ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, July 8, 2016

ഒരു കൊച്ചു മോഹം

*ഒരു കൊച്ചു മോഹം *
              കഥ
ഹരിപ്രസാദ് നായർ

അമ്മയോടൊപ്പം ഡോക്ടർ ആന്റിയുടെ ബ്ലൌസുകൾ തുന്നിയത് കൊടുക്കാനാണ് അമ്മു നന്ദനയുടെ വീട്ടിൽ വന്നത്. നന്ദന അഞ്ചിലും അമ്മു നാലിലും പഠിക്കുന്നു. നഴ്സറി മുതലേ ഒരേ സ്കൂളിലായിരുന്നെങ്കിലും രണ്ട് വര്‍ഷം മുമ്പ് അമ്മു സർക്കാർ സ്കൂളിലേക്ക് മാറി. നന്ദനയോടൊപ്പം കുറച്ചുനേരം കളിക്കാനായിരുന്നൂ വന്നത് എങ്കിലും നന്ദന ഇല്ലാതിരുന്നത് കൊണ്ട് അമ്മുവിന് വല്ലാത്ത മുഷിപ്പ് തോന്നി. ഛേ. വേണ്ടിയിരുന്നില്ല. അവളോർത്തു.

അമ്മ ഡോക്ടർ ആന്റിയുമായി അകത്ത് വർത്തമാനം പറയുന്നു. സ്വീകരണ മുറിയിലെ ടീപ്പോയിൽ കുറെയേറെ പുസ്തകങ്ങളുണ്ടായിരുന്നു. പലതും മെഡിസിനുമായി ബന്ധപ്പെട്ടതാണ്. ഒന്നും മനസ്സിലായില്ലെങ്കിലും. ഒന്നുരണ്ടെണ്ണം ചുമ്മാ മറിച്ച് നോക്കി. പിന്നെ അതുവിട്ട് അക്വേറിയത്തിലെ മീനുകളെ നോക്കി നിന്നു. അപ്പോഴാണ് സ്റ്റെയർകേസിനു സമീപമുള്ള മേശപ്പുറത്ത് നല്ല ഭംഗിയുള്ള ഒരു സ്കൂൾബാഗിരിക്കുന്നത്
ത് കണ്ടത്. നന്ദനയുടേതാവണം. അവൾ അടുത്ത് ചെന്ന് ബാഗ് സൂക്ഷ്മമായി നോക്കി. ഹോ എന്തൊരു ഭംഗി. മഞ്ഞനിറമുള്ള ബാഗിൽ പച്ചയും ചുവപ്പും കലർന്ന കാർട്ടൂണുകൾ നന്നായി ചേരുന്നുണ്ട്. ബാഗിലേക്ക് നോക്കുംതോറും അതവളെ കൂടുതൽ കൂടുതൽ ആകർഷിക്കുന്നതുപോലെ. ഇതുപോലെ ഒരു ബാഗ് എനിക്കുണ്ടായിരുന്നെങ്കിൽ. അവൾ ചുമ്മാ ആശിച്ചു പോയി.

ഓ നടക്കാത്ത കാര്യം. അവളോർത്തു. അച്ഛനുണ്ടായിരുന്നെങ്കിൽ ഒന്നു പറയേണ്ട താമസം, വാങ്ങിച്ചു തന്നേനേ. എന്തിനാണ് അച്ഛൻ എല്ലാവരേയും വിട്ടുപോയത്. എന്തുമാത്രം ബുദ്ധിമുട്ടുകളാണ് അമ്മ സഹിക്കുന്നത്. പൊടുന്നനെ അമ്മുവിന് വല്ലാത്ത സങ്കടം തോന്നി. അപ്പോൾ അവൾ കണ്ണടച്ച് ജപിക്കാൻ തുടങ്ങി. നാരായണ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ എന്നിങ്ങനെ. മുത്തശ്ശി പറഞ്ഞു തന്ന സൂത്രമാണ്. നാമം ജപിച്ചാൽ ഭഗവാൻ സങ്കടം മാറ്റുമത്രേ.
സാധാരണ ജപം തുടങ്ങിയാൽ ഉണ്ണിക്കണ്ണന്റെ രൂപമാണ് മനസ്സിൽ തെളിയാറ്. പക്ഷേ ഇപ്പോൾ ഉണ്ണികൃഷ്ണൻ വന്നില്ല. പകരം ബാഗാണ് വരുന്നത്. ശ്രമിച്ചു നോക്കിയിട്ടും രക്ഷയില്ല. ബാഗ് മനസ്സിൽ നിന്ന് മായുന്നില്ല.
ഒടുവിൽ ജപം നിർത്തി  അകത്തേക്ക് ചെന്ന് അവൾ പറഞ്ഞു. നമുക്ക് പോകാം അമ്മാ.

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും നന്ദനയുടെ ബാഗാണ് മനസ്സിൽ നിറയേ. അപ്പോൾ അമ്മയുടെ ശബ്ദം കേട്ടു. അയ്യോ ചെരിപ്പ് പൊട്ടി. അമ്മയുടെ ചെരിപ്പ് വീണ്ടും പൊട്ടി. അച്ഛനുണ്ടായിരുന്നപ്പോൾ വാങ്ങിയതാവണം. പലതവണ പൊട്ടിയതാണ്. തുന്നിച്ച് വീണ്ടും ഇടും അമ്മ. ചെരിപ്പൂരി സഞ്ചിയിലിട്ട് നടത്തം തുടർന്നു. അമ്മക്ക് വേണ്ടി നല്ല ഒരു ചെരിപ്പ് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ. അമ്മു ഓർത്തു.

ദുബായിലായിരുന്ന അച്ഛൻ ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ല. പുതിയ ഉടുപ്പുകൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ്, അമ്മക്ക് സാരികൾ, അടുക്കള സാധനങ്ങൾ, ഫ്രൂട്ട്സ് അങ്ങിനെ ഒത്തിരി ഒത്തിരി. അമ്മുവിന് ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. സ്വയമറിഞ്ഞ് അച്ഛൻ ചെയ്യുന്നതുതന്നെ ആവശ്യങ്ങളിൽ കൂടുതലായിരുന്നു. അവസാനം അവധിക്ക് വന്നശേഷം പിന്നെ അച്ഛൻ പോയില്ല. എപ്പഴാ അച്ഛാ പോവ്വാ എന്ന് ചോദിച്ചപ്പോൾ ഇനി പോണില്യാന്ന് പറഞ്ഞു അച്ഛൻ. അതു കേട്ട് അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി. ഇനി എപ്പോഴും അച്ഛൻ കൂടെയുണ്ടാവുമല്ലോ. പക്ഷേ സന്തോഷം അധികം നീണ്ടു നിന്നില്ല.
അച്ഛൻ ഇടക്കിടെ ടൗണിൽ പോവുകയും ധാരാളം മരുന്നുകൾ കഴിക്കാനും തുടങ്ങി. ഇടക്ക് തൃശ്ശൂരിലും തിരുവനന്തപുരത്തും പോകും. അച്ഛൻ ക്ഷീണിതനായി മാറി. പഴയതുപോലെ അവശ്യങ്ങൾ ചോദിക്കാതായി. ടൗണിൽ എല്ലാവരും കൂടി പോകുന്നതും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കലും എല്ലാം നിന്നു. കാറു വിറ്റു. സ്വർണവളകൾ അമ്മയുടെ കൈകളിൽ കാണാതായി. കഴുത്തിൽ ഒരു ചെയിൻ മാത്രമായി. വളരെയായി ഉപയോഗിക്കാതിരുന്ന തയ്യൽ മഷീൻ അമ്മ വീണ്ടും ചവിട്ടി തുടങ്ങി. അച്ഛൻ പുറത്തേക്ക് പോവാതായി.

ഒരു ദിവസം
ക്ലാസിനിടെ ശിപായി വന്ന് ടീച്ചറോടെന്തോ പറഞ്ഞു. ക്ലാസ് നിർത്തി ടീച്ചർ പോയി അല്പം കഴിഞ്ഞതും വീണ്ടും ശിപായി വന്ന് അമ്മുവിനോട് ബാഗുമായി ഹെഡ്മിസ്ട്രസിന്റെ മുറിയിൽ ചെല്ലാൻ പറഞ്ഞു. എന്തു പറ്റീ എന്നറിയാതെ പകച്ചു നിന്ന അമ്മുവിനോട് ടീച്ചർ പറഞ്ഞു. നമുക്ക് വീട്ടിൽ പോകാം. ഹെഡ്മിസ്ട്രസിന്റെ ജീപ്പിൽ വീട്ടിലെത്തിയപ്പോൾ ആളുകൾ കൂടി നില്‍ക്കുന്നു. ഉമ്മറത്ത് നിലവിളക്കിനു മുമ്പിൽ വെള്ളത്തുണി പുതപ്പിച്ച അച്ചന്റെ ശരീരം.

അമ്മ തോളിൽ പിടിച്ചു കുലുക്കിയിട്ട് ചോദിച്ചു. എന്താ അമ്മൂ സ്വപ്നം കാണ്വാ. അവൾ ചുമ്മാ തലകുലുക്കി. ഐസ്ക്രീം വേണോ അമ്മൂ. അമ്മ ചോദിച്ചു. വേണ്ട. അല്ലെങ്കിലേ ഒന്നും ആവശ്യപ്പെടുന്ന സ്വഭാവം അമ്മുവിനില്ലായിരുന്നു. അച്ഛന്റെ മരണശേഷം അമ്മ കുടുതൽ സമയം തുന്നാൻ തുടങ്ങി. അമ്മുവിന്റെ പഠിത്തം സർക്കാർ സ്കൂളിലേക്ക് മാറി. നന്നായി പഠിക്കുന്നത് കൊണ്ട് ടീച്ചർമാർക്കൊക്കെ അമ്മുവിനെ വലിയ ഇഷ്ടമാണ്. ഇടക്കൊക്കെ കൊച്ചു കൊച്ചു മോഹങ്ങൾ മനസ്സിലുദിക്കാറുണ്ടെങ്കിലും അവൾ ഒന്നും അമ്മയോട് പറയാറില്ല. രാത്രി വളരെ വൈകിയും തയ്യൽ മെഷീന്റെ ശബ്ദം കേൾക്കാറുണ്ട്. അമ്മക്ക് വീണ്ടും ബുദ്ധിമുട്ടായാലോ?  അപ്പോൾ അവൾ മുത്തശ്ശിയുടെ അടുത്ത് ചെല്ലും. എന്നിട്ട് പറയും. മുത്തശ്ശി നാമം ജപിക്കാം. അവളുടെ മനം കണ്ടപോലെ മുത്തശ്ശി ചോദിക്കും. എന്താ മോള് ആശീച്ചേ. ഒന്നുമില്ലെന്ന് അമ്മു തലയാട്ടും. അവളുടെ മുടിയിലൂടെ വീരലോടിച്ചുകൊണ്ട് മുത്തശ്ശി ചൊല്ലും.

കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ

അച്ഛൻ പോയപ്പോൾ മുത്തശ്ശി കിടന്നു. എണീക്കാൻ പോലും അമ്മയുടെ സഹായം വേണം. ക്രമേണ മുത്തശ്ശിക്കുള്ള മരുന്നുകളും കൂടി കൂടി വന്നു.

വീട്ടിലെത്തിയതും അമ്മു നേരെ മുത്തശ്ശിയുടെ അടുത്തേക്കാണ് ചെന്നത്. കട്ടിലിൽ കയറിയിരുന്ന് മുത്തശ്ശിയുടെ മുടിയിലൂടെ വിരലോടിച്ചു. അപ്പോൾ അവളാവശ്യപ്പെടാതെ തന്നെ മുത്തശ്ശി നാമജപം തുടങ്ങി, കൂടെ അവളും.

ഭക്ഷണം കഴിച്ചു കിടന്നപ്പോൾ വീണ്ടും നന്ദനയുടെ ബാഗ്. അമ്മ തുന്നിത്തന്ന വർണ്ണശബളമായ ബാഗ് ഭംഗിയുള്ളതു തന്നെ. കൂട്ടുകാർ പറയും. അമ്മുവിന്റെ ബാഗിന് നല്ല ഭംഗിയുണ്ടെന്ന്. എങ്കിലും നന്ദനയുടെ ബാഗിന് എന്തോ ഒരു പ്രത്യേകതയുള്ളതുപോലെ. ഉറങ്ങിയപ്പോൾ സ്വപ്നത്തിലും നന്ദനയുടെ ബാഗ് തന്നെ. പിറ്റേന്ന് സ്കൂളിലും അമ്മുവിന് ക്ലാസിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ടീച്ചറുടെ ചോദ്യത്തിന് ഉത്തരങ്ങൾ തെറ്റുന്നു. എന്തു പറ്റീ അമ്മുവിന്? ടീച്ചർക്കും സംശയം.

വീട്ടിലെ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകാൻ അമ്മ ഒത്തിരി പാടുപെടുന്നുവെന്ന് അമ്മുവിനറിയാം. അതുകൊണ്ടുതന്നെ മനസ്സിലുദിക്കുന്ന കൊച്ചു കൊച്ചു മോഹങ്ങളെ അവൾ അധികം താലോലിക്കാറില്ല. എല്ലാവരും പറയും അമ്മു നല്ല കുട്ടിയാണെന്ന്.
എന്തൊക്കെയായാലും ഒരു ബാഗ് ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റാണോ?

ഇല്ലാത്ത ഒരു ബാഗിന്റെ ഭാരം കൂടിക്കൂടി വന്നപ്പോൾ ഒരു സന്ധ്യക്ക് അവൾ മുത്തശ്ശിയുടെ അടുത്ത് ചെന്ന് മുടിയിലൂടെ വിരലോടിച്ചു. ഉടനെ നാമജപവും തുടങ്ങി.
നാരായണായ നമ നാരായണായ നമ
നാരായണായ നമ നാരായണ

ജപം കഴിഞ്ഞപ്പോൾ മുത്തശ്ശി ചോദിച്ചു. എന്താ മോളാശിച്ചേ. അവൾ കഥ മുഴുവൻ പറഞ്ഞപ്പോൾ അമ്മയോട് പറഞ്ഞാലോ എന്നായീ മുത്തശ്ശി. മുത്തശ്ശിയോട് പറഞ്ഞപ്പോഴേ എന്തോ ഭാരമൊഴിഞ്ഞ പോലെ തോന്നി അമ്മുവിന്. അവൾ വേണ്ടെന്ന് തലയാട്ടി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അമ്മ.
അവളാകെ ചമ്മിപ്പോയി.

പക്ഷേ കുഞ്ഞിന്റെ നൊമ്പരമറിഞ്ഞ മാതൃഹൃദയം നൊന്തു. അല്പാല്പമായി പൈസ ചേർത്ത് വെച്ച് നല്ലൊരു ബാഗ് വാങ്ങണമെന്ന് അമ്മ ഉറച്ചൂ.

കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് രാവിലെ അമ്മ പറഞ്ഞു. അമ്മൂ ഉച്ചക്ക് ശേഷം നമുക്ക് ടൗണിൽ പോണം. മോൾക്ക് ഇഷ്ടപ്പെട്ട നല്ലൊരു ബാഗ് വാങ്ങാം. അവൾക്ക് സന്തോഷമായി. പക്ഷേ ഉച്ചകഴിഞ്ഞതും മഴ തുടങ്ങി. അതും പെരുമഴ. തുള്ളിക്കൊരുകുടം പേമാരി.
മഴയുടെ ശക്തി ഒന്നു കുറയുമെന്ന് കരുതി കാത്തിരുന്നു കാത്തിരുന്നു സന്ധ്യയായി. പോക്ക് നടന്നില്ല. പക്ഷേ അമ്മക്കു വാശിയായി. നാളെ അമ്മു സ്കൂളിൽ പോണ്ട. എന്റെ മോളിനി പുതിയ ബാഗും കൊണ്ടേ സ്കൂളിലേക്ക് പോണുള്ളൂ. അയ്യോ ആദ്യ ദിവസം തന്നെ പോവാണ്ടിരിക്ക്യേ. സാരൂല്യാന്നായി അമ്മ.

പിറ്റേന്ന് ഉച്ച വരെ നിന്നൂ മഴ. മഴനിന്നതും പുറപ്പെട്ടു.  ടൗണിൽ ബസ്സിറങ്ങി നേരെ ചെന്നത് മാളിലേക്ക്. ഒന്നുരണ്ട് കടകളിൽ നോക്കിയെങ്കിലും അമ്മുവിന് ഒന്നും ഇഷ്ടമായില്ല. രണ്ടാമത്തെ നിരയിലേക്ക് എസ്കലേറ്ററിൽ കയറുമ്പോൾ അമ്മയുടെ കാലൊന്ന് തെന്നി. പക്ഷേ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. കടയിൽ ചെന്നതും തൊട്ടുമുന്നിൽ ചന്തമുള്ള ബാഗ്. നന്ദനയുടെ ബാഗിനേക്കാൾ ഭംഗി. ബാഗെടുത്ത് നെഞ്ചോടൂ ചേർത്ത് അമ്മു പറഞ്ഞു. ഇതു നല്ല ഭംഗീല്യേ അമ്മാ. ബാഗെടുത്ത് നെഞ്ചോടൂ ചേർത്ത്, അമ്മയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ ചെരിപ്പുകളുടെ സെക്ഷനിലേക്ക് നടന്നു. അവിടെയെത്തി ഗമയിൽ പറഞ്ഞു. അമ്മക്ക് നല്ലൊരു ചെരിപ്പ്.

അത്ര പൈസീല്യാമ്മൂ. ചെരിപ്പ് പിന്നെ വാങ്ങാം. ഇപ്പൊ ബാഗ് വാങ്ങീട്ട് പോവാം. വഴീണ്ടമ്മാ അമ്മു സമാധാനിപ്പിച്ചു. പുതിയ ചെരിപ്പ് കാലിലിട്ട് നോക്കിയിട്ട് അമ്മു പറഞ്ഞു. നന്നായിട്ടുണ്ട്. കാലിലിട്ടോളൂ പഴേത് പൊതിയാം.

ബാഗില്ലാതെ ചെരിപ്പും വാങ്ങി പുറത്തിറങ്ങിയപ്പോൾ അമ്മുവിന് ഒട്ടും ദു:ഖം തോന്നിയില്ല. മറിച്ച് അമ്മക്ക് ഒരു നല്ല ചെരിപ്പ് വാങ്ങിയതിൽ നിറഞ്ഞ ചാരിതാര്‍ത്ഥ്യമാണ് തോന്നിയത്. . അവൾക്ക് അതിയായ സന്തോഷവും പിന്നെ കുറച്ച് അഭിമാനവും തോന്നി. പക്ഷേ മാതൃഹൃദയം ആർദ്രതയാൽ നൊന്തു പിടഞ്ഞു. ധൃതിയിൽ പുറത്തിറങ്ങി ആളൊഴിഞ്ഞ ഒരു കോണിലെത്തിയതും അടക്കിവെച്ച വേദന അണപൊട്ടിയൊഴുകി. കവിളിലൂടെ  കണ്ണുനീർ ധാരധാരയായി ഉതിര്‍ന്നു. ആരും കാണരുതേ ഈശ്വരാ എന്നു കരുതി അവർ തല മുകളിലേക്കുയർത്തി. എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. ആരോ സാരിയുടെ ഞൊറിയിൽ പിടിച്ചു വലിച്ചു. നോക്കിയപ്പോൾ നാലഞ്ചു വയസ്സുള്ള ഒരു ബാലൻ.

നിഷ്കളങ്കത തുളുമ്പുന്ന ഭാവത്തിൽ അവൻ ചോദിച്ചു. എന്തിനാ ആന്റീ കരയണ്. മുഖം കുനിച്ച് അവനെ നോക്കി ഒന്നുമില്ലെന്ന് തലയാട്ടിയപ്പോൾ  കവിളിലൂടെ ഒലിച്ചിറങ്ങിയ ബാഷ്പകണങ്ങളിലൊരുതുള്ളി അവന്റെ കൊച്ചു പാദത്തിൽ പതിച്ചു. താഴോട്ട് നോക്കി അത്ഭുതം കൂറി അവൻ പറഞ്ഞു. ഹായ് നല്ല ചെരിപ്പ്. പിന്നെ  തല ഉയര്‍ത്തി ചോദിച്ചു. പുതിയതാ? അതേയെന്നവർ തലയാട്ടിയപ്പോൾ അടുത്ത ചോദ്യമായി. ചെരിപ്പ് കടിച്ച്വോ. അതിനാ കര്യേണ്. കടുത്ത ഹൃദയവേദനയിലും കുട്ടിയുടെ കുസൃതി കേട്ട് അവർ ചിരിച്ചു പോയി.

എനിക്ക് ബാഗ് വാങ്ങാതെ അമ്മക്ക് ചെരിപ്പ് വാങ്ങിയതിനാ അമ്മ കരയണ്. അമ്മു പറഞ്ഞു. അപ്പോൾ കുറച്ചകലെ നിന്ന് ആരോ വിളിച്ചു. ഉണ്ണീ വേഗം വരൂ എന്താ അവിടെ നിന്നേ. പ്രൌഢയായ ഒരു യുവതി. അമ്മ വിളിക്കുണൂ. പോട്ടേട്ടോ എന്ന് പറഞ്ഞ് അവൻ ഒറ്റ ഓട്ടം. പക്ഷേ നാലഞ്ചു ചുവട് വെച്ചതും തിരിഞ്ഞു നിന്നിട്ട് പറഞ്ഞു. വീട്ടിൽ പൊയ്ക്കൊള്ളൂ. ഒക്കെ ശര്യാവും. പിന്നെ തിരിഞ്ഞോടി അമ്മയോടൊപ്പം എത്തിയപ്പോൾ വീണ്ടും തിരിഞ്ഞ് കൈവീശി പറഞ്ഞു. ടാറ്റാ. ആ അമ്മയും കുഞ്ഞും കണ്ണിൽ നിന്നും മറയുന്നത് വരെ അവർ നോക്കി നിന്നു.

തിരിച്ചു ബസ്സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോൾ അമ്മ ചോദിച്ചു . ഹോട്ടലിന്ന് എന്തെങ്കിലും കഴിച്ചാലോ അമ്മൂ. വേണ്ടാമ്മാ. നമുക്ക് പാക്ക് ചെയ്തു കൊണ്ടാവാം. മുത്തശ്ശിക്കും കഴിക്കാലോ. കുറച്ച് പലഹാരങ്ങളും വാങ്ങി വീട്ടിലെത്തിയപ്പോൾ സന്ധ്യ മയങ്ങി. കോലായയെത്തിയപ്പോൾ അകത്ത് നിന്ന് ആരോ മുത്തശ്ശിയോട് സംസാരിക്കുന്ന ശബ്ദം കേട്ടു. അകത്ത് ചെന്നതും കണ്ടു, അമ്മയുടെ സ്റ്റൂൾ മുത്തശ്ശിയുടെ കട്ടിലിനടുത്തിട്ട് അമ്മുവിന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ. അമ്മു ഓടി ടീച്ചറുടടുത്തെത്തി. അവളെ ചേർത്തി നിർത്തി ടീച്ചർ ചോദിച്ചു. എന്തേ ഫസ്റ്റ് ഡേ ആയിട്ട് വന്നില്ല? അമ്മു ഒന്നും പറയാതെ അമ്മയെ നോക്കി. രാവിലെ നല്ല മഴയായിരുന്നില്യേ.?

പോട്ടെ സാരല്യ. ടീച്ചർ പറഞ്ഞു. ഇന്ന് പഠിത്തോന്നൂണ്ടായിരുന്നില്യ. ഹാ പിന്നെ അമ്മൂന് ഞാനൊരു സർപ്രൈസ് കൊണ്ട് വന്നിട്ടുണ്ട്. എന്താ ടീച്ചർ അമ്മു ചോദിച്ചു. എണീറ്റ് കട്ടിലിന്റെ പിന്നിൽ നിന്ന് ഒരു ബാഗ് എടുത്തുയർത്തി ടീച്ചർ പറഞ്ഞു. ഇതാ ഇത്. അത്ഭുതമെന്ന് പറയട്ടേ അമ്മു കടയിൽ കണ്ട അതേ ബാഗ്. വിശ്വസിക്കാനാവാതെ അമ്മയും മകളും പരസ്പരം നോക്കി നിന്നപ്പോൾ ടീച്ചർ തുടര്‍ന്നു. ഇന്ന് സ്കൂളിൽ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്കാര് വന്നിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ബാഗ്, യൂണിഫോം, ബുക്സ് അങ്ങിനെ എല്ലാ സാധനങ്ങളും ഉള്ള കിറ്റ് വിതരണം ചെയ്യാൻ. ഞാനൊരെണ്ണം അമ്മൂന് വേണ്ടി വാങ്ങി. അമ്മൂന്റെ കാര്യം പറഞ്ഞപ്പൊ അവരൊരു കാഷ് അവാര്‍ഡും തന്നു. ഹാന്റ് ബാഗ് തുറന്ന് ഒരു കവറെടുത്ത് നീട്ടി ടീച്ചർ തുടര്‍ന്നു. ഹാ പിന്നെ അമ്മൂ ഈ ബാഗും സ്പെഷലാട്ടോ. മറ്റുള്ള കുട്ടികൾക്കൊക്കെ ട്രസ്റ്റിന്റെ പേരെഴുതിയ ബാഗാണ്. നന്നായി പഠിക്കണ കുട്യാന്ന് പറഞ്ഞപ്പൊ ന്നാ ബാഗും സ്പെഷലായിക്കോട്ടെ എന്നായീ ഒരാള്.

സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അമ്മുവിന്. അമ്മയുടെ കവിളിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. ടീച്ചർ യാത്ര പറഞ്ഞ് ഇറങ്ങിയതും മൂവരും ഒന്നിച്ച് കെട്ടിപ്പിടിച്ച് നാമജപം തുടങ്ങി. ഉറക്കെ. ഉറക്കെ.

കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ

അല്പനേരമായതും മുത്തശ്ശി പറഞ്ഞു. മോളേ വിളക്ക് വെച്ചില്ലല്ലോ. ഒരുപാട് വൈകി. ന്നാലും സാരല്യ. നീയൊരു വിളക്ക് കത്തിക്ക്. കണ്ണന്. കണ്ണന്റെ പടത്തിനു മുമ്പിൽ വിളക്ക് വെച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഫോട്ടോയിലെ കണ്ണന് നേരത്തേ കണ്ട കുട്ടിയുടെ അതേ ഛായ. വീണ്ടും കണ്ണടച്ചു. അപ്പോൾ വീട്ടിൽ പൊയ്ക്കൊള്ളൂ എല്ലാം ശര്യാവും എന്ന് പറഞ്ഞ് ഓടുന്ന കണ്ണൻ. അകലെ നിന്ന് ടാറ്റാ പറയുന്ന കയ്യിൽ ഓടക്കുഴൽ. തലയിൽ ചൂടിയ മയില്‍പ്പീലി. ഓടക്കുഴൽ പിടിച്ച കൈ വീശി അവൻ ഓടിയോടി അകലുന്നു.

അവർ ഉറക്കെ പാടി
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ

ലക്ഷ്മീ കൈതൊഴാം,

ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം,
ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം.

തണ്ടാരിൽ മാതേ കനകമനോഹരീ,
പണ്ടണിഛായലാളേ മഹാലക്ഷ്മി നീ;
ഉണ്ടായ സങ്കടം പോക്കുവാൻ തൽക്ഷണം
കണ്ടുകൊൾ മാനസേ, ലക്ഷ്മിയെ കൈതൊഴാം

തായേ സമസ്ഥവും നിൻ കടാക്ഷത്തിനാൽ
മായം മഹാ പുരുഷോത്തമ വല്ലഭേ,
തൈയിൽ കുളിർ -- നിൻ,
മെയ്യിൽ ക്കുളിർക്കവേ, ലക്ഷ്മിയെ കൈതൊഴാം.

തീരാ വ്യാധിക്കുമാധാരമായുള്ള
മാതാവു നീയേ മഹാരൂപ സുന്ദരീ;
പീതാംബരൻ പണ്ട് വാണാ ഗതിവരം
ആദരവോടു നീ ലക്ഷ്നിയെ കൈതൊഴാം.

തുല്യമായുള്ളൊരീരേഴുലകിനും
കല്യാണരൂപേ, മഹാപത്മജേ സഖേ;
ഉല്പലേക്ഷണേ നിൻകടക്കണ്ണിനാൽ
മെല്ലേകടാക്ഷിക്ക ലക്ഷ്മിയെ കൈതൊഴാം

തൂമയിൽ സ്വർണ്ണമണിഞ്ഞ നിൻ കീർത്തനം
താമരപ്പൂമകളേ മമ, ചൊല്ലു നീ;
താമരക്കണ്ണനാണേ വരം നൽകണേ,
സാമർത്ഥ്യമെങ്കിലോ, ലക്ഷ്മിയെ കൈതൊഴാം.

തെറ്റുപറകല്ല കേൾക്കയെൻ മാനസേ,
മറ്റൊരു പാൽക്കടൽ മധ്യേ പിറന്നതും;
ഉറ്റുചിന്തിച്ചാൻ ചോദിച്ചു, താമര
പെറ്റമാതാവു നീ, ലക്ഷ്മിയെ കൈതൊഴാം.

തേവാരവും കുളിയും നമസ്കാരവും
ദേവീജഗന്നായികേ നിനക്കെപ്പൊഴും
ദേവേന്ദ്രനേറ്റ ശാപം ശമിച്ചീടുവാൻ
നിന്റെ കടാക്ഷമോ ലക്ഷ്മിയെ കൈതൊഴാം

തൈതലാളായ് മഹാമായകൊണ്ടിക്കഥ
പൊയ്യല്ല തൽക്ഷണം ദൈവകാരുണ്യമേ,
അയ്യം‌പറ്റാതെ നാനാഴികടക്കുവാൻ
നിന്റെ കടാക്ഷമോ ലക്ഷ്മിയെ കൈതൊഴാം.

തൊട്ടാൽ മരിക്കേണമെന്ന വരം പണ്ട്
ദുഷ്ടരെ നിഗ്രഹിക്കാനുടൻ മാധവൻ
പെട്ടന്ന്കാട്ടിയ മായകൾ നിന്നുടെ
ദൃഷ്ടാന്തമല്ലയോ ലക്ഷ്മിയെ കൈതൊഴാം

തോതു പിടിച്ചപോലിക്കഥ ചൊല്ലുവാൻ
വേദം തെളിഞ്ഞവർക്കും പണിയെത്രയും;
ഏതുമറിയാതെ ഞാനീത്തുടർന്നതിൻ,
ആധാരമാകണേ ലക്ഷ്മിയെ കൈതൊഴാം.

തൗഎന്നൊരക്ഷരം ചൊല്ലുവാൻ നിന്നുടെ
കൈവല്ലഭം കൊണ്ടു വേണം മനോഹരീ
ഔവ്വണ്ണമെങ്കിലും അർത്ഥവും വിദ്യയും
ചൊവ്വരുത്തീടണേ ലക്ഷ്മിയെ കൈതൊഴാം.

ദാനധർമ്മങ്ങളും സമ്പത്തുമേകണേ
സന്തതിക്കേറ്റവും വർധനവു നൽകണേ;
ഇത്തറവാട്ടിന്മേൽ എപ്പൊഴും ലക്ഷ്മി നീ
നൃത്തമാടീടണേ, ലക്ഷ്മിയെ കൈതൊഴാം.

ലക്ഷ്മീ കൈതൊഴാം, ലക്ഷ്മീപതേ തൊഴാം,
സത്യംപരായണീ ലക്ഷ്മിയെ കൈതൊഴാം��

മൂകാംബികേ ദേവി ജഗദംബികേ


മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ, അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
അക്ഷയനിധിയും നീയല്ലോ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ
നിൻ‌തിരുനടയിലുദാരം
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

ഗണപതി ഭഗവാനേ...

ഗണപതി ഭഗവാനേ...
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും
പഴവങ്ങാടി ഉണ്ണീ ഗണപതിയേ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ

ഉമക്കും മഹേശ്വരനും ഒരുവലം വക്കുമ്പോള്‍..
ഉലകത്തിലൊക്കെയും നിന്‍ പ്രദക്ഷിണമായ്...
ഹരിശ്രീ എന്നെഴുതുമ്പോള്‍ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങള്‍ ഒഴിപ്പിക്കുമൊന്നായ് നീ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ..

എവിടേയും എപ്പോഴും ആദിയില്‍ പ്രണമിക്കും
അവിടത്തേക്കുടക്കുവാന്‍ എന്‍ നാളികേരങ്ങളാല്‍..
അടുത്തേക്കു വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ...
ഒരു ദന്തവും തുമ്പികരവും ചേര്‍ത്തെന്നെന്നും..
അനന്തപുരിയില്‍ വാഴും അനന്തശായിയും നിന്റെ.
അനുഭവ ഗുണങ്ങള്‍ കണ്ടതിശയം പൂകുമ്പോള്‍..

ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും
പഴവങ്ങാടി ഉണ്ണീ ഗണപതിയേ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ.....

വന്ദേ മുകുന്ദ ഹരേ

വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടേ....
പീലി തിളക്കവും കോല കുഴല്‍ പാട്ടും
അമ്പാടി പൈക്കളും എവിടേ....
ക്രൂര വിഷാദ ശരം കൊണ്ട് നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ
കാൽക്കലെന്‍ കണ്ണീര്‍ പ്രണാമം....
പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ
കാൽക്കലെന്‍ കണ്ണീര്‍ പ്രണാമം......(വന്ദേ മുകുന്ദ ഹരേ )

Monday, July 4, 2016

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും

നമഃ പാര്‍വ്വതീപതേ
ഹരഹരമഹാദേവ!
ശ്രീശങ്കരനാമസങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ!


അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍...
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍...
(അമ്പലമില്ലാതെ)
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ....
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം....
(അമ്പലമില്ലാതെ)
മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍...
(അമ്പലമില്ലാതെ)
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസനര്‍ത്തനരംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാരതാണ്ഡവമാടുന്ന നേരത്തും
ശൃംഗാരകേളികളാടുന്നു...
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍
(അമ്പലമില്ലാതെ)

ഗണപതി ഹവനം

ഗണപതി ഹവനം.

ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ് ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന
ഗണപതിക്ക്‌ വയ്ക്കല്‍'
മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം.

ഗണപതിക്ക്‌വയ്ക്കല്‍
〰〰〰〰〰〰〰
വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുന്പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കര്പ്പൂരമുഴിഞ്ഞു തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.

ഗണപതി ഹോമം :
〰〰〰〰〰〰〰
ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ.
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍,എള്ള്,കൊട്ടത്തേങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.
മഹാ ഗണപതി ഹവനം:
സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.

��ഐശ്വര്യം ഉണ്ടാവാന്‍ : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക.
കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക. ഗണപതി മൂല മന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.

��മംഗല്യ ഭാഗ്യം ഉണ്ടാവുന്നതിന് : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.

��സന്താനലബ്ധി : സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കുക. കദളിപ്പഴം നേദിക്കുക.

��ഭൂമിസംബന്ധമായ പ്രശ്ന പരിഹാരം : ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.

��ആകര്‍ഷണ ശക്തിക്ക് :
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ഫലം നല്‍കും.

ക്ഷേത്രത്തിലേക്ക് വരേണ്ടത്

ക്ഷേത്രത്തിലേക്ക് വരേണ്ടത്

ലോകത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയായ ജഗദീശ്വരനെ കണ്ട് വന്ദിക്കാനാണ് താന്‍ പോകുന്നത് എന്ന ബോധം വേണം. 

കഴിവിനനുസരിച്ച് സാധിക്കുന്ന ഉപഹാരം അര്‍പ്പിക്കാന്‍ പറ്റിയ ഫലപുഷ്പാദികള്‍ കൈയിലെടുക്കണം. ദേഹശുദ്ധി വരുത്തണം. പ്രൗഢി കാണിക്കാനല്ല, നഗ്നത മറയ്ക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങളേ ധരിക്കാവൂ. സാധിച്ചാല്‍ ഈറന്‍ വസ്ത്രമാകുന്നത് അധികം നന്ന്.

വാഹനത്തില്‍ ഗോപുരനടയ്ക്കല്‍ ചെന്ന് ഇറങ്ങരുത്. നടക്കുവാന്‍ സാധിക്കാവുന്നത്ര ദൂരത്തുനിന്ന് നടന്ന് മനസ്സില്‍ ഈശ്വരഭാവനയോടൊപ്പം നാവില്‍ നാമജപത്തോടും അതീവ വിനയത്തോടെ ഒട്ടും ബദ്ധപ്പാടില്ലാതെ നടന്നാണ് ക്ഷേത്രത്തിലേക്ക് വരേണ്ടത്. ക്ഷേത്രത്തിലല്ല, ക്ഷേത്രപരിസരത്തില്‍പോലും തുപ്പുകയോ മൂത്രം ഒഴിക്കുകയോ മലവിസര്‍ജനം ചെയ്യുകയോ അരുത്. അതുപോലെ ബീഡി മുതലായവ വലിക്കരുത്. മദ്യപാനം ഒരുവിധത്തിലുമരുത്.

പ്രധാന ഗോപുരദ്വാരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്, പുറത്ത് പ്രദക്ഷിണം വെച്ചു വേണം ചുറ്റമ്പലത്തില്‍ പ്രവശിക്കാന്‍. പിന്നെ തിരുനടയില്‍നിന്ന് ദിവ്യമംഗള സ്വരൂപത്തെ കണ്‍കുളുര്‍ക്കെ കണ്ട് ആനന്ദത്തിന്റെ അശ്രുധാര പൊഴിക്കണം. തന്റെ ജന്മം സഫലമായി, താന്‍ കൃതാര്‍ത്ഥനായി എന്ന തോന്നല്‍ വരണം. ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ഭഗവദ്ദര്‍ശനത്തിനുശേഷം ചുറ്റമ്പലത്തിലോ മറ്റു സൗകര്യമുള്ള സ്ഥലത്തോ കുറച്ചുനേരം ഇരുന്ന് ധ്യാനിക്കണം.

നാമജപം, കീര്‍ത്തനം മുതലായവ നടത്തി, കുറച്ചുനേരം ഭാഗവതം, രാമായണം, ഗീത മുതലായവ വായിക്കണം. അതിനുശേഷം അഭിഷേകം ചെയ്ത തീര്‍ത്ഥം, പ്രസാദം, നിവേദ്യം ഇവ അനുഭവിക്കണം. ശരിയായ പ്രസാദം എന്താണെന്ന് ഗീതാവചനം ഓര്‍ക്കുന്നത് ഉചിതമായിരിക്കും. രാഗദ്വേഷങ്ങളെ വിട്ട്, ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ സ്വീകരിച്ച് ആത്മാവിനെ തന്റെ വശത്തുനിര്‍ത്തുവാന്‍ സാധിക്കുന്നവന് പ്രസാദം കിട്ടുന്നു.

പ്രസാദം എന്നതിന്റെ അര്‍ത്ഥം, സന്തോഷം, ഉല്ലാസം എന്നല്ല.
 മനസ്സിന്റെ നിര്‍മലത-ആഗ്രഹങ്ങളില്ലാത്തവസ്ഥ; നിശ്ചലത ഇളക്കമില്ലാത്തവസ്ഥ ഇവ രണ്ടുംകൂടി ചേരുമ്പോഴത്തെ അനുഭവമാണ് പ്രസാദം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുറച്ചുനേരത്തേയ്‌ക്കെങ്കിലും മനസ്സില്‍ ആഗ്രഹങ്ങള്‍ വരാതെ, മനസ്സ് അങ്ങ് ഇങ്ങ് ഓടാതെ സ്വസ്ഥമായി നില്‍ക്കുമ്പോഴാണ് ഭഗവാന്റെ പ്രസാദം കിട്ടി എന്നത് സാര്‍ത്ഥകമാവുക. കുറച്ച് ചന്ദനമോ, കളഭമോ, പൂവോ, അല്‍പ്പം നിവേദ്യവസ്തുക്കളോ കിട്ടലല്ല അത് എന്നറിയണം.

കടപ്പാട്  **ജന്മഭൂമി**

Sunday, July 3, 2016

ഗോമാതാവ്

��ഗോമാതാവ് - സര്‍വ്വലോക ജനനി
പശുവിനെ ഗോമാതാവ് ആക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചത് എന്തുകൊണ്ട്?
������������������������������������

��പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാല്‍ നിത്യവും പശുവിറച്ചി തിന്നുന്നവര്‍ക്ക് അത്രക്കിഷ്ടമാകില്ല. സാത്വിക ലക്ഷണ പ്രതീകമായ പശുവിനെ കൊന്നു തിന്നുന്നവരില്‍ അതീവ താല്പര്യം കാണിക്കുന്നവരില്‍ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക.

��എങ്കിലും ഗോമാതാവ് എന്നാ സങ്കല്‍പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്‍പ്പിക്കാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്‍പം. കൂടാതെ പശുവിനെ കണി കാണുന്നത് പോലും നന്മയായിട്ടാണ് മുന്‍ തലമുറക്കാര്‍ കണ്ടിരുന്നത്‌.

��ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്‍കി, ഗോമാതാവ് എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയും ശ്രീകൃഷ്ണന്‍ തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പംആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.

��ഗോപാലകൃഷ്ണന്‍ എന്ന ഒരു സങ്കല്‍പം പോലും ഭാരതീയതയില്‍ ഉണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തര്‍ക്ക്‌ ഭയങ്കര ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തില്‍ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കല്‍പം.

��അമൃത് പ്രദാനം ചെയ്യുന്ന അമ്മയെ പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാവെന്നു വിളിക്കുന്നതിലും പരിപാലിക്കുന്നതിലും ഭാരതീയര്‍ കാണിക്കുന്ന വിശുദ്ധി അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് പാശ്ചാത്യരായ ചിലരെങ്കിലും സമ്മതിച്ചിട്ടുള്ളത്. മറ്റൊരു ജീവിയെ വൈശിഷ്ട്യതോടെയും വിശുദ്ധിയോടെയും കാണാന്‍ കഴിയുന്ന സംസ്കാരം അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് അവരുടെ വാദം.

��പശുവില്‍ നിന്നും നമുക്ക് ഒന്നാമതായി ലഭിക്കുന്നത് പാല്‍ തന്നെയാണ്. ഔഷധങ്ങളുടെ ചേരുവയായി എക്കാലത്തും ഉപയോഗിച്ചു വരുന്ന പാലില്‍ നിന്നും തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയും ലഭ്യമാകുന്നുണ്ട്. മലത്തെ സ്വാഭാവികമായും അശുദ്ധമായി കണക്കാക്കുമ്പോള്‍ പശുവിന്‍ ചാണകത്തെ വിശുദ്ധിയുടെ പര്യായമായിട്ടാണ് കണക്കാക്കി വരുന്നത്. ഗന്ധമുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല സസ്യലതാദികള്‍ക്ക് ഇത് ആഹാരവുമാകുന്നു. ഔഷധങ്ങളില്‍ ചേര്‍ക്കുന്ന ഏറ്റവും വലിയ മരുന്നാണ് ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനും അണുനശീകരണതിനുമൊക്കെ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ദിവ്യ ഔഷധമായി കണക്കാക്കി വരുന്ന ഗോരോചനം പശുവിന്റെ നാസികയില്‍ നിന്നും പുറത്തു വരുന്നതാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ല.

��ഇത്തരത്തില്‍ മനുഷ്യന് സകലവിധത്തിലും ഗുണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സാധു ജീവിയെ മാതാവ് എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.
_______________________________________________________
ഗോമാതാ സര്‍വ്വലോക ജനനി

��ഗോമാതാവ്‌ സര്‍വ്വലോകജനനി മാത്രമല്ല വേദജനനിയുമാണ്‌. ഉപനിഷത്തിലും ശ്രുതികളിലും പുരാണങ്ങളും പശുവിന്റെ ഗുണഗണങ്ങളെ വളരെയധികം വര്‍ണിക്കുന്നുണ്ട്‌. നമ്മുടെ സംസ്കാരം മാതാവ്‌, ഗോമാതാ, ഭാരതമാതാ, ഗായത്രിമാതാ, ഗംഗാ മാതാ ഇവരെയെല്ലാം ഏറ്റവും ആദരണീയരായിരിക്കെ രുതി പൂജിച്ചിരുന്നു എന്നോര്‍ക്കണം.
ഗോമാതാവിനെക്കുറിച്ച്‌ സ്കന്ദപുരാണം അവന്തിഖണ്ഡത്തില്‍ ഇപ്രകാരം വര്‍ണിക്കുന്നു.

“��ഗോവ പ്രദക്ഷിണീകാര്യ വന്ദനീയാ ഹി നിത്യശഃ
മംഗളായതനം ദിവ്യാഃ സൃഷ്ടാസ്ത്വേതാഃ സ്വയം ഭൂവാ
അപ്യാഗാരാണി വിപ്രാണാം ദേവതായ തനാനിച
യദ്ഗോമയേന ശുദ്ധ്യ്യന്തി കിംബ്രൂമോഹ്യധികം തതഃ
ഗോമൂത്രം ഗോമയം ക്ഷീരം ദധിസര്‍പ്പിസ്തഥൈവച
ഗവാം പഞ്ചപവിത്രാണി പുനന്തിസകലം ജഗത്‌
ഗാവോമേചാഗ്രതോ നിത്യം ഗാവഃ പൃഷ്ഠത ഏവച
ഗാവോ മേ ഹൃദയേചൈവ ഗവാംമദ്ധ്യേവസാമൃഹം”

��സാരം : വന്ദനീയയായ ഗോമാതാവിനെ നിത്യവും പ്രദക്ഷിണം വയ്ക്കേണ്ടതാണ്‌. ദിവ്യമംഗള സ്വരൂപമായിട്ടാണ്‌ സൃഷ്ടികര്‍ത്താവ്‌ അവളെ ഭൂമിവില്‍ ആവിര്‍ഭവിപ്പിച്ചത്‌. ബ്രാഹ്മണഗൃഹങ്ങളും ക്ഷേത്രങ്ങളും പരിശുദ്ധമാക്കുന്നത്‌ പശുവിന്‌ ചാണകമെന്നതിനാല്‍ പശുവിനെക്കാള്‍ പവിത്രമായി വേറെന്താണുള്ളത്‌. ഗോമൂത്രം, ഗോമയം, ക്ഷീരം, തൈര്‌, നെയ്യ്‌ എന്നീ അഞ്ചുകാര്യങ്ങളാല്‍ സകല ജഗത്തും പവീത്രീകരിക്കപ്പെടുന്നു. മുന്‍പും പിന്‍പും ചുറ്റും ഉള്ള ഗോമാതാക്കളുടെ നടുവില്‍ വസിച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഹൃദയത്തിലും അവിടുത്തെ പ്രതിഷ്ഠിച്ചോട്ടെ.

��ഗോക്കളുടെ അധിഷ്ഠാതൃദേവതയും ആദ്യയും ഗോക്കളുടെ ജനനിയുമായ സുരഭിയുടെ ചരിത്രം ദേവീഭാഗവതത്തില്‍ കാണാം. വൃന്ദാവനത്തില്‍ കൗതുകപൂര്‍വം രാധാദേവിയോടും ഗോപാംഗനകളോടും കൂടി കേളികളില്‍ മുഴുകിയ സമയം രാധാനാഥന്‌ പാലുകുടിക്കാന്‍ ആഗ്രഹമുണ്ടായി. ഉടന്‍ തന്നെ ഭഗവാന്‍ സ്വം ഇടതുവശത്തുനിന്ന്‌ മനോരഥനെന്ന്‌ പേരുള്ള കിടാവോടുകൂടി സുരഭീദേവിയെ അനായാസം സൃഷ്ടിച്ചു. ജന്മമൃത്യുജരാദികളെ അകറ്റുന്ന അമൃതിനേക്കാള്‍ ഉത്കൃഷ്ടഗുണങ്ങളുള്ള അവളുടെ ക്ഷീരത്തെ ഭഗവാന്റെ ശ്രീദാമാവ്‌ എന്ന തോഴന്‍ കറന്നെടുത്ത്‌ ഭഗവാന്‌ നല്‍കി. ഭഗവാന്റെ കൈയില്‍ നിന്നും താഴെ വീണ പാല്‍ പാത്രത്തില്‍ നിന്നും ഒരു ക്ഷീരതടാകം തന്നെ ഉണ്ടായി. നൂറുയോജന നീളവും വീതിയുമുള്ള ആ ക്ഷീരസരസ്സില്‍ അവര്‍ ക്രീഡിച്ചു. ഈശ്വരേശ്ചയാ അത്‌ വിലപ്പെട്ട രത്നങ്ങള്‍ നിറഞ്ഞതായി. പെട്ടെന്ന്‌ ഗോപന്മാരുടെ എണ്ണത്തിനനുസരിച്ച്‌ ലക്ഷം കോടി കാമധേനുക്കള്‍ സുരഭീദേവിയുടെ രോമകൂപങ്ങളില്‍ നിന്നും ആവിര്‍ഭിച്ചു. ഗോക്കളുടെ ഉത്ഭവം അപ്രകാരമെന്ന്‌ പറയപ്പെടുന്നു. ഭഗവാന്‍ തന്നെ കാമധേനുവിനെ പൂജിച്ചു. ഓം സുരഭ്യൈ നമഃ എന്ന മൂലമന്ത്രത്താല്‍ പൂജിക്കുന്നവര്‍ക്ക്‌ സര്‍വകാമപ്രദമായി വര്‍ത്തിക്കപ്പെടുന്നു. വരാഹകല്‍പത്തില്‍ വിഷ്ണുമായയാല്‍ ക്ഷീരം മുഴുവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ ബ്രഹ്മദേവന്റെ ആജ്ഞയാല്‍ ദേവേന്ദ്രന്‍ സുരഭിയെ സ്തുതിച്ചത്‌ ഇപ്രകാരമാണ്‌.

“��നമോ ദേവ്യൈ മഹാദേവ്യൈ സുരഭ്യൈചനമോ നമഃ
ഗവാം ബീജ സ്വരൂപായൈ നമസ്തേ ജഗദംബികേ
നമോ രാധാപ്രിയായൈച പത്മാശായൈ നമോ നമഃ
നമഃ കൃഷ്ണപ്രിയായൈച ഗവാംമാത്രേ നമോ നമഃ
കല്‍പവൃക്ഷ സ്വരൂപായൈ സര്‍വ്വഷാംസതതംപരേ
ക്ഷീരദായൈ ധനാദായൈ ബുദ്ധിദായൈനമോനമഃ
യശോദായൈ കീര്‍ത്തിദായൈ ധര്‍മ്മദായൈ നമോനമഃ”

ഈ സ്തോത്രത്താല്‍ ആ ജഗജ്ജനനി സന്തുഷ്ടയും ദയാവതിയുമായി. ദേവേന്ദ്രന്റെ ദുഃഖമകറ്റിയ ഈ സ്തോത്ര ജപത്താല്‍ ഗോക്കള്‍, സമ്പത്ത്‌, കീര്‍ത്തി പുത്ര പൗത്രാദികള്‍ അവസാനം കൃഷ്ണലോക പ്രാപ്തി ഇവ അനുഭവവേദ്യമാകുമെന്ന്‌ ദേവീഭാഗവതത്തില്‍ വിസ്തരിച്ചരുളി ചെയ്യുന്നു..

Saturday, July 2, 2016

മുപ്പത്തി മുക്കോടി ദേവന്മാർ

*ഹിന്ദു സംസ്കാരത്തിനു മുപ്പത്തി മുക്കോടി ദേവന്മാർ ഉണ്ടെന്ന് പറയുന്നു.*
_പക്ഷേ എന്താണ് ഈ മുപ്പത്തി മുക്കോടി..???_

പലരും കരുതുന്നത് മുപ്പത്തി മൂന്ന് കോടി എന്നാണ്. അത് ശരിയാണ് എന്നാൽ 'കോടി' മലയാള അർത്ഥമല്ല ഉള്ളത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് അതിനു..
അതായത് മുപ്പത്തി മുക്കോടി ദേവന്മാർ എന്നാൽ മുപ്പത്തി മൂന്ന് ദേവന്മാർ എന്നാണ്. *മുപ്പത്തി മൂന്ന് കർമ്മങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്‌*

*എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.*

*എട്ടു വസുക്കൾ-* അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ.
ഇവരാൽ ജഗത് വത്കരിക്കപ്പെട്
ടിരിക്കുന്നു.

*പതിനൊന്ന് രുദ്രന്മാർ* എന്നാൽ പത്തു പ്രാണനും മനസ്സും അടങ്ങിയതാണ്.

*പത്ത് പ്രാണനുകൾ-* പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ.

*പന്ത്രണ്ട് ആദിത്യന്മാർ* എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്.
ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.

എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് *ആദിത്യൻ* എന്ന നാമം.

*പിന്നെ ഇന്ദ്രനും പ്രജാപതിയും.*

*ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്.*

*യജ്ഞവും യാഗവുമാണ് പ്രജാപതി.*

മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. *പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം.*

*അന്തരീക്ഷവും വായുവും രണ്ടാം ലോകം.*

*ദ്യോവും ആദിത്യനും മൂന്നാം ലോകം.*

അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.