സ്വാമി അഭയാനന്ദ
ബ്രഹ്മാനന്ദവല്ലി രണ്ടാം അനുവാകം
അന്നാദ്‌വൈ പ്രജാഃ പ്രജായന്തേ യാഃ കാശ്ച പൃഥ്വീം
ശ്രിതാഃ അഥോ അന്നേനൈവ ജീവന്തി
അഥൈനദപിയന്ത്യന്നതഃ
അന്നം ഹി ഭൂതാനാം ജ്യേഷ്ഠം തസ്മാത്
സര്‍വ്വൗഷധമുച്യതേ
ഭൂമിയെ ആശ്രയിച്ചിരിക്കുന്ന എല്ലാ പ്രജകളും അഥവാ എല്ലാ ജീവജാലങ്ങളും അന്നത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഉണ്ടായതിനുശേഷം അന്നംകൊണ്ട് തന്നെ ജീവിക്കുന്നു. പിന്നെ ഒടുവില്‍ അന്നത്തില്‍ തന്നെ തിരികെ ലയിക്കുകയും ചെയ്യുന്നു. അന്നമാണല്ലോ ജീവികള്‍ക്ക് മുമ്പേ ഉണ്ടായത്. അതിനാല്‍ എല്ലാവര്‍ക്കും ഒരു ഔഷധമെന്ന് അന്നത്തെ പറയുന്നു.
ഭൂമിയിലെ സ്ഥാവര ജംഗമങ്ങളായ അല്ലെങ്കില്‍ ചര, അചരങ്ങളായ എല്ലാ ജീവികളും രസം മുതലായ രൂപത്തിലുള്ള അന്നത്തില്‍നിന്നാണ് ഉണ്ടായത്. അവ അന്നംകൊണ്ട് ജീവിച്ച് അന്നത്തില്‍തന്നെ ലയിക്കുന്നു. പ്രകൃതിയെയാണ് ഇവിടെ അന്നമായി പറഞ്ഞിരിക്കുന്നത്. ജഡ പ്രകൃതി അന്നമാണെന്ന് മറ്റ് ഉപനിഷത്തുകളിലും പറയുന്നുണ്ട്. അന്നമായ പ്രകൃതിതന്നെയാണ് ഉല്‍പ്പത്തിക്കും സ്ഥിതിക്കും ലയനത്തിനും കാരണമായത്. പുരുഷന്‍ കഴിക്കുന്ന അന്നമാണ് അതിന്റെ സാരരൂപമായ രേതസ്സായി മാറുന്നത്. ഈ രേതസ്സ് അഥവാ പുരുഷ ബീജമാണ് അടുത്ത സന്തതിയെ ഉണ്ടാക്കുന്നത്. പിറന്നുവീണവയ്ക്ക് നിലനില്‍ക്കണമെങ്കില്‍ അന്നം കഴിക്കണം. അവസാനം മരണശേഷം അന്നമായി മാറുന്നു.
'ജീവോ ജീവസ്യ ജീവനം' എന്നാണ്. ഒന്ന് ചത്ത് മറ്റൊന്നിന് വളമാകുന്നു. ഭക്ഷണമാകുന്നു. അങ്ങനെ ലയനവും അന്നത്തില്‍തന്നെ. ജീവജാലങ്ങളേക്കാള്‍ മുമ്പുണ്ടായതാണ് അന്നം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഔഷധവുമാണ്.
സര്‍വ്വം വൈ തേളന്നമാപ്‌നുവന്തി യേളന്നം ബ്രഹ്‌മോപാ
സതേ അന്നം ഹി ഭൂതാനാം ജ്യേഷ്ഠം
തസ്മാത് സര്‍വ്വൗഷധ
മുച്യതേ അന്നാദ് ഭൂതാനി ജായന്തേ ജാതാന്യന്നേന
വര്‍ദ്ധന്തേ അദ്യതേളത്തി ച ഭൂതാനി,
തസ്മാദന്നം തദുച്യത ഇതി.
അന്നമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ എല്ലാ അന്നത്തേയും പ്രാപിക്കുന്നു. അന്നമാണല്ലോ ഭൂതജാലങ്ങള്‍ക്ക് മുമ്പുണ്ടായതും ശ്രേഷ്ഠമായതും. അതിനാല്‍ എല്ലാവര്‍ക്കും ഔഷധമാകുന്നുവെന്ന് പറയുന്നു. അന്നത്തില്‍ ജീവികള്‍ ഉണ്ടാകുന്നു. ജനിച്ചവ അന്നംകൊണ്ട് വര്‍ദ്ധിക്കുന്നു. ഭക്ഷിക്കപ്പെടുകയും ഭക്ഷിക്കുകയും െചയ്യുന്നതിനാല്‍ അതിനെ അന്നം എന്ന് വിളിക്കുന്നു.
അന്നത്തെ ബ്രഹ്മമെന്ന് കരുതുന്നവര്‍ക്കുള്ള ഫലത്തെയാണ് ഇവിടെ പറയുന്നത്. അന്നത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ എല്ലാവക അന്നത്തേയും പ്രാപിക്കുന്ന. സര്‍വ്വാന്നപ്രാപ്തിയാണ് ഫലം. സര്‍വ്വ അന്നരൂപമായ ആത്മാവിനെ ഉപാസിക്കുമ്പോള്‍ സര്‍വ്വ അന്നം തന്നെയായി മാറും. ജീവികളേക്കാള്‍ ആദ്യമുണ്ടായതും ജീവികളെ ഔഷധം പോലെ രക്ഷിച്ച് നിലനിര്‍ത്തുന്നതും അന്നമാണ്.
നേരത്തെ പറഞ്ഞതിനെ വീണ്ടും ശക്തമായി ഉറപ്പിക്കാന്‍ ജീവികള്‍ അന്നത്തില്‍നിന്നും ഉണ്ടാകുന്നുവെന്നും അന്നത്താല്‍ വര്‍ധിക്കുന്നുവെന്നും ഒരിക്കല്‍ക്കൂടി പറയുന്നു. ജീവജാലങ്ങളാല്‍ കഴിക്കുന്നതുകൊണ്ടാണ് അന്നം എന്നു പറയുന്നത്. അദിക്കുക എന്നാല്‍ കഴിക്കുക എന്നര്‍ത്ഥം. ആഹരിക്കുന്നതെന്തോ അത് അന്നം. ഇത് ജീവജാലങ്ങളെ കഴിക്കുന്നതുകൊണ്ടും അന്നം എന്നു പറയുന്നു. ഭക്ഷിക്കപ്പെടുകയും ഭക്ഷിക്കുകയും ചെയ്യുന്നതിനാല്‍ അന്നം എന്നതാണ് നിര്‍വചനം. അന്നം എന്നതിന് വ്യാകരണത്തില്‍ അദിക്കുന്നത് എന്നും അദിക്കപ്പെടുന്നത് എന്നും അര്‍ത്ഥം പറയാറുണ്ട്. ഇതി എന്ന വാക്ക് അവസാനത്തെ സൂചിപ്പിക്കാനാണ്. അതായത് അന്നമയ കോശ വിവരണം തീര്‍ന്നു.
ബൃഹദാരണ്യ ഉപനിഷത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ അന്നവും അന്നദവുമാണ് എന്ന് വാക്യമുണ്ട്. അന്നം ബ്രഹ്മമാണ് എന്ന് സാധാരണ ഉപയോഗിക്കാറുണ്ട്. അന്നത്തിന് ഉയര്‍ന്ന സ്ഥാനംതന്നെയാണുള്ളത്. വിശക്കുന്നവന് മുന്നില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലാണല്ലോ അവതരിക്കുന്നത്. അതുകൊണ്ട് അന്നം ബ്രഹ്മംതന്നെ. പക്ഷെ ഇവിടംകൊണ്ട് തീര്‍ന്നില്ല. ഇനിയും ഉയര്‍ന്നു ചിന്തിക്കേണ്ടതുണ്ട്.