ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 9, 2016

മനുസ്‌മൃതി - ധർമ്മശാസ്‌ത്രം

മനുസ്‌മൃതി എന്ന ധർമ്മ ശാസ്ത്രത്തിൽ ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും കഴിയുന്നതും ആയിട്ടുള്ള വസ്തുതകൾ ഉണ്ട്. മനുസ്‌മൃതി എന്ന് കേട്ടാൽ ഉടനെ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുന്ന കാര്യവും (ഇങ്ങനെ ഒന്ന് മനുസ്‌മൃതിയിൽ ഇല്ല എന്നതാണ് വസ്തുത) ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ശ്ലോകവും മാത്രം പറയുന്നവരെയെ കണ്ടിട്ടുള്ളൂ.

അങ്ങനെ അനാചാരങ്ങൾ മാത്രം ഉള്ള ഒരു ഗ്രന്ഥമായി അതിനെ കരുതിപ്പോരുന്നു. പക്ഷെ , നാം ഇന്ന് അറിഞ്ഞോ അറിയാതെയോ ആചരിയ്ക്കുന്ന പല സദാചാരങ്ങളും മനുസ്‌മൃതിയിൽ ആണ് പറഞ്ഞിട്ടുള്ളത്.


അന്നത്തെ നിന്ദിയ്ക്കരുത് എന്ന് നമ്മൾ പറയാറില്ലേ. ഇത് മനുസ്‌മൃതി ശ്ലോകം ആണ് (2 -54 ).


പിതൃസഹോദരിയും മാതൃസഹോദരിയും മൂത്തസഹോദരിയും ഗുരു പത്നിയ്ക്കു തുല്യമാണ് (2 -131 ). ഇവരെ അമ്മയെപ്പോലെ കരുതണം (2 -133 ). ജ്യേഷ്ഠപത്നിയുടെ പാദം ദിവസവും വണങ്ങണം.(2 132 ). തന്നെക്കാൾ പ്രായമുള്ളവനെ ജ്യേഷ്ഠനെ പ്പോലെ കരുതണം (2 -134 ).


സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത് . അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത് (2 161 ).


ബ്രാഹ്മണൻ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ പാടില്ല. (2 -162 )


വാഹനത്തിൽ പോകുമ്പോൾ ഗുരുവിനെ കാണുന്നു എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി അഭിവാദ്യം ചെയ്യണം.(2 -202 ).


സന്താനങ്ങളുടെ പോഷണങ്ങൾക്കായി മാതാപിതാക്കൾ സഹിയ്ക്കുന്ന ക്ലേശത്തിനു നിരവധി ജന്മങ്ങൾ കൊണ്ട് പോലും പ്രത്യുപകാരം സാദ്ധ്യമല്ല.(2 227).


വിദ്യയും മോക്ഷമാർഗവും ആരിൽ നിന്ന് വേണമെങ്കിലും ഗ്രഹിയ്ക്കാം. ഉത്തമ സ്ത്രീ എങ്കിൽ നീചകുലത്തിൽ നിന്നുപോലും പരിഗ്രഹിയ്ക്കാം (2 -238 ).


നല്ലതു എവിടെ കണ്ടാലും സ്വീകരിയ്ക്കാം (2 239 ).


സ്ത്രീകൾ ആദരിയ്ക്കപ്പെടുന്നിടത്തു ദേവതകൾ പ്രസാദിയ്ക്കുന്നു.(3 -56 ). കുലസ്ത്രീകൾ ദുഖിയ്ക്കാൻ ഇടവരുന്ന കുലം വേഗം നശിച്ചുപോകുന്നു (3 -57 ).


മാതാപിതാക്കൾ ഗുരു ദേവതാ വിഗ്രഹം തുടങ്ങിയവരുടെ നിഴലിനെ അറിഞ്ഞുകൊണ്ട് ചവിട്ടുകയോ മറികടക്കുകയോ അരുത് (4 -130 ).


സത്യം പറയണം ; പ്രിയമായതു വേണം പറയാൻ, സത്യമെങ്കിലും അപ്രിയമായത് പറയരുത്. പ്രിയം പറയാൻ വേണ്ടി അസത്യം പറയുകയുമരുത്. (4  139 )


നിഷ്‌പ്രയോജനമായ വൈരമോ വാദപ്രതിവാദമോ ആരുമായും  അരുത്. (4 -139 )


ഗൃഹത്തിൽ വരുന്ന ഗുരുനാഥന്മാർ വൃദ്ധന്മാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യണം, സ്വന്തം ഇരിപ്പിടം നൽകണം, കൈ കൂപ്പി അടുത്ത് നിൽക്കണം .
അവർ പോകുമ്പോൾ പിന്നാലെ അനുയാത്ര ചെയ്യണം (4 -154 ).


സത്യം ധർമ്മം സദാചാരം ശൗചം ഇവയിൽ സദാ തല്പരനായിരിയ്ക്കണം( 4 -175 ).

ധർമ്മത്തിന് നിരക്കാത്ത
അർത്ഥകാമങ്ങളെ വെടിയണം. (4 -176 ).


മാതാപിതാക്കളും ഗുരുക്കന്മാരും ആയി വാഗ്‌വാദം അരുത്. (4 -180 ).


ജ്യേഷ്ഠ സഹോദരൻ പിതൃതുല്യനാണ് .(4 -184 ).


ദാസന്മാർ തന്റെ തന്നെ ഛായ ആണ് (4 185 ).

ദാസന്മാരെ രക്ഷിയ്ക്കാൻ ആരിൽ നിന്നും ദാനം സ്വീകരിയ്ക്കാം. (4 -251 ).


യാചിയ്ക്കുന്ന ആർക്കും പാത്രാപാത്രം നോക്കാതെ അന്നം നൽകണം (4 -228 ).


ഒരു പ്രാണിയ്ക്കും ഹിംസ ഉണ്ടാകാതെ ധർമ്മം സമ്പാദിയ്ക്കേണ്ടതാണ്.(2 -238 )


പ്രാണികളെ കൊല്ലാതെ മാംസം ഉണ്ടാകില്ല. പ്രാണി ഹിംസ സ്വർഗ്ഗ പ്രാപ്തിയ്ക്കു ഉതകില്ല. ആകയാൽ മാംസം ഭക്ഷിയ്ക്കരുത്.(5 -48 ).


കൊല്ലാൻ അനുവാദം കൊടുക്കുന്നവർ, കൊല്ലുന്നവൻ, മാംസം കഷ്ണമാക്കുന്നവൻ, വിൽക്കുന്നവൻ, വിളമ്പുന്നവൻ, തിന്നുന്നവൻ എല്ലാം
ഘാതകർ  തന്നെ. (5 -51 ).


ഇങ്ങോട്ടു കോപിയ്ക്കുന്നവനോട് അങ്ങോട്ട് കോപിയ്ക്കരുത്. തന്നെ ശകാരിച്ചാലും നല്ല വാക്കേ പറയാവൂ. അസത്യങ്ങളായ വാക്കുകൾ പറയരുത്. (6 -48 )


യുദ്ധം ഒഴിവാക്കണം (6 -199 )


മരിച്ചാലും കൂടെ വരുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രം. മറ്റെല്ലാം ശരീര നാശത്തോടെ കാണാതാകുന്നു. (8 17 )


ഒരു വസ്തു മറ്റൊന്നുമായി കലർത്തി വിൽക്കരുത്. (8 -203 ).


ഫല വൃക്ഷങ്ങൾ, വള്ളികൾ തുടങ്ങിയവ കേടു വരുത്തിയാൽ പിഴ അടയ്ക്കണം (8 -285 ).

മൃഗങ്ങളെ പീഡിപ്പിയ്ക്കാനായി തല്ലിയാൽ ദണ്ഡന അനുഭവിയ്ക്കണം. (8 -286 ).

മൃഗങ്ങളെയോ പക്ഷികളെയോ കൊന്നാൽ പിഴ അടയ്ക്കണം (8 -297 ).


ചെയ്ത തെറ്റിന്റെ ഗുണദോഷങ്ങൾ അറിവുള്ള ബ്രാഹ്മണന്  ശൂദ്രനെക്കാൾ 64 ഓ 128 ഓ ഇരട്ടി ശിക്ഷ ലഭിയ്ക്കും. (8 338 )


തന്നെ കൊല്ലാൻ ആയുധമേന്തി വരുന്നവൻ ആരായാലും അവനെ കൊല്ലാം (8 -350 )

ത്രാസ്, പറ തുടങ്ങിയ അളവ് പാത്രങ്ങൾ രാജ മുദ്രയോടു കൂടിയതും ആറു മാസം കൂടുമ്പോൾ പരിശോധിയ്ക്കപ്പെടേണ്ടതുമാകുന്നു (8 -403 ).


വീടുകളിൽ സ്ത്രീയും ശ്രീയും തമ്മിൽ ഭേദം ഇല്ല (9 -26 )


മൂത്ത ജ്യേഷ്ഠൻ അനുജന്മാരെ അച്ഛൻ എന്ന പോലെ പരിപാലിയ്ക്കണം (9 -108 ).


മദ്യം ഉണ്ടാക്കുന്നവരെ നാടുകടത്തണം  (9 -225 )


ഒരേ വില ഈടാക്കി ഗുണത്തിൽ വ്യത്യാസമുള്ള വസ്തുക്കൾ നൽകുകയോ ഒന്നിന് പലരിൽ നിന്നും പല വില ഈടാക്കുകയോ ചെയ്‌താൽ പിഴ അടയ്ക്കണം (9-288)


മുതിർന്ന ആളെ നീ എന്ന് സംബോധന ചെയ്‌താൽ പ്രായശ്ചിത്തം ചെയ്യണം. (11 -204 )


ജലത്തിൽ വിസർജ്ജ്യാദി മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പ്രായശ്ചിത്തമായി ഒരു മാസം ഭിക്ഷ എടുത്തു ജീവിയ്ക്കണം. (11 -225 ).


അദ്ധ്യാത്മികമായ ചില ശ്ലോകങ്ങളും കൂടി നോക്കാം.


തേരാളി കുതിരയെ എന്ന പോലെ മനസ്സിനെ നാം അടക്കണം.(2 -88 ) ആഗ്രഹ സാഫല്യം കൊണ്ട് ആഗ്രഹം ശമിക്കില്ല. തീയ്യിൽ നെയ്യ് എന്നപോലെ
അത് കൂടി വരുകയേ ഉള്ളൂ. (2 -94 ).


എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് ഏതെങ്കിലും ഒന്ന് വിഷയാസക്തമായാൽക്കൂടി തോൽക്കുടത്തിൽ ഒരു ദ്‌വാരം ഉണ്ടായിരുന്നാൽക്കൂടിയും
ആ ദ്‌വാരത്തിൽ കൂടി വെള്ളം എല്ലാം ഒലിച്ചു പോകും പോലെ സാധകന്റെ തത്ത്വ ജ്ഞാനമെല്ലാം നഷ്ടമായിപ്പോകുന്നു.(2 -99 ).


സർവഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിൽ സർവഭൂതങ്ങളെയും കാണുന്ന ആത്മ ജ്ഞാനി ബ്രഹ്മമായി ഭവിയ്ക്കുന്നു. (12 -91 )


സ്‌മൃതികൾ  മുഖ്യമായും ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിച്ചാണ് പറയുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കു അനുസരിച്ചു അതിനു മാറ്റങ്ങൾ വരാം. ഉപനിഷത്ത് ആകട്ടെ എല്ലാകാലത്തെയും സത്യങ്ങൾ ആണ്.


മുകളിൽ പറഞ്ഞ നല്ല വശങ്ങൾ ഒന്നും പരിഗണിയ്ക്കാതെ മനുസ്‌മൃതിയേ വെറും അപരിഷ്‌കൃത ഗ്രന്ഥമായും പിന്തുടരാൻ കൊള്ളാത്തതായും
ആണ് പലരും കാണുന്നത്. ഏതു ഭാരതീയ ഗ്രന്ഥമായാലും അവയിലെ നന്മയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉൾക്കൊണ്ടു തിന്മയെ തിരസ്കരിയ്ക്കാൻ നമുക്ക് ശ്രമിയ്ക്കാം. ക്ഷീരമുള്ള അകിട്ടിലെ കൊതുകുകൾ ആകാതിരിയ്ക്കാം.

No comments:

Post a Comment