ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 21, 2018

പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)



പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)
യം വൈ മുഹുഃ പിതൃസ്വരൂപനിജേശഭാവാ
സ്തന്‍മാതരോ യദഭജന്‍ രഹ ഊഢഭാവാഃ
ചിത്രം ന തത്‌ ഖലു രമാസ്പദബിംബബിംബേ
കാമേ സ്മരേഽക്ഷിവിഷയേ കിമുത്യാന്യനാര്യഃ (10-55-40)


ശുകമുനി തുടര്‍ന്നു:


കാലക്രമത്തില്‍ രുക്മിണി ഒരു പുത്രനെ പ്രസവിച്ചു. ശിശു കാമദേവന്‍ തന്നെയായിരുന്നു. കാമദേവനാകട്ടെ പരമശിവനാല്‍ ഭസ്മമാക്കപ്പെട്ടിരുന്നു. ഈ കൃഷ്ണപുത്രന്‍ പ്രദ്യുമ്നന്‍ എന്ന പേരില്‍ അറിയപ്പെട്ടു. സൗന്ദര്യത്തില്‍ കൃഷ്ണനു തുല്യനായിരുന്നു അദ്ദേഹം.


ശംബരന്‍ എന്ന്‌ പേരായ രാക്ഷസന്‌ പ്രദ്യുമ്നന്‍ തന്നെ വധിക്കാനാണ്‌ ജനിച്ചിട്ടുളളതെന്ന് അറിയാമായിരുന്നു. അതിനാല്‍ അമ്മയും മകനും ഗര്‍ഭഗൃഹത്തില്‍ കഴിയുമ്പോള്‍ ശംബരന്‍ കുട്ടിയെ മോഷ്ടിച്ചു കടന്നുകളഞ്ഞു. എന്നിട്ടതിനെ കടലില്‍ എറിയുകയും ചെയ്തു. വലിയൊരു മത്സ്യം ശിശുവിനെ വിഴുങ്ങി. ഈ മത്സ്യത്തെ വലയിട്ടു പിടിച്ച മുക്കുവന്‍ അതിനെ ശംബരനു കാഴ്ച നല്‍കി. ശംബരന്‍ അതിനെ പാചകം ചെയ്യാനേല്‍പ്പിച്ചു. മീന്‍ മുറിച്ച കുശിനിക്കാരന്‍ ജീവനോടെ കുട്ടിയെ അതിന്റെ വയറ്റില്‍ കണ്ടു. ശംബരന്റെ വേലക്കാരിയായ മായാവതിക്ക്‌ വലലന്‍ ശിശുവിനെ നല്‍കി. മായാവതി രതീദേവിയായിരുന്നു. മന്മഥന്റെ ധര്‍മ്മദാരം. നാരദമുനി ശിശുവിന്റെ വ്യക്തിത്വം മായാവതിക്ക്‌ മനസ്സിലാക്കി കൊടുത്തു.


രതിയുടെ സ്നേഹവാത്സല്യങ്ങളോടെ ശിശു വളര്‍ന്നു യുവാവായി. രതി-മായാവതി-യുടെ ശൃംഗാര ഭാവങ്ങള്‍ യുവാവിന്‌ മനഃക്ലേശമുളവാക്കി. മായാവതി കഥകളെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി. നാരദന്‍ പറഞ്ഞ കാര്യങ്ങളെല്ലാം മായാവതി മന്മഥനോട്‌ പറഞ്ഞു. ശംബരന്റെ കഥ കഴിക്കാന്‍ മായാവതി അദ്ദേഹത്തെ പ്രേരിപ്പിച്ചു. മഹാമായ എന്ന മായാവിദ്യയും അവള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. അതുകൊണ്ട്‌ എല്ലാവിധ ആഭിചാരങ്ങളില്‍ നിന്നും മായയില്‍ നിന്നും ഒരുവനു രക്ഷപ്പെടാന്‍ കഴിയുമെന്നും മായാവതി പഠിപ്പിച്ചു.



പ്രദ്യുമ്നന്‍ ശംബരനെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ശംബരന്‍ പലേവിധ മായാജാലങ്ങളും പ്രയോഗിച്ചെങ്കിലും പ്രദ്യുമ്നനെ അതൊന്നും ബാധിച്ചില്ല. അവസാനം മൂര്‍ച്ചയേറിയ ഒരു വാള്‍മുനയാല്‍ ശംബരന്‍ വധിക്കപ്പെട്ടു. മായാവതി തന്റെ നാഥനുമൊരുമിച്ച്‌ ദ്വാരകയിലേക്ക്‌ പോയി. കൃഷ്ണന്റെ കൊട്ടാരത്തിലെത്തിയപ്പോള്‍ കൃഷ്ണന്‍ വന്നിരിക്കുകയാണെന്നു വിചാരിച്ച്‌ സ്ത്രീകള്‍ മുഖം മറച്ചു. ദമ്പതികളെ കണ്ട്‌ രുക്മിണി ആരാണിവരെന്നു വിസ്മയിച്ചു. കൃഷ്ണനും അവിടെ വന്നു്‌ അവരെ കണ്ടു. അദ്ദേഹത്തിന്‌ കഥകള്‍ എല്ലാം അറിയാമായിരുന്നു. നാരദമുനി അവിടെയെത്തി യുവദമ്പതികളെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. പ്രദ്യുമ്നന്റെ ജീവചരിത്രം മുഴുവന്‍ പറഞ്ഞു മനസ്സിലാക്കി. രുക്മിണി തന്റെ പ്രഥമപുത്രന്റെ നഷ്ടത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്നു. ഈ പുനഃസമാഗമം രുക്മിണിയെ ഏറെ സന്തുഷ്ടയാക്കി. പ്രദ്യുമ്നന്‍ എല്ലാ വിധത്തിലും തന്റെ പിതാവിനു തുല്യനായിരുന്നു. സ്ത്രീജനഹൃദയങ്ങളെ അദ്ദേഹവും സമാകര്‍ഷിച്ചു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment