ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 16, 2019

കർക്കടക മാസം; അനുഷ്ഠാനങ്ങളും സവിശേഷതകളും അറിയാം

ആനപോലും അടിതെറ്റുന്ന മാസമായാണ് കർക്കടക മാസത്തെ അറിയപ്പെടുന്നത്. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കർക്കിടകത്തിൽ അസ്വസ്ഥതകൾ മനസിൽ നിന്ന് മാറ്റുന്നതിന് ആചാര്യൻമാർ നൽകിയിട്ടുള്ളതാണ് രാമായണ പാരായണം.

Image result for രാമായണമാസം


ജ്യോതിഷ പ്രകാരം സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. പഞ്ഞമാസം, രാമായണമാസം എന്നീ പേരുകളിലും കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. കനത്ത മഴ,ആരോഗ്യ പ്രശ്നങ്ങൾ, കാര്‍ഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കര്‍ക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകള്‍ മനസിൽ നിറയ്ക്കാനുമാണ് കര്‍ക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂര്‍വ്വികര്‍ മാറ്റിവച്ചത്. 


ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരും. 

വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യ ശരീരത്തിൽ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുക. കർക്കടകത്തിൽ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്. അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിക്കുക. നിങ്ങൾക്ക് കഴിയുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഫലപ്രദമാണ്. 

കര്‍ക്കടക മാസത്തിൽ ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ നിത്യവും രണ്ട് മുതൽ ഏഴ് വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ദീപം തെളിയിച്ച് വടക്കോട്ട് ഇരുന്ന് രാമായണ പാരായണം നടത്തുക. കൂടാതെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം. 

ആയുർവേദ വിധിപ്രകാരം കർക്കടക മാസം ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. കര്‍ക്കിടത്തിൽ മനസിലെ അസ്വസ്ഥതകള്‍ നീക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത്. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകള്‍ നീക്കാൻ സഹായിക്കുന്നു. 

ക‍ര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. കര്‍ക്കടക വാവ് ദിവസമാണ് പിതൃദര്‍പ്പണം നടത്തുന്നത്. ജൂലൈ 31 നാണ് ഇക്കുറി കര്‍ക്കടകവാവ്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. 

No comments:

Post a Comment