ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 7, 2017

കാലത്തിന്റെ അധികാരികള്‍ - ഗുരുവരം -07


ഒ.വി. ഉഷ

മനുക്കള്‍ മഹായുഗങ്ങളുടെ കൂട്ടങ്ങള്‍ക്ക്,  വലിയ കാലങ്ങള്‍ക്ക്  അധികാരികളാണെന്നാണല്ലോ പുരാതന ഭാരതീയ സങ്കല്‍പം. മനുക്കള്‍ ഭൂമിയില്‍ ജന്മംകൊള്ളുന്നവരാണെന്നാണു സൂചന. ഈ മന്വന്തരത്തിന്റെ അധികാരിയായ വൈവസ്വതമനു ഭൂമിയില്‍ ജീവിച്ചതായി ഐതിഹ്യത്തില്‍ കാണുന്നു. ദ്രാവിഡ രാജ്യത്തിന്റെ അധിപനായിരുന്നു ഈ മനുവെന്നും, ഈ മനുവിന്റെ കാലത്ത് മത്സ്യാവതാരം വന്ന് പ്രളയമുണ്ടാക്കി എന്നുമാണ് പുരാണം. സത്യവ്രതന്‍, ശ്രാദ്ധദേവന്‍ എന്നീ പേരുകളുംകൂടി ഉള്ള ഈ മനു ഇത് മുന്‍കൂട്ടി അറിഞ്ഞ് നോഹയുടെ പെട്ടകം പോലെയുള്ള ഒരു ജലയാനമുണ്ടാക്കി.  മനു, കുടുംബം,  സപ്തര്‍ഷികള്‍ എന്നിവരടങ്ങിയ ഈ പെട്ടകത്തെ മത്സ്യരൂപത്തിലുള്ള വിഷ്ണു പ്രളയത്തില്‍ നിന്ന് രക്ഷിച്ചു. ശരീരം ഉപേക്ഷിച്ചശേഷം ജ്ഞാനികളുടെ പരമ്പരയിലൂടെ സൂക്ഷ്മലോകങ്ങളില്‍ നിന്നുകൊണ്ട് മനുക്കള്‍ ഈ ലോകത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അനുമാനിക്കാം.


വളരെ കുറച്ചുകാലം ഭൂമിയില്‍ വസിക്കുന്ന നമുക്ക് ഇതിന്റെയൊക്കെ സത്യാംശം വേര്‍തിരിച്ചെടുക്കാന്‍ എങ്ങനെ കഴിയാനാണ്? കഴിഞ്ഞതും നടപ്പിലിരിക്കുന്നതും വരാനിരിക്കുന്നതുമായ എന്നുവെച്ചാല്‍ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നുകാലങ്ങളുടെയും ഗതിവിഗതികളെക്കുറിച്ച് അതീന്ദ്രിയജ്ഞാനം ലഭിക്കുന്ന ത്രികാലജ്ഞാനികള്‍ കാലാകാലങ്ങളില്‍ ജന്മംകൊള്ളുന്നു എന്ന് ചിന്തിക്കാം.


മനുക്കളില്‍ക്കൂടി സാക്ഷാല്‍ക്കരിക്കപ്പെട്ട  ഗുരുതത്വം ലോകത്തിന്റെ  ഒരു ആന്തരികക്രമമായി വിഭാവനം ചെയ്യപ്പെട്ടതായി കരുതാവുന്നതാണ്.  സൃഷ്ടിയുടെ പ്രേരണയില്‍തന്നെ ആലിന്റെ വിത്തില്‍ ആലെന്നപോലെ അത് നിക്ഷിപ്തമായിരുന്നു കാണും. ജീവന്റെ,  ബോധത്തിന്റെ  ആ പ്രകാശം ഏതുറവിടത്തില്‍ നിന്നാണോ, ആ ബ്രഹ്മമാണ് അങ്ങനെ ചിന്തിക്കുമ്പോള്‍ പരമഗുരുവായിരിക്കുന്നത്.

അണു മുതല്‍ എണ്ണിയാല്‍ തീരാത്ത ക്ഷീരപഥങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡംവരെ  ഓരോന്നിനും അതതായി പ്രവര്‍ത്തിക്കാനുള്ള അറിവ് ആ ചൈതന്യത്തിന്റെ പ്രഭാവത്തില്‍ നിന്നാണ് കിട്ടുന്നതെന്നും വ്യക്തമാണ്. ‘ഈശാവാസ്യമിദം സര്‍വം’ എന്ന് ഉപനിഷത്ത് പറയുന്നത് അതല്ലേ?  വ്യാസന്റെ ശ്രീകൃഷ്ണന്‍ പറഞ്ഞുവെച്ചിരിക്കുന്നതും  ഇതുമായി ബന്ധപ്പെടുത്തിക്കാണാം.


മത്ത: പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ

ചരടില്‍ രത്‌നക്കൂട്ടങ്ങളെന്നപോലെ എല്ലാമെല്ലാം എന്നില്‍ ഇണങ്ങിനില്‍ക്കുന്നു എന്നും ആ ഞാന്‍ അല്ലാതെ മറ്റൊന്നുമില്ല എന്നും കൃഷ്ണന്‍ പറയുന്നു. പരമമായ ഗുരുതത്വത്തിന്റെ പ്രതിനിധിയായി യോഗേശ്വരനായ കൃഷ്ണനെ ഈ ആശയത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു. തെളിമലയാളത്തില്‍ ശ്രീനാരായണഗുരുവിന്റെ ‘ദൈവദശകം ‘ പ്രതിപാദിക്കുന്നതും മറ്റൊന്നല്ല.


നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും
സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള
സാമഗ്രിയായതും
നീയല്ലോ മായയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായുജ്യം
നല്‍കുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയുമോര്‍ക്കില്‍ നീ

ലോകവ്യവഹാരത്തില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു നില്‍ക്കുന്ന ജീവജാലങ്ങളില്‍ ഈ ബോധം മറഞ്ഞുകിടക്കുന്നു. കാലത്തിന്റെ അധികാരികളില്‍ക്കൂടി, അവരുടെ പരമ്പരകളില്‍ക്കൂടി അത് ഉണര്‍ത്തപ്പെടുകയും ചെയ്യുന്നു.


പലതട്ടുകളിലും തരങ്ങളിലുമായി നാം അവരെ ആരാധനാപാത്രങ്ങളാക്കുന്നു. ആരെ ആരാധിച്ചാലും ബ്രഹ്മനിശ്ചിതമായി ഓരോ കാലത്തിനും അധികാരിയായി വരുന്നവരിലേക്ക് ആ ആരാധനയോ പ്രാര്‍ത്ഥനകളോ എത്തുന്നു എന്നു സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്. (സുഭാഷിതങ്ങളില്‍ കിട്ടിയത്. കര്‍ത്തൃത്വം അജ്ഞാതം എന്നു തോന്നുന്നു.)


ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വദേവനമസ്‌കാരഃ
കേശവം പ്രതി ഗച്ഛതി


എപ്രകാരമാണോ ആകാശത്തില്‍ നിന്നു വീഴുന്ന വെള്ളം കടലിനെ ലക്ഷ്യമാക്കുന്നത് അതുപോലെ എല്ലാ ദേവന്മാര്‍ക്കും ചെയ്യുന്ന ആരാധനയും കേശവനില്‍, ശ്രീകൃഷ്ണനില്‍  എത്താന്‍ ഒഴുകുന്നു എന്നാണു പറയുന്നത്. ശ്രീകൃഷ്ണന്‍  ഇവിടെ ആ ഏകശക്തിയുടെ ഇച്ഛയാല്‍ വന്നുപോയ ഒരു മഹാചാര്യനായി (ദ്വാപരകലി സന്ധിയില്‍) കരുതാനാണ് എനിക്കുതോന്നുന്നത്. ഒരു കാലത്തിന്റെ അധികാരി.

No comments:

Post a Comment