ഇന്ദ്രന്റെ ആന. ഇരാവതിയുടെ സന്താനമെന്ന അർത്ഥത്തിൽ ഐരാവതമെന്ന് പേരുണ്ടായി.ദക്ഷന്റെ പുത്രി ക്രോധവശ എന്ന ഭാര്യയിൽ കശ്യപനു ജനിച്ച പത്തു പെൺമക്കളിൽ ഒരുവളായ ഭദ്രമതയുടെ പുത്രിയാണ് ഇരാവതി. കശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രൻ ഐരാവതത്തെ വാഹനമാക്കി.
ദുർവ്വാസാവ് സമ്മാനിച്ച മാല ഇന്ദ്രൻ ഐരാവതത്തിന്റെ കൊമ്പിലിടുകയും, വണ്ടുകളുടെ ശല്യം കാരണം ആന മാല നശിപ്പിക്കുകയും അതുകണ്ട ദുർവ്വാസാവ് കോപിച്ച് ദേവന്മാർക്ക് ജരാനരകൾ ബാധിക്കട്ടെ എന്ന് ശപിക്കുകയും അനന്തരം അദ്ദേഹം അമൃതഭോജനം കൊണ്ട് ജരാനര മാറുമെന്ന് ശാപമോക്ഷം നൽകുകയും ചെയ്തതായുള്ള കഥ പ്രസിദ്ധമാണ്. ഇതായിരുന്നു പാലാഴി കടയുവാൻ കാരണം.
പാലാഴി കടഞ്ഞപ്പോൾ പൊന്തിവന്ന വിശിഷ്ട വസ്തുക്കളിൽ ഒന്നാണ് ഐരാവതമെന്ന് മഹാഭാരതത്തിൽ പറഞ്ഞു കാണുന്നു.ഐ രാവതത്തിന്റെ നിറം വെളുപ്പാണ്. നാലു കൊമ്പും, ഉയർന്ന ആ കാരവുമുള്ള ഈ ആന അഷ്ടദിഗ്ഗജങ്ങളിൽ ഒന്നാണ്. ശൂരപത്മാവ് എന്ന അസുരൻ ഇന്ദ്ര ലോകം ആക്രമിച്ചപ്പോൾ ഐരാവതത്തെ ഭൂമിയിൽ തള്ളിയിട്ടു കൊമ്പുകളൊടിച്ചെങ്കിലും അത് ശിവപ്രസാദം മൂലം കൊമ്പുകൾ വീണ്ടെടുത്ത് വീണ്ടും ദേവലോകത്തെത്തി. പാതാളത്തിൽ വസിക്കുന്ന പ്രമുഖ നാഗങ്ങളിൽ ഒന്നും ഐരാവതം എന്ന പേരിലറിയപ്പെടുന്നു. ഒരു പ്രത്യേകതരം മഴവില്ലിനും, വരണ്ട വിശാലമായ ഭൂപ്രദേശത്തിനും ഐരാവതം എന്ന പേരുണ്ട്.
No comments:
Post a Comment