ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Thursday, June 21, 2018
Saturday, June 9, 2018
മനസ്സ് ആവിര്‍ഭവിച്ചത് എന്തില്‍ നിന്നാണ്
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം - 040
യസ്മാദ്വിഷ്ണവാദയോ ദേവാ: സൂര്യാദിവ മരീചയ:_
യസ്മാജ്ജഗന്ത്യാനന്താനി ബുദ്ബുദാ ജലധേരിവ_ (3/5/9)
യസ്മാജ്ജഗന്ത്യാനന്താനി ബുദ്ബുദാ ജലധേരിവ_ (3/5/9)
രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഈ മനസ്സ് ആവിര്‍ഭവിച്ചത് എന്തില്‍ നിന്നാണ്?
എങ്ങിനെയാണ് അതുത്ഭവിച്ചത്? ദയവായി എന്നെ പ്രബുദ്ധനാക്കിയാലും.
വസിഷ്ഠന്‍ പറഞ്ഞു: വിശ്വമഹാപ്രളയം കഴിഞ്ഞ് അടുത്തയുഗാരംഭത്തിനു മുന്‍പ് വസ്തുപ്രപഞ്ചം പരിപൂര്‍ണ്ണ സംതുലിതാവസ്ത്ഥയിലായിരുന്നു. അവിടെ അനശ്വരനും ഇതുവരെ പിറവിയെടുക്കാത്തവനും സ്വയം പ്രഭയുള്ളവനും, സര്‍വ്വ ശക്തിശാലിയും എല്ലാത്തിന്റെ ഉണ്മയുമായ പരം പൊരുളായി ഈശ്വരന്‍ ഉണ്ടായിരുന്നു. ധാരണകള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതനായ അവന് ആത്മാവെന്നും മറ്റും നാമമുള്ളത് ഓരോരുത്തരുടെ അഭിമതം മാത്രമാണ്. സത്യത്തില്‍ അവന്‍ സര്‍വ്വസ്വമാണെങ്കിലും ലോകത്തിലാരും അവനെ സാക്ഷാത്കരിക്കുന്നില്ല. ശരീരത്തിനുള്ളിലും അവന്റെ വ്യാപ്തി നിലനില്‍ക്കുമ്പോഴും അവന്‍ അകലെയാണ്.
"സൂര്യനില്‍ നിന്നും എണ്ണമറ്റ രശ്മികള്‍ ഉദിക്കുന്നതുപോലെ അവനില്‍ നിന്നു മഹാവിഷ്ണുവടക്കം എണ്ണമറ്റ ദിവ്യ സത്വങ്ങള്‍ ആവിര്‍ഭവിക്കുന്നു. സമുദ്രജലത്തില്‍ അലകളുണ്ടാവും പോലെ അവനില്‍ നിന്നും അന്തമില്ലാതെ ലോകങ്ങള്‍ ഉദ്ഭവിക്കുന്നു."
വിശ്വാവബോധമായ അവനില്‍ എണ്ണമറ്റ വിഷയവസ്തുക്കള്‍ 'പ്രവേശി'ക്കുന്നു. ആത്മാവും പ്രപഞ്ചവും അവന്റെ പ്രകാശത്തില്‍ തിളങ്ങുന്നു. അവന്‍ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടേയും സ്വഭാവസവിശേഷതകളെ നിയന്ത്രിക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം പ്രത്യക്ഷവും അപ്രത്യക്ഷവുമാവുന്നപോലെ ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവന്റെ രൂപം (ലോകം) ഇല്ലാതാവുമ്പോഴും ആത്മാവ് മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു.
അവന്‍ എല്ലാറ്റിലും അധിവസിക്കുന്നു. അവന്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നാല്‍ , സമൃദ്ധമാണുതാനും. അവന്റെ സാന്നിദ്ധ്യംകൊണ്ടു തന്നെ ഈ ജഢമായ ലോകവും അതിലധിവസിക്കുന്നവരും എപ്പോഴും കര്‍മ്മനിരതരായിരിക്കുന്നു. അവന്‍ സാര്‍വ്വഭൌമനും, സര്‍വ്വശക്തനും സര്‍വജ്ഞനുമാകയാല്‍ ചിന്താമാത്രയില്‍ വസ്തുക്കളെ സൃഷ്ടിക്കാന്‍ അവനു കഴിയുന്നു. രാമ: ഈ പരം പൊരുളിനെ അറിയാന്‍ വിജ്ഞാനം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും കഴിയില്ല. യാഗാദികര്‍മ്മങ്ങള്‍കൊണ്ടും സാദ്ധ്യമല്ല.
ഈ ആത്മാവ് അടുത്തല്ല, ദൂരേയുമല്ല. അതു ദൂരെ എവിടേയൊ ഇരിക്കുന്ന ഒന്നല്ല; വിരല്‍ ത്തുമ്പത്തല്ലെന്നുമില്ല. ആനന്ദാനുഭവമായി കാണപ്പെടുന്ന അവനെ സ്വരൂപമായേ സാക്ഷാത്കരിക്കാനാവൂ. തപസ്സ്, ദാനം, യാഗകര്‍മ്മാദികള്‍ , വ്രതം എന്നിവയൊന്നും ആത്മസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുകയില്ല. മഹാത്മാക്കളുടെ സത്സംഗവും വേദഗ്രന്ഥങ്ങളുടെ പഠനവും മാത്രമേ അതിനു സഹായകമായുള്ളു. കാരണം അവ മോഹത്തേയും അജ്ഞാനത്തേയും നീക്കുന്നു. മുക്തിപാതയിലെ യാത്രയില്‍ ആത്മാവുമാത്രമേ സത്യവസ്തുവായുള്ളൂ എന്ന അറിവുറച്ചവനും ദുരിതങ്ങളെ മറികടക്കേണ്ടതായുണ്ട്. തപസ്സും സന്യാസവും സ്വാര്‍ജ്ജിത പീഢനങ്ങളത്രേ.
മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കുന്ന ധനംകൊണ്ട് എത്ര ദാനധര്‍മ്മങ്ങള്‍ ചെയ്താലും എന്തു ഫലം? അത്തരം ദാനകര്‍മ്മങ്ങളുടെ ഉചിത പ്രതിഫലം മാത്രമേ ലഭിക്കൂ. മതപരമായ അനുഷ്ഠാനങ്ങള്‍ ഒരുവന്റെ പൊങ്ങച്ചം കൂട്ടാനേ ഉപകരിക്കൂ. എന്നാല്‍ ആത്മാവിനെക്കുറിച്ചുള്ള അവിദ്യയകറ്റാന്‍ ഒരേ ഒരു പോംവഴിയേയുള്ളു. നിശ്ചയദാര്‍ഢ്യത്തോടെ ഇന്ദ്രിയസുഖങ്ങള്‍ക്കായുള്ള ആസക്തി ഉപേക്ഷിക്കുക എന്ന ഒറ്റമൂലിയാണത്.
Friday, June 8, 2018
വിളക്കിലെ കരി
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ "വിളക്കിലെ കരി നാണം കെടുത്തും" എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട് എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം.എന്നാൽ നാണക്കേട് മാത്രമല്ല "ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും" എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.
കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികൾ.
ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടതു.ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി.അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണർന്ന ബാലകർ അന്യോന്യം നോക്കിച്ചിരിച്ചു.സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ് അവർ ചിരിച്ചതു പക്ഷെ തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക് ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു.
"ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ" എന്നായിരുന്നു ശാപവാക്കുകൾ.അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തിൽ അനുഭവിച്ച കദനത്തിന്റെ കഥകൾ നമുക്ക് അറിയവുന്നതാണല്ലോ.
എന്നാൽ പലരും കറുത്ത പൊട്ട് തൊടാറുണ്ട്.കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടതു. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്. ഒരു പക്ഷെ ഇതേക്കുറിച്ച് അറിയാത്തവർ വിളക്കിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടും എന്നാൽ ഇതു തെറ്റാണെന്ന് മനസിലാക്കുക.
വള്ളിയാങ്കാവ് ദേവി ക്ഷേത്രം
കോട്ടയം- കുമളി ദേശീയപാതയില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ കിഴക്കുമാറി ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയാല്‍ ചുറ്റപ്പെട്ട വള്ളിയാങ്കാവ് കരയിലാണ് സര്‍വം പൊരുളായ വള്ളിയാങ്കാവ് ദേവി കുടികൊള്ളുന്നത്.
വള്ളിയാങ്കാവ് ഭഗവതിയെ സംബന്ധിച്ച ഐതിഹ്യത്തിന് ദ്വാപരയുഗത്തോളം പഴക്കമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഇപ്പോൾ ശബരില അയ്യപ്പൻറെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്. അന്ന് അവിടുത്തെ ആദിവാസികളാണ് അവരെ സഹായിച്ചുവന്നത്. അജ്‌ഞാതവാസാരംഭകാലത്ത് ആദിവാസികളോട് യാത്ര പറഞ്ഞുകൊണ്ട്; നന്ദിസൂചകമായി പാണ്ഡവര്‍ ആരാധിച്ച ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി കൊടുത്തു. ''ഈ ദേവിയെ നിങ്ങള്‍ ഭക്‌തിപൂര്‍വ്വം ആരാധിക്കുക. ദേവി നിങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.'' പാണ്ഡവര്‍ ആദിവാസികളോട് നിര്‍ദ്ദേശിച്ചു.
പിന്നീട് ആദിവാസികള്‍ അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുര്‍ഗ്ഗാദേവിയായി അറിയപ്പെടുകയും ചെയ്‌തു. കാലാന്തരത്തില്‍ ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന് ആദിവാസികള്‍ കുടിയൊഴിഞ്ഞപ്പോള്‍ പാഞ്ചാലിമേട്ടില്‍നിന്ന് ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക് ദേവി കാട്ടുവള്ളിയില്‍ ആടിവന്നു കുടികൊണ്ടുവത്രേ. അങ്ങനെ ഈ ദേശം 'വള്ളിയാടിക്കാവ്' എന്നും പിന്നീട് ലോപിച്ച് 'വള്ളിയാങ്കാവ്' എന്നും അറിയപ്പെട്ടു.
ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്‍ത്താവായ വഞ്ചിപ്പുഴത്തമ്പുരാന് സ്വപ്‌നദര്‍ശനത്തില്‍ ലഭിച്ചു. അതേത്തുടര്‍ന്ന് ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്‍പ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികള്‍ നടത്തുന്നതിന് ഇരുപത്തിരണ്ടേക്കര്‍ സ്‌ഥലം കരമൊഴിവായി നല്‍കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്‍നിന്ന് ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്‍ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്‍ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്.
ക്ഷേത്രത്തില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരെ ഉയരത്തില്‍ പാഞ്ചാലിമേട് സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര്‍ തങ്ങിയ മേട്, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത് ഭീമന്‍ ചവിട്ടിയ പാട് ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ് വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച് പാറയാക്കി എന്നൊരു കഥയുമുണ്ട്. ആ ആനക്കല്ല്, ക്ഷേത്രത്തിന് എതിരെയുള്ള മലമുകളില്‍ കാണാവുന്നതാണ്. പാണ്ഡവര്‍ അടുപ്പുകൂട്ടിയ മൂന്ന് അടുപ്പുകല്ലുകള്‍ ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.
വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും വനവാസികൾ ദേവിയെ അവരുടെ പരമ്പരാഗത രീതിയിൽ പൂജിച്ചുവന്നു.
തലമുറകൾ പിന്നിട്ടപ്പോൾ കാരൃസാധൃത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ആദികാലത്ത് പന്ത്രണ്ട് വയസ് പ്രായമുളള ഓരോ ബാലികമാരെ പന്ത്രണ്ട് വർഷം കൂടുമ്പോൾ ബലിയച്ച് ആ നിണംകൊണ്ട് ദേവിയെ അഭിഷേകം കഴിച്ചിരുന്നു.
അടുത്ത ബലിക്കുള്ള ബാലികയെ ഒരു വർഷം മുൻപേ തിരഞ്ഞെടുത്ത് ക്ഷേത്രത്തിൽ വ്രതമെടുത്ത് താമസ്സിപ്പിക്കുകയായിരുന്നു പതിവ്.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
അത്ഭുതശക്‌തികളും മഹത്വവും കേട്ട് ഭക്‌തജനങ്ങള്‍ വന്നുതുടങ്ങി.ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച് ഫലപ്രവചനങ്ങള്‍ നടത്തുകയും അതനുസരിച്ചുള്ള പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.
ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന്‍ മൂര്‍ത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേന്‍, കിഴങ്ങുകള്‍, കൂടാതെ പുകയില, കള്ള് തുടങ്ങിയ ലഹരിവസ്‌തുക്കള്‍ ഈ മൂര്‍ത്തിക്ക് നിവേദ്യമായി നല്‍കി പൂജിച്ചുവന്നു.കാലാന്തരത്തില്‍ കരിങ്കുറ്റിയാന്‍ മൂര്‍ത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്‌ഥാനം നല്‍കി ഭക്‌തജനങ്ങള്‍ ഉപാസിച്ചുവരികയും ചെയ്യുന്നു.വഞ്ചിപ്പുഴ സ്വരൂപത്തില്‍പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വിട്ടുകൊടുക്കുകയുണ്ടായി.
ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്‍മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്‍പ്പുമൂലം ദേവസ്വംബോര്‍ഡ് ഏറ്റെടുക്കാതെ നിലനിന്നു. എന്നാല്‍ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു.വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന്‍ കണ്ടന്‍കോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന് കൈവശംവച്ച് അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്‍ഡ് സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.
അരയമൂപ്പന്‍ കണ്ടന്‍ കോന്തിയുടെ മരണശേഷം 1993-ല്‍ ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. തുടര്‍ന്ന് ജ്യോതിഷപണ്ഡിതന്‍ മണകുന്നം എം.ആര്‍. രമണന്റെ നേതൃത്വത്തില്‍ അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില്‍ തെളിഞ്ഞപ്രകാരം വനദുര്‍ഗ്ഗാദേവി സങ്കല്‍പ്പത്തിലുള്ള പരാശക്‌തിയെ അഥര്‍വവേദവിധിപ്രകാരമുള്ള പൂജകള്‍ നല്‍കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല്‍ ഭദ്രകാളി ചൈതന്യത്തിന് പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്‍ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്നത് ഹിതകരമല്ലാത്തതിനാല്‍ തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ച് ഭദ്രകാളി, ദുര്‍ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്‍, കാലയക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു.
2001 ജൂലൈ എട്ടിന് പ്രതിഷ്‌ഠാകര്‍മ്മങ്ങള്‍ തന്ത്രി താഴമണ്‍മഠം കണ്‌ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.പിന്നീട് ദിവസേന ഭദ്രയ്‌ക്കും ദുര്‍ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില്‍ ഗുരുതിയും നടന്നുവരുന്നു.ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന് നടതുറന്നുകഴിഞ്ഞാല്‍ ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിനുശേഷമേ പിന്നീട് ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയഗുരുതി ദര്‍ശിക്കുകയും അതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നവര്‍ക്ക് കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന് ഭക്‌തജനങ്ങള്‍ വിശ്വസിക്കുന്നു.രാവിലെ എല്ലാവിധ പഴവര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്‍നിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന്‍ മൂര്‍ത്തിക്കു 'കുടി' വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്‍നിന്ന് മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദര്‍ശനമരുളിക്കൊണ്ടാണ് പ്രധാന പ്രതിഷ്‌ഠകള്‍ നിലകൊള്ളുന്നത്.സര്‍വംസഹയായ ഭൂമിമാതാവെന്നപോലെ ഭക്‌തലക്ഷങ്ങളുടെ മനസ്സിന്റെ നിറവില്‍ എല്ലാം അമ്മ അറിഞ്ഞുനല്‍കുന്നു.
ശത്രുദോഷം,ആഭിചാരം,രോഗങ്ങൾ,മാനസ്സിക രോഗങ്ങൾ എന്നിവയാൽ കഷ്ഠപ്പെടുന്ന നൂറുകണക്കിന് ഭക്തരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ.
മീനമാസത്തിലെ ഭരണിനാളാണ് അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്. അന്ന് നടക്കുന്ന പൊങ്കാലയില്‍ ആയിരക്കണക്കിന് ഭക്‌തജനങ്ങള്‍ പങ്കെടുക്കുന്നു.
ഭീമനാല്‍ ജരാസന്ധന്റെ വധം – ഭാഗവതം (294)
ത്വത് പാദുകേ അവിരതം പരി യേ ചരന്തി
ധ്യായന്ത്യഭദ്രനശനേ ശുചയോ ഗൃണന്തി
വിന്ദന്തി തേ കമലനാഭ, ഭവാപവര്‍ഗ്ഗ
മാശാസതേ യദി ത ആശിഷ ഈശ നാന്യേ, (10-72-4)
ധ്യായന്ത്യഭദ്രനശനേ ശുചയോ ഗൃണന്തി
വിന്ദന്തി തേ കമലനാഭ, ഭവാപവര്‍ഗ്ഗ
മാശാസതേ യദി ത ആശിഷ ഈശ നാന്യേ, (10-72-4)
കിം ദുര്‍മ്മഷം തിതിക്ഷൂണാം കിമകാര്യമസാധുഭിഃ
കിം നദേയം വദാന്യാനാം കഃ പരഃ സമദര്‍ശിനാം (10-72-19)
യോഽനിത്യേന ശരീരേണ സതാം ഗേയം യശോ ധ്രുവം
നാചിനോതി സ്വയം കല്പഃ സ വാച്യഃ ശോച്യ ഏവ സഃ (10-72-20)
ഹരിശ്ചന്ദ്രോ രന്തിദേവഃ ഉഞ്ഛവൃത്തിഃ ശിബിര്‍ബ്ബലിഃ
വ്യാധഃ കപോതോ ബഹവോ ഹ്യധ്രുവേണ ധ്രുവം ഗതാഃ (10-72-21)
ശുകമുനി തുടര്‍ന്നു:
ഒരു ദിവസം യുധിഷ്ഠിരന്‍ ഭഗവാന്‍ കൃഷ്ണനോടു പറഞ്ഞു: ‘അവിടുത്തേയും മറ്റു ദേവതകളേയും പൂജിക്കാന്‍ ഞാന്‍ കുറച്ചു നാളായി ആഗ്രഹിക്കുന്നു. രാജസൂയം നടത്തണമെന്നു വിചാരിക്കുന്നു. അതിനുളള അനുവാദം തന്നാലും. ഭഗവന്‍, അവിടുത്തെ പാദപൂജ ചെയ്യുന്നുവരില്‍നിന്നും ദുഷ്ടതകളെല്ലാം നീങ്ങിപ്പോവുന്നു. അവിടുത്തെ ധ്യാനിക്കുന്നുവര്‍ക്ക് മോക്ഷവും അവരാഗ്രഹിക്കുന്ന പക്ഷം ലോകൈശ്വര്യങ്ങളും ലഭിക്കുന്നു. അവിടുന്ന് എല്ലാറ്റിന്റെയും ആത്മസത്തയത്രെ. അവിടുന്ന് നിഷ്പക്ഷമതിയും എല്ലാവരെയും സതുല്യം സ്നേഹിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് അവരവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചുളള പ്രതിഫലം ലഭിക്കുന്നു.’ കൃഷ്ണന്‍ രാജാവിന്റെ ഉദ്ദേശ്യത്തെ ശ്ലാഘിച്ചു:
‘അങ്ങും സഹോദരരും അജയ്യരത്രെ. നിങ്ങളെല്ലാവരും ദേവജാതന്മാരാണല്ലോ. മാത്രമല്ല, നിങ്ങള്‍ സദ്ഗുണങ്ങളാല്‍ എന്നെയും കീഴടക്കിയിരിക്കുന്നു. ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് അപ്രാപ്യമായ ഒന്നാണത്. എന്റെ ഭക്തനെ ആര്‍ക്കും ഈ ലോകത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലതന്നെ.’
അതിനുശേഷം രാജാവ് നാല് അനുജന്മാരെയും നാടിന്റെ നാലു ദിശകളിലേക്കും അയച്ചു. യാഗത്തിന്റെ ഒരുക്കങ്ങളുടെ മുന്നോടിയായി സഹോദരന്മാര്‍ നാല്‍വരും രാജ്യങ്ങളെ കീഴടക്കി വമ്പിച്ച സ്വത്തുക്കളുമായി മടങ്ങിവന്നു. ജരാസന്ധന്‍ ഒരാള്‍ മാത്രം യുധിഷ്ഠിരന്റെ ചക്രവര്‍ത്തി പദം അംഗീകരിക്കാന്‍ തയ്യാറായില്ല. യുധിഷ്ഠിരന്‍ ഇതറിഞ്ഞു നിരാശനായി.
ഭഗവാന്‍ ഉദ്ധവന്റെ പദ്ധതിപ്രകാരം ജരാസന്ധനെ നിഷ്കാസിതനാക്കാന്‍ പുറപ്പെട്ടു. കൃഷ്ണന്‍ അര്‍ജ്ജുനനെയും ഭീമനെയും കൂട്ടി ബ്രാഹ്മണവേഷത്തില്‍ ജരാസന്ധനെ ചെന്നു കണ്ടു. എന്നിട്ടു പറഞ്ഞു:
‘മഹാരാജന്‍, അങ്ങേയ്ക്ക് സര്‍വ്വമംഗളങ്ങളും ഭവിക്കട്ടെ. അവിടുന്ന് നല്‍കുമെങ്കില്‍ ഞങ്ങള്‍ക്കൊരഭ്യര്‍ത്ഥനയുണ്ട്. സഹനശീലനായ ഒരുവന് അസഹ്യമായതെന്തുണ്ട്? ഏതൊരു പ്രവൃത്തിയെ ദുഷ്ടനായ ഒരുവന്‍ ഉപേക്ഷിക്കും? ദാനശീലനായ ഒരുവന്‍ എന്തുതന്നെ നല്‍കില്ല? സമദൃഷ്ടിയായ ഒരുവന് അപരിചിതനായി ആരുണ്ട്? ഈ നശ്വരമായ ശരീരത്തിനാല്‍ നിതാന്തമായ പ്രശസ്തി നേടാന്‍ ഒരുവനു കഴിയുകയില്ല തന്നെ. ഹരിശ്ചന്ദ്രന്‍, രന്തിദേവന്‍, ശിബി, ബലി, ബ്രാഹ്മണര്‍, മുഡ്ഗലന്‍ എന്ന വേടന്‍, പ്രാവ് എന്നിങ്ങനെ പലരും അനശ്വരതയെ പ്രാപിക്കാന്‍ തുലോം ക്ഷണികമായ ശരീരത്തെ ഉപേക്ഷിച്ചവരത്രെ.’
കൈകളിലെ വില്ലുപിടിച്ച അടയാളങ്ങളില്‍നിന്നും അതിഥികള്‍ ബ്രാഹ്മണരല്ലെന്നു ജരാസന്ധന് മനസ്സിലായി. എങ്കിലും അവര്‍ ചോദിക്കുന്നുതെന്തും നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മൂവരും തങ്ങളുടെ പൂര്‍വ്വരൂപത്തിലേക്കു തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു:
‘നമുക്ക് ഒരു ദ്വന്ദ്വയുദ്ധം നടത്താം.’ ജരാസന്ധന്‍ സ്വയം ഭീമനുമായി മല്‍പ്പിടുത്തം ആവാം എന്നു തീരുമാനിച്ചു. ഭീമനു വേണ്ട ആയുധങ്ങളും അദ്ദേഹം നല്‍കി. ഇരുപത്തിയേഴുദിവസം നീണ്ടുനിന്നു യുദ്ധം. പകല്‍സമയത്ത് രണ്ടാളും കൊടിയ പോരാട്ടം നടത്തി. എന്നാല്‍ രാത്രിയില്‍ അവര്‍ ഉറ്റ ചങ്ങാതിമാരായിരുന്നു. ഭീമന്റെ യുദ്ധോല്‍സാഹം നശിച്ചു തുടങ്ങി. കൃഷ്ണന് ജരാസന്ധന്റെ ജന്മരഹസ്യമറിയാമായിരുന്നു. ശരീരം രണ്ടായി കീറിയാല്‍ മാത്രമേ ജരാസന്ധനെ വധിക്കാന്‍ സാധിക്കൂ എന്ന് കൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ഭീമന്‍ അയാളെ വകവരുത്തി.
ജനനമരണദുഃഖങ്ങളില്‍ നിന്നു സകലജീവികളെയും മോചിപ്പിക്കുന്നത് ഏതൊരു ഭഗവാന്റെ പാദകമലങ്ങളാണോ, അദ്ദേഹം ജരാസന്ധന്റെ തടവില്‍ കിടന്ന രാജാക്കന്മാരെയെല്ലാം മോചിപ്പിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
Thursday, June 7, 2018
ഭഗവദ് ഗീതായജ്ഞം - അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു.
മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസന്‍ നല്‍കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള്‍ രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്‍മിച്ചത്.
ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , വസ്ത്രങ്ങള്‍ സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.
ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.
ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍.
ഹരി ഓം
അവലംബം: SOBG
ലോക ചികിത്സയുടെ ആചാര്യനായ ചരകമഹർഷി
ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആ പ്രതിഭ അന്ന് 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത് മിക്കതും ഇന്നും പ്രസക്തമാണ്.
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ് ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ് 'ചരകസംഹിത'. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത് രണ്ട് സഹസ്രാബ്ദം കഴിഞ്ഞ് ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത് ചരകനാണ്. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട് ആധാരമാക്കിയുള്ളതാണ്.
വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് ചരകസംഹിത നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്:
'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്, ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത് രോഗിയോടോ ബന്ധുക്കളോടോ പറയരുത് '.
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം.
സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്നത് ചരകസംഹിതയാണ്. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന് അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന് ഒറ്റ അറയേ ഉള്ളൂ എന്ന് അദ്ദേഹം തെറ്റായി കരുതിയിരുന്നു.
മറ്റുപല പ്രാചീന ഭാരതീയശാസ്ത്രപ്രതിഭകളുടെയും കാര്യത്തിലെന്ന പോലെ, ചരകന്റെയും ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായമുണ്ട്. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ് 'ചരക'ന് അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ് ചരകനെന്ന് ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. 20 നൂറ്റാണ്ട് മുമ്പാണ് ചരകന്‍ ജീവിച്ചിരുന്നതെന്നാണ് പൊതുനിഗമനം. 'യോഗദര്‍ശനം' രൂപപ്പെടുത്തിയ പതഞ്ജലിയും ചരകനും ഒരാളാണെന്നു വാദിക്കുന്നവരുമുണ്ട്.
എ.ഡി. 100-നടുപ്പിച്ച് കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്. നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക് നല്‍കിയിരുന്ന സ്ഥാനപ്പേരാണ് 'ചരകന്‍' എന്നത്. കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ് 'ചരകസംഹിത'യെന്നാണ് നിഗമനം.
കടപ്പാട്
അനിരുദ്ധവിവാഹം, രുക്മീവധം – ഭാഗവതം (283)
നിഹതേ രുക്മിണി സ്യാലേ നാബ്രവീത് സാധ്വസാധു വാ
രുക്മിണീബലയോ രാജന്‍ , സ്നേഹഭംഗഭയാദ്ധരിഃ (10-61-39)
രുക്മിണീബലയോ രാജന്‍ , സ്നേഹഭംഗഭയാദ്ധരിഃ (10-61-39)
ശുകമുനി തുടര്‍ന്നു:
തനിക്ക് അനേകം സഹധര്‍മ്മിണികളുണ്ടെങ്കിലും കൃഷ്ണന്‍ എല്ലായ്പ്പോഴും ഓരോരുത്തരുടെ കൂടെയും ഒരേസമയം കഴിഞ്ഞുവന്നു. അവര്‍ക്കെല്ലാം കൃഷ്ണന്റെ സദ്‌രൂപമെന്തെന്നറിയാമായിരുന്നു. കൃഷ്ണന്റെ ദിവ്യ പ്രകൃതിയും അവര്‍ക്കറിയാമായിരുന്നു. എല്ലാ ഭാര്യമാരും കൃഷ്ണന് പത്തു പുത്രന്‍മാരെ വീതം നല്‍കി. കാമകലയില്‍ വിദഗ്ദ്ധകളായിരുന്നുവെങ്കിലും കൃഷ്ണന്റെ മനമിളക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കൃഷ്ണന്റെ സാമീപ്യം അവര്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് അദ്ദേഹത്തിനെ സേവിക്കാന്‍ അവര്‍ സദാ തയ്യാറായിരുന്നു. ദാസികള്‍ അനവധിയുണ്ടെങ്കിലും കൃഷ്ണനെ അവര്‍ തന്നെ പരിചരിച്ചു.
പ്രദ്യുമ്നന്‍ തുടങ്ങിയവര്‍ രുക്മിണിയുടെ പുത്രന്‍മാര്‍ , ഭാനു തുടങ്ങിയവര്‍ സത്യഭാമയിലും ശംബന്‍ തുടങ്ങിയവര്‍ ജാംബവതിയിലും ജനിച്ചു. നഗ്നജിതിയില്‍ വീരന്‍ മുതലായവരും കാളിന്ദിയില്‍ ശ്രുതിയും മറ്റും ജനിച്ചു. പ്രഘോഷനും കൂട്ടരും ലക്ഷ്മണയുടെ പുത്രന്മാര്‍ . വൃകനും മറ്റും മിത്രവിന്ദയുടെ കുട്ടികളായും സംഗ്രാമചിത്ത് തുടങ്ങിയവര്‍ ഭദ്രയിലും ജനിച്ചു. കൃഷ്ണന്‍ രക്ഷിച്ച പതിനാറായിരത്തിയെട്ടു കന്യകമാരില്‍ പ്രമുഖയായ രോഹിണിയില്‍ ദീപ്തിമാന്‍ തുടങ്ങിയ പുത്രന്മാരും കൃഷ്ണനുണ്ടായി.
പ്രദ്യുമ്നന്‍ രുക്മാവതിയെ വിവാഹം ചെയ്തു. രുക്മിയുടെ മകളാണ് രുക്മാവതി. അവര്‍ക്ക് പ്രശസ്തനായ അനിരുദ്ധന്‍ ജനിച്ചു. പ്രദ്യുമ്നന്‍ കാമദേവന്റെ ജന്മമായതുകൊണ്ട് രുക്മാവതി അദ്ദേഹത്തെ തിരഞ്ഞെടുത്തു. അവളുടെ ആഗ്രഹപ്രകാരം മറ്റു രാജകുമാരന്‍മാരെ എതിരിട്ടു തോല്‍പ്പിച്ച് പ്രദ്യുമ്നന്‍ അവളെ തട്ടിക്കൊണ്ടു പോരുകയാണ് ചെയ്തത്. രുക്മി കൃഷ്ണനെതിരായി കൊടിയ പകയുമായി നടന്നു. എങ്കിലും തന്റെ സഹോദരിയായ രുക്മിണിയെ വെറുപ്പിക്കാന്‍ അയാളാഗ്രഹിച്ചില്ല.
ആ കാര്യം കൊണ്ടു തന്നെ തന്റെ ചെറുമകളായ രോചനയെ അനിരുദ്ധനു നല്‍കാനും രുക്മി മടിച്ചില്ല. ആ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ കൃഷ്ണനും ബലരാമനും മറ്റ് പ്രഗല്‍ഭരാജാക്കന്മാരും ഭോജകടത്തില്‍ സമാഗതരായി. ദുരുപദേശകര്‍ ബലരാമനെ ചൂതുകളിക്കായി വെല്ലുവിളിച്ചു തോല്‍പ്പിക്കാന്‍ രുക്മിയെ പ്രേരിപ്പിച്ചു. ബലരാമന് ചൂതുകളി പ്രിയമായിരുന്നുവെങ്കിലും നന്നായി കളിക്കാന്‍ അറിയുമായിരുന്നില്ല. രുക്മി തുടര്‍ച്ചയായി കളി ജയിച്ചു. ഓരോ തവണയും പന്തയപ്പണം കൂടിപ്പോന്നു. പന്തയപ്പണം വളരെ കൂടുതലായപ്പോള്‍ ബലരാമന്‍ ജയിച്ചു. വീണ്ടും ഉയര്‍ന്ന പന്തയം. ബലരാമന്‍ തന്നെ വിജയിച്ചു. എന്നാല്‍ രുക്മി കളളക്കളിയില്‍ സ്വയം ജയിച്ചതായി പ്രഖ്യാപിച്ചു. ഒരശരീരി ശബ്ദം ബലരാമന് വിജയം എന്നു പറഞ്ഞുവെങ്കിലും രുക്മി അതു വകവച്ചില്ല. അയാള്‍ ബലരാമനെ അധിക്ഷേപിക്കാന്‍ തുടങ്ങി:
‘നീയൊരിടയച്ചെറുക്കന്‍ , രാജാക്കന്‍മാരുടെ കളിയായ ചൂതിനെപ്പറ്റി നിനക്കെന്തറിയാം?’ ഇതുകേട്ടു ക്രൂദ്ധനായ ബലരാമന്‍ ദുഷ്ടനായ രുക്മിയെ തന്റെ ഇരുമ്പുവടികൊണ്ട് വകവരുത്തി. തന്നെ എതിര്‍ക്കാന്‍ വന്ന മറ്റു രാജാക്കന്മാരെയും ബലരാമന്‍ കാലപുരിക്കയച്ചു. കൃഷ്ണന്‍ ഇതെല്ലാം നിശ്ശബ്ദനായി കണ്ടിരുന്നു. ഇതു നന്നായി എന്നോ, ഇതു ശരിയായില്ല എന്നോ കൃഷ്ണന്‍ പറഞ്ഞില്ല. ബലരാമനെയോ രുക്മിണിയേയോ വെറുപ്പിക്കാതെ കൃഷ്ണന്‍ കഴിച്ചു കൂട്ടി. വിവാഹം കഴിഞ്ഞ് എല്ലാവരും ദ്വാരകയിലേക്ക് മടങ്ങി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
Wednesday, June 6, 2018
അനുഭവ യോഗങ്ങളെ ബാധിക്കുന്ന പിതൃദോഷം
മരണശേഷം ആത്മാവിന് പ്രേതാവസ്ഥയാണ്. പ്രേതാവസ്ഥയില്‍ ചിലര്‍ കര്‍മ്മങ്ങള്‍ വേണ്ടവിധം ആത്മാവിന് വേണ്ടി ചെയ്യാറില്ല. താന്‍ നിമിത്തം ആത്മാവിന് പൈശാചികത്വം സംഭവിക്കുന്നു.
ഇതുമൂലം കുടുംബത്ത് ജീവിക്കുന്നവരില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ദുരന്തങ്ങള്‍ സൃഷ്ടി ക്കുന്നു. മുതിര്‍ന്നവര്‍ ജീവിച്ചിരിക്കുന്നതിനാല്‍ മരിച്ച ആളിന്‍റെ ബന്ധം അവരവരുടെ മതം നിഷ്കര്‍ഷിക്കുന്ന ചടങ്ങുകള്‍ ചെയ്യാറില്ല. ഇത് തെറ്റായ സമീപനമാണ്.
കുതിച്ചുപായുന്ന യുഗത്തില്‍ എല്ലാവര്‍ക്കും എല്ലാമുണ്ട്. എന്നാല്‍ സന്തോഷവും സമാധാനവും നല്ല അനുഭവങ്ങളും എന്തെന്നറിഞ്ഞ് ജീവിക്കുന്നവര്‍ ചുരുക്കം. പൂര്‍വ്വജന്മത്തിലെ ബാക്കിപത്രമാണ് ഒരാളുടെ ഈ ജന്മത്തിലെ ഗ്രഹനില.
നല്ല കര്‍മ്മങ്ങള്‍ പൂര്‍വ്വജന്മത്തില്‍ ചെയ്ത ഒരു വ്യക്തിക്ക് ജാതകവശാല്‍ ധാരാളം യോഗങ്ങളുണ്ടാവും. പക്ഷേ, പലര്‍ക്കും ഇതൊന്നും അനുഭവത്തില്‍ വന്നുകാണാറില്ല.
കടപ്പാട് ...
വിദ്യാസമ്പന്നരെന്നും വിവേകശാലികളെന്നും സ്വയം ഉദ്ഘോഷിക്കുന്ന മലയാളികള്‍.
പക്ഷേ, കുറച്ചുനാളായി പല അനുഭവങ്ങളുടെയും വീക്ഷണത്തില്‍നിന്ന് നോക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പുരാതന കാലത്തുപോലും ഇത്തരം നീചകൃത്യങ്ങള്‍ നടന്നിരുന്നില്ലെന്നാണ്.
അത് എന്താണെന്നല്ലേ? ഒരു ജീവന് 84 ലക്ഷം ജന്മം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അതില്‍ മനുഷ്യന് മാത്രമാണ് സന്ദര്‍ഭോചിതമായി പെരുമാറാനും എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കാനും മുന്‍കരുതലോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളത്.
ഒരു ജന്മം കടന്ന് അടുത്ത ജന്മത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആ ജന്മത്തെ ആഗ്രഹങ്ങളും ജന്മ ലക്ഷ്യങ്ങളും സഫലമാകണം. അതൊരു കുട്ടിയായാല്‍പ്പോലും അങ്ങനെതന്നെയാണ്. പലതും ഇന്ന് ജീവിതത്തെ അതിന്‍റേതായ ലാഘവത്തില്‍ വീക്ഷിക്കുന്നില്ല.
പലപ്പോഴും പല കാരണങ്ങളാലും ജന്മോദ്ദേശ്യം സഫലമാകാതെ ദേഹത്തെ വിടുന്ന അവസ്ഥ വരാറുണ്ട്. ഭൂരിപക്ഷം പേരും പിതൃക്കള്‍ക്ക് ബലി ഇടുമെങ്കിലും ഇവരുടെ സായൂജ്യക്രിയ ആരും ശ്രദ്ധിക്കാറില്ല.
ജനനം അറിഞ്ഞ് 12 ദിവസം മുതല്‍ വാര്‍ദ്ധക്യത്തില്‍ മരണമടയുന്നതുവരെ അത് ഏത് വിധേനയും ആയിക്കൊള്ളട്ടെ; മരണശേഷം ആത്മാവിന് പ്രേതാവസ്ഥയാണ്. പ്രേതാവസ്ഥയില്‍ ചിലര്‍ കര്‍മ്മങ്ങള്‍ വേണ്ടവിധം ആത്മാവിന് വേണ്ടി ചെയ്യാറില്ല.
നാന്‍ നിമിത്തം ആത്മാവിന് പൈശാചികത്വം സംഭവിക്കുന്നു. ഇതുമൂലം കുടുംബത്ത് ജീവിക്കുന്നവരില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. മുതിര്‍ന്നവര്‍ ജീവിച്ചിരിക്കുന്നതിനാല്‍ മരിച്ച ആളിന്‍റെ ബബന്ധുക്കള്‍ അവരവരുടെ മതം നിഷ്കര്‍ഷിക്കുന്ന ചടങ്ങുകള്‍ ചെയ്യാറില്ല. ഇത് തെറ്റായ സമീപനമാണ്.
മുതിര്‍ന്നവര്‍ക്ക് ചെയ്യുന്നതുപോലെ തന്നെ മരണാനന്തര ക്രിയകള്‍ എല്ലാവര്‍ക്കും മുറതെറ്റാതെ ചെയ്യണം. പച്ച ഇല ഒടിച്ചാല്‍ കറവരും. എന്നാല്‍ പഴുത്ത ഇലയൊടിച്ചാല്‍ കറ വരില്ല.
എന്നതുപോലെ അധികം പ്രായമാവാതെ മരണപ്പെടുന്ന ആത്മാക്കളെല്ലാം ദുര്‍മരണങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. കര്‍മ്മങ്ങളില്‍ ലോപങ്ങള്‍ സംഭവിക്കുന്പോള്‍ ദുരിതങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ദുര്‍മരണപ്പെടുന്ന ആത്മാക്കള്‍ക്ക് കര്‍മ്മങ്ങള്‍ കൂടി ശരിയാകാതെ വരുന്പോള്‍ ആത്മാവിന് പൈശാചികത്വം സംഭവിക്കുന്നു.
അത് പിന്നീട് ആ കുടുംബത്തേയും അതിനുശേഷമുള്ള തലമുറയേയും അതിന്‍റെ മരണകാരണമായവരെയും സാരമായി ബാധിക്കുന്നു. ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ബാധാവസ്ഥയെന്ന് വിളിക്കുന്നത്. ഇത് വളരെ വ്യത്യസ്ത രീതികളിലാണ് പലരിലും കണ്ടുവരുന്നത്.
വളരെ നിസാരമായി പലരും കാണുന്ന ഒന്നാണ് ബാലപ്രേതങ്ങള്‍. ഗൃഹത്തില്‍ ഒരു മരണം ഉണ്ടായാല്‍ മരിച്ചനാളിന് ദോഷം ഉണ്ടോ? കര്‍മ്മങ്ങളില്‍ പിഴവുകളുണ്ടോ? ആത്മാവിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഇതെല്ലാം ഒരു ജ്യോത്സ്യന്‍റെ അടുത്തെത്തി നോക്കുക പതിവാണ്.
അല്ലെങ്കില്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരണപ്പെടുക, അതുമല്ലെങ്കില്‍ ബാല്യകാലത്ത് എന്തെങ്കിലും കാരണത്താല്‍ മരണം സംഭവിക്കുക, ഇതൊന്നും ആരും അത്ര കാര്യമാക്കുകയില്ല.
മാതാപിതാക്കള്‍ക്ക് കുറച്ച് ദിവസത്തേക്ക് വിഷമങ്ങള്‍ ഉണ്ടെങ്കിലും മറ്റൊരു കുട്ടിയുടെ ജനനത്തോടെ ആ വിഷമം സ്വഭാവികമായും അവരുടെ മനസ്സുകളില്‍ നിന്നും എന്നെന്നേക്കുമായി വിട്ടകലുന്നതാണ്.
മരണം സംഭവിച്ച ആ ആത്മാവിനെ ആരൊക്കെ മറന്നാലും അവരെ ആ ആത്മാവ് മറക്കുകയില്ല. ഇതിന് വേണ്ടുന്ന കര്‍മ്മങ്ങള്‍ ചെയ്യാത്തപക്ഷം അവരേയും പിന്നീട് അവര്‍ക്ക് ഉണ്ടാകുന്ന കുട്ടികളേയും ദോഷകരമായി തന്നെ ബാധിക്കും.
നല്ല സമയമായിരിക്കുമ്പോള്‍ അധികം കഷ്ടതകള്‍ ഉണ്ടായെന്ന് വരില്ല. സമയദോഷം ആകുമ്പോഴാണ് ഇത് അതിന്‍റെ സര്‍വ്വപൈശാചികശക്തി ഉപയോഗിച്ച് അവരെ പലവിധേനയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്.
പ്രശ്നം ഉണ്ടാവുമ്പോള്‍ വിഷയജീവികളായ മനുഷ്യന്‍ അത് ജാതിമതഭേദമെന്യേ ദൈവജ്ഞനെ/ജ്യോത്സ്യനെ സമീപിക്കുന്നത് സ്വാഭാവികമാണ്. അല്പജ്ഞാനികളായ ജ്യോതിഷകളെയാണ് സമീപിക്കുന്നതെങ്കില്‍ ഒരു താല്‍ക്കാലിക പരിഹാര നിര്‍ദ്ദേശം മാത്രമേ ലഭിക്കൂ എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രയോജനവും ലഭിക്കുകയില്ല.
ഉണ്ടായിട്ടുള്ള പ്രതിസന്ധികളുടെ വ്യക്തമായ കാരണം ഗണിച്ച് കണ്ടെത്തി വ്യക്തമായ പരിഹാര നിര്‍ദ്ദേശത്തോടൊപ്പം ബാധയെ ആ പാപനാശിക്രിയകളിലൂടെ ഒഴിവാക്കേണ്ടതാണെങ്കില്‍ അങ്ങനെ ആവാഹിച്ചാല്‍ കര്‍മ്മിയുടെ കുടുംബത്തിന് ദോഷം ഉണ്ടാകുമോ എന്ന ഭയമാണ്.
ഒരു കര്‍മ്മി ഏറ്റെടുത്താല്‍ എന്തു തടസ്സങ്ങള്‍ ഉണ്ടായാല്‍ത്തന്നെയും തങ്ങളെ തേടിയെത്തുന്നവരെ അലട്ടുന്ന പ്രശ്നങ്ങളില്‍നിന്നും മോചിപ്പിക്കുന്നത് കര്‍മ്മിയുടെ ഉത്തരവാദിത്വമാണ്. അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
എന്തെങ്കിലും പ്രശ്നം ബാധിക്കുന്നുവെന്ന് തോന്നുന്നത് ദൈവാധീനം ഉള്ളതുകൊണ്ടാണ്. അധികം താമസിക്കാതെ തന്നെ ഉത്തമനായ ജ്യോത്സരെ കണ്ട് പ്രശ്ന കാരണം കണ്ടെത്തി പരിഹാരം ചെയ്യേണ്ടത് ജീവിതലക്ഷ്യം നിറവേറുന്നതിന് അത്യാവശ്യമാണ്. പലയിടങ്ങളിലും പോയി നിരാശരായി വിഷമിക്കേണ്ടതില്ല. നിരാശ ഒന്നിനുമൊരു പരിഹാരമല്ല. നിരന്തര പരിശ്രമത്തിലൂടെ വിജയം നേടാനാകും.
ശുകശാസ്ത്രകഥോജ്ജ്വലം
ശ്രീ ഗുരുഭ്യോ നമഃ
ശുകശാസ്ത്രകഥോജ്ജ്വലം എന്ന് ഭാഗവതത്തെ വിശേഷിപ്പിക്കാറുണ്ട്. എന്താണ് ശുകശാസ്ത്രകഥോജ്ജ്വലം?
ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള് ശാസ്ത്ര നിരൂപണമാണ്. ജ്ഞാനത്തിന്റെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്.
(വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം.)
അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം” എന്ന് പറയുന്നു.
ഭാഗവതകഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും; എന്ന് മാത്രമല്ല വാർദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്.
“ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി”
ഈ ഭാഗവതമഹാ സമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു എന്നാണല്ലോ.
ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം.
ആശ്രയിക്കുന്നവർക്ക് സംസാര ദുഃഖത്തിൽ നിന്ന് മുക്തി ലഭിക്കും. സംശയം വേണ്ട.
നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. ശ്രീമദ് ഭാഗവതം നിത്യപാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം.
അതിന് സാധിക്കാഞ്ഞാല് ഭാഗവത കഥകൾ ശ്രവിച്ചാലും തത്തുല്യഫലം ലഭിക്കുമെന്ന് വിശ്വാസം.
“നിഗമകല്പതരോർഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പബിത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ”
അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ – വേദമാകുന്ന കൽപവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയമുളള ഈ മഹദ്ഗ്രന്ഥത്തെ –മതിവരുവോളം പാനം ചെയ്യുവിൻ….
ശ്രീമദ് ഭാഗവതം ചെറിയ പോസ്റ്റ്കളായി നാളെ മുതൽ ഗ്രൂപ്പിൽ ആരംഭിക്കുന്നു. അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്നും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും ഉള്ള അഭ്യർത്ഥനയോടെ ഈ സംരംഭം കണ്ണന്റെ തൃപ്പാദത്തില് സമർപ്പിക്കട്ടെ.
സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.
കടപ്പാട് ....
ഗുരുഗീത
''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ''
നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. ' സ്കന്ദപുരാണ'ത്തിലെ
'ഗുരുഗീത ' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.
പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.
പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.
'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,
ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''.
Tuesday, June 5, 2018
ശിവമയം
ഹര ഹര മഹാദേവാ
1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു.
2. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു.
3. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു.
4. നെറ്റിയില്‍ ആര് ചന്ദ്രനെ ധരിക്കുന്നുവോ അവനെ ഫാലചന്ദ്രൻ എന്ന് വിളിക്കുന്നു.
5. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു.
6. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.
7. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.
8. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു.
9 പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.
10- ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു.
ആ മഹാദേവനെ എന്നും വണങ്ങുന്നു.
എല്ലാം ശിവമയം.
ഓം നമഃശിവായ.
നരകാസുരയുദ്ധവും നരകാസുരവധവും – ഭാഗവതം (280)
നമഃ പങ്കജനാഭായ നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ നമസ്തേ പങ്കജാങ്ഘ്രയേ (10-59-26)
നമഃ പങ്കജനേത്രായ നമസ്തേ പങ്കജാങ്ഘ്രയേ (10-59-26)
നമോ ഭഗവതേ തുഭ്യം വാസുദേവായ വിഷ്ണവേ
പുരുഷായാദിബീജായ പൂര്‍ണ്ണബോധായ തേ നമഃ (10-59-27)
ശുകമുനി തുടര്‍ന്നു:
ഭൂമീദേവിയുടെ പുത്രനായ നരകാസുരന്‍ ഇന്ദ്രന്റെ കുടയും ഇന്ദ്രമാതാവിന്റെ കുണ്ഡലങ്ങളും മോഷ്ടിച്ചു. ഇതറിഞ്ഞ കൃഷ്ണന്‍ സത്യഭാമയെയും കൂട്ടി പ്രാജ്യോതിഷപുരം എന്ന സ്ഥലത്തേയ്ക്കു പറന്നു. പട്ടണത്തിനു ചുറ്റും കുറെ കോട്ടകളും ആയുധങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ അവയെ തന്റെ ഗദകൊണ്ട് തരിപ്പണമാക്കി. കോട്ടയുടെ മതിലുകള്‍ കൃഷ്ണന്റെ ഗദയുടെ അടിയേറ്റു തകര്‍ന്നു. കൃഷ്ണന്റെ ശംഖധ്വനിയുടെ തീവ്രതയില്‍ ആയുധങ്ങളും നശിപ്പിക്കപ്പെട്ടു. അപ്പോഴേക്കും അഞ്ചു തലയുളള മുരന്‍ എന്ന രാക്ഷസന്‍ തന്റെ വാസസ്ഥലമായ കടലില്‍ നിന്നും കയറി വന്നു് ത്രിശൂലവുമായി കൃഷ്ണനു നേരെ ആക്രമണത്തിന് തയ്യാറായി. രാക്ഷസന്‍ സൂര്യതുല്യനും ആളിക്കത്തുന്ന തീപോലുളളവനുമായിരുന്നു. അവന്റെ അലര്‍ച്ച ഭൂമിയെ കുലുക്കി. രണ്ടസ്ത്രം കൊണ്ട് കൃഷ്ണന്‍ ത്രിശൂലത്തെ മുറിച്ചെടുത്തു. പിന്നീട് അവന്റെ വായില്‍ ആഞ്ഞൊരിടിയും. മുരന്‍ തന്റെ ഗദ വീശി. കൃഷ്ണനും തിരിച്ചടിച്ചു. താമസംവിനാ കൃഷ്ണന്‍ അവന്റെ തലകളഞ്ചും അറുത്തു. പര്‍വ്വതം കണക്കെ അവന്‍ ചത്തു മലച്ചു. മുരന്റെ ഏഴു പുത്രന്‍മാരും കൃഷ്ണനെ എതിര്‍ത്തു. അവരെയും അവരുടെ ആയുധങ്ങളെയും കൃഷ്ണന്‍ തകര്‍ത്തു കളഞ്ഞു.
നരകാസുരന്‍ സ്വയം കൃഷ്ണനെ ആക്രമിക്കാന്‍ വന്നു. അയാള്‍ കടലാനകളാല്‍ ചുറ്റപ്പെട്ട് ആഗതനായി. കൃഷ്ണന്‍ സത്യഭാമയുമൊരുമിച്ച് ഒരാകാശരഥത്തില്‍ വന്നു. നരകാസുരന്‍ ഒരു ചാട്ടുളി അവര്‍ക്കു നേരെ വീശി. കൃഷ്ണന്‍ തിരികേ അയച്ച ആയുധത്തിന് രണ്ടു ചിറകുകളുണ്ടായിരുന്നു. അത് നരകന്റെ പടയെ നാമാവശേഷമാക്കി. ഗരുഡവാഹനമേറി കൃഷ്ണന്‍ അസുരന്റെ ആനകളെയും നശിപ്പിച്ചു. അവ നഗരത്തില്‍ കയറാന്‍ തുടങ്ങിയിരുന്നു. നരകന്‍ ഒറ്റക്ക് കൃഷ്ണനെ എതിരിട്ടു. പണ്ട് ഇന്ദ്രന്റെ മേഘാസ്ത്രത്തിനു നേരെ ഉപയോഗിച്ച് വിജയിച്ച അതേ അസ്ത്രം ഗരുഡനു നേരെ പ്രയോഗിച്ചെങ്കിലും അത് വൃഥാവിലായി. അസുരന്‍ വേരൊരസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങും മുന്‍പ് കൃഷ്ണന്റെ ചക്രായുധം അവന്റെ കഥ കഴിച്ചു. അസുരന്റെ ബന്ധുമിത്രാദികള്‍ ദുഃഖിച്ചു. ബ്രാഹ്മണരും മഹാത്മാക്കളും സന്തോഷിച്ചു.
അസുരന്റെ മാതാവ് കുണ്ഡലങ്ങള്‍ തിരിച്ചു നല്‍കി. വൈജയന്തി എന്ന് പേരുളള മാലയും വരുണന്റെ കുടയും മണിപര്‍വ്വതവും കൃഷ്ണനു തിരിച്ചു നല്‍കി. അവര്‍ കൃഷ്ണനോട് പ്രാര്‍ത്ഥിച്ചു: ‘നാഭിയില്‍ താമരയുളള ആ ഭഗവാനായിക്കൊണ്ടു നമസ്കാരം. താമരപ്പൂമാലയിട്ടവനും താമരക്കണ്ണുകളുളളവനും താമരക്കൈകളുളളവനുമായ ആ പരമപുരുഷനു നമോവാകം. അങ്ങാണ് സകലതിന്റെയും സ്രഷ്ടാവും പ്രഭുവും. ദയവായി നരകന്റെ മകനായ ഈ ബാലനെ അനുഗ്രഹിച്ചാലും.’
ബാലനെ അനുഗ്രഹിച്ചിട്ട് കൃഷ്ണന്‍ നരകന്റെ കൊട്ടാരത്തില്‍ കയറി. അവിടെ അസുരന്‍ തടവിലാക്കിയിരുന്ന പതിനാരായിരം രാജകുമാരിമാരെ സ്വതന്ത്രരാക്കി. അവരെല്ലാം ഐകകണ്ഠേന കൃഷ്ണനെ ഭര്‍ത്താവായി വരിക്കാന്‍ ആഗ്രഹിച്ചു. കൃഷ്ണന്‍ തന്റെ ദിവ്യശക്തിയാല്‍ അനേകം വ്യക്തികളായി പെരുകി ഓരോ കൊട്ടാരവുമുണ്ടാക്കി ഉത്തമനായ ഗൃഹസ്ഥനായി സഹധര്‍മ്മിണികളുമായി ജീവിച്ചു.
നരകാസുരനുമായുളള യുദ്ധം അന്നുണ്ടായിരുന്നേക്കാവുന്ന ആണവായുധങ്ങളെപ്പറ്റിയും മുങ്ങിക്കപ്പലുകളെപ്പറ്റിയുമുളള വിവരണങ്ങളാല്‍ തുലോം ആകര്‍ഷകമത്രെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
Monday, June 4, 2018
വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികള്‍
വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ? ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും. ഈ പറയുന്നവ ശ്രദ്ധിക്കുക
1.പൊട്ടിയകണ്ണാടി, ഫ്യൂസ്‌ആയ ബള്‍ബ്, കേടായ ഇലക്‌ട്രിക്ക് ഉപകരണങ്ങള്‍, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടില്‍ നിന്ന് ഒഴിവാക്കുക.
2.മുറികള്‍ വൃത്തിയാക്കുന്ന ചൂല് ഭിത്തിയില്‍ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയില്‍ തറയില്‍ വയ്ക്കുക.
.3 എട്ടുകാലിവല, ചിതല്‍ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ കളയുക. ഇവ വീട്ടില്‍ കാണുന്നത് ദൗര്‍ഭാഗ്യത്തിന് കാരണമാവും.
4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.
5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഉടന്‍ മാറ്റുക.
6.മേശപ്പുറത്തു സാധനങ്ങള്‍ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ എപ്പോഴും അടുക്കിവയ്ക്കാന്‍ ശ്രമിക്കുക.
7. തലമുടി, നഖം എന്നിവ തറയില്‍ ഇടുക, ചീപ്പില്‍ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.
8.കല്ലുപ്പ് നെഗറ്റീവ് എന്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ നനവുതട്ടാത്ത മൂലയിലും വയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് എനര്‍ജി ഉള്ള ബാത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. വെള്ളത്തില്‍ അല്‍പ്പം കല്ലുപ്പ് ചേര്‍ത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങള്‍ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിര്‍ത്താന്‍ നല്ലതാണ്.
9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തില്‍ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങള്‍ ചൊല്ലുന്നതും ഭവനത്തില്‍ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.
10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കര്‍പ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചില്‍ പാത്രങ്ങള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്.
Sunday, June 3, 2018
പിതൃബലി പ്രാർത്ഥന
"ആബ്രഹ്മണോ യേ പിതൃവംശ ജാതാ
മാതൃ തഥാ വംശ ഭവാ മദീയാ
വംശദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചfദൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ചതേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗർഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്തദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു"
അർത്ഥം:-
"ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു..!!
എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും, പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും, എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു..!!
ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു..!!
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടി, ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു..!! അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും, ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അര്‍പ്പിക്കുന്നു
Subscribe to:
Posts (Atom)