"ഒരിക്കൽ ജനമേജയരാജാവ് ശ്രീകൃഷ്ണനോട് ചോദിച്ചു "ഭഗവാനെ അവിടുന്ന് ശരിക്കും അനുഗ്രഹിച്ചിരുന്നെങ്കിൽ എന്റെ മുത്തശ്ശൻ മാർക്ക് കുരുക്ഷേത്രയുദ്ധം ഒഴിവാക്കാമായിരുന്നല്ലോ* " .
ഭഗവാൻ പറഞ്ഞു "എന്റെ അനുഗ്രഹത്തിന്റെ കുറവല്ല. നിന്റെ മുത്തശ്ശന്മാരുടെ അറിവുകേടാണതിനു കാരണം. "
ജനമേജയൻ വീണ്ടും തിരക്കി "ഭഗവാനെ, എന്റെ മുത്തശ്ശൻ, യുധിഷ്ഠിരനെ, ദുര്യോധനൻ ചൂതുകളിക്കാൻ വിളിച്ചപ്പോൾ അവിടുന്ന് എന്തെ തടഞ്ഞില്ല."
ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു, " കുഞ്ഞേ, അന്ന് ദുര്യോധനൻ നിന്റെ മുത്തശ്ശനോടു പറഞ്ഞു, എനിക്ക് ചൂതുകളിക്കാൻ അറിയില്ല, അതിനു പകരം എന്റെ മാമൻ ശകുനി താങ്കളോട് കളിക്കും, അപ്പോൾ നിന്റെ മുത്തശ്ശന് ഇങ്ങനെ പറയാമായിരുന്നു."എനിക്കും ചൂതുകളി അത്ര നിശ്ചയമില്ല, എനിക്കു പകരം കൃഷ്ണൻ കളിക്കും, "അന്ന് അങ്ങനെ പറഞ്ഞ് എന്നെ കളിക്കാൻ ഇറക്കിയിരുന്നെങ്കിൽ 'കളി' ഞാൻ അപ്പോൾ കളിച്ചു കാണിച്ചു കൊടുക്കുമായിരുന്നില്ലെ?
ഭഗവാൻ തുടർന്നു., "നിങ്ങളുടെ ജീവിതമാകുന്ന കളി, നന്നായി കളിക്കാൻ എന്നെ അനുവദിക്കുക. നിങ്ങളെ ഞാൻ വിജയിപ്പിക്കാം. നിങ്ങൾ സ്വയം കളിച്ചാൽ പരാജയം ഉറപ്പല്ലേ? കാരണം നിങ്ങളുടെ മനസും ബുദ്ധിയും സദാചഞ്ചലം ".
ജീവിതമാകുന്ന കളി ഒരിക്കലേ കളിക്കാനാകൂ. അതു കൊണ്ടു തന്നെ വിലയേറിയ ഈ കളി കളിക്കേണ്ടത് ഈശ്വര സ്മരണയോടെ ആയിരിക്കണം. അപ്പോൾ ജീവിതം നന്നായി കളിച്ചു തീർക്കാൻ നമുക്കാകും. അതു കൊണ്ട് ഓരോ ചുവടുവയ്പ്പിലും ഈശ്വര ചിന്ത നമുക്കുണ്ടായിരിക്കണം.