ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 7, 2017

യോഗഭ്രഷ്ടന്റെ ഗതി എന്ത്? (6-41)


ഗീതാദര്‍ശനം
സദ്ഗതി തന്നെ ലഭിക്കും എന്ന് ഭഗവാന്‍ വിശദീകരിക്കുന്നു.
യോഗഭ്രഷ്ടന്മാര്‍ രണ്ടുതരക്കാരാണ്. യോഗചര്യ പരിശീലിച്ചു തുടങ്ങിയതിനുശേഷം, സ്വല്‍പം മാത്രം മുന്നേറിയവര്‍-അവരാണ് ആദ്യത്തെ കൂട്ടര്‍. പൂര്‍വകര്‍മവാസന പ്രബലമാകയാല്‍, അതിന്റെ ചുറ്റിപ്പിടുത്തത്തില്‍ വീണുപോയതാണ് അവര്‍. രണ്ടാംതരക്കാര്‍ യോഗചര്യയിലൂടെ കൂടുതല്‍ മുന്നേറി, ഭഗവത് സാക്ഷാത്കാരത്തിന്റെ നോക്കെത്താത്ത ദൂരം വരെ എത്തിയതിനുശേഷം വീണുപോയവരാണ്, ഭ്രഷ്ടരായവരാണ്.


ആദ്യകൂട്ടരുടെ ഗതി ആദ്യം പറയുന്നു. രണ്ടാമത്തെ കൂട്ടരുടെ ഗതി അടുത്ത ശ്ലോകത്തില്‍ പറയും.

യോഗചര്യ സ്വല്‍പകാലം മാത്രമേ തുടരാന്‍ കഴിഞ്ഞുള്ളൂവെങ്കിലും, വേദത്തില്‍ നിര്‍ദേശിച്ച അശ്വമേധം തുടങ്ങിയ പുണ്യകര്‍മങ്ങള്‍ യഥാവിധി അനുഷ്ഠിച്ചവര്‍ താമസിക്കുന്ന സ്വര്‍ഗാദിലോകങ്ങളില്‍ ചെല്ലാനും അവര്‍ക്ക് സാധിക്കും. കാരണം, അശ്വമേധാദിയാഗങ്ങളഉടെ പുണ്യത്തെക്കാള്‍ കോടിയിരട്ടിയാണ്, ഭഗവാനെ ധ്യാനയോഗത്തിലൂടെ സേവിച്ചതിന്റെ ഫലം.

”സ്വല്‍പമപ്യസ്യ ധര്‍മ്മസ്യ
ത്രായതേ മഹതോ ഭയാല്‍” (ഗീത)

(ഈ ഭഗവദ് ധര്‍മത്തിന്റെ സ്വല്‍പം മാത്രം അനുഷ്ഠിച്ചാല്‍ പോലും മനോഭയം-സംസാര ഭയം- അതില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കവിയും).

ആ പുണ്യത്തിന്റെ ഫലമായി, അനേകം വര്‍ഷങ്ങള്‍ സ്വര്‍ഗാദി ലോകങ്ങളില്‍ ജീവിച്ച് സുഖം അനുഭവിക്കാം. പുണ്യം തീര്‍ന്നുപോയാല്‍ വീണ്ടും ഈ ഭൂലോകത്തില്‍ ജനിക്കും. അതുകൊണ്ട് വിഷമിക്കേണ്ടതില്ല. ആ യോഗ ഭ്രഷ്ടന്‍ ജനിക്കുന്നത് എവിടെയാണ്?

”ശുചീനാം ശ്രമതാംഗേഹേ”- വേദവിഹിതകര്‍മങ്ങള്‍ പരമ്പരയായി ചെയ്തും ധര്‍മബോധത്തോടെ ലൗകിക കര്‍മങ്ങള്‍ ചെയ്തും പരിശുദ്ധി നേടിയ അച്ഛനും അമ്മയും കുടുംബാംഗങ്ങളും വസിക്കുന്ന വംശത്തില്‍ -ഗൃഹത്തിലാണ് അവര്‍ ജനിക്കുക. ജനിച്ചുവീണതു മുതല്‍ തന്നെ ഭഗവന്നാമം കേട്ടും ഭാഗവതം, ഗീത മുതലായ ആത്മീയ ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങള്‍ കേട്ടും ആത്മീയമായ അന്തരീക്ഷത്തില്‍ വളരാനും കഴിയും. കഴിഞ്ഞ ജന്മത്തില്‍ തുടങ്ങിവച്ച ആത്മീയ ജീവിതം തുടരാനും അവര്‍ക്ക് സാധിച്ചേക്കാം.

ശ്രീമതാം-ഭൗതിക ജീവിതത്തിനുവേണ്ടി വിഷമിച്ച്, അധ്വാനിച്ച് ആത്മീയചര്യ ഉപേക്ഷിക്കേണ്ടിവരില്ല. ആ ഗൃഹത്തില്‍ ധനം, ഉപകരണങ്ങള്‍ സഹായികള്‍ എല്ലാം വേണ്ടുവോളം ഉണ്ടാകും. പക്ഷേ ഈ അവസ്ഥ തന്നെ വീണ്ടും ആ യോഗിയെ ഭൗതികതലത്തിലേക്ക് തള്ളിയിട്ടേക്കാം.



ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി


No comments:

Post a Comment