അദ്ധ്യായം -1
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു
ശ്ലോകം -1
"ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര- മാചാര്യരൂപ! ഹരിനാരായണായ നമഃ "
അർത്ഥം :- "ഓം" എന്ന് മനുഷ്യൻ പറയുന്ന ഉണ്മ, ഭൂതം, ഭാവി, വർത്തമാനം എന്നിവയ്ക്ക് ആധാരമായ സത്ത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ സൃഷ്ടിചക്രത്തിൽ മൂന്നായി രൂപഭാവങ്ങൾ ഉണ്ടാക്കിയപ്പോൾ അഹങ്കാരത്തിന് - ഞാനെന്ന ഭാവത്തിന് - ജീവാത്മാവുതന്നെയാണ് സാക്ഷി എന്ന ജടിലമായ യാഥാർത്ഥ്യത്തെ സംബന്ധിച്ച ബോധം - വകതിരിവ് - ഉളവാക്കുന്നതിന് മേൽനോട്ടം വഹിച്ചു നിന്ന, ആചാര്യന്മാർക്കും ആചാര്യനായിരിക്കുന്ന, ജഗത്തിനെ നിലനിർത്തുന്ന, പ്രകൃതിയിലും ജീവാത്മാക്കളിലും വ്യാപിച്ചിരിക്കുന്ന ജ്ഞാനസ്വരൂപന് നമസ്ക്കാരം
ഓങ്കാരമായ പൊരുൾ ബ്രഹ്മസ്വരൂപമാകുന്നു. ആ ബ്രഹ്മം മൂന്നായ് പിരിഞ്ഞു എന്നത് ബ്രഹ്മാവെന്നും, വിഷ്ണുവെന്നും, ശിവനെന്നുമാണ്. എന്നാൽ ഓങ്കാരമെന്നാൽ അകാരം, ഉകാരം, മകാരം എന്നിങ്ങനെ മൂന്നക്ഷരങ്ങളോടുകൂടിയ താണ്. അതിൽ അകാരം ബ്രഹ്മാവും ഉകാരം വിഷ്ണുവും മകാരം ശിവനും ആണെന്ന് വേദാന്തം പറയുന്നു. മഹാപ്രളയാവസാനത്തിൽ കാലശക്തിയാൽ ബോധിക്കപ്പെട്ട ബ്രഹ്മത്തിന് മനസ്സുണ്ടായി. അതിൽ നിന്ന് മായയുണ്ടായി.മായയിൽ നിന്ന് മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടായി. അങ്ങനെയുള്ള മഹദഹങ്കാരാദികൾ ത്രിമൂർത്തികളേയും ബന്ധിക്കുന്നു. അത് രാജസാഹങ്കാരത്തിൽ ബ്രഹ്മാവും സാത്വികാഹങ്കാരത്തിൽ വിഷ്ണുവും താമസാഹങ്കാരത്തിൽ ശിവനും ആയി വർത്തിക്കുന്നു. അതിനാൽ അവർ സൃഷ്ടിസ്ഥിതിസംഹാരത്തിന് കാരണഭൂതരാകുന്നു. ഇങ്ങനെ സൃഷ്ടിയുണ്ടായി എന്നുള്ളതിന് താൻതന്നെ സാക്ഷിയായും ഭവിക്കുന്നു എന്ന് എല്ലാവരും ബോധിക്കുവാൻ വേണ്ടി അനേകരൂപവാനായ ഈശരൻ ഒരുസ്വരൂപനായും ഗുരുവായും ഭവിക്കുന്നു. അത് സച്ചിദാനന്ദപരമഗുരുവാണ്. അങ്ങനെ പരമഗുരുസ്വരൂപനായുള്ള നാരായണ ! നിനക്കു നമസ്ക്കാരം.
ഹരി എന്നത് സകല ജങ്ങൾക്കും ആദ്ധ്യാത്മികമായും ആധിദൈവികമായുമുള്ള താപത്രയത്തെയും കളയുന്നവൻ എന്നർത്ഥമാക്കുന്നു. ഹരി എന്ന സംഖ്യ ഇരുപത്തിയെട്ട്.അതുകൊണ്ട് ഇരുപത്തിയെട്ടു കോടി നരകത്തിൽനിന്നും ഉദ്ധാരണം ചെയ്യുന്നവനെന്നു കൂടി അർത്ഥമാക്കുന്നു. "നാരം അയനം യസ്യ സഃ നാരായണ " എന്നതിനാൽ മഹാപ്രളയത്തിൽ സകല ലോകങ്ങളേയും സംഹരിച്ച് കാരണജലത്തിൽ അനന്തനാകുന്ന പള്ളിമെത്തമേൽ സച്ചിദാനന്ദസ്വരൂപനായി പള്ളികൊള്ളുന്നവൻ എന്നാകുന്നു. സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയനാമാദ്യന്തവിഹീന രൂപം എന്നു പ്രമാണവും ഉണ്ട്.
നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണ
നാരായണ സകലസന്താപനാശന ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമ:
കടപ്പാട്
ഉണ്ണികൃഷ്ണൻ കീശ്ശേരിൽ
No comments:
Post a Comment