ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 8, 2010

ആരാണ് ഹിന്ദു



ലോകത്തിലെ ഏറ്റവും മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.


ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു.


"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു.


അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു.


ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം എന്ന് അറിയുന്നവന്‍ ഹിന്ദു..


മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ
ജീവിതസ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു.


ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗദീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു.


എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രേഷ്ഠം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു.


കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മനസുള്ളവന്‍ ഹിന്ദു.


സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വഥാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു.


ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...


"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു.


സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു.


കേവലം ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു.


2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു.


സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.


ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രമിക്കുന്നവന്‍ ഹിന്ദു.


"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു.


മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു.


ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു.


“ ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌- എന്ന് ജവഹർലാൽ നെഹ്രു തന്നെ പറഞ്ഞിട്ടുണ്ട്

Tuesday, November 9, 2010

ക്ഷേത്രദര്ശനത്തിനു പിന്നിലുള്ള ചില രഹസ്യങ്ങള്



ക്ഷേത്രദർശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്.
മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില് പോസിറ്റീവ് എനര്ജിയും നെഗറ്റീവ് എനര്ജിയും എല്ലാം നിലനില്ക്കുന്നുണ്ട് എന്നത് സത്യമാണ്.

എന്നാല് പോസിറ്റീവ് എനര്ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്. ക്ഷേത്രദര്ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില് ക്ഷേത്ര ദര്ശനം നടത്തുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.


പാദരക്ഷ പുറത്ത്

ക്ഷേത്രമതില്ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില് നഗ്നപാദത്തോട് കൂടി കടക്കുമ്പോള് ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.


പുരുഷന്മാരുടെ മേൽ വസ്ത്രം

ക്ഷേത്രദര്ശനം നടത്തുമ്പോള് പുരുഷന്മാര് മേല് വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്പില് സമാന്തരമായി തൊഴുത് നില്ക്കുന്ന വ്യക്തിയില് ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്മാര് മേല്വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.


ആര്ത്തവകാലത്തെ ക്ഷേത്രദര്ശനം


ആര്ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില് വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില് വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്ത്തവനാളില് സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.



പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്

പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്ക്കും പ്രായമയവര്ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല് അടുക്കുന്നു എന്നതാണ് സാരം.



ശിവന് പൂര്ണപ്രദക്ഷിണം വേണ്ട

ശിവക്ഷേത്രത്തില് പൂര്ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന് പാടില്ലെന്നതാണ് വിശ്വാസം.


വിഘ്നേശ്വരനു മുന്നില് ഏത്തമിടുന്നത്

വിഘ്നേശ്വരനു മുന്നില് സര്വ്വവിധ വിഘ്നങ്ങളും ഇല്ലാതാക്കാന് ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില് ചെയ്യുന്ന ഭക്തന്മാരില് നിന്നും വിഘ്നങ്ങള് മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
ഏത്തമിടുന്നത് ഒരു വ്യായാമമുറയാണ്


നടയ്ക്കു നേരെ നിന്ന് തൊഴരുത്

നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്ജ്ജം ഭക്തനിലേക്ക് സര്പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില് തൊഴുമ്പോള് ഈ പ്രാണോര്ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.


ബലിക്കല്ലില് ചവിട്ടുന്നത് ദോഷമോ?

ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്. അറിയാതെയെങ്കിലും ഇവയില് ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല് ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില് വെയ്ക്കാന് പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില് നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന് പാടുള്ളതല്ല.

Friday, October 15, 2010

മാതാ-പിതാ, ഗുരു, ദൈവം

മാതാ-പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പത്തിൽ ഇനി ദൈവസങ്കൽപ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്ന ഒരു കഥയാവാം.  സർവ്വവും ഈശ്വര സൃഷ്ടിയാണെന്നും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും, സർവ്വചരാചരങ്ങളിലും ദൈവമുണ്ടെന്നുമുള്ള സന്ദേശം....



            കശ്യപന്റെ (വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് – മരീചി – കശ്യപൻ)പുത്രന്മാരായിരുന്നു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.  ഹിരണ്യാക്ഷൻ കഠിന തപസ്സിലൂടെ ബ്രഹ്മാവിൽ നിന്ന് അനേകം വരങ്ങൾ നേടുകയും അവ ദുരുപയോഗപ്പെടുത്തി ഭൂമിയിൽ നാശം വിതക്കുകയും ചെയ്തു.  തുടർന്ന് മഹാവിഷ്ണു വരാഹാവതാരം എടുത്താണ് അവനെ നിഗ്രഹിച്ചത്. അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. ഹിരണ്യകശിപു ക്രൂരനായിരുന്നു.  തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതിനാൽ മഹാവിഷ്ണുവിനോട് അടങ്ങാത്ത പക അയാൾക്കുണ്ടായിരുന്നു. നാരദന്റെ ഭക്തയായിരുന്നു പ്രഹ്ലാദന്റെ മാതാവ് കയാധു.  പ്രഹ്ലാദനെ ഗർഭം ധരിച്ചിരുന്ന അവസരത്തിൽ നാരദർ ഗർഭസ്ഥശിശുവിന് ആത്മജ്ഞാനതത്വങ്ങളും വേദതത്വങ്ങളും ധർമ്മനീതിയും ഉപദേശിച്ചു.  പ്രഹ്ലാദൻ ബാല്യം മുതൽക്കേ തന്നെ വലിയ വിഷ്ണുഭക്തനായിരുന്നു.


   പ്രഹ്ലാദന്റെ വിദ്യാഭ്യാസത്തിനുള്ള സമയം വന്നെത്തി.  ഹിരണ്യകശിപു കൊട്ടാരത്തിലെ ചുമതലപ്പെട്ടവരെ വിളിച്ച് പ്രഹ്ലാദന്റെ വിദ്യാഭ്യാസ ചുമതല ഏൽപ്പിച്ചു.  ‘നാരായണ നമഃ’ എന്ന ശബ്ദം ഉരുവിട്ടുപോകരുതെന്നും അതിനു പകരം ‘ഹിരണ്യായ നമഃ’ എന്നു മാത്രമേ ചൊല്ലി പഠിപ്പിക്കാവൂ എന്ന നിർദ്ദേശവും കൊടുത്തു.  മാത്രമല്ല, വിഷ്ണുനാമം ആ രാജ്യത്തു നിന്നു തന്നെ തുടച്ചുനീക്കി.  പ്രഹ്ലാദൻ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് വിദ്യ അഭ്യസിച്ചുപോന്നു.  അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന്റെ കൂടെ അച്ഛനെ കാണാനായി കൊട്ടാരത്തിൽ എത്തി.  മദ്യപാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഹിരണ്യകശിപു ആ സമയം.  തന്റെ കാൽക്കൽ വീണു വണങ്ങിയ തേജസ്വിയായ പുത്രനെ ആലിംഗനം ചെയ്തു കൊണ്ട് ഹിരണ്യകശിപു, അതുവരെ പഠിച്ച സുഭാഷിതങ്ങളിൽ ഒന്ന് ചൊല്ലി കേൾപ്പിക്കാൻ ആവശ്യപ്പെട്ടു.  പ്രഹ്ലാദൻ ഇങ്ങനെ പറഞ്ഞു,


“ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും ഉൽപ്പത്തി-വൃദ്ധി-ക്ഷയരഹിതനും സർവ്വപ്രപഞ്ചത്തെയും രക്ഷിച്ചു ഭരിക്കുന്നവനും സർവ്വത്തിന്റെയും മൂലകാരണമായിട്ടുള്ളവനുമായ മഹാവിഷ്ണുവിനെ ഞാൻ നമസ്കരിക്കുന്നു”



        വിഷ്ണുസ്തുതി കേട്ട് ഹിരണ്യൻ കോപം കൊണ്ട് ജ്വലിച്ചു.  എന്നിട്ട് ഗുരുവിന്റെ നേർക്ക് ആക്രോശിച്ചു.  ഭയന്നു വിറച്ച ഗുരു, പ്രഹ്ലാദനെ താൻ വിഷ്ണുസ്തുതിയൊന്നും പഠിപ്പിച്ചിട്ടില്ലെന്നു സത്യം ചെയ്തു.  പിന്നെ ആരാണ് ഈ ബാലനെ ഇത് പഠിപ്പിച്ചതെന്ന്  പ്രഹ്ലാദനോടു തന്നെ ചോദിച്ചു.  മഹാവിഷ്ണു തന്റെ ഹൃദയത്തിൽ തോന്നിക്കുന്നതാണ് ഇതൊക്കെയെന്ന് പ്രഹ്ലാദൻ  മറുപടി പറഞ്ഞു.  തുടർന്ന് അച്ഛനും മകനും  തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദം തന്നെ നടന്നു.  അവനെ ഒന്നുകൂടി നന്നാക്കാൻ ശ്രമിക്കാൻ പറഞ്ഞ് ഒരിക്കൽ കൂടി ഗുരുവിനൊപ്പം കൂട്ടിവിട്ടു.



        വളരെ നാൾ കഴിഞ്ഞ് ഹിരണ്യൻ പ്രഹ്ലാദനെ വിളിച്ചു വരുത്തി. പഠിച്ചതൊക്കെ അറിയാനായി ഒന്നുരണ്ട് ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു.  പ്രഹ്ലാദൻ വിഷ്ണുസ്തുതിപരമായ ശ്ലോകങ്ങൾ ചൊല്ലി.  മഹാവിഷ്ണുവിനോടുള്ള കോപം മൂലം അന്ധനായ ഹിരണ്യന്റെ മുന്നിൽ പുത്രസ്നേഹം തന്നെ ഇല്ലാതായി.  വിഷ്ണുഭക്തനായതിനാൽ പ്രഹ്ലാദനെ വധിക്കാൻ തന്നെ അദ്ദേഹം  ഉത്തരവിട്ടു. (വിഷ്ണുപുരാണം ഒന്നാം അംശം പതിനേഴാം അദ്ധ്യായം)

        രാജാവിന്റെ ആജ്ഞ കേട്ടയുടൻ തന്നെ പടയാളികൾ ആയുധങ്ങളുമായി പ്രഹ്ലാദനെ വളഞ്ഞു.  പ്രഹ്ലാദൻ വളരെ ശാന്തനായി അവരെ നോക്കി പറഞ്ഞു, “സുഹൃത്തുക്കളേ, മഹാവിഷ്ണു ഈ ആയുധത്തിലുണ്ട്,  നിങ്ങളിലുണ്ട്, എന്നിലുമുണ്ട്.  അതിനാൽ നിങ്ങളുടെ ആയുധങ്ങൾ എന്നെ മുറിപ്പെടുത്താതിരിക്കട്ടെ”.  ഇതൊന്നും പ്രഹ്ലാദനെ ബാധിച്ചില്ല; മാത്രമല്ല അദ്ദേഹം കൂടുതൽ ബലവാനാകുകയും ചെയ്തു.  തുടർന്ന് തക്ഷകൻ ഉൾപ്പെടെയുള്ള ഉഗ്രസർപ്പങ്ങളെ വിട്ട് പ്രഹ്ലാദനെ കീഴടക്കാൻ ഹിരണ്യകശിപുശ്രമിച്ചു, ഇവിടെയും  ഫലം മറിച്ചായിരുന്നില്ല; മഹാവിഷ്ണുവിനെ ധ്യാനിച്ചിരുന്ന പ്രഹ്ലാദനെ ആക്രമിച്ച സർപ്പങ്ങളുടെ പല്ലുകൾ കൊഴിയുകയും തലയിലുള്ള രത്നങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്തു. മഹാവിഷ്ണുവിനോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രം പിന്നെയും പലപല തരത്തിൽ ഹിരണ്യൻ പ്രഹ്ലാദനെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.  എല്ലാം വിഫലമാകുകയായിരുന്നു.



        അങ്ങനെയിരിക്കെ ഒരു ദിവസം കോപം കൊണ്ട് ജ്വലിച്ച ഹിരണ്യൻ, ആക്രോശിച്ചുകൊണ്ട് പ്രഹ്ലാദനോട്, ഇത്രയൊക്കെ ശക്തനാണെങ്കിൽ നിന്റെ വിഷ്ണു എവിടെയുണ്ടെന്ന് കാട്ടിത്തരാൻ പറഞ്ഞു.  വളരെ ശാന്തനായി പ്രഹ്ലാദൻ, “ഭഗവാൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ട്” എന്നു പറഞ്ഞു.  “ഈ തൂണിലും ഉണ്ടോ?”, ഹിരണ്യകശിപു കോപം കൊണ്ട് ജ്വലിച്ചു.  “തീർച്ചയായും, ഭഗവാൻ സർവ്വവ്യാപിയാണ്” പ്രഹ്ലാദൻ പറഞ്ഞു.  എന്നാൽ പിന്നെ കാണണമല്ലോ എന്നാക്രോശിച്ചു കൊണ്ട് ഹിരണ്യൻ തന്റെ വാളെടുത്ത് അടുത്ത് കണ്ട തൂണിൽ ആഞ്ഞു വെട്ടി.  ഉടൻ തന്നെ മഹാവിഷ്ണു, ഉഗ്രമൂർത്തിയായ നരസിംഹത്തിന്റെ രൂപത്തിൽ ആ തൂണിൽ നിന്ന് പുറത്തേയ്ക്ക് വന്നു.


  തീ തുപ്പുന്ന കണ്ണുകൾ, രക്തമൊലിക്കുന്ന കഠാരപോലുള്ള നാവ്, രണ്ട് വശത്തേയ്ക്കും വളഞ്ഞു നിൽക്കുന്ന ദംഷ്ട്രകൾ, ആയിരം കോടി സൂര്യന്മാർ ഒരുമിച്ചു ജ്വലിക്കുന്നപോലുള്ള  തീഷ്ണശോഭയുള്ള ശരീരം….. ആ ഉഗ്രരൂപത്തെ നോക്കിനിൽക്കാൻ പ്രഹ്ലാദനു മാത്രമേ കഴിഞ്ഞുള്ളു. നരസിംഹം ഹിരണ്യകശിപുവിന്റെ മേൽ ചാടിവീണ്, മാറുപിളർന്ന് അവനെ നിഗ്രഹിച്ചു.  ക്ഷണനേരം കൊണ്ട് എല്ലാം അവസാനിച്ചു.  അനന്തരം, പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം, അവതാരോദ്ദേശം നിറവേറ്റിയതിനാൽ അന്തർധാനം ചെയ്തു.

  തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തിക വിജയവും, ദൈവം സർവ്വവ്യാപിയാണെന്നുമുള്ള സന്ദേശമാണ് ഈ കഥ.  ആരെയും അനാവശ്യമായി അവഹേളിക്കുകയും അപായപ്പെടുത്തുകയും ചെയ്യാതിരിക്കുക.  ഗർഭാവസ്ഥയിൽ തന്നെ നാരദനിൽ നിന്ന് പകർന്നു കിട്ടിയ ജ്ഞാനമാണല്ലോ പ്രഹ്ലാദനെ ഇത്രേം സാത്വികനാക്കിയത്.  അതായത് വളരെ കുഞ്ഞുനാളിൽ തന്നെ, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും, എന്തിന്, ചിന്തകൊണ്ടു പോലും നല്ലത്  ചെയ്താൽ, എന്നും അതിന്റെ  ഫലം നന്മതന്നെ ആയിരിക്കും

Monday, September 6, 2010

കുമാരനല്ലൂർ ഭഗവതി




തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അവിടത്തെ ദേവിയെക്കുറിച്ചുള്ള,


'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ'


എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ട്. എങ്കിലും ആ ഭഗവതി "ഓടീട്ടുവന്നു കുടികൊണ്ട"തേതു പ്രകാരമാണെന്ന് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ ആ സംഗതിയെപ്പറ്റി ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.


'മധുരമീനാക്ഷി' എന്നു കേൾവിപ്പെട്ട് ദേവിയുടെ ക്ഷേത്രം പണ്ട് പാണ്ഡ്യരാജാക്കന്മാരുടെ വകയായിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി മധുരയിലായിരുന്നതിനാൽ അവർ ആ ദേവിയെ അവരുടെ പരദേവതായയിട്ടാണ് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുവന്നിരുന്നത്.


ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്നതും വളരെ വിലയുള്ളതും രത്നഖചിതവുമായ മൂക്കുത്തി എങ്ങനെയോ പോയി. ശാന്തിക്കാരൻ നിർമാല്യം (തലേദിവസത്തെ പൂവും മാലയും) വാരി പുറത്തിട്ടതിന്റെ കൂടെയോ അഭി‌ഷേകവും മറ്റു കഴിച്ച സമയം ഓർക്കാതെ ശാന്തിക്കാരന്റെ കൈ മുട്ടിത്തെറിച്ചോ എങ്ങനെയാണ് അതു പോയതെന്ന ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി. ശ്രീകോവിലിനകത്തു ശാന്തിക്കാരനല്ലാതെ മറ്റാരും കയറുക പതിവില്ലാത്ത സ്ഥിതിക്കു രാജാവിന്റെ വിചാരം അന്യായമായി പ്പോയി എന്നു പറയാനുമില്ല. എങ്കിലും ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരന് ഈ മൂക്കുത്തി പോയത് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. ദേവിക്കു പതിവായി ചാർത്തിവന്ന ഈ ആഭരണം പോയതു നിമിത്തം അദ്ദേഹത്തിനും അപാരമായ മനസ്താപ മുണ്ടായിരുന്നു. എങ്കിലും അതൊക്കെ ആരറിയുന്നു.


ഉഗ്രശാസനനായ പാണ്ഡ്യരാജാവ് ശാന്തിക്കാരനെ പിടിപ്പിച്ചു വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതേതു പ്രകാരമാണെന്ന് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു. ഒടുക്കം രാജാവ്, നാല്പതു ദിവത്തിനകം ആ മൂക്കുത്തി ശാന്തിക്കരൻ എങ്കിനെയെങ്ങിലും തേടി പ്പിടിച്ചു ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്റെ ശിരച്ഛദേം ചെയ്യിക്കുന്നതാണെന്നും കല്പിച്ചു. ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിദ്ധിയിൽനിന്നു പോയി. ആ ബ്രാഹ്മണോത്തമൻ പലവിധത്തിൽ അന്വേ‌ഷിച്ചുനോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല. അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു വി‌ഷാദിച്ചുകൊണ്ട് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാലാപ ത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല

. "ഇതാരാണ് ഇങ്ങനെ പറഞ്ഞത്? എന്തോ എനിക്കു മനോരാജ്യംകൊണ്ടു വെറുതെ തോന്നിയതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു. അപ്പോൾ പിന്നെയും കണ്ണു തുറന്നു. ആരേയും കണ്ടില്ല. അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം പറഞ്ഞു. "ഏതായാലും ഈ ഗുണദോ‌ഷവാക്കിനെ നിരസി ക്കുന്നതു യുക്തമല്ല. ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ പോവുകതന്നെ" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം അവിടെനിന്നെണീറ്റു ക്ഷണത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീ "വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണ്" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്ന് ഓടിത്തുടങ്ങി. അതു വലിയ കൂരിരുട്ടുള്ള കാലമായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയിൽ നല്ലപോലെ കണ്ണു കാണാമായിരുന്നു. അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു കളഞ്ഞു. അപ്പോൾ വഴിയും ദിക്കുമെല്ലാം അന്ധകാരമയമായി. കണ്ണു തീരെ കാണാൻ പാടില്ലതെയായതിനാൽ ബ്രാഹ്മണൻ ഓടാനെന്നല്ല, നടക്കാൻപോലും നിവൃത്തിയില്ലാതെയായി. അപ്പോൾ അദ്ദേഹത്തിനു വളരെ ഭയവും വ്യസനവുമുണ്ടായി. എങ്കിലും തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു. രാജാവിന്റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എങ്കിലും ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോൾ ഇടിമിന്നലിന്റെ പ്രകാശംകൊണ്ട് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം കണ്ടു. തപ്പിത്തടഞ്ഞ് അദ്ദേഹം അവിടെ ചെന്നുകേറി. രണ്ടാംമുണ്ടു വിരിച്ചു കിടന്നു. മനസ്സിൽ വളരെ ഭയവും വിചാരങ്ങളുമുണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ടോ എന്തോ കിടന്നയുടനെ അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.




അക്കാലത്തു കേരളരാജ്യം അടച്ചുവാണിരുന്ന ചേരമാൻ പെരുമാൾ ഒരു ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്ത് ഉദയനാപുരത്തും, ഒരു സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ച് ഇപ്പോൾ കുമാരനല്ലൂരെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠ്യ്ക്കു മുഹൂർത്തവും നിശ്ചയിച്ച് അതിലേക്കു വേണ്ടുന്നവയെല്ലാം വട്ടംകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വഴിയമ്പല ത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയെ (സുബ്രഹ്മണ്യനെ) പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു. "തെന്തൊരത്ഭുതം" എന്നു വിചാരിച്ച് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീ ആ ബ്രാഹ്മണന്റെ മുൻപിൽ കടന്നോടിയ ആ ദേവി ഇരിക്കുന്നത് അദ്ദേഹം കണ്ടു. അതു സാക്ഷാൽ "മധുര മീനാക്ഷി"യായിരുന്നുവെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.



ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം "ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ടവരെല്ലാം അമ്പലത്തിൽ ചെന്നു നോക്കി. ഒന്നും കണ്ടില്ല. "എവിടെയിരിക്കുന്നു?" എന്ന് അവർ ചോദിച്ചു. ബ്രാഹ്മണൻ "ഇതാ ആ ശ്രീകോവിലിനകത്ത്" എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ "ഇദ്ദേഹം ഒരു ഭ്രാന്തനാണ്; അസംബന്ധം പറയുകയാണ്" എന്നുംമറ്റും പറഞ്ഞു പരിഹസിച്ചു. ഈ വർത്തമാനം കർണാകർണികയാ ചേരമാൻ പെരുമാളും കേട്ട് അവിടെച്ചെന്നുനോക്കി. ഒന്നും കാണായ്കയാൽ "ഇവിടെ ആരെയും കാണുന്നില്ലല്ലോ" എന്നു ബ്രാഹ്മണനോടു പറഞ്ഞു. ബ്രാഹ്മണൻ "എന്നാൽ എന്നെ തൊട്ടുംകൊണ്ടു നോക്കൂ" എന്നു പറഞ്ഞു. ചേരമാൻ പെരുമാൾ ആ ബ്രാഹ്മണനെ തൊട്ടുംകൊണ്ടു നോക്കിയപ്പോൾ ദേവി ശ്രീകോവിലിനകത്തു പീഠത്തിന്മേലിരിക്കുന്നതു പ്രത്യക്ഷമായിക്കണ്ടു. പിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്ന് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞ് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു. സംഗതി കളെല്ലാം കേട്ടപ്പോൾ ചേരമാൻപെരുമാൾക്കു വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും സ്വല്പം കോപവും ഇച്ഛാഭംഗവുംകൂടി ഉണ്ടാകാതെയിരുന്നില്ല.


 "ഞാൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്ത് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ച ഈ തന്റേടക്കാരത്തിക്ക് ഇവിടെ ഞാൻ യാതൊന്നും കൊടുക്കുകയില്ല. അത്ര ഊറ്റമുണ്ടെങ്കിൽ വേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ. ഞാൻവിചാരിച്ച മുഹൂർത്തത്തിൽത്തന്നെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും. അതു ദേവിയെ പ്രതിഷ്ഠിപ്പിക്കേണമെന്നു വിചാരിച്ച സ്ഥലത്തായിക്കളയാം. ഇതാ ഞാൻഇപ്പോൾത്തന്നെ വൈക്കത്തിനു യാത്രയാണ്. ഇവളിവിടെ യിരിക്കട്ടെ" എന്നു പറഞ്ഞിട്ട് അദ്ദേഹം അപ്പോൾത്തന്നെ അവിടെനിന്ന് പോവുകയും ചെയ്തു.



ചേരമാൻപെരുമാൾ അവിടെനിന്നു പോയി ഒരഞ്ചെട്ടു നാഴിക വടക്കായപ്പോൾ ആ പ്രദേശത്തെല്ലാം അകസ്മാൽ അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവർക്കും കണ്ണു തീരെ കാണാൻ പാടില്ലാതെയായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശായി. അപ്പോൾ ചേരമാൻപെരുമാളുടെ ഒരു സേവകൻ "നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടത് ആ ദേവിയുടെ മായാവൈഭവം കൊണ്ടൂതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല. ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണ്. അതിനാൽ നമുക്ക് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ട തെന്നു തോന്നുന്നു" എന്നു പറഞ്ഞു. അതു കേട്ടു ചേരമാൻപെരുമാൾ "ഇത് ആ ദേവിയുടെ മായാവൈഭവംകൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കി യാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്ക് കൊടുത്തേക്കാം. അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം" എന്നു പറഞ്ഞു. ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്ക് വിട്ടുകൊടുത്തിരിക്കു ന്നതായി പറയുകയും തിരിച്ചുപോരികയും ചെയ്തു. മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിന് "മഞ്ഞൂര്" എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ "മാഞ്ഞൂര്" ആയിത്തീർന്നു. മാഞ്ഞൂരെന്നു പറയുന്ന ദേശമെല്ലാം ഇപ്പോഴും കുമാരനല്ലുർ ഭഗവതിയുടെ വകയായിട്ടുതന്നെയാണിരിക്കുന്നത്.


ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ച് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ച് ഇവിടെ പ്രതിഷ്ഠീപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യവിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.


ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ദേവീവിഗ്രഹം സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വ്യസനമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു മാത്രം ദിവസമില്ല. ഈ മുഹൂർത്തത്തിനു പ്രതിഷ്ഠ കഴിപ്പിക്കാഞ്ഞാൽ വളരെ മുതൽ നഷ്ടവും കുറച്ചിലുമുണ്ടാകുമെന്നു തന്നെയല്ല, ഇത്ര നല്ലതായ ഒരു ശുഭമുഹൂർത്തം പിന്നെയുണ്ടാകാനും അത്ര എളുപ്പമല്ല. ആകപ്പാടെ വിചാരിച്ചിട്ടു ചേരമാൻപെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.


അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം ചേരമാൻപെരുമാൾ, "ഒട്ടും വ്യസനിക്കേണ്ട, ഇവിടെനിന്നു രണ്ടു നാഴിക വടക്കുകിഴക്കായിട്ടുള്ള മലയിൽ ഒരു കിണറ്റിൽ എന്റെ ഒരു ബിംബം കിടക്കുന്നുണ്ട്. അതെടുത്തുകൊണ്ടുവന്നു പ്രതിഷ്ഠ കഴിപ്പിച്ചാൽ മതി" എന്ന് ആരോ തന്റെ അടുക്കൽ വന്നു പറഞ്ഞതായി ഒരു സ്വപ്നം കണ്ടു. പിറ്റേ ദിവസം രാവിലെ ഇതു വാസ്തവമാണോ എന്നറിയണമെന്നു നിശ്ചയിച്ചു ചേരമാൻ പെരുമാൾ വളരെ ആളുകളോടുകൂടി ആ മലയിലേക്കു പോയി. അവിടമെല്ലാം വലിയ കാടായിരുന്നു. ആ കാടെല്ലാം വെട്ടിത്തെളിച്ചു നോക്കിച്ചെന്നപ്പോൾ ഒരു കിണറു കണ്ടു. ആ കിണറ്റിൽ ആളെയിറക്കി നോക്കിയപ്പോൾ യാതൊരു കേടുമില്ലാത്തതും ഏറ്റവും വിശേ‌ഷപ്പെട്ടതും ലക്ഷണമൊത്തതുമായ ഒരു ബിംബം കണ്ടുകിട്ടുകയും ചേരമാൻപെരുമാൾ അതെടുപ്പിച്ചുകൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ യഥാവിധി പ്രതിഷ്ഠ കഴിപ്പിക്കുകയും കുമാര (സുബ്രഹ്മണ്യ) സ്വാമിയെ പ്രതിഷ്ഠിപ്പിക്കുന്നതിനായി പണികഴിപ്പിച്ചിരുന്ന ആ ക്ഷേത്രത്തിനു മുൻനിശ്ചയപ്രകാരം "കുമാരനല്ലൂർ" എന്നുള്ള പേരുതന്നെ സ്ഥിരപ്പെടുത്തു കയും ചെയ്തു. പിന്നീട് ചേരമാൻപെരുമാൾ മാഞ്ഞൂർ ദേശം വിട്ടുകൊടുത്തതിനുപുറമേ അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ വെച്ചുകൊടുക്കുകയും പതിവുകൾ നിശ്ചയിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ ദേവസ്വം ആ ദേശക്കാരായ ചില നമ്പൂരിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ അതൊരു ഊരാൺമക്ഷേത്രമായിത്തീർന്നു.



ചേരമാൻപെരുമാൾ കുമാരനല്ലൂർ ക്ഷേത്രത്തിൽ തുലാമാസത്തിൽ രോഹിണി മുതൽ വൃശ്ചികമാസത്തിൽ രോഹിണിവരെ ഇരുപത്തെട്ടു ദിവസത്തെ ഉത്സവമാണ് നിശ്ചയിച്ചിരുന്നത്. ആ ക്ഷേത്രം ഊരാൺമ ക്കാരുടെ വകയായിത്തീർന്നിട്ടും വളരെക്കാലം അങ്ങനെതന്നെ നടന്നിരുന്നു. പിന്നീട് അത് കുറച്ച് വൃശ്ചികമാസത്തിൽ കാർത്തിക ഒൻപതാമുത്സവമാകത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവം മതിയെന്നു നിശ്ചയിച്ചു. ഇപ്പോഴും അപ്രകാരം നടന്നുവരുന്നു. ദേവിയുടെ മാഹാത്മ്യവും ശക്തിയുംകൊണ്ടു കാലക്രമേണ അവിടെ വസ്തുവഹകൾ വളരെ വർദ്ധിച്ചു. ഇപ്പോഴും ആ ദേവസ്വത്തിൽ അഭിവൃദ്ധിയല്ലാതെ ഒട്ടും ക്ഷയമുണ്ടാകുന്നില്ല. സ്ത്രീനായകത്വം സർവത്ര ദോ‌ഷകരമാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാൽ കുമാരനല്ലൂര് അത് വളരെ ഗുണപ്രദമായിട്ടാണ് കണ്ടുവരുന്നത്.


ആ ഭഗവതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ വളരെയുണ്ട്. ഇപ്പോഴും ദേവീസാന്നിദ്ധ്യം അവിടെ വിളങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു.


ദേവിയോടുകൂടി മധുരയിൽനിന്നു പോന്ന ബ്രാഹ്മണന്റെ വംശജന്മാർ ഇപ്പോഴും കുമാരനല്ലൂരുണ്ട്. അവരുടെ ഇല്ലപ്പേര് "മധുര" എന്നും അവിടെയുള്ളവരെ "മധുരനമ്പൂരിമാർ" എന്നുമാണ് പറഞ്ഞുവരുന്നത്.


ഐതിഹ്യമാലയിൽ നിന്ന്👆

Thursday, August 19, 2010

നാരായണ സൂക്തം (സ്തോത്രം)

സഹസ്രാ ശീർഷം ദേവം വിശ്വാസം വിശ്വാശംഭുവം|
വിശ്വം നാരായണം ദേവമക്ഷരം പരമം പദം|
വിശ്വതാഹ്‌ പരമം നിത്യം വിശ്വം നാരായണം ഹരീം|
വിശ്വാമെവേദം പുരുഷാസ്തദ്വിശ്വമ്പജീവതി|
പതിം വിശ്വസ്യത്മേശ്വരം സസ്വതം ശിവമച്യുതം|
നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം|
നാരായണാ പരോ ജ്യൊതിരത്മ നാരായണാ പരാഃ|
നാരായണാ പരം ബ്രഹ്മാ തത്ത്വം നാരായണാഹ്‌ പരാഃ|
നാരായണാ പരോ ധ്യാതഹ്‌ ധ്യാനം നാരായണഹ്‌ പരാഃ|‌
യഛ കിഞ്ചിത്‌ ജഗത്‌ സർവം ദ്രഷ്യതെ സ്രൂയതേപി വ||


അന്തർ ബഹിസ്ക തത്സ്വരം വ്യപ്യ നാരായണാഹ്‌ സ്തിതഃ|
ആനന്തമവ്യയം കവിം സമുദ്രെന്തം വിശ്വാ ശംഭുവം|
പദ്മ കോശാ പ്രാതീക്ഷം ഹൃദയം കപ്യധോ മുഖം|
അധൊ നിഷ്ട്യ വിതസ്ത്യന്തെ നഭ്യാമുപരി തിഷ്തതി|
ജ്വാലമലാ കുലാം ഭാതി വിശ്വസ്യയതനം മഹത്‌|
സന്താതം സിലാഭിസ്തു ലംബാത്യാ കോശാന്നിഭം|
തസ്യന്തെ സുഷിരം സൂക്ഷ്മൻ തസ്മിൻ സർവം പ്രതിഷ്ടം|
തസ്യാ മധ്യേ മഹാനഗ്നിർ വിശ്വചിർ വിസ്വതൊ മുഖ|
സോഗ്രാഭുഗ്വിഭജൻ തിസ്ഥന്നഹാരാ മാജരാഹ്‌ കാവിഃ|
ത്രിയാ ഗൂർധ്വാ മസ്ധസ്സയീ രസ്മയാതസ്യാ സന്തതാ|
സന്തപയതി സ്വം ദേഹ മപദതലാമാസ്താഗഃ|
തസ്യാ മധ്യെ വഹ്നിശിഖ ആനീയോർധ്വാ വ്യാവസ്തിതാ|
നീലാതൊയാദ മധ്യാസ്തദ്‌ വിദ്യുല്ലേഖവാ ഭസ്വരാ|
നീവാരാസൂക വത്തന്വീ പീഠ ഭസ്വത്യനൂപമ|
തസ്യാ ശിഖയാ മധ്യെ പരമാത്മാ വ്യവസ്തിതാഹ്‌|
സാ ബ്രഹ്മാ സാ സിവാഹ്‌ സാ ഹരീഹ്‌ സെന്ദ്രാഹ്‌ സോക്ഷരാഹ്‌ പരമഹ്‌ സ്വരത്‌||

ഋതം സത്യം പരം ബ്രഹ്മാ പുരുഷം ക്രിഷ്ണാ പിംഗലം|
ഓാർധ്വാരെതം വിരൂപാക്ഷം വിശ്വരൂപായാ വൈ നമൊ നമഃ||

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി|
തന്നോ വിഷ്ണുഃ പ്രചോദയാത്‌||


വിഷ്ണൊർനുകം വീര്യാണി പ്രവോചം യാഹ്‌ പാർതിവാനി രാജാംസി യൊ ആസ്കഭയാദുത്തരം സധസ്തം വിചാക്രമനസ്‌ ത്രേധോരുഗയോ വിഷ്ണുഹ്‌ രാരതമസി വിഷ്ണുഹ്‌ സ്യൂരാസി വിഷ്ണുഹ്‌ ധ്രുവംസി വൈഷ്ണവാമസി വിഷ്ണവെ ത്വ



ഓം ശാന്തി ശാന്തി ശാന്തി:

Saturday, July 24, 2010

ഹരിനാമകീർത്തനം


ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ! നാരായണായ നമഃ

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു ഹരി നാരായണായനമഃ

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമ നാരായണായ നമഃ

ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
കർപ്പോളപോലെജനനാന്ത്യേന നിത്യഗതി
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ് വരിക നായായണായ നമഃ

ണത്താരിൽ മാനിനി മണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനന്താദിഹീനനതി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാൽ വർണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദനാഥ ഹരി നാരായണായ നമഃ

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുളള ദുരിതം പാർത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്ക യെന്നടിമ നാരായണായ നമഃ

മൽ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തൽ പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയിൽ പലതു കണ്ടിട്ടുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

അൻപേണമെൻ മനസ്സിൽ ശ്രീനീലകണ്ഠഗുരു
മംഭോരുഹാക്ഷമിഹ വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലൻപോടുചേർക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീർത്തിപ്പതിന്നരുൾക! നാരായണായ നമഃ

ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളു
മർക്കേന്ദുവഹ്നികളൊടൊപ്പം ത്രിമൂർത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോർക്കായ് വരേണമിഹ നാരായണായ നമഃ

ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂഗതിക്കുവഴി നാരായണായനമഃ

ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിന്
നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിന്ന്
നാരായണാച്യുതഹരേ! എന്നതിന്നൊരുവർ
നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ

ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

ഌസ്മാമാദി ചേർ‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

ൡകാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടികേറികടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമഃ

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവ്വണ്ണനമെട്ടുമുടനെൺ‌മ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്ന നാഥ! ജയ നാരായണായ നമഃ

ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം
എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി
മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ

ഓതുന്നു ഗീതകളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്മതിനു പോരാ മനോബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
മീതേകദാപി സുഖമില്ലെന്നു തൽ‌പരിചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയിൽ നാരായണായ നമഃ

അംഭോജസംഭവനുമൻപോടുനീന്തിബത!
വന്മോഹവാരിധിയിലെന്നേടമോർത്തു മമ
വൻപേടിപാരമിവനൻ‌പോടടായ്‌വതിനു
മുമ്പേ തൊഴാമടികൾ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പിൽപ്പാടുചെന്നഥ തടുത്തോരു നാൽ‌വരെയു-
മപ്പോലെ നൗമി ഹരി നാരായണായ നമഃ

കഷ്ടം! ഭവാനേയൊരു പാണ്ഡ്യൻ ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനിതു
മോർക്കാവതല്ല ഹരി നാരായണായ നമഃ

ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരുമു-
ഹൂർത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ലനിൻ കളികളിപ്പോലെ തങ്ങളിൽ വി-
രുദ്ധങ്ങളായവകൾ നാരായണായ നമഃ

ഗർവ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
അവ്വാരിധൗ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നുമതി നാരായണായ നമഃ

ഘർമ്മാതപം കുളിർന്നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
വൃന്ദാവന്ത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു! ഹരി നാരായണായ നമഃ

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

ഛന്നത്വമാർന്ന കനൽ പോലെ നിറഞ്ഞുലകിൽ
മിന്നുന്ന നിന്മഹിമയാർക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്നഗീതകളിലും പാൽപയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ജയ ഹരി നാരായണായ നമ!

ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു-
ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ!
മോഹം നിമിത്തമതു പോകും പ്രകാരമപി
ചേതസ്സിലാക ഹരി നാരായണായ നമഃ

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടൽ
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ

ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
മേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങൾ തീർക്ക ഹരി നാരായണായ നമഃ

ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
പാർക്കുന്നതല്ല മനമാളാനബദ്ധകരി
തീൻ കണ്ടപോലെ ഹരി നാരായണായ നമഃ

ണത്വാപരം പരിചു കർമ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയിൽ‌ പരമുദിച്ചോരുബോധമനു-
ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
മുക്തിക്കുകാരണമിതേ ശബ്ദമെന്നു തവ
വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ, നാരായണായ നമഃ

ദംഭായവൻ‌മരമതിന്നുള്ളിൽനിന്നു ചില
കൊമ്പും തളിർത്തവധിയില്ലാത്ത കായ്കനികൾ
അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
നിൻ പാദഭക്തി ഹരി നാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമതി
ഒന്നല്ല കാൺകൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചു കൂടിയതു, നാരായണായ നമഃ

നന്നായ്ഗതിക്കൊരുസഹസ്രാരധാരയിലി-
തന്നീറ്റിൽ നിൻകരുണ വൻമാരി പെയുതുപുനഃ‍‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ! നാരായണായ നമഃ

പലതും പറഞ്ഞു പകൽ കളയുന്ന നാവുതവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേൾപ്പു ഹരി നാരായണായ നമഃ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടൻ-‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്ക കാലമിനി നാരായണായ നമഃ

ബന്ധുക്കളർത്ഥഗൃഹ പുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻ തത്ത്വമോർക്കിലുമി-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരി നാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നു മുഖ-
മയ്യോ കൃതാന്തനിഹ പിൻപേ നടന്നു മമ
എത്തുന്നു ദർദ്ദുരമുരത്തോടെ പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ

മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസു ദേഹങ്ങൾ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാം നിനക്കുഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നതോക്കെ ഹരി നാരായണായ നമഃ

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൗസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ

വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴു രണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രി പക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കു തക്കവഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാപിദേഹദൃഢ വിശ്വാസമോടുബത
ഭക്ത്യാകടന്നു തവ തൃക്കാൽ പിടിപ്പതിന-
യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ

ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാ‍നരംഗമതിൽ
തത്രാപിനിത്യവുമൊരിക്കാലിരുന്നരുൾക
സത്യസ്വരൂപ ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
മർത്ഥം കളത്രഗൃഹ പുത്രാദിജാലമതും
ഒക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാൽക്കൽവീണു ഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതൻ മഹിമ
അറിവായ്, മുതൽക്കരളിലൊരുപോലെ നിന്നരുളും
പരജീവനിൽ തെളിക നാരായണായ നമഃ

ളത്വം കലർന്നിതുലകാരത്തിനപ്പരി‍ചു
തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി
നിൽക്കുന്ന നാഥ! ഹരി നാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുൾ
അറിയായുമായ് വരിക നാരായണായ നാമ:

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
മൊരുപോതമായ് വരിക നാരായണായ നമഃ

മദമത്സരാദികൾ മനസ്സിൽ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും
പതിയാ ഭവാംബുധിയിൽ നാരാ‍യണായ നമഃ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ സകലസന്താപ നാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ