ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 26, 2016

ശ്രീരാമ അഷ്ടോത്തരശതനാമാവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചന്ദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേന്ദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകീവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്‍ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാന്തായ നമഃ
ഓം ശരണത്രാണതത്പരായ നമഃ
ഓം വാലിപ്രമഥനായ നമഃ
ഓം വാഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ

ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കൌസലേയായ നമഃ
ഓം ഖരധ്വംസിനേ നമഃ
ഓം വിരാധവധപണ്ഡിതായ നമഃ
ഓം വിഭീഷണപരിത്രാത്രേ നമഃ
ഓം ഹരകോദണ്ഡഖണ്ഡനായ നമഃ
ഓം സപ്തതാലപ്രഭേത്രേ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്‍പദളനായ നമഃ
ഓം താടകാന്തകായ നമഃ
ഓം വേദാന്തസാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗസ്യ ഭേഷജായ നമഃ
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ
ഓം ത്രിമൂര്‍തയേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം പുണ്യചാരിത്രകീര്‍തനായ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദണ്ഡകാരണ്യവര്‍തനായ നമഃ
ഓം അഹല്യാശാപവിമോചനായ നമഃ
ഓം പിതൃഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേന്ദ്രിയായ നമഃ
ഓം ജിതക്രോധായ നമഃ
ഓം ജിതമിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ

ഓം ഋക്ഷവാനരസംഘാതിനേ നമഃ
ഓം ചിത്രകൂടസമാശ്രയായ നമഃ
ഓം ജയന്തത്രാണവരദായ നമഃ
ഓം സുമിത്രാപുത്രസേവിതായ നമഃ
ഓം സര്‍വദേവാദിദേവായ നമഃ
ഓം മൃതവാനരജീവനായ നമഃ
ഓം മായാമാരീചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്‍വദേവസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹോദരായ നമഃ
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ
ഓം സര്‍വപുണ്യാധികഫലായ നമഃ
ഓം സ്മൃതസര്‍വൌഘനാശനായ നമഃ
ഓം ആദിപുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാപുരുഷായ നമഃ
ഓം പുണ്യോദയായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരാണപുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്രായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം പൂര്‍വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനന്തഗുണഗംഭീരായ നമഃ
ഓം ധീരോദാത്തഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശയേ നമഃ
ഓം സര്‍വതീര്‍ഥമയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുന്ദരായ നമഃ
ഓം ശൂരായ നമഃ
ഓം പീതവാസസേ നമഃ
ഓം ധനുര്‍ധരായ നമഃ
ഓം സര്‍വയജ്ഞാധിപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണവര്‍ജിതായ നമഃ
ഓം ശിവലിംഗപ്രതിഷ്ഠാത്രേ നമഃ
ഓം സര്‍വാപഗുണവര്‍ജിതായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം പരഞ്ജ്യോതിഷേ നമഃ
ഓം പരന്ധാംനേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്പരായ നമഃ
ഓം പരേശായ നമഃ
ഓം പാരഗായ നമഃ
ഓം പാരായ നമഃ
ഓം സര്‍വദേവാത്മകായ നമഃ
ഓം പരസ്മൈ നമഃ

നാനാവിധ പരിമള പത്രപുഷ്പാണി സമര്‍പയാമി!

ഗണപതിക്ക് ഏത്തമിടല്‍

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര്‍ നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ.

ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്‍കൂടി കൊണ്ടുവന്ന്‍ ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില്‍ കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട്  ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്റെ  നടുഭാഗം വളച്ചു കുനിഞ്ഞ്‌ ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടല്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. ഏത്തമിടലിന്ടെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ശരീരശാസ്ത്രമനുസരിച്ച്  ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്ടെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.

പാഞ്ചാലി (ദ്രൗപതി)


സമാനതകളില്ലാത്ത സ്ത്രീത്വം.
…………………………………………………

നമ്മൾ‍ മഹാഭാരതം വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...
പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായക്ജ്ജത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി. സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പാണ്ഡവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും. അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.

ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം. ദൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സൃഷ്ട്ടിവൈദഗ്ദ്യം.

ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിചരിച്ചവള്‍,പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.

രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും. ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയസൗധങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ ശ്രിഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.
ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്. ത്യാഗവും ,സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം . അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍. സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍. ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ? .

ശനി പ്രദോഷം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക.

ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം. അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം.

“സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌. പ്രത്യേകിച്ചും കറുത്തപക്ഷത്തില്‍ വരുന്ന ശനിപ്രദോഷം, മൗനവ്രതത്തോടെ ആചരിച്ചാല്‍ ഉല്‍ക്കൃഷ്‌ടമാണ്‌. അതുപോലെ പ്രധാനപ്പെട്ടതാണ്‌

തിങ്കള്‍ പ്രദോഷവും. കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തിയുണ്ടാകും.

വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം.പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം തീര്‍ത്ഥംപോലും സേവിക്കരുത്‌. ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. വൈകിട്ട്‌ 6-നും 6.30-നും ഇടയിലാണ്‌ പ്രദോഷാഭിഷേകം. അഭിഷേകത്തിന്‌ പാല്‍, കരിക്ക്‌, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാം.
തല്‍സമയം നടക്കുന്ന അഭിഷേകം കണ്ട്‌ തൊഴുത്‌, ദീപാരാധനയും കഴിഞ്ഞുവേണം തീര്‍ത്ഥം വാങ്ങി ഭുജിക്കാന്‍. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ചോറുവാങ്ങി ഭക്ഷിക്കാം. പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം.

പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌. പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും.

പ്രദോഷവ്രതത്തിന്റെ മഹിമ എടുത്തു കാണിക്കുന്ന ഒരു കഥ

പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരൻ. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു. ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമ ഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകൾ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങിനെ അവരുടെ ദുഃഖം ശമിച്ചു. ഒരിക്കൽ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങിനെ നടന്നു? രാജകുമാരൻ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.

  ഓം നമഃ ശിവായ

ഗുണരൂപസംസ്ഥാനം - ശ്രീമദ്‌ ദേവീഭാഗവതം. 3. 8. - ദിവസം 45.



സര്‍ഗ്ഗോ fയം കഥിത സ്താത്ത യത്പൃഷ്ടോfഹം ത്വയാfധുനാ
ഗുണാനാം രൂപ സംസ്ഥാം വൈ ശൃണഷ്വൈകാഗ്രമാനസ:
സത്വം പ്രീത്യാത്മകം ജ്ഞേയം സുഖാത് പ്രീതിസമുദ്ഭവ:
ആര്‍ജ്ജവം ച തഥാ സത്യം ശൗചം ശ്രദ്ധാ ക്ഷമാ ധൃതി:



ബ്രഹ്മാവ്‌ പറഞ്ഞു: 'സൃഷ്ടിസ്വരൂപവിവരണമാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. ഇനി ഗുണസ്വരൂപം വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. പ്രീതിയാണ് സത്വഗുണത്തിന്റെ സ്വരൂപം. സുഖമാണ് പ്രീതിക്ക് നിദാനം. ആര്‍ജ്ജവം, സത്യം, ശുചിത്വം, ക്ഷമ, ശ്രദ്ധ, ധൃതി, ദയ, ലജ്ജ, ശാന്തി, സന്തോഷം, എന്നിവയുണ്ടെങ്കില്‍ സദാ സത്വഗുണമാണ് പ്രകടമാവുന്നതെന്ന് മനസ്സിലാക്കാം. ശുഭ്രവര്‍ണ്ണമാണ് സത്വത്തിനുള്ളത്. ധര്‍മ്മത്തില്‍ നിസ്തന്ദ്രമായ താല്പര്യം, നന്മയില്‍ ശ്രദ്ധ, തിന്മയില്‍ അശ്രദ്ധ എന്നിവ സത്വഗുണലക്ഷണങ്ങളാണ്
.

ശ്രദ്ധയും സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നുവിധത്തിലാണ്. രക്തവര്‍ണ്ണമാണ് രജോഗുണസംബന്ധിയായി പറയപ്പെടുന്നത്. അപ്രീതിയും തുടര്‍ന്നുണ്ടാകുന്ന ദുഖവും രജോഗുണത്തിന്റെ ലക്ഷണങ്ങളാണ്. ദ്വേഷം, മത്സരം, ദ്രോഹം, ഡംഭ്, ഉദ്ഘണ്ഠ, നിദ്ര, എന്നിവ രാജസമായ ശ്രദ്ധയില്‍പ്പെടുന്നു. മാനം, മദം, എന്നിവയും രജസ്സിനാല്‍ സൃഷ്ടമാവുന്നു. കറുപ്പാണ് തമോഗുണത്തിന്റെ നിറം. മോഹം, ആലസ്യം, നിദ്ര, അജ്ഞാനം, ദീനത, ഭയം, ആധികള്‍, ലുബ്ധ്, തര്‍ക്കം, കുടിലത, നാസ്തിക്യം, പരദൂഷണം, എന്നിവയെല്ലാം തമോഗുണലക്ഷണങ്ങളാണ്. പരോപദ്രവപരമാണ് താമസികമായ ശ്രദ്ധ. ശുഭേച്ഛുക്കള്‍ സത്വത്തെ വര്‍ദ്ധിപ്പിക്കാനും, രജസ്സിനെ അടക്കാനും തമസ്സിനെ ഇല്ലാതാക്കാനുമുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവ എപ്പോഴും ഒരുമിച്ചാണ് നിലകൊള്ളുന്നതെങ്കിലും ഒരാളില്‍ത്തന്നെ ഈ മൂന്നുഗുണങ്ങളും പരസ്പരം പോരാടിക്കഴിയുന്നു. ത്രിഗുണങ്ങള്‍ക്ക് ഓരോന്നിനും അതതിന്റെ ശുദ്ധഭാവത്തില്‍ നിലനില്‍ക്കാനാവില്ല. അവയുടെ പരസ്പരബന്ധം എങ്ങിനെയെന്ന് അറിയുന്നതുപോലും സംസാരബന്ധത്തെ ഇല്ലായ്മ ചെയ്യാന്‍ പോന്നതാണ്. എന്റെ വാക്കുകളെ നീ സംശയിക്കേണ്ടതില്ല. എങ്കിലും അനുഭവമാണ് ജ്ഞാനം നല്‍കുന്നത് എന്നറിയുക. ആ അനുഭവങ്ങള്‍ ഫലസിദ്ധിപ്രാപിക്കുമ്പോഴേ ജ്ഞാനം സംസ്കാരമാവൂ.


ഉദാഹരണത്തിന് നല്ലൊരു തീര്‍ത്ഥസ്ഥലമുണ്ടെന്ന് രാജസബുദ്ധിയില്‍ ഒരു വാര്‍ത്ത കേട്ടുവെന്നിരിക്കട്ടെ. വേഗം തന്നെ അങ്ങോട്ട്‌ പോയി അത്  ബോദ്ധ്യപ്പെട്ടു. സ്നാനവും മറ്റും ചെയ്ത് ദാനധര്‍മ്മങ്ങളും നടത്തി കുറച്ചു നാള്‍ അവിടെ കഴിഞ്ഞു. ഉള്ളിലുള്ള കാമക്രോധാദികള്‍ ഇനിയും നശിച്ചിട്ടില്ല. നാട്ടിലേയ്ക്ക് മടങ്ങിയെത്തി വീണ്ടും പഴയപോലെ ജീവിതം നയിക്കുന്നു എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ തീര്‍ത്ഥയാത്രയില്‍ അയാള്‍ യാതൊന്നും കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല, കേട്ടിട്ടുമില്ല. കൃഷിചെയ്താല്‍ ഭക്ഷണം കഴിക്കാനുള്ള ധാന്യം ലഭിക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തീര്‍ത്ഥങ്ങള്‍ക്ക് പാപം ഇല്ലാതാക്കാനുള്ള കഴിവുണ്ട് എന്നെല്ലാവര്‍ക്കും അറിയാം.


ദേഹത്തിലെ പാപവികാരങ്ങളായ കാമക്രോധലോഭമോഹമദങ്ങളും അസൂയയും തൃഷ്ണയും അവിവേകവും, ഈര്‍ഷ്യയും സാഹസവും ഒരു മനുഷ്യനില്‍ നിന്നും നീങ്ങിയിട്ടില്ലെങ്കില്‍ അയാള്‍ പാപി തന്നെയാണ്. തീര്‍ത്ഥാടനം കൊണ്ട് അവന്റെ പാപം നീങ്ങിയില്ലെങ്കില്‍ വിത്ത്‌ കിളുര്‍ത്ത് വളര്‍ന്നു  വിളയുണ്ടാകാത്ത വയലില്‍ വൃഥാവൃത്തി ചെയ്ത കര്‍ഷകന് സമമാണ് ഈ യാത്രികന്‍. കഷ്ടപ്പെട്ട്  അദ്ധ്വാനിച്ചു നിലമൊരുക്കി കൃഷി ചെയ്ത് കര്‍ഷകന്‍ ഫലത്തിനായി കാത്തിരിക്കുന്നു. എന്നാല്‍ കര്‍ഷകന്‍ ഒന്നുറങ്ങിപ്പോയപ്പോഴെയ്ക്ക് കാട്ടുജന്തുക്കളും കൃമികീടങ്ങളും വന്ന് ആ കൃഷിയാകെ നശിപ്പിച്ചപോലെയാണ് തീര്‍ത്ഥാടനം കൊണ്ട് ദുസ്വഭാവങ്ങള്‍ക്ക് മാറ്റമുണ്ടാകാത്തവന്റെ കാര്യം.


എന്നാല്‍ നാരദാ, സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്-സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങിനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്ക്കുന്നു. അപ്പോള്‍ രജസ്-തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു. അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം  ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങിനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങിനെയാണ്. സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിനു പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്-സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.


എന്നാലും നാരദാ, ഈ ത്രിഗുണങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവയുടെ പ്രഭാവങ്ങള്‍ കാലദേശബദ്ധമാണ്താനും. രജസ്സില്ലാതെ സത്വമില്ല. അതുപോലെ തിരിച്ചും. ഇവയ്ക്ക് രണ്ടിനും നിലനില്‍ക്കാന്‍ തമസ്സും വേണം. രണ്ടു ഗുണങ്ങളെങ്കിലും ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. പരസ്പരമുള്ള ഈ ഇഴുകിച്ചേരല്‍ മറ്റു ഗുണങ്ങളെ ഉണ്ടാക്കാനും പര്യാപ്തമാണ്. സത്വത്തില്‍ നിന്നും മറ്റു രണ്ടു ഗുണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. അതുപോലെ തമോഗുണം സത്വത്തെയും രജസ്സിനെയും ഉണ്ടാക്കിയെന്നും വരാം. കേവല ജഡമായ മണ്ണ് കുടത്തെ ജനിപ്പിക്കുന്നു എന്നതുപോലെയാണത്. മൂന്നുപേര്‍ ചേര്‍ന്ന് യുക്തമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ പോലെയും, സ്ത്രീപുരുഷ സംയോഗത്താല്‍ കുഞ്ഞുണ്ടാവുന്നതുപോലെയും ഗുണങ്ങള്‍ പരസ്പരം ബുദ്ധിയുടെ തലത്തില്‍ കൂട്ടുചേര്‍ന്ന് പാരസ്പര്യത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജസ്സും സത്വവും ചേര്‍ന്നും, സത്വവും രജസ്സും ചേര്‍ന്നും, സത്വരജസ്സുകളും തമസ്സും ചേര്‍ന്നും, മൈഥുനഭാവത്തില്‍ ചേരുംപടി ചേര്‍ന്ന് കഴിയുന്നു.'


നാരദന്‍ പറഞ്ഞു: 'ഇങ്ങിനെ ഗുണങ്ങളെപ്പറ്റി അച്ഛന്‍ വര്‍ണ്ണിച്ചപ്പോള്‍ എന്നില്‍ വീണ്ടും ചോദ്യങ്ങള്‍ ഉണര്‍ന്നു പൊങ്ങിവന്നു.'   

തിരുനക്കര ദേവനും അവിടുത്തെ കാളയും


തിരുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു.

പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല.

അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ, ഒരു മാസാന്ത്യദിവസം ആ തമ്പുരാൻ പരിവാരസമേതം തൃശ്ശിവപേരൂരെത്തി. വളരെ പ്രയാസപ്പെട്ട് ഒരുവിധം കുളികഴിച്ച് പരസഹായത്തോടുകൂടി വടക്കുന്നാഥന്റെ നടയിൽച്ചെന്നു തൊഴുതുകൊണ്ട്, "അല്ലയോ ഭക്തവത്സലനായ ഭഗവാനേ! എന്റെ ഈ നിയമം മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു വളരെ സങ്കടമാണ്. ഇവിടെ വന്നു ദർശനം കഴിച്ചു പോകാൻ ഞാൻ ശക്തനല്ലാതെയും തീർന്നിരിക്കുന്നു. അതിനാൽ കഴിയുന്നതും വേഗത്തിൽ എന്നെ അവിടുത്തെ തൃപ്പാദാരവിന്ദങ്ങളിൽ ചേർത്തുകൊള്ളണേ" എന്നു പ്രാർത്ഥിച്ചു. അന്ന് അത്താഴം കഴിഞ്ഞ് തമ്പുരാൻ കിടന്നുങ്ങിയ സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, "ഇനി എന്നെക്കാണാനായി ഇങ്ങോട്ടു വന്നു ബുദ്ധിമുട്ടണമെന്നില്ല. ഞാൻതിരു"നക്കര"ക്കുന്നിൽ വന്നേക്കാം. എന്റെ പുരോഭാഗത്തു വൃ‌ഷഭനും എന്റെ പശ്ചാൽഭാഗത്ത് ഒരുവെളുത്ത ചെത്തിയും കാണപ്പെടും" എന്നു പറഞ്ഞതായി തോന്നി. ഉടനെ തമ്പുരാൻ കണ്ണു തുറന്നു നോക്കി. അപ്പോൾ ആരെയും കണ്ടില്ല. ഇതു വടക്കുന്നാഥൻതന്നെ തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചുകൊണ്ടു പിന്നെയും കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ ദേവദർശനവും ഭക്ഷണവും കഴിച്ചു തമ്പുരാൻ തൃശ്ശിവപേരൂർനിന്നു പോന്നു. മടങ്ങിപ്പോരുംവഴി തമ്പുരാൻ വൈക്കത്തു പെരുംതൃക്കോവിലപ്പനെക്കൂടി തൊഴുതിട്ടുപോരാമെന്നു വിചാരിച്ച് അവിടെയിറങ്ങി. തൊഴാനായി അമ്പലത്തിൽ ചെന്നപ്പോൾ താടിയും തലയും വളർത്തി, രുദ്രാക്ഷമാലകളും ഭസ്മവും ധരിച്ച് പരവശനായ ഒരു ബ്രാഹ്മണനെ അവിടെ ക്കണ്ടിട്ട് അദ്ദേഹം ആരാണെന്നും മറ്റും തമ്പുരാൻ അവിടെയുണ്ടായിരുന്നവരിൽ ചിലരോടു ചോദിച്ചു. അപ്പോൾ ഒരാൾ, അദ്ദേഹം ഒരു നമ്പൂരിയാണെന്നും ഇല്ലം വൈക്കത്തുതന്നെയാണെന്നും ഇല്ലപ്പേരു "പേരേപ്പറമ്പ്" എന്നാണെന്നും ദാരിദ്രദുഃഖം സഹിക്കാൻ വയ്യാതെയായിട്ടു വൈക്കത്തപ്പനെ സേവിക്കുകയാണെന്നും സംവത്സരഭജനം കഴിഞ്ഞിട്ടു രണ്ടുമൂന്നു ദിവസമായെന്നും അദ്ദേഹത്തിനു നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ലെന്നു തന്നെയല്ല, നാലഞ്ചു പെൺകിടാങ്ങളെ വേളികഴിച്ചു കൊടുക്കാൻ വൈകിയിരിക്കുന്നുണ്ടെന്നും മറ്റുമുള്ള വിവരം തമ്പുരാനെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതുകേട്ടു തമ്പുരാൻ ആ നമ്പൂരിയെ അടുക്കൽ വിളിച്ച്, "എന്റെ കൂടെ പോരാമെങ്കിൽ ഒന്നോ രണ്ടോ പെൺകൊടയ്ക്കുവേണ്ടുന്ന വക ഉണ്ടാക്കിത്തന്നേക്കാം" എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും സന്തുഷ്ടമാനസനായി ഭവിച്ച നമ്പൂരി "കല്പനപോലെ ചെയ്യാം" എന്നു പറയുകയും തമ്പുരാൻ പോന്നപ്പോൾ ഒരുമിച്ചു പോരികയും ചെയ്തു.

അന്നു തെക്കുംകൂർ രാജാക്കന്മാർക്കു രാജവാഴ്ചയുള്ള കാലമായിരുന്നു. അവരുടെ രാജധാനി അന്ന് ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു ഒരു നാഴിക വടക്കുമാറി "തളിയിൽ" എന്നസ്ഥലത്തായിരുന്നു. അതിനാൽ പേരേപ്പറമ്പ് നമ്പൂരി തെക്കുംകൂർ രാജാവിനോടുകൂടി അവിടെ വന്നു താമസിച്ചു. അങ്ങനെ താമസിച്ചിരുന്ന കാലത്തു പേരേപ്പറമ്പ് നമ്പൂരി ഒരു ദിവസം തമ്പുരാന്റെ അടുക്കൽ അറിയിച്ചുംകൊണ്ടു തിരുനക്കര സ്വാമിയാരുമഠത്തിലേക്ക് പോന്നു. സ്വാമിയാരെക്കണ്ട് തന്റെ സ്ഥിതി അറിയിച്ചാൽ വല്ലതും സഹായമുണ്ടായെങ്കിലോ എന്നു വിചാരിച്ചാണ് നമ്പൂരി പോയത്. അപ്രകാരം അദ്ദേഹം സ്വാമിയാരെക്കണ്ടു വിവരമറിയിക്കുകയും ചാതുർമ്മാസ്യം അടുത്തിരിക്കുന്നതിനാൽ നമ്പൂരി അതു കഴിഞ്ഞിട്ടു പോയാൽ മതിയെന്നും വല്ലതും സ്വല്പമായിട്ടെങ്കിലും സഹായിക്കാമെന്നും സ്വാമിയാർ അരുളിച്ചെയ്യുകയും ചെയ്തു. അതിനാൽ നമ്പൂരി അവിടെ താമസിച്ചു.

ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലം അന്നു വെറും കാടായിട്ടു കിടക്കുകയായിരുന്നു. "നക്കരക്കുന്ന്" എന്നാണ് ആ സ്ഥലത്തിന് അന്നു പേരു പറഞ്ഞുവന്നിരുന്നത്. അവിടെ ദേവസാന്നിദ്ധ്യവും ക്ഷേത്രവുമുണ്ടായതിന്റെ ശേ‌ഷമാണ് നക്കര തിരുനക്കരയായത്. നക്കര തന്നെ "നൽക്കര" ലോപിച്ചുണ്ടായതുമാണ്. സ്വാമിയാർ മഠത്തിലെ ഭൃത്യന്മാർ ആ കുന്നിൻപുറത്തു ചേന, ചേമ്പ് മുതലായവ കൃ‌ഷിചെയ്യുക പതിവായിരുന്നു. ചാതുർമാസ്യം കഴിയുന്ന ദിവസം സ്വാമിയാർ മഠത്തിൽ ചുരുക്കത്തിലൊരു സദ്യ പതിവുള്ളതിനാൽ അന്നു രാവിലെ ആ വാലിയക്കാരിൽ രണ്ടുപേർ ചേന പറിക്കാനായി ഒരു മൺവെട്ടി (തൂമ്പ) എടുത്ത് ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തപ്രവാഹമുണ്ടാവുകയും അതുകണ്ട് അവർ ഭയപ്പെട്ട് ഓടിച്ചെന്നു വിവരം സ്വാമിയാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു. സ്വാമിയാർ അതു കേട്ട് അവിടെച്ചെന്നു മണ്ണു മറിച്ചുനോക്കിയപ്പോൾ അവിടെ ഒരു ശിവലിംഗം മുളച്ചിരിക്കുന്നതായി കണ്ടു. ഇങ്ങനെ സ്വയംഭൂവായിട്ടുള്ള ബിംബം കണ്ടാൽ ഉടനെ നിവേദ്യം കഴിപ്പിക്കാഞ്ഞാൽ അതു മറഞ്ഞുപോകുമെന്നുള്ളതിനാൽ സ്വാമിയാർ സ്വാമിയാർമഠത്തിൽനിന്നു തന്നെ ഉണക്കലരി, പൂവ് മുതലായ സാധനങ്ങൾ വരുത്തി പേരേപ്പറമ്പു നമ്പൂരിയെക്കൊണ്ടു നിവേദ്യം വെപ്പിച്ച് ഉടനെ ഒരു പൂജ കഴിപ്പിച്ചു.അതിന്റെശേ‌ഷം സ്വാമിയാർ ഈ വിവരം തെക്കുംകൂർ രാജാവിന്റെ അടുക്കൽ എഴുതിയയച്ച് അറിയിക്കുകയും ചെയ്തു.

ഈ വർത്തമാനം കേട്ടപ്പോൾ തനിക്കു തൃശ്ശിവപേരൂരിൽ വെച്ചുണ്ടായ സ്വപ്നം ശരിയായല്ലോ എന്നു വിചാരിച്ച് തെക്കുംകൂർ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും അദ്ദേഹം ഉടനെ നക്കരക്കുന്നിലെത്തുകയും ചെയ്തു. തമ്പുരാൻ വന്നു നോക്കിയപ്പോൾ ശിവലിംഗവും അതിന്റെ മുൻവശത്തായി ഒരു വൃ‌ഷഭനും സ്വല്പം വടക്കോട്ടുമാറി വായുകോണിലായി ഒരു വെളുത്ത ചെത്തിയും മുളച്ചിരിക്കുന്നതായി കാണുകയും ഇതു തൃശ്ശിവപേരൂർ വടക്കുന്നാഥൻ ഇളകൊണ്ടതുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. പിന്നെ തെക്കുംകൂർ രാജാവ് അവിടെ നാലു ഗോപുരങ്ങളും മാളികയായിട്ടും കൂത്തമ്പലം മുതലായവയോടുകൂടിയും ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന ലക്ഷണങ്ങളെല്ലാമൊപ്പിച്ച് അമ്പലം പണികഴിപ്പിക്കയും നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലയ വകയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ, ദേവസ്വംവകയായി തിരിച്ചുവെക്കുകയും ചെയ്തു. അതിൻപ്രകാരം അവിടെ പ്രതിദിനം അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടിൽ തുലാം, മീനം, മിഥുനം ഈ മാസങ്ങളിലായി മൂന്നുൽസവങ്ങളും പതിവായിത്തീർന്നു. ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്നവയെല്ലാം ഈ ക്ഷേത്രത്തിലും ആ തമ്പുരാൻ ഏർപ്പെടുത്തി. അങ്ങനെ തിരുനക്കരക്ഷേത്രം പ്രസിദ്ധമായിത്തീരുകയും ചെയ്തു. അവിടെ പേരേപ്പറമ്പു നമ്പൂരിയെത്തന്നെ ശാന്തിക്കാരനാക്കി. ചെങ്ങഴശ്ശേരി, പുന്നശ്ശേരി ഇങ്ങനെ രണ്ടില്ലങ്ങളിലുള്ള മൂത്തതിന്മാരെ ദേവന്റെ പരിചാരകപ്രവൃത്തികൾക്കും സ്വാമിയാർമഠത്തിലെ വാലിയക്കാരായിരുന്ന നെടുമങ്ങാടൻ, പാലക്കോടൻ എന്നിവരുടെ തറവാട്ടേക്കു ക്ഷേത്രത്തിൽ വിളക്കെടുപ്പും നെല്ലുകുത്തും നടത്തുന്നതിനുള്ള സ്ഥാനം കൊടുത്ത് അവരെ ആ വകയ്ക്കും നിയമിക്കുകയും ചെയ്തു.

ഇത്രയൊക്കെക്കഴിഞ്ഞപ്പോൾ ഈ ദിക്കുകാർക്ക് ഒരു വലിയഉപദ്രവം നേരിട്ടു. തിരുനക്കര ദേശത്തും അടുത്ത പ്രദേശങ്ങളിലും നെല്ലോസസ്യാദികളോ കൃ‌ഷി ചെയ്താൽ എല്ലാം രാത്രികാലങ്ങളിൽ ഒരു വെള്ളക്കാള വന്നു വേലി പൊളിച്ച് അകത്തുകടന്നു തിന്നു നശിപ്പിച്ചുതുടങ്ങി. ഈ കാള ആരുടെയാണെന്നും എവിടെ നിന്നുവരുന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ആർക്കും നിശ്ചയമില്ല! അവനെ പിടിക്കാൻ കിട്ടുകയുമില്ല. നല്ല നിലാവുള്ള കാലത്തു ദൂരെനിന്നു നോക്കിയാൽ അവൻ നിന്നു തിന്നുന്നതുകാണാം.ആളുകൾ അടുത്തു ചെല്ലുമ്പോൾ എങ്ങനെയോ അവൻ ചാടിപ്പൊയ്ക്കളയും. ഇങ്ങനെയായിട്ടു ജനങ്ങൾ വളരെ ക ഷ്ടപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ നല്ല നിലാവുള്ള കാലത്തു തിരുനക്കരെനിന്ന് ഏകദേശം രണ്ടു നാഴിക പടിഞ്ഞാറ് "വേളൂർ" എന്ന ദേശത്ത് ഒരു കണ്ടത്തിൽവെച്ച് ഒരു പറയൻ ഈ കാളയെ കല്ലെടുത്തെറിയുകയും മറ്റും ചെയ്തു. ആ രാത്രിയിൽത്തന്നെ ഒരു കാള തന്റെ അടുക്കൽ വന്ന് "അങ്ങ് ദേവനു വേണ്ടുന്നതെല്ലാം പതിവുവെച്ചല്ലോ.എനിക്കെന്താണ് പതിവൊന്നും വെക്കാഞ്ഞത്? ഞാൻആ ദേവന്റെ വാഹനമാണല്ലോ. ഞാൻകണ്ടവരുടെ വിളവുകൾ കട്ടുതിന്നു കാലം കഴിക്കേണ്ടതായിവന്നുവല്ലോ. അതു നിമിത്തം ഞാനിന്ന് ഒരു പറയന്റെ ഏറുകൊള്ളേണ്ടതായിട്ടും വന്നു. ഇതു വലിയ സങ്കടം തന്നെ" എന്നു പറഞ്ഞതായി തെക്കുംകൂർ രാജാവിന് ഒരു സ്വപ്നമുണ്ടായി. ഇതിനെക്കുറിച്ചു തമ്പുരാൻ പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ സ്വപ്നത്തിൽ കാണപ്പെട്ട കാള തിരുനക്കരദ്ദേവന്റെ കാളതന്നെ ആണെന്നും അതിനുകൂടി പതിവായി നിവേദ്യത്തിൽ ഒരു വഹ വെയ്ക്കേണ്ടതാണെന്നും വിധിക്കുകയും കാളയെ വേളൂരുവെച്ച് ഒരു പറയൻ കല്ലെടുത്തെറിഞ്ഞ വിവരം അറിയുകയും ചെയ്യുകയാൽ തമ്പുരാൻ, വേളൂർവെച്ചു കാള ഏതു നിലത്തിൽനിന്നു തിന്നപ്പോൾ ഏറു കൊണ്ടുവോ ആ നിലം ആ വൃ‌ഷഭന്റെ നിവേദ്യംവകയ്ക്കാക്കി ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. ആ നിലത്തിന് ഇപ്പോഴും "കാളക്കണ്ടം" എന്നാണ് പറഞ്ഞുവരുന്നത്. ഇപ്രകാരം തെക്കുംകൂർ രാജാവ് തിരുനക്കരക്ഷേത്രത്തിനു വേണ്ടുന്ന പു ഷ്ടികളെല്ലാം വരുത്തുകയും അവിടെ തന്റെ തിങ്ങൾഭജനം നിർവിഘ്നമായി നടത്തിക്കൊണ്ടു തന്നെയിരിക്കുകയും അതിനു മുടക്കം വരാതെ അദ്ദേഹം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.

തിരുനക്കരദ്ദേവന്റെ ചൈതന്യവും പ്രസിദ്ധിയും അസാമാന്യമായി വർദ്ധിക്കുകയാൽ അവിടെ അവസാനമില്ലാതെ വഴിപാടുകൾ വന്നുതുടങ്ങി. പ്രതിദിനം അഞ്ചുമാറും ചതുശ്ശതവും എട്ടും പത്തും പന്തിരുനാഴിയും മറ്റുമുണ്ടായിത്തുടങ്ങിയതിനാൽ ശാന്തിക്കു തന്നെക്കൊണ്ടു മതിയാകാതെ വരികയാൽ പേരേപ്പറമ്പു നമ്പൂരി തിരുനക്കരെനിന്നു മൂന്നു നാഴിക കിഴക്കു "മാങ്ങാനം" എന്ന ദേശത്തുള്ള "മടപ്പള്ളി" എന്നില്ലപ്പേരായ ഒരു നമ്പൂരിയെക്കൂടി കീഴ്ശാന്തിയായിച്ചേർത്തു. അങ്ങനെ രണ്ടുപേരും കൂടി ശാന്തി കുറച്ചുകാലം ശാന്തി നടത്തിയപ്പോഴേക്കും അതുകൊണ്ടുണ്ടായ സമ്പാദ്യം നിമിത്തം പേരേപ്പറമ്പു നമ്പൂരിയുടെ ദാരിദ്രം അശേ‌ഷംനീങ്ങുകയും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹം ശാന്തി മടപ്പള്ളിനമ്പൂരിയെത്തന്നെ ഏൽപ്പിച്ചിട്ടു വൈക്കത്തുതന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. എങ്കിലും ആ ഇല്ലത്തുനിന്ന് ഒരാൾ മാസത്തിലൊരിക്കൽ തിരുനക്കരെ വന്ന് ഒരു ദിവസം ഒരു പന്തീരടിപ്പൂജ കഴിക്കുക പതിവാണ്.അതിപ്പോഴും നടത്തിവരുന്നുണ്ട്.

മടപ്പള്ളി നമ്പൂരി ശാന്തികഴിച്ചുകൊണ്ടിരുന്ന കാലത്തും മുൻ പതിവനുസരിച്ച് ശീവേലികൾക്ക് എഴുന്നള്ളിക്കുക മൂത്തതിന്മാരായിരുന്നു. എന്തോ കാരണവശാൽ തെക്കുംകൂർ രാജാവിന് ഒരു മൂത്തതിന്റെപേരിൽ വിരോധം ജനിക്കുകയാൽ ആ മൂത്തതിനെ വെടിവെച്ചുകൊന്നു കളയുന്നതിനു രാജഭടന്മാർക്ക് കല്പനകൊടുത്തു. അവർ മൂത്തതെന്നു വിചാരിച്ച് മടപ്പള്ളി നമ്പൂരിയെ വെടിവെച്ചുകൊന്നു. അതിനാൽ ആ നമ്പൂരിയുടെ അന്തർജനം തിരുനക്കര നടയിൽവെച്ചു പ്രാണത്യാഗം ചെയ്തു കളഞ്ഞു. അതോടുകൂടി ആ നമ്പൂരിയുടെ ഇല്ലം അന്യം നിൽക്കുകയും ചെയ്തു. അന്നുമുതൽ തിരുനക്കരെ മതിൽക്കകത്ത് അന്തർജനങ്ങൾ കടന്നു കൂടെന്നും മൂത്തതിന്മാർ എഴുന്നള്ളിച്ചുകൂടെന്നും ഏർപ്പാടു വെയ്ക്കുകയും ചെയ്തു. അതു രണ്ടു കൂട്ടവും ഇവിടെ പതിവില്ല. തിരുനക്കരദ്ദേവന്റെ കാളയ്ക്കു ചില കാലങ്ങളിൽ നീര് (വലിയ കുരു) ഉണ്ടായിപൊട്ടുമെന്നും അതു രാജ്യത്തു വലിയ ആപത്തുണ്ടാകുന്ന കാലങ്ങളിലാണ് പതിവെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. മഹാരാജാക്കന്മാർ നാടുനീങ്ങിയതായ 933, 973, 986, 1004, 1004, 1022, 1036, 1055 ഈ ആണ്ടുകളിൽ ഈ കാളയ്ക്കു നീരുണ്ടാവുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ നീരുണ്ടാകുന്ന കാലങ്ങളിൽ ദോ‌ഷപരിഹാരാർഥമായി ഈ ക്ഷേത്രത്തിൽ വിശേ‌ഷാൽ ചില അടിയന്തിരങ്ങൾ പതിവുണ്ട്. ആ വകയ്ക്ക് ആയിരത്തിച്ചില്വാനം പണം വീതമാണ് സർക്കാരിൽനിന്നു ചെലവു ചെയ്തുവന്നത്. ജനങ്ങൾക്ക് പരി‌ഷ്കാരവും ആ പതിവ് ഇപ്പോഴില്ല. ഈവക സംഗതികളിൽ വിശ്വാസമില്ലായ്കയും പൊട്ടുകയുമൊന്നും പതിവില്ല. ഇനിയുള്ള കാലത്ത് അതൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല.