ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 24, 2018

കൊട്ടാരത്തിൽ ശങ്കുണ്ണി (ഐതിഹ്യമാല)

കൊട്ടാരത്തിൽ ശങ്കുണ്ണി (ഐതിഹ്യമാല) എന്നതിനുള്ള ചിത്രം

ജനനം

കൊ.വ.1030 മീനം 23-നു ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര്വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.


വിദ്യാഭ്യാസം

പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.

പിന്നീട് വയസ്കര ആര്യൻ നാരായണം മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളുംസഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം,അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.



സാഹിത്യസംഭാവനകൾ

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെനിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.

അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892)  സഹകരിച്ചു.


കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.
തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തിൽ 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വർണ്ണമെഡലും എടുത്തുപറയേണ്ടതാണ്.



മരണം

മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീർഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-നു (1112 കർക്കടകം 7-ന്) ഇഹലോകവാസം വെടിഞ്ഞു.


കുടുംബം

കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.


ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണനൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.

No comments:

Post a Comment