ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 10, 2016

കര്‍മ്മസിദ്ധാന്തം

 ഭാരതീയമായ എല്ലാ ആസ്തികദര്‍ശനങ്ങളും, മതങ്ങളും ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒന്നാണ് കര്‍മ്മസിദ്ധാന്തം. ഒരു ജീവന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ആ ജീവന്‍ വീണ്ടും വീണ്ടും വിവിധ യോനികളില്‍ ജനിക്കുന്നുവെന്നും അനേകം ജന്മങ്ങള്‍ക്കുശേഷം സ്വപ്രയത്നത്തിന്റെയും ഈശ്വരകൃപയുടെയും ഫലമായി കര്‍മ്മബന്ധത്തില്‍ നിന്നു മുക്തനായിത്തീരുന്നു എന്നുമാണ് കര്‍മ്മസിദ്ധാന്തം അനുശാസിക്കുന്നത്.



നാഭുക്തം ക്ഷീയതേ കര്‍മ്മ കല്പകോടി ശതൈരപി. (കര്‍മ്മത്തിന്റെ ഫലം എത്ര കല്പങ്ങള്‍ കഴിഞ്ഞാലും അനുഭവിച്ചുതീര്‍ക്കാതെ ക്ഷയിക്കുകയില്ല) അതായത് “താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ”.

“യഥാ ധേനുസഹസ്രേഷു വത്സോ വിന്ദതി മാതരം, തഥാ പുരാ കൃതം കര്‍മ്മ കര്‍ത്താരമനുഗച്ഛതി”

എന്ന വ്യാസവചനമനുസരിച്ച് “ഒരു പശുക്കുട്ടി ആയിരക്കണക്കിനു പശുക്കളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന സ്വന്തം തള്ളയെ കണ്ടെത്തി അടുത്തുചെല്ലുന്നതുപോലെ, ഒരുവന്‍ ചെയ്ത കര്‍മ്മങ്ങള്‍ പിന്തുടര്‍ന്നു വന്ന് അവനെ പിടികൂടുന്നു” എന്ന് വ്യക്തമാണ്.

മോക്ഷം എന്ന പരമപുരുഷാര്‍ത്ഥം: മേല്‍പറഞ്ഞ കര്‍മ്മബന്ധനത്തില്‍ നിന്നു മുക്തനാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യമെന്ന് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി സമ്പാദിച്ച്, ഭക്തിപൂര്‍വ്വം ഉപാസനചെയ്തും,

യോഗാനുഷ്ഠാനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി, ആത്മജ്ഞാനം സമ്പാദിച്ച് ജീവന്മുക്തനായിത്തീരുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് നമ്മുടെ ശാസ്ത്രങ്ങളെല്ലാം ഐക്യകണ്ഠേന പ്രഖ്യാപിക്കുന്നു. കര്‍മ്മഭൂമിയായ ഈ ലോകത്തില്‍ ഉത്തമമായ മനുഷ്യജന്മം ലഭിച്ചിട്ടും മുക്തിക്കായി യത്നിക്കാത്തവന്‍ അത്യന്തം മൂഢനാണെന്നും ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു.


ലബ്ധ്വാ കഥഞ്ചിത് നരജന്മ ദുര്‍ലഭം
തത്രാപി പുംസ്ത്വം ശ്രുതിപാരദര്‍ശനം
യസ്തു ആത്മമുക്തൗ ന യതേത മൂഢധീഃ
സ ഹ്യാത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത് (വിവേകചൂഡാമണി 4)


“ദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചിട്ടും, ജ്ഞാനസമ്പാദനത്തിനുള്ള അവസരമുണ്ടായിട്ടും സ്വന്തം മുക്തിക്കായി പ്രയത്നിക്കാത്തവനായ മൂഢബുദ്ധിയായവന്‍ അനിത്യങ്ങളായ വസ്തുക്കളെ ആഗ്രഹിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത്.”


ഇഹ ചേദവേദീദഥ സത്യമസ്തി ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി (കേനോപനിഷത് 2.5)


“ഈ ജന്മത്തില്‍, ഈലോകത്തില്‍, ഈ മനുഷ്യശരീരത്തില്‍വെച്ചുതന്നെ ബ്രഹ്മത്തിനെ അറിഞ്ഞുവെങ്കില്‍ജീവിതം സത്യമായിത്തീരുന്നു, സഫലമായിത്തീരുന്നു. ഈ ജന്മത്തില്‍, ഈ മനുഷ്യശരീരത്തി‍ല്‍തന്നെ ബ്രഹ്മത്തിനെ അറിഞ്ഞിട്ടില്ലെങ്കി‍ല്‍അത് ഏറ്റവും മഹത്തായ നഷ്ടമാണ് (ജീവിതം വ്യര്‍ത്ഥമായിത്തീരുന്നു). ജ്ഞാനികള്‍ ഓരോ ജീവികളിലും പരമാത്മസ്വരൂപത്തെ ദര്‍ശിച്ചിട്ട് ഈ ലോകത്തെ ത്യജിച്ചിട്ട് അമൃതസ്വരൂപന്മാരായിത്തീരുന്നു” എന്ന് കേനോപനിഷത്തും പറയുന്നു.

No comments:

Post a Comment