തന്നെ വധിക്കാനായി പിറന്ന ശിശു എവിടെയാണെന്ന് കംസന് അറിയില്ല. അപ്പോൾ നാട്ടിലുള്ള എല്ലാ ശിശുക്കളെയും വധിക്കുക എന്നതായിരുന്നു കംസന്റെ തന്ത്രം.
ആദ്യം പൂതനയെ അയച്ചു. അവൾ മടങ്ങി വന്നില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം യശോദ കൃഷ്ണനെ എടുത്ത് മടിയിൽ കിടത്തി മുലപ്പാൽ കൊടുക്കുകയായിരുന്നു. അപ്പോൾ അവർക്ക് പെട്ടെന്ന് കൃഷ്ണന്റെ ഭാരം വർദ്ധിച്ചു വരുന്നതായി തോന്നി. പതുക്കെ എടുത്ത് നിലത്ത് വിരിച്ച പായയിൽ കിടത്തി.
"ഉണ്ണിക്കണ്ണന് എന്താണിത്ര കനം, വല്ല രോഗവുമായിരിക്കുമോ ?" എന്നൊക്കെ വിചാരിച്ച് ആ അമ്മ മകനെ നോക്കി. കഴപ്പമൊന്നും ഇല്ലെന്ന് കരുതി സമാധാനിച്ച് അടുക്കളയിലേക്ക് പോയി.
ആ സമയത്താണ് തൃണാവർത്തൻ എന്ന അസുരൻ അവിടെ എത്തിയത്. തിരിച്ചുവരാത്ത പൂതനയെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു അവൻ.
അവിടെ എത്തിയപ്പോഴാണ് പൂതന ഈ ശിശു കാരണം മരണപ്പെട്ടു എന്ന് തൃണാവർത്തൻ അറിഞ്ഞത്.
അവൻ കാറ്റിന്റെ രൂപത്തിൽ വീട്ടിനകത്തേക്ക് കടന്നു. വേഗമേറിയ കൊടുങ്കാറ്റായി ഉണ്ണിയെ വലിച്ചെടുത്ത് ഉയരത്തിലേക്ക് കൊണ്ടുപോയി.
അപ്പോഴേക്കും ഉണ്ണികൃഷ്ണന്റെ ഭാരം കൂടിക്കൂടി വന്നു തുടങ്ങി. തൃണാവർത്തന് ആ ഭാരം താങ്ങാൻ കഴിവില്ലാതായി. അവൻ കാററിന്റെ രൂപം ഉപേക്ഷിച്ച് അസുരന്റെ രൂപം തന്നെ എടുത്തു. ആ കൊച്ചു കുഞ്ഞ് അവനെ തന്റെ ദേഹഭാരം കൊണ്ട് അമർത്തിപ്പിടിച്ചു. അവൻ നിലവിളി കൂട്ടി ഭൂമിയിലേക്ക് മരിച്ചുവീണു.
കരിമല പോലെ ചത്തുകിടക്കുന്ന ഒരു അസുരനെയും അവന്റെ അയഞ്ഞ കൈക്കൂട്ടിൽ ചിരിച്ചു കൊണ്ട് കൈകാലുകൾ ഇളക്കി കളിക്കുന്ന കണ്ണനെയും ഗോകുലവാസികൾ കണ്ടു.
നന്ദഗോപൻ ഗോപന്മാരോടൊപ്പം ഓടിച്ചെന്ന് കഷ്ണനെ എടുത്തു. ഓടിയെത്തിയ യശോദയുടെ കൈകളിൽ അദ്ദേഹം മകനെ ഏൽപ്പിച്ചു കൊടുത്തു.
യശോദ കണ്ണീർ തുടച്ച് ഉണ്ണിയെ എടുത്ത് മടിയിൽ കിടത്തി മുലപ്പാൽ കൊടുത്തു. മുൻപ് ഉണ്ണിക്കണ്ണന് ഉണ്ടായിരുന്നു എന്ന് തോന്നിയ കനം ഇപ്പോൾ ഇല്ലാതായിരിക്കുന്നു എന്ന് അവർക്ക് മനസിലായി.
ഭഗവാനേ, മുകുന്ദാ, നാരായണാ എല്ലാം നിന്തിരുവടിയുടെ അനുഗ്രഹം എന്ന് വീണ്ടും വീണ്ടും പറഞ്ഞ് എല്ലാവരും സമാധാനത്തോടെ ഇരുന്നു.
No comments:
Post a Comment