ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 3, 2017

ക്ഷേത്രവാദ്യ പ്രവൃത്തികൾ


നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു, മിക്കവാറും ക്ഷേത്രങ്ങളിൽ അതിനോടൊപ്പം തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും , അവ എന്തൊക്കെയാണ് എന്തിനാണ് എന്ന് നോക്കാവുന്നതാണ്.
സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ ശംഖ് ഇടയ്ക്ക തിമില ചെണ്ട മദ്ദളം ഇലത്താളം കൊമ്പ് ചേങ്കില മരപ്പാണി എന്നിവയാണ് ഇവയിൽ തന്നെ ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും ഉണ്ട്, ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു, ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു (വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആസുരം വാദ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്)  ഇടയ്ക്ക ശംഖ് തിമില മദ്ദളം വീക്കൻചെണ്ട(ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം  ദേവവാദ്യങ്ങൾ ആണ് , ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്തിൽ ചെണ്ടയാണ്‌ അസുരവാദ്യം
ക്ഷേതത്തിനകത്തു ഏറ്റവും അധികം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ശംഖ് ഇടയ്ക്ക എന്നിവയാകും, ഇവയുടെ പ്രാധാന്യം നോക്കാം



ശംഖ്

ഭഗവാനെ പുലർച്ചെ പള്ളിയുണർത്തുന്നത് മുതൽ രാത്രി നട അടയ്ക്കുന്നത് വരെ ശംഖ് ഉപയോഗിക്കുന്നു
ശംഖിനു ഓംകാര നാദമാണ് മംഗളധ്വനിയാണ് ഭഗവാന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി ശംഖ് മുഴക്കുന്നു, പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ പൂജകളുടെയുംനിവേദ്യം കൊണ്ടുവരുമ്പോൾ, സന്ധ്യ വേലയ്ക്കു(ദീപാരാധന) അത്താഴപൂജ നിവേദ്യസമയം ,തൃപ്പുക(രാത്രി ഭഗവാന്റെ നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്

പള്ളിയുണർത്തൽ -9

അഭിഷേകം - 3

നിവേദ്യം -3

ദീപാരാധന - 9

തൃപ്പുക - 3

എന്നീ എണ്ണങ്ങൾ ആണ് ശംഖിൽ മുഴക്കേണ്ടത്

ക്ഷേത്രപ്രവൃത്തിയുടെ ബന്ധപ്പെട്ടവർ ശംഖ്ന്റെ നാദം കേട്ട് ക്ഷേത്രത്തിനകത്തു എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാം



ഇടയ്ക്ക

സംഗീതാത്മകമായ ഉപകരണം ആണ് ഇടയ്ക്ക, ക്ഷേത്രത്തിലെ നട അടച്ചുള്ള പൂജകൾക്കും ദീപാരാധനയ്ക്കും ഇടയ്ക്ക ഉപയോഗിക്കുന്നു, ഇടയ്ക്കയിൽ കൊട്ടി താളം പിടിച്ചാണ് സോപാനസംഗീതം ആലപിക്കുക, ഇടയ്ക്കയിൽ പ്രത്യകം വായ്ത്താരികൾ നിശ്ചയിച്ചിട്ടുണ്ട്, ഓരോ പൂജയ്ക്കും ഇന്ന വായ്ത്താരി(ഇടയ്ക്കാകൂറ്) വേണം എന്ന് നിർബന്ധമുണ്ട് പ്രദോഷപൂജ ഉൾപ്പടെ..


തിമില & വീക്കൻ ചെണ്ട

തിമില ക്ഷേത്രത്തിനകത്തു ശ്രീഭൂതബലിക്കും വിശേഷാൽ പഞ്ചവാദ്യങ്ങൾക്കും ഉപയോഗിക്കുന്നു, ശ്രീഭൂതബലിക്കു കൊട്ടുവാനുള്ള എണ്ണം വായ്ത്താരി എന്നിവ താളമാക്കി വച്ചിരിക്കുന്നത് തിമിലയിലും വീക്കൻ ചെണ്ടയിലും ആണ് , ശ്രീഭൂതബലിക്കു തന്ത്രി തൂവുന്നത് അനുസരിച്ചാണ് കൊട്ടുന്ന എണ്ണവും,


ചേങ്കില

ചേങ്കില സോപാന സംഗീതത്തിനും , ചെറിയ കലശങ്ങൾ എഴുന്നള്ളിക്കാനും ദേവനെ പുറത്തേക്കു എഴുന്നള്ളിക്കാനുംരൂപം ചെയ്തിരിക്കുന്ന പാണിവാദനം എന്ന ചടങ്ങിനും ഉപയോഗിക്കുന്നു, തിമിലയും ചേങ്കിലയും കൂടെ കൂട്ടുന്നതാണ് പാണി, ചെറിയ പാണി അല്ലെങ്കിൽ തിമിലപാണി എന്ന് പറയുന്നു, ശ്രീഭൂതബലിക്കും ചേങ്കില ഉപയോഗിക്കുന്നു


മദ്ദളം

പഞ്ചവാദ്യത്തിൽ തിമിലയോടൊപ്പം കൊട്ടുന്ന വാദ്യം


ചെണ്ട

ക്ഷേത്രത്തിനകത്തു കലശം നടക്കുമ്പോൾ കലശ പൂജ കലശാഭിഷേകം എന്നി ചടങ്ങുകൾക്ക് മാത്രം അസുരവാദ്യമായ ചെണ്ട ഉപയോഗിക്കുന്നു, ചെണ്ടയിൽ വിവിധ മേളങ്ങൾ കൊട്ടമെങ്കിലും, ചെമ്പട എന്ന മേളം ആണ് ക്ഷേത്രത്തിനകത്തു കൊട്ടുക


ഇലത്താളം, കുഴൽ &കൊമ്പ്

മേളങ്ങളുടെ , പഞ്ചവാദ്യത്തിന്റെ അകമ്പടി വാദ്യങ്ങൾ , ഇവകൂടി ഉണ്ടായാലേ മേളം പഞ്ചവാദ്യം ഭംഗിയാകൂ, ഇവയ്‌ക്കെല്ലാം പ്രത്യകം താളം രാഗം എന്നിവയുണ്ട്


മരപ്പാണി

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ദേവവാദ്യം, ഉത്സവബലി , വലിയ കലശങ്ങൾ എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുന്നു, കൃത്യമായ എണ്ണവും കണക്കും ആണ് ഇതിന്റെ സവിശേഷത, മരപ്പാണിയിൽ കൊട്ടുന്നതും തന്ത്രി ദേവനെ ആവാഹിക്കുന്നതും ഒരേ കണക്കിൽ ആണ്, പാണിയിൽ പിഴച്ചാൽ കോണി എന്നൊരു ചൊല്ല് തന്നെ ഉണ്ട്

ഇവയെല്ലാമാണ് പ്രധാന ക്ഷേത്രപ്രവൃത്തി വാദ്യങ്ങൾ, ദേവനെ എഴുന്നള്ളിക്കുമ്പോൾ മേളം പഞ്ചവാദ്യം എന്നിവയോടെ അകമ്പടി സേവിച്ചു ദേവനെ പ്രീതിപ്പെടുത്തണം.വാദ്യങ്ങൾ കൂടി ഉണ്ടെങ്കിലേ കർമ്മം പൂർത്തിയാവുകയും ദേവനെ സർവ്വവിധരീതിയിൽ സന്തോഷിപ്പിക്കാൻ സാധിക്കൂ  എന്നും ആചാരം ഉണ്ട്.. 


നമ്മുടെ ക്ഷേത്രവാദ്യങ്ങളുടെ പ്രത്യകത എന്തെന്നാൽ വിവിധ ശബ്ദമുള്ള വിവിധ രൂപമുള്ള വാദ്യങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കുമ്പോൾ അതിമനോഹരമായ ശ്രവ്യസുഖം കിട്ടുന്നു എന്നതാണ്, അവിടെയാണ് വാദ്യങ്ങളുടെ കണക്കും ചിട്ടയുടെയും മഹിമ ക്ഷേത്ര ത്തിനകത്തു ഉപയോഗിക്കുന്ന വാദ്യങ്ങളും അവയുടെ ആവശ്യവും ഓരോ ഭക്തനും മനസ്സിലാക്കേണ്ടതാണ്

ഭൂശുണ്ടന്‍ എന്ന് പേരായ ഒരു കാക്കയുടെ കഥ - പുരാണകഥകൾ


യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 340 [ഭാഗം 6. നിര്‍വാണ പ്രകരണം]
സ യഥാ ജീവതി ഖഗസ്തഥേഹ യദി ജീവ്യതേ
തദ്ഭവേജ്ജീവിതം പുണ്യം ദീര്‍ഘം ചോദയമേവ ച (6/14/11)


വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവും അവിച്ഛിന്നവുമായ ബോധത്തിന്റെ ഒരു മൂലയിലായി മരുമരീചികയായി പ്രത്യക്ഷലോകം നിലകൊള്ളുന്നു എന്നപോലെയാണ് കാര്യങ്ങള്‍. ഈ ലോകത്തിന്റെ കാരണമായ, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് താമസിക്കുന്നതവിടെയാണ്. ആ ബ്രഹ്മാവിന്റെ മാനസപുത്രനാണ് ഞാന്‍. ഒരിക്കല്‍ ഞാന്‍ ഇന്ദ്രന്‍ വാഴുന്ന സ്വര്‍ഗ്ഗരാജ്യത്തുള്ളപ്പോള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നവരെപ്പറ്റി നാരദാദി മുനിമാര്‍ പറയുന്ന ചില കഥകള്‍ കേട്ടിരുന്നു.


സംസാരമദ്ധ്യേ സതതപന്‍ എന്നുപേരായ ഒരു മാമുനി ഇങ്ങിനെ പറഞ്ഞു: മേരുപര്‍വ്വതത്തിന്റെ ഒരു കോണില്‍ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്ന ഒരു മരമുണ്ട്. കൂടം എന്നാണതിന്റെ പേര്. അതിന്റെ ഇലകള്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ളവയാണ്. ആ മരത്തിന്റെ ഒരു ചില്ലയില്‍ ഭൂശുണ്ടന്‍ എന്ന് പേരായ ഒരു കാക്ക നിവസിക്കുന്നുണ്ട്. ഭുശുണ്ടന്‍ എല്ലാവിധ ആസക്തികള്‍ക്കും വിരക്തികള്‍ക്കും അതീതനായി കഴിഞ്ഞുവന്നു. ആ കാക്കയെക്കാള്‍  ആയുസ്സുള്ളതായി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ആരും ഉണ്ടായിരുന്നില്ല. ദീര്‍ഘായുസ്സ് മാത്രമല്ല, അയാള്‍ പ്രബുദ്ധനും പ്രശാന്തനുമായിരുന്നു താനും.


“അയാളെപ്പോലെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കാനാവുമെങ്കില്‍ അത് അതിപ്രശംസനീയവും പുണ്യപ്രദവും ആയിരിക്കും.” ഞാനീ വാക്കുകള്‍ കേട്ട് വളരെയധികം പ്രചോദിതനായി. ഉടനെതന്നെ ഞാന്‍ കാകഭുശുണ്ടനെ കാണാന്‍ പുറപ്പെട്ടു. അദ്ദേഹം ജീവിച്ചിരുന്ന മേരുപര്‍വ്വതത്തില്‍ ക്ഷണത്തില്‍ ഞാനെത്തിച്ചേര്‍ന്നു.യോഗാഭ്യാസത്തിലൂടെ തന്റെ സുഷുമ്നാനാഡിയുടെ (മേരുവെന്നും ഇതിനു പേരുണ്ട്) അഗ്രത്തുള്ള ശിരോമകുടത്തിലെ ചക്രം ഉണര്‍ന്ന യോഗിയുടെ മുഖപ്രസാദം പോലെ ആ പര്‍വ്വതം ശോഭായമാനമായിരുന്നു.


മേരുപര്‍വ്വതശിഖരം സ്വര്‍ഗ്ഗംവരെ ഉയര്‍ന്നു നിന്നു. ഇലകളും പൂക്കളും രത്നങ്ങളെപ്പോലെ തിളങ്ങുന്ന കൂടമരം ആകാശംമുട്ടെ വളര്‍ന്ന് അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അതില്‍ നിവസിക്കുന്ന യക്ഷകിന്നരന്മാര്‍ തങ്ങളുടെ മധുരാലാപനംകൊണ്ട് അവിടമാകെ മുഖരിതമാക്കിയിരുന്നു. പൂര്‍ണ്ണപ്രബുദ്ധരായ മാമുനിമാര്‍ അവരവര്‍ക്കിഷ്ടപ്പെട്ട രൂപഭാവങ്ങളില്‍ ആ മരത്തില്‍ നിവസിച്ചിരുന്നു. അളക്കാന്‍ വയ്യാത്തത്ര വലുപ്പത്തിലുള്ള ഒരു വന്മരമായിരുന്നു അത്. പലജാതി പക്ഷികള്‍ അതില്‍ പാര്‍ത്തിരുന്നു. ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും അതിലുണ്ടായിരുന്നു. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള പക്ഷി, ശുകന്‍ അതിലുണ്ടായിരുന്നു. അഗ്നിദേവന്റെ വാഹനമാണ് ശുകന്‍. ഭഗവാന്‍ കാര്‍ത്തികേയന്റെ വാഹനമായ മയിലും അവിടെയുണ്ടായിരുന്നു. ഭരദ്വാജന്‍ എന്ന പക്ഷിയും മറ്റു കിളികളും അവിടെയുണ്ട്.


ആ മരത്തില്‍ ദൂരത്തായി ഞാന്‍ കുറെ കാക്കകളെയും കണ്ടു. അക്കൂട്ടത്തില്‍ കാകഭുശുണ്ടന്‍ പ്രശാന്തനായി ഇരിക്കുന്നു. അദ്ദേഹം സ്വയാര്‍ജ്ജിതമായ പ്രഭാപൂരത്തോടെ സുന്ദരനായി അവിടെ നിന്നു. അനേകം യുഗങ്ങള്‍ താണ്ടിയ ജീവിതമാണ് ദീര്‍ഘായുസ്സായ കാകഭുശുണ്ടന്‍റെത്‌. അതിനാല്‍ ഏറെ യുഗങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്നവരെപ്പറ്റിപ്പോലും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നിശ്ശബദനായിരുന്നു. ‘ഞാന്‍, എന്റെ, തുടങ്ങിയ ഭാവങ്ങള്‍ ഇല്ലാത്ത ഭുശുണ്ടന്‍ എല്ലാവര്‍ക്കും സുഹൃത്തും ബന്ധുവും ആയിരുന്നു.

കൈലാസം

Image result for Adi Kailash
ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്‍ത്തിയായ ശിവന്‍ പത്നിയായ പാര്‍വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം.. കൈലാസവും അനുബന്ധപ്രദേശങ്ങളായ മാനസ്സസരസ്സും ഇപ്പോള്‍ ചൈനയുടെ ഭാഗമാണ്.. 


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയെട്ടും മനുഷ്യരാല്‍ കീഴടക്കുവാന്‍ പറ്റാത്ത ഏക-കൊടുമുടി എന്ന ഒരു വിശേഷണവും കൈലാസത്തിനുണ്ട്. അനുനിമിഷം മാറിമാറിവരുന്ന പ്രകൃതി, കാലാവസ്ഥ –ഭൂമിശാസ്ത്ര,ഭൌതിക-ആത്മീയതലത്തിലുള്ള പ്രതിബന്ധങ്ങള്‍ എന്നും മനുഷ്യരാല്‍ കീഴടക്കുവാന്‍ പറ്റാത്ത ഗിരിശിഖരമായി കൈലാസത്തെ ഇപ്പോഴും നിലനിര്‍ത്തുന്നു.. മുന്കൂകട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ സഞ്ചാരികള്‍ക്ക് പോലും അവിടം സന്ദര്ശി‍ക്കുവാന്‍ അനുവാദമുള്ളൂ.. അതുമാത്രമല്ല കൈലാസപര്‍വ്വതതത്തിന് മുകളില്‍ ചുറ്റുമുള്ള ഏതാനും കിലോമീറ്റര്‍ വ്യോമപരിധിയില്‍ പറക്കല്‍ നിരോധിത മേഖലയായി (NO FLY ZONE) ചൈനീസ്‌ ഗവണ്മെന്‍റ് പ്രഖ്യാപിച്ചിട്ടുമുണ്ട്..


കൈലാസത്തെ ചുറ്റിപറ്റിയുള്ള നിഗൂഡതകളിലേക്ക്..
കൈലാസത്തെയും മാനസ്സസരസ്സിനെയും ചുറ്റി എന്തോ ഒരു അജ്ഞാതശക്തി മറഞ്ഞിരിക്കുന്നതായി സമീപത്തുള്ള ടിബറ്റന്‍ ഗൈഡുകളും തദ്ദേശിയരായ ഗ്രാമവാസികളും വിശ്വസിക്കുന്നു.. സാങ്കല്‍പ്പിക -കഥകളും ധാരാളമുണ്ട്.. അതിലൊന്നാണ് തിരിച്ചറിയപെടാത്തതും,തിളക്കമുള്ളതും,സ്വയം പ്രകാശം പരത്തി സഞ്ചരിക്കുന്നതുമായ ചില വസ്തുക്കളുടെ (UFO- അണ്‍-ഐടെന്‍റിഫൈഡ്-ഫ്ലയിംഗ് ഒബ്ജെറ്റ്സ്) സാമിപ്യം.. പകലും രാത്രികാലങ്ങളിലും അവയുടെ സാമിപ്യം നേരിട്ട് കണ്ടവരായ തദ്ദേശഗൈഡുകള്‍.. ടിബറ്റന്‍ ലാമ-മാര്‍ തുടങ്ങിയവര്‍ ചോദിച്ചാല്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് കഥകള്‍ പറഞ്ഞു തരും.. ചുരുക്കംപറഞ്ഞാല്‍ ബാഹ്യപ്രാപഞ്ചിക ശക്തികളുടെ വിഹാരകേന്ദ്രമാണവിടം എന്ന് സാരം.. ചില സംഭവങ്ങള്‍ ചൈനീസ്‌ അധികൃതര്‍ സ്ഥിരികരിക്കുകയും അന്വേഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ‌ ചെയ്തിരുന്നു.. ഇനി ആത്മീയതലത്തില്‍ ചിന്തിക്കുമ്പോള്‍ യക്ഷ-കിന്നര-ഗന്ധര്‍വ്വകളടക്കം-സര്‍വ്വ ഭൂതഗണങ്ങളുടെയും നാഥനാണ് ശിവന്‍.. അപ്പോള്‍ അവയുടെ സാമിപ്യം അവിടെ കൈലാസത്തില്‍ അനുഭവപ്പെട്ടെ തീരു.. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ ആ ഒരു ബന്ധം നമുക്കിതില്‍ കാണാന്‍ കഴിയും..


കൈലാസ - മാനസസരോവര തീര്‍ത്ഥാടനസമയത്താകെയും കൈലാസത്തില്‍ നിന്നും എന്തോ ഒരു പ്രത്യേകതരത്തിലുള്ള ഊര്‍ജ്ജ പ്രഭാവം ചുറ്റുപാടും ശരീരത്തും അനുഭവപെടുന്നതായി ഒരുകൂട്ടം യാത്രികര്‍ പറഞ്ഞിരിക്കുന്നു. തീര്‍ത്ഥാടനസമയത്ത് മഴയും മഞ്ഞും ഹിമക്കാറ്റും പ്രകൃതി ഒരുക്കുന്ന ദുര്‍ഘടങ്ങള്‍ അല്ലാതെ ശരീരത്ത് വേറെയും ചില മാറ്റങ്ങള്‍ സംഭവിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. അതിലൊന്നാണ് ത്വരിത ഗതിയില്‍ വളരുന്ന മുടിയും കൈ-കാല്‍ നഖങ്ങളും.. സാധാരണ വളരുന്നതിലും വേഗത്തില്‍ ആണ് ആ ഈ വളര്‍ച്ച (Rapid Aging).. നിശ്ചിത അളവില്‍ അപകടകരമായ വികിരണസാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇങ്ങനെ സംഭാവിക്കാറുള്ളതെന്നു വിദഗ്ദര്‍ പറയുന്നു.. കൈലാസത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ അതിന്‍റെ ഘടന തന്നെ കൂറ്റന്‍ ആണവനിലയത്തോട് സമം ആണ് താനും.. ചില സമാനതകള്‍ കൈലാസനാഥനായ ശിവനില്‍ ഉണ്ട്.. ശിവനാമമായ നടരാജന്‍ തന്നെ ഉദാഹരണം നടരാജന്‍-The Cosmic Dancer...!! പ്രകൃതിയിലുള്ള ഒരു തരം ഊര്‍ജ്ജരൂപമാണ് കോസ്മിക് എനര്‍ജ്ജി (Cosmic energy - High Energy Radiation). ഒരു പക്ഷെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന അനുഭവപെടുന്ന ബാഹ്യമോ ആന്തരികമോ ആയ എനര്ജ്ജി ആകാം അത്.. അപ്പോള്‍ Cosmic Rays..? പക്ഷെ കൈലാസത്തില്‍ യാതൊരു തരത്തിലുള്ള അണുവികിരണ സാധ്യത ഇനിയും ശാസ്ത്രീയമായി സ്ഥിരികരിച്ചിട്ടില്ല..!!


തീര്‍ത്ഥാടനപാതയില്‍ കൈലാസത്തോട് ചേര്‍ന്ന് രണ്ടു തടാകങ്ങളും സ്ഥിതിചെയ്യുന്നു മാനസസരസ്സും രാക്ഷസ്താളും.. പലകാര്യങ്ങളിലും വ്യത്യാസമുണ്ട് മാനസസരസ്സും രാക്ഷസ്താളും തമ്മില്‍.. രണ്ടും ശുദ്ധജല തടാകമാണെങ്കിലും മാനസസരസ്സില്‍ പക്ഷികളും അരയന്നങ്ങളും മത്സ്യങ്ങളും മറ്റു ജലജീവികളും വസിക്കുമ്പോള്‍ രാക്ഷസ്താള്‍ തടാകത്തില്‍ ക്ഷാരഗുണം കൂടുതലുള്ളതിനാല്‍ ജൈവവൈവിധ്യങ്ങള്‍ ഒന്നും പ്രവേശിക്കാതെ തടാകമാകെ വിജനമായി കിടക്കുന്നു.. എന്തോ ഒരു നെഗറ്റിവ് എനര്‍ജ്ജി രാക്ഷസ്താളിനെ ചുറ്റിപറ്റി നിലനില്ക്കുന്നുവെന്നുള്ള വിശ്വാസത്താല്‍ തീര്‍ത്ഥാടകര്‍ ഈ പ്രദേശം സന്ദര്ശനത്തില്‍ നിന്ന് ഒഴിവാക്കുന്നു..പൗര്‍ണ്ണമി നാളുകളില്‍ തോഴിമാരായ അപ്സരസ്സുകളോടൊപ്പം ശ്രീ പാര്‍വ്വതി മാനസസരസ്സില്‍ നീരാടാനെത്തുമെന്നു വിശ്വാസമുണ്ട്‌..
അറിഞ്ഞതിലുമപ്പുറം നിഗൂഡതകള്‍ ഇനിയും കൈലാസത്തെ വിട്ടുമാറാതെ നില്ക്കുന്നുവെങ്കിലും തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പര്യവേഷകര്‍ക്കും പ്രിയ്യപ്പെട്ട മറ്റൊരിടം എന്ന് വേണമെങ്കില്‍ കൈലാസത്തെ ഇനിയുമിനിയും വിശേഷിപ്പിക്കാം


ഓം നമ ശിവായ:

Sunday, April 2, 2017

സ്ത്രീകളുടെ ഐക്യം സമൂഹത്തെ മാറ്റിമറിക്കും - ശുഭചിന്ത


അമൃതവാണി
സ്ത്രീ ദുര്‍ബലയാണ്’ എന്ന് നമ്മള്‍ വളരെക്കാലമായി കേള്‍ക്കുന്നു. ഇതില്‍ വല്ല അര്‍ഥവുമുണ്ടോ? പണ്ടുമുതല്‍ മറ്റൊരു സങ്കല്‍പം കൂടിയുണ്ട്. ദുര്‍ബലയായ സ്ത്രീക്ക് ഒരു രക്ഷകന്‍ വേണം. ആ രക്ഷകന്റെ സ്ഥാനമാണ് തലമുറകളായി സമൂഹം പുരുഷനു നല്‍കിയിരുന്നത്. എന്നാല്‍ എക്കാലത്തും നിലവിലുണ്ടായിരുന്ന ചട്ടക്കൂടുകളെ തകര്‍ത്ത് വിപ്ലവം സൃഷ്ടിച്ച വനിതകള്‍ ഉണ്ടായിരുന്നു.

ഭാരതത്തില്‍ തന്നെ ധാരാളം ധീരവനിതകള്‍ ജീവിച്ചിരുന്നു. റാണിപത്മിനി, ഹാലി റാണി, ത്സാന്‍സിറാണി എന്നിവരൊന്നും ദുര്‍ബലകളായിരുന്നില്ല. ഈ രജപുത്ര വനിതകള്‍ ധീരതയുടെയും പരിശുദ്ധിയുടെയും പ്രതീകങ്ങളായിരുന്നു.

ഇതുപോലെയുള്ള വനിതാരത്‌നങ്ങള്‍ വിദേശരാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ജോണ്‍ ഓഫ് ആര്‍ക്ക്, മേരി ക്യൂറി, ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍, ഹെരിയറ്റ് റുബ്‌മെന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പുരുഷന്‍ സ്ത്രീയുടെ രക്ഷകനും ശിക്ഷകനുമായല്ല നിലകൊള്ളേണ്ടത്. അവളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടത്തിവിടാന്‍ സന്നദ്ധതയും സന്മനസ്സുമുള്ള സഹാനുവര്‍ത്തികളായി വേണം പുരുഷന്മാര്‍ പെരുമാറേണ്ടത്.

പല ആളുകളും ചോദിക്കാറുണ്ട്, എങ്ങനെയാണ് പുരുഷന്മാര്‍ക്ക് അഹന്ത വന്നത്? വേദാന്തപ്രകാരം മായയാവാം ആത്യന്തിക കാരണം. പക്ഷേ, ഏറ്റവും അടിസ്ഥാനമായിട്ട് മറ്റൊരു സ്രോതസ്സുണ്ടാകാം. പണ്ട്, മനുഷ്യന്‍ കാടുകളിലും ഗുഹകളിലും മരങ്ങള്‍കൊണ്ടുണ്ടാക്കിയ വീടുകളിലുമായിരുന്നു താമസിച്ചിരുന്നത്. സ്ത്രീകളേക്കാള്‍ അധികം കായികശക്തി പുരുഷന്മാര്‍ക്ക് ആയിരുന്നതിനാല്‍ അവരാണ് വേട്ടയാടുകയും വന്യമൃഗങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷിക്കുകയും ചെയ്തിരുന്നത്.

സ്ത്രീകള്‍ പ്രധാനമായും വീടുകളില്‍ താമസിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കുകയും ചെയ്തുപോന്നു. ആഹാരവും വസ്ത്രത്തിനുള്ള തോലുകളും വീടുകളില്‍ എത്തിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ നിലനില്‍പിന് തങ്ങളെ ആശ്രയിക്കണം എന്ന തോന്നല്‍ പുരുഷന്മാരില്‍ ഉണ്ടായതായിരിക്കാം. തങ്ങള്‍ നാഥന്മാരും സ്ത്രീകള്‍ തങ്ങളെ അനുസരിക്കേണ്ടവരും എന്ന തോന്നല്‍. അങ്ങനെ, സ്ത്രീകള്‍ തങ്ങളുടെ രക്ഷകന്‍ന്മാരായി പുരുഷന്‍ന്മാരെ കണ്ടിരിക്കാം. ഇതൊക്കെകൊണ്ടാവാം പുരുഷന് മേധാവിത്വമുള്ള സാഹചര്യം ഉണ്ടായത്.

ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍ - വന്ദേ സരസ്വതീം ദേവീം



വന്ദേ സരസ്വതീം ദേവീം


ഇനിയൊരു ഭക്തകവിയുടെ ഭാവനയില്‍ നാദബ്രഹ്മരൂപിണിയുടെ ചിത്രം ഇപ്രകാരമാണ് വിരിയുന്നത്.

കുചാഞ്ചിത വിപഞ്ചചികാം
കുടിലകുന്തളാലംകൃതാം
കുശേശയ നിവേശിനീം
കുടിലചിത്തവിദേ്വഷിണീം
മദാലസഗതിപ്രിയാം
മനസിജാരി രാജ്യശ്രിയാം
മതംഗകുലകന്യകാം
മധുരഭാഷിണീമാശ്രയേ.


മാറില്‍ ശോഭിക്കുന്ന വിപഞ്ചികയും കുനു കുന്തളങ്ങളും ഉള്ളവളും താമരത്താരില്‍ വസിക്കുന്നവളും ദുര്‍ജനവിദ്വേഷിണിയും കാമാരിയായ ശിവന് ഐശ്വര്യമായുള്ളവളും മതംഗകുലകന്യകയും (മതംഗം=ആന. പിടിയാനയായി അവതരിച്ച പാര്‍വതി) മധുരഭാഷിണിയും ആയ സരസ്വതീദേവിയെ ആശ്രയിക്കുന്നു.


 സദ്‌വാണിയും വിദ്യാവരവും ലഭിക്കുന്നതിന്  ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആലപിക്കുവാനായി വിരചിതമായിട്ടുള്ള സ്‌തോത്രങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്.


ഭാരതീയാന്തരീക്ഷം അമലയും വിശ്വവന്ദ്യയും വര്‍ണാത്മകിയും വരപുസ്തകധാരിണിയും ചതുര്‍വേദസ്വരൂപിണിയും ആയ നാദബ്രഹ്മാധിദേവതയെ പ്രകീര്‍ത്തിക്കുന്ന സരസ്വത്യഷ്ടകത്തിന്റെയും വാഗീശ്വരീസ്തവങ്ങളുടെയും സരസ്വതീസ്‌തോത്രങ്ങളുടെയും പാരായണംകൊണ്ട് പരിപൂതമാകുന്ന പുണ്യകാലമാണ് നവരാത്രിയുടേത്. ദേവിയുടെ രുചിരങ്ങളായ രൂപങ്ങളെ, അമേയങ്ങളായ ശക്തിവൈഭവങ്ങളെ തദവസരത്തില്‍ തങ്ങളുടെ മനോമുകരത്തില്‍ പ്രതിബിംബിക്കുന്നതുപോലെ വര്‍ണചിത്രങ്ങളില്‍ ആലേഖനംചെത്തിരിക്കുന്നുവെന്നല്ലാതെ ആ ബ്രഹ്മാണ്ഡനായികയുടെ യഥാര്‍ഥസ്വരൂപം ആര്‍ക്കാണ് കാണാനാവുക! ഭക്തനെ പരീക്ഷിച്ചു പരവശനാക്കുന്ന ആ മായാവിദ്യയെ മഹാകവി കുമാരനാശാന്‍ ‘കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം’ എന്ന ഭക്തിഗീതത്തില്‍ വരച്ചുകാട്ടുന്നുണ്ടല്ലോ…


‘ആര്‍ക്കും നിര്‍ വടിവറിവില്ല, യര്‍ഘ്യമാല്യം
കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിളമകളാരവര്‍ക്കു രോമം-
ചീര്‍ക്കുന്നുണ്ടതുമതിയംബ, വിശ്വസിപ്പാന്‍.’
അമൂര്‍ത്തമെന്നിരുന്നാലും സുകൃതികളുടെ മനക്കണ്ണില്‍ ചിലപ്പോള്‍ ദേവി മൂര്‍ത്തബിംബമായും പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇക്കവി വ്യക്തമാക്കുന്നു.
‘ഓമല്‍പ്പൂവിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമര്‍ഥ്യം സുകൃതികള്‍ കാണ്‍മൂ തമ്പുരാട്ടി.’
എന്നും,


‘മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ദിദെയന്നദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയ വാക്പ്രവാഹം.’
എന്നും ആ അലൗകികദിവ്യത്വത്തിന് ഭൗതികബിംബങ്ങള്‍ നല്‍കി ലൗകികനായ ഭക്തനു പ്രത്യക്ഷീഭവിപ്പിക്കുന്നുമുണ്ട്.


വാണിമാതാവിന്റെ അനുഗ്രഹമാണ് സദ്ഭാഷണത്തിന് അടിസ്ഥാനം. സദ്ഭാഷണം വിമലമായ ചിത്തത്തില്‍നിന്നേ ഉദ്ഗളിക്കൂ. ചിത്തവും വചനവും നിര്‍മ്മലമായാല്‍ കര്‍മ്മങ്ങളും വിശുദ്ധമായി ഭവിക്കും. അപ്പോള്‍ ‘മനസാ വാചാ കര്‍മ്മണാ’ സദ്ഭാവങ്ങളെ വിളയിച്ചെടുക്കാന്‍ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുകയെന്ന മൂല്യസങ്കല്‍പമാണ് വാഗീശ്വരീപൂജയുടെ പൊരുളെന്ന് വരുന്നു. ആസുരശക്തിയെ നിഗ്രഹിച്ച് സദ്‌വൃത്തിക്കായി പാരിനെ സജ്ജീകരിച്ച മഹിഷാസുരമര്‍ദിനിയുടെ വിജയദിനമായി വിജയദശമി കൊണ്ടാടപ്പെടുന്നതിലും ഈ തത്വമാണുള്ളത്. ആദിപരാശക്തിയുടെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ പ്രഥിതാവതാരങ്ങളില്‍,



സരസ്വതി, സുംഭനിസുംഭന്മാരെ വധിച്ച് വിജയം കൈവരിച്ച ദേവിയാണെന്നതും ഇവിടെ ഓര്‍ക്കണം. ഉപാസ്യദേവതയായ സരസ്വതിയുടെ ആശിസ്സുകള്‍ സാത്വികഗുണം സായത്തമാക്കുവാനും അതുവഴി ജീവിതവിജയത്തിലെത്തുവാനും സാധകന് സാധിക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ തിരുനാളുകളില്‍ യഥാക്രമം ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാര്‍ക്ക് വിശേഷാര്‍ച്ചനകള്‍ ചെയ്യുന്നതിലൂടെ ത്രിരൂപങ്ങളും സംയോജിക്കുന്ന ഏകദൈവതമായ ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് സമ്പൂര്‍ണമായി ലഭിക്കുമെന്നും വിശ്വാസം.


‘വന്ദേ സരസ്വതീം ദേവീം
ഭുവനത്രയ മാതരം
യല്‍പ്രസാദാദ്യതേ നിത്യം
ജിഹ്വാ ന പരിവര്‍ത്തതേ.’

നഹുഷാധ:പതനം - ശ്രീമദ്‌ ദേവീഭാഗവതം. 6. 9. - ദിവസം 136.



താം വീക്ഷ്യ വിപുലാപാംഗീം രഹ:ശോക സമന്വിതാം
ആഖണ്ഠല: പ്രിയം ഭാര്യാം വിസ്മിതശ്ചാബ്രവീത്തദാ
കഥമത്രാഗതാ കാന്തേ കഥം ജ്ഞാതസ്ത്വ യാഹ്യഹം
ദുര്‍ജ്ഞ്യേയ: സര്‍വഭൂതാനാം സംസ്ഥിതോസ്മി ശുഭാനനേ



വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രിയതമ മാനസസരസ്സില്‍ താനിരിക്കുന്ന ഏകാന്തപ്രദേശത്ത് എത്തിയത് കണ്ട് ഇന്ദ്രന്‍ ആശ്ചര്യപ്പെട്ടു. 'ഞാനിവിടെയുണ്ടെന്നു നീയെങ്ങിനെ അറിഞ്ഞു പ്രിയേ?' എന്നദ്ദേഹം ചോദിച്ചു.


‘ഭഗവതീപ്രസാദമാണ് അതിന്‍റെ കാരണം’. ആ ജഗദംബ കനിഞ്ഞതിനാലാണ് എനിക്കിവിടെ വരാനായത്. അങ്ങവിടെ ഇല്ലാത്തതിനാല്‍ മുനിമാര്‍ ചേര്‍ന്ന് നഹുഷനെ ഇന്ദ്രനായി വാഴിച്ചിരിക്കുന്നു. അവന്‍റെ ശല്യം സഹിക്കാനാവുന്നില്ല എനിക്ക്. അവനെ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കണം എന്നതാണ് അവന്‍ പറയുന്നത്. ‘ഞാനിപ്പോള്‍ ഇന്ദ്രനാണ്‌. അതുകൊണ്ട് ഇന്ദ്രാണിയെ എനിക്ക് വേണം‘ എന്നാണവന്‍റെ വാദം. രിപുദമനാ, ഞാനെത് ചെയ്യണം?’


‘ഇനിയും എനിക്ക് പുറത്തുവരാന്‍ കാലമായില്ല. സതിയായ നീ കുറച്ചു കാലം കൂടി പൊറുക്കണം. കാത്തിരിക്കുകയും വേണം’

തന്‍റെ നാഥന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശചി സങ്കടത്തോടെ പറഞ്ഞു: ‘എങ്ങിനെയാണ് അവനെയെനിക്ക് തടയാന്‍ കഴിയുക? മദഗര്‍വ്വിതനും അധികാരിയുമായ അവന്‍ എന്നെ ചൊല്‍പ്പടിക്ക് നിര്‍ത്തും. മാത്രമോ മുനിമാരും മറ്റു ദേവന്മാരും പറയുന്നത് ആ കാമാന്ധനെ ഞാന്‍ വരിക്കണമെന്നാണ്. ദേവഗുരുവിനെ ആശ്രയിക്കാമെന്ന് വച്ചാല്‍ അദ്ദേഹം വെറുമൊരു ദുര്‍ബ്ബലബ്രാഹ്മണന്‍. സേനാബലമില്ല താനും. ദേവന്മാര്‍ അവരവരുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയുള്ളവരാണ്. ഞാന്‍ അബലയായ ഒരു നാരിയാണല്ലോ. അന്യപുരുഷന് കീഴടങ്ങി ഞാനൊരു വേശ്യയാവുകയില്ല. എന്നെ രക്ഷിക്കാന്‍ അവിടെയാരുമില്ല നാഥാ.’


ഇന്ദ്രന്‍ പറഞ്ഞു: ‘സുന്ദരീ ഞാനൊരുപായം പറയാം. ആപത്തുകാലത്ത് രക്ഷിക്കാന്‍ ഒരുവളുടെ ശീലഗുണങ്ങള്‍ മാത്രമേ ഉപകരിക്കൂ. അന്യന്‍റെ കീഴില്‍ കഴിയുമ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ അത്ര എളുപ്പമൊന്നുമല്ല. ചിലപ്പോള്‍ മനസ്സ് ഇളകും. എന്നാല്‍ ഒരുവളുടെ സത്സ്വഭാവം അവളെ രക്ഷിക്കും. നഹുഷന്‍ നിന്നെ ബലാല്‍ പ്രാപിക്കാന്‍ നോക്കിയാല്‍ അവനെ നീ നല്ല വാക്കുകൊടുത്തു മയക്കി വഞ്ചിക്കുക. നീ അയാളോട് ‘ഏകാന്തമായ ഒരിടത്ത് ഋഷിമാര്‍ ചുമക്കുന്ന പല്ലക്കിലേറി വന്ന്‍ എന്നെ സന്ധിക്കൂ’ എന്ന് പറയണം. ‘ഇങ്ങിനെ മാത്രമേ നിനക്ക് കീഴടങ്ങാന്‍ കഴിയൂ എന്നത് എന്‍റെയൊരു വ്രതമാണ്’. ഇത് പറഞ്ഞാല്‍ അവന്‍ ശരിക്കും മോഹവലയത്തില്‍ വീഴും. അവന്‍ ഋഷിമാരെ നിര്‍ബ്ബന്ധിച്ചു കൊണ്ടുവന്ന് അവന്റെ പല്ലക്ക് ചുമപ്പിക്കും. ആ മുനിമാരില്‍ ഒരാള്‍ അവനെ ശപിച്ചു ഭസ്മമാക്കും. നിന്നെ സഹായിക്കാന്‍ ദേവി സദാ കൂടെയുണ്ടല്ലോ? ആ അമ്മയെ അഭയം പണിയുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാവില്ല. അഥവാ ആപത്തുകള്‍ വന്നുപെട്ടാലും അത് ശ്രേയസ്സിന് വേണ്ടിയാണെന്ന് കരുതണം. ഗുരു ബൃഹസ്പതി പറയുന്നതുപോലെ മണിദ്വീപില്‍ വാഴുന്ന ആ മഹേശ്വരിയെ സദാ സ്മരിക്കുക. പൂജിക്കുക.’


ശചി ഇന്ദ്രന്‍റെ നിര്‍ദ്ദേശം അനുസരിക്കാമെന്ന്  സമ്മതിച്ചു. അവള്‍ നഹുഷനെ ചെന്ന് കണ്ടു. രാജാവ് അതീവമായ സന്തോഷം പ്രകടിപ്പിച്ചു. ‘നിന്‍റെ സത്യവ്രതപാലനത്തില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. ഭര്‍ത്താവിനെ തേടിപ്പോയ നീ തിരികെ എന്‍റെയടുക്കല്‍ത്തന്നെ വന്നുവല്ലോ. ഞാന്‍ ഇനി നിനക്ക് ദാസന്‍. ഇനിയുമെന്തിനാണ് മൌനം? സുന്ദരീ ഇനിയെന്നെ സേവിക്കൂ. നിന്‍റെ മൌനം ഭഞ്ജിച്ചുകാണാന്‍ ഞാന്‍ എന്ത് ചെയ്യണം?’


‘തല്‍ക്കാലത്തെക്ക് ഇന്ദ്രപദവിയില്‍ ഇരിക്കുന്ന അങ്ങ്  എനിക്ക് വേണ്ട കാര്യമെല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍റെയുള്ളില്‍ ഒരാഗ്രഹം കൂടിയുണ്ട്. അത് സാധിപ്പിച്ചു തന്നാല്‍ ഞാന്‍ നിനക്ക് അടിമ. എന്റെ മാനസോല്ലാസം വര്‍ദ്ധിക്കാന്‍ അങ്ങതു ചെയ്തു തരണം.’


‘കാര്യമെന്താണെങ്കിലും ഞാനത് നടത്തും. ഒരിടത്തും കിട്ടാത്ത സാധനമാണെങ്കിലും ഞാനത് വരുത്തി നിന്‍റെ കാല്‍ക്കല്‍ വെയ്ക്കാം.’

‘ഞാനതെങ്ങിനെ പറയും പ്രഭോ? നിനക്കതിനു കഴിയുമോ എന്ന് എനിക്കതത്ര വിശ്വാസമില്ല. ഇഷ്ടം എന്തായാലും സാധിപ്പിക്കും എന്ന് നീ സത്യം ചെയ്യണം ശപഥം ചെയ്താലേ ഞാന്‍ എന്‍റെ ആഗ്രഹം പറയുകയുള്ളൂ. ശപഥപ്രകാരം എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ നിനക്ക് ഞാന്‍ കീഴടങ്ങാം എന്നുറപ്പ് തരുന്നു.’


‘ഇന്നോളം ഞാന്‍ ചെയ്ത യാഗങ്ങളും ദാനധര്‍മ്മങ്ങളും സുകൃതങ്ങളും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നു നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിക്കും!’

‘ഇന്ദ്രന് കുതിര, ആന, തേര് എന്നിവയാണല്ലോ വാഹനങ്ങള്‍. വിഷ്ണുവിന് ഗരുഡന്‍. യമന് പോത്ത്. ശങ്കരന് കാള, ബ്രഹ്മാവിന് ഹംസം. ആറുമുഖനു മയില്‍. ഗണപതിക്ക് മൂഷികന്‍‌. അങ്ങിനെയൊക്കെയുള്ളപ്പോള്‍ അങ്ങേയ്ക്കും അപൂര്‍വ്വമായ ഒരു വാഹനം വേണമെന്നാണ് എന്‍റെ മോഹം. അത് ദേവാസുരന്മാര്‍ക്കും ത്രിമൂര്‍ത്തികള്‍ക്കും ഉള്ളവയാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. താപസികളായ ഋഷിമാര്‍ ചുമക്കുന്ന ഒരു പല്ലക്കാവട്ടെ അങ്ങയുടെ വാഹനം. അങ്ങിനെ അങ്ങ് എല്ലാ ദേവന്മാര്‍ക്കും മീതെയാവും. അങ്ങിനെ വര്‍ദ്ധിതതേജസ്സോടെ വരുന്ന മഹാനായ നിന്നെ സ്വീകരിക്കാനാണ്‌ എന്‍റെ തീരുമാനം.’


ഇത് കേട്ടപ്പോള്‍ ശചിയെ പുകഴ്ത്തിക്കൊണ്ട് നഹുഷന്‍ പറഞ്ഞു: ‘നീ പറഞ്ഞ വാഹനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നീ പറഞ്ഞത് സത്യം. മുനിമാര്‍ ആരെയെങ്കിലും ചുമന്നു കൊണ്ട് നടക്കുന്നുവെങ്കില്‍ അയാള്‍ ചില്ലറക്കാരനാവില്ല. സപ്തര്‍ഷികളും മറ്റും അവനെ പുകഴ്ത്തും. ‘തപസ്സില്‍ മുന്തിയവാനും മൂലോകത്തിലും വെച്ച് മിടുക്കനുമാണിവന്‍’ എന്നവര്‍ കൊണ്ടാടും.’


മാരതാപം പൂണ്ടു മോഹിതനായി അയാള്‍ മുനിമാരോടു പറഞ്ഞു: ഞാനിപ്പോള്‍ സര്‍വ്വശക്തനായ ഇന്ദ്രനാണെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഡംഭൊന്നും കാണിക്കാതെ ഞാന്‍ പറയുന്നത് അനുസരിക്കണം. ഞാനീ സിംഹാസനത്തില്‍ ഇരുന്നിട്ടും ശചി എന്നെയിതുവരെ പ്രാപിച്ചിട്ടില്ല. ഞാനതിനു സമീപിച്ചപ്പോള്‍ അവള്‍ പറഞ്ഞത്  ഋഷിവാഹനത്തിലേറി വന്നാല്‍ മാത്രമേ എന്നെ സ്വീകരിക്കൂ എന്നാണ്. എനിക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്‌താല്‍ എന്‍റെ മാനം വര്‍ദ്ധിക്കും എന്‍റെ അഭിലാഷവും നടക്കും. എനിക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇത്. നിങ്ങള്‍ക്കോ ഇത് നിഷ്പ്രയാസം. ശക്രപത്നിയില്‍ എനിക്കുള്ള ഉല്‍ക്കടമായ ആഗ്രഹം ഞാനെങ്ങിനെ നിങ്ങളോട് പറയും? എങ്ങിനെയെങ്കിലും എനിക്കായി നിങ്ങളിത് ചെയ്തേ തീരൂ.’


നിന്ദ്യമായ ഈ അപേക്ഷ കേട്ട് മുനിമാര്‍ ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യം എന്തെന്ന് കണക്കാക്കി. മുനിമാര്‍ നഹുഷന്‍ പറഞ്ഞതുപോലെ ചെയ്യാം എന്നേറ്റു. ശചിയെ മാത്രം മനസ്സില്‍ ആലോചിച്ചു കഴിഞ്ഞിരുന്ന രാജാവിന് സന്തോഷമായി. അഴകുറ്റ ഒരു പല്ലക്കില്‍ നഹുഷന്‍ ഇരുന്നു. മുനിമാര്‍ അത് ചുമന്നു നടക്കവേ ‘സര്‍പ്പ, സര്‍പ്പ, നടക്ക് നടക്ക്‘ എന്നയാള്‍ പറഞ്ഞുകൊണ്ട് അവരെ ഉല്‍സാഹിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ കാമാര്‍ത്തനായി പല്ലക്കില്‍ ഇളകിയാടിയിരിക്കെ തന്‍റെ കാലുകൊണ്ട്‌ അഗസ്ത്യമഹര്‍ഷിയുടെ ശിരസ്സില്‍ കാലുകൊണ്ട്‌ തൊഴിക്കുകയും ചാട്ടകൊണ്ട് അവരെ അടിക്കുകയും ചെയ്തു.


ലോപാമുദ്രയുടെ കാന്തനായ ഈ മുനിയാണെങ്കില്‍ കടല്‍ കുടിച്ചുവറ്റിച്ചവനും പഞ്ചബാണനെ വിഴുങ്ങിയവനുമാണ്. അദ്ദേഹം ക്രുദ്ധനായി നഹുഷനെ ശപിച്ചു. ‘സര്‍പ്പ, സര്‍പ്പ,! ഹും. മര്യാദയില്ലാത്ത മൂര്‍ഖ, ഇനി നീ അനേകായിരം കൊല്ലം ദുഖമനുഭവിച്ചു സര്‍പ്പമായി കാട്ടില്‍ക്കഴിയാനിടവരട്ടെ. അതുകഴിഞ്ഞ് യുധിഷ്ഠിരനെ കണ്ടുമുട്ടുമ്പോള്‍ നിനക്ക് ശാപമോക്ഷവും സ്വര്‍ഗ്ഗവും ലഭ്യമാകും. അന്ന് നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശരിയായ ഉത്തരങ്ങള്‍ നല്‍കും. അത് നിന്‍റെ ശാപമോക്ഷത്തിന് നിദാനവുമാകും.’


ഇങ്ങിനെ ശപിക്കപ്പെട്ടപ്പോള്‍ നഹുഷന്‍ മുനിയെ സ്തുതിച്ചു വണങ്ങി, ആ ശാപം ശിരസാ വഹിച്ചു. ഉടനെ സര്‍പ്പമായി അധപ്പതിച്ചു ഭൂമിയിലെത്തി. നഹുഷന് സംഭവിച്ച കാര്യങ്ങള്‍ ഗുരു മാനസസരോവരത്തില്‍ ചെന്ന് ഇന്ദ്രനോട് പറഞ്ഞു. ഇന്ദ്രന്‍ സന്തുഷ്ടനായി അവിടെത്തന്നെ നിന്നു. ദേവന്മാരും മഹര്‍ഷിമാരുമെല്ലാം മാനസത്തില്‍ ചെന്ന് ഇന്ദ്രനെ ആശ്വസിപ്പിച്ചു ബഹുമാനത്തോടെ അമരാവതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. സിംഹാസനത്തില്‍ ഇരുത്തി അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഇന്ദ്രാസനം കിട്ടിയതോടെ അദ്ദേഹം ക്രീഡാലോലുപനായി ശചിയുമൊത്ത് രമിച്ചു കഴിഞ്ഞു.


വ്യാസന്‍ തുടര്‍ന്നു: ഇങ്ങിനെ ഇന്ദ്രനും വൃത്രനെ കൊന്നതിന്‍റെ ഫലമായി അത്യധികം ദുഃഖം അനുഭവിക്കേണ്ടി വന്നു. അവസാനം ദേവിയുടെ കൃപാ കടാക്ഷമാണ് അദ്ദേഹത്തെ കരകയറ്റിയത്. അങ്ങ് ചോദിച്ചതുകൊണ്ട് വൃത്രാസുരവധത്തെക്കുറിച്ചുള്ള ഇക്കഥ ഞാന്‍ പറഞ്ഞു തന്നു. കര്‍മ്മത്തിന്‍റെ രീതിക്കനുസരിച്ച് അതിന്‍റെ ഫലവും നാം അനുഭവിക്കണം. അത് ശുഭമായാലും അശുഭമായാലും ആര്‍ക്കും അതില്‍ നിന്നും വിടുതലില്ല.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

സ്വയം ചെയ്യാവുന്ന സർവ്വ ഐശ്വര്യ പൂജ


ഒരു ചൊവ്വാഴ്ചയോ ഒരു വെള്ളിയാഴ്ചയോ സന്ധ്യാസമയത് കുളികഴിഞ്ഞു നല്ല വസ്ത്രം ഉടുത്തു പൂജക്ക് ഇരിക്കുക ..പൂജാമുറിയിൽ വിളക്ക് വെച്ചിട്ടുവേണം ഇരിക്കാൻ ..പായയിട്ട് അതിൽ ഇരിക്കുക ..ശേഷം നല്ലൊരു നാക്കിലയിൽ വിളക്ക് വെച്ചു 5തിരിയിട്ട് കത്തിക്കുക..ആ വിളക്കിനെ നിങ്ങളുടെ ഇഷ്ടദേവിയായി സങ്കൽപ്പിക്കുക..


ഭദ്രകാളി ,ദുർഗാ ,ലക്ഷ്മി ,സരസ്വതി ,പാർവ്വതി അങ്ങനെ നിങ്ങളുടെ ഇഷ്ടപ്രകാരം ദേവിയെ തിരഞ്ഞെടുക്കുക..ശേഷം കുറച്ചുപൂക്കളെടുത്തു ഗുരുസങ്കല്പത്തിൽ പ്രാർത്ഥിച്ചു വിളക്കിൽ സമർപ്പിക്കുക .പിന്നീട് ഗണപതിയേയും സരസ്വതിയെയും ,നിങ്ങളുടെ കുടുംബദേവതകളെയും പ്രാർത്ഥിച്ചു പൂക്കൾ വിളക്കിൽ സമർപ്പിക്കുക .പിന്നീട് കൈനിറയെ പൂക്കൾ എടുത്തു ദേവിയെ നന്നായി പ്രാർത്ഥിച്ചു ഈ പൂജയിൽ പങ്കു കൊള്ളാൻ ക്ഷണിക്കുക ..ശേഷം ആ പൂക്കൾ വിളക്കിൽ സമർപ്പിച്ചു ദേവീ സാന്നിധ്യമായി എന്ന് കരുതി ഒരു കദളി പഴം വിളക്കിനു താഴെ ഇലയിൽ വെക്കുക .ശേഷം ഒരു പൂവെടുത്തു കദളിപ്പഴ നിവേദ്യത്തിനു മുകളിൽ വെക്കുക ..ദേവിയോട് സന്തോഷത്തോടുകൂടി ഈ കൊച്ചു നിവേദ്യം സ്വീകരിക്കാൻപറയുക.


ഒരു ഇലയിൽ കുറച്ചു കുങ്കുമമെടുത്തു ദേവിയുടെ പാദത്തിൽ ആണെന്ന് സങ്കൽപ്പിച്ചു വിളക്കിൻ ചുവട്ടിൽ വക്കുക .. അതുകഴിഞ്ഞു 

ലളിതാസഹസ്രനാമാവലിയിലെ ഓരോ നാമങ്ങളാൽ ദേവിക്ക് അർച്ചനചെയ്യുക..ശേഷം അറിയുന്ന നാമങ്ങളാൽ ദേവിയെ സ്തുതിക്കുക 

അത് കഴിയുമ്പോൾ ഒരു കർപ്പൂരം വിളക്കിനു മുൻപിൽ കത്തിച്ചു വെക്കുക ..എല്ലാ ദുരിതങ്ങളും തീർത്തു തരുവാൻ പ്രാർത്ഥിക്കുക ..ഇങ്ങിനെ പൂജ ചെയ്തു കഴിയുമ്പോൾ ദേവിയെ സന്തോഷത്തോടെ യാത്രയാക്കുക ...  


അതിനായി മുൻപ് ചെയ്തപോലെ ഗുരു ,ഗണപതി ,സരസ്വതി ,കുടുബദേവതകൾ ഇവരോട് പ്രാർത്ഥിക്കുക..പിന്നെ നമ്മൾ അർച്ചനചെയ്ത പൂക്കളിൽ നിന്നും ഒരു പിടി വാരിയെടുത്തു ആ പൂവിലെ മന്ത്രചൈതന്യം നമ്മളിലേക്ക് വലിച്ചെടുത്തു ആ പുഷ്പങ്ങൾ നമ്മുടെ മുന്നിൽ ഇടുക ..ശേഷം ദേവിയെ പ്രാർത്ഥിച്ച ശേഷം വിളക്ക് അനക്കി ഇലയിലെ കുങ്കുമം പ്രസാദമായി നെറ്റിയിൽ ചാർത്തുക ..പൂക്കൾ മുറ്റത് ചവിട്ടി കൂട്ടാത്ത സ്ഥലത്തു ഇടുക ....ഇതിൻ പ്രകാരം സാധിക്കുന്ന എല്ലാ ചൊവ്വയോ വെള്ളിയോ ദിവസങ്ങൾ നോക്കി ചെയ്യുക ...    സർവ്വ ഐശ്വര്യമാണ് ഫലം ..അത്ഭുതകരമായ ദേവീ കടാക്ഷം ഉണ്ടാവുകയും ചെയ്യും ......   


കടപ്പാട്  രാജേഷ്‌ ശാന്തി

ഉണ്ണിക്കണ്ണന്‍റെ കാലടി പതിഞ്ഞ വെങ്ങിലശേരിയിലെ കുറൂരമ്മ ക്ഷേത്രം



ഉണ്ണിക്കണ്ണനെ പറ്റി കേള്‍ക്കുമ്പോഴൊക്കെ ഗുരുവായൂരിലെയും അമ്പലപ്പുഴയിലെയും ക്ഷേത്രങ്ങളാണ് ഓര്‍മയില്‍ ഓടിയെത്തുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നുകൊണ്ട് ഓടിക്കളിച്ചുവെന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന ഒരിടമുണ്ട്. അവിടെ ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രവുമുണ്ട്. കുറൂരമ്മ ജീവിച്ചിരുന്ന വെങ്ങിലശേരിയാണ് ആ സ്ഥലം. അവിടെയുള്ള കുറൂരമ്മ ക്ഷേത്രത്തിലാണ് ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.


ഐതിഹ്യമാലയിലും മറ്റ് ഐതിഹ്യകഥകളിലും നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള കുറൂരമ്മ ജീവിച്ചിരുന്ന ഭൂമിയിലാണ്, ഉണ്ണിക്കണ്ണന്‍ ഓടിക്കളിച്ച മണ്ണിലാണ് ഈ ക്ഷേത്രമുള്ളത്. വെങ്ങിലിശേരിക്കാരുടെ ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രമാണ്, കുറൂരമ്മയുടെ കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പില്‍ പൌരാണികരീതിയില്‍ ഒരു ക്ഷേത്രം ഉയര്‍ന്നുവന്നത്.
കാവുകളും ശിവക്ഷേത്രങ്ങളും ശ്രീരാമക്ഷേത്രവുമൊക്കെയുള്ള വേലൂര്‍ പഞ്ചായത്തിലാണ് വെങ്ങിലശേരി ഗ്രാമം. തൃശൂര്‍ കുന്നംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇതുള്ളത്. ചേര്‍ന്തല മഹാദേവക്ഷേത്രത്തില്‍ നടത്തിയ ഒരു അഷ്ടമംഗല്യപ്രശ്നചിന്തയിലാണു ശ്രീകൃഷ്ണചൈതന്യം വെങ്ങിലശേരിയില്‍ ഉണ്ടെന്ന് കണ്ടത്.

യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍മന. കുറൂര്‍ മനയിലെ അവകാശിക്കും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടുണ്ടാവുകയും ജീവാപായം ഉണ്ടാവുമെന്ന് പേടിച്ച് കുറൂര്‍ മനക്കാര്‍ വെങ്ങിലശേരിയിലേക്ക് വരികയുമായിരുന്നു..

രുദ്രാക്ഷം

കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം.
രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്.


ഹൈന്ദവവിശ്വാസങ്ങൾ

പുരാതനകാലം മുതൽക്കേ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.

രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ചുവന്ന ഉള്ളി, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ ഉപയോഗിക്കരുതു എന്നും പറയുന്നു.



ഐതിഹ്യം

രുദ്രാക്ഷം ഒരു പൂജ്യവസ്തുവായത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലിങ്ങനെ കാണുന്നു.
പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അവൻ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്നു.

തന്നിമിത്തം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കേണ്ടു എന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾ ദീർഘിച്ച ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.


പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധരുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്


സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നു. അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി വന്നു.



രുദ്രാക്ഷ ധാരണം


രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ.അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. 

വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം.


കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.


രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് .


ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു . ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നു പറയുന്നു .


കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടുള്ളതല്ല, ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിന്റെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ൽ കുറയാൻ പാടില്ല


ഫലം

പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കുന്നു.


ഒരുമുഖം-ശിവൻ, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), ഇത് ധരിച്ചാൽ ധ്വവിധ പാപങ്ങളും നശിക്കും

മൂന്ന് മുഖം-അഗ്നി, ഇത് സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കും

നാല് മുഖം-ബ്രഹ്മാവ്, ഇത് നരഹത്യാപാപത്തെ ഇല്ലാതാക്കും

അഞ്ച് മുഖം-കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെ

ആറ് മുഖം-സുബ്രഹ്മണ്യന്‍, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും

ഏഴ് മുഖം-സപ്തമാതൃക്കൾ, സൂര്യൻ‍, സപ്തർഷി, ഇത് ധരിച്ചാൽ സ്വർണ്ണാപഹരണങ്ങളിൽ നിന്നുള്ള പാപങ്ങളിൽ നിന്നും മുക്തനാകും

എട്ട് മുഖം-വിനായകൻ‍, ഇതു ധരിച്ചാൽ അന്നം വസ്ത്രം സ്വർണ്ണം മുതലായവ മോഷ്ടിച്ച പാപങ്ങളിൽ നിന്നും ,നീചകുലത്തില്പ്പെട്ട സ്ത്രീയേയൊ ഗുരുപത്നിയേയൊ സ്പർശിക്കുന്നതിൽ നിന്നുള്ള പാപ കർമ്മങ്ങളിൽ നിന്നും രക്ഷപെടും , എല്ലാവിഗ്നങ്ങളും നശിച്ച് ഈശ്വരപദത്തിലെത്തും.

ഒമ്പത് മുഖം-യമൻ‍, ഇത് ഇടത്തേ കരത്തിലാണ് ധരിക്കേണ്ടത് ,അങ്ങനെ ധരിച്ചാൽ അവന് ഭക്തിയും മുക്തിയും ലഭിക്കും ,ഭഗവാനു തുല്യം ബലവാനായി ഭവിക്കും നൂറു ബ്രഹ്മഹത്യാപാപങ്ങളും നശിക്കും

പത്ത് മുഖം- ദേവേശനായ ജനാർദ്ധനമൂർത്തിയാണ് ,നീചഗ്രഹങ്ങൾ ,പിശാച്ചുക്കൾ , വേതാളങ്ങൾ , ബ്രഹ്മരക്ഷസുകൾ ,സർപ്പങ്ങൾ , മുതലായവ മൂലമുണ്ടാകുന്ന പീഡകൾ ഇത് ധരിക്കുന്നതുകൊണ്ട് ഇല്ലതാകും

പതിനൊന്ന് മുഖം-ഏകാദശ രുദ്രൻ, അത് ശിഖയിലാണ് ധരിക്കേണ്ടത് ,അത് ധരിക്കുന്നതുകൊണ്ട് ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരം ഗോധാനവും ചെയ്ത പുണ്യം ലഭിക്കും

പന്ത്രണ്ട് മുഖം-വിഷ്ണു, ഇത് കാതിൽ വേണം ധരിക്കാൻ ,അതുകൊണ്ട് ഗോമേധത്താലും അശ്വമേധത്താലും ലഭിക്കുന്ന ഫലം ലഭിക്കുന്നു ,കൊമ്പുള്ള മൄഗങ്ങളിൽ നിന്നോ ശസ്ത്രങ്ങളിൽ നിന്നോ വ്യാഘ്രമൃഗങ്ങളിൽ നിന്നോ അവന് യാതൊരു ഭയവുമുണ്ടാകില്ല ,ആധിയും വ്യാധിയും അവനെ ബാധിക്കുകയില്ല ആന ,കുതിര , പൂച്ച , മാൻ , സർപ്പം , എലി, തവള, കഴുത , നായ് , കുറുക്കൻ , തുടങ്ങിയ ജീവികളെ കൊന്ന പാപം ഇല്ലാതകുന്നു
പതിമൂന്ന് മുഖം-കാമദേവൻ‍, സർവ്വ കാമാർത്ഥങ്ങളും പ്രധാനം ചെയ്യും , രസവും രസായനവും അവനു ലഭിക്കും , അച്'ഛനേയും അമ്മയേയും സഹോദരനേയും കൊന്ന പാപം ഇല്ലാതകും

പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ
ദേവപ്രീതി,പാപമുക്തി,രോഗമുക്തി എന്നിവയ്ക്കായി രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷമാലയുടെ മുത്തുകളുടെ എണ്ണവും ഫലങ്ങളിൽ വ്യത്യാസമുണ്ടാക്കും.



ഗുണങ്ങൾ

രുദ്രാക്ഷധാരണം ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു . വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല , മനസ്സിൽ ഏകാഗ്രത ലഭിക്കുന്നു , മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രക്ഷ ധാരികൾ പറയുന്നത് ഫലിക്കുന്നു , അവരെ എല്ലാവരും ബഹുമാനിക്കും ,ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികൾക്ക് ഏൽക്കുകയില്ല.

ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.


സ്ത്രീകളിൽ

പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു . അക്കാലത്ത് ഋഷിപത്നിമാർ രുദ്രാക്ഷം ധരിച്ച് പൂജാകർമ്മങ്ങൾ നടത്തിയിരുന്നതായി പുരാണങ്ങളിൽ പറയുന്നുണ്ട് . മാസമുറക്കാലത്ത് സ്ത്രീകൾ മാല ഊരിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു .*അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ് .ചില ഗ്രന്ധങ്ങളിൽ അവരുടെ ആർത്തവം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാൻ പാടുള്ളൂവെന്നു പറയുന്നുണ്ട്.


ആയുർ‌വേദത്തിൽ

പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്.


രസാദി ഗുണങ്ങൾ
രസം : മധുരം
ഗുണം : സ്നിഗ്ധം, ഗുരു
വീര്യം : ശീതം
വിപാകം : മധുരം


രുദ്രാക്ഷവും എള്ളെണ്ണയും

രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നു പറയുന്നു. *ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം.എണ്ണ പരിശുദ്ധമായിരിക്കണം .അങ്ങനെ എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു* , രുദ്രാക്ഷം സൂക്ഷിച്ച എണ്ണയ്ക്ക് ഔഷധഗുണമുണ്ടാകുമെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തില്പുരട്ടിയാൾ രോഗശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.


കടപ്പാട് #ഭാരതീയചിന്തകൾ

ശ്രീരാമചന്ദ്രനും ഹനുമാനും


ജയ് ശ്രീരാം

ജയ് ശ്രീരാം ജയ് ശ്രീരാം

ഒരിക്കൽ ശ്രീരാമചന്ദ്രന്‍ ഹനുമാനോട് അരുളിചെയ്തിട്ടുണ്ട്.
”അല്ലയോ കപിശ്രേഷ്ഠാ അങ്ങ് ചെയ്യുന്ന ഓരോ ഉപകാരങ്ങള്‍ക്കും പ്രത്യുപകാരമായി നമ്മുടെ ജീവന്‍പോലും നല്‍കുവാന്‍ നാം സന്നദ്ധനാണ്. ഇനിയും അനേകമനേകം ഉപകാരങ്ങള്‍ അങ്ങ് ചെയ്യുവാന്‍ ബാക്കിയുണ്ട്. നാം അങ്ങേയ്ക്ക് പ്രത്യുപകാരം ചെയ്യുകയില്ല. പ്രത്യുപകാരം ചെയ്യുന്നതില്‍കൂടി നാം തമ്മിലുള്ള ആത്മബന്ധം അകന്നുപോകുമെങ്കില്‍ അതു നമുക്ക് തീരാനഷ്ടമാണ്. അപ്രകാരം ഒരു സംഭവം സ്വപ്നത്തില്‍പോലും ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല”.


ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വൈദേഹി വായുപുത്രനായ ഹനുമാന് ഒരു അപൂര്‍വമായ രത്‌നഹാരം പാരിതോഷികമായി നല്‍കി. ആ ദിവ്യരത്‌നഹാരം ധരിച്ചുനിന്ന ഹനുമാന്‍ പത്തിരട്ടി പ്രശോഭിച്ചു. മഹാതേജസ്വിയും ധൈര്യശാലിയും സമര്‍ത്ഥനും വിനയനും വീരപരാക്രമിയും സര്‍വ്വോപരി പരമഭക്തനുമായ വാനരശ്രേഷ്ഠന്‍ സീതാദേവി നല്‍കിയ നവരത്‌നഹാരമണിഞ്ഞ്, പല കോടി പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭ ഒരുമിച്ചു മഹാമേരു പര്‍വതത്തില്‍ പതിച്ചാലെന്നതുപോലെ ദൃഢഗാത്രനായ ഹനുമാന്‍ അത്യന്തം പ്രശോഭിച്ചു. അപ്രകാരമുള്ള അമൂല്യമായ രത്‌നഹാരത്തിനുള്ളില്‍പോലും ആഞ്ജനേയന്‍ തന്റെ ആശ്രയദേവനായ ശ്രീരാമചന്ദ്രനെ അനേ്വഷിച്ച കഥ പ്രസിദ്ധമാണല്ലോ. ആഞ്ജനേയന്റെ ആ പ്രവര്‍ത്തി കണ്ട് വിസ്മയാധീനനായ ശ്രീരാമന്‍ ചോദിച്ചു. 


ആഞ്ജനേയാ! അങ്ങ് നമ്മെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ നാമത്തെയാണോ എന്ന്. തന്റെ അന്തരംഗം മടികൂടാതെ ഹനുമാന്‍ ശ്രീരഘുരാമനെ ഉണര്‍ത്തിച്ചു. മഹാപ്രഭോ അങ്ങയെക്കാള്‍ അങ്ങയുടെ തിരുനാമം ശ്രേഷ്ഠമായതുതന്നെ. ഇത് അടിയന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വ്യക്തമായ അഭിപ്രായമാണ്. അങ്ങ് ഇപ്പോള്‍ അയോദ്ധ്യാ വാസികളുടെ രാജാവാണ്. പക്ഷേ അവിടുത്തെ തിരുനാമങ്ങള്‍ ത്രിലോകങ്ങളിലും ധ്വനിക്കുന്ന ദിവ്യ മന്ത്രങ്ങളാണ്. ഹനുമാന്റെ സുദൃഢമായ രാമനാമനിഷ്ഠ ഇപ്രകാരമാണ്. ശ്രീരാമനാമജപവും രാമായണ കഥാശ്രവണവും വളരെ എളുപ്പത്തില്‍ ശ്രീരാമപാദകമലങ്ങളെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്ന് മറ്റാരെക്കാളും അനുഭവം പൂര്‍ണമായി മനസ്സിലാക്കിയിരുന്ന ഉത്തമഭക്തനാണ് ഹനുമാന്‍

Saturday, April 1, 2017

വന്ദേ സരസ്വതീം ദേവീം



ദേവതാസങ്കീര്‍ത്തനങ്ങള്‍ നാവിന്മേല്‍ നടനം ചെയ്യുമ്പോള്‍ അനുഭൂതമാകുന്ന ആത്മനിര്‍വൃതി അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. മലയാളികളെ ഭക്തിയുടെ ക്ഷീരസാഗരത്തില്‍ ആറാടിച്ച തുഞ്ചത്താചാര്യന്‍ വാണീദേവിയോട് അര്‍ഥിച്ചത് ഇതുമാത്രം.

‘വാരിധിതന്നില്‍ത്തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നണം കാലേ കാലേ’

വിദ്യാമൂര്‍ത്തിയായ സരസ്വതീദേവിയുടെ സ്തുതിഗീതങ്ങളാല്‍ നവരാത്രി മണ്ഡപങ്ങള്‍ മുഖരിതമാവുന്ന സുദിനങ്ങളാണ് നവരാത്രികാലം. ഹൈന്ദവരായ ഭക്തജനങ്ങള്‍ക്ക് ദേവിമാരെയും ദേവന്മാരെയും സ്തുതിച്ചാലപിക്കുവാനായി വിരചിതമായിട്ടുള്ള അസംഖ്യം സ്‌തോത്രമാലകളുണ്ട്. ഏതു മംഗളകര്‍മ്മത്തിന്റെയും പ്രാരംഭത്തില്‍ വിഘ്‌നങ്ങള്‍ നീങ്ങിക്കിട്ടാനായി വിഘ്‌നേശ്വരനായ ഗണപതിയെ പ്രാര്‍ഥിക്കുകയെന്നത് ഹിന്ദുക്കളുടെ എക്കാലത്തെയും നിഷ്ഠയാണ്. ഗണപതിയെയും സരസ്വതിയെയും ഏകത്ര പ്രകീര്‍ത്തിക്കുന്ന ഒരു ശ്ലോകമുണ്ട്.

‘ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം
സര്‍വാഥകാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ!
‘വെള്ളാമ്പലിന്റെ സ്‌നിഗ്ധദലങ്ങളില്‍ പരമപവിത്രമായ പൂനിലാവെന്ന പോലെ എന്റെ നാവില്‍ അമലാക്ഷരികള്‍ മാത്രം വന്നു നിറയേണമേ’ എന്നാണ് ആ അര്‍ഥന.

അനാദിയും അനന്തവുമായ സരസ്വതീപ്രവാഹത്തനു സമം സരസ്വതീകീര്‍ത്തനങ്ങളും ഒഴുകുന്നു. സംഗീതസദിരുകളിലും സന്ന്യാസനാമജപങ്ങളിലും സര്‍വസാധാരണമായി ആലപിച്ചുപോരുന്ന ഏതാനും സരസ്വതീവന്ദനശ്ലോകങ്ങളുടെ അനുസന്ധാനം പുണ്യപ്രദമായിരിക്കും. വാഗീശ്വരിയെ സ്മരിക്കുമ്പോള്‍ ആദ്യം മനസ്സിലുണരുന്ന സ്തുതിഗിതി.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ’ എന്നതാണ്.
വരദായിനിയും സുന്ദരരൂപിണിയുമായ അല്ലയോ സരസ്വതീദേവി, ഭവതിക്കായി നമസ്‌കാരം. ഞാന്‍ വിദ്യാരംഭം കുറിക്കുന്നു. എനിക്ക് എല്ലായ്‌പ്പോഴും സകല സിദ്ധികളും നല്‍കിയാലും!

വിദ്യാരംഭമുഹൂര്‍ത്തത്തില്‍ ഓരോ അന്തരാത്മാവിന്റെയും മന്ത്രണം ഇതൊന്നല്ലേ.
മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ നൈഷധം ചമ്പുവിലെ നാന്ദീശ്ലോകം മലയാളികള്‍ക്ക് അക്ഷരദേവതയെ ഉപാസിക്കുവാനുള്ള ദിവ്യകീര്‍ത്തനമാണ്.

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ
വേദമാകുന്നശാഖി-
ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേ-
ന്തുന്ന പൂന്തേന്‍കുഴമ്പേ
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന സുകൃതോ-
പാന്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാ-
ധീശ്വരീ! വിശ്വനാഥേ!
അമ്പത്തൊന്നക്ഷരാളിയായ വലയാധീശ്വരിയാണ് അലങ്കാരബഹുലവും ഉക്തിവൈചിത്ര്യശബളവുമായ ഈ അദ്വിതീയ ചമ്പുകാവ്യം രചിക്കുവാന്‍ മഴമംഗയലത്തിന് അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരുന്നതെന്നും പ്രസ്തുത മംഗളാചരണത്തില്‍നിന്ന് അനുമാനിക്കാം. ആധ്യാത്മികജ്ഞാനസാരമായ വേദമാകുന്ന കല്‍പതരുവിലെ കുസുമങ്ങളിലുള്ള തേന്‍കുഴമ്പാണ് മഴമംഗലത്തിന് വലയത്തുനാടിന്റെ അധിദേവതയായ അക്ഷരാത്മിക.

വൈരക്കല്ലിന്റെ വിശുദ്ധി പൊഴിയുന്ന ശ്വേതവര്‍ണത്തോടുകൂടി വെള്ളത്താമരയില്‍ വസിക്കുന്ന ശാരദാദേവിയെ മറ്റൊരു ശ്ലോകത്തില്‍ സ്തുതിക്കുന്നതിങ്ങനെ:
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.

മാനസഗംഗയില്‍ സദ്‌വാണികളുടെ തിരച്ചാര്‍ത്തുകള്‍ മാത്രമേ ഉയരാവൂ എന്ന ആശ ഈ പ്രകീര്‍ത്തനത്തിന്റെ ആന്തരശോഭ വര്‍ധിപ്പിക്കുന്നു. മൂകനെപ്പോലും വാചാലനാക്കുന്ന ദേവിയാണ് മൂകാംബിക. ആ ദേവിയെ വര്‍ണിക്കുന്ന പ്രാര്‍ഥനാഗീതികള്‍ രചിക്കാത്ത ഭക്തകവികളില്ല.
വാണീദേവി സുനീലവേണി ത്രിജഗദാം
വീണാരവം കൈതൊഴും
വാണീവൈഭവ മോഹിനീ ത്രിജഗദാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്‍നാവിലത്യാദരം
വാണീടേണമതിന്നു നിന്നടിയില്‍ ഞാന്‍
വീഴുന്നു മൂകാംബികേ.

വീണാനാദം പോലും നമിക്കുന്ന വാണീവിലാസത്തോടുകൂടിയവളാണ് മുപ്പാരിന്റെയും നാഥയും നാന്മുഖപ്രിയയുമായ വാഗധീശ. ഇതില്‍ ഒന്നും മൂന്നും പാദങ്ങളിലുള്ള പദാവലികള്‍ക്കു പകരം വീണാരവം കൈതൊഴാം, എന്നും ‘ആത്താദരം’ എന്നും പാഠഭേദം കല്‍പിച്ചു ചൊല്ലിക്കേട്ടിട്ടുണ്ട്. എങ്കില്‍ വീണമീട്ടി പ്രാര്‍ഥിച്ചുകൊണ്ടു കൈതൊഴാമെന്നും ആദരവോടെ (സ്‌നേഹത്തോടെ, കാരുണ്യത്തോടെ) നാവില്‍ വാണീടണമെന്നും അര്‍ഥം നല്‍കാം.
അക്ഷരമാലയും ഗ്രന്ഥവും വീണയും കരങ്ങളില്‍ പേറുന്ന ഈശ്വരിയാണല്ലോ സരസ്വതി. വീണാധരിണിയായ ദേവിയെ വാഴ്ത്തുന്നതാണ് ഇനിയൊരു മനോജ്ഞഗീതം.
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്‌വിലാസം
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.

മാണിക്യവീണയെ സദാ ലാളിച്ച് വാദനം ചെയ്യുന്നവളും മദാലസയും മഞ്ജുവാണിയും ഇന്ദ്രനീലശോഭയേന്തുന്നവളും കോമളാംഗിയും മാതംഗകന്യയുമായ ഭാരതീദേവിയെ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു. മാഹേന്ദ്രനീലദ്യുതി, മാതംഗകന്യ എന്നീ വിശേഷണങ്ങളാല്‍ പാര്‍വതീദേവിയും ഇവിടെ സ്മരിക്കപ്പെടുന്നതിനാല്‍ ദ്വയാര്‍ത്ഥശ്ലോകമായും ഇതിനെ വ്യാഖ്യാനിക്കാം. സരസ്വതിയെ വിഷ്ണുവിനോടു ബന്ധപ്പെട്ട ശക്തിയായും ശിവനോടു ബന്ധപ്പെട്ട ശക്തിയായും അഗ്‌നിപുരാണത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നതിനും ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്.

വിചിത്രാഡംബരിയും ശ്വേതപദ്മാസനയുമായ വേദാത്മികയുടെ സമ്മോഹനചിത്രമാണ് ഇനിയൊരു വര്‍ണനയില്‍.
യാ കുന്ദേന്ദുതഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശേ്വതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍-
ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.

‘തുഷാരകണങ്ങള്‍ തിളങ്ങുന്ന കുരുക്കുത്തിമുല്ലമാലയുടെ ധവളിമ ചേര്‍ന്നവളും ശുഭ്രവസ്ത്രധാരിണിയും വരവീണയാല്‍ അലംകൃതമായ കരതലങ്ങളോടുകൂടിയവളും വെണ്‍താമരയില്‍ വസിക്കുന്നവളും ബ്രഹ്മാവിഷ്ണുമഹേശാദികളായ ദേവന്മാരാല്‍ എല്ലായ്‌പ്പോഴും പൂജിക്കപ്പെടുന്നവളും ആയ അല്ലയോ സരസ്വതീഭഗവതീ! സര്‍വമന്ദതകളെയും ദൂരീകരിച്ച് എന്നെ രക്ഷിച്ചാലും’ എന്നാണ് അര്‍ഥന
ഡോ. വി. പ്രസന്നമണി

മനുഷ്യത്വമുള്ളവരായി ജീവിക്കൂ - ശുഭചിന്ത


അമൃതവാണി
പ്രകൃതിയില്‍ മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും സ്വാഭാവികമായി എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നു. അവയുടെയെല്ലാം ജീവിതത്തിനൊരു താളമുണ്ട്. മനുഷ്യന്‍ മാത്രമാണ് വിശ്വത്തിന്റെ ഈ താളാത്മകതയ്ക്ക് വിപരീതമായി നീങ്ങുന്നതും പ്രവര്‍ത്തിക്കുന്നതും. കാരണം ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനും അല്ലാത്തതു തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവനുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വംകൂടി മനുഷ്യനുണ്ട്. അതെന്താണ്? സഹജീവികളെ, മറ്റ് ജീവജാലങ്ങളെ സ്‌നേഹപൂര്‍വം പരിഗണിച്ച് ഈ സ്വാതന്ത്ര്യം വിനിയോഗിക്കുക.

മറ്റുള്ളവരുടെ സ്ഥാനത്തു നമ്മളെ കാണാനുള്ള കഴിവാണ് കാരുണ്യം. മറ്റുള്ളവരുടെ ദുഃഖവും സന്തോഷവും നമ്മുടെ ദുഃഖവും സന്തോഷവുമായി മാറണം. നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളെപ്പോലെ വേറിട്ടു നില്‍ക്കുന്നവരല്ല. ഈ വിശ്വമാകുന്ന ചങ്ങലയിലെ കണ്ണികളാണ്. മറ്റുള്ളവര്‍ മാറിയിട്ട് നമ്മള്‍ മാറാന്‍ കാത്തിരുന്നാല്‍, ആര്‍ക്കും മാറ്റമുണ്ടാവില്ല. നേരെമറിച്ച്, നമ്മള്‍ മാറിയാല്‍ മറ്റുള്ളവര്‍ തനിയെ മാറും.

വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് ആത്മാവിന് കൊടുക്കേണ്ട സ്ഥാനം ശരീരത്തിനും, ശരീരത്തിന് നല്‍കേണ്ട സ്ഥാനം ആത്മാവിനുമാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളാണിന്നു ലോകത്തില്‍ കാണുന്നത്. അങ്ങനെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്തോ അതിനെ നമ്മള്‍ പൂര്‍ണമായും അവഗണിച്ച മട്ടാണ്.

ഇതുപറയുമ്പോള്‍ അമ്മ ഒരു കഥയോര്‍ക്കുകയാണ്. ഒരാള്‍ക്ക് രണ്ടുതരം അസുഖങ്ങളുണ്ട്. അദ്ദേഹത്തിന് കണ്ണിനു സുഖമില്ല, കലശലായ ദഹനക്കേടുണ്ട്. ഡോക്ടറെ കണ്ടു രോഗവിവരങ്ങള്‍ വിശദീകരിച്ചു പരിശോധിച്ചശേഷം ഡോക്ടര്‍ അയാള്‍ക്ക് കണ്ണിലൊഴിക്കാന്‍ തുള്ളിമരുന്നും ദഹനക്കേടു മാറാന്‍ മറ്റൊരു മരുന്നും നല്‍കി. നിര്‍ഭാഗ്യവശാല്‍ രോഗി ഡോക്ടറുടെ നിര്‍ദേശം തലതിരിച്ചാണ് മനസ്സിലാക്കിയത്. വീട്ടില്‍ ചെന്ന് കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ഒരു ഡോസെടുത്ത് അയാള്‍ കഴിച്ചു. ദഹനത്തിനു കഴിക്കാന്‍ കൊടുത്ത മരുന്ന് കണ്ണിലും ഒഴിച്ചു. അതുകൊണ്ടെന്തുപറ്റി? അസുഖം മാറിയില്ല എന്നു മാത്രമല്ല, രണ്ടു രോഗവും വര്‍ധിക്കുകയും ചെയ്തു. ഇതുപോലൊരു ആശയക്കുഴപ്പത്തിലാണ് മാനവരാശി ഇന്ന്.

ജീവിതത്തിന്റെ എല്ലാ അംശങ്ങളെക്കുറിച്ചും മനുഷ്യനിന്ന് ആശയക്കുഴപ്പത്തിലാണ്. കാരണം, ബാഹ്യതയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും ആന്തരികതയെ പരിപൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മനോഭാവമാണിന്നു മനുഷ്യന്‍ സ്വീകരിക്കുന്നത്.

ശാരീരിക സുഖങ്ങള്‍ അനുഭവിക്കാനും ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ അമിതമാവുകയാണ്. നമ്മുടെ ശ്രദ്ധയും ശക്തിയും സമയവുമൊക്കെ ശരീരത്തെ പോഷിപ്പിക്കാന്‍വേണ്ടി മാത്രമായിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ജീവിതത്തില്‍ ആധ്യാത്മികതയ്ക്കും ആത്മാവിനും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ മറന്നുപോകുന്നു. തീര്‍ച്ചയായും ശരീരം ശ്രദ്ധിക്കണം. അതിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കണം.

പക്ഷേ, ആത്മശക്തിയാണ് ഇതിനെല്ലാം ആധാരം എന്ന പരമസത്യം നമ്മള്‍ വിസ്മരിക്കരുത്. ആ സത്യം മറക്കാതിരുന്നാല്‍ മാത്രമേ, നമുക്ക് യഥാര്‍ഥ മനുഷ്യരായി, മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ നമുക്ക് നമ്മോടും ഈ ലോകത്തോടുമുള്ള ധര്‍മം വേണ്ടവിധത്തില്‍ അനുഷ്ഠിക്കാന്‍ കഴിയൂ.

ഇന്ദ്രാണീ ശോകം - ശ്രീമദ്‌ ദേവീഭാഗവതം. 6. 8. - ദിവസം 135.



നഹുഷസ്ത്വഥ താം ശ്രുത്വാ ഗുരോസ്തു ശരണം ഗതാം
ചക്രോധ സ്മരബാണാര്‍ത്തസ്തമാംഗിരസമാശു വൈ
ദേവാനാഹാംഗിരാ സുനുര്‍ ഹന്ത വ്യോയം മയാ കില
സ ഇന്ദ്രാണീം ഗൃഹേ ഗൂഢോ രക്ഷതീതി മായാ ശ്രുതം



വ്യാസന്‍ തുടര്‍ന്നു: ഇന്ദ്രപത്നി ശചിയ്ക്ക് ദേവഗുരു അഭയം നല്‍കിയതായി അറിഞ്ഞ നഹുഷന്‍ ക്രുദ്ധനായി. ‘ആ വ്യാഴത്തെ ഞാനിന്നു കൊല്ലുന്നുണ്ട്‌. ഇന്ദ്രാണിയെ അയാളുടെ വീട്ടില്‍ വെച്ചു പോറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.’


മുനിമാര്‍ അവനോടു സദുപദേശം നല്‍കി. ‘കാമാവേശം കൊണ്ട് വെറുതേ കോപിക്കാതെ രാജാവേ. പാപബുദ്ധി ദൂരെക്കളയൂ. അന്യസ്ത്രീഗമനം ധര്‍മ്മശാസ്ത്രത്തിനു നിരക്കാത്തതും മഹാ പാപവുമാണ്. ശക്രന്റെ പത്നിയാണെങ്കില്‍ ഒരു സതീരത്നമാണ്. ശക്രന്‍ ജീവിച്ചിരിക്കെ അവള്‍ മറ്റൊരാളെ വരിക്കുകയില്ല. ഇന്ദ്രപദവിയില്‍ ഇരിക്കുന്ന നീയാണ്നാട്ടില്‍  ധര്‍മ്മം നടപ്പാക്കേണ്ടവന്‍. അങ്ങിനെയുള്ള നീ ഇങ്ങിനെ തുടങ്ങിയാല്‍ എന്താവും സ്ഥിതി? നിനക്ക് രമിക്കാന്‍ ശചിയോളം പോന്ന സ്വര്‍ഗ്ഗതരുണികള്‍ വേറെ ഉണ്ടല്ലോ? അവര്‍ക്ക് പതിവ്രതാ പരിധികള്‍ നോക്കേണ്ട കാര്യവുമില്ല. രതിക്ക് പ്രധാനം ശൃംഗാരം തന്നെയാണ്. പിടിച്ചുപറിച്ചു ബലാല്‍ക്കാരമായി നടത്തുന്ന രതിയില്‍ സുഖമുണ്ടോ? പരസ്പരം മുറ്റിത്തഴയ്ക്കുന്ന പ്രേമവായ്പ്പ് രതിയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ രണ്ടാള്‍ക്കും സുഖമുണ്ടാവൂ. അതുകൊണ്ട് അന്യനാരിയുമായി ബന്ധപ്പെടാനുള്ള വാഞ്ഛയുപെക്ഷിച്ച് ഇന്ദ്രന്‍റെ പദവിയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുക. അല്ലെങ്കില്‍ സുകൃതം ക്ഷയിക്കും, ദുഷ്കൃതം വര്‍ദ്ധിക്കുകയും ചെയ്യും.’


അപ്പോള്‍ നഹുഷന്‍ പറഞ്ഞു: ‘ഗൌതമന്‍റെ ഭാര്യയെ ഇന്ദ്രന്‍ കൊണ്ടുപോയി ഭോഗിച്ചപ്പോള്‍ നിങ്ങളൊക്കെ ഈ ഉപദേശങ്ങള്‍ കൊടുക്കാന്‍ മറന്നുപോയോ? എല്ലാവര്ക്കും അന്യരെ ഉപദേശിക്കാന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ സ്വയം ആ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര ദുര്‍ലഭം! ശചി എന്നെ പ്രാപിക്കുന്നതുകൊണ്ട് ആര്‍ക്കും കുഴപ്പമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ക്കുമെനിക്കും അത് ഹിതകരമാവും. ആ ദേവിയും അങ്ങിനെ ഞാനുമായി രമിച്ചു സുഖിച്ചുകൊള്ളട്ടെ. എനിക്കിപ്പോള്‍ മറ്റാരും വേണ്ട. മറ്റൊന്നിനാലും എന്‍റെ ആഗ്രഹം തീരുകയില്ല. അനുനയിച്ചോ അത്തിനു കഴിഞ്ഞില്ലെങ്കില്‍ ബലമായോ ശചിയെ കൂട്ടിക്കൊണ്ടു വരിക.


നഹുഷന്‍ ഇങ്ങിനെ ദൃഢമായി  പ്രസ്താവിച്ചപ്പോള്‍ ദേവന്മാരും മുനിമാരും സംഭീതരായി ‘ഞങ്ങള്‍ അവളെ അനുനയിപ്പിച്ച് ഇവിടെ കൊണ്ടുവരാം’ എന്നു സമ്മതിച്ചു.


അവര്‍ ഗുരുവിന്‍റെ ഗൃഹത്തില്‍ച്ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ശചി അവിടുത്തെ ശരണാഗതയാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാം തന്നെ ഇന്ദ്രപദവിയില്‍ വാഴിച്ച നഹുഷന്‍ ശചിയെ വരിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നു. അവളെ നഹുഷന് കൊടുത്താലും’ ഇത് കേട്ട ഗുരു ‘എന്നില്‍ ശരണാഗതയായ ഇവളെ വിട്ടു തരുന്ന പ്രശ്നമില്ല.’ എന്ന് തീര്‍ത്തു പറഞ്ഞു.

‘എന്നാല്‍ അങ്ങ് തന്നെ അവനെ പ്രീതിപ്പെടുത്തുക. അവന്‍റെ കോപം നമുക്ക് താങ്ങാനാവുകയില്ല’ എന്നായി ദേവന്മാര്‍.


അപ്പോള്‍ ഗുരു പറഞ്ഞു: ‘ഇന്ദ്രാണി കൊട്ടാരത്തിലേയ്ക്ക് പോവട്ടെ. അവിടെച്ചെന്ന് വാക്കുകള്‍ കൊണ്ട് നഹുഷനെ പരമാവധി പ്രലോഭിപ്പിക്കട്ടെ.

‘ശക്രന്‍ മരിച്ചുവെന്നുറപ്പായാല്‍ ഞാന്‍ അങ്ങയെ വരിക്കാം. കാന്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അന്യനെ വരിക്കാന്‍ വയ്യ. ഞാനദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു യാത്ര പോവുകയാണ്. വിവാഹം യാത്രകഴിഞ്ഞു വരുമ്പോള്‍ ആവാം’.


ഗുരുവും ദേവന്മാരും നഹുഷനെ വഞ്ചിക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ കൊട്ടാരത്തിലേയ്ക്ക് ഇന്ദ്രാണിയെ കൂട്ടിക്കൊണ്ടു ചെന്നു. ഇന്ദ്രാണിയെക്കണ്ട്‌ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘പ്രിയേ, ഇപ്പോഴാണ് ഞാന്‍ ശരിക്കും ഇന്ദ്രനായത്. എന്നെ സേവിക്കൂ. അങ്ങിനെ സുഖിച്ചു ജീവിക്കൂ’.

‘അങ്ങയോട് എനിക്കൊരപേക്ഷയുണ്ട് ദേവാധിപാ. എന്‍റെ കാന്തന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? എനിക്കാകെ ശങ്കയുണ്ട്. അത് തീര്‍പ്പാക്കുന്നത് വരെ അങ്ങ് കാത്തിരിക്കണം. ശക്രന്‍ എവിടെയാണോ ആവോ!’ നഹുഷന്‍ സമ്മതിച്ചു.



ഇന്ദ്രനെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വരാന്‍ ശചി ദേവന്മാരോട്‌ ആവശ്യപ്പെട്ടു. ദേവന്മാര്‍ക്ക് ആ വാക്കുകളിലെ സാരസ്യം മനസ്സിലായി. അവരുടനെ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സ്തുതിച്ചു. ആദിദേവനും ജഗന്നാഥനും ദീനവല്‍സലനുമായ ഭഗവാനെ ദേവന്മാര്‍ ഉചിതമായ പദങ്ങള്‍ കൊണ്ട് കീര്‍ത്തിച്ചു. എന്നിട്ടവര്‍ ആവലാതി പറഞ്ഞു: ‘ഭഗവാനേ, ബ്രഹ്മഹത്യാപാപഭയം കൊണ്ട് വലഞ്ഞ ശക്രന്‍ എവിടെയോ പോയി അലയുകയാണ്. അങ്ങയുടെ സഹായത്താല്‍ ഇന്ദ്രന്‍ ചതിവിലാണല്ലോ വൃത്രനെ കൊന്നത്. ഇപ്പോള്‍ പാപഭീതിയാല്‍ ഒളിവില്‍ക്കഴിയുന്ന ഇന്ദ്രനെ കണ്ടുപിടിക്കണം ഞങ്ങളെ രക്ഷിക്കണം. എന്താണൊരു പരിഹാരം?’


‘ശക്രന്റെ പാപവിമുക്തിക്കായി ഒരശ്വമേധയാഗം നടത്തണം. ഇങ്ങിനെ പാപമുക്തനായാല്‍പ്പിന്നെ ഇന്ദ്രന്‍ വീണ്ടും തന്‍റെ പദവിയലങ്കരിക്കും. അശ്വമേധത്തിനാല്‍ പ്രീതിപ്പെടുത്തുന്ന പക്ഷം ജഗദംബിക ബ്രഹ്മഹത്യാപാപങ്ങള്‍ നശിപ്പിച്ച് ഇന്ദ്രനെ സംരക്ഷിക്കും. ദേവിയെ പ്രീതിപ്പെടുത്തലാണ് അശ്വമേധത്തിന്റെ ഉദ്ദേശം. ശചിയും ദേവിയെ ഉപാസിക്കട്ടെ. അങ്ങിനെ ദുഃഖനിവൃത്തിയുണ്ടാവും. ജഗദംബികയുടെ മായയില്‍ മോഹിച്ചാണ് അയാള്‍ പാപം ചെയ്തത്. തന്‍റെ തന്നെ പാപഫലത്താല്‍ നഹുഷനു നാശമുണ്ടാവും. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടും. കൂടെ ആ പദവിയുടെ പ്രതാപവും വന്നു ചേരും.’


വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട ദേവന്മാരും ഗുരുവും ഇന്ദ്രന്‍ ഒളിച്ചു കഴിയുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇന്ദ്രനെക്കൊണ്ട് അവര്‍ അശ്വമേധയാഗം നടത്തിച്ചു. ഭൂമിക്കും, നാരികള്‍ക്കും, മരങ്ങള്‍ക്കും നദികള്‍ക്കുമായി ബ്രഹ്മഹത്യാപാപത്തെ വിഭജിച്ച്‌ നല്‍കി ഇന്ദ്രനെ അവര്‍ മുക്തനാക്കി. എങ്കിലും കാലം ശരിയാവാത്തതുകൊണ്ട് ശക്രന്‍ കുറേക്കാലം കൂടി താമരത്തണ്ടിനുള്ളില്‍ ഒളിച്ചു തന്നെ കഴിഞ്ഞു. ആര്‍ക്കും അദ്ദേഹത്തെ പുറമേയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.


‘യജ്ഞം ചെയ്തിട്ടും എന്‍റെ കാന്തനെ കാണാത്തതെന്തേ’ എന്ന് ശചി ഗുരുവിനോട് ചോദിച്ചു. അദ്ദേഹത്തെ കാണാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരണം എന്നവള്‍ അപേക്ഷിച്ചു.


‘പൌലോമീ, നീയാ മംഗളമൂര്‍ത്തി ജഗബംബികയെ ആരാധിക്കുക. ആ ദേവി നിനക്ക് നിന്‍റെ കാന്തനെ കാണിച്ചു തരും’ എന്ന് ഗുരു അവളെ ഉപദേശിച്ചു. ‘നഹുഷനെ തടയാനും അവനെ സ്വസ്ഥാനത്തു നിന്നും നിഷ്ക്കാസിതനാക്കാനും ദേവിയുടെ അനുഗ്രഹം വേണം.’ ഇത്രയും പറഞ്ഞു ഗുരു അവള്‍ക്ക് ദേവീ ഉപാസനയ്ക്കുള്ള മന്ത്ര ദീക്ഷ നല്‍കി.


ശചി ഭഗവതിയെ ആരാധിച്ചു. ബലി, പുഷ്പാര്‍ച്ചന, എന്നിവയാല്‍ അവള്‍ അംബികാപൂജനം ചെയ്തു. ഭോഗങ്ങള്‍ ഉപേക്ഷിച്ചു താപസ വേഷധാരിണിയായി ശചി ചെയ്ത സാധനയില്‍ ദേവി സംപ്രീതയായി. ഹംസവാഹനത്തില്‍ സൌമ്യഭാവത്തില്‍ ദേവി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. കോടി ചന്ദ്രന്മാരുടെ കുളുര്‍മ്മയും കോടി സൂര്യന്മാരുടെ പ്രഭയും ഒരുമിച്ചു വിളങ്ങുന്ന വേദപ്രകീര്‍ത്തിതയായ ദേവി പാശാങ്കുശവരാഭയങ്ങള്‍ അലങ്കരിക്കുന്നവളും കാലടിവരെ നീണ്ടുകിടക്കുന്ന മുത്തുമണിമാല ചാര്‍ത്തിയവളും പുഞ്ചിരിയലങ്കരിച്ച മുഖത്തോട് കൂടിയവളും മൂന്നു തിളക്കമാര്‍ന്ന നേത്രങ്ങള്‍ ഉള്ളവളും ശാന്തി, ആനന്ദം എന്നിവ നിറഞ്ഞ കുചകുംഭദ്വയങ്ങള്‍ ഉള്ളവളും ആബ്രഹ്മകീടജനനിയുമായ അമ്മ കൃപയുടെ കേദാരമായി അവിടെ വിളങ്ങി.


ജഗദംബിക മേഘഗംഭീര സ്വരത്തില്‍ ഇങ്ങിനെ മൊഴിഞ്ഞു: ‘ശചീ അഭീഷ്ടവരം എന്താണെങ്കിലും ചോദിച്ചാലും. നിന്നില്‍ ഞാന്‍ പ്രസീദയാണ്. എന്നെക്കാണുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അനേകകോടി ജന്മങ്ങളിലെ ആര്‍ജ്ജിതപുണ്യപരിപാകം കൊണ്ടേ അതുണ്ടാവൂ.’


‘അമ്മേ, ഭര്‍ത്തൃദര്‍ശനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നഹുഷനില്‍ നിന്നുള്ള പേടി ഇല്ലാതാക്കണം. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടണം’ ശചി ആഗ്രഹമുണര്‍ത്തിച്ചു.


‘അങ്ങിനെയാകട്ടെ’ എന്ന് ദേവി അനുഗ്രഹിച്ചു. നീ ഈ ദൂതിയെക്കൂട്ടി മാനസസരസ്സില്‍ ചെല്ലുക. അവിടെ വിശ്വകാമാ എന്ന് പേരായ ഒരു മൂര്‍ത്തിയായി ഞാനുണ്ട്. അവിടെയാണ് ദുഖാകുലനായ ഇന്ദ്രന്‍ ഭയപ്പാടോടെ കഴിയുന്നത്. ഞാന്‍ നഹുഷനെ മോഹിപ്പിച്ച് അവന്‍റെ ഇന്ദ്രസിംഹാസനവാസം അവസാനിപ്പിക്കാം. അപ്പോള്‍ ഇന്ദ്രന് വീണ്ടുമാ പദവിയലങ്കരിക്കാം. അങ്ങിനെ നിനക്ക് സ്വസ്ഥയാവാം.’


ശചിയെക്കൂട്ടി ദേവിയുടെ ദൂതി മാനസസരസ്സില്‍ ഇന്ദ്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒളിച്ചുകഴിയുന്ന ഇന്ദ്രനെ ദര്‍ശിച്ചു. ഏറെക്കാലമായി കാണാതിരുന്ന കാന്തനെ കണ്ട് അവള്‍ ആമോദം പൂണ്ടു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

108 ദുര്‍ഗ്ഗാലയങ്ങള്‍



ദുര്‍ഗ്ഗാലയങ്ങള്‍ നൂറ്റെട്ടും
ദുഷ്കൃതം ദൂരെ നീങ്ങുവാന്‍
ദു:ഖം പോക്കേണമെന്‍ പോറ്റി
ദുര്‍ഗ്ഗാദേവീ നമോസ്തുതേ
വലയാലയമാദിക്കും,
തൈക്കാടും, കടലായിലും,
കന്യാകുമാരി, കാമേക്ഷി, മൂകാംബി,ചെറുകുന്നിലും,
കുമരനെല്ലൂരു,കാപീടു,
ചേരനെല്ലൂരു, ചെങ്ങളം,
തോടിപ്പാളി, ഇടപ്പള്ളി,
പേരൂര്‍ക്കാവു്‌, മയില്‍പുറം,
വെള്ളിത്തട്ടഴകത്തെന്നും,
ചാത്തന്നൂര്‍, നെല്ലുവായിലും,
അന്തിക്കാട്‌, പണങ്ങോട്‌,
അയ്യന്തോളയ്യകുന്നിലും,
കടപ്പൂരുഴലൂരെന്നും,ചൊല്ലാംപുന്നരിയമ്മയും,
കാരമുക്കു,
മടക്കുന്നി,ചെമ്പുക്കാ,വിടനാടുമേ,
പുവ്വത്തിശ്ശേരി,ചേര്‍പ്പെന്നും,
കുട്ടനെല്ലൂരു,ചേര്‍ത്തല,
വെള്ളിക്കുന്നെന്നു ചൊല്ലുന്നു വെണ്ടൂര്‍,മാണിക്യമംഗലം,
വിളിപ്പാ,വിളിയന്നൂരും,
വെളിയങ്കോട്‌,വിടകൊടി,
ഈങ്ങയൂരു,മിടപ്പെറ്റ,
കുട്ടലും,കരുമാപ്പുറെ,ചൊല്ലാം കൈവാലയം,പത്തു രാരൂര്‍,
ചെങ്ങണ,പോത്തന്നൂര്‍,വിളിയന്നൂരു,
പന്തലൂര്‍,പന്നിയങ്കര,
കുന്നിപ,തേണൂര്‍,മറവഞ്ചേരി,ഞ്ഞാങ്ങോട്ടിരി,
പങ്കണൂര്‍,കാട്ടൂര്‍,പിഷാരി,ചിറ്റണ്ട,
ചോറ്റാനിക്കര രണ്ടിലും,തിരുക്കുളം,
കിടങ്ങേത്ത്‌,വിരങ്ങാട്ടൂര്‍,ശിരസ്സിലും,
പേരച്ചന്നൂരു്‌, മാങ്ങട്ടൂര്‍,
തത്തപ്പള്ളി,വരക്കലും, കരിങ്ങാച്ചിറ,ചെങ്ങന്നൂര്‍,തൊഴാനൂരു,
കൊരട്ടിയും,തേവലക്കോ,ടിളംപാറ,
കുറിഞ്ഞിക്കാട്ടുകാരയില്‍
തൃക്കണിക്കാടുമീയിടെ,ഉണ്ണൂര്‍,
മംഗല മെന്നിവ തെച്ചിക്കോട്ടോല,
മുക്കോല,ഭക്തിയാര്‍,ഭക്തിശാ,
കിഴക്കനിക്കാടഴിയൂര്‍,വള്ളൂര്‍,
വള്ളൊടികുന്നിവലയും പത്തിയൂര്‍,തിരുവാലത്തൂര്‍
ചൂരക്കോടെന്നു്‌ കീഴടൂര്‍
ഇരിങ്ങോളം കടംബേരി തൃച്ചംബര
മിതാദരാല്‍ ഋണനാരായണം,
നെല്ലൂര്‍, ക്രമത്താല്‍ ശാല രണ്ടിലും
അഷ്ടമി കാര്‍ത്തിക ചൊവ്വാ നവമീ
വെള്ളിയാഴ്ചയും പതിനാലും തിങ്കള്‍ മുതല്‍ സന്ധ്യ കാലേ വിശേഷത.

ബല്ലലേശ്വർ ക്ഷേത്രം - Ballaleshwar temple is one of the eight temples of Lord Ganesha.

Related image



























മഹാരാഷ്ടയിലെ പനവേൽ അടുത്തുളള നാഗോത്താണെ എന്ന സ്ഥലത്ത് നിന്നും ഒരു പതിനൊന്ന് കിലോമീറ്റർ ദൂരത്തുളള പാലി എന്ന സ്ഥലത്താണ്, ഈ അഷ്ടവിനായക അമ്പലത്തിലെ മൂന്നാമത്തെ ക്ഷേത്രം. കർജ്ജിത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മുപ്പത് കിലോ മീറ്റർ ദൂരം ഉണ്ടാവും. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. 

നാട്ടുകാരും, സ്വന്തം പിതാവും കൂടി മകൻ ആയ ബല്ലലനെ പലെ വിധത്തിലും ദ്രോഹിച്ചരുന്നു. കാരണം മകന്ന് അമിതം ആയിട്ടുളള ഗണേശ ഭഗവാനോടുളള ഭക്തി ആയിരുന്നു കാരണം. പക്ഷെ കുട്ടിയെ ഗണേശ ഭഗവാൻ എല്ല ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ചു എന്നും കഥ.

ഈ അമ്പലം ആദ്യം മരം കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. അത് വളരെ വളരെ കാലം മുമ്പ് ആയിരുന്നു. അതിന്ന് ശേഷം 1760 താം കൊല്ല വർഷത്തിൽ ഈ അമ്പലത്തിനെ കല്ല് പടുത്ത്, ശ്രീ നാനാ ഫഡനിവിസ് എന്ന മാഹാൻ മാറ്റി പണിതു. അമ്പലത്തിൻറ്റെ രണ്ട് ഭാഗത്തും ആയിട്ട് നല്ല ശുദ്ധ ജല കുളങ്ങളും പണിതു. ഇതിലെ ഒരു കുളത്തിലെ വെളളം അമ്പലത്തിലെ കർമ്മങ്ങൾക്ക് മാത്രം ഉപയോഗിക്കാനുളളതാണ്. ഇതിൽ പൊതു ജനത്തിന്ന് പ്രവേശനം ഇല്ല. മറ്റെ കുളം പൊതു ജനത്തിന്ന് ഉപയോഗിക്കാം.
ക്ഷേത്ര ദർശ്ശനം കിഴക്കോട്ട് നോക്കിയിട്ട് രണ്ട് ശ്രീകോവിൽ ഉണ്ട് ഒന്ന് അകത്തും,. പിന്നെ ഒന്ന് പുറത്തും ആണ്. ഗണേശ ഭഗവാനും, അതിന്ന് മുന്നിൽ ആയിട്ട് ഭഗവാൻറ്റെ വാഹനം ആയിട്ടുളള മൂഷികനും ഉണ്ട്. മൂഷികൻറ്റെ കൈയ്യിൽ മോദകവും ഉണ്ട്. എട്ട് തൂണുകൾ എട്ട് ഭാഗത്തായിട്ടുണ്ട് എന്നതും ഒരു പ്രത്യേകത ആണ്. അഷ്ടഗണേശന്മാരെ സൂചിപ്പിക്കുന്നതാണോ ഈ തൂണുകൾ എന്നും പറയുന്നു.  അകത്തെ ശ്രീകോവിൽ പതിനഞ്ച് അടിയും, പുറത്തെ ശ്രീകോവിൽ പന്ത്രണ്ട് അടിയും ആണ് ഉയരം.


ശ്രീകോവിലെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നത് ഒരു പ്രത്യേക തരത്തിൽ ആണ്, സൂര്യ ദേവൻ ഉദിക്കുന്ന സമയത്ത്, സൂര്യ രശ്മികൾ ഭഗവാൻറ്റെ വിഗ്രഹത്തിൽ  നേരിട്ട് പതിക്കുന്ന വിധത്തിൽ ആണ്. തുമ്പി കൈ ഇടത്ത് ഭാഗത്തേക്ക് തിരിഞ്ഞിട്ടാണ്. പിന്നെ വിഗ്രഹത്തിൻറ്റെ  കണ്ണുകളിൽ വൈരക്കലുകൾ പിടിപ്പിച്ചിട്ടുണ്ട് എന്നതും ഒരു വിശേഷം ആണ്. കടലമാവ് കൊണ്ട് ഉണ്ടാക്കിയിട്ടുളള ലഢു ആണ് ഇവിടെ ഭഗവാന്ന് നേദിക്കാൻ പാടൂ എന്നും നിബന്ധന. അല്ലാതെ വേറെ മോദകങ്ങൾ നേദിക്കാൻ അനുവദിക്കാറില്ല.


ഇന്നത്തെ പാലി എന്ന സ്ഥലം പാലിപ്പൂർ എന്ന പേരിൽ ആയിരുന്നു മുമ്പ്. അവടെ കല്യാൺസേത് എന്ന് പേരുളള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അവർക്ക് കുറെ കാലം മക്കൾ ഉണ്ടായില്ല. അവസാനം കുറെ ദൈവത്തെ പ്രാർത്ഥിച്ച ശേഷം ഒരു കുട്ടി ഉണ്ടായി, അവൻറ്റെ പേര് ബല്ലാലി എന്നായിരുന്നു. ബല്ലാലിക്ക് എപ്പോഴും ഭഗവാനെ പ്രാർത്ഥിക്കാൻ മാത്രമേ സമയം ഉണ്ടായിരുന്നുളളു. അവൻ കൂടുതലും പ്രാർത്ഥിച്ചരുന്നത് ഗണേശ ഭഗവാനെ ആയിരുന്നു. കാട്ടിൽ കൂട്ടുകാരെയും കൂട്ടി പോയി അവിടെ ഒരു കല്ലിൽ ഗണേശ ഭഗവാനെ സങ്കൽപ്പിച്ചായിരുന്നു പ്രർത്ഥന. ഇത് നാട്ടുകാർക്ക് ഇഷ്ടം ആവാതെ ആയി അവർ ബല്ലാലിയുടെ പിതാവിനെ കണ്ട് സങ്കടം ഉണർത്തിച്ചു.


മകൻറ്റെ ഈ പ്രവൃത്തിയിൽ അച്ഛന്ന് വിഷമവും കോപവും ഉണ്ടായി. അദ്ദേഹം നേരെ കാട്ടിൽ പോയി മകനും കൂട്ടുകാരും ഇരുന്നു പ്രാർത്ഥിക്കുന്ന സ്ഥലം എല്ലാം അലങ്കോലപ്പെടുത്തി. വിഗ്രഹത്തിനെ എടുത്ത് ദൂരേക്ക് എറിഞ്ഞു. സ്വന്തം മകനെ കുറെ തല്ലി, ചീത്ത പറഞ്ഞു എന്നിട്ടും ദേഷ്യം അടങ്ങാത്തതിനാൽ, കുട്ടിയെ കെട്ടിയിട്ടു. എന്നിട്ട് താക്കീതും നൽകി നീ ഇവിടെ കിടന്ന് നരകിക്ക് എന്ന് ശപിച്ചു. നോക്കട്ടെ നിന്നെ നിൻറ്റെ ഗണേശൻ രക്ഷിക്കുമോ എന്ന ഭീഷണിയും നൽകി. ഇതെല്ലാം ചെയ്യുമ്പോഴും ബല്ലാലി അനങ്ങാതെ ഗണേശനെ മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ടിരുന്നു. നിഷ്കളങ്കം ആയിട്ടുളള പ്രാർത്ഥന.


ഭഗവാൻ ഗണേശൻ കുട്ടിയെ രക്ഷിച്ചു. കെട്ടി പിടിച്ച് അനുഗ്രഹിച്ചു. അവസാനം ബല്ലാലിയുടെ ആവശ്യപ്രകാരം അങ്ങിനെ പാലിയിൽ സ്വയഭൂവായി ജന്മം എടുത്തു. അങ്ങിനെ ജന്മം എടുത്ത സ്ഥലത്തെ അമ്പലം ആണ് ഇന്നത്തെ ബല്ലേശ്വർ ക്ഷേത്രം. ബല്ലാലി പ്രാർത്ഥിച്ചിരുന്ന കല്ലാണ് പിന്നീട് ശ്രീധുൺഡി വിനായ മന്ദിരം ആയിട്ട് പടിഞ്ഞാറ് നോക്കി ഇരിക്കുന്ന വേറെ ക്ഷേത്രം ആയി രൂപപ്പെട്ടത്. പടിഞ്ഞാട്ട് അഭിമുഖീകരിച്ചരിക്കുന്ന ഗണേശ ഭഗവദ് മന്ദിരങ്ങൾ അപൂർവ്വം ആണ് എന്നും പറയുന്നു.
ഇതിനാൽ ഇവിടെ വരുന്ന ഭക്തർ ആദ്യം ശ്രീധുൺഡി വിനായകനെ തൊഴണം എന്നാണ് ചിട്ട. അതിന്ന് ശേഷമേ ബല്ലേശ്വര അഷ്ടവിനായകനെ തൊഴാൻ പാടുളളു.




ഓം ഗണേശായ നമഃ