ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 16, 2016

ഗുരുവായൂർ ക്ഷേത്ര പൂജകളും ശിവേലികളും

ഹരിഃ ഓം!

മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി
ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.*

1 പള്ളിയുണർത്ത്

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.

2 നിർമാല്യ ദർശനം
തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.

3 എണ്ണയഭിഷേകം
തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.

4 വാകച്ചാർത്ത്
തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.

5 മലർനിവേദ്യവും. വിഗ്രഹാലങ്കാരവും
അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.

6 ഉഷ:പൂജ
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.
ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.

7 എതിരേറ്റ് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.

ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല.

8 കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.

9 നവകാഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.

10 പന്തീരടിപൂജ
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും.

11 ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.

നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.

12 വൈകീട്ടത്തെ ശീവേലി
വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.
നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.

13 ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.

14 അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.
അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്.

15 അത്താഴശീവേലി
അത്താഴപ്പുജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.

16 തൃപ്പുകയും, ഓലവായനയും
ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.

വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ.ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും, അതും മിക്ക ദിവസവും ബുക്കിംഗ് ചെയ്യപ്പെട്ടവയാണ് .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്. 

ഇപ്പോൾ അതിവിശിഷ്ടമായ ഉണ്ണിക്കണ്ണന്റ ഗുരുവായൂർ പൂജാവിധിയെ പറ്റി സാമാന്യ ജ്ഞാനം ലഭിച്ചിരിക്കുമല്ലോ.

അനുഷ്ഠാനങ്ങൾ - സംപ്രദായങ്ങൾ

അനുഷ്ഠാനങ്ങൾക്ക് വൈദികമെന്നും താന്ത്രികമെന്നും രണ്ട് സംപ്രദായങ്ങളാണ് നിലവിലുള്ളത്.
 തനു വിസ്തരണെ എന്ന ധാതുപ്രകാരം ജ്ഞാനത്തെ വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രമെന്നാണ് തന്ത്രത്തിനര്ഥം. സാധകന്മാരെ ത്രാണനം ചെയ്യുന്നതുകൊണ്ടും തന്ത്രമെന്ന് പറയാറുണ്ട്. തന്ത്രത്തിനെ ആഗമമായി സ്വീകരിച്ചാൽ, ഭോഗത്തിനും മോക്ഷത്തിനും ഉള്ള ഉപായം ഏതൊന്നിൽ നിന്നാണോ സാധകന്മാരുടെ ബുദ്ധിയിൽ വന്നുചേരുന്നത് അതിന് ആഗമമെന്ന് ശ്രീവാചസ്പതിമിശ്രാചാര്യർ പറയുന്നു. ദേവതകളുടെ സ്വരൂപം ഗുണം കര്മം മുതലായവയുടെ ചിന്തനത്തിനാധാരഭൂതമായ മന്ത്രങ്ങളെ ഉദ്ധരിക്കുക, ആ മന്ത്രങ്ങൾ യന്ത്രത്തിൽ സംയോജിപ്പിച്ച് പടലം, പദ്ധതി, കവചം, നാമസഹസ്രം, സ്തോത്രം ഈ അഞ്ച് അംഗങ്ങളോടുകൂടി ദേവതകളുടെ ധ്യാനത്തേയും ഉപാസനയേയും വ്യവസ്ഥപ്പെടുത്തികാണിക്കുക തുടങ്ങിയവയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾക്ക് തന്ത്രമെന്ന് പറയാം.
ശാക്തേയം, ശൈവം, വൈഷ്ണവം, ഗാണപത്യം, സ്കാന്ദം, സൌരം എന്നിങ്ങനെ ആറു തരത്തിലുള്ള സിദ്ധാന്തമതങ്ങളാണ് പ്രധാനമായും ഭാരതത്തിൽ നിലവിലുള്ളത്. സച്ചിദാനന്ദസ്വരൂപവും പൂര്ണവുമായ ഒരു ശക്തിതത്ത്വമാണ് ശാക്തധര്മത്തിന്റെ മുഖ്യസിദ്ധാന്തം.  കൌളം, സമയം, മിശ്രം എന്നിങ്ങനെ മൂന്നു പ്രധാനപ്പെട്ട ശാഖകളാണ് ശാക്തേയസംപ്രദായത്തിനുള്ളത്. ദേവിയുടെ പ്രതീകമായി ശ്രീചക്രം, തരുണി മുതലായ അവലംബങ്ങളിൽ ബാഹ്യപൂജാവിധാനങ്ങളോടു കൂടി ആരാധിക്കുന്നവരെ കൌളന്മാരെന്നും, ഹൃദയാകാശത്തിൽ ദേവിയെ അഭേദരൂപമായി ഭാവന ചെയ്യുന്നവരെ സമയാചാരികളെന്നും, സമയവും കൌളവും ചേര്ത്തു ആരാധിക്കുന്നവരെ മിശ്രസംപ്രദായം എന്നും വിളിക്കുന്നു. ബാഹ്യപൂജാവിധാനത്തിന് പ്രാധാന്യം കല്പിക്കുന്നവരാണ് കൌളവിഭാഗം, ഭാവനയ്കാണ് സമയികൾ പ്രാമാണ്യം നൽകുന്നതെങ്കിൽ ബാഹ്യവസ്തുക്കൾക്കും ഭാവനയ്കും പ്രാധാന്യം കല്പിക്കുന്നവരാണ് മിശ്രസംപ്രദായക്കാർ.
ഹൃദയാകാശത്തിൽ ദേവിയെ പൂജിക്കുന്നതാണ്  സമയമാര്ഗമായി പറയുന്നത്. സമയമാര്ഗത്തിൽ ദേവി ഹൃദയാന്തരത്തിൽ സ്ഥിതിചെയ്യുന്ന ചിത് സ്വരൂപിണിയാണ്. ആചാരമെന്ന നിലയിൽ സമയത്തിൽ രണ്ടു മാര്ഗങ്ങൾ പറയപ്പെടുന്നു. ഒന്നു ഹഠയോഗപ്രധാനവും മറ്റൊന്നു ഭാവനാപ്രധാനവും.  മൂലാധാരത്തിലുറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സ്വാധിഷ്ഠാനാദി ചക്രങ്ങളിലൂടെ സഹസ്രാരപദ്മത്തിൽ കൊണ്ടു ചെന്ന് അവിടെ വിരാജിക്കുന്ന സദാശിവതത്ത്വത്തോടു ഐക്യപ്പെടുത്തുന്നതാണ്  ഹഠയോഗമാര്ഗം. ഹൃദയകമലത്തിൽ ഭാവനാമയമായ അനുഷ്ഠാനമാണ്  ഭാവനാപ്രധാനമായ സമയാചാരത്തിലുള്ളത്. ഈ രണ്ടു മാര്ഗങ്ങളിലും ദേവിയെ സാധകനിൽ നിന്നും ഭിന്നമല്ലാതെ സ്വാത്മാവിൽ തന്നെ ആരാധിക്കുന്ന പദ്ധതിയാണുള്ളത്.  അത്യന്തം ഗഹനവും അതിശ്രേഷ്ഠവും എന്നാൽ ഗൂഢവുമായ ഈ പദ്ധതി സാമാന്യവിശദീകരണത്തിന് അതീതമായതിനാൽ രഹസ്യവിദ്യയായി തന്നെയാണ്   അനുഷ്ഠിക്കപ്പെടുന്നത്. സമയാന്തസ്ഥാ, സമയാചാരതത്പരാ, ഭവാനീ, ഭാവനാഗമ്യാ തുടങ്ങിയ നാമങ്ങൾ സമയാചാരത്തെ വിശദമാക്കുന്നതാണ്.
ബാഹ്യപൂജാ സമ്പ്രദായമാണ് കൌളമാര്ഗ്ഗമായി പറയപ്പെടുന്നത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമാണ് കൌളമെന്നത്.  കേവലം ബാഹ്യമായ വസ്തുക്കളും വാച്യാര്ഥവും മാത്രവും സ്വീകരിച്ച്  താന്ത്രികമായ അനുഷ്ഠാനങ്ങളോടു കൂടി ഉപാസനചെയ്യുന്ന പദ്ധതിയാണ്  പൊതുവെ ആളുകൾ കൌളാചാരമായി തെറ്റിദ്ധരിക്കുന്നത്. എന്നാൽ സാത്വികമായ കൌളസംപ്രദായം മുന്നോട്ടു വയ്കുന്നത്  സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മപ്രാപ്തി തന്നെയാണ്.
കുലത്തോടു ചേര്ന്നവനാണ് കൌളൻ. ഏകവിജ്ഞാനവിഷയത്വരൂപമായ ത്രിപുടി എന്ന് ഭാസ്കരറായാചാര്യർ പറയുന്നു. അറിയുന്നവൻ, അറിയപ്പെടുന്ന വിഷയം, അറിവ്  ഇതു മൂന്നും ആണ് ത്രിപുടി. മേയമാതൃമിതി ലക്ഷണം കുലം എന്ന് ചിദ്ഗഗനചന്ദ്രികയിൽ കാളിദാസനും കുലത്തെ ത്രിപുടിരൂപത്തിൽ നിർവചിച്ചിരിക്കുന്നു. അതിനാൽ ജ്ഞാതൃജ്ഞാനജ്ഞേയരൂപമായ ത്രിപുടി അദ്വൈതഭാവനാകാരമായിത്തീരുന്ന ആളിനെ കൌളൻ എന്നു പറയുന്നു.  കൌളാചാരത്തിൽ പഞ്ചമകാരപൂജയാണ് പ്രധാനമായി പറയുന്നത്. താമസികളായ ആളുകൾ ഈ പദാര്ഥങ്ങളുടെ വാച്യാര്ഥമെടുത്ത് നിന്ദ്യകര്മങ്ങളിൽ ഏര്പ്പെടുന്നു. എന്നാൽ ഈ പഞ്ചമകാരങ്ങൾ അന്തർയാഗങ്ങളുടെ പ്രതീകങ്ങളും ഉത്തമമായ തത്ത്വത്തെ പ്രതിനിധീകരിക്കുന്നതുമാണ്.
മദ്യശബ്ദത്തിന് കള്ള് ചാരായം മുതലായ മാദകദ്രവ്യങ്ങളെന്നാണല്ലോ സാമാന്യാര്ഥം. ഇവയെല്ലാം ശരീരത്തിനും മനസ്സിനും അനാരോഗ്യവും മാലിന്യവും ഉണ്ടാക്കുന്ന നിഷിദ്ധവസ്തുക്കളാകുന്നു. ന സുരാം പിബേത് എന്ന് മദ്യപാനത്തെ വേദം നിഷേധിക്കുന്നുണ്ട്. മദ്യപാനം അഞ്ചുമഹാപാതകങ്ങളിലൊന്നായി എല്ലാ സ്മൃതികാരന്മാരും പ്രഖ്യാപിക്കുന്നു. അതിനാൽ മുക്തിയ്കു വേണ്ടി നിര്ദേശിക്കുന്ന മദ്യം ലൌകികമായ മാദകപദാര്ഥമല്ലെന്ന് നിസ്സംശയം തീരുമാനിക്കാം.
മദ്യത്തിന്  സഹസ്രാരപദ്മത്തിൽ നിന്നും ഊറിവരുന്ന മധുവെന്നാണ്  കുളാര്ണവതന്ത്രത്തിലും ഗന്ധർവതന്ത്രത്തിലും അര്ഥം പറഞ്ഞിരിക്കുന്നത്.  യോഗികൾ  ഖേചരീ മുദ്ര ബന്ധിച്ച് സഹസ്രാരത്തിൽ നിന്ന്  ഊറിവരുന്ന അമൃതം സേവിക്കാറുണ്ട്. ചിദ്ഗുഹ എന്നു കൂടി പേരുള്ള സുഷുമ്നാ മുഖത്ത് നാക്കു പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ചൂടു നിമിത്തം ശിരസ്സിലുള്ള ചന്ദ്രമണ്ഡലത്തിൽ നിന്നും അമൃത് ഊറിവരും. ഈ അമൃത് അമൃതവാരുണീ എന്ന് പറയപ്പെടുന്നു. ഈ അമരവാരുണിയാണ് കൌളന്മാർ മോക്ഷദായകമായി ഉപദേശിക്കുന്ന മദ്യം. ജിഹ്വാപ്രവേശസംഭൂത വഹ്നിനോത്പാദിതഃ ഖലു. ചന്ദ്രാത് സ്രവതി യസ്സാരഃ സാ സ്യാദമരവാരുണീ എന്ന്  ഗോരക്ഷാ പദ്ധതിയിൽ പറയുന്നു. ഖേചരീ മുദ്രകൊണ്ട് സുഷുമ്നാ മുഖം അടയ്കുമ്പോൾ ഇഡയിലും പിംഗളയിലും കൂടിയുള്ള ശ്വാസപ്രശ്വാസഗതി നിരോധിക്കപ്പെടും. അപ്പോൾ പ്രാണൻ സുഷുമ്നയിൽ പ്രവേശിക്കുകയും കുണ്ഡലിനീ ശക്തി ഉണര്ന്ന് സഹസ്രാരപദ്മത്തിലെത്തി ശിവനോടു സമ്മേളിക്കുകയും ചെയ്യും. ശിവശക്തികളുടെ ഐക്യരൂപമായ അദ്വൈതാനുഭൂതി അഥവാ സമാധി സുഖം സാധകന് അനുഭവപ്പെടും. അതിനാൽ മദ്യമെന്ന ശബ്ദം കൊണ്ട് ഖേചരീ മുദ്ര നിമിത്തമുണ്ടാകുന്ന അമൃതപാനവും സമാധിസ്ഥിതിയും കൂടി ഗ്രഹിക്കപ്പെടണം.    വ്യോമപങ്കജനിഷ്യന്ദസുധാപാനരതോ നരഃ മധുപായി സമഃ പ്രോക്തസ്ത്വിതരേ മദ്യപായിനഃ എന്നുള്ള കുളാര്ണവതന്ത്രവാക്യത്തിൽ സഹസ്രാരപദ്മത്തിൽ നിന്ന് ഊറിവരുന്ന സുധ ആസ്വദിക്കുന്ന മനുഷ്യൻ മധുപാനം ചെയ്യുന്നവനും മറ്റുള്ളവരെല്ലാം മദ്യപാനം ചെയ്യുന്നവരുമാണെന്ന് വ്യക്തമായി പറയുന്നു. ജിഹ്വയാ ഗളസംയോഗാത് പിബേത് തദമൃതം തദാ യോഗിഭിര്പീയതേ തത്തു ന മദ്യം ഗൌഢപൈഷ്ടികം എന്ന് ഗന്ധർവതന്ത്രവാക്യം, യോഗികൾ പാനം ചെയ്യുന്ന മദ്യം ശര്ക്കരയിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ഉണ്ടാക്കുന്ന സാധാരണ മദ്യമല്ലെന്നും അത് ഖേചരീമുദ്രകൊണ്ട് ലഭിക്കുന്ന അമൃതമാണെന്നും സ്പഷ്ടമായി പറയുന്നുണ്ട്. ഇത്രയും കൊണ്ട് കൌളാചാരത്തിൽ മോക്ഷദായകമായി പുകഴ്ത്തുന്ന മദ്യം ഏറ്റവും പരിശുദ്ധമായ സുധാരസമാണെന്ന്  സിദ്ധിക്കുന്നു.
ശാക്തന്മാർ പുണ്യപാപങ്ങളെ പശുക്കളായി കല്പിക്കുന്നു. പുണ്യപാപരൂപമായ പശുക്കളെ ജ്ഞാനഖഡ്ഗം കൊണ്ട്  കൊന്നിട്ട് മനസ്സിനെ ബ്രഹ്മത്തിൽ ലയിപ്പിക്കുന്നതിന് മാംസാഹാരം എന്നും കുളാര്ണവത്തിൽ പറയുന്നു. പുണ്യാപുണ്യപശും ഹത്ത്വാ ജ്ഞാനഖഡ്ഗേണ യോഗവിത്  പരേ ലയം നയേത് ചിത്തം മാംസാശീ സ നിഗദ്യതേ എന്ന് കുളാര്ണവതന്ത്രം. പുണ്യപാപരൂപമായ മൃഗത്തെ ജ്ഞാനഖഡ്ഗം കൊണ്ട് കൊല്ലുകയും ചിത്തത്തെ ബ്രഹ്മത്തിൽ ലയിപ്പിക്കുകയും ചെയ്യുന്നതാണ് യോഗികളുടെ മാംസാഹാരമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഫലകാമനയോടും കര്തൃത്വബുദ്ധിയോടും കൂടി ചെയ്യുന്ന ശുഭകര്മങ്ങളിൽ നിന്ന് പുണ്യവും, അശുഭകര്മങ്ങളിൽ നിന്ന് പാപവും ഉണ്ടാകുന്നു. പുണ്യപാപങ്ങൾ മനസ്സിനെ ബഹിര്മുഖമാക്കിതീര്ക്കുന്നതിനാൽ പുണ്യപാപങ്ങളെ ജ്ഞാനം കൊണ്ട് നശിപ്പിക്കണമെന്ന് ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്നു. സ്ഥൂലസൂക്ഷ്മകാരണശരീരാദി സർവദൃശ്യങ്ങളും അനാത്മാവാണെന്നും അവയെ അറിയുന്നതും പ്രകാശിപ്പിക്കുന്നതുമായ സാക്ഷീചൈതന്യം ആത്മാവാണെന്നും ജ്ഞാനം കൊണ്ട്  സാധകനു മനസ്സിലാക്കാൻ കഴിയും. അതോടു കൂടി സാധകനായ യോഗിയുടെ മനസ്സ് ബ്രഹ്മത്തിൽ ലയിക്കുകയും ചെയ്യും. ഇതുകൊണ്ട്  മാംസഭക്ഷണത്തിന് മനസ് ആത്മാവിൽ ലയിക്കുക എന്ന അര്ഥമാണ് യോഗികൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
ശരീരത്തിലുള്ള ഇഡ പിംഗളാ നാഡികളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശ്വാസപ്രശ്വാസങ്ങളെ മത്സ്യങ്ങളായിട്ടാണ് കല്പിക്കുന്നത്. ഈ ശ്വാസപ്രശ്വാസങ്ങളെ നിയന്ത്രിച്ച് സമാധിയിലെത്തുന്നതിനെ  മത്സ്യഭക്ഷണമെന്ന് ആഗമസാരത്തിൽ പ്രസ്താവിക്കുന്നു. ഗംഗാ യമുനയോര്മദ്ധ്യേ ദ്വൌ മത്സ്യൌ ചരതഃ സദാ തൌ മദ്ധ്യൌ ഭക്ഷയേദ്യസ്തു സ ഭവേത് മത്സ്യസാധകഃ എന്ന് ആഗമസാരം. ഗംഗയുടേയും യമുനയുടേയും മദ്ധ്യത്തിൽ കൂടി എപ്പോഴും രണ്ട് മത്സ്യങ്ങൾ സഞ്ചരിക്കുന്നു. ആ മത്സ്യങ്ങളെ ഭക്ഷിക്കുന്നവനാണ് മത്സ്യസാധകൻ എന്നാണ് പ്രസ്തുതശ്ലോകത്തിന്റെ ആശയം. ഇവിടെ ഗംഗയെ ഇഡാനാഡിയായിട്ടും യമുനയെ പിംഗളയായിട്ടും അവയിൽ കൂടി സഞ്ചരിക്കുന്ന മത്സ്യങ്ങളെ ശ്വാസപ്രശ്വാസങ്ങളായും വിഭാവനം ചെയ്തിരിക്കുന്നു. പ്രാണായാമം കൊണ്ട് ശ്വാസപ്രശ്വാസഗതിയെ നിരോധിക്കുമ്പോൾ പ്രാണവായു സുഷുമ്നയിൽ പ്രവേശിച്ച് കുണ്ഡലിനീശക്തിയെ ഉണര്ത്തി സഹസ്രദളപദ്മത്തിലെത്തിക്കുന്നു. അതിനാൽ കൌളാചാരത്തിലെ മത്സ്യഭക്ഷണം പ്രാണനിരോധരൂപമായ സമാധിയാണെന്ന് സ്പഷ്ടമാകുന്നു.
സത്സംഗം കൊണ്ട്  മുക്തിയും ദുര്ജ്ജനസംഗം കൊണ്ട് ബന്ധവുമുണ്ടാകുന്നു. ദുര്ജ്ജനസംസര്ഗം സത്സംഗത്താൽ ഉപേക്ഷിക്കുന്നതിന്  മുദ്ര എന്ന് വിജയതന്ത്രം പറയുന്നു. സത്സംഗേണ ഭവേന്മുക്തി അസത്സംഗേഷു ബന്ധനം അസതാം മുദ്രണം യദ്യത്  താ മുദ്രാഹ പരികീര്ത്തിതാഃ. ജ്ഞാനത്തിനും അദ്ധ്യാത്മികസാധനകള്ക്കും പ്രതിബന്ധമായ ദുര്ജനസംസര്ഗത്തെ പാടെ ഉപേക്ഷിച്ച്  സജ്ജനസംസര്ഗം സമ്പാദിക്കുക എന്നതാണ് മുദ്ര എന്ന പദത്തിന്  അര്ഥമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
മൈഥുനമെന്നാൽ രണ്ടിന്റെ ചേര്ച്ച എന്നര്ഥം. ശിവതത്ത്വത്തോടു കുണ്ഡലിനിയുടെ ചേര്ച്ചയായും, ബ്രഹ്മാത്മൈകത്വമായും മൈഥുനത്തെ പറയുന്നു.  പ്രാണനും സുഷുമ്നയുമായുള്ള സംസര്ഗത്തിനും ശിവനും ശക്തിയും തമ്മിലുള്ള സംയോഗത്തിനും മൈഥുനമെന്ന് തന്ത്രശാസ്ത്രത്തിൽ പ്രസ്താവമുണ്ട്. ഇഡാ പിംഗളയോഃ പ്രാണാൻ സുഷുമ്നായാം പ്രവര്ത്തയേത് സുഷുമ്നാ ശക്തിരുദ്ദിഷ്ഠാ ജീവോ യസ്തു പരശ്ശിവഃ. തയോസ്തു സംഗമോ ദേവൈഃ സുരതം നാമ കീര്തിതം എന്നുള്ള തന്ത്രഭാഗപ്രകാരം ഇഡാ പിംഗളാ നാഡികളിൽ നിന്ന്  പ്രാണൻ സുഷുമ്നയിൽ പ്രവേശിക്കുന്നതിനും   സുഷുമ്നാ രൂപമായ കുണ്ഡലിനീ ശക്തിയും ജീവരൂപനായ ശിവനും തമ്മിൽ സംഗമിക്കുന്നതിനും വിദ്വാന്മാർ സുരതം അഥവാ മൈഥുനം എന്ന് പറയുന്നതായി തെളിയുന്നു. സാധാരണ മനുഷ്യൻ സ്ത്രീപുരുഷസംഗമത്തിൽ നിന്നുണ്ടാകുന്ന സുഖമാണ് ഏറ്റവും വലുതായി പരിഗണിച്ചിരിക്കുന്നത്. എന്നാൽ പ്രാണശക്തി സുഷുമ്നയിൽ പ്രവേശിക്കുമ്പോഴുണ്ടാകുന്ന സുഖവും, കുണ്ഡലിനീ ശക്തി സഹസ്രാരത്തിലെത്തി ശിവനിൽ ലയിക്കുമ്പോഴുണ്ടാകുന്ന പരമാനന്ദവും ലൌകികമായ മൈഥുനസുഖത്തേക്കാൾ മഹത്തരവും ശുദ്ധവും പൂര്ണവുമാണ്. അനുഭവവേദ്യമായ സുഖത്തെ ലൌകികഭാഷയിൽ മൈഥുനമെന്നു പറയുന്നു എന്നേയുള്ളു. ആത്മരതി, ആത്മക്രീഡൻ, ആത്മമിഥുനൻ, ആത്മാനന്ദൻ എന്ന് ജ്ഞാനികളെ ഉപനിഷത്തിൽ നാലായി വിഭജിച്ചിട്ടുണ്ട്. അവരിൽ ആത്മമിഥുനന്  എപ്പോഴും ആത്മാവുമായുള്ള മൈഥുനം അഥവാ സംസര്ഗമുണ്ട്. അതിൽ നിന്നുള്ള സുഖം അനുഭവിക്കുന്നതുകൊണ്ടാണ് ആ പേരു സിദ്ധിച്ചത്. ഈ വിവരണത്തിൽ നിന്ന് കുണ്ഡലിനീ ശക്തി ശിവനോടു ചേരുമ്പോഴുണ്ടാകുന്ന അനിർവചനീയമായ ആത്മസുഖത്തെയാണ് കൌളന്മാർ മൈഥുനപദം കൊണ്ട് നിര്ദേശിക്കുന്നതെന്നും അല്ലാതെ കേവലം സ്ത്രീപുരുഷസംയോഗസുഖമല്ല എന്നും മനസ്സിലാക്കാം.
ഇത്തരത്തിൽ മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നീ അഞ്ചുതത്ത്വങ്ങളും ഉത്കൃഷ്ടമായ അര്ഥത്തെ ദ്യോതിപ്പിക്കുന്നതാണ് എന്ന് വ്യക്തമാണ്.  അല്ലാതെ താമസികരാൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേവലം വാച്യാര്ഥമായ മദ്യമൈഥുനാദികളല്ല എന്ന്  ഉപാസകർ അറിഞ്ഞിരിക്കേണ്ടതാണ്. പരദ്രവ്യേഷു യോന്ധശ്ച പരസ്ത്രീഷു നപുംസകഃ പരാപവാദേ യോ മൂകഃ സർവദാ വിജിതേന്ദ്രിയഃ തസ്യൈവ ബ്രാഹ്മണസ്യാത്ര വാമേ സ്യാത് അധികാരിതാ എന്ന പ്രമാണമനുസരിച്ച്  പരദ്രവ്യത്തിൽ അന്ധനെപോലെയും, പരസ്ത്രീയിൽ നപുംസകത്തെ പോലെയും പരനിന്ദയിൽ മൂകനെപോലെയും ഇരിക്കുന്ന ജിതേന്ദ്രിയനുമാത്രമെ ദേവ്യുപാസനയ്ക്  അധികാരിതയുള്ളു എന്ന് കാണാം. ലളിതാസഹസ്രനാമത്തിൽ മദശാലിനീ, മദഘൂര്ണിതരക്താക്ഷീ, മദപാടലഖണ്ഡഭൂ, ചന്ദനദ്രവദിഗ്ധാംഗീ, ചാമ്പേയകുസുമപ്രിയാ, കൌളമാര്ഗ്ഗതത്പരസേവിതാ തുടങ്ങിയ നാമങ്ങൾ ഈ മഹത്തായ കൌളാചാരത്തെ പ്രതിപാദിക്കുന്നതാണ്. 
ശാക്തേയസംപ്രദായത്തിലെ സദാചാരനിഷ്ഠന്മാരായ വിവേകികൾ പഞ്ചമകാരങ്ങളെ ബാഹ്യപൂജയിൽ പ്രതീകാത്മകമായി ഉപയോഗിക്കാറുണ്ട്.  മദ്യത്തിന്റെ സ്ഥാനത്ത്  പാൽ, നെയ്യ്, തേൻ, വെള്ളം എന്നിവ ഉപയോഗിക്കുന്നു. മാംസത്തിന്റെ സ്ഥാനത്ത്  ഉപ്പ്, ചുക്ക്, എള്ള്, വെളുത്തുള്ളി എന്നിവയും, മത്സ്യത്തിന്റെ സ്ഥാനത്ത്  വെളുത്ത വഴുതനങ്ങ, ചുവന്ന മുള്ളങ്കി, ചുവന്ന എള്ള്,  പാണിഫലം എന്നിവയും, മുദ്രയുടെ സ്ഥാനത്ത്  നെല്ല്, അരി, ഗോതമ്പ്, പയറ് എന്നിവയും ഉപയോഗിക്കുന്നു. മൈഥുനസ്ഥാനത്ത്  കച്ഛപമുദ്രയാൽ ബന്ധിക്കപ്പെട്ട കൈകൊണ്ട്  ലിംഗചിഹ്നമായ കരവീരവും (അരളിപ്പൂവ്) യോനിചിഹ്നമായ അപരാജിതാ(വിഷ്ണുക്രാന്തി) പുഷ്പവും കൂട്ടിചേര്ത്ത്  പുഷ്പാഞ്ജലി കഴിക്കുന്നു. രക്തവര്ണാ, പായസാന്നപ്രിയാ, ശ്യാമാഭാ,സ്നിഗ്ധൌദനപ്രിയാ, രക്തവര്ണാ, ഗുഢാന്നപ്രീതമാനസാ, പീതവര്ണാ, ദധ്യന്നാസക്തഹൃദയാ, മുഗ്ദൌദനാസക്തചിത്താ,  ഹരിദ്രാന്നൈകരസികാ, സർവവര്ണോപശോഭിതാ, സർവൌദനപ്രീതചിത്താ തുടങ്ങിയ നാമങ്ങൾ മുകളിൽ പറഞ്ഞ വിഷയങ്ങളെ പ്രതിപാദിക്കുന്നതാണ്.
പലശാഖക്കാരും പലവിധത്തിൽ പഞ്ചതത്ത്വങ്ങളെ സ്വീകരിച്ച് ആരാധന നടത്തുമെങ്കിലും ഈ പഞ്ചമകാരങ്ങൾ ബാഹ്യപദാര്ഥങ്ങളെയല്ല മറിച്ച്  ഉത്കൃഷ്ടമായ സാധനകളേയും അവയിൽ നിന്നുണ്ടാകുന്ന ദിവ്യാനുഭൂതികളേയും കുറിക്കുന്നതാണ്.  ഇങ്ങിനെ ഉത്കൃഷ്ടമായ ശാക്തോപാസന ഉത്കൃഷ്ടനായ സാധകനു മാത്രമേ ചെയ്യാനാകു. സകല ജഗത്തിനും അധീശ്വരിയായ ദേവി തന്നെയാണ് താനെന്ന അദ്വൈത ബോധത്തിലേക്കുള്ള യാത്രയാണ് യഥാര്ഥത്തിൽ കൌളമെന്ന  ദേവ്യുപാസന.


കടപ്പാട് : കൃഷ്ണകുമാർ ജി

Thursday, September 15, 2016

ഹരിവരാസനം - ഐതിഹ്യവും, അർത്ഥവും

ഹരിവരാസനം

ശബരിമല ശ്രീകോവിലിൽ ദിവസവും അത്താഴ പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മേൽശാന്തി ഉടുക്കു കൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം.
ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

ചരിത്രവും ഐതിഹ്യവും

നാൽപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വി.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാ ശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധന സമയം ഹരിവരാസനം ആലാപിച്ചിരുന്നു.
ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ മേൽശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.
മറ്റൊരു ഐതിഹ്യ പ്രകാരം സ്വാമി വിമോചനാനന്ദ 1955 -ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആ‍ലപിച്ചതിനു ശേഷം, പിന്നീട് ഇക്കാലം വരേയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.
അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന ഹരിവരാസനം
ആദിതാളത്തിൽ, മധ്യമാവതി രാഗത്തിൽ, സംസ്കൃത പദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.
ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ മേൽശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്,
പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള ഓഡിയോ കേൾപ്പിക്കും.
ഇനി ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....

ഹരിവരാസനം
വിശ്വമോഹനം
ഹരിദധീശ്വരം
ആരാധ്യപാദുകം
അരിവിമർദ്ദനം
നിത്യ നർത്തനം
ഹരിഹരാത്മജം
ദേവമാശ്രയേ....

ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

ശരണ കീർത്തനം
ശക്ത മാനസം
ഭരണലോലുപം
നർത്തനാലസം
അരുണ ഭാസുരം
ഭൂതനായകം
ഹരിഹരാത്മജം
ദേവമാശ്രയേ...

ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

പ്രണയ സത്യകം
പ്രാണ നായകം
പ്രണതകല്പകം
സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ....

പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

തുരഗവാഹനം
സുന്ദരാനനം
വരഗദായുധം
വേദവർണ്ണിതം
ഗുരുകൃപാകരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ.....

കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....

ത്രിഭുവനാർച്ചിതം
ദേവതാത്മകം
ത്രിനയനം പ്രഭും
ദിവ്യദേശികം
ത്രിദശ പൂജിതം
ചിന്തിത പ്രദം
ഹരിഹരാത്മജം
ദേവമാശ്രയേ....

മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

ഭവഭയാപഹം
ഭാവുകാവഹം
ഭുവനമോഹനം
ഭൂതിഭൂഷണം
ധവളവാഹനം
ദിവ്യവാരണം
ഹരിഹരാത്മജം
ദേവമാശ്രയേ.....

ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

കള മൃദുസ്മിതം
സുന്ദരാനനം
കളഭ കോമളം
ഗാത്ര മോഹനം
കളഭ കേസരി
വാജിവാഹനം
ഹരിഹരാത്മജം
ദേവമാശ്രയേ....

മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

ശ്രിതജനപ്രിയം
ചിന്തിതപ്രദം
ശ്രുതിവിഭൂഷണം
സാധുജീവനം
ശ്രുതിമനോഹരം
ഗീതലാലസം
ഹരിഹരാത്മജം
ദേവമാശ്രയേ....

ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

നവഗ്രഹ ഗായത്രി

നവഗ്രഹ ഗായത്രി

ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും പ്രാധാന്യ മുള്ളവയാണ്‌ നവഗ്രഹ ഗായത്രീ മന്ത്രങ്ങള്‍. നിര്‍ദ്ദിഷ്ട ദാശാപഹാരങ്ങളില്‍ അതാതു ഗൃഹങ്ങള്‍ക്കുള്ള ഗായത്രി ജപിക്കുന്നത്‌ ശ്രേയസ്കരമാണ്.

സൂര്യന്‍

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : നേത്ര രോഗങ്ങള്‍ മാറും. ആരോഗ്യം വര്‍ദ്ധിക്കുന്നു.പ്രാണ ശക്തി 
വര്‍ധിക്കുന്നു.

ചന്ദ്രന്‍

ഓം അത്രി പുത്രായ  വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, ശീത സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു,മാനസിക പിരിമുറുക്കം കുറയുന്നു.

കുജന്‍

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ  ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. സഹോദരങ്ങള്‍ക്കിടയില്‍ സാഹോദര്യം  വര്‍ദ്ധിക്കുന്നു.

ബുധന്‍

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി,ഓര്‍മശക്തി വര്‍ധിക്കുന്നു.

വ്യാഴം

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരു പ്രീതിയാല്‍  സര്‍വ്വനന്മകളും നേടാന്‍ സാധിക്കും.ദൈവാധീനവും ഭാഗ്യവും വര്‍ധിക്കുന്നു.

ശുക്രന്‍

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

ശനി

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍,ദുരിതങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

രാഹു

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

 കേതു

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരസ്ഥമാകുന്നു.

കാളിയകഥ


സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം.ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു.

 ആ വരവ് വേദശിരസ്സിന് ഇഷ് ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :– ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’

ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട പാമ്പായി തീരട്ടെ! ”

വേദശിരസ്സിന് ഈ ശാപം സഹിക്കാനായില്ല. അദ്ദേഹം തിരിച്ചു ശപിച്ചു: ‘ചെറിയ തെറ്റിന് വലിയ ശാപം ചെയ്ത നിങ്ങൾ ദുഷ്ടനാണ്. അതിനാൽ കാക്കയായിത്തീരട്ടെ.’

കോപമടങ്ങിയപ്പോൾ രണ്ടു മഹർഷിമാർക്കും പശ്ചാത്താപമുണ്ടായി. പശ്ചാത്താപം കണ്ട ഭഗവാൻ മഹാവിഷ്ണുവിന് ദയതോന്നി. അദ്ദേഹം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു:– ‘നിങ്ങൾ രണ്ടാളും എന്റെ ഭക്തന്മാരാണ്. എന്റെ കണ്ണിൽ അഭിന്നരാണ്. നിങ്ങളുടെ ശാപവാക്കുകൾ നിഷ്ഫലമാവുകയില്ല.

വേദശിരസ്സേ, ഞാൻ അങ്ങയുടെ ശിരസ്സിൽ പാദംവച്ചനുഗ്രഹിക്കുന്ന ദിവസം അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കയായാലും ജ്ഞാനിയായിരിക്കും. സങ്കടപ്പെടാതിരിയ്ക്കുക. ഇതിൽനിന്നു ക്ഷിപ്രകോപത്തിന്റെ ദുഷ്ഫലം മനസ്സിലാക്കി ജീവിയ്ക്കുക.”

തന്റെ ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു.

അശ്വശിരസ്സ് ഭുശുണ്ഡൻ എന്ന കാകനായി അനിലപർവ്വതത്തിൽ അഭയം തേടി. സർവ്വ ശാസ്ത്രവിശാരദനായ ആ കാക്കയാണ്, ഗരുഡന് രാമായണമുപദേശിച്ചത്.

വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാരുടെ പുത്രനായി കാളിയൻ എന്ന പേരിൽ പിറന്നു.

കാളിയനോടൊപ്പം ജനിച്ച സർപ്പങ്ങളിൽ അനന്തൻ ഭൂഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റു സർപ്പങ്ങൾ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളിൽ താമസമാക്കി.

കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപിൽ വസിച്ചു. അവിടെ ഗരുഡഭയംകൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സർപ്പങ്ങൾ ഗരുഡനു നല്‍കിവന്ന ബലിയും രത്നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താൻ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങൾ സ്വയം ആഹരിയ്ക്കുകയും ചെയ്തു.

ഈ ധിക്കാരം ഗരുഡൻ പൊറുത്തില്ല. എങ്ങനെയാണെങ്കിലും കാളിയനെ വകവരുത്താനായി ഗരുഡന്റെ ശ്രമം. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിർദേശമനുസരിച്ച് കാളിയൻ കാളിന്ദിയിലെത്തി സസുഖം വാണു.

 അവിടെ ഗരുഡൻ ചെല്ലുകയില്ല. ചെന്നാൽ ദേഹനാശം സംഭവിയ്ക്കുമെന്ന് ഒരു മഹർഷി ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡൻ കാളിന്ദിയിൽ പോകാതെയായി. അതാണ് കാളിയൻ സ്വൈരമായി പാർക്കാൻ യമുന സുരക്ഷിതസ്ഥാനം ആയത് .

കാളിയൻ വേദശിരസ്സ് ആണല്ലോ — അതിനാൽ ഭഗവാൻ ശാപമോക്ഷം നല്കിയതനുസരിച്ച് കൃഷ്ണാവതാരത്തിൽ തലയിൽ ചവിട്ടി നൃത്തം ചെയ്തതോടെ, ഗരുഡഭയവും തീർന്നു.

ഇതാണ് കാളിയകഥ.

പതിനാല് ലോകങ്ങൾ


ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

1. സത്യലോകം

പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

2. തപോലോകം

ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.

3. ജനർലോകം

ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .

4. മഹർ ലോകം

മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.

5. സുവർലോകം

സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.

6. ഭുവർ ലോകം

ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.

7. ഭൂലോകം

മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.

1. പാതാള ലോകം

ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു .വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.

2. രസാതലം

രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.

3. മഹാതലം

രസാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്.കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്.ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.

4. തലാതലം

മയന്റെ ആസ്ഥാനമായ തലാതലമാണ്അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നുഈ അസുരൻ.

5. സുതലം

മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സുതലം.  ഐശ്വര്യ വാനായി ധ്യാനലീലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.

6. വിതലം

ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.

7. അതലം

അതലമാണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. മയപുത്രനും
മായാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.
ഈരേഴ് ലോകങ്ങളും ആയിരംഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം.

Wednesday, September 14, 2016

ഭൂലോക വൈകുണ്ഡം!!

ഓം നമോ നാരായണായഃ
***************************************

ഭൂലോക വൈകുണ്ഡം എന്ന ഖ്യാതി നേടിയ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം. അറിഞ്ഞോ / അറിയാതെയോ /പാവം ചെയ്തവർ ഈ പ്രപഞ്ചത്തൽ ഉണ്ടാകും അതിന് നല്ല ഒരു പരിഹാരം
ഗുരുപവനപുരിയിൽ ഒരു ദിവസം മുതൽ ഒരു വര്ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തിൽ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടിൽ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാൽ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.
അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങൾ യാഗാഗ്നിയിൽ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയൻ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരിൽ ഭജനമിരിയ്ക്കാൻ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീർഥയാത്രക്കിടയിൽ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലിൽ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തിൽ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനർനിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.
മേല്‍പുത്തൂർ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരിൽ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.
മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗഭൂമിയിൽ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂർ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോൾ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂർ. 
കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങൾ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാർ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. പന്ത്രണ്ട്ഭാവങ്ങളിൽ ഭഗവാൻ ദർശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ...

പുരാണത്തിലെ മഹാബലി കേരള ചക്രവർത്തി ആയിരുന്നുവോ?

പുരാണത്തിലെ
മഹാബലി കേരള ചക്രവർത്തി ആയിരുന്നുവോ?
-----------------

ഇന്ന് തിരുവോണം. മലയാളികളുടെ ദേശീയ ഉത്സവം. മഹാബലിയുമായി ബന്ധപ്പെടുത്തിയുള്ളഐതിഹ്യമാണല്ലോഓണത്തിനുള്ളത്. എന്നാൽ പുരാണത്തിലെ മഹാബലി ശരിക്കും കേരളം ഭരിച്ചിരുന്നുവോ? വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴത്തിയിരുന്നുവോ?
ഇതിൽ എത്രത്തോളം സത്യമുണ്ട്?
നമുക്കൊന്ന് നോക്കാം.


മഹാബലിയുടെ കഥ വിവരിക്കുന്ന ശ്രീമദ്
ഭാഗവതത്തിൽ നർമ്മദാനദിയുടെ  ഉത്തരതീരത്തായിരുന്നഗുജറാത്തി .ലെ ഭൃഗുകച്ഛം (ആധുനിക ബറൂച്ഛ്) എന്ന സ്ഥലത്തായിരുന്നു ബലി അശ്വമേധയാഗം നടത്തിയിരുന്നത്. ഇവിടെയാണ് വാമനൻവരുന്നത്.
ഭൃഗുകച്ഛവും കേരളവും തമ്മിൽ ഒരു ബന്ധവുമില്ല
മാത്രമല്ല മഹാബലിയുടെ മകനായ ആയിരം കൈകളുണ്ടായിരുന്നബാണാസുരൻവാണിരുന്നത് കാമപുരത്തായിരുന്നു. (ആധുനിക അസം) ഇദ്ദേഹത്തിന്റെ രാജധാനി അസമിലെ ശോണിതപുരം (Sonitpur) ആയിരുന്നുതാനും.(modern name Tezpur ). മഹാബലിയും മകനും ഉത്തര- മദ്ധ്യ ഇന്ത്യയിലെ രാജാക്കന്മാരായിരുന്നു എന്നു സാരം. മഹാബലിപുരം എന്നൊരു സ്ഥലം തമിഴ് നാട്ടിലുണ്ടെങ്കിലും മഹാബലിയുമായി ബന്ധപ്പെട്ട ഒരു സ്ഥലവും കേരളത്തിലില്ല.

മഹാബലി തന്റെ നാടുകാണാൻ വരുന്ന ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം എന്ന് കേരളത്തിൽ ഐതിഹ്യമുണ്ടെങ്കിലും അദ്ദേഹം കേരള രാജാവായിരുന്നെന്ന് ആരും തെറ്റിദ്ധരിക്കരുത് .തിരുവോണം മഹാബലിയെ വാമനമൂർത്തി ജയിച്ച ദിവസമാണ്. എന്ന് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ പറയുന്നുണ്ട്.


മഹാബലി അസുരരാജാവായിരുന്നു. അസ്സീറിയയിൽ നിന്നും വന്നവരാണ് അസുരർ എന്ന് ഒരുവിവക്ഷയുണ്ട്.(അസ്സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുർ )
അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന് പറയുന്നതായും അസ്സീറിയൻ ചരിത്രത്തിലുണ്ട്.അസീറിയൻ തലസ്ഥാനമായ നിനവെയിൽ നടത്തിയ ഉത്ഖനനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം 'ബല ' ശബ്ദത്തോടു കൂടിയ പല രാജാക്കന്മാരും നിനവെയിൽ വാണിരുന്നതായി കാണുന്നു.ഇതിന്റെ സംസ്കൃത രൂപമാണ് ബലി. അക്കാലത്ത നുഷ്ഠിച്ചിരുന്ന ഒരാഘോഷം പിൽക്കാലത്ത് അസ്സീറിയക്കാർ ഭാരതത്തിലേക്ക് കുടിയേറിയപ്പോൾ കൊണ്ടുവന്നതാണ് ഓണം എന്ന് ചില പണ്ഡിതർ വിശ്വസിക്കുന്നു. ഇങ്ങനെവരുമ്പോൾ മഹാബലി അസ്സീറിയക്കാരനാണെന്ന വിശ്വാസവും ചിലർക്കുണ്ട്.


തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാൻ തൃക്കാക്കര വാണിരുന്ന മഹാബലി പെരുമാൾ കല്പിച്ചുവെന്നും അങ്ങനെയാണ് ഓണാഘോഷത്തിന്റെതുടക്കമെന്നും ഒരുഐതിഹ്യമുണ്ട്. ത്രിലോക ചക്രവർത്തിയും വാമനനാൽ പാതാളത്തിലേക്ക് അയയ്ക്കപ്പെട്ടതുമായ മഹാബലിയല്ല ഓണവുമായി ബന്ധപ്പെട്ട മഹാബലിപ്പെരുമാൾ. മഹോദയപുരം തലസ്ഥാനമാക്കി കേരളംഭരിച്ചിരുന്ന കുലശേഖര പെരുമാക്കന്മാരുടെ കീഴിൽ ഭരണം നടത്തിയിരുന്ന കാല്ക്കരൈ നാട്ടുരാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയിൽ തൃക്കാക്കര അക്കാലത്ത് കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു. മഹാബലി പെരുമാൾ കർക്കട മാസത്തിലെ തിരുവോണം തുടങ്ങി  28 ദിവസത്തെ ഓണമഹോത്സവം നാത്തിയിരുന്നു. തൃക്കാക്കര മഹാദേവന്റെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണമാണ് ഈ ഉത്സവത്തിന്റെ പ്രധാന ദിവസം. ഈ ദിവസം മഹാബലി പ്പെരുമാളെ വന്നു കാണുന്നതിനും മഹാദേവനെ ദർശിക്കുന്നതിനും വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നും രാജാക്കമാരും നാടുവാഴികളും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും തൃക്കാക്കരയ്ക്ക് പോകാറുണ്ടായി രുന്നു.ഈയാത്ര പുറപ്പെടലിന്റെ സ്മാരകമാണ് കൊച്ചിരാജാവിന്റെ അത്തച്ചമയം. ഈ തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ടാകണം ഇനി തങ്ങളുടെ ഗൃഹങ്ങളിൽ വച്ചു തന്നെ ഓണമഹോത്സവം കൊണ്ടാടിയാൽ മതിയെന്ന് മഹാബലിപ്പെരു മാൾ കല്പിച്ചതും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളിൽ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയതും.


ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ചേരമാൻ പെരുമാൾ മക്കയിലേക്ക് തിരിച്ചതെന്നും അതിന്റെ സൂചനയാണ് ഓണാഘോഷം എന്നും ഒരു കഥയുണ്ട്.


മേല്പറഞ്ഞതിലൊന്നുംഓണവുമായി പുരാണ ത്തിൽ പറയുന്ന മഹാബലിയക്ക് ബന്ധമില്ലെന്ന് കാണാവുന്നതാണ്.കേരളം ഭരിച്ചിരുന്ന മഹാബലിപ്പെരുമാളുടെ ചരിത്രം പുരാണ ബലി യുമായി ബന്ധപ്പെടുത്തിയതാകാനാണ് സാധ്യത. അല്ലെങ്കിൽ വാമനന് ശേഷം വന്ന പരശുരാമൻ സമുദ്രത്തിൽ നിന്നും ഉദ്ധാരണം ചെയ്ത കേരളം മഹാബലി എങ്ങനെ ഭരിക്കാനാണ്?
പുരാണ ത്തിൽ പറയുന്ന അവതാരകഥകൾ
കൃത്യമായി തന്നെയാണ് ഉള്ളത്‌ . പ്രുരാണങ്ങൾക്ക് ഇവിടെ തെറ്റുപറ്റിയിട്ടേ ഇല്ല )


പുരാണ മഹാബലിയും കേരളത്തിലെ ഓണവും തമ്മിൽ ബന്ധമില്ല എന്നതിന് മറ്റൊരുതെളിവ് ഓണം തമിഴ് നാട്ടിൽകൊല്ലവർഷാരംഭത്തിന്നുമുമ്പു തന്നെ ആഘോഷിച്ചരുന്നുവെന്നും തിരുപ്പതി ക്ഷേത്രത്തിൽ (ത്രിവിക്രമ രൂപം ധരിച്ച വിഷ്ണുവാണ് തിരുപ്പതിയിലെ പ്രതിഷ്ഠ ) ഓണം ഇപ്പോഴും ആഘോഷിക്കുന്നു എന്നുമുള്ളതാണ്.കൂടാതെ. ഉടുപ്പിയിലും ഗോകർണത്തും മൂകാംബിയിലും നീലഗിരിയിലും പൊന്നാവരത്തും ഓണം ആഘോഷിക്കുന്നു


ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പട്ടം താണുപിള്ളയാണ്.

ഒന്നുകൂടി പറയട്ടെ.


 നാം ധരിച്ചു വച്ചിരിക്കുന്ന മിഥ്യാധാരണയാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴത്തി എന്നുള്ള കഥ.



 മൂന്നാമത്തെ അടിവയ്ക്കാൻ തന്റെ ശിരസ്സിൽ പാദം വച്ച് അനുഗ്രഹിക്കണമെന്ന്പ്രാർത്ഥിക്കുന്നമഹാബലിയെയാണ് ഭാഗവതത്തിൽ കാണുന്നത്.ദേവൻ മാർക്കു പോലും ദുർലഭമായ പലവരങ്ങളും വാമനൻ ബലിയക്ക്നൽകുന്നു.വാമനൻ പറയുന്നു. ദേവൻ മാർക്കു പോലും അപ്രാപ്യമായ സ്ഥാനത്തെ ഇവൻ എന്നാൽ പ്രാപിക്കപ്പെടും. എന്നെ ആശ്രയിക്കുന്നവനായ ഇയാൾ സാവർണി മന്വന്തരത്തിൽ ദേവേന്ദ്ര നായിത്തീരും. അതു വരെയുള്ള കാലം ഇയാൾ വിശ്വകർമ്മാവിനാൽനിർമ്മിക്കപ്പെട്ടതും ആധികളും വ്യാധികളും ക്ഷീണവും ആലസ്യവും തിരസ്കാരവും സംഭവിക്കാത്ത സുതലത്തിൽ അധിവസിക്കട്ടെ. താൻ തന്നെ ബലിയുടെ കൊട്ടാരത്തിൽ ദ്വാരപാലകനായി നില്ക്കാമെന്നും വാമനൻപറയുന്നു.( വാമനൻ മഹാബലിയെ പാതാളത്തിലേക്കല്ല ദേവൻമാർക്കു പോലും അപ്രാപ്യമായ സുതലത്തിലേക്കാണ് അനുഗ്രഹിച്ച യക്കുന്നത്. ഭഗവാന്റെ പാദം ശിരസ്സിൽ പതിയാനുള്ള മഹാഭാഗ്യം മഹാബലിക്കുണ്ടായി എന്ന് ചുരുക്കം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് ശ്രീകണ്ഠേശ്വരത്തിന്റെശബ്ദതാരാവലിയും വെട്ടം മാണിയുടെപുരാണനിഘണ്ടുവും പറയുകയും അതനുസരിച്ച് നമ്മുടെ പാഠാവലികൾ വിവരണങ്ങൾ നല്കുകയും ചെയ്തിട്ടുണ്ടെങ്കിലുംഭാഗവത കഥയുമായി ഈ പ്രസ്താവനയ്ക്ക് യാതൊരു ബന്ധവുമില്ല.  ( പുരാണ പ്രസ്താവനകൾ ശരിക്കും മനസ്സിലാക്കാതെ  നമ്മളിൽ പലരും തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് എത്രമാത്രം ശരിയാണോഎന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.

ഏതായാലും പുരാണ പരാമർശമുള്ള മഹാബലി കേരളം ഭരിച്ചിരുന്നതായി ശ്രീമദ് ഭാഗവത മോ ലഭ്യമായ മറ്റു പ്രാചീന പ്രമാണങ്ങളോ പരാമർശിക്കുന്നില്ല. രാമായണത്തിൽ  ബംഗാൾ ഭാഗത്ത് എവിടെയോ ആയിരുന്നു ബലി എന്ന്സൂചനയുണ്ട്.


പുരാണത്തിൽ പറയുന്ന മഹാബലിയും കേരളം വാണ മഹാബലിപ്പെരുമാളും രണ്ടും രണ്ടാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.


ഏതായാലും ഓണം എന്ന സങ്കല്ലം മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു ഗൃഹാതുര സ്മരണയാണ്. കള്ളവും ചതിയുമില്ലാത്ത എല്ലാവരും ഒന്നാണെന്ന ഒരു മിത്തിന്റെ ഓർമ്മയാണത്.

എല്ലാവർക്കും നന്മ നിറഞ്ഞ ഓണം ആശംസിക്കുന്നു 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം.

കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ബലിക്കല്‍പുരയിലെ വലിയ ബലികല്ലിന്‌ മുമ്പിലുള്ള കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച്‌ നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട്‌ കണ്ണെഴുതുന്നത്‌ നേത്രരോഗശമനത്തിന്‌ ഫലപ്രദമായി കണ്ടുവരുന്നു. കൊല്ലവര്‍ഷം 720-ലാണ്‌ വലിയ വിളക്ക്‌ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്‌.

ക്ഷേത്രത്തില്‍ വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില്‍ വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട്‌ ഇത്‌ അമ്പലത്തിലേക്ക്‌ എടുത്ത്‌ വല്ലതും തരണമെന്ന്‌ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: വിളക്ക്‌ വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന്‍ പറ്റുമോ, എണ്ണ വേണ്ടേ എന്ന്‌. ഏറ്റുമാനൂരപ്പന്‍ വിചാരിച്ചാല്‍ എണ്ണയും വെള്ളവുമില്ലാതെ ഇത്‌ കത്തിയേക്കും. ഇത്‌ ക്ഷേത്രത്തില്‍ തൂക്കിയാല്‍ ആരെങ്കിലും വന്ന്‌ ഈ മംഗളദീപത്തില്‍ എണ്ണ നിറച്ചോളും എന്ന്‌ വിളക്ക്‌ കൊണ്ടു വന്നയാള്‍ പറഞ്ഞു. ഈ സംസാരത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന്‌ ഒരാള്‍ തുള്ളിക്കൊണ്ടുവന്ന്‌ വിളക്ക്‌ വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന്‌ നാലമ്പലത്തിനുള്ളില്‍ അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള്‍ നിറഞ്ഞ എണ്ണയുമായി അഞ്ച്‌ തിരികളോടെ അത്‌ പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന്‍ കൊളുത്തിയ വലിയ വിളക്ക്‌ ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത്‌ അഭീഷ്ട കാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്‍പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാകുന്നു. വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമരുളി വാഴുന്നത്. അപസ്മാരത്തിന്‌ നെയ്യും പഞ്ചഗവ്യവും സേവിച്ച്‌ ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ സുഖംപ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം. മൂന്നരയടിയോളം പൊക്കം വരുന്നതാണ്‌ ശിവലിംഗം. വില്വപത്രവും തുമ്പപ്പൂവും കലര്‍ത്തിക്കെട്ടുന്ന ഹാരമാണ്‌ അലങ്കാരം. ശിവലിംഗത്തിനു മുന്നിലുള്ള ആ ഘോര മൂര്‍ത്തിയുടെ വിഗ്രഹത്തിന്‌ രണ്ടരയടി പൊക്കമുണ്ട്‌. തനിതങ്കത്തിലാണ്‌ നിര്‍മാണം. മാനും മഴുവും വരദാഭയങ്ങളും ചേര്‍ന്ന എട്ടു തൃക്കൈകളോടു വിളങ്ങുന്നതാണ്‌ വിഗ്രഹം.

അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷപരിപാടി കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്. എട്ടാം ഉത്സവത്തിനാണ്‌ ഏഴരപ്പൊന്നാന ദര്‍ശനം. തിരുവിതാംകൂറിലെ രാജഭരണ കാലത്താണ്‌ ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചത്‌. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താനെ തോല്‍പ്പിക്കാനായാല്‍ സ്വര്‍ണം കൊണ്ട്‌ ഉണ്ടാക്കിയ ഏഴരയാനകളെ നടയ്ക്കു വയ്ക്കാമെന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവ്‌ (ധര്‍മരാജാവ്‌) നേര്‍ന്നതായി പറയപ്പെടുന്നു. പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി രാജാവ്‌ 7143 കഴഞ്ച്‌ സ്വര്‍ണം കൊണ്ട്‌ ഏഴര ആനകളെ നിര്‍മിച്ച്‌ നടയ്ക്കു വച്ചുവെന്നാണ്‌ ഐതിഹ്യം.

ഏഴരപ്പൊന്നാനയില്‍ ഏഴാനകള്‍ക്കു രണ്ടടി പൊക്കവും ഒരാനയ്ക്കു ഒരടിപ്പൊക്കവുമാണുള്ളത്‌. പ്ലാവിന്റെ തടിയില്‍ കടഞ്ഞ്‌ എട്ടര മാറ്റുള്ള സ്വര്‍ണപാളികള്‍ കൊണ്ട്‌ പൊതിഞ്ഞവയാണ്‌ പൊന്നാനകള്‍. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്‌ ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡരീകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍. വാമനന്‍ ചെറുതാകയാല്‍ അരപ്പൊന്നാനയായി. എട്ടാം ഉത്സവം കഴിഞ്ഞാല്‍ പത്താം ഉത്സവത്തിനും ഏഴരപ്പൊന്നാനയെ പുറത്തെടുക്കും

ഓണം: സത്യമെന്ത്?

മഹാബലിയും വാമനനും നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്.
വാമനമൂർത്തിയുടെ പിറന്നാളാണ് ചിങ്ങത്തിലെ തിരുവോണ നാൾ.
മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തി (തൃക്കാക്കരയപ്പൻ അഥവാ ഓണത്തപ്പൻ)മഹാബലിയെ അനുഗ്രഹിച്ച ദിനമാണ് തിരുവോണം.
ഇന്ദ്രസേനൻ എന്ന മഹാബലിക്ക് 'ഇന്ദ്രപദവി ഒഴിവുവരുന്നതുവരെ സുതലം ഭരിച്ച് സുഖമായ് വസിക്കുക,തുടർന്ന് ഇന്ദ്രപദവി സ്വീകരിക്കുക എന്നാണ് വാമനൻ അനുഗ്രഹം നൽകിയത്.

ദേവനെ പ്രതിഷ്ഠിച്ച് അത്തം മുതൽ പത്ത് നാൾ പൂജിച്ച് ദേവന്റെ പിറന്നാളാഘോഷിക്കുന്ന കേരളീയർ ഭക്തനായ മഹാബലിയേയും സന്തോഷപൂർവ്വം വരവേൽക്കുമ്പോൾ

ഐക്യത്തിന്റെ,
സദ്ഭാവനയുടെ ,
സമത്വചിന്തയുടെ,
പൂർവ്വിക വൈഭവത്തിന്റെ സന്ദേശവുമായെത്തുന്ന പൊന്നോണം എല്ലാവർക്കും ഐശ്വര്യമേകട്ടെ....

ഓണം: സത്യമെന്ത്?

മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള  ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുരചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടി കൊണ്ടളന്നു കൈക്കലാക്കി മൂന്നാമത്തെ കാലടിവെയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ.
പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണനിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.

ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15,  അദ്ധ്യായം മുതല്‍ 23 അദ്ധ്യായം വരെയുള്ള  ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്. 

സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.

ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്,നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചുകിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ 'വിശ്വജിത്ത്' എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ  ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ''ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക'' എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധംചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു.

ത്രൈലോക്യജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തുചെയ്യണമെന്ന് അദിതി കശ്യപപ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടുദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ''അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്ത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം'' എന്നരുളിച്ചെയ്ത് അന്തര്‍ധാനം ചെയ്തു.
ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വരചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം ഢകകക/18/5)
വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനവടുവായി മാറി (ഭാഗ:ഢകകക/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രമുപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു.

മഹാബലി നര്‍മ്മദാനദിയുടെ വടക്കേതീരത്തുള്ള 'ഭൃഗുകച്ഛം' എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. 'എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും' എന്ന് വാഗ്ദാനവും നല്‍കി.
മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ''ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്'' എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. ഭാഗ: ഢകകക/19/17)'ത്വം ബാലോ ബലിശമതി:- 'നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.' എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു ('മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം' ഭാഗ:ഢകകക/18/19). മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ''അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.'' എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല.

''ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്.  പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? 

യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?'' എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ''നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ''എന്ന് ശപിച്ചു.
ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ഭാഗ:ഢകകക/21/21))ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെവെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് 'ലോകാനാമേകമീശ്വരം' എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു.

''തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.''

(യദ്യുത്തമശ്ലോക ഭവാന്മമേരിതം
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യതം തന്ന ഭവേത് പ്രലംഭനം
പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം
ഭാഗ:ഢകകക/22/2)

എന്ന് മഹാബലി വാമനനോഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ  തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ ''ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല'' എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ഭാഗ:ഢകകക/23/610)
''ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്'' എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ''ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെയപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ഭാഗ:ഢകകക/22/24). ദാനവദൈത്യന്മാരിലഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ ഭാഗ:ഢകകക/22/31). ഇനി വരുന്ന സാവര്‍ണിമന്ന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ഭാഗ:ഢകകക/22/3236) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു.

വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു.

(ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോളഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പകലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത് (ഭാഗ:ഢകകക/23/1)

''ഭഗവാനേ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാനുദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കിയനുഗ്രഹിച്ചിരിക്കുന്നു''. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി.(ഭാഗ:ഢകകക/23/1112)
ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന്‍''ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ'' എന്ന് ചോദിച്ചപ്പോള്‍ ''വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും'' എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമനമൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു.(ഭാഗ:ഢകകക/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി.
ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമനമൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണികഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.

കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭാരതം മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയനിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തിസ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1191 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല.
ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.

* സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.
* ''ലോകാനാമേകമീശ്വരം'' എന്ന് തന്റെ ഐശ്വര്യത്തിലല്പമഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. 

തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ)
* മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.
* ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.
* മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ 'ഭൃഗുകച്ഛ' മെന്ന തീര്‍ത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).
* മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം  വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാകൂര്‍  രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍  പ്രസിദ്ധീകരിച്ചിരുന്നു.

* പരശുരാമക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍  കുടിയേറിപ്പാര്‍ത്തു തുടങ്ങിയത്  ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും  കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.

പുരാണങ്ങളില്‍ വിശ്വസിക്കുവാനും  വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ  വികലവും  വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്.

Monday, September 12, 2016

ഈശ്വര ദര്‍ശനം


നുറുങ്ങു കഥകളിലൂടെ അത്യന്തം ഗഹനമായ തത്ത്വങ്ങള്‍ സരസമായി അവതരിപ്പിക്കുന്നത് ശ്രീ രാമകൃഷ്ണദേവന്റെ പതിവായിരുന്നു. 
തീവ്രമായ വ്യാകുലത ഉണ്ടെങ്കില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പല സംഗതികളും ശിഷ്യരോട് പങ്കു വെക്കുമായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഉള്ള ഒരു കഥയാണ് ഇന്നിവിടെ പറയുന്നത്.


ഒരു ശിഷ്യന്‍ ഗുരുവിനോട് വളരെ വിഷമത്തോടെ ചോദിച്ചു. “എത്ര കാലമായി ഞാന്‍ അങ്ങയുടെ കീഴില്‍ തപസ്സ് ചെയ്യുന്നു. ഇതേവരെ എനിക്ക് ഈശ്വര ദര്‍ശനം കിട്ടിയില്ലല്ലോ”.

“നീ ഒരിക്കലും ഈശ്വരനെ കാണാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നില്ല; അതാണ് കാരണം”. ഗുരു പറഞ്ഞു.

ശിഷ്യന് ഗുരുവിന്റെ മറുപടി രസിച്ചില്ല. അയാള്‍ അത് നിഷേധിക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു. “ശരിക്കും ആഗ്രഹിക്കുക എന്നാല്‍ അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്?

ഗുരു മറുപടി ഒന്നും പറഞ്ഞില്ല. ശിഷ്യനുമായി നദിക്കരയില്‍ എത്തി. ഇരുവരും കുളിക്കാന്‍ ഇറങ്ങി. ശിഷ്യന്‍ നദിയില്‍ മുങ്ങിയ നിമിഷം ഗുരു അയാളുടെ ശിരസ്സ് പിടിച്ച് ഒന്നുകൂടി താഴ്ത്തി. ശിഷ്യന്‍ പ്രാണന് വേണ്ടി പിടഞ്ഞു.  ഗുരു തെല്ലും അയഞ്ഞില്ല. ശിഷ്യന്‍ ശക്തിയായി കുടഞ്ഞു. ഒടുവില്‍ ഗുരുവിന്റെ കൈ തട്ടി തെറിപ്പിച്ച് അയാള്‍ തല ഉയര്‍ത്തി. ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ടു ഗുരുവിനോട് ചോദിച്ചു. “അങ്ങ് എന്തിനാണ് ഇത് ചെയ്തത്?”

ഗുരു ചോദിച്ചു. “വെള്ളത്തില്‍ മുക്കി പിടിച്ചപ്പോള്‍ നിനക്കെന്ത് തോന്നി?”
“എന്ത് തോന്നാന്‍! ഒരിറ്റ് വായുവിന് വേണ്ടി ഞാന്‍ പിടയുകയായിരുന്നു. ഞാന്‍ മരണത്തെ നേരില്‍ കണ്ടു. ശ്വാസത്തിനായി ഞാന്‍ കൊതിച്ചു”. കിതച്ചുകൊണ്ട് ശിഷ്യന്‍ പറഞ്ഞു.

“കുഞ്ഞേ, ഇതുപോലെ ഒരു പിടച്ചില്‍, വായുവിനു വേണ്ടി പിടഞ്ഞത് പോലെ, ഈശ്വരന് വേണ്ടി നിന്റെയുള്ളില്‍ ഉണ്ടായാല്‍, ആ നിമിഷം ഈശ്വരദര്‍ശനം ഉറപ്പാണ്. അതുവരെ ഈശ്വരനെ കാണാന്‍ കഴിയില്ല”. അവിടുന്ന്‍ അദൃശ്യനായി തന്നെ നിലകൊള്ളും. ഗുരു പറഞ്ഞു.

കഥയുടെ സാരം ഇതാണ്. ലൌകിക വസ്തുക്കളില്‍ ഉള്ള ആഗ്രഹം പോകാതെ ഈശ്വരന് വേണ്ടി ആരുടെയും ഉള്ളം പിടയുകയില്ല. തീവ്രമായ ആഗ്രഹം ഉണ്ടായി ഉള്ളം പിടയണം. എന്നാല്‍ ഈശ്വര ദര്‍ശനം ഉണ്ടാകും.

Friday, September 9, 2016

ഭാഗ്യസൂക്താർച്ചന


ഭാഗ്യാനുഭവസിദ്ധിക്കും ദേവപ്രീതിക്കും വേണ്ടി ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് ഭാഗ്യസൂക്താർച്ചന.

ജാതകത്തിൽ ഒൻപതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാൻ ഭാഗ്യസൂക്താർച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമം.

മഹാവിഷ്ണുവിന് നടത്തുന്ന പ്രധാന വഴിപാടാണ് ഭാഗ്യസൂക്താർച്ചന. പ്രഭാതത്തിൽ ഓരോ മന്ത്രത്തിന്റെയും അർഥം മനസ്സിലാക്കി വേണം ജപിക്കാൻ. *ഭാഗ്യസൂക്തജപത്തിലൂടെ ഐശ്വര്യം, നല്ല സന്താനങ്ങൾ, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ഭദ്രത എന്നിവ ലഭിക്കുന്നതോടൊപ്പം തന്നെ വ്യക്തിത്വ വികസനവും സാധ്യമാകുന്നു*.

വേദങ്ങളിൽ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങൾ അഥവാ ഋക്കുകൾ ആണു ഭാഗ്യസൂക്തം.

ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തിൽ അഗ്നിയെയും ദേവാധിരാജാവായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവ വൈദ്യന്മാരായ അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു.

ശേഷമുളള 6 മന്ത്രങ്ങളിൽ കശ്യപമഹർഷിയുടെയും  അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീര്‍ത്തിക്കുന്നു. സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ഭാഗ്യസൂക്തം.

 ഭാഗ്യസൂക്തം
*രാവിലെ ജപിച്ചാൽ ലക്ഷം ശിവാലയദർശനഫലവും രോഗിയായ ഒരാൾ നിത്യവും ജപിച്ചാൽ  രോഗമുക്തിയും ഫലം*.

ഭാഗ്യസൂക്തം അർത്ഥസഹിതം

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതർമിത്രാവരുണാ പ്രാതരശ്വിന:
പ്രാതർഭഗം പുഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ
(പ്രഭാതത്തിൽ അഗ്നി, ഇന്ദ്രൻ, മിത്രവരുണന്മാർ, അശ്വിനിദേവന്മാർ, പൂഷൻ, ബ്രാഹ്മണസ്പതി, സോമൻ, രുദ്രൻ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).

പ്രാതർജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്യോ വിധാതാ
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ.
(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാർഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങൾക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നൽകിയാലും)

ഭഗ പ്രണേതർഭഗസത്യാരാധോ ഭഗേ
മാന്ധിയ മുദവദദന്ന
ഭഗപ്രണോ ജനയ ഗോഭിരശ്വൈർ ഭഗപ്രനൃഭിർനൃവം തസ്യാമ
(എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ, ഞങ്ങൾക്കു സത്യധർമത്തിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താൽ ഉത്തമ മനുഷ്യനായിത്തീരണമേ)

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ
ഉത മധ്യേ അഹ്നാം
ഉതോദിതാ മഘവൻ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ
(ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകണമേ. ദിനം മുഴുവൻ ഉത്തമ പ്രവൃത്തിയിലേർപ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ
സ്തേന വയം ഭഗവന്തസ്യാമ തന്ത്വാ
ഭഗ സർവ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.
(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിർത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി
വേവ ശുചയേ പദായ.
അർ‌വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ
വാജിന ആവഹന്തു
(പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

അശ്വാവതീർഗോമതീർന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം
പാത സ്വസ്തിഭിസ്സദാന:
(എന്നും പ്രഭാതത്തിൽ എല്ലാവർക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാൻ അനുഗ്രഹിച്ചാലും)

യേ മാഗ്നേ ഭാഗിനം സന്തമഥാഭാഗം ചികീർഷതി
അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.


ഓം ശാന്തിശ്ശാന്തിശ്ശാന്തി:

ശിവാക്ഷരമാല



ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം

ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍
ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?

ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.

ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം

ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍
ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം

ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ
ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ
ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ്‌ ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ

ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ
ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം

അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം

അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

Sunday, September 4, 2016

പ്രശ്നോത്തരി

1. ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
    ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്.

2. സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
    എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം.

3. ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
    തന്ത്ര ശാസ്ത്രത്തെ

4. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
    ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്

5. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
    പടലങ്ങള്‍

6. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
    2895

7. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
    തന്ത്രശാസ്ത്രം

8. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
    ആഗമ ശാസ്ത്രം

9. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
    നിഗമ ശാസ്ത്രം

10. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
      വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത

11. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
      രുദ്രയാമളം

12. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
      കുളാര്‍ണ്ണവ തന്ത്രം.

13. ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
      തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം.

14. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
      വിശ്വകര്‍മ്മ്യം

15. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
      ഭഗവത്ഗീത

16. കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
       തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത,   പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി.

17. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
      ഗണപതി, ഭദ്രകാളി

18. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം

19. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം

20. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍

21. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍

22. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം

23. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം

24. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

25. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

26. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

27. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

28. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌

29. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം

30. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

31. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം

32. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം

33. ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി

34ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌

35. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

36. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

37. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

38. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

39. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

40. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌

41. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
സര്‍വ്വ ദോഷങ്ങളും സംഭവിക്കും.

42. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില

43. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില

44. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്

45. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്

46. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
വടക്ക്

47. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?

ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

48. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി

49. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

50. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
കിഴക്കും, പടിഞ്ഞാറും

51. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍

52. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍

53. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്

54. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്‍

55. പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്

53. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്

57. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍

58. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍

59. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ചെറു ദൈവങ്ങള്‍

60. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
കുമാരന്‍

61. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ഭൂതഗണങ്ങള്‍

62. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂര്‍മ്മം

63. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
നാഗം

ക്ഷേത്രം (യാഗശാല - മനുഷ്യ ശരീരം)

64. യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ധ്വജസ്തംഭം

65. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ബലിക്കല്‍പ്പുര

66. യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
ബലിക്കല്ല്

67. വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
ശ്രീബലിനാഥന്‍

68. യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?

ബിംബത്തിന്

69. ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
ശിരസ്സ്‌

70. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം

71. ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
കണ്ണുകള്‍

72. അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
കഴുത്ത്

73. മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ഹൃദയം

74. ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ലിംഗം

75. ബലിപീഠം  മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
ഗുദം

76. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?

പാദം

77. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
നാഡികള്‍

78. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
പഞ്ചെന്ദ്രിയങ്ങളോട്


79. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
ചതുരം, വൃത്തം, അര്‍ദ്ധവൃത്തം

80. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം

81. ചതുരശ്രമായ  പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
നാഗരം

82. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
ദ്രാവിഡം

83. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
വേസരം

84. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം

85. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?
സ്വസ്തികം

86. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
സര്‍വ്വതോഭദ്രം

87. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
നന്ദ്യാവര്‍ത്തം

88. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
ഖണ്േഡാത്തരം

89. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം

90. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം





ഇനിയുള്ള ചോദ്യങ്ങളുടെ ഉത്തരം താഴെ കൊടുത്തിരിക്കുന്നു


ചോദ്യം 1.  പറയിപെറ്റ പന്തിരുകുലത്തിലെ അകവൂർ ചാത്തനുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം ?


ചോദ്യം  2   ഹിന്ദു വിശ്വസ പ്രകാരം ആദി ഗുരുവായി സങ്കൽപ്പിക്കപ്പെടുന്ന ദേവൻ ?

ചോദ്യം  3.    മൂന്ന് കണ്ണുകൾ ഉള്ളവൻ എന്ന അർത്ഥമുള്ള ശിവ ഭഗവാന്റെ പര്യായ നാമം ?


ചോദ്യം  4    ശിവഭഗവാന്റെ ജടയുടെ പേര്?


ചോദ്യം  5    ശിവന്റെ ത്രിശൂലത്തിൽ മേൽ ഒരു വാദ്യോപകരണം കാണാം. അതിന്റെ പേര് ?

ചോദ്യം  6.   മഹാദേവന്റെ ഇടതുകാലിൽ പാദാഭരണമായ കാൽത്തള കാണാം. എന്ത് കൊണ്ട് ഇടത് കാലിൽ മാത്രം ?


ചോദ്യം  7    ശിവന്റെ വില്ലിന്റെ പേര് ?



ചോദ്യം  8.   ഹാലാസ്യ ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ?



ചോദ്യം  9.   ഭവരോഗങ്ങളെ സംഹരിച്ച് ഭക്തജനങ്ങൾക്ക് ആയുരാരോഗ്യം നൽകുന്ന ശിവഭഗവാന്റ ഭാവം ?



ചോദ്യം  10.  ചുടല ഭസ്മം ചാർത്തി ശിവപൂജ ചെയ്യാൻ ഭസ്മം കിട്ടാത്തതിനാൽ സ്വയം ചാമ്പലായി മോക്ഷം വരിച്ച ശിവഭക്ത ?

ചോദ്യം  11.  ഏത് ഭക്തനെയാണ് ശിവഭഗവാൻ കാലനിൽ നിന്ന് രക്ഷപ്പെടുത്തിയത് ?



ചോദ്യം 12.  രാമേശ്വരത്ത് ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ പേര് ?


ചോദ്യം  13.  ശിവന്റെ അരയിൽ തൂക്കിയിട്ടിരിക്കുന്ന വാദ്യം എന്താണ് ?



ചോദ്യം  14.  കൈലാസത്തിൽ ശിവപാർവ്വതിമാർ നീരാടാൻ ഇറങ്ങുന്ന പുണ്യതീർത്ഥം



ചോദ്യം  15.  ഭൂമിയിൽ നവരത്നങ്ങളുടെ ഉത്ഭവം ശിവഭഗവാൻ ഒരസുരന് നൽകിയ വരത്തിന്റെ ഫലമാണ്.  ആരാണ് ആ അസുരൻ ?


1.ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

2 .ശ്രീ ദക്ഷിണാമൂർത്തി

3 .ത്രയംബകൻ

4 .കപർദ്ദം

5.ഡമരു

6.ശിവന്റെ ശരീരത്തിന്റെ ഇടത് ഭാഗം ശ്രീപാർവതിയാണ് അത് കൊണ്ട്.

7.പിനാകം

8.മധുര മീനാക്ഷി ക്ഷേത്രം

9.വൈദ്യനാഥൻ

10.പുളിന്ദി

11.മാർക്കണ്ഡേയൻ

12.വിശ്വലിംഗം

13.ഘണ്ഠാ മണി

14. മാനസസരോവരം

15. വലാസുരൻ

Saturday, September 3, 2016

ശിവന്‍റെ വില്ല് അഥവാ പിനാകം (The Bow Of Shiva)

അജഗവം – ശിവന്‍റെ വില്ല് അഥവാ പിനാകം (The Bow Of Shiva)

മഹാദേവന്‍റെ വില്ലായ പിനാകം അതിന്‍റെ മറ്റൊരു പേരാണ് അജഗവം. വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളില്‍ അജഗവത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാന് സാധ്യമാകിയത് അജഗവം എന്ന വില്ലില്‍ നിന്ന് തൊടുത്ത പാശുപതാസ്ത്രത്തിലൂടെയാണ് എന്നാണു . പശുപതിയായ മഹാദേവന്‍ തൊടുത്ത അസ്ത്രം പാശുപതാസ്ത്രം.. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ്‍ ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വര്‍ണ്ണിചിട്ടുള്ള ചിത്രങ്ങള്‍ ശ്ലോകങ്ങള്‍ എന്നിവയില്‍ കൂടെ കാണുവാന്‍ സാധിക്കുന്നത്.

ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.

താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌. അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു. വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌. പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്ഗ്ഗം ഞാന്‍ പറഞ്ഞുതരാം.

നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്ഷ്മോ ആറുവര്ഷമോ മൂന്നുവര്ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല. 

മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല. ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല. മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്ന്ന് ‌ മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി. 

പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു-അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌. മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി. 

മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല. നിന്ദിത കര്മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു. നിന്ദനീയങ്ങളായ കര്മ്മചങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

 ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു. സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്വ്വ്തീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി. ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മാനിച്ച്‌ രൗദ്രഭാവത്തെ അന്തര്മുആഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു..


അജഗവം
മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കിമാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്‍റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെൂ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്‍റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. 

ത്രേതായുഗത്തില്‍ വൈഷ്ണവാവധാരമായ രാമന്‍ ഇതേ ശിവധനുസ്സ് എടുത്തുയര്ത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാര്‍ത്താ നുള്ള മത്സരം ജയിച്ചതും..