ത്വത് പാദുകേ അവിരതം പരി യേ ചരന്തി
ധ്യായന്ത്യഭദ്രനശനേ ശുചയോ ഗൃണന്തി
വിന്ദന്തി തേ കമലനാഭ, ഭവാപവര്‍ഗ്ഗ
മാശാസതേ യദി ത ആശിഷ ഈശ നാന്യേ, (10-72-4)
ധ്യായന്ത്യഭദ്രനശനേ ശുചയോ ഗൃണന്തി
വിന്ദന്തി തേ കമലനാഭ, ഭവാപവര്‍ഗ്ഗ
മാശാസതേ യദി ത ആശിഷ ഈശ നാന്യേ, (10-72-4)
കിം ദുര്‍മ്മഷം തിതിക്ഷൂണാം കിമകാര്യമസാധുഭിഃ
കിം നദേയം വദാന്യാനാം കഃ പരഃ സമദര്‍ശിനാം (10-72-19)
യോഽനിത്യേന ശരീരേണ സതാം ഗേയം യശോ ധ്രുവം
നാചിനോതി സ്വയം കല്പഃ സ വാച്യഃ ശോച്യ ഏവ സഃ (10-72-20)
ഹരിശ്ചന്ദ്രോ രന്തിദേവഃ ഉഞ്ഛവൃത്തിഃ ശിബിര്‍ബ്ബലിഃ
വ്യാധഃ കപോതോ ബഹവോ ഹ്യധ്രുവേണ ധ്രുവം ഗതാഃ (10-72-21)
ശുകമുനി തുടര്‍ന്നു:
ഒരു ദിവസം യുധിഷ്ഠിരന്‍ ഭഗവാന്‍ കൃഷ്ണനോടു പറഞ്ഞു: ‘അവിടുത്തേയും മറ്റു ദേവതകളേയും പൂജിക്കാന്‍ ഞാന്‍ കുറച്ചു നാളായി ആഗ്രഹിക്കുന്നു. രാജസൂയം നടത്തണമെന്നു വിചാരിക്കുന്നു. അതിനുളള അനുവാദം തന്നാലും. ഭഗവന്‍, അവിടുത്തെ പാദപൂജ ചെയ്യുന്നുവരില്‍നിന്നും ദുഷ്ടതകളെല്ലാം നീങ്ങിപ്പോവുന്നു. അവിടുത്തെ ധ്യാനിക്കുന്നുവര്‍ക്ക് മോക്ഷവും അവരാഗ്രഹിക്കുന്ന പക്ഷം ലോകൈശ്വര്യങ്ങളും ലഭിക്കുന്നു. അവിടുന്ന് എല്ലാറ്റിന്റെയും ആത്മസത്തയത്രെ. അവിടുന്ന് നിഷ്പക്ഷമതിയും എല്ലാവരെയും സതുല്യം സ്നേഹിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് അവരവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചുളള പ്രതിഫലം ലഭിക്കുന്നു.’ കൃഷ്ണന്‍ രാജാവിന്റെ ഉദ്ദേശ്യത്തെ ശ്ലാഘിച്ചു:
‘അങ്ങും സഹോദരരും അജയ്യരത്രെ. നിങ്ങളെല്ലാവരും ദേവജാതന്മാരാണല്ലോ. മാത്രമല്ല, നിങ്ങള്‍ സദ്ഗുണങ്ങളാല്‍ എന്നെയും കീഴടക്കിയിരിക്കുന്നു. ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് അപ്രാപ്യമായ ഒന്നാണത്. എന്റെ ഭക്തനെ ആര്‍ക്കും ഈ ലോകത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലതന്നെ.’
അതിനുശേഷം രാജാവ് നാല് അനുജന്മാരെയും നാടിന്റെ നാലു ദിശകളിലേക്കും അയച്ചു. യാഗത്തിന്റെ ഒരുക്കങ്ങളുടെ മുന്നോടിയായി സഹോദരന്മാര്‍ നാല്‍വരും രാജ്യങ്ങളെ കീഴടക്കി വമ്പിച്ച സ്വത്തുക്കളുമായി മടങ്ങിവന്നു. ജരാസന്ധന്‍ ഒരാള്‍ മാത്രം യുധിഷ്ഠിരന്റെ ചക്രവര്‍ത്തി പദം അംഗീകരിക്കാന്‍ തയ്യാറായില്ല. യുധിഷ്ഠിരന്‍ ഇതറിഞ്ഞു നിരാശനായി.
ഭഗവാന്‍ ഉദ്ധവന്റെ പദ്ധതിപ്രകാരം ജരാസന്ധനെ നിഷ്കാസിതനാക്കാന്‍ പുറപ്പെട്ടു. കൃഷ്ണന്‍ അര്‍ജ്ജുനനെയും ഭീമനെയും കൂട്ടി ബ്രാഹ്മണവേഷത്തില്‍ ജരാസന്ധനെ ചെന്നു കണ്ടു. എന്നിട്ടു പറഞ്ഞു:
‘മഹാരാജന്‍, അങ്ങേയ്ക്ക് സര്‍വ്വമംഗളങ്ങളും ഭവിക്കട്ടെ. അവിടുന്ന് നല്‍കുമെങ്കില്‍ ഞങ്ങള്‍ക്കൊരഭ്യര്‍ത്ഥനയുണ്ട്. സഹനശീലനായ ഒരുവന് അസഹ്യമായതെന്തുണ്ട്? ഏതൊരു പ്രവൃത്തിയെ ദുഷ്ടനായ ഒരുവന്‍ ഉപേക്ഷിക്കും? ദാനശീലനായ ഒരുവന്‍ എന്തുതന്നെ നല്‍കില്ല? സമദൃഷ്ടിയായ ഒരുവന് അപരിചിതനായി ആരുണ്ട്? ഈ നശ്വരമായ ശരീരത്തിനാല്‍ നിതാന്തമായ പ്രശസ്തി നേടാന്‍ ഒരുവനു കഴിയുകയില്ല തന്നെ. ഹരിശ്ചന്ദ്രന്‍, രന്തിദേവന്‍, ശിബി, ബലി, ബ്രാഹ്മണര്‍, മുഡ്ഗലന്‍ എന്ന വേടന്‍, പ്രാവ് എന്നിങ്ങനെ പലരും അനശ്വരതയെ പ്രാപിക്കാന്‍ തുലോം ക്ഷണികമായ ശരീരത്തെ ഉപേക്ഷിച്ചവരത്രെ.’
കൈകളിലെ വില്ലുപിടിച്ച അടയാളങ്ങളില്‍നിന്നും അതിഥികള്‍ ബ്രാഹ്മണരല്ലെന്നു ജരാസന്ധന് മനസ്സിലായി. എങ്കിലും അവര്‍ ചോദിക്കുന്നുതെന്തും നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മൂവരും തങ്ങളുടെ പൂര്‍വ്വരൂപത്തിലേക്കു തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു:
‘നമുക്ക് ഒരു ദ്വന്ദ്വയുദ്ധം നടത്താം.’ ജരാസന്ധന്‍ സ്വയം ഭീമനുമായി മല്‍പ്പിടുത്തം ആവാം എന്നു തീരുമാനിച്ചു. ഭീമനു വേണ്ട ആയുധങ്ങളും അദ്ദേഹം നല്‍കി. ഇരുപത്തിയേഴുദിവസം നീണ്ടുനിന്നു യുദ്ധം. പകല്‍സമയത്ത് രണ്ടാളും കൊടിയ പോരാട്ടം നടത്തി. എന്നാല്‍ രാത്രിയില്‍ അവര്‍ ഉറ്റ ചങ്ങാതിമാരായിരുന്നു. ഭീമന്റെ യുദ്ധോല്‍സാഹം നശിച്ചു തുടങ്ങി. കൃഷ്ണന് ജരാസന്ധന്റെ ജന്മരഹസ്യമറിയാമായിരുന്നു. ശരീരം രണ്ടായി കീറിയാല്‍ മാത്രമേ ജരാസന്ധനെ വധിക്കാന്‍ സാധിക്കൂ എന്ന് കൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ഭീമന്‍ അയാളെ വകവരുത്തി.
ജനനമരണദുഃഖങ്ങളില്‍ നിന്നു സകലജീവികളെയും മോചിപ്പിക്കുന്നത് ഏതൊരു ഭഗവാന്റെ പാദകമലങ്ങളാണോ, അദ്ദേഹം ജരാസന്ധന്റെ തടവില്‍ കിടന്ന രാജാക്കന്മാരെയെല്ലാം മോചിപ്പിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment