ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 27, 2018

കണ്ണന്റെ ഒരു കഥ


ന്റെ കൃഷ്ണാ

കുറെ ദിവസായീല്യേ കണ്ണന്റെ ഒരു കഥ പറഞ്ഞീട്ട്.
ഇന്ന് നല്ല ഒരു കഥ പറയാം ട്ടോ.


ശ്രീകൃഷ്ണ ഭക്തരായ വിദുരർക്കും, പത്നിയ്ക്കും കൃഷ്ണനെ സ്വഗൃഹത്തിൽ കൊണ്ടുവന്നു പാദപൂജ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് വളരെ മോഹമുണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് കണ്ണൻ മഥുരയിലേക്ക് കംസന്റെ ക്ഷണം സ്വീകരിച്ചു വന്നത്. വിദുരർ സന്തോഷത്തോടെ ശ്രീകൃഷ്ണ ഭഗവാനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. സമയമാകുമ്പോൾ ഞാൻ തീർച്ചയായും വരാം എന്ന് കണ്ണൻ ഉറപ്പു നൽകി. ആ നിമിഷം മുതല്‍ വിദുരപത്നി ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുന്നു. സാദാ കൃഷ്ണ ചിന്ത മാത്രമായി അവർക്ക്. എപ്പോഴാ കണ്ണൻ വരിക ന്നു നിശ്ചാല്യാലോ. ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്‍കണം, എന്തൊക്കെ പറയണം, കണ്ണൻ എന്തൊക്കെ ചോദിക്കും,എന്തൊക്കെ പറയും, എന്നെല്ല‍ാം ഓര്‍ത്ത് ഓരോ ദിവസവും കഴിയും. രാത്രിയിൽ കണ്ണൻ വരുന്നതും തങ്ങളുടെ ആഥിത്യം സ്വീകരിക്കുന്നതും എന്നും സ്വപ്നം കാണും. അവരുടെ നയനങ്ങൾ സാദാ കൃഷ്ണ ചിന്തയിൽ നിറഞ്ഞൊഴുകും. എന്നും കൃഷ്ണനെ സ്വീകരിക്കാന്‍ വേണ്ടതെല്ല‍ാം ഒരുക്കിവച്ച് കണ്ണനായി കാത്തിരിക്കും. കണ്ണൻ എപ്പോഴാണ് വരിക എന്നറിയില്യ ലോ.


അടുത്ത ഗൃഹത്തിലെ ഒരു ഉണ്ണി എപ്പോഴും വിദുര പത്നിയുടെ സഹായത്തിനു വരാറുണ്ടായിരുന്നു. ആ ഉണ്ണിയോട് കൃഷ്ണനെ കുറിച്ച് എപ്പോഴും പറയും. അമ്പാടിയിൽ കണ്ണൻ ഓരോ വികൃതികൾ കാട്ടിയത്, വെണ്ണ കട്ടത്‌ , കലമുടച്ചത്, പൈക്കളെ മേച്ചത്, ഗോവർദ്ദനം ഉയർത്തിയത്‌ എന്ന് വേണ്ട എല്ലാമെല്ലാം  എത്ര പറഞ്ഞാലും ആ അമ്മക്ക് മതിയാവില്ല.
അങ്ങിനെ ഒരു ദിവസം വിദുരപത്നി  കുളിക്കാൻ  പോയ സമയത്ത് കണ്ണൻ വന്നു. വിദുരരും ഗൃഹത്തിൽ ഉണ്ടായിരുന്നില്യ. കണ്ണൻ വരുന്നത് ഉണ്ണി കണ്ടു. ധാരാളം കേട്ടത് കൊണ്ട് കണ്ണനെ കണ്ടതും ഉണ്ണിക്കു മനസ്സിലായി. ഉണ്ണി ഓടിച്ചെന്നു ഭഗവാന്‍ വന്ന വിവരം വിദുരപത്നിയെ അറിയിച്ചു. മുങ്ങി നിവർന്ന ഉടനെയാണ് കണ്ണൻ വന്നു എന്ന് കേട്ടത്. കേട്ടപാതി, കേള്‍ക്കാത്ത പാതി, ആ അമ്മ  ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു.  താന്‍ നനഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നതെന്ന്  മറന്ന അവർ കണ്ണനെ കണ്ട മാത്രയിൽ എല്ലാം മറന്നു ഗാഡം പുണർന്നു. ഈ സമയം ഉണ്ണി വേഗം ചെന്ന് അമ്മ ഒരുക്കി വച്ച പഴങ്ങളും പീഠവും എടുത്തുകൊണ്ടുവന്നു. അത് കണ്ട ആ ഭക്ത ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട്  ഭഗവാന് ഇരിക്കാന്‍ വച്ച പീഠത്തില്‍ അവര്‍ തന്നെ കയറിയിരുന്നു. ഭഗവാന്റെ കൈ പിടിച്ചു താഴെ ഇരുത്തി. ഭക്തിയുടെ  സച്ചിതാനന്ദത്തിൽ അവർ ഒന്നും തന്നെ അറിയുന്നില്ല. പിന്നീട് പഴം തൊലിയുരിഞ്ഞ് തൊലി ഭഗവാന് നല്‍കാന്‍ തുടങ്ങി.  തൊലിയ്ക്ക് പകരം പഴം താഴെ കളഞ്ഞു. ഭഗവാന്‍  പഴത്തിന്റെ തൊലി വളരെ സ്വാദോടെ ആസ്വദിച്ച് കഴിക്കാനും തുടങ്ങി. ഇതെല്ലാം കണ്ടു ഉണ്ണി അമ്പരന്നു നിൽക്കുകയാണ്.  ഇതെന്താ ഇങ്ങനെ? ഒരു പക്ഷെ ഇങ്ങന്യാവോ കണ്ണന്‌ കൈങ്കര്യം ചെയ്യേണ്ടത്?


ഈ സമയത്താണ് വിദുരര്‍ വന്നത്. ഈ കാഴ്ച കണ്ട് അദ്ദേഹം അമ്പരന്നു. ഭാര്യ നനഞ്ഞ് ഈറനായ വസ്ത്രങ്ങളോടെ, തല തോര്‍ത്താതെ ഭഗവാന്റെ മുന്‍പില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു.  ഭഗവാനെ തറയില്‍ ഇരുത്തിയിട്ട് ഉയര്‍ന്ന പീഠത്തില്‍! ഭഗവാന്റെ ശരീരവും പീതവസനവും എല്ലാം നനഞ്ഞിരിക്കുന്നു. മാത്രമല്ല പഴം താഴെ കളഞ്ഞിട്ട്, തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്ത പോലെ വളരെ സ്വാദോടെ അതു ഭക്ഷിക്കുന്നു. അദ്ദേഹത്തിന് സങ്കടം സഹിക്കാനയീല്യ. 'എന്റെ കൃഷ്ണാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ആ തൃപ്പാദത്തിൽ വീണു.
അപ്പോഴാണ് വിദുര പത്നിക്കു ബാഹ്യബോധം  ഉണ്ടായത്.  ആ സ്വാധ്വി  ആകെ പരിഭ്രമിച്ചു. 'എന്റെ കൃഷ്ണാ ഇവളുടെ അവിവേകം പൊറുക്കണേ'
എന്നു കരഞ്ഞു കൊണ്ട് കൃഷ്ണ പാദത്തിൽ നമസ്കരിച്ചു. അപ്പോൾ കണ്ണൻ പറഞ്ഞു.


”നിങ്ങള്‍ ആചാരപ്രകാരം പൂജ ചെയ്യുനതിനെക്കാൾ ഇഷ്ടമായതും ഉചിതമയതും നിഷ്ക്കാമമായ നിറഞ്ഞ സ്നേഹത്തോടെയുള്ള ഈ സൽക്കാരം തന്നെയാണ്. പഴത്തൊലിയോളം സ്വാദ് വേറെ ഒന്നിനും ഇല്ല്യ. ഇത്രയും ഹൃദ്യമായത് എനിക്ക് അത്യപൂർവ്വമായി മാത്രമേ ലഭിക്കാറുള്ളൂ".
ഭഗവാന്റെ മുന്‍പില്‍ ന‍ാം നമ്മെത്തന്നെ മറക്കണം. അവിടെ ഞാനും നീയുമില്ല. അതുകൊണ്ട്തന്നെ  ഒരാചാരത്തിന്റെയും ആവശ്യമില്ല.  ആ പരമ പ്രേമം ഉണ്ടായാൽ മാത്രമേ ഭക്തനും ഭഗവാനും ഒന്നായി ആ സച്ചിതാനന്ദം അനുഭവിക്കാൻ കഴിയുകയുള്ളൂ.
കണ്ണാ ഈ അക്ഷരപ്പൂക്കൾ  എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.


കടപ്പാട്:

No comments:

Post a Comment