ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം.
കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.
ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം.
സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.
ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.
പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.
പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്