(തെയ്യസ്ഥാനങ്ങള്‍)
………………………………………………………
ആദിമ കാലങ്ങളില്‍ തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നത് വൃക്ഷമൂലങ്ങളിലായിരുന്നു. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട് എങ്കിലും പില്‍ക്കാലത്ത് അവ കാവ്, കോട്ടം, താനം അഥവാ സ്ഥാനം, അറ, പള്ളിയറ, മുണ്ട്യ, കഴകം, ഇടം, മാടം, വാതില്‍ മാടം, ഗോപുരം എന്നിവിടങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇത് കൂടാതെ തറവാടുകളിലെ കന്നിക്കൊട്ടിലുകളും, പടിഞ്ഞാറ്റകളും തിരുമുറ്റം ചെത്തിക്കോരി തെയ്യാട്ടത്തിനു അരങ്ങു ഒരുക്കാറുണ്ട്. ചില പ്രത്യേക കാലങ്ങളില്‍ കൊയ്ത്തൊഴിഞ്ഞ വയല്‍ നടുവിലും പറമ്പുകളിലും താല്‍ക്കാലിക പതി (പള്ളിയറ) കെട്ടി തെയ്യാട്ടം നടത്തുന്നതും സാധാരണമാണ്. കാവുകളുടെ ഉലപ്പത്തി തന്നെ ഒരു പക്ഷേ വൃക്ഷാരാധനയില്‍ നിന്നായിരിക്കാം ഉടലെടുത്തത്. ദേവതാ സാങ്കേതങ്ങളായ കാവുകളില്‍ കല്‍ പീഠമൊ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. ചിലേടങ്ങളില്‍ മാത്രം ശ്രീകോവില്‍ (പള്ളിയറ) പണിതിട്ടുണ്ടാകും. അടുത്തകാലത്ത് ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ (അമ്പലങ്ങള്‍) എന്ന് പറയുന്നത് സാത്വികമായ കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലമാണ് എങ്കില്‍ തെയ്യം കെട്ടിയാടുന്ന മിക്കവാറും കാവുകളും രാജസ കര്മ്മത്തിലധിഷ്ടിതമാണ്. സാത്വിക കര്‍മ്മങ്ങള്‍ നടക്കുന്നിടത്ത് മദ്യവും മത്സ്യ മാംസാദികളും പാടില്ല. എന്നാല്‍ രാജസ കര്‍മ്മം നടക്കുന്നിടത്ത് ഇവയൊക്കെ അനുവദനീയവുമാണ്.
മദ്യവും മത്സ്യമാംസാദികളും ഉപയോഗിക്കാത്ത തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നത് പൊതുവേ കോട്ടങ്ങളിലാണ്. വേട്ടക്കൊരു മകന്‍, കന്നിക്കൊരു മകന്‍, ശാസ്താവ് ഇവയൊക്കെ ഉദാഹരണമായി പറയാവുന്നതാണ്. എന്നാല്‍ മദ്യവും മത്സ്യ മാംസങ്ങളും ഉപയോഗിക്കുന്നത് കാവുകളിലാണ്. പുതിയ ഭഗവതി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങള്‍ ഉള്ള കാവുകള്‍ ഉദാഹരണമായി പ്പറയാം.
പ്രധാന ദേവീ സങ്കല്‍പ്പമുള്ള ക്ഷേത്രങ്ങള്‍ കാവുകള്‍ എന്ന പേരിലാണ് അറിയപ്പെടുക. ഉദാഹരണം പുതിയ ഭഗവതി കാവ്, മുച്ചിലോട്ട് ഭഗവതി കാവ്, തിരുവര്‍ക്കാട്ട് ഭഗവതി കാവ് (മാടായി കാവ്), ചീറുമ്പ കാവ് (ശ്രീ കുറുമ്പ കാവ്) മുതലായവ. മദ്യവും മത്സ്യവും ഉപയോഗിക്കുന്ന മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന ക്ഷേത്രത്തിനു മടപ്പുര എന്നും, വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടുന്ന സ്ഥലം മുണ്ട്യ എന്നും, ഗുളികന്‍, പൊട്ടന്‍ മുതലായ തെയ്യങ്ങള്‍ കെട്ടിയാടുന്ന ക്ഷേത്രങ്ങള്‍ ‘സ്ഥാനം’ എന്നുമാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതിലെ പല തെയ്യങ്ങളും കാവുകളിലും തറവാടുകളിലും കൂടി കെട്ടിയാടാറുണ്ട്.
കാവും ആരൂഡസ്ഥാനങ്ങളും: തെയ്യാട്ടക്കാവുകള്‍ക്കെല്ലാം തച്ചുശാസ്ത്രവിധിരൂപമാണ് ഉള്ളതെന്ന് പറയാമെങ്കിലും തെയ്യാട്ട സങ്കേതങ്ങള്‍ ആയ കളരി, കഴകം, തറവാട്ടുസ്ഥാനം, പൊടിക്കളം, എടം, മാടം, മോലോം തുടങ്ങിയവക്ക് വേറിട്ട രൂപവും കാണാം. പൊതുവേ തെയ്യക്കാവുകള്‍ക്കെല്ലാം ‘കിംപുരുഷ’ സങ്കല്‍പ്പത്തോടു കൂടിയ മുഖ സൌന്ദര്യമാണ് ഉള്ളത്.
കിംപുരുഷന്‍: പള്ളിയറയുടെ മുഖ്യ കവാടത്തിനു മുകളില്‍ മരത്തില്‍ കൊത്തിയെടുത്ത ഭയാനകമായ ഒരു രൂപമാണ് കിംപുരുഷന്‍റെത്. പുറത്തേക്ക് തള്ളിയ ചോരക്കണ്ണുകള്‍, കോമ്പല്ലുകള്‍ക്കിടയിലൂടെ താണിറങ്ങിയ ചോര വാര്‍ന്നോഴുകുന്ന നീളന്‍ നാക്ക്, ദൈവ പ്രപഞ്ചത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്ത് ഇരുപുറത്തെക്കും നീട്ടിപിടിച്ച ദീര്‍ഘവും ബലിഷ്ടവുമായ കൈകള്‍. കിംപുരുഷന് വിഷ്ണുവില്‍ നിന്നാണത്രേ ഈ ദേവദേവ പദവി കിട്ടിയത്. സര്‍വലക്ഷണ സമ്പന്നനായ തന്റെ മകനെ ഇന്ദ്രാദികള്‍ വൈകല്യമുള്ളവനാക്കി മാറ്റിയതില്‍ കോപം പൂണ്ട ഭൂമി ദേവിയെ ആശ്വസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവത്രേ വിഷ്ണു ഈ പദവി നല്‍കിയത്.
പള്ളിയറ: ദേവതകള്‍ കുടികൊള്ളുന്ന മുഖ്യദേവാലയമാണ് പള്ളിയറ. പള്ളിയറ വാതിലിന് ഇരുപുറത്തും കൊളുത്തിയിട്ട തിരി വിളക്കിലാണ് അന്തിത്തിരിയന്‍ വിളക്ക് കൊളുത്തുന്നത്. ഈ മുറ്റത്താണ് കളിയാട്ടവും പൂരക്കളിയും പാട്ടുല്‍സവവും കളത്തിലരി ചടങ്ങുകളും അരങ്ങേറുന്നത്. ദേവതയുടെ പേരില്‍ പ്രാര്‍ഥിക്കാനും കാണിക്കയിടാനുമുള്ള ഭണ്ടാരം പള്ളിയറക്ക് മുന്നിലുണ്ടാകും.
കുടമണി: പള്ളിയറക്ക് മുന്നില്‍ തൂക്കിയിടുന്ന വലിയ വെള്ളോട്ടുമണി മുഖ്യ അനുഷ്ഠാന മുദ്രയാണ്. അകത്ത് പള്ളികൊള്ളുന്ന ദേവതയെ പള്ളിയുണര്‍ത്താന്‍ ഈ മണി മുഴക്കിയാണ് അന്തിത്തിരിയനും കോമരവും പള്ളിയറക്കകത്തേക്ക് കയറുന്നത്. വിഷ്ണുമൂര്‍ത്തി പോലുള്ള തെയ്യങ്ങള്‍ തങ്ങളുടെ ഉറഞ്ഞാട്ടത്തിനിടയില്‍ വാള്‍ കൊണ്ട് ഈ മണി മുഴക്കുന്ന പതിവുമുണ്ട്.
ഭണ്ടാരപ്പുര: ഇതും ഒരു പ്രധാന ആരൂഡമാണ്. ചില കാവുകളുടെ ഉല്‍പ്പത്തി ചരിത്ര പ്രകാരം ദേവത ആദ്യം വന്നു കയറിയ ഇടമാണ് ഇത്. ഇതിനകത്തെ പൂജാമുറിയിലും നിത്യം അന്തിത്തിരി വെക്കേണ്ടതുണ്ട്. അന്തിത്തിരിയന്‍ താമസിക്കുന്നതും മറ്റ് ആചാരക്കാര്‍ തങ്ങുന്നതും ഇവിടെയാണ്. കാവിന്റെ ജംഗമ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതും ചില പ്രധാന അനുഷ്ഠാനങ്ങള്‍ നടത്തുന്നതും ഇവിടെ വെച്ചാണ്. വടക്കേംവാതില്‍ കളിയാട്ടവും ഇവിടെ വെച്ച് നടത്താറുണ്ട്.
മണിക്കിണര്‍: കാവിലെ പൂജാരികള്‍ക്കും കളിയാട്ടചടങ്ങുകള്‍ക്കും ആവശ്യമുള്ള വെള്ളം കോരിയെടുക്കുന്ന പവിത്രമായ ചെറിയ കിണര്‍ ആണ് മണി കിണര്‍. ചെറു ചെമ്പുകുടം ഉപയോഗിച്ച് അന്തിത്തിരിയനും ആചാരക്കാരും മാത്രമേ ഇതില്‍ നിന്ന് വെള്ളം കോരാവൂ.
തേങ്ങാക്കല്ല്: ഓരോ കാവിലും തിരു നടയുടെ തെക്ക് കിഴക്കേ ദിശയിലാണ് തറയുടെ മുകളില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള കരിങ്കല്ല് (തേങ്ങാക്കല്ല് )സ്ഥാപിക്കുന്നത്. ദേവ പ്രീതിക്കുള്ള പഴയ ബലിയര്‍പ്പണത്തിന്റെ സൂചനയായി ഇതിനെ കാണാം. വെളിച്ചപ്പാടനും തെയ്യവും തോറ്റവും വെള്ളാട്ടവുമെല്ലാം തേങ്ങ എറിഞ്ഞുടക്കുന്നത് ഇവിടെയാണ്. വേട്ടയ്ക്കൊരു മകന്‍ കോട്ടത്ത് പാട്ടുല്‍സവത്തിനോടനുബന്ധിച്ച് വെളിച്ചപ്പാടും വാല്യക്കാരും നൂറു കണക്കിന് തേങ്ങകള്‍ എറിഞ്ഞുടക്കുന്നത് ഇവിടെയാണ്.
കിഴക്കേ പടിപ്പുരയും വടക്കെ പടിപ്പുരയും : കാവുകളില്‍ അഭിമുഖമായി കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പടിപ്പുര കോയ്മപടിപ്പുരയാണ്. (കോയ്മമാരെക്കുറിച്ച് വഴിയെ വിശദമായി പ്രസ്താവിക്കുന്നുണ്ട്). കളിയാട്ടക്കാലങ്ങളിലും മറ്റും ആചാര സ്ഥാനികന്മാര്‍ ഇരിക്കുന്ന ഇടമാണ് വടക്കെ പടിപ്പുര.
നാഗം: തെയ്യക്കാവുകളുടെ മതില്‍ക്കെട്ടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളവയാണ് നാഗാരാധനക്ക് വേണ്ടിയുള്ള നാഗക്കാവുകള്‍. അന്തി നേരത്ത് നാഗക്കാവിലും തിരികൊളുത്തി വെക്കുക പതിവാണ്. നാഗക്കാവുകള്‍ ഇപ്പോള്‍ പതുക്കെ പതുക്കെ നാമാവശേഷമായി. അത് നിന്നിടത്ത് ഇപ്പോള്‍ രണ്ടോ മൂന്നോ മരങ്ങളോ ഒരു നാഗക്കല്ലോ മാത്രമേ ഉള്ളൂ എന്ന സ്ഥിതിയായിട്ടുണ്ട്. എങ്കിലും അവയെ നാഗം എന്ന് ഇപ്പോഴും വിളിക്കുന്ന പതിവ് തുടരുകയാണ്. തെയ്യങ്ങള്‍ നാഗക്കാവിനെ നോക്കി പ്രത്യേകം അഭിവാദ്യം അര്‍പ്പിക്കുന്നത് കാണാം. ചില പ്രത്യേക മാസങ്ങളില്‍ ആയില്യം നാളില്‍ ‘നാഗത്തില്‍ കഴിക്കുക’ എന്ന പ്രത്യേകമായ നാഗ പൂജ ഇവിടെ നടത്താറുണ്ട്.
കുളം: ആചാരക്കാരും സമുദായികളും കൂട്ടായ്മക്കാരും ദേഹശുദ്ധി വരുത്തുന്നത് കുളത്തില്‍ നിന്നാണ്. പൂരോത്സവ നാളുകളില്‍ ദേവതാ വിഗ്രഹത്തെ പൂരം കുളിക്ക് മുക്കുന്നത് ഇവിടെയാണ്. പുലയും വാലായ്മയും ഉള്ളവര്‍ കുളം ഉപയോഗിക്കരുത് എന്ന വിലക്ക് ഉണ്ട്.
കള്ളിയാമ്പള്ളി: തെയ്യക്കാവിന്റെ വടക്ക് ഭാഗത്ത് കാളി ബലിക്കുള്ള കള്ളിയാമ്പള്ളി കാണാം. കാളീ സങ്കല്‍പ്പത്തിലുള്ള ദേവീ പൂജയുടെ ഭാഗമായി കോഴിയറുത്തും മറ്റും കുരുതി നടത്തുന്നത് ഇവിടെയാണ്. ചിലേടത്ത് നിശ്ചിതമായ കണക്കില്‍ കല്ലു കൊണ്ട് പടുത്ത തറയ്ക്ക് മേലെയാണ് കള്ളിയാമ്പള്ളി ഒരുക്കുക. വാഴപ്പോള കൊണ്ട് കള്ളികളുണ്ടാക്കി കള്ളികളില്‍ മുതൃച്ചയും കലശ കുംഭവും വെക്കുന്നത് ഇവിടെയാണ്. ഇതിനരികിലാണ് കലശക്കാരന്റെ ഇരിപ്പടം ഉണ്ടാകുക.
കടപ്പാട്..അജിത് കുമാർ
No comments:
Post a Comment