അനന്തത, സ്വാതന്ത്ര്യം, സര്‍ഗശക്തി, സമഗ്രത, സമൃദ്ധി തുടങ്ങിയ പല വിവക്ഷിതാര്‍ഥങ്ങളുമുള്ള ഈ പദം പ്രപഞ്ചത്തിലെ എല്ലാ സത്പ്രഭാവങ്ങളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും മാതൃസ്ഥാനത്ത് ഭാരതീയര്‍ സങ്കല്പിക്കുന്ന അനാദ്യന്തസ്വരൂപിണിയും മൌലികശക്തിയുടെ മൂര്‍ത്തിമദ്ഭാവവുമായ ദേവിയുടെ പേരാണ്. പരിമിതമായ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേയമായ സ്വര്‍ഗമാണ് അദിതി. തന്‍മൂലം ആകാശത്തിന്റെ അധിദേവതയായും ഭൂമിയെ താങ്ങിനിര്‍ത്തുന്ന ദേവിയായും സങ്കല്പിക്കപ്പെടുന്നു. എല്ലാ ദേവന്‍മാരുടെയും അമ്മ എന്ന അര്‍ഥത്തില്‍ ദേവമാതാവ് എന്നും അദിതിയെ വിളിക്കുന്നു. ഗോക്കളെയും ശിശുക്കളെയും സംരക്ഷിക്കുന്നതിനും അവരുടെ അജ്ഞാനത്തിനു മാപ്പുകൊടുത്ത് അവരെ അനുഗ്രഹിക്കുന്നതിനും അര്‍ഹതയുള്ള ദേവിയാണ് അദിതി എന്ന് ഋഗ്വേദം പറയുന്നു.
അദിതിയെക്കുറിച്ച് പുരാണങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പുത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രന്‍മാരുണ്ടായതില്‍ ഒരാളെ പരിത്യജിച്ചു. ആ പുത്രനാണ് മാര്‍ത്താണ്ഡന്‍. ശേഷിച്ച ഏഴുപേര്‍ ആദിത്യന്മാര്‍. ആദിത്യന്മാര്‍ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രന്‍മാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതല്‍ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്.
യജുര്‍വേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനന്‍ എന്ന് വിഷ്ണുപുരാണത്തില്‍ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജന്‍ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളില്‍ മൂന്നെണ്ണം അദിതിയില്‍ നിന്നാണ്. അദിതിയില്‍നിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൌസല്യയില്‍നിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയില്‍നിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രന്‍മാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രന്‍മാര്‍ എന്ന അര്‍ഥത്തിലാണ് ആദിതേയന്മാര്‍ എന്നു ദേവന്‍മാരെ വിളിക്കുന്നത്.
തത്ത്വചിന്താപരമായ വ്യാഖ്യാനങ്ങള്‍കൊണ്ട് സാധൂകരിക്കാവുന്നതാണ് ഈ വൈരുധ്യങ്ങളെല്ലാം. സനാതനവും അനന്തവുമായ ചൈതന്യമാണ് അദിതി. അദിതിയില്‍നിന്ന് ദക്ഷന്‍, അഥവാ വിവേകവും തിരിച്ചറിവുമുള്ളവന്‍, ജനിച്ചു; മൌലികമായ ആ ജ്ഞാനത്തില്‍നിന്ന് ചൈതന്യം സ്വയം ഉദ്ഭവിച്ചു. സര്‍ഗശക്തിയില്‍നിന്ന് പ്രജ്ഞയും പ്രജ്ഞയില്‍ നിന്ന് സര്‍ഗശക്തിയും ഉണ്ടാകുന്നു; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരമാത്മാവില്‍ നിന്നുയിര്‍കൊള്ളുന്ന ജീവാത്മാവ് പരമാത്മാവില്‍ത്തന്നെ ലയിക്കുന്നു. ഈ ചാക്രികപ്രക്രിയയാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. ദിതി എന്ന സങ്കല്പം ഈ വ്യാഖാനത്തിന്നുറപ്പു നല്കുന്നുണ്ട്. മനസ്സിന്റെ പരിധിക്കുമപ്പുറത്തുള്ള ഭാസുര തേജസ്സാണ് ബ്രഹ്മപുത്രനായ കശ്യപന്‍. ആ ജ്യോതിസ്സും അദിതി എന്ന അഖണ്ഡമായ ചിത്തശക്തിയും ഒത്തുചേരുന്നതാണ് സര്‍ഗപ്രക്രിയ; അതില്‍ നിന്ന് ചേതനാചേതനങ്ങള്‍ ഉണ്ടായി. അവയാണ് ദിതിയുടെ ജന്‍മത്തിനു കാരണം. ദിതിയും അദിതിയും കശ്യപന്റെ പത്നിമാരാണ്. ദിതിയില്‍നിന്ന് ദൈത്യന്‍മാര്‍ (അചിത്തി) ജനിക്കുന്നു; അദിതിയില്‍നിന്ന് ആദിതേയന്മാര്‍ അഥവാ ചിത്പുരുഷന്‍മാരായ ദേവന്‍മാര്‍ രൂപംകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം അഭിന്നമാണെന്നുമാത്രം.
ഭൂമി, പാര്‍വതി, പുണര്‍തം നക്ഷത്രം, ഗൃഹനിര്‍മാണത്തില്‍ വ. വശത്തുവച്ചു പൂജിക്കേണ്ട വാസ്തുദേവത, സര്‍വത്തെയും 'അദി'ക്കുന്നത് (ഭക്ഷിക്കുന്നത്) എന്ന അര്‍ഥത്തില്‍ മൃത്യു എന്നിവയ്ക്കൊക്കെ അദിതി എന്നു പേരുണ്ട്. രാത്രിയിലെ പതിനഞ്ചു നിത്യനക്ഷത്രമുഹൂര്‍ത്തങ്ങളില്‍ ഒന്നിന്റെ പേര് 'അദിതിമുഹൂര്‍ത്തം' എന്നാണെന്ന് മാധവനിദാനം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും സാരാവലി എന്ന ജ്യോതിഷകൃതിയിലും പരാമര്‍ശിച്ചു കാണുന്നു.