ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 17, 2016

ഭഗവത് കഥകള്‍

ഭഗവത് കഥ

ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.
ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”
ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.
കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.
അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.
പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”
“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.
കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”
ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.
രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”
അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”
ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.

ഓം നമോ ഭഗവതേ വാസുദേവായ:

ഓണ ചോദൃങ്ങൾ

1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
👉 *അദിതി*

2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
👉 *മധുരൈ കാഞ്ചി*

3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
👉 *മൂലം നാൾ*

4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
👉 *എട്ടാം സ്കന്ധം*

5❓ ആരുടെ പുത്രനാണു മഹാബലി?
👉 *വിരോചനൻ*

6❓മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?
👉 *'വിശ്വജിത്ത്‌' എന്ന യാഗം*

7❓എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?
👉 *ചോതിനാൾ മുതൽ*

8❓എത് നാള്ളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
👉 *ഉത്രാടനാള്ളിൽ*

9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
👉 *തൃക്കാക്കരയപ്പനെ*

10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
👉 *ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.*

11❓മഹാബലി എന്ന വാക്കിനർത്ഥം?
👉 *'വലിയ ത്യാഗം' ചെയ്‌തവൻ.*

12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
👉 *ത്രേതായുഗത്തിലാണ്*

13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
👉 *കശ്യപൻ*

14❓മഹാബലിയുടെ യഥാർത്ഥ പേര്?
👉 *ഇന്ദ്രസേനന്‍*

15❓മഹാബലിയുടെ പത്നിയുടെ പേര്?
👉 *വിന്ധ്യാവലി*

16❓മഹാബലിയുടെ പുത്രന്റെ പേര്?
👉 *ബാണാസുരന്‍.*

17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
👉 *ഭൃഗുകച്ഛം എന്ന സ്ഥലത്ത്*

18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?
👉 *അസുരഗുരു ശുക്രാചാര്യൻ*

19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
👉 *അഞ്ചാമത്തെ*

20❓ എന്നാണ് ഓണം ആഘോഷിക്കുന്നത്?
👉 *ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

108 കൃഷ്ണ നാമങ്ങള്‍

ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി..............

1. ഓം ശ്രീ കൃഷ്ണായ നമഹ
2. ഓം കമലാ നാഥായ നമഹ
3. ഓം വാസുദേവായ നമഹ
4. ഓം സനാതനായ നമഹ
5. ഓം വസുദേവാത്മജായ നമഹ
6. ഓം പുണ്യായ നമഹ
7. ഓം ലീലാ മാനുഷ വിഗ്രഹായ നമഹ
8. ഓം ശ്രീവത്സ കൌസ്തുഭ ധരായ നമഹ
9. ഓം യശോദാ വസ്ത്സലായ നമഹ
10. ഓം ഹരയെ നമഹ
11. ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമഹ
12. ഓം ദേവകീ നന്ദനായ നമഹ
13. ഓം ശ്രീശായ നമഹ
14. ഓം നന്ദഗോപപ്രിയാത്മജായ നമഹ
15. ഓം യമുനാ വേഗ സംഹാരിനെ നമഹ
16. ഓം ബലഭദ്ര പ്രിയാനുജായ നമഹ
17. ഓം പൂതനാ ജീവിത ഹരായ നമഹ
18. ഓം ശകടാസുര ഭഞ്ഞനായ നമഹ
19. ഓം നന്ദ -വ്രജ -ജനാനന്ദിനെ നമഹ
20. ഓം സച്ചിദാനന്ദ വിഗ്രഹായ നമഹ
21. ഓം നവനീത -വിലീപ്താന്ഗായ നമഹ
22. ഓം നവനീത നാഥായ നമഹ
23. ഓം അനഘായ നമഹ
24. ഓം നവനീത -നവഹരായ നമഹ
25. ഓം മുച്ചുകുന്ദ -പ്രസാടകായ നമഹ
26. ഓം ഷോഡസ സ്ത്രീ സഹസ്രേശായ നമഹ
27. ഓം ത്രിഭംഗി -മധുരാ കൃതയെ നമഹ
28. ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമഹ
29. ഓം ഗോവിന്ദായ നമഹ
30. ഓം യോഗിനാം പതയെ നമഹ
31. ഓം വത്സ -പാലന -സഞ്ചാരിനെ നമഹ
32. ഓം അനന്തായ നമഹ
33. ഓം ധേനുകാസുര -മര്‍ദനായ നമഹ
34. ഓം ത്രണി കര്‍ത്താ തൃണവര്‍തായ നമഹ
35. ഓം യമലാര്‍ജുന -ഭഞ്ഞനായ നമഹ
36. ഓം ഉത്താല -താല -ഭേത്രേ നമഹ
37. ഓം തമലാ -ശ്യമാലാകൃതയെ നമഹ
38. ഓം ഗോപ -ഗോപീശ്വരായ നമഹ
39. ഓം യോഗിനെ നമഹ
40. ഓം കോടി -സുര്യ -സമ -പ്രഭായ നമഹ
41. ഓം ഇളാപതയെ നമഹ
42. ഓം പരസ്മൈ ജ്യോതിസേ നമഹ
43. ഓം യാദവേന്ദ്രായ നമഹ
44. ഓം യദു ദ്വഹായ നമഹ
45. ഓം വനമാലിനെ നമഹ
46. ഓം പീത വാസസെ നമഹ
47. ഓം പരിജാതാപഹരകായ നമഹ
48. ഓം ഗോവര്ധനാ ചാലോദ്ധര്ത്രേ നമഹ
49. ഓം ഗോപാലായ നമഹ
50. ഓം സര്‍വ -പാലകായ നമഹ
51. ഓം അജായ നമഹ
52. ഓം നിരഞ്ജനായ നമഹ
53. ഓം കാമജനകായ നമഹ
54. ഓം കന്ജലോചനായ നമഹ
55. ഓം മധുഘ്നെ നമഹ
56. ഓം മഥുരാനാഥായ നമഹ
57. ഓം ദ്വാരകാ നായകായ നമഹ
58. ഓം ബലിനെ നമഹ
59. ഓം വൃന്ദാവനാന്ത -സഞ്ചാരിനെ നമഹ
60. ഓം തുളസി -ധാമ -ഭുഷണായ നമഹ
61. ഓം സ്യമന്തക -മണിര്‍ ഹരത്രെ നമഹ
62. ഓം നര-നാരായണാത്മകായ നമഹ
63. ഓം കുബ്ജക്ര്സ്തംബര ധരായ നമഹ
64. ഓം മായിനെ നമഹ
65. ഓം പരമ -പുരുഷായ നമഹ
66. ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമഹ
67. ഓം സംസാര -വൈരിനെ നമഹ
68. ഓം കംസാരയെ നമഹ
69. ഓം മുരാരയെ നമഹ
70. ഓം നരകാന്തകായ നമഹ
71. ഓം അനാദി -ബ്രഹ്മചാരിനെ നമഹ
72. ഓം കൃഷ്ണ വ്യസന -കര്‍ഷകായ നമഹ
73. ഓം ശിശുപാല ശിരസ് ച്ചെത്രെ നമഹ
74. ഓം ദുര്യോധന -കുലാന്തകായ നമഹ
75. ഓം വിദുരാക്രൂര -വരദായ നമഹ
76. ഓം വിശ്വരൂപ -പ്രദര്‍ശകായ നമഹ
77. ഓം സത്യാ -വാചെ നമഹ
78. ഓം സത്യാ -സങ്കല്പായ നമഹ
79. ഓം സത്യ ഭാമാരതായ നമഹ
80. ഓം ജയിനേ നമഹ
81. ഓം സുഭദ്ര -പുര്‍വജായ നമഹ
82. ഓം വിഷ്ണവേ നമഹ
83. ഓം ഭീഷ്മ മുക്തി -പ്രദായകായ നമഹ
84. ഓം ജഗദ്‌ ഗുരവേ നമഹ
85. ഓം ജഗന്നാഥായ നമഹ
86. ഓം വേണു -നാദ -വിശാരദായ നമഹ
87. ഓം വൃഷഭാസുര വിധ്വംസിനെ നമഹ
88. ഓം ബാണാസുരാന്തകായ നമഹ
89. ഓം യുധിഷ്ഠിര -പ്രതിസ്ഥത്രേ നമഹ
90. ഓം ബര്‍ഹി -വര്ഹ വതാംഷകായ നമഹ
91. ഓം പാര്‍ത്ഥസാരഥയെ നമഹ
92. ഓം അവ്യക്തായ നമഹ
93. ഓം ഗീതാമൃത -മഹോദധയെ നമഹ
94. ഓം കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമഹ
95. ഓം ദാമോദരായ നമഹ
96. ഓം യജ്ഞ -ഭോക്ത്രേ
97. ഓം ദാനവേന്ദ്ര -വിനാശകായ നമഹ
98. ഓം നാരായണായ നമഹ
99. ഓം പര -ബ്രഹ്മനെ നമഹ
100. ഓം പന്നഗാസന -വാഹനായ നമഹ
101. ഓം ജല -ക്രീഡാ സമാസക്ത -ഗോപീ -വസ്ത്രപഹാരകായ നമഹ
102. ഓം പുണ്യ -ശ്ലോകായ നമഹ
103. ഓം തീര്‍ത്ഥകാരായ നമഹ
104. ഓം വേദ -വേദ്യായ നമഹ
105. ഓം ദയാ -നിധയെ നമഹ
106. ഓം സര്‍വ -ഭൂതാത്മകായ നമഹ
107. ഓം സര്‍വാഗ്രഹരൂപിനെ നമഹ
108. ഓം പരാത് -പാരായ നമഹ

അർദ്ധരാത്രിയിൽ ജലാശയസ്‌നാനം

രാത്രിയുടെ മദ്ധ്യയാമങ്ങളിൽ കുളങ്ങളിൽ ഒറ്റക്കുപോയി കുളിക്കരുത്. അത് ആസുരീകവേളയാണ്. മദ്ധ്യയാമങ്ങളെന്ന് പറയുന്നത് രാത്രി പത്തേമുക്കൽ മണിമുതൽ രണ്ടരമണിവരെയുള്ള സമയം. ഈ സമയത്ത് അസുരന്മാർ, ഗന്ധർവന്മാർ, യക്ഷൻ, ജലജന്തുക്കൾ എന്നിവജലത്തിലും സമീപപ്രദേശങ്ങളിലും വിഹരിക്കുന്നുണ്ടെന്നാണ് സങ്കൽപ്പം.
അർദ്ധരാത്രിയിലെ സ്‌നാന നിഷേധം ജലാശയങ്ങളിൽ മാത്രമേയുള്ളൂ. അർദ്ധരാത്രിയിൽ ജലാശയസ്‌നാനം ആവശ്യമായി വരുന്നഘട്ടങ്ങളിൽ ഒരു സഹായിയുടെ കൂടെ വിളക്കിന്റെ തെളിച്ചത്തിൽ ഈശ്വരസ്മരണയോടെ വേണം കുളിക്കുവാൻ. ദീപപ്രകാശം ആസുരികശക്തികളെ അകറ്റും അല്ലാതെ അർദ്ധ രാത്രിയിൽ മദ്യപിച്ച് ധിക്കാരത്തേടെ പോയാൽ ഈശ്വരാനുഗ്രഹക്കുറവുള്ള സമയമാണെങ്കിൽ അപകടങ്ങൾ സംഭവിക്കാം.

തച്ചുശാസ്ത്രകണക്കുപ്രകാരം സാധാരണകുളങ്ങളുടെ കണക്കിലും അതീതമായ അതായത് 91 കോലിലും അധികം നീളമുള്ള കുളങ്ങളെ ചിറ എന്നാണ് പറയുക. അങ്ങനെയുള്ള ചിറയുടെ അടിയിൽ കൂടി പുണ്യ നദികൾ ഒഴുകുന്നുണ്ടെന്നാണ് വിശ്വാസം. അങ്ങനെയുള്ള ചിറകൾക്ക് അശുദ്ധിയില്ല. അത്തരം പ്രദേശത്ത് പിതൃകർമ്മങ്ങൾക്ക് വിശേഷം തന്നെയെന്നുപറയാം

മഹാബലിയുടെ ഭൃത്യനായ ഭഗവാൻ ............

മഹാബലിയുടെ ഭൃത്യനായ ഭഗവാൻ ............


വീണ്ടും ഒരു ഓണക്കാലം വന്നു പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം....കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി കഥയിലെ വസ്തുത ഇപ്രകാരമാണ്.

ശ്രീമദ്മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു....ഭഗവാന്‍ ബലിയോട് പറഞ്ഞു ...
''
ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു...അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

ദൈവദശകം

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.       1
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.       2
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.       3
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.       4
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.       5
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.       6
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.       7
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.       8
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.       9
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.  10

സുബ്രഹ്മണ്യകീർത്തനം - ശ്രീനാരായണഗുരുദേവൻ (അർത്ഥം സഹിതം)

ശ്രീനാരായണഗുരുദേവൻ 1887 -1897 കാലഘട്ടത്തിൽ രചിച്ചത് എന്ന് കരുതുന്ന സുബ്രമണ്യകീർത്തനം ,

ചില ഭാഗങ്ങൾ വായിക്കുമ്പോൾ മഹാദേവനെ മനസിൽകണ്ടുകൊണ്ടാണോ കീർത്തനം എഴുതിയത്  എന്ന് തോന്നലുണ്ടാക്കുന്നുണ്ട്

 അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി-
ച്ചൂടിയാടും ഫണത്തിൻ
ചന്തം ചിന്തും നിലാവിന്നൊളി വെളിയിൽ വിയദ്-
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരാനകറ്റി-
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയൻ
സങ്കടം പോക്കിടേണം.       1

സന്ധ്യാ സമയത്തെ ചന്ദ്രക്കല പുറത്തുകാട്ടിയും ദിവ്യമായ മുടികെട്ടില്‍ ചാര്‍ത്തിയാടുന്ന പാമ്പിന്റെ പത്തിയുടെ ശോഭ പൂണ്ടും ചന്ദ്രകലയില്‍ നിന്നുള്ള നിലാവൊളി പരന്നും ജടയ്ക്കുള്ളില്‍ ധരിച്ചിരിക്കുന്ന ആകാശഗംഗയുടെ തിരതള്ളല്‍ പുറത്തേക്ക്‌ വ്യപിച്ചും മനോഹരമായ തീക്കണ്ണില്‍ നിന്നും പുറപ്പെടുന്ന പ്രഭാകിരണങ്ങള്‍ വര്‍ഷിച് അജ്ഞാനമാകുന്ന ഇരുട്ടിന്റെ രൂപങ്ങള്‍ ആയ ഭ്രമങ്ങളെ ഇല്ലാതാക്കിയും ഭക്താന്മ്മാരുടെ ഏതു ചിന്തയും സഫലമാക്കുന്ന അല്ലയോ ഭഗവാന്‍ അവിടുന്ന് ഈ ഭക്തന്‍റെ സംസാര ദുഖമെല്ലാം അകറ്റി തന്നാലും 


പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ-
ട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചിൽച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-
ത്തോടി മൂടറ്റിടും മുൻ
പച്ചപ്പൊൻമൈലിലേറിപ്പരിചിനൊടെഴുന-
ള്ളിപ്പടിക്കൽ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!       2

ജ്യോതിശ്ചക്രം കണക്കെൻ മനമിളകി മറി-
ഞ്ഞായുരന്തം വരും മുൻ
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുൾ-
ത്തേൻ തുളുമ്പും പദം തേ;
പാതിപ്പെൺമെയ്മകൻ നിന്തിരുവടിയുടെ മേ-
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമൈലേ!       3

എൺചാൺ റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തു കീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെൻ-
നെഞ്ചാറിപ്പാൽ കുടിപ്പാനൊരു വരമരുളീ-
ടേണമേ തമ്പുരാനേ!       4

അങ്കുങ്കും നാടിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോൾ
തങ്കക്കോയിക്കലുള്ളിൽ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
തങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളി വായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിർധൂളിയാക്കാൻ.       5

കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുൾ പൊ-
ങ്ങീടുവോളം പൊറുപ്പാൻ
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും.       6

ഓങ്കാരംകൊണ്ടെഴുപ്പിപ്പെരുവെളി നടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണർന്നീടുക ഝടിതി മതി-
ത്താമരത്തേൻ കുടിപ്പാൻ
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും
ഝങ്കാരം പോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാൻ വാ.       7

കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാർക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണിൽക്കണ്ടോർ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ,
ദണ്ണം തീർത്തെന്നെ രക്ഷിച്ചഭയമരുളുവാൻ
കയ്യുമൊന്നല്ലെ വേണ്ടൂ?       8

ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാർ-
ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിൻ കൂട്ടിങ്കലുൾച്ചഞ്ചലതരമിളകും
പഞ്ചരാജാക്കൾ പോം മുൻ
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാൻ വരം താ.       9

മൗനപ്പൂന്തേനൊഴുക്കേ, മതിയമൃതൊലിയേ,
മന്ദനാമെൻ മനക്കൺ-
ജ്ഞാനക്കണ്ണാടിയേ, നിൻ തിരുവടിയടിയൻ-
തീ പൊറുത്തീടവേണം;
കൂനിത്തന്തേനുമായിക്കുറവർകുടിയതിൽ
പെണ്ണെടുത്തുതേക്കാൾ
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടു ചേർത്താൽ?       10

വെയ്‌ലും ന്‌ലാവും വിഴുങ്ങിക്കനലൊളി നടുവിൽ
ക്കാലുമൂന്നിപ്പിടിച്ച-
മ്മൈലിന്മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിൻ വിളക്കേ,
റെയ്‌ലിൻ വേഗം ജയിക്കും ജരനര മുതലാം
മൂഢരും ഞാനുമായി-
ജ്ജെയ്‌ലിൽ പാർപ്പാൻ ഞെരുക്കം ജവമയി! പരമൻ
ചിത്സുഖം നല്കിടേണം.       11

സ്പഷ്ടം ന്ലാവങ്ങു നീങ്ങീ ദിനകരനുദയം
ചെയ്തു ചന്ദ്രൻ മറഞ്ഞൂ
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാൻ പിന്നെയാട്ടേ,
കഷ്ടം ദീനം പിടിച്ചോ മദിരയതു കൂടി-
ച്ചോ കിടക്കുന്ന ലോകർ-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയിൽ മുഴുകുവാൻ
കാലമായ് വന്നിതിപ്പോൾ.       12

ഉൾത്തീമാറ്റാനുപായത്തുനിവു നയമന-
ക്കൺമണേ, നീ തരാഞ്ഞാ-
ലുൾത്തീവ്രം പൊങ്ങി വിങ്ങും ദഹനശിഖയിൽ ഞാൻ
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം, പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!       13

എച്ചിൽച്ചോറു പുള്ളിക്കിനിയൊരു മകനാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരൻ, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം;
അച്ഛൻ പൈതങ്ങൾതൻ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങൾക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!       14

ഉൺമാനില്ലാഞ്ഞിരപ്പോട്ടിയുമൊരു വടിയും
കൊണ്ടു നീളേ നടക്കും
പെൺമെയ്പങ്കൻ കുടത്തിൻ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിർമ്മാണം പോൽ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്മായം നിൻ തകപ്പൻവികൃതികൾ പറവാ-
നാദിശേഷന്നുമാമോ!

Friday, September 16, 2016

ഗുരുവായൂർ ക്ഷേത്ര പൂജകളും ശിവേലികളും

ഹരിഃ ഓം!

മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി
ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.*

1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.

2 നിർമാല്യ ദർശനം
തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.

3 എണ്ണയഭിഷേകം
തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.

4 വാകച്ചാർത്ത്
തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.

5 മലർനിവേദ്യവും. വിഗ്രഹാലങ്കാരവും
അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.

6 ഉഷ:പൂജ
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.
ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.

7 എതിരേറ്റ് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.

ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല.

8 കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.

9 നവകാഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.

10 പന്തീരടിപൂജ
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും.

11 ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.

നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.

12 വൈകീട്ടത്തെ ശീവേലി
വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.
നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.

13 ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.

14 അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.
അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്.

15 അത്താഴശീവേലി
അത്താഴപ്പുജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.

16 തൃപ്പുകയും, ഓലവായനയും
ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.

വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ.ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും, അതും മിക്ക ദിവസവും ബുക്കിംഗ് ചെയ്യപ്പെട്ടവയാണ് .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്. 

ഇപ്പോൾ അതിവിശിഷ്ടമായ ഉണ്ണിക്കണ്ണന്റ ഗുരുവായൂർ പൂജാവിധിയെ പറ്റി സാമാന്യ ജ്ഞാനം ലഭിച്ചിരിക്കുമല്ലോ.