സമ്പല്‍സമൃദ്ധമായ പാണ്ഡ്യരാജ്യം യാതൊന്നിനും ഒരു കുറവും ഇല്ലാത്ത മഹാരാജ്യമായിരുന്നു. ശിവാരാധനയാണ് അവിടുത്തെ എല്ലാ ഐശ്വര്യത്തിനും പ്രധാന കാരണം. ആ പരമശക്തിയെ ആരാധിക്കുന്നതിന് ഒരു മുടക്കവും വരുത്തരുതെന്ന് എല്ലാവര്‍ക്കും വളരെ നിര്‍ബന്ധമാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം സുപ്രസിദ്ധനായ സംഗീത വിദ്വാന്‍ ഹേമനാഥഭാഗവതര്‍ പാണ്ഡ്യരാജ്യത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. വളരെ പ്രൗഢമായ വരവേല്‍പ്പാണ് പാണ്ഡ്യരാജാവ് ഭാഗവതര്‍ക്കായി ഒരുക്കിയത്.
രാജാവിന്റെ അപേക്ഷപ്രകാരം അന്ന് രാത്രി ഒരു സംഗീതവിരുന്ന് സംഘടിപ്പിച്ചു. എല്ലാവരും രാജാവിന് തുല്യനായ ഭാഗവതരുടെ കച്ചേരി കേട്ടു സന്തോഷിച്ചു.
രാജാവിനും സന്തോഷമായി. അനേകം സ്വര്‍ണനാണയങ്ങള്‍, വിലമതിക്കാനാവാത്ത പട്ടുവസ്ത്രങ്ങള്‍. അങ്ങനെയെല്ലാം നല്‍കി. അപ്പോഴാണ് എല്ലാവരും ഭാഗവതരുടെ മുഖമാറ്റം ശ്രദ്ധിച്ചത്. ഭാഗവതർ രാജാവിനോടു പറഞ്ഞു. ഞാന്‍ ഇവിടെ നിന്റെ സമ്മാനങ്ങള്‍ക്കുവേണ്ടിയല്ല പാടിയത്.
ഈ സഭയില്‍ എനിക്കെതിരായി പാടുവാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടോ അതോ നിന്റെ രാജ്യത്തുതന്നെ ഉണ്ടോ. അതോ നീയോ? നാളെ ഇതേ സമയം എന്നോട് ഈ രാജ്യത്തുള്ള ആരെങ്കിലും പാടി ജയിക്കുകയാണെങ്കില്‍ ഞാന്‍ സമ്പാദിച്ച സ്വത്തുക്കളും മറ്റും കൂടാതെ ഞാന്‍ ഈ പാണ്ഡ്യരാജ്യത്തിന് അടിമയും ആകുന്നതാണ്. നേരെ മറിച്ച് ഞാന്‍ ജയിക്കുകയാണെങ്കില്‍ എനിക്ക് ഈ പാണ്ഡ്യരാജ്യം തന്നെ വേണം എന്നു നിര്‍ബന്ധം. ഭാഗവതര്‍ തറപ്പിച്ചുപറഞ്ഞു.
മഹാരാജാവ് ആകെ വ്യാകുലനായി.ഭാഗവതരോട് പാടി ജയിക്കാന്‍ ആരെങ്കിലും ഉണ്ടോ? എല്ലാവരോടുമായി രാജാവ് വീണ്ടും വീണ്ടും ചോദിച്ചു. ആരും സമ്മതം മൂളിയില്ല. പിന്നെ രാജാവിന്റെ ഉത്തരവ് പ്രകാരം ദിവസേന ശിവക്ഷേത്രത്തില്‍ ഭജനയും മറ്റും പാടിക്കൊണ്ടിരിക്കുന്ന ബാണഭദ്രന്‍ എന്ന ബ്രാഹ്മണനെ കാവല്‍ക്കാര്‍ രാജസഭയില്‍ എത്തിച്ചു. ബാണഭദ്രനോടായി രാജാവ് കല്‍പ്പിച്ചു. നാളെ നീ ഹേമനാഥ ഭാഗവതരോടു മത്സരിക്കണം . ബാണഭദ്രന്‍ ഞെട്ടിപ്പോയി. വിവരം ഭദ്രനും അറിഞ്ഞിരുന്നു.
എല്ലാവരും ഉറങ്ങാന്‍ പോയി. ആ സമയം ഒരാള്‍ മാത്രം ഉറങ്ങാതെ ശിവസന്നിധിയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വേറെ ആരുമല്ല. സാധു ബ്രാഹ്മണന്‍ ബാണഭദ്രന്‍ തന്നെ. അവസാനം ശിവസന്നിധിയില്‍ ബലിക്കല്ലില്‍ തലമുട്ടി പ്രാര്‍ത്ഥിച്ചു. ആ സമയം അയാളുടെ ബോധം തന്നെനഷ്ടപ്പെട്ടു. പെട്ടെന്ന് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ശ്രീകോവിലിന്റെ തിരുനട തുറന്നു. ഒരു വിറകുവെട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ പരമശിവന്‍ ഭക്തനുവേണ്ടി പുറത്തിറങ്ങി.
ഹേമനാഥഭാഗവതരും പരിവാരങ്ങളും താമസിക്കുന്ന കൊട്ടാരത്തിലെ വരാന്തയില്‍ കിടന്നു വിറകുവെട്ടി അതി മനോഹരമായി ദിവ്യഗീതം ആലപിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ലോകം തന്നെ നിശ്ചലമായി. ഈ പാട്ടുകേട്ടുകൊണ്ടിരിക്കുന്ന ഹേമനാഥഭാഗവതര്‍ സ്തംഭിച്ചുപോയി.
ഞാനും പാടാറുണ്ട്. പക്ഷേ ലോകം മുഴുവന്‍ സ്തംഭിക്കുന്ന പാട്ട് പാണ്ഡ്യനാട്ടില്‍ മാത്രമേ കേട്ടിട്ടുള്ളൂ. പരിവാരസമേതം കൊട്ടാരത്തിന് വെളിയില്‍ വരാന്തയില്‍ ഇരിക്കുന്ന വിറകുവെട്ടിയോടു ചോദിച്ചു.
"ഇവിടെ ആരാണ് ഒരു ദേവഗാനം പാടിയത്?" അതിന് മറുപടിയായി വിറകുവെട്ടി വിനയത്തോടെ തുറന്നു പറഞ്ഞു "ഞാന്‍ തന്നെയാണ് പാടിയത് ".
ശരി നിന്റെ ഗുരു ആരാണ് എന്നുഭാഗവതര്‍ ചോദിച്ചു. അതിന് മറുപടിയായി ബാണഭദ്രന്റെ പേരു പറഞ്ഞു. ഇതുകേട്ടതും സംഗീതചക്രവര്‍ത്തി ഹേമനാഥ ഭാഗവതര്‍ ഞെട്ടി.
പരിഭ്രമിച്ചു കൊണ്ട് ഭാഗവതർ വിറക് വെട്ടിയോടായി പറഞ്ഞു. "ഞാന്‍ ഇവിടെ നാളെ പാട്ടുമത്സരത്തിന് വന്നതാണ്. എന്നാല്‍ നിന്റെ ഈ പാട്ടുകേട്ടതും ഞാന്‍ തോറ്റുപോയിരിക്കുന്നു. അതുകൊണ്ടു ഞാന്‍ സമ്പാദിച്ച സ്വത്തും എല്ലാം ഐശ്വര്യവും ഈ പാണ്ഡ്യനാടിനു ഇതാ ഈ ഓലയില്‍ എഴുതിയിട്ടുണ്ട്. തോറ്റുപോയ എനിക്ക് രാജാവിനേയോ ഭാഗവതരേയോ നോക്കാന്‍ ശക്തിയില്ല. അതിനാല്‍ ഇന്നുരാത്രി തന്നെ ഞങ്ങള്‍ സ്ഥലംവിടുകയാണ് " ഇങ്ങനെ പറഞ്ഞു ഭാഗവതർ സ്ഥലം വിട്ടു.
വിറകുവെട്ടി നേരെ അമ്പലത്തില്‍ ചെന്നു ബലിക്കല്ലില്‍ തളര്‍ന്നുകിടക്കുന്ന ബാണഭദ്രനോടു നടന്ന സംഗതി അതുപോലെ പറഞ്ഞു. കൈയ്യിലുള്ള ഓലയും കൊടുത്തു. ബാണഭദ്രന് മഹാദേവന്‍ ദിവ്യദര്‍ശനവും നല്‍കി അനുഗ്രഹിച്ചു.
കടപ്പാട്: ജന്മഭൂമി
No comments:
Post a Comment