ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 6, 2017

എല്ലാം കാണുന്ന കുഞ്ഞിക്കണ്ണ് - ഗുരുവരം -06

ഒ.വി. ഉഷ

ഭഗവദ് ഗീതയിലെ ഏറ്റവും പ്രശസ്തമായ ആശയങ്ങളിലൊന്ന് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം യുഗം തോറും ശ്രീകൃഷ്ണന്‍ മനുഷ്യജന്മമെടുക്കും എന്നാണല്ലോ. ഗീതയില്‍ മറ്റൊരിടത്ത് ഇങ്ങനെയും പറയുന്നു:


ബഹൂനി മേ വ്യതീതാനി തവ ജന്മാനി ചാ/ര്‍ജ്ജുന
താന്യഹം വേദ സര്‍വാണി ന ത്വം വേത്ഥ പരംതപ


എനിക്കും നിനക്കും അനേകം ജന്മങ്ങള്‍ കടന്നു പോയിരിക്കുന്നു. എനിക്കതെല്ലാം അറിയാം, നിനക്കറിയില്ല അര്‍ജ്ജുനാ എന്ന്. അങ്ങനെ ആലോചിച്ചു നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ യുഗങ്ങള്‍ തോറുമാണോ വന്നത്? ഒരു യുഗത്തില്‍ തന്നെ പലതവണ വന്നുവോ? മഹായുഗങ്ങളിലും യുഗാന്തരാളങ്ങളിലും ഇടവേളകളിലും ഒക്കെ വന്നിരിക്കാമോ? വീണ്ടും വീണ്ടും യുഗധര്‍മ്മം സംസ്ഥാപിതമാവുക, വീണ്ടും വീണ്ടും അപചയം വരിക, ദൈവശക്തിയായ കൃഷ്ണന്‍ നിരവധി ജന്മങ്ങള്‍ എടുക്കുക. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു യുഗത്തില്‍ തന്നെ പലതവണ വന്നിരിക്കാമെന്നതാണ്.


മഥുരയില്‍ മാത്രമല്ല കൃഷ്ണന്‍ ജനിച്ചിട്ടുണ്ടാവുക എന്നും കരുതാം. ഗുരുപരമ്പര മുഴുവന്‍ ആ മഹാത്മാവിന്റെ വിവിധജന്മങ്ങള്‍ ആയിക്കൊള്ളണമെന്നുമില്ല. പ്രകൃതിയില്‍ ഏതു പ്രതിഭാസത്തിലും സമൃദ്ധിയാണ് കാണാന്‍ കഴിയുക. അതുകൊണ്ട് ശ്രീകൃഷ്ണനെപ്പോലെ നേരിട്ട് പരബ്രഹ്മത്തിന്റെ മാധ്യമങ്ങളായി അയക്കപ്പെടുന്നവര്‍ പലരും ഉണ്ടായിരിക്കണം. മനുപരമ്പരയില്‍പ്പെട്ട ഗുരുക്കന്മാര്‍ അങ്ങനെ ആയിരുന്നിരിക്കാം. മനുവിനെ നാം മറന്നതും നമുക്ക് ലഭിച്ച മനുസ്മൃതിയില്‍ അപമാനവീകരണത്തിന്റെ അംശങ്ങള്‍ കടന്നുകൂടിക്കാണുന്നതും ആ ഗുരുധാരയുടെ ഒഴുക്കിനു വ്യതിയാനം വന്നതിന്റെ സൂചനയായി കണക്കാക്കാം.

വ്യതിയാനം വൈദികമായ കര്‍മ്മകാണ്ഡത്തിലൂടെയും വന്നില്ലേ? ദൈവത്തിന്റെ ഇച്ഛ നടപ്പാക്കാന്‍ വന്നവരെക്കാള്‍ പ്രാബല്യം ഇടനിലക്കാര്‍ക്കായി എന്ന അവസ്ഥ. പൗരോഹിത്യം. അതിനു പ്രതികരണമായിട്ടെന്നോണം വീണ്ടും ഗുരുതത്വം ഉദ്‌ഘോഷിക്കുന്ന ഉപനിഷത്തുക്കള്‍ ഉണ്ടായി വന്നു. വേഷം, ഭാഷ, കാലം ഇവക്ക് അനുസരിച്ച് നായകന്മാരും അവരുടെ അറിവുകളുടെ സങ്കലനങ്ങളായ ഗ്രന്ഥങ്ങളും അങ്ങനെ ഉണ്ടാകുന്നു.



ഒന്നുമറിയാത്ത കുട്ടികള്‍ പോലും വലിയ പാഠങ്ങള്‍ നല്‍കുന്നതും കാണാം.
പേര്‍ഷ്യയില്‍ പണ്ടു നടന്നതെന്ന് പറയപ്പെടുന്ന ഒരു സംഭവം വായിച്ചത് ഓര്‍മ്മ വരുന്നു. ഫൊസേയ്‌ല് എന്നൊരാള്‍ തന്റെ നാലു വയസ്സായ കുഞ്ഞിനെ മടിയിലിരുത്തി വാത്സല്യത്തോടെ കളിപ്പിക്കുകയായിരുന്നു. അതിനിടക്ക് കുട്ടി ചോദിച്ചു: എന്നെ അച്ഛനിഷ്ടമാണല്ലോ! എങ്ങനെയാണച്ഛന്‍ എന്നെ ഇഷ്ടപ്പെടുന്നത്? ഫൊസേയ്‌ല് പറഞ്ഞു: ഹൃദയം കൊണ്ട്. കുട്ടി അന്വേഷിച്ചു: ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ? പിതാവ് പറഞ്ഞു: ഉണ്ട്. കുട്ടിക്ക് സംശയമായി: എത്ര ഹൃദയമുണ്ട്? ഫൊസേയ്‌ല് പറഞ്ഞു: ഒന്ന്. സംശയം കൂടുതലായ കുട്ടിച്ചോദ്യം വന്നു: ഒരു ഹൃദയം കൊണ്ട് എന്നെയും ദൈവത്തെയും സ്‌നേഹിക്കുന്നത് എങ്ങനെയാണച്ഛാ? കുട്ടി സംസാരിച്ചതായല്ല ദൈവം കുട്ടിയിലൂടെ സംസാരിച്ചതായാണ് അയാള്‍ക്കു തോന്നിയത്. അയാള്‍ വീടു വിട്ടു പോയി അവധൂതനായി സര്‍വസംഗപരിത്യാഗിയായി. ഇതൊരു വലിയ പാഠത്തിന്റെ കഥ. സാധാരണ ജീവിതത്തിന്റെ കാര്യങ്ങളിലും കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണു തുറപ്പിക്കാറുണ്ട്.


ശ്രീകൃഷ്ണാര്‍ജ്ജുന സംവാദമാകട്ടെ ഫൊസേയിലിനു കിട്ടിയ ബോധോദയമാകട്ടെ നമ്മുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നു നാം ഗ്രഹിക്കുന്നതാകട്ടെ എല്ലാം നമുക്ക് പാഠങ്ങള്‍ തരുന്നു. നമുക്കുണ്ടാകുന്ന ഓരോ അനുഭവവും വാസ്തവത്തില്‍ പാഠങ്ങളാണ്, പ്രത്യേകിച്ച് കഷ്ടാനുഭവങ്ങള്‍. അവ ഓര്‍മ്മയില്‍ കൂടുതല്‍ വ്യക്തമായി നില്‍ക്കുന്നു. അനുഭവം ഗുരു എന്നു പറയുന്നതില്‍ കാര്യമില്ലേ?


No comments:

Post a Comment