ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 25, 2019

ധര്‍മ്മമൂര്‍ത്തിയായ വിദുരര്‍

ഭഗവാന്‍ നല്‍കിയ പരമജ്ഞാനം ഉപദേശിക്കുന്നതില്‍ ഉദ്ധവര്‍ക്ക് വൈമുഖ്യം തോന്നാന്‍ എന്തായിരിക്കും കാരണം എന്ന് വിദുരര്‍ ആശങ്കപ്പെട്ടു.
ഉദ്ധവന്‍ തുടര്‍ന്നു.
മഹാത്മാവായ വിദുരരേ, അങ്ങ് ധര്‍മത്തിന്റെ മൂര്‍ത്തിമത്ഭാവമാണ്. അങ്ങേക്ക് ജ്ഞാനോപദേശം നല്‍കാന്‍ പാകത്തിനുള്ള അറിവോ പക്വതയോ എനിക്കില്ല.
കാലങ്ങളായി ഞാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മന്ത്രി പ്രമുഖന്‍ എന്ന് അഹങ്കരിച്ചുനടന്ന്, ഞാന്‍ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ സമയമാണിത്. എല്ലാം ഭഗവാന്‍ മാത്രമാണ്. ചെയ്യുന്നതും ചെയ്യിക്കുന്നതുമെല്ലാം ഭഗവാന്‍ ഞാന്‍ ഉപദേശിക്കുന്നു ഞാന്‍ ചെയ്യുന്നു എന്ന തോന്നലുകളെല്ലാം ആ ഭഗവാന്റെ മായാവൈഭവം മാത്രമാണ്.
പലപ്പോഴായി ഭഗവാന്‍ കൃഷ്ണന്‍ പല കാര്യങ്ങളിലും എന്റെ ഉപദേശം തേടി. ഞാന്‍ ബുദ്ധിമാനെന്ന അഹങ്കാരത്തോടെ പലതും ഉപദേശിച്ചു. എന്നാല്‍ ആര്‍ക്കാണ് ഞാന്‍ ഉപദേശിച്ചത് എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സര്‍വജ്ഞനും അഖിലഗുരുവും പരമാത്മാവുമായ ശ്രീകൃഷ്ണനോടാണ് ഞാന്‍ ഉപദേശിച്ചതെന്ന്, ആ ഭഗവാനെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് അന്ന് മനസ്സിലായില്ല.
ധര്‍മാത്മാവായ വിദുരരെ, ഇപ്പോള്‍ അങ്ങ് എന്നോട് പരമജ്ഞാനത്തെക്കുറിച്ച് ചോദിക്കുന്നു. അങ്ങ് സാക്ഷാല്‍ ഭഗവാന്‍ തന്നെയെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
എന്നോട് ഭഗവാന്‍ അരുളിച്ചെയ്തിട്ടുമുണ്ട്. ''സര്‍വ ഭൂതേഷു മദ്ഭവോ മദ്ഭക്തിം'' എന്ന്. എല്ലാ വസ്തുക്കളിലും എന്നെക്കണ്ട് ഭക്തിയോടെ കാണണം.
''അഹമാത്മാന്തരോ ബാഹ്യോളനാവൃത സര്‍വദേഹിനാം
യഥാ ഭൂതാനി ഭൂതേഷു ബഹിരന്തഃ സ്വയം തഥാ''
സര്‍വരിലും ഉള്ളിലും പുറത്തും വസിക്കുന്നത് ഞാന്‍ തന്നെയാകുന്നു.
മാമേകമേവ ശരണമാത്മാനം സര്‍വദേഹിനാം
യഹിസര്‍വാത്മഭാവേന മയാ സ്യ ഹ്യകുതോദയഃ
സര്‍വരിലും ആത്മഭാവത്തില്‍ വസിക്കുന്നത് ഞാന്‍ തന്നെയെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഹേ വിദുരമഹാശയ എനിക്കറിയാം,അങ്ങ് ഭഗവാന്‍ തന്നെയാണ്. അതിനാല്‍ അങ്ങേക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഞാന്‍ ആളല്ല. അതിനുള്ള പക്വത എനിക്കില്ല. അറിവും വളരെക്കുറവാണ്.
പരമാത്മാവായ വിദുരരേ, അങ്ങയുടെ അപേക്ഷ സ്വീകരിച്ച് ജ്ഞാനം പകരാനാവില്ല. എന്നാല്‍ അങ്ങ് ആജ്ഞാപിച്ചാല്‍ ഞാന്‍ അനുസരിക്കും. പക്ഷേ ഭഗവാനേ, അങ്ങയ്ക്ക് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അങ്ങ് മൈത്രേയ മഹര്‍ഷിയെ സമീപിക്കുന്നതായിരിക്കും ഉചിതം.
സന്തോഷംകൊണ്ടാണോ വിഷമംകൊണ്ടാണോ ഏതായാലും വിദുരര്‍ കരഞ്ഞുപോയി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി സ്വാധാമത്തിലേക്ക് പോയിരിക്കുന്നു. ഭഗവാന്റെ വേര്‍പാട് താങ്ങാനാവുന്നില്ല. എന്നാല്‍ അവസാന നിമിഷത്തിലും ആ ഭക്തവത്സലന്‍ ഈ എളിയവനെക്കുറിച്ച് ഓര്‍മവച്ചു. ഈ ദാസന് ജ്ഞാനോപദേശം നല്‍കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു മഹാത്മാവിനെത്തന്നെ നിയോഗിച്ചിരിക്കുന്നു. ആ ആശ്രിതവത്സലന്റെ സ്‌നേഹാധിക്യമോര്‍ത്ത് വിദുരര്‍ കണ്ണീരൊഴുക്കി. എനിക്ക് പരമജ്ഞാനം പകരാന്‍ ഒരു സദ്ഗുരുവിനെ നിയോഗിച്ചിരിക്കുന്നു.
വിദുരര്‍ മൈത്രേയ മഹര്‍ഷിയെത്തേടി ഹരിദ്വാറിലേക്കുപോയി. ഉദ്ധവര്‍ ബദരിയിലേക്കും യാത്രയായി.
ഉദ്ധവരുടെ മറുപടിയെക്കുറിച്ചുതന്നെയായിരുന്നു വിദുരരുടെ ചിന്ത. എത്ര വിനയം. തികച്ചും മഹാത്മാവു തന്നെ. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പലവട്ടം ഉദ്ധവരെ സ്വതുല്യനായി അംഗീകരിച്ചിട്ടുള്ളതാണ് ''നോദ്ധവോളണ്യപി മന്യൂനോ''- എന്നില്‍നിന്നും അണുപോലും ന്യൂനത്വമുള്ളവനല്ലാ. ഉദ്ധവന്‍ എന്ന് ഭഗവാന്‍ പറയാറുണ്ട്. അങ്ങനെയുള്ള ഉദ്ധവന്‍ എന്നെ ഭഗവാന്‍ എന്ന് വിളിച്ച്  സംബോധന ചെയ്യുന്നു. ശ്രീകൃഷ്ണനില്‍ നിന്നും നേരിട്ട് ജ്ഞാനോപദേശം ലഭിച്ച ആ മഹാനുഭാവന്‍ ഭാഗ്യവാന്‍ മാത്രമല്ല, ഭഗവാന്‍ തന്നെയാണ്. വിദുരര്‍ വിലയിരുത്തി. 
ഇപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വേര്‍പാടു മാത്രമല്ല, ഉദ്ധവരുടെ വേര്‍പാടും വിദുരര്‍ക്ക് ദുഃഖമുണ്ടാക്കി. ശ്രീകൃഷ്ണ ഭഗവാന്റെ കാരുണ്യമോര്‍ത്തപ്പോള്‍ സന്തോഷവും ദുഃഖവും ഒരുമിച്ചു തോന്നി.എന്താണ് ഇങ്ങനെ ദുഃഖം വരാന്‍? മൈത്രേയ മഹര്‍ഷിയോടുതന്നെ ചോദിക്കാം. 

എ.പി ജയശങ്കര്‍ ഇടപ്പള്ളി

No comments:

Post a Comment