ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, July 6, 2017

ഭദ്രകാളി

Image result for bhadrakali photos

അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.


ജ്വാലാകരാളമത്യുഗ്രമശേഷാസുരസുദനം
ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ


എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. 

ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു.
കാളിയെ പൊതുവെ കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.


കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.


കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്.


വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്.


ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്‍സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുതപ്പെടുന്നു.

അമ്മേ മഹാമായേ..

No comments:

Post a Comment