"ഈശംകേനംകഠംപ്രശ്നം മുണ്ഡകമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ" ദശോപനിഷത്തുക്കൾ
1.ഈശാവാസ്യോപനിഷത്ത്
(ശുക്ല യജുർ വേദം)
യജുർവ്വേദസംഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസംഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസംഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.
2.കേനോപനിഷത്ത്
(സാമവേദം)
ഈശ്വാവാസ്യോപനിഷത്തിനെപ്പോലെ, ഇതിന്റെ പേരും തുടക്കത്തെ അവലംബിച്ചാണ്. ആദ്യമന്ത്രത്തിലെ ആദ്യവാക്കാണ് 'കേനം'. ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്ന്, "കേനേഷിതോപനിഷത്ത്" എന്ന പേരും ഇതിനുണ്ടെങ്കിലും ആ പേരിന് പ്രചാരം കുറവാണ്. ഉപനിഷത്ത് ഉൾക്കൊള്ളുന്ന ബ്രാഹ്മണത്തെ ആശ്രയിച്ച്, തലവകാരോപനിഷത്തെന്ന പേരും ഇതിനുണ്ട്.
3.കഠോപനിഷത്ത്
(കൃഷ്ണ യജുർ വേദം)
കൃഷ്ണയജുർവേദത്തിന്റെ, കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കരുതപ്പെടുന്നതു കൊണ്ടാണ് ഈ ഉപനിഷത്തിന് കഠോപനിഷത്ത് എന്നു പേരായത്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്നു കഠൻ.
4.പ്രശ്നോപനിഷത്ത്
(അഥർവവേദം)
ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു.
5.മുണ്ഡകോപനിഷത്ത്
(അഥർവവേദം)
മുണ്ഡകന്മാർക്കു വേണ്ടി രചിച്ചതിനാലാണ് ഇതിന് മുണ്ഡകോപനിഷത്ത് എന്ന പേരുണ്ടായതെന്ന് പറഞ്ഞു വരുന്നു. മുണ്ഡകന്മാർ എന്നതിന് എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തുകളഞ്ഞ സംന്യാസികൾ എന്നാണർത്ഥം. ഈ ഉപനിഷത്ത്പഠിക്കുന്നതിനു മുൻപ്, ബുദ്ധഭിക്ഷുക്കൾക്കിടയിൽ പതിവുള്ളതുപോലെയുള്ള ശിരോമുണ്ഡനം നിർബ്ബന്ധമായിരുന്നതിൽ നിന്നാണ് ഈ പേരുവന്നത് എന്ന് മറ്റൊരഭിപ്രായവുമുണ്ട്.വൃതനിർവഹണം നടത്തിയിട്ടില്ലാത്തവർ ഇത് വായിക്കാതിരിക്കട്ടെ എന്നൊരു വിലക്ക് ഉപനിഷത്തിന്റെ അവസാനഭാഗത്തെ ഒരു മന്ത്രത്തിൽ കാണാം. മുണ്ഡകമെന്നത്, ഈ ഉപനിഷത്തിന്റെ എന്നതിനൊപ്പം അതിലെ അദ്ധ്യായങ്ങളുടെ കൂടി പേരാണ്. മുണ്ഡകോപനിഷത്തിൽ മൂന്നു "മുണ്ഡകങ്ങൾ" അടങ്ങിയിരിക്കുന്നു. ഓരോ മുണ്ഡകവും ഈരണ്ട് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.
6.മാണ്ഡൂക്യോപനിഷദ്
(അഥർവവേദം)
ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. അഥർവ വേദത്തിൽപ്പെട്ടതാണ്‌മാണ്ഡൂക്യോപനിഷത്ത്. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെവിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്. മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. മണ്ഡൂകം എന്ന വാക്കിന് തവള എന്നർത്ഥം. തവളയും ഉപനിഷത്തുംതമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക് ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച് 'സത്യം' പറയുന്ന രീതിയാണ് മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത് തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ് തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്. മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ് ഏതെങ്കിലും ഒന്നു രണ്ട് ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്, ഗൗഡപാദർമാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്. പഠിക്കുവാനുള്ള എളുപ്പത്തിന് സാധാരണ മാണ്ഡൂക്യകാരികയാണ് ആശ്രയിക്കപ്പെടുന്നത്. ഇതിൽ നാല് അദ്ധ്യായങ്ങളുണ്ട്. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത് ഉപനിഷത്തിനോട് ചേർത്താണ് വായിക്കുന്നത്. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
7.തൈത്തിരീയോപനിഷദ്
(കൃഷ്ണ യജുർ വേദം)
യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ബ്രാഹ്മണത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്. തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തുകളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചുകളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെതൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരുകിട്ടിയതിനു പിന്നിൽ ആ കഥയാണ്.
8.ഐതരേയോപനിഷത്ത്
(ഋഗ്വേദം)
ഋഗ്വേദത്തോടുചേർന്നുള്ള ഐതരേയ ബ്രാഹ്മണത്തിന്റെ തുടർച്ചയായി വരുന്ന ഐതരേയാരണ്യകത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്.ഐതരേയ ബ്രാഹ്മണത്തിന്റേയും ഐതരേയാരണ്യകത്തിന്റേയും കർത്താവായി കരുതപ്പെടുന്ന മഹിദാസ ഐതരേയനുമായി ബന്ധപ്പെടുത്തിയാണ് ഈ ഉപനിഷത്തിന്റെ പേരിനെ വിശദീകരിക്കാറുള്ളത്. സൃഷ്ടലോകത്തിന്റേയും ജീവന്റേയും ഉല്പത്തി-വികാസങ്ങളെ ലളിതവും നാടകീയവുമായി ചിത്രീകരിച്ച്, എല്ലാറ്റിലും കുടികൊള്ളുന്ന ആന്തരികസത്ത ആത്മാവാണെന്ന് സ്ഥാപിക്കുകയാണ് ഈ ഉപനിഷത്ത്.
9.ചാന്ദോഗ്യോപനിഷദ്
(സാമവേദം)
ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നായി ഛാന്ദോഗ്യം കണക്കാക്കപ്പെടുന്നു. മുഖ്യ ഉപനിഷത്തുകൾക്കിടയിൽ ബൃഹദാരണ്യകം കഴിഞ്ഞാൽ ഏറ്റവും വലിയ ഉപനിഷത്താണിത്. ഗദ്യരൂപത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യബ്രാഹ്മണത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്. ഛാന്ദോഗ്യം എന്ന പേര് എന്ന പേര് വേദം, വൃത്തം, വൃത്തശാസ്ത്രം എന്നൊക്കെ അർത്ഥമുള്ളതും സാധാരണയായി സാമവേദത്തെ സൂചിപ്പിക്കുന്നതുമായ ഛന്ദസ് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛന്ദസ്, അല്ലെങ്കിൽ സാമവേദം പഠിച്ചവരായ ഛന്ദോഗന്മാരുടെ ഉപനിഷത്താണ് ഛാന്ദോഗ്യോപനിഷത്ത്. ഛാന്ദോഗ്യബ്രാഹ്മണത്തിൽ ആകെയുള്ള പത്തദ്ധ്യായങ്ങളിൽ ഒടുവിലത്തെ എട്ടദ്ധ്യായങ്ങളാണ് ഈ ഉപനിഷത്ത്. അദ്ധ്യായങ്ങൾ പ്രപാഠകങ്ങൾ എന്നറിയപ്പെടുന്നു. പ്രപാഠകങ്ങൾ ഓരോന്നും ഖണ്ഡങ്ങൾ എന്നു പേരുള്ള ഉപവിഭാഗങ്ങളായും തിരിഞ്ഞിരിക്കുന്നു. എല്ലാ പ്രപാഠകങ്ങളിലുമായി മൊത്തം 154 ഖണ്ഡങ്ങളുണ്ട്.
10.ബൃഹദാരണ്യകോപനിഷത്ത്
(ശുക്ല യജുർ വേദം)
ബൃഹദ് എന്ന വിശേഷണത്തിനൊത്തു പോകും വിധം, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യംഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്