ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 17, 2018

ശരിയായ ആത്മവിശ്വാസമുള്ളിടത്ത്



സ്പർദ്ധയ്ക്കോ അസൂയയ്ക്കോ സ്ഥാനമില്ല,എപ്പോൾ നിങ്ങൾ ഉത്കൃഷ്ടനായ ആളാണെന്നറിയുന്നുവോ മറ്റുള്ളവരെ വെറുക്കാൻ ഒരു കാരണവും പിന്നീടുണ്ടാവില്ല.


True confidence has no room for jealousy and envy. When you know you are great you have no reason to hate*.

പല്ലശ്ശനയിലെ മീന്‍കുളത്തി ഭഗവതി

പാലക്കാട് ജില്ലയിലെ പല്ലശ്ശനയിലാണ് ശ്രീപഴയകാവില്‍ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. മീന്‍കുളത്തി ഭഗവതി ക്ഷേത്രം എന്നും അറിയപ്പെടുന്നു. മീമ്പ്രകുളങ്ങര ദേവി, മീന്‍കുളത്തി കാവിലമ്മ, പഴയകാവിലമ്മ എന്നെല്ലാം ഭഗവതിക്ക് പേരുണ്ട്.  ഏറെ പഴക്കമുള്ള ക്ഷേത്രം പിന്നീട് പുനരുദ്ധാരണം ചെയ്യുകയുണ്ടായി.
തമിഴ്‌നാട്ടിലെ കുംഭകോണത്തേയും തഞ്ചാവൂരിലെയും വ്യാപാരികള്‍ കേരളത്തിലേക്ക് കുടിയേറി  ഇവിടെയും വ്യാപാരം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു. പാലക്കാട് ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലൂടെ അവര്‍ കേരളത്തിലെത്തി. ഇവര്‍ മന്ദാടിയാര്‍മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ദേശവാസികളുടെ അനുകൂല പ്രതികരണത്തില്‍ സംതൃപ്
തരായ ഇക്കൂട്ടര്‍ കാലക്രമേണ ഇവിടെ സ്ഥിരതാമസമാക്കി. ചിദംബരത്തുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പച്ചപ്പുതേടി, മരങ്ങള്‍ തിങ്ങിവളരുന്ന ഈ ഭൂഭാഗത്ത് എത്തി എന്നും പാഠഭേദമുണ്ട്.
ഇവരുടെ കൂട്ടത്തില്‍ മധുരമീനാക്ഷി ദേവിയുടെ തീവ്രഭക്തനായ ഒരാള്‍ ഉണ്ടായിരുന്നു. എല്ലാ മാസവും അദ്ദേഹം ദേവിയെ ചെന്നുകണ്ട് പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തി മടങ്ങിവരും. പ്രായമേറെ ചെന്നപ്പോള്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ദേവീദര്‍ശനം മുടങ്ങിപ്പോകുമോ എന്ന ആധിയും ഉള്ളില്‍ കലശലായി. എങ്കിലും വീണ്ടും ദേവിയെ തൊഴാന്‍ പോയി. അനാരോഗ്യം കാരണം, തിരുനടയില്‍ ദര്‍ശനത്തിനെത്തുന്നത് മുടങ്ങിയാല്‍ തന്നോട് കോപിക്കരുതെന്നും അപരാധം ക്ഷമിക്കണമെന്നുമൊക്കെ വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടാണ് ഇത്തവണ മടങ്ങിയത്.
ദൂരയാത്ര കഴിഞ്ഞ് വരുന്നവര്‍ കുളിച്ചശേഷമാണ് പണ്ടൊക്കെ വീട്ടില്‍ കയറുക. മടങ്ങിയെത്തിയ വൃദ്ധന്‍ വീട്ടിനടുത്തുള്ള കുളത്തിനരികിലെത്തി ഓലക്കുടയും പണപ്പൊതിയും കുളക്കരയില്‍ വച്ച് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞെത്തി, ഓലക്കുട എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അനക്കാന്‍ പറ്റുന്നില്ല. സമീപത്തു കുളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളോട് കുട ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിച്ച് വീട്ടില്‍ പോയി, ബന്ധുക്കളെയും കൂട്ടിവരാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ആര്‍ക്കും കുട അനക്കാന്‍ കഴിഞ്ഞില്ല.
അമ്പരപ്പും പരിഭ്രമവും വഴിമാറിയപ്പോള്‍ അവര്‍  ജ്യോത്സ്യനെ കൊണ്ടുവന്ന് പ്രശ്‌നം വെപ്പിച്ചു. ഓലക്കുട ഇരുന്നിടത്ത് മധുരമീനാക്ഷി ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കാണുന്നതായി ജ്യോത്സ്യര്‍ പറഞ്ഞു. അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്നും പ്രശ്‌നകര്‍ത്താവ് വിധിക്കുകയുണ്ടായി. അതനുസരിച്ച് ക്ഷേത്രം പണി കഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ചു. പിന്നീട് ഈ സ്ഥലം കുടമണ്ണ് എന്നറിയപ്പെട്ടു. 
വര്‍ഷങ്ങള്‍ക്കുശേഷം സമുദായത്തലവനും പൂ
ജാരിക്കും സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് പുതിയ ഒരു ക്ഷേത്രം നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്തി.
ഗണപതി, ശ്രീപാര്‍വതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളുമുണ്ട് ഇവിടെ. 
ദിവസപൂജ, നിറമാല (പകലും രാത്രിയും വേറെയുണ്ട്), മഹാഗണപതി ഹോമം, തിരുവാഭരണം ചാര്‍ത്തി നിറപറ പണം, ചാന്താട്ടം, ത്രികാല പൂജ, ചന്ദനം ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാ
ടുകള്‍. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രം നടത്തുന്ന പണപ്പായസം പ്രത്യേകതയുള്ള വഴിപാടാണ്.
മേടമാസം കണ്യാര്‍കളി, ഇടവമാസം തോല്‍പ്പാവക്കൂത്ത്, പ്രതിഷ്ഠാദിനത്തില്‍ കളഭാഭിഷേകം, കനല്‍ച്ചാട്ടം, പാനമഹോത്സവം, മാരിയമ്മന്‍ പൂജ, മുനി പൂജ എന്നിങ്ങനെ നിരവധി ഉത്സവങ്ങളുണ്ട് ഇവിടെ. വൃശ്ചികമാസത്തില്‍ ത്രികാല പൂജയും പഞ്ചഗവ്യസേവയും പതിവാണ്.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 ന് നടതുറന്ന് ഉച്ചയ്ക്ക് 12.30 ന് അടയ്ക്കും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5 ന് നട തുറന്ന് 10.30 ന് അടയ്ക്കും.  എല്ലാ ദിവസവും വൈകുന്നേരം 5.30 ന് തുറന്ന് 7.30 ന് അടയ്ക്കും.
തൃശൂരില്‍ നിന്ന് ആലത്തൂര്‍ വഴി കുനുശ്ശേരി, പല്ലാവൂര്‍ വഴി പല്ലശ്ശനയിലെത്താം. പാലക്കാട്ടുനിന്നും കൊടുങ്ങൂര്‍ വഴി എത്താം. കോയമ്പത്തൂരുനിന്ന് വേലന്‍താവളം, ചിറ്റൂര്‍, പുതുനഗരം, കരിപ്പോട് വഴി പല്ലശനയിലെത്താം. പാലക്കാട് ടൗണില്‍നിന്ന് 40 കി.മീറ്ററോളം ദൂരമാണ് പല്ലശ്ശനയിലേക്കുള്ളത്.

Friday, November 16, 2018

ഭഗവാന്റെ സ്വരൂപമെന്താണ്?



ഭഗവാന്റെ സ്വരൂപമെന്താണ്? എന്ന ശൗനകന്റെ ചോദ്യത്തിന് സൂതൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്.


വദന്തി തത്തത്ത്വ വിദസ്തത്ത്വം യജ്ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി ശബ്ദ്യതേ


തത്ത്വജ്ഞാനികൾ അദ്വിതീയ ജ്ഞാനത്തെ തത്ത്വമെന്ന് പറയുന്നു.  അത് തന്നെയാണ് ബ്രഹ്മം, പരമാത്മാവ്, ഭഗവാൻ എന്നിങ്ങനെ വിവിധ നാമങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നത്. 

(ഭാഗവതം 1 - 2 - 11)



ഭാരതീയരുടെ ഈശ്വരദര്‍ശന ശാസ്ത്രം

സനാതനധര്‍മ്മത്തെ മറ്റൊരു മതവുമായി താരതമ്യപ്പെടുത്തുവാന്‍ സാധ്യമല്ല. പ്രത്യേകിച്ചും ആത്മീയതയുടെയും ഈശ്വരവിശകലനത്തിന്റെയും കാര്യത്തില്‍. മറ്റെല്ലാ വൈദേശിക മതങ്ങള്‍ക്കും ഒരൊറ്റദൈവം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പന്ഥാവ്. ഇവ നിര്‍ബന്ധമാണ്. ഭാരതീയ ഗ്രന്ഥങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചതില്‍ നിന്നും ഈ വ്യത്യാസങ്ങള്‍ മനസ്സിലാകും. അതുപോലെ ഈശ്വരസങ്കല്‍പവും ഭാരതീയ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
 വ്യക്തികളുടെ ചിന്താമണ്ഡലത്തിന്റെ കഴിവും, അനുഭൂതിയുടെ നിലവാരവും, അറിവിന്റെ അഗാധതയും ജ്ഞാനവിജ്ഞാനശാഖകളുെട പ്രായോഗിക പരിജ്ഞാനവും അനുസരിച്ചാണല്ലോ നാം ഒരു വിഷയത്തെക്കുറിച്ച് വ്യത്യസ്ത വ്യക്തികളോട് വിവരിക്കുന്നത്. ഒരേ വിഷയം ലോവര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഗ്രാജ്വേഷന്‍, ഡോക്ടറേറ്റ് എന്നീ നിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വ്യത്യസ്ത രീതിയില്‍ വിവരിക്കുന്ന അതേ മാര്‍ഗ്ഗമാണ് ഭാരതീയര്‍ ഈശ്വര സങ്കല്‍പത്തെ വര്‍ണ്ണിക്കുന്നതിലും സ്വീകരിച്ചിരിക്കുന്നത്.
 സമഗ്രജ്ഞാനവും, അനുഭവസമ്പത്തും അതിഗഹനമായ ഉള്‍ക്കാഴ്ചയുമുള്ള വ്യക്തികള്‍ക്ക് അനുഭവയോഗ്യമാകുംവിധം ചിന്താമണ്ഡലത്തിലേക്ക് വരുത്തുവാന്‍ സാധിക്കുന്ന ഏറ്റവും ഉദാത്തമായ ഈശ്വര ചൈതന്യ വിവരണമാണ് ബ്രഹ്മ സങ്കല്‍പത്തിലൂടെ ഋഷിവര്യന്മാര്‍ മുമ്പോട്ടുവച്ചിരിക്കുന്നത്.
 അത്യാധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ ബ്രഹ്മചൈതന്യം, ഊര്‍ജവും പ്രജ്ഞാനം എന്ന Consciounssse ഉം Selfawarensse ഉം ചേര്‍ന്നതാകുന്നു. സസ്യങ്ങളിലും ജന്തുക്കളിലുമുള്ള ഓരോ സൂക്ഷ്മകോശത്തിലും സ്വയം പ്രവര്‍ത്തിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ബയോകെമിക്കല്‍ രാസക്രിയാ പന്ഥാവിനാധാരമായ ചൈതന്യം ബ്രഹ്മചൈതന്യമാണ്. ഓരോ ആറ്റത്തിലും അതിവേഗത്തില്‍ കറങ്ങുന്ന ഇലക്ട്രോണുകളില്‍ വര്‍ത്തിക്കുന്ന ചൈതന്യംതന്നെയാണിത്. അവയ്ക്ക് കറങ്ങുവാനാവശ്യമായ ഊര്‍ജവും ദിശാബോധവും നല്‍കുന്നതുകൊണ്ടതിനെ ബ്രഹ്മചൈതന്യമെന്നു പറയുന്നു. അതുപോലെ മഹത്തായ പ്രപഞ്ചത്തിലെ ഭ്രമണ-പ്രദക്ഷിണ ദിശകളും അതിനാവശ്യമായ ഊര്‍ജവും ബ്രഹ്മചൈതന്യത്തില്‍ നിന്നാണെന്ന് ഭാരതീയര്‍ പറഞ്ഞത് അത്യാധുനിക ശാസ്ത്രം അടിവരയിട്ട് അംഗീകരിക്കുന്നു.
 അനുനിമിഷം ഉജ്ജ്വല പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സഗുണാവസ്ഥ (സഗുണബ്രഹ്മം) നിലനില്‍ക്കുമ്പോള്‍തന്നെ അവയെല്ലാം അനങ്ങാതെ, ചലിക്കാതെ ശാന്തമായി വര്‍ത്തിക്കുന്നതുപോലെ സസ്യങ്ങളിലും ഉറങ്ങുന്ന ജീവിയിലും ശാന്തമായ പ്രപഞ്ചത്തിലും നമുക്ക് കാണുവാന്‍ സാധിക്കുന്നു. ഈ ശാന്തമായ അവസ്ഥയാണ് ബ്രഹ്മത്തിന്റെ നിര്‍ഗുണാവസ്ഥ. സഗുണത്വം, നിര്‍ഗുണത്വം എന്നിങ്ങനെയുള്ളത് പരമോന്നതമായ രണ്ട് വസ്തുക്കളല്ല മറിച്ച് അവസ്ഥയാണ് എന്നോര്‍ക്കണം. അത്യാധുനിക ശാസ്ത്രം പഠിച്ച വ്യക്തിക്കും, അതിഗഹനമായ ആത്മീയാനുഭൂതി ലഭിച്ച വ്യക്തിക്കും ഈ രണ്ട് അവസ്ഥകളുള്ള ബ്രഹ്മചൈതന്യം അറിയുവാന്‍ എളുപ്പമാണ്. അപ്രകാരമുള്ളവരെയാണ് ബ്രഹ്മജ്ഞാനികള്‍ എന്നു പറയുന്നത്. ഇത് ഉപനിഷദ് വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന അതിഗഹനമായ ഈശ്വരസങ്കല്‍പമാണ്. ഊര്‍ജതന്ത്രത്തിന്റെ പിന്‍ബലമുള്ള ഈശ്വരചൈതന്യം.
സാമാന്യ വിദ്യാഭ്യാസമുണ്ടെങ്കില്‍പ്പോലും സാധാരണക്കാരന്, ബ്രഹ്മചൈതന്യജ്ഞാനം എളുപ്പമല്ലാത്തതിനാല്‍ കൂടുതല്‍ എളുപ്പമായ ഒരു ഈശ്വരരൂപം ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ് പ്രപഞ്ചപുരുഷ വിശ്വരൂപം. ഭഗവദ് ഗീതയിലും വേദങ്ങളിലും ഈ പ്രപഞ്ച പുരുഷസങ്കല്‍പ്പം നിറഞ്ഞുനില്‍ക്കുന്നു. നിരന്തരം സ്വചൈതന്യത്തോടെ പ്രവര്‍ത്തിക്കുന്ന വിശ്വരൂപത്തെ ദിവ്യമായ ജ്ഞാന (അറിവിന്റെ) ദൃഷ്ടികൊണ്ടു മാത്രം ദര്‍ശനയോഗ്യമാകുന്നതാണ്, സനാതനധര്‍മ്മത്തിലെ ഈശ്വരവിവരണത്തിന്റെ മറ്റൊരടിസ്ഥാനം.
മനുഷ്യനിലെതന്നെ ചൈതന്യാംശത്തെ എടുത്ത് ആധുനിക ശാസ്ത്രം വിവരിക്കുന്ന മന്ത്ര-ശംഖ-വാദ്യ-ശബ്ദം-ഊര്‍ജം; അഗ്നിയുടെ താപവും, പ്രകാശം, പുഷ്പ-പത്രങ്ങളുടെ രാസ ഊര്‍ജം എന്നിവ നല്‍കി ക്ഷേത്രത്തിലൊരു ബിംബം പ്രതിരൂപമായി പ്രതിഷ്ഠിച്ച് അതിന്റെ മുമ്പില്‍ വന്നു നില്‍ക്കുന്നവര്‍ക്ക് യഥേഷ്ടം, ഈ ഊര്‍ജാംശത്തെ പകര്‍ന്നുകൊടുത്തുകൊണ്ട് ശാരീരികവും മാനസികവുമായി 'ചൈതന്യവത്കരണം' നടത്തുന്ന കേന്ദ്രമായിട്ടാണ് സനാതനധര്‍മ്മത്തിന് ക്ഷേത്രപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ പഞ്ച ജ്ഞാനേന്ദ്രിയങ്ങളേയും പഞ്ചകര്‍മ്മേന്ദ്രിയങ്ങളേയും ഊര്‍ജസ്വലമാക്കുന്നതാണ് ക്ഷേത്രം.
പ്രപഞ്ചപുരുഷന്റെ ഭാഗമായ സൗരയൂഥത്തിന്റെ ഭാഗമായ ഭൂമിയുടെ ഭാഗമായ പര്‍വ്വതത്തിന്റെ ഭാഗമായ ശിലയെടുത്ത് മിനുക്കിയും മിനുക്കാതെയും, രൂപം നല്‍കിയും നല്‍കാെതയും നാം ആരാധിക്കുമ്പോള്‍ അത് അന്ധവിശ്വാസമല്ല, ഊര്‍ജപ്രസരണ സ്രോതസ്സാണെന്ന് ആധുനിക പഠനംകൂടി തെളിയിച്ചപ്പോള്‍ സനാതനധര്‍മ്മത്തിന്റെ ആത്മീയതയ്ക്ക് ഊര്‍ജശാസ്ത്രത്തിന്റെ സമ്പൂര്‍ണ പിന്‍ബലം വന്നുചേരുന്നു.
വൃക്ഷങ്ങളും മൃഗങ്ങളും മലദേവതകളും ഭൂമിയും സൂര്യനും സര്‍വ്വചരാചരങ്ങളും പ്രപഞ്ചദ്രവ്യത്തിന്റെയും പ്രപഞ്ചചൈതന്യത്തിന്റെയും ഭാഗമായതിനാല്‍ അവയെല്ലാം നമ്മുടെ മുമ്പിലെ ഈശ്വരാംശമായിത്തീര്‍ന്നു. പ്രപഞ്ചം ഈശ്വരരൂപത്തില്‍ കാണുമ്പോള്‍ പ്രപഞ്ചഭാഗങ്ങളും ഈശ്വരാംശം നിറഞ്ഞതാണല്ലോ.
പുരാണകഥകളിലൂടെ വിവിധ പ്രപഞ്ചചൈതന്യാംശങ്ങള്‍ക്കും, സാമൂഹിക നന്മകളായ ശക്തി, വിദ്യ, ഐശ്വര്യം, വിനയം എന്നിവയ്ക്കുമെല്ലാം സാധാരണക്കാര്‍ക്ക് മാനസിക-ചിന്താമണ്ഡലത്തില്‍ പ്രാപ്യമാംവിധം ഋഷിവര്യന്മാര്‍ രൂപകല്‍പന നല്‍കി. വിദ്യയും ശക്തിയും സമ്പത്തും ഒരേ വ്യക്തിയില്‍ കാണുന്നത് സര്‍വ്വസാധാരണമല്ല. അവ പരസ്പരം ഒരുമിച്ചുചേരില്ല എന്നത് കഥാരൂപത്തില്‍ നമ്മെ കഥകളിലൂടെ ഓര്‍മ്മിപ്പിച്ചു.
ഈശ്വരന്റെ ഭാഗമായ മനുഷ്യനെ അവതാരങ്ങളായി (താഴേക്ക് ഇറങ്ങിവന്ന ജ്യോതിരൂപങ്ങള്‍) ഉയര്‍ത്തി ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതും എന്തെല്ലാമാണെന്ന് പരോക്ഷമായി കാണിക്കുന്നു. അവതാരവും മര്യാദാപുരുഷനുമായ ശ്രീരാമന്റെ ജീവിത സന്ദേശത്തിലൂടെ ശ്രീരാമചരിത്രത്തിലൂടെ നമ്മുടെ പൂ
ര്‍വ്വിക ഋഷിവര്യന്മാര്‍ ചെയ്തത്. അതാണ് മനുഷ്യനായ രാമനെ വാല്മീകി രാമായണത്തിലൂടെയും, ഈശ്വരനായ അവതാരത്തെ അധ്യാത്മരാമായണം എന്ന പുരാണഭാഗത്തിലൂടെയും വിവരിച്ചു. അതുപോലെ മനുഷ്യനായ ശ്രീകൃഷ്ണനെ പുരാണമായ ശ്രീമദ് ഭാഗവതത്തിലൂടെയും വിവരിച്ചപ്പോള്‍ മനുഷ്യനന്മയുടെ പന്ഥാവുകള്‍ കര്‍മ്മ-ധര്‍മ്മ-ഉപദേശത്തിലൂടെ ജനഹൃദയങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇത്രയുമാണ് ഭാരതീയ ഈശ്വരസങ്കല്‍പ ജ്ഞാനത്തിന്റെ സംക്ഷിപ്തം.
(സയന്‍സ് ഓഫ് ലിവിങ് എന്ന പുസ്തകത്തില്‍ നിന്ന്)

Thursday, November 15, 2018

ഹനുവില്‍ മുറിവേറ്റവന്‍



രാമായണത്തിലെ മനുഷ്യേതര കഥാപാത്രങ്ങളില്‍ ആസ്വാദകന്റെ ഇഷ്‌ടവും ആരാധനയും ഒരുപോലെ പിടിച്ചുപറ്റിയ ആളാണ്‌ ഹനുമാന്‍. ഭക്തനു ശക്തനും മാതൃകയായി വിളങ്ങുന്ന ഹനുമാന്‍ തരണം ചെയ്‌ത പ്രതിസന്ധികളും എതിര്‍പ്പുകളും ഏറെയാണ്‌.ലോകത്തിലെ ഏറ്റവും ശക്തിമാനാണെന്ന്‌ വാഴ്‌ത്തപ്പെട്ടവന്‍. ഹനുമാന്റെ പേരില്‍ രാമായണത്തില്‍ ഒരുകാണ്ഡം തന്നെയുണ്ട്‌, സുന്ദരകാണ്ഡം.


കരുത്തിന്റെയും വിനയത്തിന്റെയും അവതാരരൂപമായ ഹനുമാന്‌ രാമന്റെ ജീവിതത്തിലും വിജയത്തിലും നിര്‍ണായക സ്ഥാനമാണുള്ളത്‌. പലപ്പോഴും രാമലക്ഷ്‌മണന്‍മാരുടെ രക്ഷകനായി തന്നെ ഹനുമാന്‍ മാറുന്ന സംഭവങ്ങള്‍ രാമായണത്തിലുണ്ട്‌. ഹനുമാന്റെ ജീവിതം സംഭവബഹുലവും അല്‍ഭുതകരവുമാണ്‌.


ശിവന്‍, വായു, കേസരി, വാനരം എന്നിവരിലാണ്‌ വിവിധയിടങ്ങളില്‍ ഹനുമാന്റെ പിതൃത്വം ആരോപിക്കപ്പെട്ടിട്ടുള്ളത്‌. കേസരി പത്‌നിയായ അഞ്‌ജന എന്ന വാനരസ്‌ത്രീയാണ്‌ ഹനുമാനെ പ്രസവിച്ചത്‌. പൂര്‍വ്വജന്മത്തില്‍ ബൃഹസ്‌ദപതിയുടെ ദാസിയായ പുഞ്‌ജികല എന്നു പേരുള്ള അപ്‌സരസ്സായിരുന്നു, അഞ്‌ജന. ഒരിക്കല്‍ കാമവിവശയായി ബൃഹസ്‌പദിയെ പുണര്‍ന്ന പുഞ്‌ജികസ്ഥലയെ മുനി ശപിച്ചു കുരങ്ങാക്കി. ശിവാംശമുള്ള ഒരു പുത്രന്‌ ജന്മം നല്‍കുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. അങ്ങനെ അഞ്‌ജന പെണ്‍കുരങ്ങായി. കേസരി എന്ന വാനര രാജാവിന്റെ പത്‌നിയായി.
ശിവപാര്‍വ്വതിമാര്‍ ഒരിക്കല്‍ വനത്തില്‍ കുരങ്ങുകളുടെ രൂപത്തില്‍ ക്രീഡയിലേര്‍പ്പെടവേ ദേവിക്ക്‌ വാനരഗര്‍ഭമുണ്ടായി. അത്‌ ശിവനും പാര്‍വ്വതിക്കും കുഴപ്പമായി. ആ ഗര്‍ഭത്തെ ശിവന്‍ വായുഭഗവാന്‌ കൊടുത്തു. വായു അത്‌ അഞ്‌ജനയില്‍ നിക്ഷേപിച്ചു. അങ്ങനെയിരിക്കെ അഞ്‌ജന ഗര്‍ഭിണിയാണെന്നത്‌ വാനരലോകം അറിഞ്ഞു. അഞ്‌ജനയുടെ ഗര്‍ഭം വലിയ ചര്‍ച്ചയായി.


അതിശക്തനായ ഒരാള്‍ ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വാനരരാജ്യത്ത്‌ പരന്നു. ശിവാംശമുള്ള പിറക്കാന്‍ പോകുന്നവന്‍ തനിക്ക്‌ പ്രശ്‌നമാകുമെന്ന്‌ കരുതിയ വാനരരാജാവ്‌ ബാലി പഞ്ചലോഹമുരുക്കി അഞ്‌ജനാ ഗര്‍ഭത്തിലൊഴിച്ചു. എന്നാല്‍ തടസ്സങ്ങളൊന്നുമില്ലാതെ അഞ്‌ജന ഹനുമാനെ പ്രസവിച്ചു. അഞ്‌ജനയ്‌ക്ക്‌ ശാപമോക്ഷവും ലഭിച്ചു. ജനിച്ചുവീണപ്പോള്‍ ബാലി ഉരുക്കിയൊഴിച്ച പഞ്ചലോഹം ഹനുമാന്റെ കണ്‌ഠത്തില്‍ ആഭരണമായുണ്ടായിരുന്നു. തുടര്‍ന്ന്‌ സൂര്യനില്‍ നിന്ന്‌ വേദശാസ്‌ത്രങ്ങള്‍ പഠിച്ചു.


ഗുരുദക്ഷിണയായി സൂര്യപുത്രനായ സുഗ്രീവനെ സഹായിക്കാമെന്ന്‌ വാദ്‌ഗാനം നല്‍കി. അങ്ങനെ സുഗ്രീവന്റെ മന്ത്രിയായി. ഹനുമാന്‌ ആ പേര്‌ വരാന്‍ കാരണമായ ഒരുകഥയുണ്ട്‌. ഒരിക്കല്‍ കുട്ടിയായിരിക്കുമ്പോള്‍ സൂര്യനെ കണ്ട്‌ പഴമാണെന്ന്‌ കരുതി പിടിക്കാന്‍ പോയി. അവിടെ ഐരാവതത്തെ കണ്ട്‌ അതിനെ ഭക്ഷിക്കാനടുത്തു. എന്നാല്‍ അത്‌ കണ്ട ഇന്ദ്രന്‍ വജ്രായുധം എടുത്തുപ്രയോഗിച്ചു. അങ്ങനെ വാനരന്റെ താടിക്ക്‌ മുറിവേറ്റു. ഹനുവില്‍(താടിയില്‍)മുറിവേറ്റതിനാല്‍ വാനരന്‍ ഹനുമാന്‍ എന്ന്‌ അറിയപ്പെട്ടു.


എന്നാല്‍ നിയോഗം അതൊന്നുമായിരുന്നില്ലല്ലോ. സീതയുടെ രക്ഷയായിരുന്നു. കാലങ്ങള്‍ക്ക്‌ ശേഷം രാമവിധേയനായി രാവണനോട്‌ ഏറ്റുമുട്ടാന്‍ എല്ലാസഹായവും രാമന്‌ നല്‍കി ലോകത്തിലെ എക്കാലത്തെയും ശക്തനും ഭക്തനും മാതൃകയായി ഹനുമാന്‍ വിളങ്ങി.

അന്നനാളത്തെ ശുദ്ധമാക്കുന്ന ധൗതിക്രിയ

ചതുരംഗുല വിസ്താരം

ഹസ്തപഞ്ചദശായതം

ഗുരൂപദിഷ്ട മാര്‍ഗേണ

സക്തം വസ്ത്രം ശനൈര്‍ ഗ്രസേത്

പുനഃ പ്രത്യാഹരേ ച്ചൈത-

ദുദിതം ധൗതികര്‍മ തത്. (2-24)

നാലംഗുലം വീതിയുള്ള 15 കൈ നീളമുള്ള നനച്ച വസ്ത്രശകലം ഗുരുവിന്റെ നിര്‍ദേശ പ്രകാരം സാവധാനത്തില്‍ വിഴുങ്ങുക. പിന്നെ ക്രമത്തില്‍ തിരിച്ചെടുക്കുക. ഇതു തന്നെ ധൗതികര്‍മം. ധൗതിക്രിയയും ധൗതികര്‍മവും ഒന്നുതന്നെ. ഇവിടെ വസ്ത്രധൗതിയാണ് പറഞ്ഞത്. വസ്ത്രം പരുത്തിയുടേതാകണം. വശങ്ങളില്‍ നൂല്‍ എഴുന്നു നില്‍ക്കരുത്. നീളം ഒന്നര മീറ്റര്‍ മതിയാകും. വസ്ത്രം തൊണ്ടയിലിറങ്ങുമ്പോള്‍ ഛര്‍ദിയുടെ പ്രേരണയുണ്ടാകും. കുറച്ചിറങ്ങിക്കഴിഞ്ഞാല്‍ അത് മാറും. വിഴുങ്ങിയ വസ്ത്രം കുറച്ചു സമയം വയറില്‍ കിടന്ന ശേഷം വലിച്ചെടുത്താല്‍ മതി. പുറത്തെടുത്ത തുണിയില്‍ അന്നനാളത്തിലെയും ആമാശയത്തിലെയും കൊഴുപ്പ് ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. നിറവ്യത്യാസവുമുണ്ടാകും. അവ കളഞ്ഞ് വൃത്തിയായി കഴുകിയെടുത്ത് വീണ്ടും ഉപയോഗിക്കാം.

ഘേരണ്ഡ സംഹിതയില്‍ പലതരം ധൗതികള്‍ വരുന്നുണ്ട്. ചുണ്ടുകള്‍ കാക്കച്ചണ്ടു പോലാക്കി അതിലൂടെ കാറ്റു വലിച്ചെടുത്ത് വിഴുങ്ങി വയറു നിറയ്ക്കണം. പിന്നെ ഉദരം ചലിപ്പിച്ച ശേഷം മലദ്വാരത്തിലൂടെ കാറ്റ് പുറത്തു കളയണം. ഇത് വാതസാരധൗതി. വാതം എന്നാല്‍ വായു.

വായുവിനു പകരം വയറുനിറയെ വെള്ളം കുടിക്കുക. ഉദരം ചലിപ്പിച്ച ശേഷം മലദ്വാരത്തിലൂടെ പുറത്തു കളയണം. ഇത് വാരിസാരധൗതി. വാരി എന്നാല്‍ ജലം. ദന്തധൗതി (പല്ലുതേപ്പ് ), ജിഹ്വാധൗതി (നാക്കു വടിക്കല്‍), കര്‍ണധൗതി ( ചെവിയുടെ ദ്വാരം വൃത്തിയാക്കല്‍), കപാലധൗതി ( നെറ്റി തുടക്കല്‍), ദണ്ഡധൗതി (വാഴപ്പിണ്ടിയോ മഞ്ഞള്‍ത്തണ്ടോ ചൂരല്‍ത്തണ്ടോ അന്നനാളത്തില്‍ താഴ്ത്തി വൃത്തിയാക്കല്‍), വമനധൗതി (വയറു നിറയെ വെള്ളം കുടിച്ച് വായില്‍ വിരലിട്ടു ഛര്‍ദിക്കുക)- ഇത്തരം പല ക്രിയകളും ഘേരണ്ട സംഹിതയിലുണ്ട്.

ഇനി ധൗതിയുടെ ഫലം :-

                       കാസ ശ്വാസ പ്ലീഹ കുഷ്ഠം

കഫരോഗാശ്ച വിംശതിഃ

ധൗതികര്‍മ പ്രയോഗേണ

പ്രയാന്ത്യേവ ന സംശയഃ (2-25)

കാസം, ശ്വാസം, പ്ലീഹ, കുഷ്ഠം, 20 തരം കഫരോഗങ്ങള്‍ മുതലായവ ധൗതികര്‍മം കൊണ്ട് ഇല്ലാതാവും.

ബസ്തി

നാഭി ദഘ്‌ന ജലേ പായൗ

ന്യസ്തനാളോത്കടാസനഃ

ആധാരാകുഞ്ചനം കുര്യാത്

ക്ഷാളനം വസ്തികര്‍മ തത്. (2-26)

പൊക്കിളറ്റം വെള്ളത്തില്‍ നിന്നു കൊണ്ട് മലദ്വാരത്തില്‍ ഒരു ചെറിയ കഷണം നാളം (ട്യൂബ്) കയറ്റി ഉല്‍ക്കടാസനത്തില്‍ നില്‍ക്കുക. ഉള്ളില്‍ വെള്ളം കയറുമ്പോള്‍ വയര്‍ അനക്കി കുലുക്കി മാലിന്യമിളക്കി വെള്ളം പുറത്തു കളയുക. ഇത് വസ്തി. വെള്ളത്തില്‍ നിന്നാലും ഗുദത്തിലൂടെ വെള്ളം കയറുകയില്ല. മലദ്വാരം മുറുകെ അടഞ്ഞിരിക്കും. 6 ഇഞ്ച് ട്യൂബ് എടുത്ത് അതിന്റെ 4 ഇഞ്ച് ഭാഗം ഗുദത്തില്‍ കയറ്റുക. രണ്ടിഞ്ച് പുറത്ത് ഉണ്ടാകും. കാലിന്റെ വിരലില്‍ കുത്തിയിരിക്കുന്നതാണ് ഉല്‍ക്കടാസനം. പൃ

ഷ്ഠം  ഉപ്പൂറ്റിയുടെ മേലെയായിരിക്കും. ഉല്‍ക്കടാസനത്തിലിരുന്നാല്‍ ഗുദത്തിലൂടെ വെള്ളം കയറും. നാളം മാറ്റി വയറു കുലുക്കണം. പിന്നെ ആ കഴുകി വരുന്ന  മലമയമായ വെള്ളം വിസര്‍ജിക്കണം. അഭ്യാസമുള്ളവര്‍ക്ക് ട്യൂബില്ലാതെ തന്നെ വെള്ളം കയറ്റാന്‍ കഴിയും. ഇതേ കാര്യം തന്നെ പ്രകൃതിചികിത്സയില്‍ എനിമയിലൂടെ സാധിക്കുന്നുണ്ട്.

ഗുല്മ പ്ലീഹോദരം ചാപി

വാതപിത്തകഫോദ്ഭവാഃ

വസ്തി കര്‍മ പ്രഭാവേന

ക്ഷീയന്തേ സകലാമയാഃ (2-27)

ഗുല്മന്‍, പ്ലീഹ, മഹോദരം, വാത-പിത്ത-കഫജന്യമായ രോഗങ്ങള്‍ ഇവയൊക്കെ വസ്തി കര്‍മം കൊണ്ട് ക്ഷയിക്കും.

ശരീരത്തിലടിഞ്ഞുകൂടുന്ന വിവിധ മാലിന്യങ്ങളാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഈ മാലിന്യങ്ങള്‍ ദൂരീകരിക്കാനുള്ള വ്യവസ്ഥ പ്രകൃത്യാ ശരീരത്തിലുണ്ട്. എന്നാല്‍ മനുഷ്യന്റെ ജീവിതരീതി കൊണ്ട് ഈ മാലിന്യങ്ങളും വിഷാംശങ്ങളും ശരീരത്തിനു താങ്ങാവുന്നതിലധികമാകുമ്പോള്‍, അവ വൃത്തിയാക്കാന്‍ ശരീരത്തിലെ വ്യവസ്ഥമതിയാകാതെ വരുമ്പോഴാണ് രോഗമാവുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ ശുദ്ധീകരണം തന്നെയാണ് യോഗം. ക്രിയകളിലൂടെയുള്ള ശുദ്ധീകരണം സ്വാഭാവികമായും സര്‍വരോഗ സംഹാരിയാണ്.

ധാത്വിന്ദ്രിയാന്തഃകരണ പ്രസാദം

ദദ്യാച്ച കാന്തിം ദഹനപ്രദീപ്തിം

അശേഷദോഷോപചയം നിഹന്യാദ്

അഭ്യസ്യമാനം ജലവസ്തി കര്‍മ. (2-28)

ജലവസ്തി ചെയ്യുന്നവന്റെ ദഹനശക്തി കൂടും. ശരീര കാന്തിയുണ്ടാകും. ദോഷ നാശം വരുത്തും. ധാതുക്കളും ഇന്ദ്രിയങ്ങളും മനസ്സും തെളിയും.

''രസ - അസൃക് - മാംസ - മേദോ - അസ്ഥി - മജ്ജാ - ശുക്ലാനി ധാതവഃ'' ( വാഗ്ഭടന്‍ 1 - 13 ) രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങിനെ ധാതുക്കള്‍ ഏഴ്. വാക്ക്, കൈ, കാല്‍, ഗുദം, ലിംഗം - ഇവ  5 കര്‍മേന്ദ്രിയങ്ങള്‍. ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് - ഇവ 5 ജ്ഞാനേന്ദ്രിയങ്ങള്‍. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം- ഇവ അന്തഃകരണങ്ങള്‍. ഇവയെ രാജസ-താമസ ദോഷങ്ങള്‍ ബാധിക്കും. ദുഃഖം, ശോകം, മടി, മുതലായവയുണ്ടാകും. ശുദ്ധിയാകുമ്പോള്‍ ഇവ തെളിയും. സുഖം, പ്രകാശം, ലാഘവം മുതലായ സാത്വിക ഗുണങ്ങള്‍ വളരും. പ്രസാദവും കാന്തിയും ഉണ്ടാവും. ദഹനശക്തി കുടും. വാതം, പിത്തം, കഫം എന്നിവയുടെ വിഷമാവസ്ഥയാണ് രോഗം. അവ സമമാകും. രോഗശമനം ഫലം.

കൈതപ്രം വാസുദേവന്‍ നന്പൂതിരി

Friday, November 9, 2018

വേദോപനിഷത്ത് പഠനത്തിലൂടെ ബ്രഹ്മജ്ഞാനത്തിലേക്ക്

ഥകളും അനുഭവകഥകളും ഇടചേര്‍ന്ന് വരുന്ന മഹാഭാരതത്തിന്റെ നിലവാരത്തില്‍നിന്ന് നാം ഉയരുമ്പോള്‍ എത്തിച്ചേരേണ്ടത് അനുഭവങ്ങളുടെ തലത്തിലേക്കാണ്. വാല്മീകി രാമായണം ഈ അനുഭവങ്ങളുടെ നിറകുടമാണ്. അതില്‍ കഥകളില്ല. രാമായണത്തിലെ ചരിത്രപുരുഷന്മാരുടെ ബയോഗ്രഫിയാണ് ആദികാവ്യമായ രാമായണം.

വാല്മീകി രാമായണത്തില്‍ അതിഗഹനമായ ഉപദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും വിവരിക്കുന്നുണ്ട്. രാമായണത്തിലെ ചരിത്രപുരുഷന്മാരെ പോലെ ജീവിച്ചാല്‍ അവര്‍ക്കുണ്ടായ അനുഭവം നമുക്കുണ്ടാകുമെന്നതാണ് രാമായണ പാഠം.
ഏതു മനുഷ്യന്റെയും മനസ്സിനെ സ്വാധീനിക്കാന്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ വളരെയേറെ പ്രയോജനപ്പെടുമെന്നത് വസ്തുത. ഇതില്‍ അനുഭവങ്ങള്‍ ഫാര്‍ പാസ്റ്റ്, നിയര്‍ പാസ്റ്റ്, പ്രസന്റ് എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍പ്പെടുത്തണം. ഫാര്‍പാസ്റ്റില്‍ ജീവിച്ചിരിക്കുന്നവരുടെ ജീവിതാനുഭവങ്ങളാണ് വാല്മീകി രാമായണവും മഹാഭാരതവും നമുക്കു തരുന്നത്. നിയര്‍ പാസ്റ്റില്‍ ജീവിച്ചിരുന്നവരായ സ്വാമി വിവേകാനന്ദന്‍, രാമാകൃഷ്ണ പരമഹംസന്‍, മഹാത്മാഗാന്ധി, സി.വി. രാമന്‍, സുഭാഷ് ചന്ദ്രബോസ്, രമണ മഹര്‍ഷി തുടങ്ങിയവരുടെ അനുഭവങ്ങളില്‍നിന്നും പാഠം പഠിക്കണം. ഇന്നു ജീവിച്ചിരിക്കുന്നവരുടെയെല്ലാം അനുഭവങ്ങളില്‍നിന്നെടുക്കേണ്ട പാഠം എടുക്കുമ്പോഴാണ് മനസ്സും ചിന്തയും കര്‍മ്മവും പിന്നെ കര്‍മഫലവും ധന്യമാകുന്നത്.

കഥകളുടെയും വ്യക്ത്യധിഷ്ഠിതമായ അനുഭവവിവരങ്ങള്‍ക്കും സ്ഥാനമില്ലാത്ത, പാപ-പുണ്യങ്ങളെക്കുറിച്ചും, സ്വര്‍ഗനരകങ്ങളെക്കുറിച്ചും ഭയപ്പെടുത്താത്ത, ധന്യമായ ഉപദേശങ്ങള്‍ മാത്രം നിരന്തരം ശ്രുതിയോടെയും മന്ത്രമാഹാത്മ്യത്തോടെയും നല്‍കുന്നതാണ് വേദങ്ങള്‍. അതില്‍ അശ്രദ്ധയോ, ശ്രുതി-പാരായണ-ആലാപന-വിവരണാടിസ്ഥാനത്തിലുള്ള തെറ്റുകളോ ഉണ്ടാകാന്‍ പാടില്ല എന്ന ഒറ്റക്കാരണത്താലാണ് എല്ലാവരും വേദങ്ങള്‍ ലാഘവബുദ്ധിയോടെ പഠിക്കേണ്ടതില്ല എന്നു പൂര്‍വികര്‍ നിര്‍ദേശിച്ചത്.

അറിവിന്റെയും പക്വതയുടെയും ഉയരങ്ങളിലേക്കു പോയവര്‍, ഉയരങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍, അവിടെയെത്താന്‍ വേണ്ടി ശ്രമിക്കുന്നവര്‍ തുടക്കം മുതല്‍ക്കെ പഠിക്കേണ്ടതാണ്, വേദങ്ങള്‍. അവിടെ അതികര്‍ക്കശ നിയമാവലികളുണ്ട്. വേദം പഠിക്കാനാഗ്രഹിക്കുന്നവന്റെയോ പഠിക്കേണ്ടവന്റെയോ യോഗ്യതയാണത്. അവന്റെ പേരാണ് ബ്രാഹ്മണന്‍. ജനിക്കുന്നതെല്ലാം മനുഷ്യരായിത്തന്നെയാണ് വേദോപനിഷത്തുകളുടെ പഠനത്തിലൂടെ ലഭിക്കുന്ന ബ്രഹ്മജ്ഞാനമാണ് ഒരുവനെ ബ്രാഹ്മണനാക്കുന്നത്.

വേദത്തിനു ശ്രുതിയുണ്ട്, പഠിക്കാനും പഠിപ്പിക്കാനും നിയമമുണ്ട്. ദേശീയഗാനാലാപത്തിന് നിയമമുണ്ടെന്ന് പറയുന്നത് പോലെയാണിത്. അതിനുള്ളതിനേക്കാള്‍ കഠിനമാണ് ഈ നിയമങ്ങള്‍. എല്ലാവര്‍ക്കും അനുശാസിക്കാനാകില്ലാത്തതില്‍, അനുശാസിക്കേണ്ടതില്ല. പഠിക്കേണ്ടതില്ല എന്നവര്‍ നിര്‍ദേശിച്ചു. പഠിക്കരുത് എന്നു പറഞ്ഞില്ല.
ആധുനിക വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ക്കും വക്കീലന്മാര്‍ക്കും ജഡ്ജിമാര്‍ക്കും അവരുടെ വിദ്യയുടെ പ്രയോഗ വേളയില്‍ നിലനിര്‍ത്തേണ്ടതായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രമേ അതിലേക്കിറങ്ങി പുറപ്പെടാവൂ. ഇത് വേദത്തിനും ബാധകമാണ്. അതൊരു കച്ചവടച്ചരക്കല്ല. ഭക്തിയും ശ്രദ്ധയും സമര്‍പ്പണവും ഉണ്ടാക്കിയിരുന്നതുകൊണ്ടു മാത്രമാണ് 700 വര്‍ഷത്തെ മുസ്ലിം ഭരണത്തിലും 250 വര്‍ഷത്തെ ക്രിസ്ത്യന്‍ ഭരണത്തിലും ഭാരതത്തിലെ വേദങ്ങള്‍ വെന്തുവെണ്ണീറാകാതെ ഗുരുദേവനോടുള്‍പ്പെടെയുള്ള പിന്‍തലമുറക്കാരോട് വേണം പഠിക്കുവാന്‍. നിയമം കര്‍ക്കശമായി പാലിക്കാതെ വന്നാല്‍ ഇന്നുവരെ കാത്തുസൂക്ഷിക്കപ്പെട്ട ആ ധന്യഗ്രന്ഥങ്ങള്‍ മലിനമാകും.

വേദങ്ങള്‍ നാലാമത്തെ നിലവാരത്തിലെത്തിയവര്‍ക്കുള്ളതാണ് എന്നുവേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഉയരങ്ങളിലേക്കു പ്രയാണം ചെയ്യുമ്പോള്‍ അഞ്ചു പടികളുള്ളതില്‍ നാലാമത്തേതാണ് വേദം. അത് അറിവു നേരിട്ടു നല്‍കലാണ്. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് അതിമഹത്തായ വേദിക് മാനേജ്‌മെന്റ് തത്വങ്ങള്‍ നല്‍കുക.
വേദങ്ങള്‍ സ്വര്‍ഗത്തിലേക്ക് പോകാനുള്ള ഷോര്‍ട്ട്കട്ട് വഴിയല്ല. അത് ഭൂമിയിലെ ജീവിതം സ്വര്‍ഗസമാനമാക്കാനുള്ളതാണ്. ധര്‍മം, അര്‍ഥം, കാമം, ഇവ സഫലീകരിക്കാനുള്ള വഴിയാണത്.
വേദത്തിലെ സന്ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക് മാറുമ്പോള്‍ അതെങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കണം എന്നു വ്യക്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് രണ്ട് ഇതിഹാസങ്ങള്‍. അതായത് വേദങ്ങള്‍ സന്ദേശങ്ങള്‍ നല്‍കുന്നു. ഇതിഹാസങ്ങള്‍ അത് പ്രായോഗികതലത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നത് പഠിപ്പിക്കുന്നു. കെമിസ്ട്രിയും അപ്ലൈഡ് കെമിസ്ട്രിയും പോലെയാണത്.

വേദത്തിന്റെ അവസാനഭാഗമായി വരുന്നതാണ്. അതായത് വേദാന്തമായി വരുന്നതാണ്, ഉപനിഷത്തുക്കള്‍. അതിനെ അനുഭൂതിയുടെയും ഉള്‍ക്കാഴ്ചയുടെയും നിലവാരത്തില്‍ പഠിക്കുന്നതാണ്, ആ ഭാരതീയ ഗ്രന്ഥങ്ങളുടെ ഉത്തംഗശൃംഗത്തിലെ ഉപനിഷത്തുക്കല്‍. ജീവിതയാഥാര്‍ഥ്യ വിവരണം പരമമായ അറിവാണ് ഉപനിഷത്തുകളിലുള്ളത്. അത് പരമമായ സത്യത്തിലേക്ക് നയിക്കേണ്ടതായതിനാലാണ് അതിനെ ഉപനിഷദ്  എന്നുപറയുന്നത്. ജീവാത്മാവും പരമാത്മാവും പഞ്ചഭൂതങ്ങളും പഞ്ചപ്രാണനും പഞ്ചകര്‍മേന്ദ്രിയങ്ങളും പഞ്ചജ്ഞാനേന്ദ്രിയങ്ങളും മനസ്സും ഈ ഗ്രന്ഥങ്ങളില്‍ വ്യാഖ്യാനിക്കപ്പെടുന്നു. അറിവിന്റെ തലമെന്ന് അറിഞ്ഞിരുന്നാല്‍ മതി. പരമഹംസ ഋഷിയുടെ അവസ്ഥയിലെത്തിയവന് അനുഭവവേദ്യമാകുന്ന ആനന്ദാനുഭൂതിയിലൂടെ അത് ഋഷിവര്യന് പ്രകടമാകുന്നു. അതു വായിച്ചറിയുവാനായി എഴുതി വച്ചിരിക്കുന്നതാണ് വേദാന്തഗ്രന്ഥങ്ങളായ ഉപനിഷത്തുകള്‍.

ചിന്താധാര/ ഡോ.എന്‍.ഗോപാലകൃഷ്ണന്‍
(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന 
പുസ്തകത്തില്‍ നിന്ന്)
email: iishservice1@gmail.com

Thursday, November 8, 2018

ഈശ്വരനിശ്ചയം



കാനനമധ്യത്തിലൂടെ നടന്നു പോകുകയായിരുന്ന  ഭീമസേനന്‍ വഴിയിലൊരു കാഴ്ച കണ്ടു. പൂര്‍ണ ഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുന്നു. മാനിനെ ലക്ഷ്യമിട്ട് വില്ലു കുലയ്ക്കുകയാണ് ഒരു വനവേടന്‍. എതിരെ നിന്നാകട്ടെ, മാനിന്റെ മേല്‍ ചാടി വീഴാനൊരുങ്ങി ഒരു സിംഹവും. 
പാവം മാന്‍ ഇതൊന്നുമറിയുന്നില്ല. ഭീമസേനനന്‍ ആകെ ചിന്താകുഴപ്പത്തിലായി. വേടനെ തടഞ്ഞാല്‍ സിംഹം മാനിനു മേല്‍ ചാടി വീഴും. സിംഹത്തെ തടഞ്ഞാല്‍ വേടന്റെ അസ്ത്രം മാനിന്റെ ദേഹത്തു തുളച്ചു കയറും. രണ്ടായാലും മാനിന്റെ മരണം സുനിശ്ചിതം. 
എന്തുചെയ്യണമെന്നറിയാതെ ഭീമന്‍ ഉറക്കെ നിലവിളിച്ചു.  ' കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ.......' 
ദൈവഹിതം പ്രവചനാതീതമല്ലേ!  ഉടന്‍ ഒരു വെള്ളിടി വെട്ടി. വേടനു ലക്ഷ്യം തെറ്റി. അസ്ത്രം സിംഹത്തിനു മേല്‍ തറച്ചു. സിംഹം മറിഞ്ഞു വീണു.  അതിശക്തമായൊരു മഴ പെയ്തു. ഭൂമി കുളിര്‍ത്തു. ഭീമന്റെ മനസ്സും. ആപത്തൊഴിഞ്ഞ മാന്‍പേട പ്രസവിച്ചു. 
 ഈശ്വരനിശ്ചയത്തെ ആര്‍ക്കും തടുക്കാനാവില്ലെന്ന തിരിച്ചറിവോടെയും സന്തോഷത്തോടെയും ഭീമന്‍ യാത്ര തുടര്‍ന്നു

Wednesday, November 7, 2018

ബ്രഹ്മജ്ഞാനിയുടെ നിലയെ പ്രശംസിക്കുന്നു

തദേതദൃചാഭ്യുക്തം 
ഏഷ നിത്യോ മഹിമാ ബ്രാഹ്മണസ്യ...
ഇതാണ് ബ്രഹ്മജ്ഞാനിയുടെ നിത്യമായ മഹത്വം. അത് കര്‍മംകൊണ്ട് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ആ മഹത്വത്തിന്റെ സ്വരൂപത്തെ അറിയുന്നവനാകണം. അതിനെ അറിഞ്ഞാല്‍ പുണ്യപാപ രൂപത്തിലുള്ള കര്‍മങ്ങളില്‍ കുടുങ്ങിപ്പോകില്ല.
അതിനാല്‍ ഇങ്ങനെ അറിയുന്നയാള്‍ ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചയാളും മനസംയമനം സാധിച്ചവനും എല്ലാ ഏഷണകളില്‍ നിന്ന് മുക്തനും ദ്വന്ദ്വങ്ങളെ സഹിക്കുന്നവനും ഏകാഗ്രതയോടു കൂടിയവനുമായി തന്നില്‍ തന്നെ ആത്മാവിനെ കാണുന്നു.
 ആത്മജ്ഞാനി എല്ലാത്തിനേയും ആത്മാവായി കാണുന്നു. പാപം ഇദ്ദേഹത്തെ ബാധിക്കുന്നില്ല. ഇയാള്‍ എല്ലാ പാപങ്ങളേയും അതിക്രമിക്കുന്നു. പാപം ഇദ്ദേഹത്തെ തപിപ്പിക്കുന്നില്ല. എല്ലാ പാപങ്ങളേയും നശിപ്പിക്കുന്നു. അയാള്‍ പാപമില്ലാത്തവനും മാലിന്യമില്ലാത്തവനും സംശയം നീങ്ങിയവനുമായ യഥാര്‍ഥ ബ്രാഹ്മണനായിത്തീരുന്നു.
ബ്രഹ്മമാകുന്ന ലോകം ഇതാണ്. രാജാവേ, അതിനെ നേടാനുള്ള ഉപദേശം മുഴുവന്‍ നല്‍കിയിരിക്കുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇത് കേട്ട ജനകന്‍ അങ്ങേക്ക് ഞാന്‍ വിദേഹരാജ്യത്തെ തന്നെ തരുന്നു. ദാസ്യവേലയ്ക്കായി ഞാന്‍ എന്നെയും കൂടെ തരുന്നുവെന്ന് പറഞ്ഞു.
 ബ്രഹ്മസാക്ഷാത്കാരത്തെ നേടിയ ബ്രഹ്മജ്ഞാനിയുടെ നിലയെയാണ് ഇവിടെ വിവരിക്കുന്നത്. ജ്ഞാനിയുടെ ദൃഷ്ടിയില്‍ പുണ്യവും സംസാര കാരണമാകയാല്‍ പാപമാണ്. പുണ്യ പാപങ്ങളോ ധര്‍മ അധര്‍മങ്ങളോ ഇല്ലാത്തയാളായിരിക്കും ബ്രഹ്മജ്ഞാനി. സത്യത്തെ അറിഞ്ഞതിനാല്‍ അയാള്‍ക്ക് സംശയങ്ങളൊന്നുമില്ല. അങ്ങനെയുള്ള ബ്രഹ്മജ്ഞാനിയെയാണ് ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നത്. യാജ്ഞവല്‍ക്യന്റെ ഉപദേശത്താല്‍ കൃതകൃത്യനായതിനാലാണ് ജനകന്‍ തന്നെയും തന്റെ രാജ്യത്തേയും ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത്.
സ വാ ഏഷ മഹാനജ...
ഈ മഹത്തും ജന്മമില്ലാത്തവനുമായ ആത്മാവ് അന്നത്തെ കഴിക്കുന്നവനും കര്‍മഫലത്തെ ദാനം ചെയ്യുന്നവനുമാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ എല്ലാ കര്‍മഫലങ്ങളേയും നേടുന്നു.
ആത്മാവ് എല്ലാ ജീവജാലങ്ങളിലുമിരിക്കുന്നതിനാല്‍ എല്ലാ അന്നങ്ങളെയും കഴിക്കുന്നവനാകുന്നു. എല്ലാ കര്‍മഫലങ്ങളേയും കിട്ടുന്നു. ദൃഷ്ടമായ ഫലത്തെ ആഗ്രഹിക്കുന്നവര്‍ ഈ ഗുണത്തോടെ ഉപാസിച്ചാല്‍ ഭൗതികസമ്പത്ത് ലഭിക്കും. അദൃഷ്ടഫലവുമായി ബന്ധപ്പെട്ടാണ് ഉപാസനയെങ്കില്‍ സര്‍വാത്മഭാവത്തേയും കൈവരിക്കുന്നു.
സ വാ ഏഷ മഹാനജ ആത്മാളജരോ ളമരോ ളമൃതോളഭയോ ബ്രഹ്മ;
അഭയം വൈ ബ്രഹ്മ; അഭയം ഹി വൈ ബ്രഹ്മ ഭവതി യ ഏവം വേദ.
ഈ മഹത്തും അജവും ജരയില്ലാത്തതും മരണമില്ലാത്തതും നിത്യവും അഭയവുമായ ആത്മാവാണ് ബ്രഹ്മം. ഭയമില്ലാത്തതാണ് ബ്രഹ്മം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ തീര്‍ച്ചയായും അഭയമായ ബ്രഹ്മമായിത്തീരുന്നു.
ആത്മാവിനെ ഇവിടെ വിശേഷിപ്പിച്ചതെല്ലാം സാധാരണ ഭൗതിക വസ്തുക്കള്‍ക്കുള്ള ജനനം മുതല്‍ മരണം വരെയുള്ള ആറ് വികാരങ്ങളെ നിഷേധിക്കുന്നതാണ്. അറിവില്ലായ്മയെ തുടര്‍ന്ന് രണ്ട് എന്ന തോന്നലുണ്ടാകുമ്പോഴാണ് ഭയം വരുന്നത്. കേവലം ഒന്നു മാത്രമായ അദ്വയ ബ്രഹ്മത്തില്‍ ഭയകാരണങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാണ് അഭയം എന്ന് പറഞ്ഞത്. നേരത്തെ പറഞ്ഞ കാര്യങ്ങളെയെല്ലാം ചുരുക്കി പറഞ്ഞിരിക്കുകയാണ് ഇവിടെ. ഇതോടെ നാലാം ബ്രാഹ്മണം അവസാനിച്ചു.



Tuesday, November 6, 2018

പാര്‍വതീ വിവാഹവും രതിയുടെ ശാപമോക്ഷവും

ശിവപാര്‍വതീ വിവാഹത്തിന് മണ്ഡപത്തില്‍ പൂജകള്‍ക്ക് മുഖ്യപുരോഹിതന്‍ ആരെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ശങ്ക. കുറുമുനിയായ അഗസ്ത്യനെയാണ് ഇക്കാര്യത്തില്‍ മഹര്‍ഷിമാര്‍പോലും പ്രതീക്ഷിച്ചത്. എന്നാല്‍ അഗസ്ത്യ മഹര്‍ഷി പ്രകൃതിക്ഷോഭമടക്കാന്‍ മലയാളക്കരയിലേക്കു പോയിരിക്കുകയാണ്. ഇനി ആര്?

ബ്രഹ്മദേവന്‍ ശ്രീപരമേശ്വരന്റെ മുഖത്തേക്കു നോക്കി. കാര്യം മനസ്സിലാക്കിയ ശിവന്‍ ആംഗ്യംകൊണ്ട് അനുവാദം നല്‍കി. മഹാവിഷ്ണുവിന്റെ നേര്‍ക്കു നോക്കിയ ബ്രഹ്മദേവന് തൂമന്ദഹാസത്താലായിരുന്നു മറുപടി. ഈ സമയം പ്രശ്‌നപരിഹാരത്തിന് ഹിമവാന്‍ ബ്രഹ്മനിര്‍ദ്ദേശത്തിനായി മൗനമായി അപേക്ഷിക്കുകയായിരുന്നു.

ബ്രഹ്മദേവന്‍ മണ്ഡപത്തിലേക്കു കയറി.വിവാഹകര്‍മത്തിന്റെ മുഖ്യ പൗരോഹിത്യം സ്വയം ഏറ്റെടുത്തു.വിഘ്‌നേശ പൂജയ്ക്കായി പീഠമൊരുക്കി. എന്നാല്‍ മൂര്‍ത്തിയെ ആവാഹിക്കാന്‍ ഭാവിച്ചതേയുള്ളൂ. ഒരാള്‍ ആ പീഠത്തില്‍ കയറിയിരിപ്പായി. ആവാഹിക്കാതെ തന്നെ വിഘ്‌നേശ്വരന്‍ അവിടെ ഇരിപ്പുറപ്പിച്ചു. (മൂലഗണപതിഭാവം)

വാദ്യവും സംഗീതവുമെല്ലാം സാക്ഷാല്‍ സ്വരരാഗരൂപിണിയുടെ വക. അപ്‌സരസ്സുകള്‍ നൃത്തംവച്ചു. മറ്റു ദേവതകള്‍ പുഷ്പവൃഷ്ടിയ്‌ക്കൊരുങ്ങിനിന്നു. ഹിമവാന്‍ ശ്രീപരമേശ്വരന് കന്യാദാനം നല്‍കുന്ന മുഹൂര്‍ത്തവും കാത്തുനില്‍ക്കുകയായിരുന്നു അവര്‍.

മംഗളവാദ്യസ്വരങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ദിവ്യവും ശുഭവുമായ മുഹൂര്‍ത്തത്തില്‍ വിവാഹച്ചടങ്ങുകള്‍ അരങ്ങേറി. പാര്‍വതീ വിവാഹം ഭംഗിയായിത്തന്നെ നടന്നു.

ഒട്ടും സമയം കളയാതെ അവസരം മുതലാക്കാന്‍ തയ്യാറായി നിന്ന രതീദേവി ശിവപാദത്തില്‍ വീണു നമസ്‌കരിച്ചു. തന്റെ കണവനെ തിരിച്ചുനല്‍കണമെന്ന് വരദാഹിയായി അവള്‍ നവവരന്റെ പാദത്തില്‍ വീണപേക്ഷിച്ചു. ഇതുകണ്ട് ശിവന്‍ ഒരു നിമിഷം വിഷ്ണുദേവന്റെ നേര്‍ക്കുനോക്കി മന്ദഹാസത്തോടെ വിഷ്ണു മുഖംതിരിച്ചുനിന്നു.

എല്ലാം മഹാവിഷ്ണുവിന്റെ ലീലാവിലാസമെന്നറിയുന്ന ശ്രീപരമേശ്വരന്‍ രതീദേവിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് അനുഗ്രഹിച്ചു. നിന്റെ മാരന്‍ ഇന്നുമുതല്‍ നിനക്കുമാത്രം പ്രത്യക്ഷനാകും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ ആ കാമന്‍ അനംഗന്‍ തന്നെയായിരിക്കും.

അപ്പോള്‍ തനിക്ക് തന്റെ കാമനെ എന്നാണ് പൂര്‍ണമായി ലഭിക്കുക എന്നറിയാന്‍ രതിദേവി ആകാംക്ഷകൊണ്ടു.ഭഗവാന്‍ വിഷ്ണുവിന്റെ ശ്രീകൃഷ്ണാവതാരക്കാലത്ത് പൂര്‍ണമായിത്തന്നെ കാമദേവനെ ലഭിക്കുമെന്ന് ശ്രീപരമേശ്വരന്‍ രതീദേവിയെ അനുഗ്രഹിച്ചു.

ശ്രീപരമേശ്വരന്‍ കാമവൈരിയാണ്. കാമേശ്വരനുമാണ്. ഈ കാമേശ്വരന്‍ പാര്‍വതീദേവിയുടെ കഴുത്തില്‍ കെട്ടിയ മാംഗല്യസൂത്രമാണ്. രതീദേവിക്ക് മാംഗല്യം തിരിച്ചുകിട്ടിയത് ദേവിയുടെ മാംഗല്യത്തിന്റെ ബലത്തിലാണ്.

ശ്രീലളിതാസഹസ്രനാമത്തില്‍ ''കാമേശബദ്ധമാംഗല്യ സൂത്രശോഭിത കന്ധരാ'' എന്ന് ഒരു വരിയുണ്ട്. കാമേശ്വരന്‍ കെട്ടിയ മാംഗല്യസൂത്രംകൊണ്ട് ശോഭ വര്‍ധിച്ച കഴുത്തോടുകൂടിയവര്‍ എന്ന് സാരം. ആ മാംഗല്യം തന്നെ രതിദേവിക്കും തുണയായി.

നരകചതുര്‍ദശി അഥവാ ദീപാവലി

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം.



കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. 

ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു. ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു. മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി. നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു. 

പച്ചവെള്ളത്തില്‍, 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു' എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ''എന്നാ ഗംഗാസ്‌നാനം ആച്ചാ'' എന്നാണ് അഭിസംബോധന ചെയ്യുക. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്. യമായ, ധര്‍മരാജായ, മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു.


 ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം. 


ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു. 

Monday, November 5, 2018

പരിവര്‍ത്തനത്തിന്റെ ദീപാവലി




മക്കളേ, ഭാരതം ഉത്സവങ്ങളുടെ നാടാണ്. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെതന്നെ സാംസ്‌കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും, ഇരുട്ട് തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമാണ്. എല്ലാ അറിവിലും വച്ചു ശ്രേഷ്ഠം ആത്മജ്ഞാനം അഥവാ അവനവനെക്കുറിച്ചുള്ള അറിവാണ്. കാരണം മനുഷ്യന് ദുഃഖത്തില്‍നിന്നുള്ള ആത്യന്തികമായ മോചനം നല്‍കുന്നത് ആത്മജ്ഞാനം മാത്രമാണ്. ഈ അറിവിനെ നമ്മുടെയുള്ളില്‍ ഉണര്‍ത്തുക എന്നതിന്റെ പ്രതീകമായിട്ടാണ് നമ്മള്‍ ദീപാവലിയ്ക്കു ദീപങ്ങള്‍ കൊളുത്തുന്നത്. കത്തുന്ന ഒരു തിരിയില്‍ നിന്ന് ആയിരം തിരികള്‍ കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെ അറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്‍പംപോലും കുറയുന്നില്ലെന്ന് ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം. അതുപോലെ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു. ദീപാവലിപോലെയുള്ള ഉത്സവവേളകളില്‍ എല്ലാവരും ഒരേ മനസ്സോടെ ഈശ്വരചിന്തയില്‍ മുഴുകുന്നു, ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു, ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ നല്ല തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. വനത്തിനോടു ചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഒന്നുമില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ അവിടെ കൊള്ളകള്‍ വര്‍ദ്ധിച്ചു. കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതു സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകണ്ടു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് നാട്ടില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷിച്ചു. അവര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മേലധികാരികളെ നേരില്‍ക്കണ്ടുപറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ക്കു തോന്നി, തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍വിളക്കു കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്തു പ്രകാശം കിട്ടുമല്ലോ! സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അതു വഴിയിലൂടെ പോകുന്നവര്‍ക്ക് പ്രകാശം നല്‍കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരന് അതു നല്ല ഭംഗിയുള്ളതായിത്തോന്നി. അദ്ദേഹവും തന്റെ വീടിനുമുന്നിലെ വഴിയരികില്‍ ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. ഇതുകണ്ട് അടുത്തവീട്ടുകാരും അതുതന്നെ ചെയ്തു. അങ്ങനെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കു കത്തിച്ചുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെ ശല്യവും കുറഞ്ഞു. ഒരാളില്‍നിന്നാരംഭിച്ച സദ്്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി. ഇന്നു ലോകത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മുഖ്യകാരണം വ്യക്തിമനസ്സുകളിലെ സംഘര്‍ഷമാണ്. മാറ്റം വ്യക്തിമനസ്സുകളിലുണ്ടായാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയും. ഉത്സവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍ ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്. ദീപാവലിയെ സാധാരണയായി ശ്രീകൃഷ്ണനുമായിട്ടും ശ്രീരാമനുമായിട്ടും ബന്ധപ്പെടുത്താറുണ്ട്. ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടുന്നതെന്നും ഒരു ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചപ്പോള്‍ എന്റെ ദുഃഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ എന്ന് നരകാസുരന്‍ പ്രാര്‍ത്ഥിച്ചുവെന്നു പറയപ്പെടുന്നു. നമ്മള്‍ സ്വയം ദുഃഖിച്ചാലും അന്യരെല്ലാം സുഖത്തോടെയും സന്തോഷത്തോടെയും കഴിയണമെന്ന നല്ല ചിന്തയുടെ പ്രതീകങ്ങളാണ് ദീപാവലിയ്ക്കു നാം കൊളുത്തുന്ന ദീപങ്ങള്‍. അത്തരം ഒരു വിശാലമനോഭാവം വളര്‍ത്തിയെടുക്കാന്‍ ദീപാവലി നമുക്ക് പ്രചോദനമാകട്ടെ.

ദീപാവലിയുടെ ദേശത്തനിമകള്‍


ഭാരതീയ ദര്‍ശനത്തിന്റെ ആധാരസ്തംഭങ്ങളിലൊന്നെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ''തമസോമാ ജ്യോതിര്‍ഗമയ'' എന്ന ഉപനിഷന്മുദ്രയുടെ ദീപ്‌തോജ്ജ്വലമായ പ്രതീകമാണ് ഭാരതത്തിലങ്ങോളമിങ്ങോളമാഘോഷിക്കപ്പെടുന്ന ദീപാവലി. 


അജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് പ്രജ്ഞാനത്തിന്റെ പ്രകാശപ്രചുരിമയിലേക്ക് മനുഷ്യമനസ്സിനെ പരിവര്‍ത്തിപ്പിക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ ആധ്യാത്മികദൗത്യം. അകത്തും പുറത്തുമുള്ള അദ്വൈതമായ ചൈതന്യത്തെ അകക്കണ്ണും പുറംകണ്ണുമുപയോഗിച്ച് സുവ്യക്തമായിക്കാണാന്‍ മനുഷ്യന്‍ ഒരുക്കിയ മഹോത്സവമാണ് ദീപാവലി. ഭാരതീയ സംസ്‌കാരത്തിനു മാത്രം സ്വന്തമായ വിശ്വദര്‍ശനത്തിന്റെ ഗരിമ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ദീപോത്സവം. അഖണ്ഡമായ ഒരേ പ്രപഞ്ചസത്തയെ ആശ്രയിച്ചാണ് സര്‍വതിന്റെയും അസ്തിത്വമെന്ന അനശ്വരസത്യത്തിലേക്ക് കണ്‍തുറപ്പിക്കുന്ന ആത്മദീപങ്ങളുടെ മേളനം. ആശ്വിനത്തിലെ-തുലാമാസത്തിലെ (സെപ്തംബര്‍-ഒക്‌ടോബര്‍) ചതുര്‍ദശിയിലാണ് ഭാരതമെമ്പാടും ഇതാഘോഷിക്കുന്നത്. ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആവലി (കൂട്ടം) എന്നര്‍ത്ഥം. ദീപാവലിയെച്ചുരുക്കി ദീവാളിയുമാക്കിയിട്ടുണ്ട് നമ്മള്‍. അതുപിന്നെ നാട്ടുഭാഷയില്‍ തീവാളിയുമായി. (അടിച്ചുപൊളിച്ചു ജീവിക്കാന്‍, പടക്കം പൊട്ടിച്ചുതീര്‍ക്കുംപോലെ പണമെല്ലാം തുലച്ചുകളയുന്നതിനെ പരിഹസിക്കാനൊരു ചൊല്ലും നാട്ടിലുണ്ടായി-ദീവാളി കുളിക്കുക). ദീപാവലിക്കുപിന്നില്‍ നിരവധി ഐതീഹ്യങ്ങളാണ് ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ളത്. ഉള്‍വെളിച്ചത്തിന്റെ ഉണര്‍വ്, സത്യത്തിന്റെ സമ്പൂര്‍ണത, തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം എന്നിവയാണ് എല്ലാ ഐതിഹ്യങ്ങളുടെയും ആത്മാവ്. പരിശുദ്ധമായ ഭൗതികൈശ്വര്യങ്ങള്‍ക്കും പ്രകൃതിയുടെ പ്രസാദാത്മകതയ്ക്കുംവേണ്ടിയുള്ള പ്രാര്‍ത്ഥന കൂടിയുണ്ട് ഈ ആഘോഷത്തിന് പിന്നില്‍. താമസരൂപിയായ രാവണനെ നിഗ്രഹിച്ച് ലോകരക്ഷ ചെയ്യുക എന്ന അവതാരദൗത്യം നിര്‍വഹിച്ചശേഷം വിജയശ്രീലാളിതനായി അയോധ്യയിലേക്ക് മടങ്ങുന്ന രാമന്‍. നീണ്ട പതിന്നാലു സംവത്സരങ്ങളിലെ വനവാസം കഴിഞ്ഞ്, അഗ്നിശുദ്ധി വരുത്തിയ സീതയോടും രാമോപദേശങ്ങളില്‍ പരിപാകം വന്ന ലക്ഷ്മണനോടുമൊപ്പം തിരികെയെത്തുന്ന പ്രാജ്ഞനായ ശ്രീരാമന്‍. രാമന്റെ മടങ്ങിവരവിനെ അയോധ്യയില്‍ മണ്‍ചെരാതുകള്‍ കൊളുത്തിവച്ചും വെടിപൊട്ടിച്ചും എതിരേറ്റ ഉത്സവത്തിന്റെ ഓര്‍മയാണ് ദീപാവലി ചിലേടങ്ങളില്‍. ലോകമാതാവായ അദിതിയുടെ കര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചും, വിശ്വകര്‍മാവിന്റെ പുത്രിയെ ആനയുടെ രൂപത്തില്‍ വന്നപഹരിച്ച് മാനഭംഗപ്പെടുത്തിയും, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, മനുഷ്യര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍പ്പെട്ട 16000 സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി തന്റെ കോട്ടയില്‍ പാര്‍പ്പിച്ചും, ലോകത്തെ നരകമാക്കിമാറ്റിക്കൊണ്ടിരുന്ന നരകാസുരനെ ശക്തിസ്വരൂപനായ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കായുള്ള ആഹ്ലാദപ്രകടനമാണ് ദീപാവലിയെന്നത് മറ്റൊരു വിശ്വാസം. (കൃഷ്ണന്റെ പ്രിയപത്‌നി സത്യഭാമയാണ് നരകാസുരനെ വധിച്ചതെന്നും അത് ദ്വാപരയുഗത്തിലായിരുന്നുവെന്നും വിശ്വാസമുണ്ട്.) നീചത്വത്തിനുമേല്‍ ഈശ്വരീയത നേടുന്ന ആധിപത്യത്തിന്റെ കാഹളം മുഴങ്ങുന്ന നരകാസുരകഥയ്ക്കാണ് ദക്ഷിണേന്ത്യയില്‍ പ്രാമുഖ്യം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ജനങ്ങള്‍ ഉറക്കമുണരുന്നു. ആദ്യം ഗസ്‌നാനം (എണ്ണതേച്ചുകുളി) നടത്തുന്നു. പുതുവസ്ത്രം ധരിക്കുന്നു. വീട്ടുമുറ്റത്ത് വലിയ കോലങ്ങള്‍ വരയ്ക്കുന്നു. വീടിനു ചുറ്റും ചെറിയ വിളക്കുകള്‍ കത്തിച്ചവയ്ക്കുന്നു. കൃഷ്ണന് വിശേഷാല്‍ പൂജകള്‍ നടത്തുന്നു. പൂജയ്ക്കുശേഷം, കുട്ടികള്‍, പൈശാചികതയുടെ പരാജയത്തെ പടക്കം പൊട്ടിച്ചാഘോഷിക്കുന്നു. അനന്തരം, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് സമൃദ്ധമായൊരു പ്രാതല്‍. ഉത്തരേന്ത്യയില്‍ ദീപോത്സവത്തിന്റെ മുഖ്യഘടകമായി ലക്ഷ്മീപൂജ നടത്തുന്നു. കൊയ്ത്തുകാലം കഴിഞ്ഞുള്ള സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറദീപങ്ങളാല്‍ വീടും പരിസരവും തെരുവുകളും ലക്ഷ്മീദേവിയുടെ കളിയാട്ടക്കളങ്ങളായി മാറുന്നു. വരുംവര്‍ഷവും, കളപ്പുരയും മനസ്സും നിറയ്ക്കുന്ന വിളവെടുപ്പിന് അനുഗ്രഹിക്കേണമേ എന്ന് പ്രകൃത്യംബയോടുള്ള പ്രാര്‍ത്ഥന. പാലാഴിമഥനസമയത്ത് ക്ഷീരസാഗരത്തില്‍നിന്ന് ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട ദിവസമാണിതെന്നും ഒരൈതിഹ്യം. പശ്ചിമഭാരതത്തില്‍ പറഞ്ഞുവരുന്ന കഥ മറ്റൊന്നാണ്. മലയാളക്കരയ്ക്ക് സ്വന്തമെന്നഭിമാനിക്കുന്ന വാമന-മഹാബലിചരിതം. ത്രിലോകങ്ങളെയും കീഴടക്കിയതിന്റെ അഹങ്കാരത്തില്‍നിന്നും ലോകത്തെയും മഹാബലിയെത്തന്നെയും രക്ഷിക്കുന്നതിനുവേണ്ടി മഹാവിഷ്ണു വാമനാവതാരമെടുത്ത് മൂന്നടി സ്ഥലം യാചിച്ചുചെന്ന് ബലിയുടെ ശിരസ്സില്‍ പദമൂന്നി പാതാളത്തിലേക്കയച്ചതിന്റെ സ്മരണയ്ക്കായാണ് ഇവിടങ്ങളില്‍ ദീപാവലി കൊണ്ടാടുന്നത്. ബലിയുടെ തിരോധാനത്തോടെ മോചിതരായ ലക്ഷ്മിയും ഗണേശനും ഭൂമിക്ക് ഐശ്വര്യം പ്രദാനം ചെയ്തതിനെ ആദരിക്കാനാണ് ദീപാവലിയെന്ന് പശ്ചിമേന്ത്യയില്‍ ചിലേടങ്ങളില്‍ വിശ്വാസമുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ദീപാവലിക്ക് വാമനകഥയുടെ പിന്‍ബലമുണ്ട്. ആശ്വിനമാസം കാര്‍ത്തികയിലേക്ക് കടക്കുന്ന അമാവാസി നാളിലാണ് ദീപാവലി. മഹാരാഷ്ട്രയില്‍ ഈ ദിവസം ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്ന പതിവുണ്ട്. മറാത്തയില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ആരതിപൂജ നടത്തുന്നു. ദീപാവലിനാളില്‍ വീടും വാഹനവും വാങ്ങുന്നത് ശുഭകരമാണെന്ന് ആന്ധ്രാപ്രദേശുകാര്‍ കരുതുന്നു. മറ്റുദിവസങ്ങളില്‍ കിട്ടാത്ത അപൂര്‍വയിനം മധുരപലഹാരങ്ങള്‍ ഹൈദരാബാദില്‍ ഈ ദിവസങ്ങളില്‍ ലഭിക്കുന്നു. അവ പരസ്പരം കൈമാറുന്നു. മാംസവും മദ്യവും ആന്ധ്രാപ്രദേശില്‍ പൊതുവേ ഈ നാളുകളില്‍ വര്‍ജിക്കുന്നു. ആന്ധ്രയില്‍ ചില പ്രദേശങ്ങളില്‍ പടക്കങ്ങള്‍കൊണ്ട് നരകാസുരന്റെ 'ഡമ്മി' ഉണ്ടാക്കി, കൃഷ്ണവേഷം ധരിച്ചയാള്‍ അതിന് തീകൊടുക്കുന്നു. കൃഷ്ണപത്‌നിയായ സത്യഭാമയാണ് ശരിക്കും നരകാസുരനെക്കൊന്നതെന്ന വിശ്വാസത്തില്‍ സത്യഭാമയുടെ വേഷമണിഞ്ഞുകൊണ്ട് നരകാസുരരൂപത്തിന് തീവയ്ക്കുന്ന സമ്പ്രദായവും ചിലേടങ്ങളിലുണ്ട്. ദീപാവലിക്ക് പോത്തുകളെക്കുളിപ്പിച്ച് ശുദ്ധമാക്കുക എന്നത് ആന്ധ്രക്കാരുടെയൊരാചാരമാണ്. ഐശ്വര്യത്തിന്റെ അധിദേവതയായ ലക്ഷ്മീദേവിയെ വരവേല്‍ക്കാന്‍ വീട് ശുദ്ധമാക്കി അലങ്കരിക്കുന്ന രീതിയും ആന്ധ്രയിലുണ്ട്. തെരുവുകളില്‍ നിരനിരയായി ദീപങ്ങള്‍കൊളുത്തിവച്ച് അന്തരീക്ഷം പ്രഭാപൂരിതമാക്കുന്നു. കുടുംബാംഗങ്ങളൊത്തിരുന്ന് ലക്ഷ്മീ പൂജ നടത്തുന്നു. വിശേഷവസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ വാങ്ങിക്കൂട്ടുന്നതില്‍ ആന്ധ്രാപ്രദേശുകാര്‍ മുന്നിലാണ്. ആന്ധ്രയിലെ ഏതുത്സവത്തിന്റെയും അവിഭാജ്യഘടകമായ മധുരപലഹാരങ്ങളുണ്ടാക്കലും കൊടുക്കലും വാങ്ങലുമെല്ലാം ഈ നാളുകളില്‍ നിര്‍ലോഭം നടക്കുന്നു.