കോട്ടയം ജില്ലയിലെ പാല ടൗണിൽ നിന്നും 7 കി.മി കിഴക്ക് മാറിയാണ് എന്റെ ഗ്രാമം ( ഉള്ളനാട് ) സ്ഥിതി ചെയ്യുന്നത്.. പേരുപോലെ തന്നെ ടൗൺ പ്രദേശത്തു നിന്നും ഉള്ളിലായിട്ടാണ് ഈ ഗ്രാമം.. ഈ ഗ്രാമത്തിന്റെ ദേവനാണ് ശ്രീധർമ്മ ശാസ്താവ്.. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്.
ക്ഷേത്രത്തിന്റെ ഉൽപ്പത്തി..
ഈ നാട്ടിലെ ഒരു പഴയ നായർ തറവാടായ വാഴകാട്ട് എന്ന വീട്ടിലെ കാരണവർ തീർത്ഥാടനം കഴിഞ്ഞ് വന്നപ്പോൾ അദ്ദേഹത്തിന്റെ കുടയ്ക്കൊപ്പം വന്ന് ആ തറവാടിന്റെ അറയിൽ കുടി കൊണ്ടതാണ് ശാസ്താ ചൈതന്യം എന്ന് വിശ്വസിക്കുന്നു.. അവിടെ നിന്നും ഇന്നു കാണുന്ന ക്ഷേത്ര സങ്കേതത്തിലേക്ക് ശാസ്താവിനെ ശിലാവിഗ്രഹത്തിൽ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് അഭിമുഖമായിട്ടിരിക്കുന്ന ഈ ശ്രീകോവിലിന്റെ നാലമ്പലത്തിനുള്ളിൽ ഉപ പ്രതിഷ്ഠകൾ ( ഗണപതി) ഒന്നുമില്ല എന്നത് ഒരു പ്രത്യേകതയാണ്. ചുറ്റമ്പലത്തിന് വെളിയിൽ തെക്ക് മലനടയും വടക്ക് വശത്ത് പടിഞ്ഞാറ് അഭിമുഖമായി ചതുർബാഹുവായ മഹാവിഷ്ണുവും കിഴക്ക് ദർശനമായി 2 നില മാളികയിൽ വസിക്കുന്ന മാളികപ്പുറത്തമ്മയും ഉണ്ട്.. ശബരിമല ധർമ്മ ശാസ്താവിന്റെ അതേ ചൈതന്യമാണ് ഇവിടെയും എന്ന് കരുതി ഭജിക്കുന്ന ജനങ്ങൾ ആണ് ഇവിടെ ഉള്ളത്.. ആയതിനാൽ ഈ അടുത്ത കാലം വരെയും യൗവ്വന പ്രായത്തിലുള്ള സ്ത്രികൾ നാലമ്പലത്തിന് അകത്ത് പ്രവേശിക്കുക പതിവില്ലായിരുന്നു.
ഏകദേശം 4 പതിറ്റാണ്ട് മുൻപ് ഇവിടെ ശിവ സാന്നിധ്യം ഉണ്ടെന്ന് നിമിത്തങ്ങളിലൂടെ തോന്നിപ്പിക്കുകയും പ്രശ്ന വിധി പ്രകാരം അയ്യപ്പന്റെ അമ്പലമതിൽ കെട്ടിന് വെളിയിൽ ഭഗവാന്റെ വലതുഭാഗത്തായി ശിവഭഗവാന് ഒരു ശ്രീകോവിൽ പണിയുകയും 1980 ആണ്ട് ഇടവ മാസം ഒന്നാം തീയതി ശിവ പ്രതിഷs നടത്തുകയും ഉണ്ടായി. ഈ ക്ഷേത്രത്തിൽ ദർശനത്തിനു വരുന്ന ഭക്തർ ആദ്യം പിതാവായ മഹേശ്വരനെ ദർശിച്ച ശേഷം തന്നെ വന്നു കണ്ടാൽ മതി എന്ന് ഒരു പ്രശ്നവിധിയിലൂടെ അയ്യപ്പന്റെ അരുളപ്പാട് ഉണ്ടായതാണ്. അതുപോലെ തന്നെ ആദ്യം അയ്യപ്പന്റെ ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചു കഴിഞ്ഞാൽ അടുത്തതായി മഹാദേവന്റെ തിരുനടയാണ് തുറക്കേണ്ടത്. ആദ്യം നിവേദ്യം നടത്തേണ്ടതും മഹാദേവനാണ്.. ശ്രീ മഹാദേവന്റെ ചുറ്റമ്പലത്തിനുള്ളിൽ കിഴക്ക് ദർശനമായി ഗണപതിയും പടിഞ്ഞാറ് ദർശനമാകി ഭഗവതിയും ഉണ്ട്. ചുറ്റമ്പലത്തിന് വെളിയിൽ സർപ്പസാന്നിധ്യവും ഉണ്ട്..
ക്ഷേത്ര ഭരണം
40 വർഷം മുൻപ് വരെ 4 നായർ കുടുംബങ്ങളുടെ ഊരാണ്മയിൽ ആയിരുന്നു ഈ ക്ഷേത്രം.. 3 മാസം ഊഴമിട്ടുള്ള ഭരണം. ക്ഷേത്രനടത്തിപ്പിലേക്കായി ഈ 4 കുടുംബത്തിൽ നിന്നും ക്ഷേത്രത്തിലേക്കായി സ്വത്ത് മാറ്റി വച്ചിരുന്നു.എന്നാൽ കാലക്രമത്തിൽ ടി വക കൊണ്ട് ക്ഷേത്രം നടത്തിപ്പ് കഴിയാതെ വന്നതിനാൽ ക്ഷേത്രം കരയോഗത്തിലേക്ക് വിട്ടുകൊടുത്തു, 2742 നമ്പർ NSS കരയോഗമാണ് ഇപ്പോൾ ക്ഷേത്രം നടത്തിപ്പ്..
ക്ഷേത്രം തന്ത്രി മാള അന്നമനടയിലുള്ള കാശാംകോടത്ത് മന നാരായണൻ നമ്പൂതിരി അവർ കൾ ആണ്..
ക്ഷേത്ര വിശേഷങ്ങൾ
സാധാരണ ദിവസങ്ങളിൽഒരു നേരത്തെ പൂജ മാത്രമേ ഇവിടെ ഉള്ളു. വൃശ്ചികം 1 മുതൽ 41 ദിവസം 2 നേരം പൂജയും ദീപാരാധനയം സന്ധ്യക്ക് നാമജപവും പതിവുണ്ട്. കർക്കിടക മാസത്തിൽ രാമായണം വായനയും പതിവാണ്..എല്ലാ വർഷവും മാർച്ച് - ഏപ്രിൽ മാസത്തിൽ സപ്താഹം നടന്നു വരുന്നു. ശിവരാത്രിയും ഇടവം ഒന്നും ശിവന്റെ വിശേഷമായി ആചരിക്കുന്നു '. എല്ലാ ആഗസ്ത് 15 നും അഖണ്ഡനാമജപം നടത്തപ്പെടുന്നു.
ശബരിമലയിലെ അതേ ചൈതന്യം ആണെന്ന വിശ്വാസത്തിൽ ഈ നാട്ടിൽ നിന്നും എന്റെ മുത്തച്ഛനുൾപ്പെടെയുള്ള പഴയ തലമുറ ശബരിമല ദർശനത്തിന് പോവുക പതിവില്ലായിരുന്നു. പൂർണ പുഷ്കല സമേതനാണെന്ന വിശ്വാസവും ഉള്ളതിനാൽ ഇവിടെ തിരുനടയിൽ വിവാഹവും നടത്താറുണ്ട്..
മഹാദേവ പ്രതിഷ്ഠ നടത്തുന്നതു വരെ മീനമാസത്തിൽ ഉത്രം ഉത്സവമായി ആഘോഷിച്ചു വന്നിരുന്നു. ഇപ്പോൾ മകരമാസത്തിലെ ഉത്രം ആണ് ഉത്സവം ആയി ആഘോഷിക്കുന്നത്. കൊടിമരം ഇല്ലാത്തതിനാൽ ആറാട്ടും പതിവില്ല.4 ദിവസത്തെ കളം എഴുത്തും പാട്ടും നടത്തി ഉത്രത്തിന്റെ അന്ന് 5 പൂജയും വലിയ വിളക്കും; പള്ളിവേട്ട വിളിച്ച് നായാട്ട് നടത്തി തിരികെ ശ്രീലകത്ത് കയറുന്ന ചടങ്ങുകൾ മാത്രമേ ഇവിടെ ഉള്ളു.. ഉത്സവം വളരെ കേമമായി തന്നെ നടത്തി വരുന്നു.
ഇപ്പോൾ ക്ഷേത്രം ചുറ്റമ്പലം പുതിയതായി പണി നടത്തി വരുന്നു. 2017 മാർച്ചിൽ നടക്കുന്ന സപ്താഹ സമയത്ത് നാലമ്പലം പണി പൂർത്തിയാക്കി ഭഗവാന് സമർപ്പിക്കാനാണ് കമ്മറ്റി തീരുമാനം
ക്ഷേത്ര വഴിപാടുകൾ
നീരാഞ്ജനം, ധാര, ആറു നാഴി പായസം , എള്ള് പായസം, നെയ് വിളക്ക് എന്നിവയാണ് കൂടുതലായും നടത്തി വരുന്ന വഴിപാടുകൾ.. മാളികപുറത്തമ്മക്ക് വട്ടക ഗുരുതി എന്ന വഴിപാട് മണ്ഡലകാലം ഒഴിച്ചുള്ള എല്ലാ ദിവസവം നടത്തുന്നു. മണ്ഡലം കാലം കൂടുന്ന അന്ന് മാളിക പുറത്ത് ഗുരുതി നടത്തുന്നു.
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം
പാല തൊടുപുഴ റൂട്ടിൽ പ്രവിത്താനം ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. പൊതു ഗതാഗത സൗകര്യം വളരെ കുറഞ്ഞ ഒരു പ്രദേശമായതിനാൽ ഭക്തജന ബാഹുല്യം ഉത്സവസമയത്തു പോലും ഇവിടെ അനുഭവപ്പെടാറില്ല..
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഞങ്ങളുടെ ഉള്ളനാട് ധർമ്മശാസ്താവ് നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ...
വീരൻ വില്ലാളി വീരൻ വീരമണികണ്ഠൻ പാണ്ടിമലയാളം അടക്കിവാഴും ശ്രീ ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ
No comments:
Post a Comment