദാംഗവുമാകയാൽ ആ പുത്രനെ അഭിമുഖമായിരുന്നു ഭാ‌ഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാ‌ഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാ‌ഷ്യം ശൂദ്രവംശജർക്ക് ഉപദേശിച്ച് പരമ്പരയാ വേദാർഹൻമാരല്ലാത്ത അവരുടെ ഇടയിൽ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാ‌ഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലർ പറയുന്നു.

ഇങ്ങനെ പുത്രൻമാർ അതിയോഗ്യൻമാരും യവൗനയുക്തൻമാരുമായിത്തീർന്നതിന്റെ ശേ‌ഷം ആ ബ്രാഹ്മണൻ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനിൽനിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കൽ താമസിച്ചു. കേരളാചാര്യഗുരുവായ സാക്ഷാൽ കർത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ അധികമുണ്ടായിരിക്കാനിടയില്ലാത്തതിനാൽ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികൾ എന്നു പറയപ്പെടുന്ന മഹാൻ ഈ ബ്രാഹ്മണോത്തമൻ തന്നെയാണെന്നുകൂടി പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരിൽനിന്നു ജനിച്ചവരായ നാലു പുത്രന്മാരിൽ ബ്രാഹ്മണസ്ത്രീയിൽനിന്നും ജനിച്ച പുത്രൻ സാക്ഷാൽ വരരുചിയും, ക്ഷത്രിയസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയിൽനിന്നു ജനിച്ച പുത്രൻമഹാവിദ്വാനായ ഭർത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാൽ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുലത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകൾക്കു വി‌ഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവർ കേവലം പാമരന്മാരുടെ ഇടയിൽപ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭർത്തൃഹരിയുടെ ശതകത്രയം മലയാളത്തിലും തർജമ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തിൽ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കളുമായ ഇവർ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാർത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങൾ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭർത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലോ. മഹാഭാ‌ഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാർ ഇവർ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.


മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കൽനിന്നു മഹാഭാ‌ഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേ‌ഷം അവർക്കു ഭാ‌ഷ്യകർത്താവായ പതഞ്ജലിമഹർ‌ഷിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാൽ അവർ അന്വേ‌ഷിച്ചപ്പോൾ പതഞ്ജലിമഹർ‌ഷി അതിനു വളരെ മുമ്പുതന്നെ സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോൾ ഭർത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.


"അഹോ ഭാ‌ഷ്യമഹോ ഭാ‌ഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാfസ്മാൻ ഗതസ്വർഗ്ഗമകൃതാർത്ഥോ പതഞ്ജലിഃ"

Wednesday, January 23, 2013

ഭഗവത് കഥകള്‍


ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.


ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.

പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”

ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.

കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”

“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.

കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”

അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”


ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.


ഓം നമോ ഭഗവതേ വാസുദേവായ: